അഖണ്ഡ ഭാരതത്തെ ഉത്തര ഭാരതമെന്നും ദക്ഷിണ ഭാരതമെന്നും വേര്‍തിരിക്കുന്ന പുണ്യനദിയാണ് നര്‍മ്മദാനദി. കിഴക്ക് നിന്നും പടിഞ്ഞാട്ട് ഒഴുകുന്ന ഭാരതത്തിലെ ഏറ്റവും നീളം കൂടിയ ഈ നദിയ്ക്ക് പൗരാണികമായും ആധ്യാത്മികമായും ചരിത്രപരമായും ഒട്ടനവധി മഹത്വങ്ങളുണ്ട്. നര്‍മ്മദ എന്ന പദത്തിന് സംസ്‌കൃതത്തില്‍ആനന്ദം നല്‍കുന്നത് എന്നുകൂടി അര്‍ത്ഥമുണ്ട്. നര്‍മ്മദാ നദിയുടെ മഹത്വത്തിനു കാരണങ്ങളിലൊന്ന് നദിയെ പ്രദക്ഷിണം ചെയ്യുവാന്‍ കഴിയുന്നു എന്നുള്ളതാണ്. വളരെ പ്രയാസം ഏറിയതും ഏറെ പവിത്രവുമായ ദൗത്യമാണ് നര്‍മ്മദാ പരിക്രമം.
നര്‍മ്മദാ നദി
റിഷ പര്‍വതത്തില്‍ തപസ്സനുഷ്ടിക്കുമ്പോള്‍ ഭഗവാന്‍ ശ്രീപരമേശ്വരന്റെ വിയര്‍പ്പില്‍ നിന്നും പിറവിയെടുത്ത ഈ നദിയെ ശിവപുത്രിയായി കണക്കാക്കുന്നു. ഗംഗയ്ക്ക് മുമ്പേ പിറവിയെടുത്ത ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന നദികളിലൊന്നാണിത്. ബ്രഹ്‌മചാരിണിയായ ഈ നദിയുടെ എല്ലാ തീരങ്ങളും പാവനവും പവിത്രവുമാണ്. ആയതിനാല്‍ നദിയെയും നദിയിലെ ജലത്തെയും ഭക്തര്‍ ഭക്തിയോടെ പൂജിക്കുന്നു. ഇവിടുത്തെ ജലത്തെ ക്ഷീരമായി സങ്കല്‍പ്പിക്കുന്നു.
നര്‍മ്മദാ നദിയെ മയ്യ എന്നാണ് നാട്ടുകാര്‍ സംബോധന ചെയ്യുന്നത്. നദിയെ ദേവതയായും അമ്മയായും അവര്‍ കാണുന്നു, പുണ്യ നദിയായി ആരാധിക്കുന്നു. രേവാ, അമൃത തുടങ്ങിയ പേരുകളിലും ഈ നദി അറിയപ്പെടുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള നദിയുടെ ഇരുകരകളിലുമായി ധാരാളം ഋഷിമാരും സന്യാസിമാരും തപസ്സനുഷ്ടിച്ചിട്ടുണ്ട്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ആശ്രമങ്ങളും ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പൈതൃക ക്ഷേത്രങ്ങളും ഇവിടെ ഇപ്പോഴുമുണ്ട്.
നദിയുടെ ഇരുകരകളിലുമായി വനങ്ങള്‍ക്കു പുറമെ ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, തീര്‍ത്ഥ സ്ഥാനങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ വലിയൊരു ജനവിഭാഗം ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നദിയില്‍ മുങ്ങി നിവരുമ്പോള്‍ പാപങ്ങള്‍ നീങ്ങി മുക്തി നേടുന്നു. എല്ലാ അമാവാസി ദിവസങ്ങളിലും പൗര്‍ണ്ണമി ദിവസങ്ങളിലും ഭക്തര്‍ പ്രത്യേക പൂജയും ദാനവും ഈ നദിയുടെ തീരങ്ങളില്‍ അനുഷ്ഠിക്കുന്നു.
