ആദികാലത്ത് ഭൂമിയില്‍ പ്രേതങ്ങളും പിശാചുക്കളും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ ഭൂമിയില്‍ വ്യാപരിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഒമ്പതു ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈശ്വരവിശ്വാസംപോലും ആദ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ഒരു ലക്ഷം വര്‍ഷങ്ങളായി മനുഷ്യര്‍ നിരന്തരം ദൈവത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ഡോ.മുരളീകൃഷ്ണ തന്റെ ‘മരണത്തിനപ്പുറം ജീവിതമുണ്ടോ’ എന്ന ഗ്രന്ഥത്തിലെ ‘പ്രേതങ്ങളുടെ നഗരം’ എന്ന നാലാം അദ്ധ്യായം തുടങ്ങുന്നത്.
ദൈവാരാധനയുടെ ചിരപ്രാചീനമായ രൂപം, ദൈവത്തിന്റെ ഏകശിലാവസ്ഥതന്നെയായിരുന്നു എന്നിട ത്താണ് ആത്മീയചിന്തകളുടെ പ്രഭവസ്ഥാനംതന്നെ കേന്ദ്രീകൃതമായിരിക്കുന്നത്. എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നതും അതുതന്നെയാണല്ലൊ. ‘നേസ്‌തേ സദ് മഗര്‍ യസ്ദാ’ എന്ന സൂക്തത്തിലൂടെ ജൂതമതവും ‘ലാ ഇലാഹാ ഇല്ലല്ലാ’ എന്ന വിശ്വാസത്തിലൂടെ മുഹമ്മദീയമതവും പ്രഖ്യാപിച്ചിരിക്കുന്നത് ഈ സത്യത്തെത്തന്നെയാണ്. പക്ഷേ, ഏകദൈവസിദ്ധാന്തം എന്ന പരമസത്യം ആദ്യം വെളിപ്പെട്ടത് സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ധര്‍മ്മഗ്രന്ഥങ്ങളിലൂടെത്തന്നെയായിരുന്നു എന്നുള്ളതാണ് വാസ്തവം.
ദൈവത്തിന്റെ ഏകരൂപം, അല്ലെങ്കില്‍ ഏകശിലാവസ്ഥയെയാണ് (മോണോലിത്തിക്ക് സ്റ്റേറ്റ്)സെമിറ്റിക്ക് മതക്കാര്‍ പിന്തുടരുന്നതെങ്കില്‍ ചിരപുരാതനമായ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായ വേദങ്ങളും ഏകാത്മതാദര്‍ശനം തന്നെയാണ് പ്രസാധനം ചെയ്യുന്നത്.
‘യദ്വാ ചാനഭ്യൂദിതം
യേന വാഗഭൂദ്യതേ
തദേവ ബ്രഹ്‌മത്വം വിദ്ധി
നേദം യദിദമുപാസതേ’
എന്നു തുടങ്ങുന്ന സൂക്തത്തിലൂടെ, ഈ കാണുന്ന ദേവതാസമൂഹങ്ങളെ ഒന്നും ബ്രഹ്‌മമാണെന്നു കരുതരുത് എന്നും അവയെ പൂജിച്ചോ ഉപാസിച്ചോ ബ്രഹ്‌മത്തെ മനസ്സിലാക്കാനാവില്ല എന്നുമാണ് കേനോപനിഷത്ത് ഉദ്‌ഘോഷിക്കുന്നത്. ദൈവത്തിന് സമന്മാരെ നിയോഗിക്കുന്നതിനെക്കുറിച്ച് ഹൈന്ദവദര്‍ശനങ്ങളുടെ സമീപനം ഈ ശ്ലോകംതന്നെ വിരല്‍വെച്ചടയാളപ്പെടുത്തുന്നുണ്ടല്ലൊ! ദൈവം ഒന്നേ ഉള്ളൂവെന്നും അത് രൂപ-ഭാവ-നിറ-ഗന്ധങ്ങളില്ലാത്തതാണെന്നും ആദ്യം ഉദ്‌ഘോഷിച്ച സംസ്‌ക്കാരമാണ് ഹിന്ദുമതം. ഈരേഴു ലോകങ്ങള്‍ക്കും അധീശനായ ദൈവം ഒന്നേ ഉള്ളു എന്നും അവനാണ് മണ്ണിനെയും വിണ്ണിനെയും ഉറപ്പിച്ചു നിര്‍ത്തിയവനെന്നും അവനെ മാത്രമേ വണങ്ങാവൂ എന്നും ലോകത്തോട് വിളിച്ചു പറഞ്ഞ മതം! ഋഗ്വേദത്തിലെ ഈ ശ്ലോകം ശ്രദ്ധിക്കുക:
ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ
ഭൂതസ്യജാതഃ പതിരേക ആസീത്
സദാധാര പൃഥിവീം ദ്യാമൂതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ
(ഋഗ്വേദം- 10. 121.1-10)
‘തുടക്കത്തില്‍ വെളിവിന്റെ ഉറവായ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിണ്ണിനെയും മണ്ണിനെയും ഉറപ്പിച്ചു നിര്‍ത്തിയ അവനല്ലാതെ മറ്റാരാണ് ആരാധനയ്ക്ക് അര്‍ഹനായിട്ടുള്ളത്?’ എന്നാണ് ഋഗ്വേദം ഈ സൂക്തത്തിലൂടെ സാധകനോടു ചോദിക്കുന്നത്.
