1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ കൂടി തകരുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അതുവരെ ലഭിച്ചിരുന്ന സ്വീകാര്യതയും വിശ്വാസ്യതയും തകരുകയും ചെയ്തു. ശീതയുദ്ധം അവസാനിച്ചതോടെ മുതലാളിത്തത്തിന് ബദല്‍ നഷ്ടപ്പെട്ടുവെന്ന വാദവും ശക്തമായി. ഫ്രാന്‍സിസ് ഫുക്കുയാമ, 1992ല്‍ എന്‍ഡ് ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തില്‍ ഭാവിയില്‍ ലിബറല്‍ മുതലാളിത്ത വ്യവസ്ഥക്കു മാത്രമെ സ്ഥാനമുണ്ടാകുകയുള്ളു എന്ന വാദം ഉന്നയിച്ചിരുന്നു.1 എന്നാല്‍ 2008ല്‍ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഭീമമായ സാമ്പത്തിക പ്രതിസന്ധിയും അസ്ഥിരതയും ഈ വാദത്തെ അപ്രസക്തമാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പ്രൈസ് ലഭിച്ചപ്പോള്‍ ക്രൂഗ്മാന്‍ 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ രേഖപ്പെടുത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. കമ്പോള വ്യവസ്ഥയുടെ എല്ലാ ദൂഷ്യവശങ്ങളുമുള്ള മുതലാളിത്ത വ്യവസ്ഥ വിക്‌ടോറിയന്‍ കാലഘട്ടം മുതല്‍ നിലനില്‍ക്കുന്നത് അതിന്റെ ആന്തരിക ശക്തികൊണ്ടല്ല, നേരെ മറിച്ച് ഫലപ്രദമായ ഒരു ബദല്‍വ്യവസ്ഥയുടെ അഭാവം കൊണ്ടാണ് എന്നാണ് ക്രൂഗ്മാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷെ ഇത്തരത്തില്‍ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കില്‍ ഒരു മെച്ചപ്പെട്ട പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞുവരുമെന്ന പ്രതീക്ഷയാണദ്ദേഹം പ്രകടിപ്പിച്ചത്.2
ചുരുക്കത്തില്‍ പാശ്ചാത്യ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളായ മുതലാളിത്തവും കമ്മ്യൂണിസവും ഒരുപോലെ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ ഒരു മൂന്നാം വഴിക്കുവേണ്ടിയുള്ള അന്വേഷണം ശക്തമായിരിക്കുകയാണ്. നേരത്തെ ഫ്രിജോഫ് കാപ്ര, ആല്‍വിന്‍ ടോഫ്‌ളര്‍ തുടങ്ങിയ പല പ്രമുഖരും മാനവികതയിലധിഷ്ഠിതവും ചൂഷണ വിമുക്തവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു. കാപ്രയും മറ്റും ബുദ്ധിസ്റ്റ് മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പരാമര്‍ശിച്ചിരുന്നുവെങ്കിലും ഭാരതീയ സങ്കല്പങ്ങളെകുറിച്ച് വേണ്ടത്ര ബോധവാന്മാരായിരുന്നില്ല.
മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ബദലായ പ്രത്യയശാസ്ത്രത്തിനുവേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ ഇക്കണോമിക്‌സ്, ഇസ്ലാമിക് ഇക്കണോമിക്‌സ്, ബുദ്ധിസ്റ്റ് ഇക്കണോമിക്‌സ്, ഹിന്ദു ഇക്കണോമിക്‌സ് എന്നീ പേരുകളില്‍ ഗൗരവപൂര്‍ണ്ണമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ആദ്യത്തെ മൂന്നിനും സമ്പൂര്‍ണ്ണ തത്വശാസ്ത്രമായി വളരാനായിട്ടില്ല. മുതലാളിത്തവും കമ്മ്യൂണിസവും സെമിറ്റിക് മതങ്ങളുടെ ഇരട്ട സന്തതികളാണെന്ന് പാശ്ചാത്യചിന്തകന്മാര്‍ തന്നെ അംഗീകരിച്ച വസ്തുതയാണ്. ഈ രണ്ടു തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമൂല്യങ്ങള്‍ സെമിറ്റിക് മതങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവ മതത്തിന്റേത് തന്നെയാണ്. മാക്‌സ് വെബ്ബര്‍, മുതലാളിത്ത വ്യവസ്ഥ ക്രൈസ്തവ മതത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടതാണെന്നും അതുള്‍ക്കൊള്ളുന്നത് പ്രൊട്ടസ്റ്റന്റ് വര്‍ക്ക് കള്‍ച്ചര്‍ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ട്വോണി അദ്ദേഹത്തിന്റെ ‘മതവും മുതലാളിത്തത്തിന്റെ ഉയര്‍ച്ചയും’ എന്ന പഠനത്തില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച ക്രൈസ്തവ മതത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണെന്ന് വിലയിരുത്തുന്നുണ്ട്.3 ആല്‍വിന്‍ ടോഫ്‌ളര്‍ ഒരുപടി കൂടി മുന്നോട്ടുപോയി മുതലാളിത്തത്തെ ‘ക്രിസ്ത്യന്‍ ഇക്കണോമിക്‌സ്’ എന്നാണ് വിളിച്ചത്. അതുകൊണ്ട് ക്രിസ്ത്യന്‍ ഇക്കണോമിക്‌സിന് സെമിറ്റിക് മതചട്ടക്കൂടുമായി ബന്ധപ്പെട്ട മൂല്യങ്ങളില്‍ നിന്നും പുറത്തുവരാനാകില്ല.
മുതലാളിത്ത വ്യവസ്ഥയുടെ വൈരുദ്ധ്യാത്മകതയെ കേന്ദ്രബിന്ദുവാക്കി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രൂപം കൊടുത്ത കാറല്‍ മാര്‍ക്‌സിനേയും സ്വാധീനിച്ചത് ഇംഗ്ലണ്ടിലെയും ജര്‍മ്മനിയിലേയും സെമിറ്റിക് മത-സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലവും മൂല്യങ്ങളുമാണ്. മാത്രവുമല്ല സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളൊഴിച്ചാല്‍ മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റേയും പൊതുസ്വഭാവം ഏകദേശം ഒന്നുതന്നെയാണ്. മൂലധനത്തിന്റെ അമിത പ്രാധാന്യവും കേന്ദ്രീകൃത വ്യവസായവല്‍ക്കരണവും ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗമുള്ള സാങ്കേതിക വിദ്യയും രണ്ടു വ്യവസ്ഥകളുടേയും സ്വഭാവമാണ്. 1991നു മുമ്പ് (സോവിയറ്റ് റഷ്യയുടെ പതനത്തിനു മുമ്പ്) ലോകത്തെ 100 വന്‍കിട വ്യവസായങ്ങളില്‍ 90 ഓളവും അമേരിക്കയിലും റഷ്യയിലുമായിരുന്നു. മുതലാളിത്തവും കമ്മ്യൂണിസവും ഏതു വിധത്തിലാണ് ഒരുപോലെയാകുന്നത് എന്ന് ഏറ്റവും ഭംഗിയായി പ്രതിപാദിച്ചിട്ടുള്ളത് ഫ്രിജോഫ് കാപ്രയാണ്.
