ഭാരതത്തിന്റെ പരമോന്നത നീതിപീഠം അയോദ്ധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണ് എന്ന് വിധിച്ചതോടെ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി നടത്തിവന്ന ഒരു ധര്‍മ്മസമരത്തിന് വിജയകരമായ പരിസമാപ്തി കൈവന്നിരിക്കുകയാണ്. അതിര്‍ത്തികള്‍ ഭേദിച്ചെത്തുന്ന അധിനിവേശ ശക്തികള്‍ അവരുടെ അധികാരവാഴ്ചയുടെ അടയാളങ്ങള്‍ സ്ഥാപിക്കുക സ്വാഭാവികമാണ്. തദ്ദേശീയരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും തകര്‍ക്കുംവിധമുള്ള പ്രതീകങ്ങള്‍ സൃഷ്ടിക്കുന്നത് അധിനിവേശ ശക്തികള്‍ നടത്തുന്ന മനഃശാസ്ത്രയുദ്ധത്തിന്റെ ഭാഗമാണ്. പരദേശിവാഴ്ചയുടെ നുകം കുടഞ്ഞെറിയുന്ന ഒരു ജനത അവരുടെ അഭിമാനത്തിനു ചോദ്യചിഹ്നമുയര്‍ത്തുന്ന പ്രതീകങ്ങളെ മാറ്റി പ്രേരണയേകുന്ന പൈതൃക പ്രതീകങ്ങളെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതുമാത്രമായിരുന്നു അയോദ്ധ്യാ പ്രക്ഷോഭത്തിനു പിന്നിലുണ്ടായിരുന്ന ചേതോവികാരം. അതൊരിക്കലും മുസ്ലീം സമൂഹത്തിനെതിരായിരുന്നില്ല.
ഭാരതീയ മുസ്ലിംചരിത്രത്തില്‍ ബാബര്‍ ഒരിക്കലും ഒരു പൈതൃക പ്രതീകമായിരുന്നിട്ടില്ല. ഇസ്ലാമിക മതപാരമ്പര്യങ്ങളിലും ബാബര്‍ എടുത്തുപറയാവുന്ന വിശുദ്ധപുരുഷനല്ല. 1528-ല്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ ഒരു സ്മാരകം പണിയുന്നതിന് ബാബറെ പ്രേരിപ്പിച്ച മനോഘടന തദ്ദേശീയരില്‍ ആധിപത്യമുറപ്പിയ്ക്കാനുള്ള അധിനിവേശശക്തികളുടെ പൊതുപ്രവണതമാത്രമാണ്. വസ്തുനിഷ്ഠമായി കാര്യങ്ങളെ സമീപിയ്ക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളു.
പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം വഴിവിട്ട പ്രീണനങ്ങളുടെയും വോട്ടുരാഷ്ട്രീയത്തിന്റെ ഒത്തുതീര്‍പ്പുകളുടേതുമായിപ്പോയതുകൊണ്ടുമാത്രം പരിഹരിക്കപ്പെടാതെ തുടര്‍ന്ന ഒന്നായിരുന്നു രാമജന്മഭൂമി പ്രശ്‌നം. അതിന് ഇപ്പോള്‍ ശാശ്വതമായ പരിഹാരം കൈവന്നിരിക്കുകയാണ്. ഭാരതത്തിലെ ഹിന്ദു-മുസ്ലിം ഐക്യം തങ്ങളുടെ കോളനിവാഴ്ചയുടെ അന്ത്യം കുറിയ്ക്കുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് നേതൃത്വം രാമജന്മഭൂമി വിട്ടുകൊടുക്കാനുള്ള മുസ്ലീം മതനേതൃത്വത്തിന്റെ തീരുമാനത്തെ 1857 കാലത്തുതന്നെ അട്ടിമറിച്ചിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ഈ കൊളോണിയല്‍ വിഭജനതന്ത്രം തുടരുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ അക്കാദമിക ശകുനിമാരുമായിരുന്നു. സുദീര്‍ഘമായ നിയമ വ്യവഹാരങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെ മുസ്ലിമും ഹിന്ദുവും ഒരു മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്തുതീര്‍ക്കാമായിരുന്ന പ്രശ്‌നത്തെ പരമാവധി വഷളാക്കാന്‍ ഇടതുപക്ഷപാതികളായ ഇര്‍ഫാന്‍ ഹബീബും, റോമിളാഥാപ്പറും മറ്റും എത്രമാത്രം ശ്രമിച്ചിരുന്നു എന്നത് കെ.കെ.മുഹമ്മദിനെപ്പോലുള്ള സ്വതന്ത്രചിന്തകര്‍ ഇതിനോടകം വെളിപ്പെടുത്തിക്കഴിഞ്ഞു.
