ഭാരതത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനും ഭാരതമെന്ന പേരിനെ പോലും കുഴിച്ചു മൂടാനും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടായ ആഹ്വാനം രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും അസ്തിത്വത്തിനുമെതിരായ യുദ്ധപ്രഖ്യാപനമാണ്. അടുത്തിടെ കലാ-സാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മം മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കു സമാനമാണെന്നും അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നും അഭിപ്രായപ്പെട്ടത്.
ഭാരതവും സനാതനധര്‍മ്മവും അംഗാംഗീഭാവം പുലര്‍ത്തുന്ന പരസ്പരപൂരകമായ സ്വത്വങ്ങളാണ്. സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ രാഷ്ട്രസ്വത്വത്തെ ഉണര്‍ത്തേണ്ടത് ആവശ്യമാണെന്നു തിരിച്ചറിഞ്ഞ സ്വാതന്ത്ര്യസമരനേതാക്കള്‍ ഭാരതത്തിന്റെ ദേശീയ ജീവിതത്തിലേക്ക് സനാതനധര്‍മ്മത്തെ ശക്തമായി പ്രവഹിപ്പിക്കുകയാണ് ചെയ്തത്. ഗീതാരഹസ്യമെന്ന ഗ്രന്ഥം രചിച്ചുകൊണ്ടും, ഗണേശോത്സവങ്ങളെ ജനകീയമാക്കിക്കൊണ്ടും ബാലഗംഗാധര തിലകനും, ഹിന്ദ്‌സ്വരാജും രാമരാജ്യ സങ്കല്പവും മുന്നോട്ടു വെച്ചുകൊണ്ട് മഹാത്മാഗാന്ധിയും സനാതനധര്‍മ്മത്തിലൂന്നിയ സംഗ്രാമപരിപാടികളാണ് രൂപകല്‍പ്പന ചെയ്തത്.
ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നുപോകുമ്പോള്‍, സംസ്ഥാന ഭരണാധികാരി കൂടിയായ ഒരു രാഷ്ട്രീയ നേതാവ് സനാതനധര്‍മ്മത്തിനെതിരെ ആക്രോശങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രം കൂടിയാണ് അപഹസിക്കപ്പെടുന്നത്. ത്രികാലങ്ങളിലും സാധുവായ ധര്‍മ്മമെന്നാണ് സനാതനധര്‍മ്മത്തിന്റെ നിര്‍വ്വചനം. രാഷ്ട്രത്തിന്റെയും ജഗത്തിന്റെ തന്നെയും നിലനില്പിനു ഹേതുവായ മൂല്യ സംഘാതമായാണ് നമ്മുടെ ഋഷീശ്വരന്മാര്‍ അതിനെ അവതരിപ്പിച്ചിട്ടുള്ളത്.
‘സനാതനധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം ശാശ്വത മൂല്യങ്ങള്‍ എന്നാണ്. സനാതന ധര്‍മ്മത്തില്‍ നിന്നും രൂപംകൊണ്ട ആചാര,വിചാര, അനുഷ്ഠാന പദ്ധതിയാണ് ഹിന്ദുമതം. ഭാരതത്തില്‍ ‘മതം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആളുകള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട ഒരു പ്രത്യേക സിദ്ധാന്തത്തെയല്ല, മറിച്ച് ആത്മാവിന്റെ ശാസ്ത്രമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്’ എന്ന് സനാതനധര്‍മ്മത്തെ നിര്‍വ്വചിച്ചുകൊണ്ട് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
കിണറ്റിലെ തവള എന്ന പഴഞ്ചൊല്ല് പോലെ ചുരുക്കപ്പെട്ട ഒന്നല്ല സനാതനധര്‍മ്മം. അത് സമുദ്രം പോലെ വിശാലമാണ്. എന്തു പേരിട്ടു വിളിച്ചാലും അത് മനുഷ്യരാശിയുടെ മുഴുവന്‍ സ്വത്താണ്’ എന്നു മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടു. ഉത്തരപ്പാറ പ്രസംഗത്തില്‍ ‘സനാതനധര്‍മ്മം തന്നെയാണ് ദേശീയത’ എന്നു മഹര്‍ഷി അരവിന്ദന്‍ ഉറക്കെ പ്രഖ്യാപിച്ചു. ഇതുകൊണ്ടാണ് സനാതനധര്‍മ്മത്തിനെതിരായ ആക്രോശം രാഷ്ട്രത്തിനെതിരായ യുദ്ധകാഹളമായി കണക്കാക്കേണ്ടി വരുന്നത്.