ഇതിനു സമാനമായ സൂക്തങ്ങള്‍ വൈദികഗ്രന്ഥങ്ങളില്‍ വേറെയും എമ്പാടുമുണ്ട്.
ഋഗ്വേദത്തിലെത്തന്നെ, ‘ഏവരുടെയും സംരക്ഷകനും അന്തര്‍വ്യാപിയും ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, യമന്‍, മാതരീശ്വരന്‍ എന്നിങ്ങനെ പല പേരുകളാല്‍ വാഴ്ത്തപ്പെടുന്നവനുമായ ദൈവം ഒന്നുതന്നെയാണ്. അറിവുള്ളവര്‍ അവന് പല പേരുകള്‍ കല്പിച്ചു നല്കുന്നു എന്നേയുള്ളൂ’ എന്ന് അര്‍ത്ഥം വരുന്ന,
ഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ
ദിവ്യഃ സ സുപര്‍ണ്ണോ ഗുരുത്മാന്‍
ഏകം സദ് വിപ്രാ വിവിധാ വദ-
ന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ (10.146.46)
എന്ന ശ്ലോകവും
ബുദ്ധിമാന്മാരും പണ്ഡിതന്മാരും ഏകനായ പരംപൊരുളിനെ പല രൂപഭാവങ്ങളില്‍ വര്‍ണ്ണിക്കുന്നു എന്നര്‍ത്ഥം വരുന്ന,
സുപര്‍ണ്ണം വിപ്രാ കവയോ വചോഭിരേകം
സ്വന്തം ബഹുധാ കല്പയന്തി (10.114.5)
എന്ന സൂക്തവും
ദൈവം ഒന്നേയുള്ളൂ, അവന്‍ നിഗൂഢമായി സര്‍വ്വചരാചരങ്ങളിലും സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നു, അവന്റെ നിയന്ത്രണത്തിലാണ് സര്‍വ്വകര്‍മ്മങ്ങളും നിറവേറ്റപ്പെടുന്നത്, അവന്‍ സര്‍വ്വസാക്ഷിയും നിര്‍ഗ്ഗുണനുമാണ് എന്നര്‍ത്ഥം വരുന്ന, ശ്വേതാശ്വതരോപനിഷത്തിലെ,
ഏകോദേവഃ സര്‍വ്വഭൂതേഷു ഗൂഢഃ
സര്‍വ്വവ്യാപീ സര്‍വ്വഭൂതാന്തരാത്മഃ
കര്‍മ്മാധ്യക്ഷഃ സര്‍വ്വഭൂതാധിവാസഃ
സാക്ഷി ചേത കേവലോ നിര്‍ഗ്ഗുണശ്ച (6-10)
എന്നു തുടങ്ങുന്ന സൂക്തവും
കൈവല്യോപനിഷത്തിലെ, ‘ബ്രഹ്‌മനും വിഷ്ണുവും രുദ്രനും ശിവനും അക്ഷരവും പരമസ്വരാട്‌രൂപവും ഇന്ദ്രനും കാലാഗ്നിയും ചന്ദ്രനും അവന്‍തന്നെയാണ്’ എന്നര്‍ത്ഥം വരുന്ന,
സബ്രഹ്‌മാ സവിഷ്ണുഃ സരുദ്രഃ സശിവഃ സോക്ഷരഃ
സ പരമസ്വരാട് സ ഇന്ദ്രഃ സ കാലാഗ്നിഃ സചന്ദ്രമാഃ
എന്ന ശ്ലോകവും ഒരുപോലെ വിരല്‍ ചൂണ്ടുന്നത് ദൈവത്തിന്റെ ഏകശിലാസ്തിത്വത്തിലേക്കുതന്നെയാണ്.