“The global obsession with growth has resulted in a remarkable similarity between capitalist and comunist economies. Both are dedicated to industrial growth and hard technology with increasingly centralised and bureaucrate control, whether by the state or by so called ‘private’ multinational corporations. The universal addiction to growth and expansion is becoming stronger than ideological to borrow Max’s phase, it has become opium of the people.” 4
അതുമാത്രമല്ല എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു സാങ്കേതിക പരിഹാരമുണ്ടെന്നു ഉറച്ച വിശ്വാസവും ഈ ടെക്‌നോളിക്കല്‍ ഡിറ്റര്‍മിനസത്തിന്റെ(Technological determinism)ഭാഗമായി രൂഢമായിട്ടുണ്ട് എന്ന് കാപ്ര വിശദീകരിക്കുന്നുണ്ട്. നമ്മുടെ ജീവിതശൈലിയെയും സാമൂഹ്യബന്ധങ്ങളെയും മൂല്യങ്ങളെയും നിര്‍ണ്ണയിക്കുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ദുരുപയോഗപ്പെടുത്തുന്നതായി കാപ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്:”Technological growth is not only regarded as the ultimate problem solver, but also seen as determining our lifestyles, our social organisation and our value system… This has led many people to believe that technology determines the nature of our uelive system and our social relations, rather than recognising that it is the other way round; that our values and social relations determine the nature of technology”5
മുതലാളിത്തവും കമ്മ്യൂണിസവും തുടരുന്ന വികസനപാതകള്‍ സാമ്യമുള്ളവ മാത്രമല്ല ഒരുപോലെ വിനാശകരവുമാണ്. മനുഷ്യന്റെ അത്യാര്‍ത്തി വര്‍ദ്ധിപ്പിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പരിമിതമായ പ്രകൃതിവിഭവങ്ങളെ നിര്‍ബ്ബാധം ചൂഷണം ചെയ്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണവ സൃഷ്ടിച്ചിട്ടുള്ളത്. ഭോഗാസക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആയുധശേഖരം വര്‍ദ്ധിപ്പിക്കാനും മറ്റ് അനാവശ്യവസ്തുക്കള്‍ ഉണ്ടാക്കാനുമൊക്കെ പ്രകൃതിവിഭവങ്ങളെ നിര്‍ബ്ബാധം ചൂഷണം ചെയ്ത് നശിപ്പിക്കുകയാണ്. ഇതിനെകുറിച്ച് തിയഡോര്‍ റോസക്ക് വളരെ വ്യക്തമായ രീതിയില്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ‘Work that produces unnecessary consumer jurk or weapons of war is wrong and wasteful. Work that is built upon false needs of unbecoming aptitudes is wrong and wasteful. Work that deceives or manipulates, that exploits or degrades is worng and wasteful. Work that wounds the environment or makes the world ugly is wrong and wasteful. There is no way to redeem such work by enriching it or restructuring it, by socialising it or nationalising it, by making it ‘Small’ or decentralised or democratic.”6
ഈ പശ്ചാത്തലത്തില്‍ ശരിയത്തിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക് ഇക്കണോമിക്‌സിന് മുസ്ലീം രാജ്യങ്ങളില്‍ സ്വീകാര്യതയും പ്രചാരവും വര്‍ദ്ധിച്ചുവരുന്നുണ്ട്. പലിശരഹിത ബാങ്കിങ്ങ് തുടങ്ങിയ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ പോലും ഇടതു മുന്നണി സര്‍ക്കാര്‍ ഇത്തരമൊരു ബാങ്ക് ആരംഭിക്കാന്‍ നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഒരു സാമ്പത്തിക പ്രത്യയശാസ്ത്രമെന്ന നിലക്ക് മുസ്ലിം ഇക്കണോമിക്‌സിന് ഇതുവരെ വളരാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഇവയേക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് ബുദ്ധിസ്റ്റ് ഇക്കണോമിക്‌സിനാണ്. അവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള പല ആശയങ്ങളും തത്വങ്ങളും പൗരാണിക ഹിന്ദു സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും സ്വീകരിച്ചതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഹിന്ദു ഇക്കണോമിക്‌സ്
വേദകാലഘട്ടം മുതലുള്ള ഭാരതീയ അര്‍ത്ഥനീതിയുടെ വിവിധഘടകങ്ങള്‍ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ശ്രദ്ധേയമായ കുറച്ചെണ്ണം താഴെ പറയുന്നവയാണ്. കെ.വി.രാമസ്വാമി അയ്യങ്കാരുടെ Aspects of Ancient Economic Thought, കെ.ടി.ഷായുടെAncient Foundations of Economics in India., കെ.ജി.ഗോഖലെയുടെ IndianThought through Ages, ശ്രീരാമകൃഷ്ണന്റെ Cultural Heritage of India (രണ്ടാംവാള്യം) ഡോ.കെ.എം.മുന്‍ഷിയും, ആര്‍.ആര്‍. ദിവാകറും ചേര്‍ന്നെഴുതിയ Hindu Civilisation ആര്‍.സി. മജുംദാറുടെ corporate Life of Ancient India, ഘോഷലിന്റെ Hindu Revenue System, ജയ്‌സ്വാളിന്റെHindu Polity, മുഖര്‍ജിയുടെ Local Government in Ancient India, ആള്‍ട്ടേക്കറുടെState and Government in Ancient India.
എന്നാല്‍ 1983 ലാണ് നാഗപ്പൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ഒരു മുന്‍കാല കമ്മ്യൂണിസ്റ്റ് ചിന്തകനുമായിരുന്ന ഡോക്ടര്‍ എം.ജി ബോക്കറെയുടെ ”ഹിന്ദു ഇക്കണോമിക്‌സ്” എന്ന പേരിലുള്ള ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചത്.7 ഈ ഗ്രന്ഥത്തിന്റെ രചനക്കുള്ള പ്രേരണയും, ഉള്‍ക്കാഴ്ചയും ഓരോ ഘട്ടത്തിലും അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിരുന്നത് സ്വര്‍ഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിയായിരുന്നുവെന്ന് ഡോക്ടര്‍ ബോക്കറെ നന്ദിയോടെ സ്മരിക്കുന്നുണ്ട്. അതേസമയം, ഈ പുസ്തകം മുഴുവന്‍ വായിച്ചാല്‍ കിട്ടുന്നതിലും പതിന്മടങ്ങ് ഉള്‍ക്കാഴ്ച ഠേംഗ്ഡിജിയുടെ അവതാരികയില്‍ ലഭ്യമാകുന്നുവെന്നത് നമ്മെ വിസ്മരിപ്പിക്കും. ഇതിനുള്ള വിവരശേഖരണത്തില്‍ ഠേംഗ്ഡിജിയെ സഹായിക്കാന്‍ ഈ ലേഖകനും ഭാഗ്യമുണ്ടായി. ഹിന്ദു ഇക്കണോമിക്‌സിനെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ ഈ അവതാരികയില്‍ നിന്നും തുടങ്ങേണ്ടതാണ്.

സ്വര്‍ഗ്ഗീയ ദീന്‍ദയാല്‍ജി ഏകാത്മമാനവദര്‍ശനമെന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ചതും ഹിന്ദു ഇക്കണോമിക്‌സ് തന്നെയായിരുന്നു. എന്നാല്‍ ആ പ്രത്യയശാസ്ത്രം പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട് പൂനെ കേന്ദ്രമായ ഏകാത്മ പ്രബോധ് മണ്ഡല്‍, നാഷണല്‍ പോളിസി സ്റ്റഡീസ് എന്ന പേരില്‍ ഏകാത്മ മാനവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലുള്ള ബൃഹത്തായ, നയപരമായ രൂപരേഖ തയ്യാറാക്കിയിരുന്നു.8 ഈ പുസ്തകത്തില്‍ ഭാരതീയ അര്‍ത്ഥനീതിയുമായി ബന്ധപ്പെട്ട മറ്റ് റഫറന്‍സുകളും ലഭ്യമാണ്.
