ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ കാലഘട്ടമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവകാലം. ഈ കഴിഞ്ഞ 2023 ആഗസ്റ്റ് 15-ഓടുകൂടി ആസാദി കാ അമൃത് മഹോത്സവം സമാപിക്കുകയും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയിലേക്കുള്ള അമൃത് കാലം ആരംഭിക്കുകയും ചെയ്തു. ഇനി വരാന്‍ പോകുന്ന ഇരുപത്തിയഞ്ചു വര്‍ഷം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയിലേക്കുള്ള അമൃത് കാലമാണ്. ഭാരതം ബ്രിട്ടീഷ് അധീനതയില്‍ നിന്നും സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായെങ്കിലും ബാലഗംഗാധര തിലകന്‍ അടക്കമുള്ള സ്വാതന്ത്ര്യ സമരനായകര്‍ വിഭാവനം ചെയ്ത ”സമ്പൂര്‍ണ്ണ സ്വരാജ്” എന്ന ലക്ഷ്യം പൂര്‍ണ്ണമായും കൈവരിക്കാനായിട്ടില്ല. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കിയതും, സ്വാതന്ത്ര്യാനന്തരം ഉദ്ദേശ്യ ലക്ഷ്യങ്ങളിലും, ഉള്ളടക്കത്തിലും കാര്യമായ മാറ്റം വരുത്താതെ ഭേദഗതി വരുത്തി പേരും, വര്‍ഷവും തിരുത്തിയതുമായ നിരവധി നിയമങ്ങള്‍ ഇന്നും ഭാരതത്തില്‍ തുടര്‍ന്നുപോരുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.
നിയമലോകത്തെ പ്രഗത്ഭരായ ഇന്ത്യക്കാര്‍ പോലും ഇന്നും ഭാരതീയര്‍ക്ക് സ്വതന്ത്രമായും, സ്വന്തമായും നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് ഇല്ലെന്നും, ബ്രിട്ടീഷുകാര്‍ ആണ് ശ്രേഷ്ഠരായ നിയമനിര്‍മ്മാതാക്കളെന്നുമുള്ള മൂഢസ്വര്‍ഗ്ഗത്തില്‍ രമിക്കുന്നവരാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലം ആരംഭിച്ചതുമുതല്‍ ഭാരതീയരില്‍ അപകര്‍ഷതാബോധം വളര്‍ത്തുവാന്‍ മെക്കാളെ പ്രഭു പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതിയിലൂടെ വളര്‍ന്നു വന്നു വിദ്യാഭ്യാസം സിദ്ധിച്ചവരിലൂടെയും, അവരുടെ അനന്തരതലമുറകളിലൂടെയും ഇന്നും ഈ അപകര്‍ഷതാ ബോധം ഭാരതത്തെ വേട്ടയാടുന്നു എന്നത് ഒരു നഗ്‌നസത്യമാണ്. ഇതില്‍ നിന്ന് മോചനം കിട്ടിയാല്‍ മാത്രമേ ഭാരതത്തില്‍ പൂര്‍ണ്ണ സ്വരാജ് കൈവരുകയുള്ളൂ എന്ന സത്യം മനസ്സിലാക്കിയ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ, ഇന്നും നീതിന്യായ മേഖലയില്‍ പേറിക്കൊണ്ട് നടക്കുന്ന ബ്രിട്ടീഷ് നുകത്തില്‍ നിന്നും സമ്പൂര്‍ണ്ണ ഭാരതീയവല്‍ക്കരണത്തിലേക്കുള്ള ഉറച്ച കാല്‍വെപ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്‍ 2023, ഭാരതീയ സുരക്ഷാ സംഹിതാ ബില്‍ 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിവ.
ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ വന്ന കച്ചവടക്കാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേധാവിത്വം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് പാര്‍ലമെന്റ് 1793-ലെ ചാര്‍ട്ടര്‍ ആക്റ്റ് അഥവാ ഈസ്റ്റ് ഇന്ത്യാ കമ്പനി ആക്ട് പാസാക്കിയതോടെയാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് കേന്ദ്രിത ആധുനിക നീതി ന്യായ വ്യവസ്ഥയുടെ ഉദ്ഭവം തുടങ്ങുന്നത്. ഇപ്രകാരം ബ്രിട്ടീഷ് ഭരണം ആരംഭിച്ച കാലത്ത് ഈസ്‌ററ് ഇന്ത്യ കമ്പനി സ്ഥാപിച്ച കോടതികളിലൂടെയാണ് ഇന്ത്യയിലെ നീതിന്യായ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയോ, അവരെ നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയോ ലക്ഷ്യം തര്‍ക്കങ്ങളില്‍ ഭാരതീയര്‍ക്ക് നീതി ലഭ്യമാക്കുകയോ, ഇന്ത്യയെ ഒരു നിയമവാഴ്ചയുള്ള രാജ്യമാക്കുകയോ ആയിരുന്നില്ല. മറിച്ച് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആവശ്യമായ ഒരു ത്വരകമായി മാത്രമേ അവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനായി പാസാക്കിയ നിയമങ്ങളെ കണ്ടിരുന്നുള്ളൂ.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഊട്ടിയുറപ്പിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ആ നിയമങ്ങള്‍ ആയിരുന്നു അന്നുമുതല്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ എഴുപത്തിയഞ്ചാം വര്‍ഷംവരെ നമ്മള്‍ പിന്തുടര്‍ന്നു കൊണ്ടിരുന്നത്. ഈ നിയമങ്ങളെല്ലാം ഭാരതീയ കാഴ്ചപ്പാടില്‍ പൊളിച്ചെഴുതി ഭാരതീയര്‍ക്കായി, ഭാരതീയരാല്‍ ഭാരതത്തില്‍ നിര്‍മ്മിക്കപ്പെട്ട പഴുതടച്ച നിയമസംവിധാനം നടപ്പില്‍ വരുത്തുകയാണ് പുതിയതായി നിര്‍മ്മിക്കപ്പെട്ട ഭാരതീയ നാഗരിക സുരക്ഷാ സംഹിത നിയമം, ഭാരതീയ ന്യായ സംഹിത നിയമം, ഭാരതീയ സാക്ഷ്യ നിയമം എന്നീ നിയമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഇപ്പോഴത്തെ നിലവിലുള്ള നിയമസംവിധാനത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് നിയമങ്ങളിലും, കോടതികളിലും വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. നീതി തേടി പോകുന്നവര്‍ക്ക് നീതി ലഭിക്കുമ്പോഴേയ്ക്കും നീതിയുടെ ആവശ്യംതന്നെ അവസാനിച്ചിരിക്കും. രാജ്യത്തെ സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ കോടതി കയറുക എന്നതുതന്നെ ഒരു ശിക്ഷയാണ്. പ്രതിയായി കോടതിയില്‍ എത്തുന്ന ഒരാളെ പിന്നീട് ശിക്ഷിക്കേണ്ട കാര്യമില്ല, കാരണം കോടതിയില്‍ എത്തി ആ കേസ് വിധി ആകുന്നതുവരെയുള്ള സമയത്തിനകം അയാള്‍ ചെയ്ത കുറ്റത്തിന്റെ ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷ കോടതി കയറിയിറങ്ങി അനുഭവിച്ചിട്ടുണ്ടാകും. ഈയൊരു അവസ്ഥയില്‍ നിന്നും മാറ്റം ഉണ്ടാകണം. പരാതിക്കാര്‍ക്ക് ഭയം കൂടാതെ കോടതികളെ സമീപിക്കാന്‍ കഴിയണം. ഒരു പരാതിയുമായി കോടതിയില്‍ എത്തിയാല്‍ പരാതിക്കാരന് തന്നെ അതൊരു ശിക്ഷയായി തോന്നുന്ന നിയമസംവിധാനം മാറാത്തതുകൊണ്ടാണ് സാധാരണക്കാര്‍ കോടതിയിലെത്താന്‍ ഭയക്കുന്നത്.
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകിടം മറിച്ച മെക്കാളെ പ്രഭു തന്നെയാണ് നിലവിലെ ക്രിമിനല്‍ നിയമങ്ങളും രൂപപ്പെടുത്തിയത്. ബ്രിട്ടീഷ് വേരുകളുള്ള നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയരെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയതും. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ ശിക്ഷയ്ക്കും ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ക്കുമാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഭാരതീയ കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന പുതിയ നിയമങ്ങളില്‍ നീതി നടപ്പാക്കാനും, പൗരന്മാര്‍ക്കും, ഭരണഘടനാപരമായി പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
നാല് വര്‍ഷമായി നടന്നു കൊണ്ടിരുന്ന നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള ഈ പ്രക്രിയയില്‍ 158 യോഗങ്ങളില്‍ സ്വയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പങ്കെടുത്തിട്ടുണ്ട് എന്നതുതന്നെ കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമത്തില്‍ ഭാരതീയവല്‍ക്കരണം നടപ്പാക്കുന്നതിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതിന് ഉദാഹരണമാണ്.