ചിരപുരാതന ജീവിതക്രമമായ സനാതനധര്‍മ്മത്തിലെ അടിസ്ഥാനധര്‍മ്മഗ്രന്ഥങ്ങളായ വേദോപനിഷത്തുകള്‍ പ്രഖ്യാപിച്ച ഈ ഏകദൈവപരികല്പനതന്നെയാണ് പിന്നീടുണ്ടായ മതങ്ങളെല്ലാം തങ്ങളുള്‍ക്കൊള്ളുന്ന സമുദായങ്ങളിലേക്ക് പകര്‍ത്തി പ്രചരിപ്പിച്ചത്. ഇതില്‍ കൂടുതലൊന്നും പറയാന്‍ അവരെക്കൊണ്ടാവാത്തതിന് മതിയായ കാരണം, ‘മതത്തിന്റെ മണ്ഡലത്തില്‍ പുതിയ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ല, ഇനി മേലില്‍ ഉണ്ടാവുകയുമില്ല’ എന്ന ബ്ലവാറ്റ്‌സ്‌ക്കി യുടെ പ്രസ്താവനയില്‍ത്തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച നരേന്ദ്രഭൂഷണ്‍, തന്റെ ‘മതങ്ങളുടെ ഉത്ഭവകഥ’ എന്ന പുസ്തകത്തില്‍ പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്: ‘പുതിയ മതമോ സത്യമോ കണ്ടെത്തിയ ഒരു മതസ്ഥാപകനും ആര്യ, സെമറ്റിക്ക്, അഥവാ ടുറാനിയന്‍ വിഭാഗങ്ങളിലോ അന്യത്രയോ ഉണ്ടായിട്ടില്ല. ഈ മതസ്ഥാപകരെല്ലാം പ്രക്ഷേപിണികളാണ്. മൗലികഗുരുക്കന്മാരല്ല. അതിനാലാണ് ഡോ. ലഗ്ഗെ, കണ്‍ഫൂഷസ്സിനെ മതസ്ഥാപകനെന്നു വിളിക്കാതെ മതപ്രചാരകനെന്നു വിളിച്ചത്’ (പേജ് 8).
പ്രാചീനമായ വിശ്വാസസംസ്‌ക്കാരങ്ങളില്‍ അപഭ്രംശങ്ങളുണ്ടാകുമ്പോള്‍ അതു ചൂണ്ടിക്കാണിക്കാനും തിരുത്താനും അതാതു കാലങ്ങളില്‍ ഇവിടെ ചിന്തകരുണ്ടായിട്ടുണ്ട്. വൈദികദൈവസങ്കല്പങ്ങളിലേര്‍പ്പെട്ട ഈ അപഭ്രംശത്തോട് ആദ്യം കലഹിച്ചത് പേര്‍ഷ്യയിലെ സുരദുസ്ട്രരായിരുന്നു എന്നു പറയാം. സെമറ്റിക്ക് ചിന്തകളുടെ പിതാവെന്നു പോറ്റപ്പെടുന്ന അബ്രഹാമിന്റെ സമകാലികനായിരുന്നു സുരദുസ്ട്രര്‍ എന്ന് ഡോ. സ്പീഗല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിന് നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജൂതമതവുമായി, ഏകദൈവസിദ്ധാന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോശെ കര്‍മ്മരംഗത്തെത്തുന്നത്. മോശെക്കും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പാണ് സുരദുസ്ട്രരുടെ കാലം എന്ന പ്ലിനിയുടെ വാദത്തെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ബി.സി. 2200-നും 2000-ത്തിനുമിടക്കുള്ള കാലഘട്ടത്തില്‍ ബാബിലോണിയ ഭരിച്ച രാജാവായിരുന്നു സുരദുസ്ട്രര്‍ എന്ന്, ഇവരോടൊക്കെ വിയോജിച്ചുകൊണ്ട് ബറോസസ് എന്ന ബാബിലോണിയക്കാരനായ ചരിത്രകാരനും രേഖപ്പെടുത്തിയിട്ടുണ്ട്.