സനാതനധര്‍മ്മത്തിന്റെ സുശോഭനമായ പാരമ്പര്യം അവകാശപ്പെടാവുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ക്ഷേത്രസങ്കേതങ്ങളുടെ പെരുമ നിറഞ്ഞുനില്‍ക്കുന്ന നാട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയില്‍ തന്നെ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.’തായിന്‍ മണിക്കൊടി പാറീര്‍.. അതൈ താഴ്ന്തു പണിന്ത് പുകഴ്ന്തിട വാറീര്‍’- മാതൃരാഷ്ട്രത്തിന്റ കൊടി കാണൂ, താഴ്ന്നു വണങ്ങി നിന്ന് അതിനെക്കുറിച്ച് പുകഴ്ത്തിപ്പാടാന്‍ വരൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തമിഴിനെ ദേശീയതയോട് ചേര്‍ത്തുവെച്ച സുബ്രഹ്‌മണ്യഭാരതി ജന്മമെടുത്ത നാട്.ഈ വസ്തുതകളെല്ലാം വിസ്മരിച്ചുകൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ വേണ്ടി ഡിഎംകെ തമിഴ്‌നാട്ടില്‍ ഹൈന്ദവ വിരോധത്തിന്റെ രാഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുന്നത്.
തമിഴ്‌നാടിനെ ഭാരതീയതയില്‍ നിന്നു വേര്‍പെടുത്താനുള്ള പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്. 1981 ല്‍ നടന്ന മീനാക്ഷിപുരം മതപരിവര്‍ത്തനം അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. അടുത്ത കാലത്തായി അവിടെ ക്ഷേത്രസങ്കേതങ്ങള്‍ക്ക് നേരെ സംഘടിതമായ അതിക്രമങ്ങള്‍ അരങ്ങേറുന്നു. മതപരിവര്‍ത്തന മാഫിയയുടെ ശക്തമായ കേന്ദ്രമായി തമിഴ്‌നാട് മാറിയിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രീയ നയമാണ് ഡിഎംകെ വളരെക്കാലമായി സ്വീകരിച്ചു വരുന്നതും. അതുകൊണ്ട് തന്നെ ഉദയനിധിയുടെ ഇപ്പോഴത്തെ പരാമര്‍ശത്തില്‍ ഒട്ടും അദ്ഭുതത്തിന് അവകാശമില്ല.
ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ വിഘടനവാദത്തിന്റെ വേരുണങ്ങുമ്പോള്‍, ദക്ഷിണ ഭാരതത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന വിധ്വംസക രാഷ്ട്രീയത്തിന്റെ വിതണ്ഡവാദങ്ങളാണ് അടുത്ത കാലത്തായി ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ‘കട്ടിംഗ് സൗത്ത്’ എന്ന മുദ്രാവാക്യവും ഡിഎംകെയുടെ ‘ദ്രാവിഡനാട്’ എന്ന ആവശ്യവും ഗണപതി മിത്താണെന്ന കേരള നിയമസഭാ സ്പീക്കറുടെ ആക്ഷേപവും, കാഞ്ഞങ്ങാട് ലീഗ് പരിപാടിയില്‍ ഹിന്ദുക്കളെ കൊന്ന് കെട്ടിത്തൂക്കുമെന്ന ഭീഷണിയുമൊക്കെ ഇതിന്റെ ചില സൂചനകള്‍ മാത്രമാണ്.
