കാശ്മീര്‍ ഇന്നലെ വരെ നീറുന്ന പ്രശ്‌നമായിരുന്നു, ഇന്ന് അത് അശാന്തിയില്‍ നിന്നും ശാന്തിയിലേക്കും, ദേശീയതയിലേക്കുമുള്ള മടക്കത്തിന് തുടക്കം കുറിക്കുകയാണ്. കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ ചില ദേശീയ നേതാക്കള്‍ക്ക് പറ്റിയ പിഴവുകളാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാം ഇവിടെ നേരിട്ടുകൊണ്ടിരുന്നത്. 530 ല്‍പ്പരം നാട്ടുരാജ്യങ്ങളെ സര്‍ദാര്‍ പട്ടേല്‍ വിജയകരമായി സ്വാതന്ത്രാനന്തര ഭാരതത്തോട് ലയിപ്പിച്ചപ്പോള്‍ ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കൈകാര്യം ചെയ്ത കാശ്മീര്‍ മാത്രം അശാന്തിയുടെ നിഴലുകളില്‍ വീണെങ്കില്‍ അതിന് ഉത്തരവാദി അദ്ദേഹം തന്നെയല്ലേ? അദ്ദേഹത്തിന്റെ വികലമായ രാജ്യതന്ത്രജ്ഞതയല്ലേ ഇവിടവരെ കൊണ്ടെത്തിച്ചത്. 35എയും 370-ാം വകുപ്പും കാശ്മീരിനെ പാകിസ്ഥാന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തമാക്കാത്തതും പ്രശ്‌നം ഐക്യരാഷ്ട്ര സഭയുടെ മുന്നിലേക്ക് വലിച്ചിഴച്ചതും നെഹ്‌റുവും ഷേക് അബ്ദുള്ളയേയും ഒക്കെ ‘മതേതരത്വം’ എന്ന ‘നവരാഷ്ട്രവാദത്തിന്റെ’ വക്താക്കളായി പാടിപുകഴ്ത്തിയതും നാം മറന്നിട്ടില്ല. കഴിഞ്ഞ 73 വര്‍ഷമായി കാശ്മീരിലേക്ക് കോടികള്‍ ഒഴുക്കി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടും പാല് നല്‍കിയ കൈകളില്‍ തന്നെ കൊത്തുകയുണ്ടായി. ഇതെല്ലാം മാറിത്തുടങ്ങി. 2019 ആഗസ്റ്റ് 5 മുതല്‍ ഒരു പുതിയ കാശ്മീര്‍ രൂപപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു.
ചരിത്ര പശ്ചാത്തലം
സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍ ഹിമാലയ നിരകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന പ്രകൃതിരമണീയമായ ഭാരതീയ സംസ്‌കാരത്തിന്റെ ഭണ്ഡാരം എന്ന നിലയിലും ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന നിലയിലും പ്രാചീനകാലം മുതല്‍ പ്രസിദ്ധമാണ്. മഹര്‍ഷി കശ്യപന്‍ ജനക്ഷേമത്തിനായി നിര്‍മ്മിച്ച തടാകത്തില ജലം, ത്സലം നദിയിലേക്ക് ഒഴുക്കി താഴ്‌വരയെ ചെറിയ ചെറിയ തടാകങ്ങളോടു കൂടിയ മനോഹരമായ ഭൂപ്രദേശമാക്കി മാറ്റി. ജനങ്ങള്‍ ‘കശ്യപമാര്‍ഗ്’ എന്ന് വിളിച്ചിരുന്ന താഴ്‌വര പിന്നീട് കാശ്മീര്‍ ആയി. മൗര്യസാമ്രാട്ടായ മഹാനായ അശോക ചക്രവര്‍ത്തി നിര്‍മ്മിച്ച, കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗരം പിന്നീട് ശ്രീനഗര്‍ ആയും മാറി. മഹാഭാരത കാലഘട്ടത്തിലും, അതിനുമുമ്പും കാശ്മീര്‍ വൈദിക ധര്‍മ്മത്തിന്റെ ആസ്ഥാനമായും, പിന്നീട് ശൈവരുടെ ആസ്ഥാനമെന്ന നിലയിലും പ്രസിദ്ധി ആര്‍ജിച്ചിരുന്നു.