സുരദുസ്ട്രരുടെ ജീവിതകാലത്തെക്കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായവൈജാത്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മോശെയുടെ പിറവിക്കു മുമ്പുതന്നെയാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ബൈബിളിന്റെ പഴയ നിയമത്തിലെ അഞ്ചാം അദ്ധ്യായവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജൂതമതത്തിന്റെ വിശുദ്ധഗ്രന്ഥമായ പെന്റ്യൂക്കിന്റെ കര്‍ത്താവായ മോശെ, ബൈബിളനുസരിച്ച് ചിന്തകരുടെ തട്ടകത്തിലെത്തുന്നത് ബി.സി. 1491-ലാണ്. ബി.സി. 1571-ലാണ് ബൈബിളിന്റെ ഭാഷ്യമനുസരിച്ച് മോശെ ഭൂമുഖത്തെത്തുന്നത്. മോശെ ജീവിച്ചിരുന്നത് ബി.സി. 1500-നും 1300-നുമിടയ്ക്കാണെന്ന് ഡോ. ഹേഗും രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. ഇൗ വാദപശ്ചാത്തലങ്ങളില്‍ ചവിട്ടിനിന്നുകൊണ്ടു നോക്കുമ്പോഴും മോശേയുടെ രംഗപ്രവേശം സുരദുസ്ട്രര്‍ക്കു ശേഷംതന്നെയാണെന്ന് നിസ്സംശയം തെളിയുന്നുണ്ട്. ബി.സി. 2800-ലാണ് സൊരാഷ്ട്രിയന്‍ സാഹിത്യത്തിന്റെ രചനാകാലമെന്ന് നരേന്ദ്രഭൂഷണും അഭിപ്രായപ്പെടുന്നുണ്ട്. ഈ കണക്കുകളെല്ലാം ആണയിട്ടു ചൊല്ലുന്നത് മോശെയുടെ കാലഘട്ടം തീര്‍ച്ചയായും സുരദുസ്ട്രര്‍ക്കു ശേഷംതന്നെയായിരുന്നു എന്ന വസ്തുതയാണ്.
ജൂതമതത്തിന്റെയും സൗരാഷ്ട്രമതത്തിന്റെയും ധാര്‍മ്മികപശ്ചാത്തലമാണ് മുഹമ്മദിന്റെ ചിന്തയ്ക്കാധാരം എന്ന് സൂക്ഷ്മപരിശോധനയില്‍ മനസ്സിലാക്കാവുന്നതാണ്. ആത്മാവ് അനശ്വരമാണെന്നും മരണശേഷം ഖയാമത്ത് കാലത്ത്, മരിച്ചവരെല്ലാം കര്‍മ്മഫലമനുഭവിക്കാന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നുമെല്ലാമുള്ള മുഹമ്മദീയന്‍ ചിന്തകള്‍ ജൂതമതവിശ്വാസത്തില്‍ അധിഷ്ഠിതമാണല്ലൊ. സ്വര്‍ഗ്ഗകവാടത്തിലുള്ള ‘സിരാത്’ നൂല്പാലവും അതിനുതഴെയെരിയുന്ന നരകാഗ്നിയും എല്ലാം ജൂതമതത്തില്‍നിന്നുതന്നെയാണ് മുഹമ്മദീയര്‍ കടംകൊണ്ടിരിക്കുന്നത്. ജൂതമതക്കാര്‍ ഈ വിശ്വാസം കടമെടുത്തതാകട്ടെ, സെന്ദവസ്‌തെയില്‍ നിന്നും! അന്തിമദിനത്തില്‍ എല്ലാവരും കടന്നുപോകാന്‍ വിധിക്കപ്പെട്ട, നരകത്തിനു മുകളിലൂടെ വലിച്ചുകെട്ടിയ നൂല്പാലത്തിന് ‘ചിനവദ’ എന്നാണ് സെന്ദവസ്തയില്‍ നാമകരണം ചെയ്തിരിക്കുന്നത്. സെന്ദവസ്തയിലെ ‘ചിനവദ’ എന്ന വാക്കിന്റെയും ഖുര്‍ ആനിലെ ‘സിരാത്’ എന്ന പദത്തിന്റെയും ഘടനാസാമ്യംതന്നെ മുഹമ്മദിന് ഈ പദം എവിടെനിന്നാണ് ലഭിച്ചത് എന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ടല്ലൊ. അതുപോലെത്തന്നെ ഖുര്‍ ആനിലെ സ്വര്‍ഗ്ഗ-ഹൂറി സങ്കല്പങ്ങള്‍ ജൂതന്മാരുടെ മതപുസ്തകങ്ങിെല്‍ നിന്ന് കടം കൊണ്ടിട്ടുള്ളതാണ് v (Gemar Tanith പേജ് 25. Midran Labbath പേജ് 37.)