ഹിന്ദു പുരാതന ഗ്രന്ഥങ്ങളില്‍ നദിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഈ നദിയുടെ തീരത്താണ് മഹാബലി ചക്രവര്‍ത്തി ഇന്ദ്രപദവി ലഭ്യമാക്കുന്നതിനായി അശ്വമേധയാഗം അനുഷ്ഠിച്ച സ്ഥലം. വിഷ്ണുവിന്റെ അവതാരമായ വാമനന്‍ ഈ യാഗത്തില്‍ ഇവിടെ എത്തിച്ചേരുകയും ഭഗവാന്റെ പാദസ്പര്‍ശം ബലി ചക്രവര്‍ത്തിയ്ക്ക് മോക്ഷം നല്‍കുകയുമുണ്ടായി. മഹാദേവന്റെ പരമഭക്തനായ മാര്‍ക്കണ്ഡേയമുനി നര്‍മ്മദാപരിക്രമത്തിന്റെ മഹത്വമറിഞ്ഞ് ശ്രദ്ധാപൂര്‍വ്വം പരിക്രമം ചെയ്തതായും പറയുന്നു. കാര്‍ത്തവീര്യാര്‍ജുനന്‍ നദിയില്‍ വിഹരിച്ചതിന്റെ ഫലമായി രാവണന്റെ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരികയും തുടര്‍ന്ന് യുദ്ധമുണ്ടാവുകയും അതില്‍ രാവണന്‍ പരാജയപ്പെടുകയുമുണ്ടായി. ഇത് രാമായണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിരഞ്ജീവിയായ അശ്വത്ഥാമാവ് നര്‍മ്മദ തീരത്തിനടുത്തായുള്ള ശുല്‍പാനി വനാന്തരങ്ങളില്‍ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യര്‍ അദ്ദേഹത്തിന്റെ ഗുരുവായ ഗോവിന്ദ ഭഗവത്പാദരെ ആദ്യമായി ദര്‍ശിച്ചതും അദ്ദേഹത്തില്‍ നിന്നും സന്യാസം സ്വീകരിച്ചതും നര്‍മ്മദ തീരത്തുള്ള ഓംകാരേശ്വറില്‍ വച്ചായിരുന്നു.
നര്‍മ്മദ തീരത്തുള്ള ഒരേയൊരു ജ്യോതിര്‍ലിംഗം ഓംകാരേശ്വറിലാണ്. നദിയുടെ ഉത്ഭവസ്ഥാനമായ അമര്‍ഘണ്ടക്കില്‍ വ്യാസമുനിയും ബ്രിഹു മഹര്‍ഷിയും തപസ്സനുഷ്ഠിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ദേവന്മാരും അസുരന്മാരും നര്‍മ്മദയുടെ തീരത്ത് പ്രാര്‍ത്ഥിക്കുകയും തപസ്സ് ചെയ്യുകയും ചെയ്തിരുന്നതായി പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ നാമങ്ങളില്‍ പ്രത്യേകം തീര്‍ത്ഥസ്ഥാനങ്ങളുമുണ്ട്.
അനവധി പോഷക നദികളുള്ള ഈ നദി അനുപ്പൂര്‍ ജില്ലയിലെ വിന്ധ്യാചല പര്‍വ്വതത്തിലുള്ള അമര്‍ഘണ്ടക്കിലെ നര്‍മ്മദകുണ്ഡില്‍ നിന്നും ഉത്ഭവിച്ച് ഘോര വനങ്ങളിലൂടെയും മാര്‍ബിള്‍ പാറമലകളിലൂടെയും കൃഷിയിടങ്ങളിലൂടെയും വളഞ്ഞു പുളഞ്ഞു തുള്ളിച്ചാടി ഒഴുകി പടിഞ്ഞാറ് ബറൂച്ചിനു സമീപം അറബിക്കടലിലെ ഖംബത്ത് ഉള്‍ക്കടലില്‍ സംഗമിക്കുന്നു. അറബിക്കടലും നര്‍മ്മദ നദിയുമായുള്ള ദക്ഷിണഭാഗത്തെ സംഗമസ്ഥാനം ‘വിമലേശ്വര്‍’ എന്നും ഉത്തരഭാഗത്തെ സംഗമസ്ഥാനം ‘മിട്ടീത്തലായ്’ എന്നും അറിയപ്പെടുന്നു. 1312 കിലോമീറ്റര്‍ നീളമുള്ള ഈ നദി മധ്യപ്രദേശിലെ പതിനാലും, ഗുജറാത്തിലെ ഏഴും, മഹാരാഷ്ട്രയിലെ ഒന്നും ജില്ലയിലൂടെയും കടന്നുപോകുന്നു. ചിലയിടങ്ങളില്‍ രണ്ടു കിലോമീറ്ററിലേറെ വീതിയും ഈ നദിയ്ക്കുണ്ട്.
പരിക്രമത്തിന്റെ ഉദ്ദേശ്യം
ശാന്തവും സമാധാനവുമായ പ്രാര്‍ത്ഥനയിലൂടെയും തപസ്യയിലൂടെയും ആത്മീയ വളര്‍ച്ചയുണ്ടാക്കുക, സ്വയം അവബോധം സൃഷ്ടിക്കുക, ലൗകിക ജീവിതത്തിലെ സമ്മര്‍ദ്ദത്തിന്റെ ഭാരം കുറയ്ക്കുക, നെഗറ്റീവ് ചിന്തകളും വികാരങ്ങളും ഇല്ലായ്മ ചെയ്യുക, സാധുസന്ത് മഹാത്മാക്കളെ പരിചയപ്പെടാനും സംവദിക്കുവാനുമുള്ള അവസരം ഉണ്ടാക്കുക, പുണ്യ ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ദര്‍ശിക്കുക, പ്രകൃതിയെ കുറേക്കൂടി അടുത്തറിയുക, ഒപ്പം നല്ലൊരു മാതൃകാ മനുഷ്യനായി മാറുക തുടങ്ങിയവയാണ് നര്‍മ്മദാ പരിക്രമത്തിന്റെ മുഖ്യ ഉദ്ദേശ്യങ്ങള്‍.