കുശാന സാമ്രാട്ടായ കനിഷ്‌കന്‍ ബാരമുള്ളയ്ക്ക് സമീപം കനിഷ്‌ക പുരിയില്‍ ബുദ്ധമതത്തിലെ മഹായാന സമ്പ്രദായത്തിന്റെ കേന്ദ്രവും നിരവധി ബുദ്ധവിഹാരങ്ങളും സ്ഥാപിച്ചിരുന്നു. ശങ്കരാചാര്യരുടെ ദിഗ്വിജയത്തിന്റെ ജൈത്രയാത്രയില്‍ കാശ്മീര്‍ പ്രധാനകേന്ദ്രമായി തീര്‍ന്നിരുന്നു. ഇവിടെ ശാരദാപീഠത്തില്‍ (ഇന്ന് പി.ഒ.കെയില്‍) വെച്ചാണ് ശങ്കരാചാര്യര്‍ വേദത്തിന്റെ ഔന്നത്യം സ്ഥാപിച്ചെടുത്ത സര്‍വ്വജ്ഞപീഠം കയറിയത്. കല്‍ഹണനെയും രത്‌നാകരനെയും പോലുള്ള ചരിത്രകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും സംഭാവനകള്‍ സ്മരണീയമാണ്. 8-ാം നൂറ്റാണ്ടിലെ കാശ്മീര്‍ മഹാരാജാവായിരുന്ന ലളിതാദിത്യ മഹാരാജാവിന്റെ കാലത്ത് സമ്പദ്‌സമൃദ്ധിയിലും പുരോഗതിയിലും ആകര്‍ഷിതരായ അറബ് മുസ്ലീം കവര്‍ച്ച സംഘങ്ങളുടെ അക്രമവും മഹാരാജാവിന്റെ ചെറുത്തുനില്‍പും സ്മരണീയമാണ്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാര്‍ത്താണ്ഡക്ഷേത്രം ഈ കാലഘട്ടത്തിലാണ് നിര്‍മ്മിച്ചത്. 14-ാം നൂറ്റാണ്ടില്‍ അതായത് 1301 ല്‍ സഹദേവന്‍ കാശ്മീരിന്റെ ഭരണാധികാരി ആയതിന് ശേഷം 1339 ല്‍ ‘ഷാമീര്‍’ എന്ന മുസ്ലീം രാജസേവകന്‍ ചതിയിലൂടെ ചരിത്രത്തില്‍ ആദ്യമായി കാശ്മീരിന്റെ അധികാരം കൈവശപ്പെടുത്തി. അന്നുമുതലാണ് ഇസ്ലാമിക മതഭ്രാന്തിന്റെ അതിക്രമങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ ആരംഭിച്ചത്. ഷമീറിന്റെ പിന്‍ഗാമിയായ സിക്കന്ദര്‍ താഴ്‌വരയിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ദാല്‍ തടാകം ഹിന്ദുക്കളുടെ ശവശരീരങ്ങള്‍കൊണ്ട് നിറച്ചു. തടാകത്തിന്റെ മദ്ധ്യഭാഗത്തുള്ള കല്ലറയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാന്‍ സാധിക്കും. കാശ്മീരില്‍ ഇതിനെ ‘ബട്ട്മസാര്‍” എന്ന് വിളിക്കുന്നു. അതായത് പണ്ഡിറ്റുകളുടെ ശവക്കല്ലറ. തുടര്‍ന്ന് വന്ന മുഗളന്‍മാര്‍ കാശ്മീരിനെ വിനോദത്തിനും വ്യഭിചാരത്തിനുമുള്ള കേന്ദ്രമാക്കി. മുഗളന്‍മാരുടെ പതനശേഷം പത്താന്‍കാരുടെ പിടിയിലായ കാശ്മീരില്‍ 1820 ല്‍ മഹാരാജാ രഞ്ജിത്ത് സിംഗ് ഹിന്ദുഭരണം പുന:സ്ഥാപിക്കുകയും, തുടര്‍ന്ന് വന്ന ഹിന്ദു ഭരണാധികാരികള്‍ ജമ്മു-കാശ്മീര്‍, മീര്‍പൂര്‍, മുസഫറാബാദ്, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവ കൂട്ടി ച്ചേര്‍ക്കുകയും ചെയ്തു. ഈ പരമ്പരയിലെ പിന്‍തുടര്‍ച്ചക്കാരാണ് 1947 വരെ കാശ്മീര്‍ ഭരിച്ചിരുന്നത്. മഹാരാജ ഹരിസിംഗ് 1947ല്‍ സ്വാതന്ത്ര്യാനന്തരം ഒക്‌ടോബര്‍ 26-ന് കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു.