സ്വാതന്ത്ര്യത്തിനുമുമ്പ് മഹാത്മജി, ദാദാബായ് നവറോജി തുടങ്ങിയവര്‍ ബ്രിട്ടീഷ് ഭരണം ഭാരതീയ സമ്പദ് വ്യവസ്ഥക്കു വരുത്തിയ കോട്ടങ്ങളെ മറികടക്കാന്‍ സ്വദേശിയിലും, സ്വാശ്രയത്തിലും ഗ്രാമീണ വികേന്ദ്രികൃത വ്യവസ്ഥയിലു മൂന്നിയ ഭാരതീയ സമ്പദ് വ്യവസ്ഥക്ക് രൂപം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. തന്റെ ”ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥത്തില്‍ സ്വതന്ത്രഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങളും സുചിന്തിതമായ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനവും പ്രാചീനഭാരതത്തിന്റെ അര്‍ത്ഥചിന്തകള്‍ തന്നെയായിരുന്നു. സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും രവീന്ദ്രനാഥ ടാഗൂറുമൊക്കെ ഭാരതീയ സമ്പദ് വ്യവസ്ഥയെകുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി കാണാം.
1972ല്‍ മഹാരാഷ്ട്രയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പൂജനീയ ഗുരുജി നടത്തിയ പ്രഭാഷണത്തില്‍ ഭാരതീയ അര്‍ത്ഥചിന്തയുടെ അടിസ്ഥാന തത്വങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ വിശദീകരിച്ചിരുന്നു. എല്ലാവര്‍ക്കും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍, എല്ലാവര്‍ക്കും തൊഴില്‍ (സ്വയംതൊഴില്‍ ഉള്‍പ്പെടെ), സാമ്പത്തിക മികവിനോടൊപ്പം തൊഴില്‍സൃഷ്ടിക്കല്‍, ധാര്‍മ്മികമായും സാമൂഹ്യസേവനത്തിനുവേണ്ടിയും സ്വത്ത് ആര്‍ജ്ജിക്കല്‍, വ്യക്തികള്‍ സമൂഹത്തിന്റെ ട്രസ്റ്റികള്‍ എന്ന അവസ്ഥയില്‍ സമ്പത്ത് കൈകാര്യം ചെയ്യല്‍, വ്യക്തിവരുമാനത്തിന് പരിധി, ആര്‍ക്കും മറ്റാരെയും ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലായ്മ, അനാവശ്യമായ ഉപഭോഗം നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം അതിന്റെ അടിസ്ഥാന തത്വങ്ങളായിരിക്കണം എന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. ഉപഭോഗസംസ്‌കാരം ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണ്. ദേശീയതലത്തില്‍ സ്വാശ്രയത്വവും സ്വദേശി ഉല്പാദനവ്യവസ്ഥയും അതോടൊപ്പം നീതിയുക്തമായ പങ്കാളിത്തവും വിതരണവുമാണ് ലക്ഷ്യം.
പാശ്ചാത്യ സാമ്പത്തിക മാതൃകകളിലെ വന്‍കിട വ്യവസായവല്‍ക്കരണത്തിനുവേണ്ടി അമിതമായ പ്രകൃതിചൂഷണത്തിനുപകരം, പാല്‍ കറന്നെടുക്കുന്ന വിധത്തില്‍ ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങളെ വിനിയോഗിച്ച് പ്രകൃതിസംരക്ഷണം ഉറപ്പാക്കണമെന്നും പൂജനീയ ഗുരുജി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ നാല് ‘ഇ’ കളുടെ സമഗ്രവും ഏകാത്മകവുമായ സംയോജനവും സമന്വയവുമാണദ്ദേഹം നിര്‍ദ്ദേശിച്ചത്. (1) വിജ്ഞാനം (education) (2) പരിസ്ഥിതി, പ്രകൃതി വിഭവങ്ങള്‍ (ecology) (3) സാമ്പത്തികം (economics) (4)സാമൂഹ്യനീതി (ethics. ചുരുക്കത്തില്‍, സാമ്പത്തിക വികസനത്തില്‍ സാങ്കേതികവിദ്യക്കും, നൈപുണ്യത്തിനും, സാമൂഹ്യമൂലധനത്തിനും, സാമ്പത്തിക മൂലധനത്തോടുമൊപ്പം പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സാമൂഹ്യനീതിയും അവിഭാജ്യഘടകങ്ങളാണെന്നാണ് ഹിന്ദു ഇക്കണോമിക്‌സിന്റെ അടിസ്ഥാനതത്വം.
അധ്വാനം അഥവാ തൊഴില്‍ വളരെ പ്രധാനപ്പെട്ട സാമൂഹ്യ മൂലധനമാണ്. അതുകൊണ്ട് അധ്വാന മൂലധനത്തിലൂടെ തൊഴിലെടുക്കുന്നവര്‍ക്ക് സ്ഥാപനത്തില്‍ മൂലധനപങ്കാളിത്തം നല്‍കണമെന്നും ഗുരുജി വ്യക്തമാക്കിയിരുന്നു. അതുപോലെ അധ്വാനത്തിന്റെ ഭാഗമായുണ്ടാകുന്ന മിച്ച സമ്പത്ത് സമൂഹത്തിന്റെ സമ്പത്താണെന്നും ഭാരതീയ അര്‍ത്ഥനീതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യക്തിയും സമാജവും തമ്മിലുള്ള എല്ലാബന്ധങ്ങളും സമന്വയത്തില്‍ അധിഷ്ഠിതമാണ്. കാരണം, എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ്, ഒരേബ്രഹ്‌മാത്മാവിന്റെ ജീവാംശമാണ്. വിവിധ തരത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെയും അടിസ്ഥാനമൂല്യം ധര്‍മ്മമാണ്. ഇതുതന്നെയാണ് എല്ലാ സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളുടേയും ക്രയവിക്രയങ്ങളുടെയും അടിസ്ഥാനം. അതേസമയം, രാഷ്ട്രത്തിന്റെ സംസ്‌കാരമാണ്, സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കും ഘടനയ്ക്കും അടിസ്ഥാനമായ ഊര്‍ജ്ജസ്രോതസ്സ്. ഇതാകട്ടെ യജ്ഞസംസ്‌കാരമാണുതാനും. അതായത് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സംസ്‌കാരം. മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് ഗുരുജിയുടെ പ്രഭാഷണത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ഭാരതീയ അര്‍ത്ഥനീതിയുടെ പ്രധാനഘടകങ്ങള്‍.
ശ്രീഗുരുജിയുടെ ആശയങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ജി ഏകാത്മ മാനവദര്‍ശനത്തിന് രൂപം കൊടുത്തത്. അതിന് അവസാനരൂപം നല്‍കുന്ന ചര്‍ച്ചകളില്‍ പരമേശ്വര്‍ജിയും സജീവമായി പങ്കാളിയായിരുന്നു. ധര്‍മ്മാധിഷ്ഠിതമായ ഒരു വികേന്ദ്രീകൃത- സ്വദേശി സ്വാശ്രയസമ്പദ് വ്യവസ്ഥയാണദ്ദേഹം ഭാരതീയ അര്‍ത്ഥനീതിയുടെ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്തത്. സ്ഥായിയായ സുസ്ഥിരവികസനവും അതിനായി സമന്വയ പങ്കാളിത്ത തന്ത്രവുമാണ് ഏകാത്മമാനവദര്‍ശനത്തിന്റെ അടിത്തറ.9 ദീന്‍ദയാല്‍ജിക്ക് ഏകാത്മമാനവ ദര്‍ശനത്തിന്റെ ചട്ടക്കൂടുമാത്രമെ തയ്യാറാക്കാനായുള്ളൂ.
