പച്ചമണ്ണില്‍ പരാശക്തിയുടെ രാഷ്ട്രഭാവമായി അവതരിച്ച ഭാരതമാതാവ് ചന്ദ്രക്കല തിരുനെറ്റിയില്‍ ചാര്‍ത്തി ലോകത്തിനു മുന്നില്‍ സമാരാധ്യയായി വിളങ്ങുകയാണ്. ആഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു പദം വച്ചിറങ്ങിയ ഭാരതത്തിന്റെ ബഹിരാകാശ പേടകം ലോകത്തിനു മുന്നില്‍ ഭാരതീയ ശാസ്ത്ര പാരമ്പര്യത്തിന്റെ വര്‍ത്തമാനകാല കരുത്താണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതോടെ ധാതു സമ്പന്നമെന്നു കരുതപ്പെടുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. നൂറ്റി നാല്‍പ്പതു കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണ് ചന്ദ്രയാന്‍-3ലൂടെ ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ സഫലമാക്കിയിരിക്കുന്നത്. 2019 സപ്തംബര്‍ 7-ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പരിശ്രമത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ചന്ദ്രയാന്‍-2ല്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രയാന്‍-3 ലൂടെ ഭാരതം ലക്ഷ്യം കൈവരിച്ചിരിക്കുന്നു. ഭൂമിയില്‍ നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തി നാനൂറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രനില്‍ ഒരു ബഹിരാകാശപേടകത്തെ സുരക്ഷിതമായി ഇറക്കുക എന്നു പറയുന്നത് കുട്ടിക്കളിയല്ല. ഐ.എസ്.ആര്‍.ഒയിലെ ആയിരത്തില്‍പരം ശാസ്ത്രജ്ഞന്മാരുടെ കഠിന പരിശ്രമമാണ് ഒടുക്കം സാഫല്യമണിഞ്ഞിരിക്കുന്നത്. 1969 ജൂലൈ 20ന് അമേരിക്കയുടെ അപ്പോളോ-11 ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമ്പോള്‍ ഭാരതം ബഹിരാകാശ ഗവേഷണ മേഖലയില്‍ പിച്ചവച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് ബഹിരാകാശ ശാസ്ത്രത്തില്‍ അമേരിക്കയ്ക്കും റഷ്യക്കും ചൈനക്കുമൊപ്പം കടന്നിരിക്കാന്‍ കരുത്തുള്ള ഒരു രാഷ്ട്രമായി ഭാരതം മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞതും എന്നാല്‍ കാര്യക്ഷമത ഉള്ളതുമായ ബഹിരാകാശ പദ്ധതികളാണ് ഭാരതത്തിന്റേത്. 2022-ല്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ വാര്‍ഷിക ബജറ്റ് 5.03 ലക്ഷം കോടി ആയിരുന്നെങ്കില്‍ ചൈനയുടേത് തൊണ്ണൂറായിരം കോടിയും ജപ്പാന്റേത് മുപ്പത്തിമൂവായിരം കോടിയുമായിരുന്നു. എന്നാല്‍ ഭാരതത്തിന്റെ ബഹിരാകാശ വാര്‍ഷിക ബജറ്റ് പതിനാറായിരം കോടി രൂപ മാത്രമായിരുന്നു. നമ്മുടെ ചന്ദ്രയാന്‍ – 3 ന്റെ ആകെ ചിലവ് 615 കോടി ആയിരിക്കുമ്പോള്‍ 2022-ല്‍ ഹോളിവുഡില്‍ ഇറങ്ങിയ അവതാര്‍ – ദ വേ ഓഫ് വാട്ടര്‍ എന്ന സിനിമയ്ക്കു പോലും 3820 കോടി ചിലവായി എന്നിടത്താണ് നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ലാളിത്യവും കഠിന പരിശ്രമവും എത്രത്തോളമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടത്.
