സപ്തംബര്‍ 6 – ശ്രീകൃഷ്ണജയന്തി
ഭഗവാന്‍ ശ്രീകൃഷ്ണനെക്കുറിച്ച് വെറുതേ ചിന്തിക്കുമ്പോള്‍ പോലും ഹൃദയത്തില്‍ ആനന്ദത്തിന്റെ അലകളുയരും. ഏതു കടുത്ത വിഷാദത്തേയും അലിയിച്ചുകളയുന്ന ആ നറുപുഞ്ചിരി കണ്‍പാര്‍ത്തുനില്ക്കുമ്പോള്‍ ഭക്തിയ്ക്കുമപ്പുറം ആനന്ദത്തിന്റെ അനന്തതല്പത്തിലേക്കു നമ്മള്‍ ഉയര്‍ത്തപ്പെടുന്നു. വിശ്വവിമോഹനമായ ശൈശവഭാവത്തില്‍ ഈശ്വരനെ അവതരിപ്പിക്കുന്ന മറ്റൊരു മാതൃക എങ്ങുമുണ്ടാവാനിടയില്ല. പാലില്‍നിന്നു വെണ്ണ പോലെ ആനന്ദം ഘനീഭവിച്ചുണ്ടായ രൂപമാണത്. സഫലബാല്യത്തിന്റെ ആദര്‍ശമൂര്‍ത്തിയായി ബാലഗോകുലം സ്വീകരിച്ചതും ഈ പരമാനന്ദഭാവമാണ്. ഭൗതികമായ സമൃദ്ധി വേണ്ടുവോളമുണ്ടെങ്കിലും ഇന്ന് ലോകം ആനന്ദത്തിന്റെ കാര്യത്തില്‍ ദരിദ്രമാണ്. ഉള്ളവരും ഇല്ലാത്തവരും ആത്മാവില്‍ ഒരുപോലെ ശൂന്യത അനുഭവിക്കുന്ന കാലമാണിത്. ഈ വിഷാദ മേഘം തെല്ലെങ്കിലുമകലുന്നത് മഞ്ഞപ്പട്ടും പുല്ലാങ്കുഴലും പീലിത്തുണ്ടുമായി പുഞ്ചിരിതൂകുന്ന നിഷ്‌കളങ്കബാല്യത്തെ കണ്‍പാര്‍ക്കുമ്പോഴാവണം. എല്ലാവര്‍ഷവും ജന്മാഷ്ടമി നാളില്‍ കേരളം കൂടുതല്‍ കൂടുതല്‍ കൃഷ്ണമയമാകുന്നതിന്റെ രഹസ്യം ഈ ആനന്ദസാക്ഷാത്ക്കാരം തന്നെയാണ്.
ഭഗവാന്‍ ശ്രീകൃഷ്ണന് മലയാളത്തില്‍ പതിഞ്ഞ പേര് കണ്ണന്‍ എന്നാണ്. ഭാരതമാലയില്‍ നിരണത്തു ശങ്കരപ്പണിക്കരാണ് ആദ്യമായി കണ്ണന്‍ എന്ന നാമം പ്രയോഗിച്ചു കാണുന്നത്. തുടര്‍ന്ന് കൃഷ്ണഗാഥയിലൂടെ ഈ നാമവും രൂപവും മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങി. ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാ മക്കളെയും അമ്മമാര്‍ കണ്ണാ എന്നു വിളിച്ചു. പ്രണയത്തിനും വാത്സല്യത്തിലും ഇത്രയും ഇണങ്ങുന്ന സംബോധന വേറെയില്ലെന്നായി. ചതുര്‍ഭുജമഹാവിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളില്‍ പോലും ഭഗവാന്‍ കണ്ണനെന്നു വിളിക്കപ്പെട്ടു. യുദ്ധഭൂമിയിലെ പാര്‍ത്ഥസാരഥീവര്‍ണന എഴുതുമ്പോള്‍പോലും എഴുത്തച്ഛന്റെ ഹൃദയത്തിലിരിക്കുന്ന മണിവര്‍ണന്‍ അമ്പാടിമുറ്റത്തെ ഉണ്ണിക്കണ്ണനാണ്. പൂര്‍ണാവതാരമായ ശ്രീകൃഷ്ണനെ ബാലഭാവത്തില്‍ത്തന്നെ ആരാധിക്കാനാണ് മലയാളിക്കിഷ്ടം. പാഞ്ചജന്യത്തേക്കാള്‍ ഓടക്കുഴലിനെ സ്‌നേഹിക്കുന്ന, പൊന്നിന്‍ കിരീടത്തെക്കാള്‍ മയില്‍പ്പീലി ഇഷ്ടപ്പെടുന്ന മലയാളികളുടെ മന:ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടാണ് ശ്രീകൃഷ്ണജയന്തിയെ ബാലദിനമായി ആഘോഷിക്കണമെന്ന് ബാലഗോകുലം ചിന്തിച്ചത്.