മുഹമ്മദീയന്‍ സ്വര്‍ഗ്ഗസങ്കല്പങ്ങള്‍ക്ക് പാഴ്‌സികളുടെ (സൊരാഷ്ട്രന്മാരുടെ) അടിസ്ഥാനവിശ്വാസങ്ങളുമായി സാമ്യമുണ്ടെന്ന് ഡോ. സേള്‍ അഭിപ്രായപ്പെടുന്നുണ്ട്. മുഹമ്മദ് സാക്ഷ്യപ്പെടുത്തിയ സ്വര്‍ഗ്ഗത്തിലുള്ളതുപോലെ, മദ്യവും മദിരാക്ഷിയും മാംസവും ദാസീദാസന്മാരും ദിവ്യവസ്ത്രങ്ങളും അലങ്കാരവസ്തുക്കളുംകൊണ്ട് നിബിഡമാണ് സുരദുഷ്ട്രരുടെ ‘നമാമിഹാവാദ്’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗവും. അങ്ങനെ വരുമ്പോള്‍ പാഴ്‌സികളില്‍ നിന്ന് ജൂതമതത്തിലേക്കും അവിടെനിന്നും മുഹമ്മദീയ മതത്തിലേക്കും ഉള്ള പകര്‍ന്നാട്ടങ്ങള്‍ മാത്രമാണ് ഈ വിശ്വാസസങ്കല്പങ്ങളെല്ലാം എന്ന് കൃത്യമായി തെളിഞ്ഞു വരുന്നുണ്ടല്ലൊ. അതുപോലെത്തന്നെ, മുസ്ലീങ്ങളുടെ ദൈവ-സാത്താന്‍ സങ്കല്പവും യഹൂദമതത്തില്‍ നിന്നുതന്നെയാണ് കടം കൊണ്ടിരിക്കുന്നത്. യഹൂദരാകട്ടെ, ഇതെടുത്തു പ്രയോഗിച്ചിരിക്കുന്നത് പാഴ്‌സികളുടെ ദൈവമായ സ്പന്ദാമന്യുവിനെയും സാത്താനായ അംഗിരാമന്യുവിനെയും അടിസ്ഥാനപ്പെടുത്തിത്തന്നെയാണ്.
അതുപോലത്തന്നെ, മുസ്ലിങ്ങള്‍ നിസ്‌ക്കരിക്കുമ്പോള്‍ കൈക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ പാഴ്‌സികളുടെ, ‘ദസാതീരി’ല്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള രീതികളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. അവരുടെ ഉപവാസരീതികളും സക്കാത്തുസമ്പ്രദായങ്ങളും എല്ലാം ഊന്നി നില്ക്കുന്നതും ജൂതമതത്തിലാണല്ലൊ.
ഇനി വിവിധമതങ്ങളിലേക്ക് വിശ്വാസങ്ങളുടെ, ചെറിയ വ്യത്യാസങ്ങളോടെയുള്ള പകര്‍ന്നാട്ടങ്ങളെങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ നിഗമനങ്ങളെ ഒന്നു വിശകലനം ചെയ്തു നോക്കാം.