1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നമ്മുടെ മാതൃഭൂമിയെ ഭാരതമെന്നും, പാകിസ്ഥാന്‍ എന്നുമായി രണ്ടായി വെട്ടിമുറിച്ചു. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ആയിരുന്ന നെഹ്‌റുവിന്റെ വികലമായ കാഴ്ചപ്പാടുകളും മുസ്ലീം പ്രീണന നയങ്ങളുമാണ് കാശ്മീരിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മുസ്ലീം കോണ്‍ഫറന്‍സ് (പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി) നേതാവായിരുന്ന ഷേഖ് അബ്ദുള്ളയും ഭാരത വിഭജനത്തിന് കാരണക്കാരനായ ജിന്നയും കാശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കാനുള്ള ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. കാശ്മീരിലേക്കുള്ള ഏക ഗതാഗതമാര്‍ഗ്ഗം ഗുരുദാസ്പൂര്‍ വഴി ഉള്ളതായിരുന്നു. അക്കാലത്ത് അവശ്യസാധനങ്ങള്‍ കാശ്മീരിലേക്ക് എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ സൃഷ്ടിച്ച തടസ്സങ്ങളും, മൗണ്ട് ബാറ്റണിലൂടെ കാശ്മീരിന്റെ ഭാരതലയനം വൈകിപ്പിക്കുന്നതില്‍ കൈക്കൊണ്ട നയങ്ങളും എല്ലാം ലയന പ്രക്രിയ വൈകുന്നതിന് കാരണമായി. അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഗോപാലസ്വാമി അയ്യങ്കാറും ആചാര്യ കൃപലാനിയും എല്ലാം നടത്തിയ ലയന ശ്രമങ്ങള്‍ വിജയം കണ്ടില്ല.
1939 മുതല്‍ ജമ്മു-കാശ്മീരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം 1947 ആയപ്പോള്‍ തന്നെ ആ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചിരുന്നു. ബല്‍രാജ് മധോക്കിനെപോലുള്ള മുതിര്‍ന്ന പ്രചാരകന്‍മാര്‍ കഠിന പരിശ്രമം നടത്തിയിട്ടും കാശ്മീരിന്റെ ലയനം തുടക്കത്തില്‍ ഫലംകണ്ടില്ലായിരുന്നു. കാശ്മീരിനെ ഭാരതത്തോട് ലയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘത്തിന്റെ സാന്നിദ്ധ്യം പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കിയ സര്‍ദാര്‍ പട്ടേലും, കാശ്മീര്‍ പ്രധാനമന്ത്രി ആയിരുന്ന മെഹര്‍ചന്ദ് മഹാജനും അന്നത്തെ സര്‍ സംഘചാലക് ആയിരുന്ന പൂജനീയ ഗുരുജിയുടെ സഹായം തേടി. തുടര്‍ന്ന് 1947 ഒക്‌ടോബറില്‍ പാകിസ്ഥാന്‍ കാശ്മീരിലേക്ക് സൈനിക നീക്കം നടത്തി. മുസ്ലീം വിഭാഗത്തിന്റെ സഹായത്തോടെ കൊള്ളയും കൊള്ളിവെയ്പും ബലാല്‍സംഗവും എല്ലാം വ്യാപകമായി ഹിന്ദുസമൂഹത്തിന് നേരേ നടന്നു. കാശ്മീര്‍ പ്രവശ്യയിലെ സൈനിക ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസ്സിന്റെ സഹായം തേടുകയും ആയുധങ്ങളും പരിശീലനവും നല്‍കി ശ്രീനഗരത്തിന്റെയും വിമാനത്താവളത്തിന്റെയും സംരക്ഷണ ചുമതല സംഘസ്വയംസേവകരിലൂടെ നടപ്പിലാക്കുകയും ചെയ്തു.