വലിയ പരിവര്‍ത്തനം കൊണ്ടുവരാന്‍ കുട്ടികള്‍ക്കു സാധിക്കും. കണ്ണന്റെ വൃന്ദാവന ലീലകള്‍ ഈ വസ്തുതയുടെ പ്രകാശനമാണ്. കംസന്‍ പ്രതിനിധാനം ചെയ്യുന്ന ഭയത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാനും പകരം സ്‌നേഹത്തിന്റെ സര്‍ഗ്ഗാത്മക രാഷ്ട്രീയം പ്രചരിപ്പിക്കാനുമാണ് കണ്ണന്‍ ശ്രമിച്ചത്. കംസന്റെ കരുനീക്കങ്ങളെ ലീലാരൂപേണ നേരിടുന്ന കണ്ണന്‍ അനായാസം പുതിയൊരു സമൂഹരചന നിര്‍വഹിക്കുന്നു. ഇന്ദ്രഭയത്താല്‍ ചെയ്തുപോന്നിരുന്ന പൂജകള്‍ അവസാനിപ്പിച്ച് അത് പ്രകൃതിയോടുള്ള പ്രണയമാക്കി മാറ്റാന്‍ സമൂഹത്തെ ശീലിപ്പിച്ചു.
പ്രകൃതി സൗഹൃദജീവിതത്തിന്റെ മികച്ച ഉദാഹരണങ്ങള്‍ സൃഷ്ടിച്ചു. സ്‌നേഹസൗഹൃദങ്ങള്‍ക്ക് പുതിയ ഭാഷ്യം ചമച്ചു. ഒരു പിടി അവലും ഒരു മുറി ചീരയിലയും അളവില്ലാത്ത അനുഗ്രഹങ്ങളായി. പ്രായോഗികബുദ്ധി, അതിജീവനസിദ്ധി, നേതൃത്വശക്തി, കലാകായികശേഷി , സ്‌നേഹപൂര്‍ണമായ സമീപനം മുതലായ സദ്ഗുണങ്ങള്‍ കൃഷ്ണനില്‍നിന്ന് ബാലസമൂഹം പഠിക്കേണ്ടതുണ്ട്. ജന്മാഷ്ടമി നാളില്‍ കൃഷ്ണവേഷം ധരിച്ച് ശോഭായാത്രയില്‍ പങ്കെടുക്കുമ്പോള്‍ ഓരോ ബാലമനസ്സിലും ഈ ദിവ്യഗുണങ്ങള്‍ പ്രതിഷ്ഠിക്കുകകൂടിയാണ്. ഭൂമിയുടെ സങ്കടങ്ങള്‍ ഒപ്പിയെടുക്കാന്‍ പിറന്ന ഈശ്വര നിശ്ചയമാണ് ഓരോ ജന്മവുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. മക്കളെ ഒരു നിമിഷം ഈശ്വരരൂപമായിക്കാണാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുകയാണ്.