ചിലര്‍ നര്‍മ്മദാപരിക്രമം ചെയ്യുന്നത് കാര്യസിദ്ധിയ്ക്കുവേണ്ടിയാണ്. ചിലര്‍ ഭക്തിയോടെ ഫലസിദ്ധിയ്ക്കായി പരിക്രമം നടത്തുമ്പോള്‍ മറ്റുചിലര്‍ ആധ്യാത്മിക നേട്ടത്തിനായി പരിക്രമം അനുഷ്ഠിക്കുന്നു. പരിക്രമത്തെ സാഹസികമായും കാണുന്നവരുണ്ട്. ധാരാളം സാധു സന്ത് മഹാത്മാക്കളും സന്യാസിമാരും പരിക്രമം ചെയ്യാറുണ്ട്.
കഠിനമായ തപസ്യയിലൂടെ മോക്ഷപ്രാപ്തി ലഭ്യമാക്കുവാന്‍ സുഖവും അഹങ്കാരവും ത്യജിച്ച്ആധ്യാത്മിക രീതിയില്‍ പരിക്രമം നടത്തേണ്ടതുണ്ട്. ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കില്‍ പരിക്രമത്തിനു മാര്‍ഗ്ഗ തടസ്സമില്ല. നര്‍മ്മദ മയ്യ വിളിക്കുമ്പോള്‍ മാത്രമേ പരിക്രമം തുടങ്ങുവാനും പൂര്‍ണ്ണമാക്കുവാനും സാധിക്കുകയുള്ളൂ എന്നാണ് പൊതു വിശ്വാസം. പരിക്രമം ചെയ്യുന്നവരെ പരിക്രമവാസി എന്ന് വിളിക്കുന്നു.
ആത്മീയവും മതപരവുമായ പരമ്പരാഗത ആചാരമാണ് നര്‍മ്മദ പരിക്രമം. യാതൊരു തടസ്സവുമില്ലാത്ത പരിക്രമത്തിനു വേണ്ടി മനസ്സുകൊണ്ട് ആദ്യം തയ്യാറെടുക്കണം. പിന്നീട് ശരീരം അതിനുവേണ്ടി പാകപ്പെടുത്തണം. അത്ഭുതകരമായ പല അനുഭവങ്ങളും യാത്രയിലുണ്ടാവാം.
പരിക്രമം ചെയ്യുന്നവര്‍ പൊതുവേ പണമോ രണ്ടോ മൂന്നോ ജോഡിയില്‍ കൂടുതല്‍ വസ്ത്രമോ കരുതുന്നില്ല. ചില അമ്പലം, ആശ്രമം, ധര്‍മശാല തുടങ്ങിയ ഇടങ്ങളില്‍ പരിക്രമവാസികള്‍ക്ക് താമസത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. അവിടെ നിന്നും ഭക്ഷണം പ്രസാദമായി ലഭിക്കും. ചില പരിക്രമ വാസികള്‍ ഭക്ഷണം സ്വയം പാകംചെയ്തു നര്‍മ്മദാ മയ്യയ്ക്ക് സമര്‍പ്പിച്ചതിനു ശേഷമേ ഭക്ഷിക്കുകയുള്ളൂ. അങ്ങിനെ സ്വയം ഭക്ഷണം ഉണ്ടാക്കുവാനുള്ള സൗകര്യം ചില ആശ്രമങ്ങള്‍ അനുവദിക്കാറുണ്ട്. പരിക്രമത്തില്‍ ഉടനീളം പരിക്രമവാസികള്‍ക്ക് ആത്മാര്‍ത്ഥമായി സേവ ചെയ്യുന്ന ധാരാളം സന്നദ്ധ സംഘടനകളുണ്ട്.
സാധാരണ വര്‍ഷകാലത്തിനു ശേഷമാണ് ഭക്തര്‍ പരിക്രമം ആരംഭിക്കുന്നത്, അതായത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍. പരിക്രമത്തിനു വേണ്ടിയുള്ള വിശദമായ റൂട്ട്മാപ്പ് ലഭ്യമാണ്. നര്‍മ്മദ പരിക്രമം നദിയുടെ എവിടെ നിന്നു വേണമെങ്കിലും ആരംഭിക്കാം. എന്നാലും യാത്ര ആരംഭിക്കുവാന്‍ നദിയുടെ ഉത്ഭവസ്ഥാനമായ അമര്‍ഘണ്ടക്കും ഓംകാരേശ്വരുമാണ് അഭികാമ്യം. പരിക്രമം എപ്പോഴും ആരംഭിയ്ക്കുന്നിടത്തു തന്നെയാണ് അവസാനിപ്പിക്കേണ്ടത്.