മതപരിവര്‍ത്തന നിരോധന നിയമം നീക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനവും ദക്ഷിണ ഭാരതത്തില്‍ നിന്നുള്ള സനാതനധര്‍മ്മവിരുദ്ധതയുടെ ദൃഷ്ടാന്തം തന്നെ. സനാതനധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ഭാരതവിരുദ്ധരുടെ കയ്യിലെ ചട്ടുകമാവുകയാണെന്ന സത്യം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ജി-20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി നടത്തിയ അത്താഴവിരുന്നിന്റെ ക്ഷണപത്രത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പരാമര്‍ശിച്ചതിനെയും പ്രതിപക്ഷ മുന്നണിക്കാര്‍ വിവാദമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിധികല്പിച്ചിരിക്കുന്നു. ആസേതുഹിമാചലം വ്യാപിച്ചു കിടക്കുന്ന നമ്മുടെ പ്രാചീന രാഷ്ട്രത്തെ ഭാരതമെന്നു വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി അവതരിപ്പിക്കുന്നവരുടെ രാഷ്ട്രബോധം സ്വിസ് ബാങ്കിലോ ചൈനീസ് ഭരണാധികാരികളുടെ സിംഹാസനങ്ങള്‍ക്കടിയിലോ നിദ്രകൊള്ളുകയായിരിക്കണം.
ഭരണഘടനയില്‍ രാജ്യത്തെ ‘India that is Bharat’ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനെ ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധവും ഏകാധിപത്യവുമാവുന്നതെങ്ങനെ? ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഭാരതമെന്ന പേരിന് പകരം ‘ഇന്ത്യ’ എന്ന പദം പ്രയോഗത്തില്‍ വന്നത്. ബ്രിട്ടീഷ് വിധേയത്വം ഉപേക്ഷിച്ച് രാഷ്ട്രം സ്വത്വാവിഷ്‌കാരത്തിന്റെ അമൃതകാലത്തിലേക്ക് നീങ്ങുമ്പോള്‍ പ്രാചീന ഭാരതത്തിന്റെ പുന:സ്മരണ ചരിത്രപരമായ അനിവാര്യതയാണ്.
വിഭജിത ഭാരതത്തെയാണ് ഇന്ത്യ എന്ന നാമം ദ്യോതിപ്പിക്കുന്നതെങ്കില്‍ ഭാരതമെന്ന പേര് അഖണ്ഡമായ രാഷ്ട്രസത്തയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതു നമ്മുടെ രാഷ്ട്രത്തിന്റെ പ്രാചീനതയെയും പൗരാണികമായ പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നു. 1947 മുതല്‍ മാത്രം നിലവില്‍വന്ന നവരാഷ്ട്രമാണ് നമ്മുടേതെന്ന നെഹ്‌റുവിയന്‍ ആശയത്തെ പിന്‍പറ്റുന്ന കോണ്‍ഗ്രസ് ‘ഇന്ത്യ’ എന്ന രാജ്യം തങ്ങളുടെ സംഭാവനയാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘ഇന്ത്യ എന്നാല്‍ ഇന്ദിര എന്നും ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നും വിശേഷിപ്പിച്ച് രാജ്യത്തെ അപമാനിച്ച പാരമ്പര്യമാണല്ലോ അവരുടേത്.
രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയുടെ പേര് ഇപ്പോഴും ‘ഭാരതരത്‌ന’ എന്നാണ്. നമ്മുടെ ദേശീയഗാനത്തിലും ഭാരതമെന്ന പേരാണ് ഇടംനേടിയിട്ടുള്ളത്. ചരിത്രത്താളുകളില്‍, സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനും ഭാരതമെന്ന പേരിനെ കുഴിച്ചു മൂടാനുമുള്ള ശ്രമങ്ങള്‍ ആദ്യത്തേതല്ല. കാലം ഉയര്‍ത്തിയ അശനിപാതങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ചതാണ് ഭാരതത്തിന്റെയും സനാതനധര്‍മ്മത്തിന്റെയും ചരിത്രം എന്ന് ‘ഭാരത’വിരുദ്ധന്മാര്‍ തിരിച്ചറിയേണ്ടതാണ്. വിശ്വശാന്തിയുടെ മഹിത മന്ത്രങ്ങളുരുവിട്ടുകൊണ്ട് സനാതനഭാരതം ആചന്ദ്രതാരം ശോഭിക്കുക തന്നെ ചെയ്യും.