ശ്രീഗുരുജിയും മഹാരാജാ ഹരിസിംഗും തമ്മില്‍ നടന്ന നിര്‍ണ്ണായക സംഭാഷണത്തിലൂടെ രണ്ടു കാര്യങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിച്ചു. കാശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യഘടകമായി ലയിപ്പിക്കുന്നതില്‍ രാജാവിന്റെ ആശങ്കകള്‍ നീക്കം ചെയ്യാനും രണ്ടാമതായി അവിടത്തെ ജനങ്ങളില്‍ വിശ്വാസവും ഇച്ഛാശക്തിയും വളര്‍ത്താനും കഴിഞ്ഞതുവഴി സര്‍വ്വശക്തിയും ഉപയോഗിച്ച് കാശ്മീരിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരുകയുണ്ടായി. തുടര്‍ന്ന് 1947 ഒക്‌ടോബര്‍ 26-ന് ജമ്മു-കാശ്മീര്‍ ഇന്ത്യയുമായുള്ള ലയനകരാറില്‍ ഒപ്പ് വെച്ചു. ഭാരതസേന കാശ്മീരിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു. പാകിസ്ഥാന്‍ പട്ടാളത്തെ പിന്‍തിരിപ്പിക്കാനും ഭാരതത്തിന് സാധിച്ചു. സ്വാതന്ത്ര്യാനന്തരം ഏതെങ്കിലും നാട്ടുരാജ്യത്തിലെ രാജാവ് തന്റെ രാജ്യത്തെ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിപ്പിക്കാന്‍ തീരുമാനിച്ച് കൊണ്ടുള്ള രേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അത്തരം ലയനം അന്തിമമായിരിക്കും എന്നാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭരണഘടന അനുശാസിക്കുന്നത്. ആയതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഗവര്‍ണര്‍ ജനറല്‍ ലയനരേഖ സ്വീകരിച്ച് കഴിഞ്ഞാല്‍ ഭരണഘടനാപരമായ നടപടി പൂര്‍ത്തിയായി എന്ന് വേണം അനുമാനിക്കാന്‍. 1950-ല്‍ ജമ്മു-കാശ്മീരിലെ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുകയും, 1956 നവംബറില്‍ സംസ്ഥാന നിയമസഭ ജമ്മു-കാശ്മീരിന്റെ ഭരണഘടന അംഗീകരിക്കുകയും, ഭരണഘടനയുടെ 3-ാം വകുപ്പ് പ്രകാരം ജമ്മുകാശ്മീര്‍ ഭാരതവുമായുള്ള ലയനം സ്ഥിരീകരിക്കുകയും ചെയ്തത് പലരും വിസ്മരിക്കുന്നു.
1965 ലും 1971 ലും നടന്ന ഭാരത-പാകിസ്ഥാന്‍ യുദ്ധം, പാകിസ്ഥാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് കാശ്മീര്‍ കൈയടക്കാന്‍ വേണ്ടി ആയിരുന്നു. 1971 ലെ യുദ്ധത്തിന്റെ പരിണത ഫലമായിട്ടാണ് കിഴക്കന്‍ ബംഗാള്‍ എന്ന (ഇന്നത്തെ ബംഗ്ലാദേശ്) സ്വതന്ത്ര രാഷ്ട്രം ആയി ഉടലെടുത്തത്. ഷേക്ക് അബ്ദുള്ളയും നെഹ്‌റുവും തമ്മിലുള്ള സൗഹൃദം കാശ്മീര്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 1947 നവംബറില്‍ പാകിസ്ഥാന്‍ പട്ടാളവും അക്രമകാരികളും ഒരു ലക്ഷത്തില്‍പരം ഹിന്ദുക്കളെയാ ണ് കൊന്നൊടുക്കിയത്. അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട 80000-ല്‍പരം ഹിന്ദുക്കള്‍ക്ക് കാശ്മീര്‍ താഴ്‌വരയില്‍ താമസിക്കാന്‍ ഷേക്ക് അബ്ദുള്ള അനുവാദം