പരിക്രമ സമയത്ത് നദി എപ്പോഴും പരിക്രമവാസിയുടെ വലതുവശത്തായിരിക്കും. പരിക്രമം ചെയ്യുമ്പോള്‍ പുറകിലേക്ക് തിരിച്ചു നടക്കുവാനോ എവിടെയും നദിയെ മുറിച്ചു കടക്കുവാനോ പാടുള്ളതല്ല. എന്നാല്‍ ഹനുമാന്‍ പരിക്രമം ചെയ്യുന്നവര്‍ക്ക് ഹനുമാന്‍ ക്ഷേത്രം ഉള്ളിടത്ത് നദി കുറുകെ കടന്നു ഹനുമാന്‍ ക്ഷേത്രത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നും സൂര്യോദയത്തിനു ശേഷം പരിക്രമം തുടങ്ങി സൂര്യാസ്തമയത്തിനു മുമ്പ് അവസാനിപ്പിക്കണം.
നദിയിലെ ജലത്തെ വന്ദിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടും നദിയില്‍ നിന്നും ജലം കമണ്ഡലുവിലോ അല്ലെങ്കില്‍ യാത്രയ്ക്ക് അനുയോജ്യമായ പാത്രങ്ങളിലോ ശേഖരിച്ച് യാത്ര തുടങ്ങും. പരിക്രമവാസികള്‍ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും പരിക്രമം ചെയ്യാറുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമായും പരിക്രമം ചെയ്യാറുണ്ട്. പ്രായഭേദമെന്യേ പാവപ്പെട്ടവരും പണക്കാരും ഒരുമിച്ചു പരിക്രമം നടത്തുന്നു. അറുപത് വയസ്സില്‍ കൂടുതല്‍ ഉള്ളവരാണ് കൂടുതലായി പരിക്രമം അനുഷ്ഠിക്കുന്നത്, എന്തുകൊണ്ടെന്നാല്‍ ഭൗതികമായ ഉത്തരവാദിത്തങ്ങള്‍ ഒരു പരിധിവരെ നിറവേറ്റിയവരായിരിക്കും അവര്‍. മാത്രമല്ല അവരുടെ പരിക്രമം കുടും ബാഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയുമില്ല.
നദിയുടെ നീളം ഏകദേശം 1312 കിലോമീറ്റര്‍ ആണ്. എങ്കിലും, നദിയോട് ചേര്‍ന്നുള്ള ഘോര വനങ്ങളുടെയും പാറ മലകളുടെയും ഡാമുകളുടെയും അരികിലൂടെ യാത്ര സാധ്യമല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ നദിയില്‍ നിന്നും കുറച്ച് ദൂരത്തു കൂടി സഞ്ചരിക്കേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ ഒരുവശത്തേക്കുള്ള ദൂരം ഏകദേശം 1600 കിലോമീറ്റര്‍ വരും, ഇരുവശവുമായി ഏകദേശം 3200 കിലോമീറ്റര്‍.
പരിക്രമവാസികള്‍ കാല്‍നടയായി പാദരക്ഷ ഉപയോഗിച്ചും അല്ലാതെയും പരിക്രമം ചെയ്യുന്നു. ഇരുചക്രവാഹനത്തിലും പരിക്രമം ചെയ്യുന്നവരുണ്ട്. ചിലര്‍ സംഘമായി കാര്‍, ബസ്സ് തുടങ്ങിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നു. പരിക്രമത്തിനായി ഹെലികോപ്റ്റര്‍ സംവിധാനവും നിലവിലുണ്ട്. യാത്രയുടെ വേഗത അനുസരിച്ചായിരിക്കും പരിക്രമം പര്യവസാനിക്കുന്നത്. ദിവസവും 30-35 കിലോമീറ്റര്‍ യാത്ര ചെയ്ത് 4-5 മാസം കൊണ്ട് ഗൃഹസ്ഥ പരിക്രമം തീര്‍ക്കുന്നവരും, സാവധാനം നടന്നും വിശ്രമിച്ചും സേവയും സാധനയും അനുഷ്ഠിച്ച് മൂന്ന് കൊല്ലം കൊണ്ട് സാധു പരിക്രമം തീര്‍ക്കുന്നവരുമുണ്ട്.