ശ്രീരാമന്‍ ഒരു കെട്ടുകഥാനായകനാണെന്നും, രാമന്‍ അയോദ്ധ്യയില്‍ ജനിച്ചതിനു തെളിവില്ലെന്നും, ബാബര്‍ രാമക്ഷേത്രം തകര്‍ത്തല്ല പള്ളിപണിഞ്ഞതെന്നും മറ്റും നിരന്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തി ഭക്തജനവികാരത്തെ വ്രണപ്പെടുത്തിയിരുന്നത് ഇടതുപക്ഷ കുബുദ്ധിജീവികള്‍തന്നെയായിരുന്നു. ഈ കുതര്‍ക്കങ്ങളുടെ എല്ലാം മുനയൊടിക്കുന്നതായി സുപ്രീം കോടതിയുടെ വിധിന്യായം. വിശ്വാസം എന്നതിനെക്കാളും ചരിത്രം, പുരാവസ്തു, റവന്യു, നിയമം തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശകലനങ്ങളാണ് കുറ്റമറ്റ ഒരു വിധിന്യായത്തിലേക്ക് കോടതിയെ എത്തിച്ചത്. അയോദ്ധ്യയിലെ തര്‍ക്കസ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചതെന്ന ഹിന്ദുക്കളുടെ കേവല വിശ്വാസമല്ല രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. തര്‍ക്കഭൂമിയില്‍ നടന്ന ഉല്‍ഖനനങ്ങളും അതില്‍ നിന്നും കണ്ടെടുക്കപ്പെട്ട തെളിവുകളും വിധിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം.
രാമജന്മഭൂമിയില്‍ അരമീറ്റര്‍ മുതല്‍ അഞ്ചരമീറ്റര്‍ വരെ ആഴത്തില്‍ ഹൈന്ദവമായ വാസ്തുശൈലിയിലുള്ള ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്ന് പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയതാണ്. ഇത് ശ്രീരാമക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന ‘വിഷ്ണുഹരി ശിലാഫലക’വും ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മാത്രം കാണുന്ന പ്രണാളിയും 200 ല്‍പരം ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹാവശിഷ്ടങ്ങളും എല്ലാം ലഭിച്ചത് പരിഗണിച്ചിട്ടാണ് സുപ്രീം കോടതി രാമജന്മഭൂമിയുടെ അവകാശി ഹിന്ദുക്കളാണ് എന്ന് വിധിച്ചത്. ‘വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം സ്ഥാപിക്കാനാവില്ല’ എന്ന വിധിന്യായത്തിലെ കോടതിയുടെ നിരീക്ഷണം പലതും വ്യക്തമാക്കുന്നുണ്ട്. ബാബറി കെട്ടിടത്തിനടിയിലുണ്ടായിരുന്നത് ഒരു മുസ്ലിം വാസ്തുനിര്‍മ്മിതിയല്ല എന്ന് കൃത്യമായി കോടതി നിരീക്ഷിച്ചു. എന്തായാലും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് കോടതിയ്ക്ക് നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ സഹായകമായി എന്ന് കാണാം. 1976-77 കാലത്ത് പ്രൊഫ. ബി.ബി.ലാലിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ പത്തുവിദ്യാര്‍ത്ഥികള്‍ നടത്തിയ ഗവേഷണപഠനം, 2003 ല്‍ നടന്ന ഉല്‍ഖനനം എന്നിവയൊക്കെ നിരവധി ചരിത്രതിരുശേഷിപ്പുകള്‍ പുറത്തുകൊണ്ടുവന്നു. വിവിധ ചരിത്രകാരന്മാരുടെ രേഖകള്‍, നിരവധി സഞ്ചാരികളുടെ പരാമര്‍ശങ്ങള്‍, വാല്‍മീകി രാമായണമടക്കമുള്ള പുരാണങ്ങളിലെ വിവരണങ്ങള്‍ എന്നിവയെല്ലാം പരമോന്നത കോടതിയ്ക്കുമുന്നില്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ രാമജന്മഭൂമിയുടെ യഥാര്‍ത്ഥ അവകാശി ആരാവണമെന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന് സംശയമേതുമുണ്ടായില്ല. ദശകങ്ങള്‍ പിന്നിട്ട വ്യവഹാരങ്ങള്‍ക്കന്ത്യം കുറിച്ചുകൊണ്ട് ഏകകണ്ഠമായ വിധിയെഴുതുവാന്‍ സുപ്രീംകോടതിയ്ക്ക് സാധിച്ചതിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.