നല്‍കിയില്ല, ജമ്മുവില്‍ ഇവര്‍ക്ക് സ്റ്റേറ്റ് പൗരത്വം കൊടുത്തതും ഇല്ല. ഹിന്ദുക്കളോടുള്ള ഇത്തരം വിവേചനാത്മകമായ നിലപാട് കാശ്മീര്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ടിരുന്നു. വിഘടനവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും കടുത്ത നിലപാടുകളും വികാരങ്ങളും തുടക്കം മുതല്‍ കാശ്മീര്‍ താഴ്‌വരയില്‍ പ്രകടമാക്കാന്‍ ഷേക്ക് അബ്ദുള്ള ശ്രമിച്ചിരുന്നു. ഇത്തരം അഭിപ്രായങ്ങളും പ്രവര്‍ത്തനവും ഭാരതത്തില്‍ നിന്ന് സ്വതന്ത്രമാകണം എന്ന വികാരം കാശ്മീരിലെ മുസ്ലീം മതവിഭാഗത്തില്‍ ശക്തിപ്പെടുത്തുന്നതിന് അടിത്തറ പാകി. ലയനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൂടെ ഒമ്പത് മുഖ്യമന്ത്രിമാര്‍ ആണ് ജമ്മുകാശ്മീരില്‍ ഭരണം നടത്തിയത്. മെഹര്‍ചന്ദ് മഹാജര്‍ ആയിരുന്നു കാശ്മീരിലെ ആദ്യത്തെ പ്രധാനമന്ത്രി. മുഖ്യമന്ത്രി എന്ന നിലയില്‍ മെഹബൂബ മുഫ്തിയില്‍ വന്ന് ഈ പട്ടിക അവസാനിച്ചു. ഈ കാലഘട്ടത്തില്‍ 13 ഗവര്‍ണര്‍മാര്‍ ഏകദേശം 50 വര്‍ഷം ഭരണം കയ്യാളി. കരണ്‍സിംഗ്, ജഗ്‌മോഹന്‍ എന്നീ പ്രഗല്‍ഭരില്‍ തുടങ്ങി ഇന്ന് സത്യപാല്‍ മാലിക്കില്‍ വന്ന് നില്‍ക്കുന്നു. 87 നിയമസഭാ മണ്ഡലങ്ങളും 6 ലോകസഭാ മണ്ഡലങ്ങളും 4 രാജ്യസഭാ സീറ്റുകളുമാണ് ജമ്മു-കാശ്മീരില്‍ നിലവില്‍ ഉള്ളത്.
പാക്ക് അധീനകാശ്മീര്‍ ഒഴികെ ഏകദേശം 101387ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള കാശ്മീരിലെ ജനസംഖ്യ 1.26 കോടി മാത്രം ആണ്. ഇന്ത്യന്‍ ഭരണഘടന അംഗീകിരച്ചിട്ടുള്ള 18 ദേശീയ ഭാഷകളില്‍ ഒന്നാണ് കാശ്മീരി. അതിനെ അംഗീകരിക്കുന്നതിന് പകരം ഉറുദുവിനെ ആണ് തുടക്കം മുതല്‍ കാശ്മീര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ജമ്മു-കാശ്മീര്‍ എന്നത് ലയനശേഷം 3 ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. അതില്‍ കാശ്മീര്‍ താഴ്‌വരയില്‍ മൊത്തം ജനസംഖ്യയുടെ 54.9 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. അതില്‍ മുസ്ലീം ജനസംഖ്യാ നിരക്ക് 96.4% ആണ്. ജമ്മുപ്രവിശ്യയില്‍ജനസംഖ്യാ നിരക്ക് 42.90% ആണ്. അതില്‍ ഹിന്ദു ജനസംഖ്യ 62.50% ഉം മുസ്ലീങ്ങള്‍ 33.50% ഉം ആണ്. ലഡാക്ക് പ്രദേശത്തെ ജനസംഖ്യ വെറും 2.83% ആണ്. അതില്‍ 39.7% ബുദ്ധിസ്റ്റുകളും, 12.10% ഹിന്ദുക്കളും, 46.60% മുസ്ലീങ്ങളും ആണ്. ജമ്മു-കാശ്മീരിലെ ആകെയുള്ള ജനസംഖ്യാ നിരക്കില്‍ 68.31% മുസ്ലീങ്ങളും, 31.19% ഹിന്ദുക്കളും സിക്കുകാരും ബുദ്ധിസ്റ്റുകളും ആണ്. വിഘടനവാദവും വേറിടല്‍ വാദവും ദേശവിരുദ്ധ ശക്തികളും കാശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് ‘ജിഹാദ്’ നടത്തുന്നത്.