മൂന്ന് വര്‍ഷം മൂന്ന് മാസം പതിമൂന്ന് ദിവസം എന്നാണ് കണക്ക്. ചിലര്‍ ഇരുപത് ദിവസം കൊണ്ട് കാറില്‍ പരിക്രമം തീര്‍ക്കുന്നു. ചിലര്‍ പരിക്രമം കഴിഞ്ഞാലും പിന്നീടും പരിക്രമം ചെയ്യാറുണ്ട്. എന്നും പരിക്രമം ചെയ്തുകൊണ്ടിരിക്കുന്ന പരിക്രമവാസികളും ഉണ്ട്. പരിക്രമത്തിനിടയില്‍ മരിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഹനുമാന്‍ പരിക്രമം ചെയ്യുന്നവരുണ്ട്. ഹനുമാന്‍ പരിക്രമം ചെയ്യുന്നവര്‍ എല്ലാ ദിവസവും ഹനുമാന്‍ സ്വാമിയുടെ അമ്പലത്തിലായിരിക്കും രാത്രി കാലങ്ങളില്‍ വിശ്രമിക്കുന്നത്. അവര്‍ക്ക് നദി കുറുകെ കടക്കുവാനുള്ള അനുവാദമുണ്ട്. ഒരേ സമയം ഇരട്ട പരിക്രമം ചെയ്യുന്നവരുമുണ്ട്, ശിവലിംഗത്തെ പ്രദക്ഷിണം വയ്ക്കുന്നത് പോലെ.
ഒരുമിച്ചു നാല് മുതല്‍ ആറുമാസം കൊണ്ട് പരിക്രമം ചെയ്യാന്‍ കഴിയാത്തവര്‍ ചെറിയ ചെറിയ ഭാഗങ്ങളായി പരിക്രമം ചെയ്യും. കുറച്ചു ദിവസത്തെ പരിക്രമത്തിനു ശേഷം സാഹചര്യം അനുസരിച്ച് അവസാനിപ്പിച്ചിടത്തു നിന്നും വീണ്ടും പരിക്രമം ആരംഭിക്കും.
പരിക്രമം കഴിയുന്നതും ഏകനായി നടന്നു കൊണ്ടാണ് ചെയ്യുക. ഒറ്റയ്ക്കുള്ള യാത്ര ബുദ്ധിമുട്ടാണെങ്കില്‍ ഒന്നുരണ്ടു പേരായോ ചെറിയ സംഘങ്ങളായോ പോകാവുന്നതാണ്. പരിക്രമത്തിനിടയില്‍ കഴിയുന്നതും ഒരു കാരണവശാലും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക. അമ്പലം, ആശ്രമം തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്രമിക്കുമ്പോഴും താമസിക്കുമ്പോഴും അവിടുത്തെ ചിട്ടകള്‍ പാലിച്ച് നിലവിലുള്ള സൗകര്യങ്ങളില്‍ തൃപ്തിപ്പെടുക.
നദിയില്‍ നിന്നും ദൂരെ മാറി മലമൂത്രവിസര്‍ജ്ജനം ചെയ്യുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. പോളിത്തീന്‍ സഞ്ചികള്‍ വര്‍ജ്ജിക്കുകയും നദിയെയും ജലത്തെയും സദാ വണങ്ങുകയും ചെയ്യേണ്ടതാണ്. മാനവികത മനസ്സിലാക്കി സ്വയം തങ്ങളിലേക്ക് ഇറങ്ങുകയും പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സ്‌നേഹിക്കുകയും ചെയ്യണം. മൃഗങ്ങള്‍ അനുവദിക്കുന്നത് കൊണ്ടാണ് മനുഷ്യന് അവരുടെ ആവാസകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്നതെന്നോര്‍ക്കുക. പ്രകൃതി തന്നെയാണ് അമ്മ എന്ന് എപ്പോഴും മനസ്സില്‍ ഉരുവിടുക.
യാത്രയില്‍ പരിക്രമവാസികളെ തിരിച്ചറിയുന്നതിനുവേണ്ടി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കാറുണ്ട്, ആശ്രമങ്ങളിലോ ധര്‍മശാലകളിലോ താമസിക്കുമ്പോള്‍ ഈ പ്രമാണം അവിടെ ഹാജരാക്കുകയും തിരിച്ചു പോരുമ്പോള്‍ ആ ആശ്രമത്തില്‍ താമസിച്ചു എന്ന് രേഖപ്പെടുത്തുകയും ചെയ്തുവരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. പരിക്രമണ വേളയില്‍ പല കാലാവസ്ഥയിലൂടെ കടന്നു പോകേണ്ടി വരും; മഞ്ഞ്, വെയില്‍, മഴ. മഴക്കാലത്ത് പരിക്രമം വളരെ കുറവായിരിക്കും. പരിക്രമത്തിനിടയില്‍ കാലാവസ്ഥ അനുകൂലം അല്ലെങ്കില്‍ ചിലര്‍ കൂടുതല്‍ ദിവസം ആശ്രമങ്ങളില്‍ താമസിക്കാറുണ്ട്.