ബഹിരാകാശ രംഗത്ത് പണം മുടക്കുന്നത് പാഴ്ച്ചിലവാണെന്ന് വാദിച്ചിരുന്നവര്‍ പോലും നമ്മുടെ നാട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ബഹിരാകാശരംഗം വലിയൊരു വ്യാപാര സാധ്യതയാണ് ഭാരതത്തിന് തുറന്നു തന്നിരിക്കുന്നത്. ചന്ദ്രയാന്‍ – 3 ന്റെ വിജയത്തോടെ ഏതാണ്ട് മുപ്പത്തൊന്നായിരം കോടി രൂപ ഓഹരി വിപണിയില്‍ നിന്നു മാത്രം ഭാരതം നേടിയിരിക്കുകയാണ്. 615 കോടി രൂപ മാത്രം മുടക്കിയ ചന്ദ്രയാന്‍ – 3ല്‍ നിന്ന് അമ്പതിരട്ടി സാമ്പത്തിക ലാഭമുണ്ടായെന്ന് സാരം. ചന്ദ്രയാന്‍ ദൗത്യത്തിനു പിന്നില്‍ സ്റ്റാര്‍ട്ടപ്പുകളും പൊതുമേഖലാ കമ്പനികളുമുള്‍പ്പെടെ നാനൂറിലേറെ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെയെല്ലാം ഓഹരി മൂല്യം ശതഗുണീഭവിച്ചിരിക്കുകയാണ്. ഇന്ന് ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ഇതര രാജ്യങ്ങളില്‍ വിശ്വാസവും മതിപ്പും ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിരവധി രാജ്യങ്ങള്‍ അവരുടെ പേടകങ്ങള്‍ ബഹിരാകാശത്തെത്തിക്കുവാന്‍ ഭാരതത്തിന്റെ സഹായം തേടി തുടങ്ങിയിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഭാരതം ഇന്ന് ബഹിരാകാശ ദൗത്യങ്ങള്‍ നിര്‍വഹിച്ചുവരുന്നു. 2023 മാര്‍ച്ച് 26ന് ബ്രിട്ടനിലെ വണ്‍ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത് ഭാരതമാണ്. ഇതുവരെ വിദേശ രാജ്യങ്ങളുടെ മുന്നൂറില്‍ അധികം ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിച്ചിട്ടുണ്ട്. ചന്ദ്രയാന്‍-3ന്റെ വിജയത്തോടെ ബഹിരാകാശത്തു നിന്നുള്ള നമ്മുടെ വരുമാനം പതിന്മടങ്ങായി ഉയരാന്‍ പോകുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അവരുടെ ഏറ്റവും ചിലവു കുറഞ്ഞ ദൗത്യത്തിനു പോലും 9900 കോടി രൂപ മുതല്‍മുടക്കുമ്പോള്‍ മറ്റ് രാഷ്ട്രങ്ങള്‍ ചിലവു കുറവുള്ള ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യം കാണിക്കുക സ്വാഭാവികമാണ്. നമ്മുടെ ചൊവ്വാദൗത്യമായ മംഗള്‍യാനു പോലും 450 കോടി രൂപ മാത്രമാണ് ചിലവായത്.
1963 നവംബര്‍ 21ന് അമേരിക്കയില്‍ നിന്നും കടം കൊണ്ട നൈക്കി അപ്പാഷെ എന്ന ആദ്യ റോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു കൊണ്ട് തുടങ്ങിയ ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ഗോളാന്തരങ്ങള്‍ താണ്ടി പുരോഗമിക്കുകയാണ്. അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ മനുഷ്യന്റെ നിത്യജീവിതത്തെ നിരന്തരം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വന്‍ശക്തി രാഷ്ട്രങ്ങള്‍ ഭൂമിയില്‍ ആധിപത്യമുറപ്പിക്കുന്ന അതേ വാശിയോടെ ബഹിരാകാശവും കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാരതം അവിടെ തന്റേതായ ഇടം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഭാരതത്തെ അവഗണിച്ചുകൊണ്ട് ഒരു ശക്തിക്കും അവിടെ മുന്നേറാന്‍ കഴിയില്ല. ചന്ദ്രനിലും ചൊവ്വയിലും നാം നമ്മുടെ കോളനികള്‍ സ്ഥാപിക്കുന്ന കാലം വിദൂരമല്ല. ചന്ദ്രോപരിതലത്തില്‍ സവാരിക്കിറങ്ങിയ പ്രജ്ഞാന്‍ റോവര്‍ തരുന്ന ശാസ്ത്രീയ വിവരങ്ങള്‍ ഭാരതത്തിനു മാത്രമല്ല ലോകത്തിനു മുഴുവന്‍ ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 2030ല്‍ ഭാരതം സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പ് ആദിത്യ എല്‍ -1, ശുക്രയാന്‍, ഗഗന്‍യാന്‍, മംഗള്‍യാന്‍ – 2 തുടങ്ങിയ നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ നമുക്ക് വിജയിപ്പിക്കേണ്ടതുണ്ട്. സമര്‍പ്പിത ചേതസ്സുകളായ ശാസ്ത്രജ്ഞന്മാരും അവര്‍ക്ക് വേണ്ട എല്ലാ പിന്‍തുണയുമായി ഉറച്ചു നില്‍ക്കുന്ന രാഷ്ട്ര നേതൃത്വവും ഉള്ള കാലം ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ചന്ദ്രയാന്‍-3 യുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭാരതത്തിലെ മുഴുവന്‍ ശാസ്ത്രജ്ഞന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍… ഭൂമിയിലെ സ്വപ്‌നങ്ങള്‍ ബഹിരാകാശത്ത് ഇനിയും സാക്ഷാല്‍ക്കരിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.