ഷേക്ക് അബ്ദുള്ളയുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി പ്രജാപരിഷത്ത് സത്യഗ്രഹ പരിപാടികള്‍ ആദ്യഘട്ടങ്ങളില്‍ ആരംഭിച്ചിരുന്നു. പ്രേംനാഥ് ഡോഗ്രയുടെ അറസ്റ്റിനെ തുടര്‍ന്ന് സത്യഗ്രഹം ദേശവ്യാപകമായി. ഭാരതീയ ജനസംഘവും ഹിന്ദുമഹാസഭയും രാമരാജ്യപരിഷത്തും പ്രക്ഷോഭത്തിന്റെ ഭാഗമായി. ആദ്യകാലത്ത് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കണമെങ്കില്‍ (പെര്‍മിറ്റ്) പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഇതിനെ ലംഘിച്ചുകൊണ്ട് കാശ്മീരില്‍ പ്രവേശിച്ച ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന ശ്യാംപ്രസാദ് മുഖര്‍ജിയുടെ അറസ്റ്റും ജയില്‍വാസവും ദുരൂഹസാഹചര്യത്തിലുള്ള മരണവും വലിയ ഒച്ചപ്പാടായി.
വിഭജനത്തിന്റെ വിഷവിത്ത്
ഭാരതത്തിന്റെ ഭരണഘടന നിര്‍മ്മാണ വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ഷേക്ക് അബ്ദുള്ളയും കൂടി കാശ്മീരിന്റെ പ്രത്യേക പദവിയ്ക്ക് വേണ്ടി ആര്‍ട്ടിക്കിള്‍ 370-നെക്കുറിച്ച് സംസാരിച്ച സമയത്ത് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത മഹാനാണ് അംബേദ്ക്കര്‍. സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്ന അന്നത്തെ മന്ത്രിയായ ഗോപാലസ്വാമി അയ്യങ്കാറിലൂടെ നിയമനിര്‍മ്മാണ സഭയില്‍ 370-ാം വകുപ്പ് അവതരിപ്പിച്ചുകൊണ്ട് എല്ലാ എതിര്‍പ്പുകളും മറികടന്ന്, ഇതുവെറും താല്‍ക്കാലികമായ ഒരേര്‍പ്പാടാണ് എന്നും, എത്രയും വേഗം ഇത് നീക്കം ചെയ്യുമെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചു. 1956 നവംബര്‍ 17-ന് അത് നിയമമാക്കുകയും, 1957 ജനുവരി 26-ന് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. 370-ാം വകുപ്പ് അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ 1-ാം വകുപ്പും 370-ാം വകുപ്പും മാത്രമേ കാശ്മീരിന് നേരിട്ട് ബാധകമാകുകയുള്ളൂ. മറ്റു വകുപ്പുകളോ പാര്‍ലമെന്റില്‍ പാസ്സാക്കുന്ന മറ്റ് നിയമങ്ങളോ കാശ്മീരിന് ബാധകമാകണമെങ്കില്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രഖ്യാപനവും കാശ്മീര്‍ നിയമസഭയുടെ പ്രത്യേക അനുമതിയും വേണം.