അബ്രഹാമും സുരദുസ്ട്രരും സമകാലീനരായിരുന്നുവെന്നും പേര്‍ഷ്യയിലുള്ള ‘ഹാരാന്‍’ എന്ന പ്രദേശമാണ് ഇവര്‍ ഇരുവരുടെയും ജന്മദേശമെന്നും അവിടെ വെച്ച് ഇവര്‍ പരസ്പരം കണ്ടുമുട്ടി ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും ഡോ. സ്പിഗല്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘ഹാരാന്‍’ അബ്രഹാമിന്റെ പിറവിഭൂമിയാണെന്ന് പഴയ നിയമവും ‘ആര്യാനാം വൈഗ’ എന്ന സ്ഥലത്താണ് സുരദുസ്ട്രര്‍ പിറന്നതെന്ന് സെന്ദവസ്തയും പറയുന്നുണ്ട്. ഈ ‘ആര്യാനാം വൈഗ’യുടെ സംക്ഷിപ്തരൂപമാണ് ‘ഹാരാന്‍’ എന്ന് ഡോ.സ്പിഗല്‍ രേഖപ്പെടുത്തുന്നു. ഉല്പത്തി പുസ്തകത്തിലും സെന്ദവസ്തയിലുമുള്ള പല ആശയങ്ങളുടെയും സമാനതയ്ക്ക് ഈ ചര്‍ച്ചകള്‍ക്കിടയിലുണ്ടായ കൊടുക്കല്‍വാങ്ങലുകളാണ് കാരണം എന്നാണ് സ്പിഗല്‍ സമര്‍ത്ഥിച്ചിരിക്കുന്നത് (Avesta: The Religious Books of the Parsees).
ഇനി, ഈ ആശയസംക്രമണത്തിന്റെ നാള്‍വഴികളെക്കുറിച്ച് നരേന്ദ്രഭൂഷണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നതു നോക്കുക: ‘പാഴ്‌സി മതതത്വങ്ങള്‍ യഹൂദമതത്തിലേക്ക് പ്രവഹിക്കാന്‍ കാരണം ബാബിലോണിയന്‍ ബന്ധനം എന്നറിയപ്പെടുന്ന ചരിത്രസംഭവത്തില്‍ കാണാം. ക്രി. മു. 587-ല്‍, നെബുകദ് നസ്സര്‍ എന്ന ബാബിലോണിയന്‍ രാജാവ് പാലസ്തീന്‍ ആക്രമിച്ച് ജറുസലേം തകര്‍ത്തു. അവരുടെ ഗ്രന്ഥശേഖരം നശിപ്പിച്ചു. നിരവധി പേരെ തടവിലാക്കി. ഈ തടവുകാരെ അദ്ദേഹം ബാബിലോണിയയിലേക്ക് കൊണ്ടുപോയി. ഒരു നൂറ്റാണ്ടോളം കഴിഞ്ഞ് പേര്‍ഷ്യന്‍ രാജാവായ സൈറസ് ബാബിലോണിയ കീഴടക്കി. നഷ്ടപ്പെട്ട സാഹിത്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി ഏതാനും യഹൂദരെ അദ്ദേഹം ജറുസലേമിലേക്കയച്ചു. ഇവര്‍ ജറുസലേമിലേക്ക് മടങ്ങിക്കഴിഞ്ഞായിരിക്കണം ക്രി.മു. 450-ല്‍ എസ്രായും നെഹമ്യാവും സമാഹരിച്ച് പഴയ നിയമത്തില്‍ ചേര്‍ത്തത്. മോശെയുടെ ഗ്രന്ഥകര്‍തൃത്വം നിരാകരിക്കുന്നവരാകട്ടെ, അന്നവര്‍ എഴുതിച്ചേര്‍ത്തത് പെന്റ്യൂക്ക് ആണെന്നു പറയുന്നു. ഏതായാലും, യഹൂദരുടെ പ്രാചീനഗ്രന്ഥങ്ങള്‍ എഴുതുകയോ അല്ലെങ്കില്‍ രൂപാന്തരപ്പെടുകയോ ചെയ്തത് പാഴ്‌സി മതക്കാരുമായി അവര്‍ വളരെ നാള്‍ ഇടപഴകിക്കഴിഞ്ഞതിനുശേഷമാണെന്നു സിദ്ധിക്കുന്നു’ (‘മതങ്ങളുടെ ഉത്ഭവകഥ’ പേജ് 47).