പൂനെയിലെ ഏകാത്മപ്രബോധന്‍ മണ്ഡല്‍, ശ്രീ രവീന്ദ്ര മഹാജന്‍ എഡിറ്റ് ചെയ്ത ”നാഷണല്‍ പോളിസി സ്റ്റഡീസ് ഇന്‍ദലൈറ്റ് ഓഫ് ഏകാത്മ മാനവദര്‍ശന്‍” എന്ന ശീര്‍ഷകത്തിലുള്ള ഒരു ബൃഹദ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനു മുമ്പ് ഡോക്ടര്‍ ബജ്‌രംഗ് ലാല്‍ ഗുപ്ത ‘സുമംഗളം’ എന്ന സങ്കല്പത്തില്‍ ഏകാത്മ മാനവദര്‍ശനത്തെ പഠനവിധേയമാക്കിയിരുന്നു.10 ഭാരതീയ വിചാരകേന്ദ്രം കഴിഞ്ഞ ദശകത്തില്‍ നടത്തിയ രണ്ടു ദേശീയ സെമിനാറുകളുടെ ഭാഗമായി രണ്ട് എഡിറ്റഡ് വാള്യങ്ങള്‍ ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.11 ഡോക്ടര്‍ ബി.വിജയകുമാര്‍ മലയാളത്തില്‍ ”ഏകാത്മ മാനവദര്‍ശനം: സിദ്ധാന്തവും പ്രയോഗവും” എന്ന ശീര്‍ഷകത്തില്‍ വിശദമായ ഒരു പഠനം 2014ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ 2016ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്12 പ്രജ്ഞാപ്രവാഹിന്റെ ആഭിമുഖ്യത്തില്‍ 2019ല്‍ എറണാകുളത്തു സംഘടിപ്പിച്ച ദേശീയ സെമിനാറിലും ഭാരതീയ അര്‍ത്ഥനീതിയുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ അവതരിക്കപ്പെട്ടിരുന്നു.
ഡോക്ടര്‍ ബോക്കറെയുടെ സമീപനം
ഡോക്ടര്‍ ബോക്കറെ, ഹിന്ദു ഇക്കണോമിക്‌സിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് മുഖ്യമായും അവലംബിച്ചിട്ടുള്ളത് എട്ട് പ്രാചീന സ്രോതസ്സുകളെയാണ്. (1) നാലു വേദങ്ങള്‍, (2) ചില ഉപനിഷത്തുകള്‍ (3) മനുസ്മൃതി (4)വിദുരനീതി (ഉദ്യോഗപര്‍വ്വം) (5) ശാന്തിപര്‍വ്വം (6) യാജ്ഞവല്‍ക്യ സ്മൃതി (7) ശുക്രനിതീസാരം (8)കൗടില്യന്റെ അര്‍ത്ഥശാസ്ത്രം എന്നിവയാണവ. അതോടൊപ്പം പരിഗണിക്കേണ്ടിയിരുന്ന തിരുക്കുറള്‍ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹത്തിന് ലഭ്യമാകാത്തതുമൂലം പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നുമദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു ഇക്കണോമിക്‌സിന്റെ തുടക്കം ഋഗ്‌വേദം മുതല്‍ക്കാണ്. ആധുനിക പാശ്ചാത്യസാമ്പത്തികശാസ്ത്രത്തിന്റെ അടിത്തറയായ വിഭവപരിമിതിയില്‍ (Scarcity) നിന്നും വിഭിന്നമായി ഐശ്വര്യവും സമ്പന്നതയുമാണ് (abundance) ഋഗ്‌വേദം ഉല്‍ഘോഷിച്ചത്. 40-ാം അദ്ധ്യായത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് ഈശോപനിഷത്തില്‍ കൂടുതല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈശോപനിഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദു അര്‍ത്ഥനീതിയുടെ അഞ്ചുപ്രധാന തത്വങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. (1) എല്ലാപ്രകൃതിവിഭവങ്ങളും ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉള്ളവയാണ്. (2) നിങ്ങളുടെ സമ്പത്ത് മറ്റുള്ളവര്‍ക്കായി പങ്കിടുക. (3) മറ്റുള്ളവരുടെ സമ്പത്ത് ചൂഷണം ചെയ്യുകയോ, കവരുകയോ ചെയ്യരുത് (4) എന്താണ് സമ്പത്ത് എന്ന സങ്ക ല്പം? (5) ആരുടെ സമ്പത്ത് എന്ന ചോദ്യം. ചുരുക്കത്തില്‍ സമ്പന്നമായ പ്രകൃതിവിഭവങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിലൂടെയും പാരസ്പര്യത്തിലൂടെയും സമന്വയത്തിലൂടെയും എല്ലാവര്‍ക്കും ഐശ്വര്യവും സന്തോഷവും കൈവരിക്കുക എന്നായിരുന്നു ലക്ഷ്യം.
ഭാരതീയ അര്‍ത്ഥനീതി പല ഉപനിഷത്തുകളിലും ഭംഗിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിതവും അര്‍ത്ഥപൂര്‍ണ്ണവുമായ പ്രതിപാദനം ഇങ്ങിനെയാണ്.
”സര്‍വ്വേപി സുഖിന: സന്തു, സര്‍വ്വേസന്തു നിരാമയാഃ
സര്‍വ്വേ ഭദ്രാണി പശ്യന്തു, മാകശ്ചിദ് ദുഃഖമാപ്‌നുയാത.്”
എല്ലാ പ്രകൃതിസമ്പത്തും ഈശ്വരന്റെ വരദാനമാണെന്ന് വിശ്വസിക്കുകയും ഈശ്വരന്റെ ആശീര്‍വാദത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും. വേദങ്ങളില്‍ മുഖ്യമായും മൂന്ന് ആര്‍ത്ഥികതത്വങ്ങളാണ് ഉള്‍ക്കൊണ്ടിട്ടുള്ളത് (1) ഓരോരുത്തരും അവരവരുടെ സമ്പത്തിന്റെ അധിപരാണ്. അധ്വാനം അതിനാവശ്യവുമാണ്. (2) എല്ലാ വിജ്ഞാനങ്ങളും പോഷിപ്പിക്കുകയും പങ്ക് വെക്കുകയും ചെയ്ത് മാനവരാശിയുടെ സന്തോഷം വര്‍ദ്ധിപ്പിക്കണം. (3) ധര്‍മ്മനിഷ്ഠനായ ഭരണാധികാരി ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുന്നവരെ നിയന്ത്രിക്കാന്‍ അനിവാര്യമാണ്. ഇത് ഇന്നത്തെ ഭാഷയില്‍ സല്‍ഭരണം (Good Governance)എന്ന സങ്കല്പത്തോട് ചേര്‍ന്നതാണ്. സല്‍ഭരണം (Good Governance), സാമൂഹ്യനീതി ഉറപ്പാക്കുന്ന നീതിന്യായ വ്യവസ്ഥ, അധാര്‍മ്മികതയെ നിയന്ത്രിക്കുന്നതു മടങ്ങുന്ന ഭരണ-നീതിന്യായ-നിയന്ത്രണവ്യവസ്ഥയായിരുന്നു അതിന്റെ അന്തസ്സത്ത.