‘ ഓരോ വീട്ടിലുമിന്നൊരു
മേഘശ്യാമളനുണ്ണി പിറക്കുന്നു’
‘പഞ്ഞക്കെടുതിയില്‍പോലും പാതയില്‍
പാട്ടും ഭജനയുമാഘോഷം’
എന്ന് മഹാകവി വൈലോപ്പിള്ളി ജന്മാഷ്ടമി സൗന്ദര്യത്തെ വര്‍ണിക്കുമ്പോള്‍ കേരളത്തില്‍ ശോഭായാത്രകള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിവേഗം അത് ഏറ്റവും വലിയ സമാജോത്സവമായി മാറി. വ്യത്യസ്ത മതക്കാര്‍ പോലും കുട്ടികളെ കണ്ണനായൊരുക്കി ശോഭായാത്രയില്‍ പങ്കെടുക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരായ കുറേയധികം കുട്ടികള്‍ ചക്രകസേരയില്‍ കൃഷ്ണവേഷമണിഞ്ഞ് അമ്മമാരോടൊപ്പം ശോഭായാത്രയിലണിചേര്‍ന്ന ചാരുദൃശ്യം മറക്കാവതല്ല. അവരുടെ കണ്ണില്‍ അവര്‍ണനീയമായ പരമാനന്ദം വിടര്‍ന്നു നില്ക്കുകയായിരുന്നു. ഏതു ഭാവത്തിലും കുട്ടികള്‍ ആരാധ്യരാണ്. ഏതു വേഷത്തിലും അവര്‍ ഈശ്വരതുല്യരാണ്.
‘കുട്ടികളയ്യാ! നിര്‍വൃതി പെയ്യും
കുട്ടികളല്ലോ ദൈവങ്ങള്‍ ‘ എന്നെഴുതിയ അക്കിത്തത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന അനുഭവങ്ങളാണ് ഓരോ ശോഭായാത്രയ്ക്കും പറയാനുള്ളത്.
കൃഷ്ണദര്‍ശനങ്ങള്‍ സാര്‍വകാലികസത്യങ്ങളാണ്. അവയെ സമകാലികമായി വ്യാഖ്യാനിക്കുമ്പോള്‍ സമൂഹത്തിനു ദിശാബോധമരുളുന്ന സന്ദേശവാക്യങ്ങള്‍ രൂപപ്പെടും. ലഹരി വിപത്തിനെതിരായുള്ള ശക്തമായ ആഹ്വാനമാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം.
യദഗ്രേ ചാനുബന്ധേ ച
സുഖം മോഹനമാത്മന:
നിദ്രാലസ്യപ്രമാദോത്ഥം
തത് താമസമുദാഹൃതം
ഇപ്രകാരം ഭഗവദ്ഗീതയില്‍ വിവരിക്കുന്ന തമോഗുണപ്രധാനമായ സുഖമാണ് ലഹരി. തുടക്കം മുതലേ അപകടകാരിയായ ഈ സുഖ ഭ്രാന്തി മനസ്സിനെയും ബുദ്ധിയെയും മോഹാലസ്യത്തിലാക്കുന്നു. ഉറക്കം, മടി, ക്ഷീണം, ഓര്‍മ്മക്കേട്, പ്രവൃത്തിപ്പിഴ മുതലായ ലക്ഷണങ്ങളാണ് താമസസുഖത്തിന് കല്പിച്ചിരിക്കുന്നത്. കോവിഡിനു ശേഷം സമൂഹത്തിലാകമാനം ഈ ലക്ഷണങ്ങള്‍ ദൃശ്യമാണ്. രാഷ്ട്രത്തിന്റെ ഭാവി തകര്‍ക്കണമെന്ന ഗൂഢചിന്തയോടെ ലഹരിയുടെ വ്യാപാരികള്‍ എങ്ങും സജീവമായിരിക്കുന്നു. പെണ്‍കുട്ടികളടക്കമുള്ള ബാലസമൂഹം ഇതിന്റെ ഇരകളായിക്കൊണ്ടിരിക്കുന്നു. കേട്ടുകേള്‍വിപോലുമില്ലാത്ത വാസനാ വൈകൃതങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ലഹരിയാണ്. പഠനത്തെയും വളര്‍ച്ചയെയും ലക്ഷ്യത്തെയും ഹരിക്കുന്ന ലഹരി കാളിയസര്‍പ്പത്തെ പോലെ വിഷംവമിച്ചു ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിയമത്തിനും മാത്രമായി ഇതിനെ മറികടക്കാനാവില്ല. സമൂഹ മനസ്സിന്റെ സ്വത്വബോധവും ദൃഢനിശ്ചയവും ഉണരേണ്ടിയിരിക്കുന്നു. ചുവരെഴുത്തിനും ചങ്ങലകെട്ടിനുമപ്പുറം ശരിയായ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ശ്രീകൃഷ്ണലീലയിലെ ഒരു സന്ദര്‍ഭമാണ് അഘാസുരവധം. അഘം എന്നാല്‍ പാപം. അത് ഒരു പെരുമ്പാമ്പായി വന്നിരിക്കുന്നു. ഗോപകുലമാകെ ആ പാമ്പിന്റെ വായിലകപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ ബാലസമൂഹവും അവരറിയാതെ തന്നെ ആത്മനാശത്തിന്റെ വായിലകപ്പെട്ടിരിക്കയാണ്. ക്യാമ്പസുകളും ഹോസ്റ്റലുകളും കലാമാധ്യമങ്ങളും നവസാങ്കേതികമാര്‍ഗ്ഗങ്ങളുമെല്ലാം ആ പാപ സര്‍പ്പത്തിന്റെ താവളമായിക്കഴിഞ്ഞു. ഭാഷയും വേഷവും ഭക്ഷണവും വീക്ഷണവും വിഷമയമായി. സ്വയം വളര്‍ന്നു വലുതാവുക മാത്രമാണ് മോചനത്തിനുള്ള ഒരേ ഒരു വഴി. ശ്രീകൃഷ്ണന്‍ അഘാസുരന്റെ ഉദരത്തില്‍ സ്വയം വളര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഉദരം പിളര്‍ന്ന് മോചനം നേടി. ആദര്‍ശനിഷ്ഠരായ കുട്ടികള്‍ വഴി തെറ്റുകയില്ല. ലക്ഷ്യബോധമുള്ളവരെ ഒരു പെരുമ്പാമ്പിനും വിഴുങ്ങാനാവില്ല. കുട്ടികള്‍ മൂല്യബോധം നുണഞ്ഞു വളരണം. അതു പകര്‍ന്നു കൊടുക്കുന്ന കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കണം. ഒന്നില്‍ നിന്നു പത്തും പത്തില്‍നിന്നു നൂറും നൂറില്‍ നിന്ന് ആയിരവുമാകുന്ന അര്‍ജ്ജുനശരങ്ങള്‍ പോലെ ആദര്‍ശബാല്യം വിശ്വരൂപമാര്‍ജ്ജിക്കണം. എതിര്‍ത്തു തോല്പിക്കലല്ല, വളര്‍ന്നുതോല്പിക്കലാണ് വഴി.