വിഷലിപ്തമായ 370-ാം വകുപ്പിന്റെ മറവില്‍ ഭാരതത്തിന്റെ ഭരണഘടനയിലെ പല വകുപ്പുകളും കാശ്മീരിന് ബാധകമല്ലാതാക്കി. ഒരു ഇന്ത്യന്‍ പൗരന് പത്ത് പ്രധാന ചുമതലകള്‍ നല്‍കുന്നുണ്ട്. നമ്മുടെ ദേശീയഗാനം, ദേശീയ പതാക, ദേശീയാഭിമാന പ്രതീകങ്ങളോടുള്ള ആദരവും, ബഹുമാനവും ഇതില്‍ പെടുന്നു. എന്നാല്‍ ഇതൊന്നും കാശ്മീരിന് ബാധകമല്ല. ഭരണഘടനയുടെ 253-ാം വകുപ്പ് പ്രകാരം അന്തര്‍ദേശീയ ഉടമ്പടികള്‍ ഈ സംസ്ഥാനത്ത് ബാധകമല്ലായിരുന്നു. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ വ്യത്യാസം വരുത്താന്‍ ഭൂമിശാസ്ത്ര-കാലാവസ്ഥാ ജനസംഖ്യാനുപാതമായി നിയമസഭാ/ലോകസഭാ അംഗങ്ങളുടെ എണ്ണം പുനര്‍നിശ്ചയിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് ഇവിടെ അധികാരമില്ലായിരുന്നു. സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ക്ക് കാശ്മീര്‍ പൗരത്വം ലഭിക്കുകയില്ല, എന്ന് മാത്രമല്ല നിയമസഭയിലേക്ക് വോട്ടവകാശവും ഇല്ലായിരുന്നു. കാശ്മീരി പൗരന്‍ അല്ലാത്ത ആളുകള്‍ക്ക് അവിടെ വ്യവസായം തുടങ്ങാനോ, സര്‍ക്കാര്‍ ഉദ്യോഗത്തിനോ, ഭൂമി വാങ്ങുന്നതിനോ അവകാശം ഇല്ലായിരുന്നു. എന്തിന് ജമ്മു-ലഡാക്ക് മേഖലയിലെ ഹിന്ദുക്കള്‍ക്കും ബൗദ്ധന്‍മാര്‍ക്കും കാശ്മീര്‍ താഴ്‌വരയില്‍ ഭൂമി വാങ്ങാന്‍ സാധിക്കില്ല. ഇങ്ങനെ നീളുന്നു 370-ാം വകുപ്പിലെ രാഷ്ട്ര വിരുദ്ധമായ നിലപാടുകള്‍. ഇതുമൂലം തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും കാശ്മീരിനെ തള്ളിയിട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി നെഹ്‌റുവും ഷേക് അബ്ദുള്ളയുമാണ്. ജമ്മു-കാശ്മീര്‍ സംസ്ഥാനത്ത് തീവ്രവാദം തഴച്ച് വളരാനുള്ള സാഹചര്യം 370-ാം വകുപ്പിലൂടെ സൃഷ്ടിച്ചത് കോണ്‍ഗ്രസ്സും സംസ്ഥാനം ഭരിച്ച പ്രാദേശിക പാര്‍ട്ടികളും ആണ്.
ദേശീയതയിലേക്കുള്ള കാശ്മീരിന്റെ മടക്കം
ഭാരതം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ, അതായത് 2019 ആഗസ്റ്റ് 5-ന്, 370-ാം വകുപ്പ് എന്നെന്നേക്കുമായി പിന്‍വലിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി, കന്യാകുമാരി മുതല്‍ കാശ്മീരം വരെ ഭാരതം ഒന്നാണെന്നുള്ള, അഖണ്ഡഭാരത സങ്കല്പത്തെ ശക്തമാക്കാനുള്ള പ്രേരണ നല്‍കുന്നു. 1964 ല്‍ ഒരു സ്വതന്ത്ര അംഗമായിരുന്ന ശ്രീ.പ്രകാശ് വീരശാസ്ത്രിയും 1968 ല്‍ അടല്‍ബിഹാരി വാജ്‌പേയിയും ആണ് ഇതിന് മുമ്പ് 370-ാംവകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭയില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചത്. 1980 കളിലാണ് കാശ്മീരില്‍ തീവ്രവാദം ശക്തിപ്പെട്ടത്. അന്ന് ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി. 1993-ല്‍ ഹുരിയത്ത് കോണ്‍ഫറന്‍സ് എന്ന വിഘടനവാദ സംഘടന, 26-ല്‍പ്പരം രാഷ്ട്രീയ, സാമൂഹ്യ, മതാന്ധ ചിന്താഗതിക്കാരായ സംഘടനകളുടെ ഒത്തുചേരല്‍ കാശ്മീരില്‍ വേറിടല്‍ വാദത്തിന് ആക്കം കൂട്ടി. സെയിദ് ആലിഷാ ഗിലാനി, മസറത്ത് അലാം, ഉമ്മര്‍ ഫറൂഖ്, യാസിന്‍ മാലിക് എന്നീ വിഘടനവാദികളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാരുകളുടെ എല്ലാവിധസഹായവും ലഭിച്ചു. പാകിസ്ഥാന്‍ അനുകൂല നിലപാടും പട്ടാളത്തിന് നേരെയുള്ള തുറന്ന യുദ്ധവും ഭരണക്കാര്‍കണ്ടില്ല എന്ന് നടിച്ചു. രാഷ്ട്രീയ നേതാക്കളും സംസ്‌കാരിക നായകന്‍മാരും പത്രക്കാരും ചാനലുകളും പരോക്ഷമായി അവരെ അനുകൂലിച്ച് സംസാരിക്കുന്നു.