വിദുരനീതി
മഹാഭാരതത്തില്‍ ഉദ്യോഗപര്‍വ്വത്തില്‍ മഹാത്മാ വിദുരനും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മപിതാമഹനും ഭരണവ്യവസ്ഥയെകുറിച്ചും ഭരണാധികാരികളുടെ ധര്‍മ്മത്തെയും ചുമതലകളെയും കുറിച്ചും നല്‍കുന്ന വിശദീകരണങ്ങളില്‍ അര്‍ത്ഥനീതിയുടെ പലതലങ്ങളും പരാമര്‍ശിക്കുന്നുണ്ട്. വിദുരനീതിയില്‍ സ്വയം തൊഴിലിന്റെ മഹത്വം, ഭാവിയിലെ പ്രതിസന്ധികള്‍തരണം ചെയ്യാന്‍ വ്യക്തികള്‍ സമ്പാദ്യങ്ങള്‍ കരുതേണ്ടതിന്റെ ആവശ്യകത, ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കു വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍, രാജ്യത്തെ വരവ് ചിലവുകള്‍ നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനം (ഇന്നത്തെ ബജറ്റിന്റെ ആദ്യരൂപം) എന്നിവയെ കുറിച്ചൊക്കെ വിശദീകരിക്കുന്നുണ്ട്. പാശ്ചാത്യസാമ്പത്തിക ശാസ്ത്രത്തില്‍ 200 വര്‍ഷത്തിനകം വികസിപ്പിച്ചെടുത്ത നികുതി തത്വങ്ങള്‍ ((Canons of Taxation)) വളരെ ലളിതമായും ഭംഗിയായും നിര്‍വ്വചിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഏതുവിധമാണോ ഒരു പുഷ്പത്തിന്റെ സൗരഭ്യവും സൗന്ദര്യവും തെല്ലും നശിപ്പിക്കാതെ തേനീച്ച തേന്‍ നുകരുന്നത്, അതുപോലെയായിരിക്കണം ഭരണാധികാരി നികുതി പിരിയ്‌ക്കേണ്ടത് എന്ന് വിദുരനീതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ശാന്തിപര്‍വ്വം
ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് പാണ്ഡവര്‍ക്ക് രാജധര്‍മ്മം ഉപദേശിക്കുന്നതില്‍, സമ്പത്തിന്റെ പോഷണവും വിതരണവും ധര്‍മ്മശാസ്ത്രാനുസരണമായിരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. ശാന്തിപര്‍വ്വത്തിലെ സംവാദത്തില്‍ അര്‍ജ്ജുനന്‍ പ്രകടിപ്പിച്ച അഭിപ്രായവും ശ്രദ്ധേയമാണ്. എല്ലാവരും അധ്വാനിച്ച് സമ്പത്ത് ആര്‍ജ്ജിക്കാതിരുന്നാല്‍, അത് ദാരിദ്ര്യത്തിനും, മാനുഷികമായ അധഃപതനത്തിനും, ആദ്ധ്യാത്മികതയുടെ ക്ഷയത്തിനും കുടുംബത്തില്‍ സന്തോഷമുണ്ടാകാതിരിക്കാനും കാരണമാകുമെന്ന് അര്‍ജ്ജുനന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ജനങ്ങള്‍ക്ക് കുടിവെള്ളം പ്രദാനം ചെയ്യുക, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റോഡുകള്‍, കമ്പോളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം എന്നിവയെല്ലാം ഭരണാധികാരിയുടെ ചുമതലയാണെന്ന് ഭീഷ്മര്‍ പാണ്ഡവരെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ഉല്പാദനത്തില്‍ ധര്‍മ്മാധിഷ്ഠിതമായ മാത്സര്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ഭീഷ്മര്‍ ക്ഷാമകാലത്തെ അതിജീവിക്കാന്‍ ജനപദങ്ങളില്‍ (പ്രാദേശിക ഭരണവ്യവസ്ഥ) പ്രാദേശികമായ ധാന്യസംഭരണം, പൊതു ഖജനാവിനെ ആരോഗ്യകരമായി നിയന്ത്രിക്കാനുള്ള വ്യവസ്ഥ എന്നിവയെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഉല്പന്ന നികുതി ഉല്പാദന ചിലവിന്റെ അടിസ്ഥാനത്തിലാകണമെന്നും നികുതി നിരക്ക് കുറഞ്ഞ തോതിലും തേനീച്ച തേനെടുക്കുന്നതുപോലെ നികുതിദായകര്‍ക്ക് ഭാരമാകാത്ത വിധത്തിലുമായിരിക്കണമെന്ന് ഭീഷ്മര്‍ നിര്‍ദ്ദേശിച്ചിരുന്നു.
യാജ്ഞവല്‍ക്യസ്മൃതി
ധര്‍മ്മശാസ്ത്രത്തിന്റെ പാഠപുസ്തകരൂപത്തിലുള്ള യാജ്ഞവല്‍ക്യസ്മൃതിയിലുള്ള അര്‍ത്ഥനീതിസാരങ്ങള്‍ മനുസ്മൃതിയിലും ശുക്രനീതിയിലുമെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ കൂലിനിര്‍ണ്ണയത്തിന്റെ അടിസ്ഥാനം, ബോണസ്സ്, പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥകള്‍, കയറ്റിറക്കുമതി നിയമങ്ങള്‍, വായ്പകളിന്മേലുള്ള പലിശ നിരക്ക്, ഉല്‍പാദന ചിലവ് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, അളവുതൂക്കനിയമങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. ഉല്പന്നങ്ങളുടെ കുത്തക വിലനിരോധിച്ചിരുന്നു. മാത്രവുമല്ല, അന്നു നിലനിന്നിരുന്ന വിവിധതരം സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളും വിശദമാക്കിയിരുന്നു.
മനുസ്മൃതി
മനുസ്മൃതിയില്‍ മറ്റ് സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം അര്‍ത്ഥനീതിയും ചര്‍ച്ച ചെയ്തിട്ടുണ്ട്. മന്ത്രിസഭയില്‍ ധനകാര്യമന്ത്രി വേണമെന്ന നിര്‍ദ്ദേശം ആദ്യമായി ഉന്നയിച്ചത് മനുസ്മൃതിയിലാണ്. ഉല്പാദന ചിലവിന്റെ അടിസ്ഥാനത്തില്‍ നിശ്ചിതശതമാനം നികുതി, വ്യാപാരികളുടെ ലാഭത്തിന്റെ നിശ്ചിത ശതമാനം നികുതി, മറ്റ് വിവിധ ഇനം നികുതികള്‍, കൂട്ടുപലിശക്ക് നിരോധനം, കുത്തകകള്‍ക്ക് വിലക്ക്, കൈത്തൊഴിലുകാരും, കൂലിവാങ്ങുന്ന തൊഴിലാളികളും മാസത്തില്‍ ഒരു ദിവസത്തെ അധ്വാനം നികുതിയായി സമര്‍പ്പിക്കണം എന്നീ നിര്‍ദ്ദേശങ്ങളോടൊപ്പം വിവിധയിനം സാമ്പത്തിക കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷാവിധികളും മനുസ്മൃതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശുക്രനീതിസാരം
സാമ്പത്തിക നീതിശാസ്ത്രത്തിന്റെ (Political Economy) ) ആദ്യപാഠപുസ്തകമായി ശുക്രനീതിയെ കണക്കാക്കാനാകും. ശുക്രാചാര്യന്‍ 32 വൈജ്ഞാനിക ശാഖകളില്‍ ഒന്നായി അര്‍ത്ഥശാസ്ത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ആധുനിക പൊളിറ്റിക്കല്‍ ഇക്കോണമിയുടെ സ്രഷ്ടാക്കളായ ആഡംസ്മിത്തില്‍ നിന്നും ഡേവിഡ് റിക്കാര്‍റോയില്‍ നിന്നും വ്യത്യസ്തമായി, ജനങ്ങളും ഭരണാധികാരിയും ധര്‍മ്മശാസ്ത്രമനുസരിച്ച് കൈക്കൊള്ളുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ശുക്രാചാര്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നു. ശുക്രാചാര്യന്റെ ഭാഷയില്‍, ”രാജാവിന്റെ (ഭരണകൂടത്തിന്റെ) ശ്രുതിക്കും സ്മൃതികള്‍ക്കും (ധര്‍മ്മശാസ്ത്രങ്ങള്‍) അനുസരിച്ചുള്ള ഭരണപരമായ കാര്യങ്ങളും ജനങ്ങളുടെ ജീവസന്ധാരണോപാധികളും ശരിയായ രീതിയില്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് അര്‍ത്ഥശാസ്ത്രം.”