യാത്രയില്‍ ലഗ്ഗേജ് എത്രത്തോളം കുറയുന്നുവോ യാത്ര അത്രയും സുഖമായിരിക്കും. കനം കുറഞ്ഞ സ്‌പോര്‍ട്‌സ് ബാഗ്, രണ്ടു ജോഡി വെള്ള വസ്ത്രം, യോഗ മാറ്റ്, സ്ലീപ്പിംഗ് ബാഗ്, പ്ലയിറ്റ്, ഗ്ലാസ്, സ്പൂണ്‍, ടോര്‍ച്ച്, മുളവടി, മാര്‍ഗ്ഗദര്‍ശിക എന്നിവ പരിക്രമവാസികള്‍ കരുതാറുണ്ട്. തണുപ്പ് കാലമാണെങ്കില്‍ ഒരു സ്വെറ്റര്‍ കൂടി കരുതേണ്ടതാണ്.
പരിക്രമ കാലയളവില്‍ ഒരു തരത്തിലുള്ള ഹിംസയോ, മോശമായ ചിന്തകളോ ഉണ്ടാവരുത്. യാതൊരു പ്രതിസന്ധിയും ഇല്ലാതെ പരിക്രമം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് അത് അത്യന്താപേക്ഷിതമാണ്.
ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകളായ മാള്‍വി, കൊര്‍ക്കൂ, തിര്‍ഹരി, ബ്രിജ്ഭാഷ, നിമഡി, ഗോണ്ടി, ബിലി, ബാഘേല്‍ഖണ്ടി, ബുന്തേല്‍ഖണ്ടി തുടങ്ങിയവയും പരിക്രമ മേഖലയില്‍ പ്രചാരത്തിലുണ്ട്. എങ്കിലും പരിക്രമവാസികള്‍ക്ക് പൊതുവേ ഭാഷയുടെ ബുദ്ധിമുട്ട് കാര്യമായി അനുഭവപ്പെടാറില്ല.
പരിക്രമത്തില്‍ വനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്, വനങ്ങളില്‍ ധാരാളം വന്യജീവികള്‍ ഉണ്ടെങ്കിലും, പൊതുവെ മൃഗങ്ങള്‍ പരിക്രമ വാസികളെ ഉപദ്രവിക്കാറില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഐക്യത്തിന്റെ പ്രതിമ) സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനു സ്മാരകമായി നര്‍മ്മദ നദിയുടെ തീരത്ത് ഉയര്‍ന്നു നില്‍ക്കുന്നു.
ഹര്‍ദ ജില്ലയിലെ ഹാണ്ടിയയ്ക്ക് സമീപം നര്‍മ്മദാ നദിയില്‍ ഒരു ചെറിയ ദ്വീപിലെ പാറക്കെട്ടിനു മുകളിലായി വളരെ പുരാതനമായ ഒരു കോട്ടയുണ്ട്. ഇത്’ജോഗ ഫോര്‍ട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. കോട്ടയ്ക്ക് ചുറ്റും വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വഞ്ചിയില്‍ അടുത്ത് ചെന്നാല്‍ മാത്രമേ കോട്ട ശരിക്കും കാണുവാന്‍ സാധിക്കുകയുള്ളൂ.
നര്‍മ്മദാ നദിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ”കപിലധാര” എന്ന പേരില്‍ അറിയപ്പെടുന്നു. അമര്‍ഘണ്ടക്കിന് സമീപം നൂറ് അടിയോളം താഴ്ചയുള്ള ഈ വെള്ളച്ചാട്ടം പ്രകൃതി രമണീയവും അതിമനോഹരവുമാണ്.
നര്‍മ്മദാ പരിക്രമയിലെ പ്രധാന സ്ഥാനങ്ങള്‍
അമര്‍ഘണ്ടക്ക്: അനുപ്പൂര്‍ ജില്ലയിലെ വിന്ധ്യാപര്‍വതത്തിന്റെയും സത്പുര മലനിരകളുടെ ഇടയിലുമായി അതുല്യമായ പൈതൃക ഭൂമി, നര്‍മ്മദാ നദിയുടെ ഉത്ഭവസ്ഥാനം.
ഓംകാരേശ്വര്‍: ഖണ്ട്വവാ ജില്ലയിലുള്ള ഓംകാരേശ്വര്‍ ക്ഷേത്രം, ഭഗവാന്‍ ശിവന്റെ നാലാമത്തെ ജ്യോതിര്‍ലിംഗമാണ്. നര്‍മ്മദ കാവേരി നദികളുടെ സംഗമസ്ഥാനമാണിത്. പരിക്രമവാസികളില്‍ ഭൂരിപക്ഷവും പരിക്രമം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഇവിടെയാണ്. നര്‍മ്മദ പരിക്രമത്തിനു മുന്നോടിയായി ഓംകാരേശ്വര്‍ പര്‍വതത്തെ പരിക്രമം ചെയ്യുന്നവരും ധാരാളമുണ്ട്. ഭക്തര്‍ നദിയില്‍ ആരതി സമര്‍പ്പിക്കുന്നു. നദിയിലെ പുണ്യജലം കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നു.