അപൂര്‍വ്വം അപശബ്ദങ്ങളൊഴിച്ചാല്‍ ഭാരതം പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ച കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത്. കോടതിവിധിയോട് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ കാട്ടിയ സംയമനപൂര്‍ണ്ണമായ പ്രതികരണം വളരുന്ന ഭാരതംകാട്ടുന്ന, ഉയരുന്ന പൗരബോധത്തിന്റെ അടയാളമായി നാളെ വ്യാഖ്യാനിക്കപ്പെടും. നാല്‍പ്പത്തെട്ടു മണിക്കൂര്‍ ഭാരത സൈന്യ ത്തെ മാറ്റിനിര്‍ത്തിയാല്‍ താനും തന്റെ സംഘവും ചേര്‍ന്ന് ഹിന്ദുക്കളെ മുഴുവന്‍ വകവരുത്താം എന്ന് പ്രഖ്യാപിച്ച അസറുദ്ദീന്‍ ഒവൈസിയും സിപിഎമ്മിന്റെ തൃപ്പൂണിത്തുറ എം.എല്‍.എ. എം.സ്വരാജുമാണ് പരമോന്നത കോടതിവിധിയെ പരിഹസിച്ച് ആദ്യമായി പ്രതികരണം നടത്തിയ രണ്ടുപേര്‍ എന്നത് യാദൃച്ഛികമല്ല. ഹിന്ദുവിനെയും മുസ്ലിമിനേയും തമ്മിലടിപ്പിച്ച് തങ്ങളുടെ കൊടി ചുവപ്പിയ്ക്കാമെന്നുകരുതുന്ന ഇത്തരം രാഷ്ട്രീയ ശിഖണ്ഡികളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എസ്.എഫ്.ഐയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും പ്രവര്‍ത്തനപരിചയം നേടിയിറങ്ങുന്ന കമ്മ്യൂണിസ്റ്റ് യുവജനങ്ങള്‍ രാജ്യവിരുദ്ധ മാവോയിസത്തിലേക്കും, മൗദൂദിയന്‍ മതമൗലികവാദത്തിലേക്കും എന്തുകൊണ്ടാണ് പോകുന്നതെന്നതിന്റെ കാരണം സ്വരാജിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം.
ശ്രീരാമജന്മഭൂമിയിലുയരാന്‍ പോകുന്ന ഭവ്യമായ ക്ഷേത്രം സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അഖണ്ഡതയുടെയും പുതുചരിത്രം ഭാരതത്തില്‍ രചിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അയോധ്യയിലെ അമാവാസികള്‍ക്ക് അറുതിയാകുവാന്‍ ജീവന്‍ ത്യജിച്ച പരശതം രാമഭക്തരുടെ സ്മരണകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാന്‍ കൂടി ഈ വിജയമുഹൂര്‍ത്തത്തെ വിനിയോഗിക്കാം.