ധനവും ദ്രവ്യവും തമ്മിലുള്ള വ്യത്യാസം ശുക്രാചാര്യന്‍ നിര്‍വ്വചിച്ചത് വളരെ ശ്രദ്ധേയമാണ്. ധനം എന്നാല്‍ സമ്പത്താണ്. ഇതില്‍ കന്നുകാലികള്‍, ധാന്യങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. (ഇന്നത്തെ ഭാഷയില്‍ മനുഷ്യനിര്‍മ്മിതമായവ). ഇവയെല്ലാം ആവശ്യാനുസരണം പുനര്‍നിര്‍മ്മിക്കാവുന്നവയാണ്. എന്നാല്‍ ദ്രവ്യമെന്നത് പ്രകൃതിദത്തവിഭവങ്ങളാണ്. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍ മുതലായവ ഇവയില്‍ ഉള്‍പ്പെടും. ഇവ പ്രധാനമായും വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്നവയാണ്. ഒരു ഉല്പന്നത്തിന്റെ മൂല്യം (Value) അതിന്റെ ഉല്പാദന ചിലവാണ് നിര്‍ണ്ണയിക്കുന്നത്. അതേസമയം ഒരു ഉല്പന്നത്തിന്റെ വില(Price) അതു ലഭ്യമാക്കാനുള്ള പ്രയാസത്തേയോ എളുപ്പത്തേയോ ആശ്രയിച്ചിരിക്കും. ആധുനികസാമ്പത്തിക ശാസ്ത്രത്തിലെ Cost-price, scarcity price എന്നീ സങ്കല്പങ്ങളെ വളരെ ഭംഗിയായി ശുക്രാചാര്യര്‍ അവതരിപ്പിച്ചിട്ടുള്ളത് നമ്മെ വിസ്മയിപ്പിക്കും. അതുപോലെ ഒരു ഉല്പന്നത്തിന്റെ മൂല്യം അതിന്റെ പ്രത്യേക ഗുണങ്ങള്‍ക്കനുസരിച്ചു കൂടിയായിരിക്കുമെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ആധുനിക ഇക്കണോമിക്‌സിലെ utilty theory യേക്കാള്‍ മേന്മയുള്ളതാണ്.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ പല മേഖലകളിലും പ്രസക്തമായ തത്വങ്ങളും നിര്‍ദ്ദേശങ്ങളും ശുക്രനീതിയില്‍ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, വായ്പകളിന്മേലുള്ള പലിശ നിരക്ക് നിര്‍ണ്ണയം, കൂലിനിര്‍ണ്ണയം, നികുതിഘടന, ഉല്പന്നങ്ങളുടേയും ഭൂമിയുടേയും വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സാമ്പത്തിക മേഖലയിലെ തര്‍ക്കപരിഹാരവ്യവസ്ഥകള്‍, മായംചേര്‍ക്കല്‍ നിയന്ത്രണം, അളവുതൂക്ക നിയന്ത്രണം എന്നീ മേഖലകളിലെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ക്ക് ബിനോയ്കുമാര്‍ സര്‍ക്കാരിന്റെ The Sukranithi എന്ന ഗ്രന്ഥം കാണുക.13
കൗടില്യന്റെ അര്‍ത്ഥശാസ്ത്രം
ശുക്രനും, ബൃഹസ്പതിക്കും പ്രണാമമര്‍പ്പിച്ച് തനിക്ക് മുന്‍പ് നിലനിന്നിരുന്ന വിവിധ അര്‍ത്ഥശാസ്ത്രങ്ങളെ വിമര്‍ശനാത്മകമായി പരിശോധിച്ചും ക്രോഡീകരിച്ചും തന്റെ സുചിന്തിതമായ ആശയങ്ങള്‍ കുട്ടിച്ചേര്‍ത്താണ് കൗടില്യന്‍ അര്‍ത്ഥശാസ്ത്രം രചിച്ചിട്ടുള്ളത്. 1915ല്‍ ശ്യാമശാസ്ത്രി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിനുശേഷമാണ് ഈ കൃതി പാശ്ചാത്യരുടെ ശ്രദ്ധയില്‍ പെടുന്നത്. അതായത് ഏകദേശം 18-19 നൂറ്റാണ്ടുകള്‍ക്കുശേഷം, അന്വേഷകി, മൂന്ന് വേദങ്ങള്‍ (അഥര്‍വ്വവേദം ഒഴികെ), വര്‍ത്ത (കൃഷി, മൃഗസംരക്ഷണം, വ്യാപാരം തുടങ്ങിയവ) ദണ്ഡനീതി (ഭരണതന്ത്രശാസ്ത്രം) ((Science of Governance)എന്നിവയെയാണ് നാലു ശാസ്ത്രങ്ങളായി കൗടില്യന്‍ അപഗ്രഥനം ചെയ്യുന്നത്. എല്‍.എന്‍ രംഗരാജന്‍ 1987ല്‍ പ്രസിദ്ധീകരിച്ച ”കൗടില്യ: ദി അര്‍ത്ഥശാസ്ത്ര” എന്ന ഗ്രന്ഥം പെന്‍ഗ്വിന്‍ ക്ലാസിക്‌സ് 1992ല്‍ പുനപ്രസിദ്ധീകരിച്ചത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ്.14 മനുവിന്റെ പരമ്പര അവസാനത്തെ 3 എണ്ണം മാത്രമാണ് ശാസ്ത്രമെന്നും ബൃഹസ്പതിയുടെ പരമ്പര വര്‍ത്തയും ഭരണതന്ത്രശാസ്ത്രവും മാത്രമാണ് ശാസ്ത്രമെന്നും ഉസാനാസിന്റെ പിന്‍ഗാമികള്‍ ഭരണതന്ത്രശാസ്ത്രമാണ് ഒരേ ഒരു ശാസ്ത്രമെന്നും ഉല്‍ഘോഷിച്ചിരുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കൗടില്യന്‍ നാലു ശാസ്ത്രങ്ങളായി വിഭജിക്കുകയും അവയെ വിപുലീകരിക്കുകയും ചെയ്തു.