ഭാരതത്തില്‍ വിദ്യാഭ്യാസം എന്നും ആദ്ധ്യാത്മികമായിരുന്നു. ഭൗതികവിഷയങ്ങള്‍ ഗ്രഹിക്കുമ്പോഴും അത് ആത്മീയമായ പശ്ചാത്തലം സ്വീകരിച്ചുകൊണ്ടായിരുന്നു. വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രങ്ങളായി സങ്കല്പിക്കുന്നതും പാഠങ്ങള്‍ ഈശ്വര പ്രാര്‍ത്ഥന ചൊല്ലി ആരംഭിക്കുന്നതും ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്തിനെയും ഭൗതികവും മതേതരവും പ്രശ്‌നാധിഷ്ഠിതവുമായി മാത്രം കാണാന്‍ പരിശീലിച്ചവര്‍ വിദ്യാഭ്യാസത്തെ ഒരു ഭൗതിക വ്യാപാരമാക്കിമാറ്റി. മൂല്യബോധം മാനദണ്ഡമേ അല്ലാതായി. ഫലമോ? അന്ധമായ ആസക്തി ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി. ജീവിതമൂല്യങ്ങള്‍ ആര്‍ജ്ജിച്ചും ശീലിച്ചും വളരുക മാത്രമാണ് പരിഹാരം. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’എന്ന സന്ദേശം അര്‍ത്ഥപൂര്‍ണമാകുന്നത് ഇവിടെയാണ്.
മഹാകവി വള്ളത്തോള്‍ കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍ എന്നൊരു കവിത എഴുതിയിട്ടുണ്ട്. കാളിയനു മീതേ കണ്ണന്റെ നടനത്തെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരവുമായി ഇണക്കിച്ചേര്‍ക്കുന്ന ഉജ്വലമായ ഭാവന അതിലുണ്ട്. സാമ്രാജ്യത്വത്തിന്റെ ഭീകരരൂപമായാണ് അതില്‍ കാളിയന്‍ ചിത്രീകരിക്കപ്പെടുന്നത്. ഇന്ന് ആ കവിത വീണ്ടും വായിക്കുമ്പോള്‍ പത്തിവിരിച്ചാടുന്ന ധ്വസ്തഭുവനമായ ദൗഷ്ട്യം ലഹരിയുടെ ഉന്മാദമാണെന്ന് തോന്നിപ്പോകുന്നു. നിഷ്‌ക്കളങ്കമായ ഗോപ സമൂഹത്തെ ആകെ ബാധിച്ച വിഷഭീതിയെ ഒരു പുഞ്ചിരികൊണ്ടതിജീവിച്ച ആദര്‍ശബാല്യത്തിന്റെ പിഞ്ചുകാല്‍ നമുക്കു പ്രതീക്ഷ പകരുന്നു. മൂല്യബോധത്തിന്റെ വെണ്ണ നുകര്‍ന്നു വളരുന്ന ബാലസമൂഹം ഏതു വിഷലഹരിയെയും അതിജീവിക്കുമെന്ന ശുഭ ചിന്ത നമ്മില്‍ നിറയുന്നു. അങ്ങനെ കാളിയമര്‍ദ്ദനം ബാല്യം ലഹരിക്കുമേല്‍ നേടുന്ന വിജയത്തിന്റെ വീരമുദ്രയായി മാറുന്നു.
‘ജീവിതം ഈശ്വരന്‍ എനിക്കു നല്കിയ സമ്മാനമാണ്. എന്റെ നാടിന്റെ മുന്നേറ്റമാണ് എന്റെ ലക്ഷ്യം. വഴി തെറ്റിക്കാന്‍ വരുന്ന ലഹരി വിപത്തുകളെ ഞാന്‍ തിരിച്ചറിയുന്നു. അതിന് ഇരയായിത്തീരാന്‍ ഞാന്‍ തയ്യാറല്ല. ഭഗവാന്‍ ശ്രീകൃഷ്ണനെ ആദര്‍ശമായി സ്വീകരിച്ച് വീടിനും നാടിനും ഞാന്‍ വെളിച്ചമായിമാറും. ലഹരി ഉപയോഗിക്കില്ലെന്നും ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കുമെന്നും ജന്മാഷ്ടമിദിനത്തെ സാക്ഷിയാക്കി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’
ഇതാവട്ടെ നമ്മുടെ പ്രജ്ഞയും പ്രതിജ്ഞയും.
(ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)