പഴയ നിയമത്തിലെ എലോഹിം (യഹോവ) എന്ന ദൈവവും സെന്ദവസ്തയിലെ ദൈവമായ അഹുരമേധയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഒരേ ആശയത്തെത്തന്നെയാണെന്ന് ഡോ. ഹേഗ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബാലഗംഗാധരതിലകന്‍ തന്റെ, ‘വേദിക് ക്രോണോളജി ആന്റ് വേദാംഗജ്യോതിഷ’ എന്ന ഗ്രന്ഥത്തില്‍, യഹോവ എന്ന ദൈവസങ്കല്പം വേരൂന്നി നില്ക്കുന്നത് ഋഗ്വേദത്തില്‍ ആണെന്നാണ് സമര്‍ത്ഥിച്ചിരിക്കുന്നത്. യഹ്വ, യഹ്വത്, യഹ്വതി എന്നീ സംജ്ഞകള്‍ ദേവപര്യായമായി ഋഗ്വേദത്തില്‍ പലയിടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും യഹ്വ എന്ന പദം ഋഗ്വേദത്തില്‍ ഇന്ദ്രനും (18.13.24) അഗ്നിക്കും(3;1;12) സോമത്തിനും (9.75.1) പര്യായമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്തുത പുസ്തകത്തില്‍ തെളിവുകളോടെ എടുത്തു കാട്ടുന്നു. മേല്‍സൂചിപ്പിച്ച വാദമുഖങ്ങളെല്ലാം അസന്ദിഗ്ധമായി ആണയിട്ടു ചൊല്ലുന്നത് എല്ലാ സെമറ്റിക്ക് ആശയങ്ങളും മൗലികങ്ങളല്ല, ഏറ്റുചൊല്ലലുകള്‍തന്നെയാണ് എന്നുള്ളതാണ്.
ബാലഗംഗാധരതിലകന്റെ ഈ വാദത്തിന് പിന്‍ബലമാകും വിധം, അതിപ്രാചീനമെന്നു കരുതപ്പെടുന്ന സെന്ദവസ്തപോലും വൈദികഗ്രന്ഥങ്ങളുടെ ഉച്ചഭാഷിണിതന്നെയാണ് എന്നുള്ള സൂചനകള്‍ ചരിത്രമെഴുത്തുകാരുടെ പല കുറിപ്പുകളിലും ചിതറിക്കിടക്കുന്നുണ്ട്.
ഡേ. ഹേഗ് തന്റെ, “Haug’s Essays’ എന്ന പുസ്തകത്തില്‍ പറയുന്നതു നോക്കുക: ‘യാസ്‌കന്റെ നിരുക്തം 86-ല്‍ പറഞ്ഞിട്ടുള്ള നാരാശംസയും സെന്തവസ്തയിലെ നര്യോസന്‍ഹ എന്ന ദേവദൂതനും ഒന്നുതന്നെയാണ്. (വൈദികഭാഷയിലെ ‘സ’കാരം സെന്തവസ്തയില്‍ ‘ഹ’കാരമായി രൂപാന്തരപ്പെടുന്നുണ്ട് എന്ന വസ്തുത ഇതിന് താങ്ങാവുന്നുണ്ട്.) അതുപോലെത്തന്നെ വേദങ്ങളിലെ മിത്രനും (മിഥ്രന്‍) ഭഗനും (ബഘ) പാഴ്‌സികളും വൈദികരും വിവാഹംപോലുള്ള മംഗളവേളകളില്‍ പോറ്റുന്ന അര്യമനും (ഐര്യമന്‍) വൃത്രഹനും (വൃത്ത്രഘ്‌ന) അസുരമേധയും (പാഴ്‌സികളുടെ പരമദൈവമായ ‘അഹുരമസ്ദ’) എല്ലാം സെന്തവസ്തയ്ക്കും വേദങ്ങള്‍ക്കും തമ്മിലുള്ള ആശയസമന്വയങ്ങളിലേക്കുതന്നെയാണ് വിരല്‍ ചൂണ്ടുന്നത്’ (പേജ് 273).