വിമലേശ്വര്‍: നദിയുടെ ദക്ഷിണ ഭാഗത്തുള്ള സാഗരവുമായുള്ള സംഗമ സ്ഥാനമാണിത്. പ്രസിദ്ധമായ ഭഗവാന്‍ ശിവന്റെ വിമലേശ്വര്‍ മന്ദിര്‍ ഇവിടെയാണ്. ഇവിടെ നിന്നും നൗകയിലാണ് പരിക്രമവാസികള്‍ ഏകദേശം രണ്ടു മണിക്കൂര്‍ സാഗരത്തിലൂടെ യാത്ര ചെയ്ത് നദിയുടെ ഉത്തരദിശയിലെത്തുന്നത്.
മിട്ടിത്തലായ്: നദിയുടെ ഉത്തര ഭാഗത്തെ സാഗരവുമായുള്ള സംഗമ സ്ഥാനമാണിത്. ഇവിടെനിന്നും കിഴക്കോട്ടാണ് പരിക്രമം തുടരുന്നത്.
മഹേശ്വര്‍: ഖാര്‍ഗോണ്‍ ജില്ലയിലാണ് പ്രശസ്തമായ മഹേശ്വര്‍ ക്ഷേത്രം. വളരെയേറെ മനോഹരമായതും മനസ്സിനെ മയക്കുന്ന കുളിക്കടവുകളുള്ള മഹേശ്വര്‍ഘാട്ട് നര്‍മ്മദാതീരത്തെഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്.
നെമാവര്‍: നദിയുടെ ഏകദേശം മധ്യഭാഗത്താണ് ദേവാസ് ജില്ലയിലുള്ള നെമാവര്‍ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം നദിയുടെ നാഭിയായി കണക്കാക്കുന്നു. മഹാഭാരത കാലഘട്ടത്തില്‍ കൗരവര്‍ നിര്‍മ്മിച്ചതായി പറയുന്ന സിദ്ധനാഥ് ക്ഷേത്രം ഇവിടെയാണ്. ഈ ക്ഷേത്രം പൈതൃക ശേഖരങ്ങളുടെ ഒരു കലവറയാണ്.
നര്‍മ്മദാ തീരവും അന്തരീക്ഷവും
നര്‍മ്മദ തീരങ്ങളില്‍ വിവിധ തരങ്ങളിലുള്ള ധാരാളം വൃക്ഷങ്ങളുണ്ട്, ഇവ അന്തരീക്ഷത്തെ എപ്പോഴും ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പല ഇനങ്ങളിലുള്ള കോടാനുകോടി പക്ഷികളുടെ ആവാസകേന്ദ്രമാണ് നദിയുടെ തീരങ്ങള്‍. പക്ഷികളുടെ താളാത്മകമായ സംഗീതവും ഔഷധ സസ്യങ്ങളുടെ സുഗന്ധവും പരിക്രമവാസികള്‍ക്ക് പ്രത്യേക ഉണര്‍വും ഉന്മേഷവും നല്‍കുന്നു.
അനേകം ചെറിയ പോഷക നദികള്‍ നര്‍മ്മദയില്‍ ചേരുന്നു. നദിയുടെ ഇരു കരകളിലും അടുത്ത പ്രദേശത്തും ഫാക്ടറികള്‍ ഇല്ലാത്തതിനാല്‍ നദിയും അന്തരീക്ഷവും മറ്റു നദികളെപ്പോലെ മലിനമല്ല. എങ്കിലും ഗ്രാമവാസികളായ ഭക്തര്‍ പൂജയ്ക്കായി പോളിത്തീന്‍ സഞ്ചികളിലാണ് പൂജാസാമ ഗ്രികള്‍ ഏറെയും കൊണ്ടുവരുന്നത്. ഇതോടൊപ്പം പുകയില (ഗുഡ്ക്ക) കവറുകളും നദിയുടെ തീരത്ത് മാലിന്യമായി കിടക്കുന്നത് കാണാറുണ്ട്.
മണ്ണും മുളയും വൈക്കോലും ഉപയോഗിച്ചുള്ള പ്രാകൃത രീതിയിലുള്ള ആശ്രമങ്ങളും പരിക്രമ വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട് (ചൌരാഘാട്ട് ഇതിന് ഒരു ഉദാഹരണമാണ്). പരിക്രമവാസികള്‍ക്ക് നിസ്വാര്‍ത്ഥമായ സേവ നല്‍കി ആനന്ദം കണ്ടെത്തുന്ന ഒട്ടനവധി കരുണാമയരെ ഇവിടെ കാണുവാന്‍ സാധിക്കും.