ഈ നിയമങ്ങള്‍ നിലവില്‍ വരുന്നതോടുകൂടി ഭരണകൂടകേന്ദ്രിതമായ നിയമങ്ങള്‍ക്കുപകരം പൗരന്മാരെ കേന്ദ്രീകരിച്ചു കൊണ്ടുള്ള നിയമങ്ങളാകും ഭാവിയില്‍ ക്രിമിനല്‍ ജസ്റ്റിസ് നടപ്പാക്കുക. നിലവിലുള്ള 1973-ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലുള്ള 533 വകുപ്പുകളില്‍ 160 വകുപ്പുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുകയും, നിലവിലുണ്ടായിരുന്ന 9 വകുപ്പുകള്‍ റദ്ദാക്കുകയും, 9 വകുപ്പുകള്‍ പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ടാണ് 2023-ലെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത നിയമം (BNSS) തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡ് അഥവാ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 511 വകുപ്പുകളുണ്ടായിരുന്നത് 2023-ലെ ഭാരതീയ ന്യായ സംഹിതയില്‍ (BNS) 356 വകുപ്പുകളാക്കി ചുരുക്കി. മാത്രമല്ല പഴയ നിയമത്തിലെ 175 വകുപ്പുകള്‍ പരിഷ്‌കരിച്ചു. 22 വകുപ്പുകള്‍ റദ്ദാക്കി 8 വകുപ്പുകള്‍ പുതിയതായി കൂട്ടിച്ചേര്‍ത്തു.
1872-ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് അഥവാ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം അവതരിപ്പിച്ച 2023-ലെ ഭാരതീയ സാക്ഷ്യ ബില്‍ ഈ ഡിജിറ്റല്‍ കാലത്തിന് അനുസരിച്ച നിരവധി പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മുമ്പ് ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ 170 വകുപ്പുകളുണ്ടായിരുന്നത് 168 വകുപ്പുകളാക്കി ചുരുക്കി, പഴയ നിയമത്തിലെ 23 വകുപ്പുകള്‍ പരിഷ്‌കരിച്ചു, 5 വകുപ്പുകള്‍ റദ്ദാക്കി 1 വകുപ്പു പുതിയതായി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല പഴയ നിയമങ്ങളില്‍ ഉടനീളം ഉണ്ടായിരുന്ന വൈദേശിക കൊളോണിയല്‍ ആധിപത്യത്തെ സൂചിപ്പിക്കുന്ന പദങ്ങള്‍ മുഴുവനായും ഒഴിവാക്കി.
ഈ മൂന്നു നിയമങ്ങളിലായി 475 സ്ഥലത്ത് ക്രൗണ്‍, ക്വീന്‍, കിംഗ്, പ്രിവി കൗണ്‍സില്‍ എന്നിങ്ങനെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും, വൈദേശിക ആധിപത്യത്തെയും, സൂചിപ്പിക്കുന്ന പദങ്ങള്‍ ഇക്കഴിഞ്ഞ 75 വര്‍ഷവും നമ്മള്‍ ഭയഭക്തിബഹുമാനത്തോടെ ഉച്ചരിച്ചു കൊണ്ടിരുന്നു എന്നുള്ള സത്യം സ്വാതന്ത്ര്യാനന്തരം നിയമങ്ങള്‍ ഭാരതീയ കാഴ്ചപ്പാടിന് അനുസൃതമായി പരിഷ്‌കരിക്കാന്‍ ഇതുവരെയുള്ള ഭരണകര്‍ത്താക്കള്‍ യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല എന്നുള്ള വസ്തുത വെളിവാക്കുന്നു.
”യതോ ധര്‍മ്മസ്തതോ ജയഃ” എന്ന ആപ്ത വാക്യത്തിന് അനുസൃതമായി ഭാരതീയ പാര്‍ലമെന്റില്‍ ഭാരതീയര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഭാരതീയ നാഗരിക സുരക്ഷാ സംഹിത നിയമം, ഭാരതീയ ന്യായ സംഹിത നിയമം, ഭാരതീയ സാക്ഷ്യ നിയമം എന്നീ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ അടിമത്തത്തിന്റെ പ്രതീകങ്ങള്‍ തകര്‍ത്തുകൊണ്ട് അന്തസ്സോടും, സ്വാഭിമാനത്തോടുംകൂടി തികച്ചും സ്വതന്ത്രമായ ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഈ രാജ്യത്ത് നിലവില്‍വരും. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തേയ്ക്കുള്ള കുതിപ്പില്‍ ഭാരതത്തിലെ നീതിന്യായ സംവിധാനത്തിന് അത് കരുത്തേകും.
(ലേഖകന്‍ ഭാരതീയ അഭിഭാഷക പരിഷത് പാലക്കാട് ജില്ലാ കോടതി സമുച്ചയം യൂണിറ്റ് ഉപാധ്യക്ഷനാണ്.)