കൗടില്യന്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കിയത് സല്‍ഭരണത്തിനാണ് (Good Governance). അതുകൊണ്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രതിവിധികളും വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂമി, വെള്ളം, മൈനുകള്‍ തുടങ്ങിയ പൊതുസമ്പത്തിനുമേല്‍ പൊതുനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എല്ലാഭരണപരമായ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രപരിപാലനപ്രവര്‍ത്തനങ്ങളുടേയും ചാലകശക്തി സാമ്പത്തിക സുരക്ഷയാണെന്ന് കൗടില്യന്‍ ഊന്നിപ്പറഞ്ഞിരുന്നു. അതുകൊണ്ട്, റവന്യൂ വരുമാനമാണ്, പട്ടാളത്തേക്കാള്‍ രാജ്യസുരക്ഷക്ക് പ്രാധാന്യമെന്നും കൗടില്യന്‍ വാദിച്ചിരുന്നതിന്റെ കാരണം പട്ടാളത്തെ നിലനിര്‍ത്തണമെങ്കില്‍ ആവശ്യത്തിനനുസരിച്ചുള്ള റവന്യു വരുമാനം അനിവാര്യമായതുകൊണ്ടാണ്.
അതേസമയം, നികുതികള്‍ കുറഞ്ഞ നിരക്കില്‍ ചുമത്തിയശേഷം നികുതിദായകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവധം ക്രമേണ വര്‍ദ്ധിപ്പിക്കണമെന്നാണ് കൗടില്യന്റെ നിര്‍ദ്ദേശം. മൈനുകളില്‍ നിന്നുള്ള നികുതിക്കും, ഇറക്കുമതി ചെയ്ത ഉപ്പിനും പുറമെ 10 തരം നികുതികളാണ് നിര്‍ദ്ദേശിച്ചിരുന്നത് (1) ഉല്പന്നത്തിന്റെ മൂല്യത്തിന്മേലുള്ള നികുതി (മൂല്യ) (2) ഉല്പാദനത്തിന്റെ ചെറിയ പങ്ക് (വിഭാഗം) (3) 5 ശതമാനം പ്രീമിയം (വ്യാഗി) (4) നാണ്യങ്ങളുടെ പരിശോധനക്കുള്ള ചാര്‍ജ്ജ് (പരിഗാ) (5) നേരത്തെ പ്രഖ്യാപിച്ച ഫൈനുകള്‍ (അത്യായി) (6) ടോളുകള്‍ (ശൂല്‍ക്ക) തുടങ്ങിയവയടങ്ങുന്നവയാണവ.
സമ്പത്തിലൂടെ മാത്രമെ ദാനവും അതോടൊപ്പം ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയുള്ളു എന്നതു കൊണ്ടാണ് സമ്പത്ത് മാത്രമാണ് പ്രാധാന്യം എന്നദ്ദേഹം ഉല്‍ഘോഷിച്ചത്. ഒരു ഭരണാധികാരി ദാനവും, സമ്പത്തും, ആഗ്രഹങ്ങളും ഒരുപോലെ അനുഭവിക്കണമെന്ന് അദ്ദേഹം ഉല്‍ബോധിപ്പിക്കുന്നുണ്ട്. കൗടില്യന്‍ വിദേശവ്യാപാരത്തെ (മറ്റുനാടുകളുമായുള്ള വ്യാപാരം) ശക്തമായി പിന്തുണച്ചിരുന്നു. കാരണം അത് രണ്ടു പാര്‍ട്ടികള്‍ക്കും പ്രയോജനകരമാണ്. ഇതുപോലെ രാജ്യത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ അര്‍ത്ഥശാസ്ത്രത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളവ ഭാരതീയ അര്‍ത്ഥ നീതിയുടെ ചര്‍ച്ചക്കുള്ള വലിയൊരു സ്രോതസ്സാണ്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തെ കുറിച്ച് മലയാളത്തിലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച അര്‍ത്ഥശാസ്ത്രം, കോഴിക്കോട് അര്‍ജ്ജുന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കൗടില്യന്‍ – അര്‍ത്ഥശാസ്ത്രം’, കെ.എം.നാരായണ്‍ നമ്പൂതിരി രചിച്ച ‘കൗടിലീയാര്‍ത്ഥശാസ്ത്രം; പ്രമേയവും വിവക്ഷയും’, കാമാക്ഷിക്കുട്ടി അമ്മ രചിച്ച ‘ചാണക്യനീതിസാരം’ എന്നിവയാണ്.15
ഹിന്ദു ഇക്കണോമിക്‌സിന്റെ ആധുനിക പ്രസക്തി
മേല്‍ വിവരിച്ച കാര്യങ്ങളില്‍ നിന്നും ഹിന്ദു സാമ്പത്തികദര്‍ശനം വേദങ്ങളില്‍ നിന്നാരംഭിച്ച് പ്രമുഖ ആചാര്യന്മാരിലൂടെയും സ്മൃതികള്‍, ശ്രുതികള്‍, രാമായണം, മഹാഭാരതം, ശുക്രനീതി, അര്‍ത്ഥശാസ്ത്രം തുടങ്ങിയവയില്‍ കൂടി രൂപപ്പെട്ടതാണെന്നു കാണാം. അവയിലെ പ്രധാനതത്വങ്ങള്‍ ഉല്പാദനം, കമ്പോളം, കമ്പോളവ്യവസ്ഥ, കയറ്റിറക്കുമതിവ്യാപാരങ്ങള്‍, നാണ്യവ്യവസ്ഥ, ഉല്പന്നവിലനിര്‍ണ്ണയം, മൂല്യനിര്‍ണ്ണയവും വിലനിര്‍ണ്ണയവും കൂലി നിര്‍ണ്ണയം, നികുതി നിര്‍ണ്ണയതത്വങ്ങള്‍, ബോണസ്, ഇന്‍ഷുറന്‍സ്, പലിശ നിരക്കു നിര്‍ണ്ണയം, ബജറ്റിങ്ങ് ധനകാര്യമാനേജ്‌മെന്റ്, പ്രകൃതിവിഭവങ്ങളിന്മേലുള്ള പൊതു-സാമൂഹ്യനിയന്ത്രണം, ട്രസ്റ്റീഷിപ്പ് രൂപത്തില്‍ ഭൂമിയുടേയും പ്രകൃതിവിഭവങ്ങളുടേയും ഉടമാവകാശം, സാമൂഹ്യനീതിവ്യവസ്ഥ, ക്ഷേമരാഷ്ട്രസങ്കല്പം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴയും ശിക്ഷയുമടക്കം ഒരു രാഷ്ട്രത്തിന്റെ മൊത്തം സാമ്പത്തികമാനേജ്‌മെന്റുമായി ബന്ധപ്പെട്ടവയാണെന്നത് ശ്രദ്ധേയമാണ്.