നദിയുടെ ഇരുകരകളിലുമായി ജൈവവൈവിധ്യമുള്ള നിരവധി പ്രദേശങ്ങളും, വനങ്ങളും, ഔഷധ സസ്യ വൃക്ഷങ്ങളുമുണ്ട്. ഗോതമ്പ്, കടല, ഉഴുന്ന്, ചോളം, ചെറുപയര്‍, തുവരപ്പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവയുടെ കൃഷിയും വലുതും ചെറുതുമായ നിരവധി ഗോശാലകളുമുണ്ട്. ആദിവാസി ഗ്രാമങ്ങളും വനവാസി ഗ്രാമങ്ങളും ചിലയിടങ്ങളില്‍ കാണാം.
വേനല്‍ക്കാലങ്ങളില്‍ നദിയില്‍ വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ നാട്ടുകാര്‍ കൃഷി ചെയ്യും. ആട്, പശു, എരുമ തുടങ്ങിയവ നദിയുടെ തീരങ്ങളില്‍ മേയുന്നതും നദിയില്‍ കുളിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. നദിയില്‍ വെള്ളം കുറവുള്ളപ്പോള്‍ നദിയുടെ അടിത്തട്ടില്‍ ചെറിയ മാര്‍ബിള്‍ പാറക്കെട്ടുകള്‍ കാണാം. വേനല്‍ക്കാലത്ത് മോട്ടോര്‍പമ്പ് ഉപയോഗിച്ച് ഗ്രാമവാസികള്‍ വെള്ളം നദിയില്‍ നിന്നും കൃഷി സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്യുന്നു. മഴക്കാലത്ത് ചിലപ്പോള്‍ പുഴ നിറഞ്ഞൊഴുകും.
നദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മണ്ണ് വാരല്‍ ഉണ്ട്. വഞ്ചികളില്‍ മണല്‍ വാരി കരയിലെത്തിക്കും. ചില സ്ഥലങ്ങളില്‍ വേനല്‍ക്കാലത്ത് പുഴയിലൂടെ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ച് ജെസിബി, പൊക്ലൈന്‍ തുടങ്ങിയ വിവിധ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് വാരി നേരെ ലോറിയില്‍ നിറയ്ക്കുന്നു. രാപ്പകലില്ലാതെ മണ്ണ് കൊണ്ടുപോകുന്നത് കാണാം.
പരിക്രമഫലം
ജിജ്ഞാസയില്‍ നിന്നും ഉടലെടുക്കുന്ന നര്‍മ്മദ പരിക്രമം അത്ഭുതമായ രഹസ്യത്തിലൂടെ മനുഷ്യനില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നു. ഏകാന്തമായ യാത്രകളും സജ്ജന സമ്പര്‍ക്കവും പ്രകൃതിയില്‍ ലയിച്ചുള്ള ജീവിതവും മനസ്സിന് ശാന്തതയേകും. പരിക്രമത്തിലൂടെ മന:ശാന്തിയും പരമാനന്ദവും ആരോഗ്യവും ആത്മവിശ്വാസവും കരസ്ഥമാക്കാവുന്നതാണ്. മന:ശാന്തിയും പരമാനന്ദവും ആര്‍ക്കും നല്‍കുവാന്‍ കഴിയുന്നതോ മേടിക്കുവാന്‍ കഴിയുന്നതോ അല്ല. എന്നാല്‍ തപസ്യയിലൂടെയും സാധനയിലൂടെയും അത് കരസ്ഥമാക്കാം. മനുഷ്യര്‍ കുറവുള്ളെടുത്തു പ്രകൃതി അതിസുന്ദരമായിരിക്കും, പ്രകൃതി ഭംഗിയും മനുഷ്യന്‍ ജീവിതത്തില്‍ ആസ്വദിക്കേണ്ടതാണ്. പരിക്രമം ശരീരത്തിന് ഫിസിയോ തെറാപ്പിയും മസ്തിഷ്‌കത്തിന് റേഡിയോ തെറാപ്പിയുമാണ്. കാര്യസിദ്ധിയ്ക്ക് ശേഷം ബന്ധുമിത്രാദികള്‍ക്ക് നര്‍മ്മദയുടെ തീരത്ത് അന്നദാനം നടത്തുന്നവരുമുണ്ട്.
അത്യധികം സാഹസികത നിറഞ്ഞ നര്‍മ്മദ പരിക്രമം എല്ലാ പരിക്രമ വാസികള്‍ക്കും സംഘര്‍ഷങ്ങളൊന്നുമില്ലാതെ ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തിയും ആനന്ദവും ആത്മവിശ്വാസവും നല്‍കുന്നു.