അധികാരത്തിന്റെ എല്ലാ മേഖലയിലും വിഘടനവാദികള്‍ പിടിമുറുക്കിയിരുന്നു. ഭീകരവാദികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാട്ടിയിരുന്നു. 2016 ല്‍ തീവ്രവാദി ആയിരുന്ന ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ പട്ടാളം കൊന്നപ്പോള്‍, കാശ്മീരില്‍ നടമാടിയ അക്രമം, പാകിസ്ഥാന്‍ അനുകൂല ലേഖനങ്ങള്‍, ഇതെല്ലാം നമുക്ക് മറക്കാന്‍ സാധിക്കുമോ? 1990 കളില്‍ ജനുവരി 19-ന് അതായത് 27 വര്‍ഷത്തിനുമുമ്പ് കാശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികള്‍ ഉയര്‍ത്തിയ ഫത്വാ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് മറക്കാന്‍ സാധിക്കുമോ? കാശ്മീര്‍ താഴ്‌വര വിട്ടുപോവുക അല്ലെങ്കില്‍ ഇസ്ലാംമതം സ്വീകരിക്കുക എന്ന പ്രഖ്യാപനവും മുസ്ലീം പള്ളികളില്‍ നിന്ന് വെള്ളിയാഴ്ചത്തെ നമാസിന് ശേഷം പുറപ്പെടുവിച്ച ഫത്വ either Convert to Islam, Leave the land or die ഇതെല്ലാം കാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് മറക്കാന്‍ സാധിക്കുമോ, ഭാരതത്തിന് പൊറുക്കാന്‍ സാധിക്കുമോ. അന്ന് രണ്ട് ദിവസംകൊണ്ട് ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ഏകദേശം 69000-ല്‍പ്പരം കുടുംബങ്ങളില്‍ നിന്നായി ഒന്നരലക്ഷം മുതല്‍ മൂന്ന് ലക്ഷം പണ്ഡിറ്റുകളാണ് ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തത്.
കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം ആണ്, ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടനയിലെ ഒരു വകുപ്പ് മാത്രം ആണ്. ഒരു ജനാധിപത്യരാഷ്ട്രവും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല, മാത്രമല്ല തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കൂടെ സമാധാന ചര്‍ച്ച അംഗീകരിക്കുകയുമില്ല. 2019 ആഗസ്റ്റ് 5 ഭാരത ചരിത്രത്തിലെ ഏടുകളില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒന്നാണ്. 370-ാം വകുപ്പ് എന്ന ആ അസുരവിത്തിനെ ഭാരതം ഇല്ലാതാക്കി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനത്തിന് രാഷ്ട്രം നല്‍കിയ ആദരവ്, കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ യൂണിയന്റെ ഭാഗം, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഇനി ഭാരതം ഒന്നാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. ഇതൊരു തുടക്കമാകട്ടെ, കാശ്മീരിനെ അശാന്തിയില്‍ നിന്നും ശാന്തിയിലേക്ക് കൈപിടിച്ച് ഉയര്‍ത്താം.
(ജന്മഭൂമി കൊല്ലം എഡിഷന്‍പ്രസാധകനാണ് ലേഖകന്‍)