ഭാരതീയ സംസ്‌കാരത്തില്‍ കാമപൂര്‍ത്തീകരണത്തിന് (ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാന്‍) സമ്പത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നതോടൊപ്പം സമ്പത്ത് ആര്‍ജ്ജിക്കുന്നത് ധര്‍മ്മാധിഷ്ഠിതമായിരിക്കണമെന്ന് നിഷ്‌കര്‍ക്ഷിക്കുന്നുണ്ട്. ഇത് സാമൂഹ്യനീതി കൈവരിക്കാനും, ചൂഷണവും സാമ്പത്തിക ഉച്ചനീചത്വങ്ങളും സമ്പത്ത് ചിലരില്‍ മാത്രം കുന്നുകൂടുന്നത് ഒഴിവാക്കാനും അത്യാവശ്യമാണ്. അത്യാര്‍ത്തിയും അനാവശ്യമായ ഉപഭോഗവും നിയന്ത്രിക്കുന്ന ധര്‍മ്മാധിഷ്ഠിതമായ ഉപഭോഗവും കാമനകളെ നിയന്ത്രിക്കുന്നതുമായ സംസ്‌കാരമാണ് ഭാരതീയ പാരമ്പര്യത്തിലുള്ളത്. മാത്രവുമല്ല ഉപഭോക്തൃ സംരക്ഷണത്തിനായി കുത്തകകള്‍ ധര്‍മ്മവിരുദ്ധവും നിയമവിരുദ്ധവുമായിരുന്നു. സമ്പത്ത് ആര്‍ജ്ജിക്കുന്നതും ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ച് സംതൃപ്തിയും സന്തോഷവും കൈവരിക്കുന്നതും ധര്‍മ്മാധിഷ്ഠിതമായും സാമൂഹ്യനീതിയിലും സഹവര്‍ത്തിത്വത്തിലും സമന്വയത്തിലും അധിഷ്ഠിതമായിരിക്കണമെന്നതാണ് ഭാരതീയ അര്‍ത്ഥനീതിയുടെ അടിസ്ഥാനതത്വങ്ങള്‍.
ലോകത്തിലെ ഏറ്റവും പ്രാചീനമായ അര്‍ത്ഥ ചിന്ത ഭാരതീയ അര്‍ത്ഥ ചിന്ത തന്നെയാണ്. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ മുതലാളിത്ത – കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരമെന്ന രീതിയില്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ ഭാഷയില്‍ ഒരു മൂന്നാം മാര്‍ഗ്ഗമായി ഇതിനെ വളര്‍ത്താന്‍ ഗൗരവമായ അക്കാദമിക് പരിശ്രമം ഇനിയും തുടരേണ്ടതുണ്ട്. ധാരാളം പ്രസിദ്ധീകരണങ്ങളും, ആശയങ്ങളുമുണ്ട്. അവയെ ക്രോഡീകരിച്ച് യുക്തിസഹമായ രീതിയില്‍ ഒരു ദര്‍ശനമായി വികസിപ്പിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് വി.എന്‍.എസ്.പിള്ള Economics form the Scriptures16 എന്ന ശീര്‍ഷകത്തില്‍ നല്ലൊരു ഗ്രന്ഥം 2017ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ശ്രീമദ് ഭാഗവതം, മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി, പരാശരസ്മൃതി, മഹാഭാരതം എന്നിവയില്‍ നിന്നുള്ള അര്‍ത്ഥനീതിയുമായി ബന്ധപ്പെട്ട 222 പരാമര്‍ശങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദത്തോപാന്ത് ഠേംഗ്ഡിജിയുടെ Thirdway ഈ പഠനങ്ങള്‍ക്ക് നല്ല തുടക്കം നല്‍കുകയും ചെയ്യും.(17) ഏറ്റവും ഒടുവില്‍ 2023 ജൂണ്‍ 18ന് ഡോ. ബജ്‌റംഗ് ലാല്‍ ഗുപ്തയുടെ ഈ മേഖലയിലെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.18 മേല്‍ സൂചിപ്പിച്ച എല്ലാ പഠനങ്ങളും ഒരു സമ്പൂര്‍ണ്ണ അര്‍ത്ഥശാസ്ത്രത്തിനു എല്ലാ ആശയങ്ങളും, ഘടകങ്ങളും, കാഴ്ചപ്പാടുകളും ഹിന്ദു അര്‍ത്ഥനീതിയില്‍ ലഭ്യമാണ്. എന്നാല്‍ അവയെ സമ്പൂര്‍ണ്ണവും യുക്തിസഹവുമായി സംയോജിപ്പിച്ച് ഒരു സമഗ്രദര്‍ശനമാക്കി മാറ്റേണ്ടത് ഇന്നത്തെ ആഗോള പശ്ചാത്തലത്തില്‍ അത്യാവശ്യമാണ്. അതിനുള്ള സംഘടിതവും ആസൂത്രിതവുമായ കൂട്ടായ്മയാണ് ഇതിനാവശ്യം.
സൂചനകള്‍
1. Francis Fukuyama (1992) The End of History. Penguin.
2. Paul krugman (2008) The Return of Depression Economics and the Crisis of 2008, Penguin Books p14.
3. Tawney. R.H. (2012) Religion and Rise of Capitalism, Read Books Ltd. Alvin Toffler (1980) “The Third Wave” Randum House Publishing Co.
4. Fritjof capra (1983) The Turning point: Science, Society and the Rising Culture, Flamingo, P224.
5. Capra, Op.cit p.230
6. Theodore Roszak (1978) Person/Planet, Newyork, Doubleday/Anchor P 220.
7. Bokare M.G. (1993) Hindu Economic (Eternal Economic order) Swadeshi Jagaran Munch, Janaki Prakshan, New Delhi.
8. Ravindra Mahajan (ed) (2013) Nation Policy Studies in the light of Ekatma Manav Darshan, Centre for Intergral Studies & Resarch Pune.
9. Deendayal Upadhyaya (a)” ” ഭാരതീയ അര്‍ത്ഥനീതി വികാസ് കീ ഏക് ദിശാ” (ഭാരതീയ ജനസംഘം പ്രസിദ്ധീകരണം) (b) Integral Humanism, Deendayal Research Institute – Chitrakoot.
10 BajarangLal Gupta (2010) A New Paradigm of Development Sumangalam, Gyan Publishing House, New Delhi.
11. (a) Sudheer Babu K.C(ed) (2017) Integral Humanism. Vision for Tomorrow, Bharateeya Vichara Kendram.
(b) Madhusudanan Pillai K.N.(ed) (2018) Essays on Integral Humanism; Bharateeya Vichara Kendram.
(ര) ഡോ.ജയപ്രസാദ് കെ., സുധീര്‍ബാബു. കെ.സി. (2015) ”ഏകാത്മമാനവദര്‍ശനം: ദര്‍ശനസംവാദം”, ഭാരതീയ വിചാരകേന്ദ്രം.
12.പ്രൊഫ. വിജയകുമാര്‍ ബി. (2014) (മ) ”ഏകാത്മ മാനവദര്‍ശനം: സിദ്ധാന്തവും പ്രയോഗവും” കുരുക്ഷേത്രപ്രകാശന്‍.
(b) (2016) Integral Humanism: Theory and Practice, V.Books, Ettumanoor.
13. Benoy Kumar Sarkar (1975) The sukraniti, oriental Books Reprint Corporation, New Delhi.
14. Rangarajan L.N (1992) Kautilya : The Arthasastras Pengiun Books – Pages 819.
15. (മ) കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (വിവര്‍ത്തനം കെ.വി.എം) കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍ (1980) ആദ്യപതിപ്പ് 1935ല്‍.
(യ) കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (വ്യാഖ്യാതാവ് – കെ.പി. ശശിധരന്‍. (1992) അര്‍ജ്ജൂന്‍ ബുക്‌സ്.
(ര) നാരായണന്‍ നമ്പൂതിരി (2014) കൗടില്യാര്‍ത്ഥ ശാസ്ത്രം: പ്രമേയവും വിവക്ഷയും; കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരകഗ്രന്ഥശാല.
(റ) അരിക്കാട്ട് കാമാക്ഷിക്കുട്ടി അമ്മ (2016) ചാണക്യ നീതിസാരം, മാതൃഭൂമി ബുക്‌സ്.
16. Pillai, V.N.S. (2017) Economics form the Scriptures, Coppell TX, USA. (2022)
17. Dattopant Thengadi (1998) Third Way Compiled by Bhanu Pratap Shukla, Sahitya Sindhu Prakashan, Bangalore.