കോഴിക്കോട്: 370 ആം വകുപ്പ് റദ്ദാക്കിയ നടപടി കാശ്മീരിനെ പുരോഗതിയിലേക്ക് നയിച്ചുവെന്ന് ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ്. ആർഎസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പരയിൽ ‘ജമ്മു കാശ്മീരിന്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തികച്ചും നിയമവിരുദ്ധമായ രീതിയിലാണ് 370 ആം വകുപ്പ് ഭരണഘടനയിൽ ചേർക്കപ്പെട്ടത്. എന്നാൽ 2019 ആഗസ്റ്റ് അഞ്ചിന് തികച്ചും നിയമവിധേയമായ രീതിയിലൂടെയാണ് കേന്ദ്രസർക്കാർ ഈ അനധികൃത വകുപ്പിനെ നിയമവിരുദ്ധമാക്കിയത്. പാർലമെന്റിൽ അന്ന് ഈ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രതിപക്ഷ കക്ഷികൾ ശക്തമായ എതിർപ്പ് ഉയർത്തി. പ്രത്യേക അവകാശങ്ങൾ റദ്ദാക്കപ്പെട്ടാൽ ശ്രീനഗറിൽ രക്തപ്പുഴയും കലാപങ്ങളും പടരുമെന്നായിരുന്നു അവരുടെ വാദം. എന്നാൽ അതുണ്ടായില്ല.
ആർട്ടിക്കിൾ 306 എന്ന നിലയിലാണ് ആദ്യം കാശ്മീരിന്റെ പ്രത്യേക അവകാശം ഭരണഘടനാ നിർമ്മാണ സഭയുടെ മുന്നിൽ വന്നത്. ഭാരത യൂണിയനിൽ ലയിക്കണമെങ്കിൽ കാശ്മീരിന് പ്രത്യേക അവകാശം അനുവദിക്കണമെന്ന വിലപേശൽ ഷെയ്ഖ് അബ്ദുള്ളയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിന് കീഴടങ്ങുന്ന സമീപനമാണ് നെഹ്‌റുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഡോ. അംബേദ്കർ ഉൾപ്പെടെയുള്ളവർ അതിന് അനുകൂലമായിരുന്നില്ല. തുടക്കത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയും ഈ ആവശ്യം നിരാകരിച്ചു. ഭരണഘടനാ നിർമ്മാണ സഭയിൽ യുപിയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് അംഗമായ ഹസ്രാത്ത് മൊഹാനിയും ഈ വകുപ്പിനെ എതിർത്തുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. അന്നു മുതൽ ഭാരതീയ ജനസംഘം ഈ വകുപ്പിനെ എതിർത്തു. 370 റദ്ദാക്കലിനുവേണ്ടി നടന്ന ആദ്യബലിദാനം ശ്യാമപ്രസാദ് മുഖർജിയുടേതായിരുന്നു.
കാശ്മീരിലെ പ്രത്യേക അവകാശം റദ്ദാക്കിയ നടപടി സാധാരണ ജനങ്ങളെയല്ല, അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തെ മാത്രമാണ് ബാധിച്ചത്. പ്രത്യേക അവകാശം കാശ്മീരിലെ ജനങ്ങൾക്ക് യാതൊരു ഗുണവും ഉണ്ടാക്കിയിരുന്നില്ല. ഈ വകുപ്പ് നിലനിന്നപ്പോൾ അവിടെ പൗരസ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു. അവിടെ വനിതാ കമ്മീഷൻ പോലും ഉണ്ടായിരുന്നില്ല. സിനിമാ തീയേറ്ററുകൾ പോലും വിലക്കപ്പെട്ടു. എന്നാൽ ഇന്ന് കാശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. അവിടെ വികസനപ്രവർത്തനങ്ങൾ നടക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് കാശ്മീർ മാറിക്കഴിഞ്ഞു. വർഷങ്ങളായി നിലനിന്ന ഒരു അനധികൃത നിയമത്തെ മണിക്കൂറുകൾ കൊണ്ട് ഇല്ലാതാക്കാൻ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേണൽ പി. പ്രഭാകര കുറുപ്പ് അദ്ധ്യക്ഷനായി. ടി.വി. ഉണ്ണികൃഷ്ണൻ, ഡോ.എ. ധീരജ് എന്നിവർ സാംസാരിച്ചു. മുൻ ഇൻകംടാക്സ് ചീഫ് കമ്മീഷണർ പി.എൻ. ദേവദാസ്, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അംഗം ടി.വി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സ്പതംബർ 10 ന് നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയുടെ അടുത്ത പരിപാടിയിൽ ‘ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും’ എന്ന വിഷയത്തിൽ പ്രജ്ഞാപ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദ സപ്രേ സംസാരിക്കും.