അതുപോലെത്തന്നെ, സൃഷ്ടിയുടെ തുടക്കത്തെക്കുറിച്ച് സെന്തവസ്തയിലെ പരാമര്‍ശങ്ങളെല്ലാംതന്നെ വൈദികഗ്രന്ഥങ്ങളില്‍നിന്നും സ്വീകരിച്ചവയാണെന്നും ആകാശം, പൃഥ്വി, വൃക്ഷങ്ങള്‍, ജീവികള്‍ തുടങ്ങിയവയുടെ രചനാക്രമം ഋഗ്വേദത്തിലുള്ളതിന്റെ തനി പകര്‍പ്പുകള്‍തന്നെയാണെന്നും നരേന്ദ്രഭൂഷണും തന്റെ ‘മതങ്ങളുടെ ഉത്ഭവകഥ’യില്‍ തെളിവുകളോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (പേജ് 106). പശുക്കളോടുള്ള ആരാധനാഭാവം ഹിന്ദുക്കളും പാഴ്‌സികളും ഒരുപോലെ തങ്ങളുടെ കര്‍മ്മഗ്രന്ഥങ്ങളില്‍ അടിവരയിട്ടു ചൊല്ലുന്നുണ്ട് (പേജ് 115). അതുപോലെത്തന്നെ സ്വര്‍ഗ്ഗനരകസിദ്ധാന്തങ്ങളും ആത്മാവിന്റെ അഭംഗുരതയും അഗ്നിപൂജയും സോമവും തത്വശാസ്ത്രങ്ങളിലെ മാനസിക-വാചിക-കായിക കര്‍മ്മസിദ്ധാന്തങ്ങളിലുള്ള സാമ്യങ്ങളും എല്ലാം സാക്ഷ്യങ്ങളായി നിരത്തിക്കൊണ്ട്, സെന്തവസ്ത വൈദികഗ്രന്ഥങ്ങളുടെ കടംകൊള്ളലാണെന്ന് നരേന്ദ്രഭൂഷണ്‍ പ്രസ്തുത പുസ്തകത്തില്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നുണ്ട്. ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ മതം സനാതനമതമാണെന്നു വരുമ്പോള്‍ ഏറ്റവും പഴക്കമേറിയ ധര്‍മ്മഗ്രന്ഥങ്ങളും സനാതനമതത്തിന്റെതുതന്നെ ആയിരിക്കണമല്ലോ.
ആ സത്യമാണ്, എല്ലാ മതധര്‍മ്മഗ്രന്ഥങ്ങളും വേരോടി നില്ക്കുന്നത് ഹൈന്ദവവിശ്വാസത്തിനടിസ്ഥാനമായ വേദങ്ങളില്‍ത്തന്നെയാണെന്ന നരേന്ദ്രഭൂഷന്റെ വാദമുഖങ്ങളിലൂടെ തെളിഞ്ഞു വരുന്നത്. ‘സാഹിത്യാവശേഷിപ്പുകളില്‍, മാനവചരിത്രത്തിന്റെ പഴമയിലേക്ക് അതിദൂരം മനുഷ്യനെ കൊണ്ടുപോവാന്‍ വേദങ്ങള്‍ക്കല്ലാതെ മറ്റൊന്നിനുമാവില്ലെ’ന്ന് അഭിപ്രായപ്പെട്ട, സെന്തവസ്തയുടെ പരിഭാഷകനായ റവ. എല്‍.എച്ച്. മില്‍സ് എന്ന പാതിരി, ഈ സത്യത്തെത്തന്നെയാണ് തന്റെ നിരന്തര ഗവേഷണങ്ങള്‍ക്കൊടുവില്‍ തിരിച്ചറിഞ്ഞ് പിന്‍താങ്ങുന്നത് എന്ന് മാക്‌സ് മുള്ളര്‍ (Chips From a German Workshop; Vol 1, പേജ് 4) സാക്ഷ്യപ്പെടുത്തുന്നതും ഈ പശ്ചാത്തലത്തില്‍ത്തന്നെയാണ്. ക്രൈസ്തവമതത്തിന്റെ പ്രയോക്താക്കളിലൊരാളായ പാതിരിമാരില്‍ ഒരാള്‍തന്നെ ഈ സത്യത്തെ പ്രചാരപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്കും കള്ളസ്സാക്ഷികളാവാന്‍ ആവില്ലല്ലോ.
(തുടരും)