വിശ്വാസമാണോ ശാസ്ത്രമാണോ പ്രധാനം എന്നത് എക്കാലത്തും കേരളസമൂഹത്തിലെ വൈകാരികമായ ചോദ്യമാണ്. കമ്മ്യൂണിസത്തിന്റെ അതിപ്രസരവും അതിലൂടെ ഉണ്ടായ ഭൗതികവാദ മനോഭാവവുമാണ് കേരളത്തില്‍ ഈ ചോദ്യത്തിന് പ്രചാരമുണ്ടാക്കിയത്. സത്യത്തില്‍ ഇത് വെറും ഉപരിപ്ലവമായ ചോദ്യമാണ്. കേരളം ഇങ്ങനെയുള്ള കാപട്യങ്ങള്‍ക്ക് എന്നും പറ്റിയ ഒരു മണ്ണാണല്ലോ.
സത്യത്തില്‍ ശാസ്ത്രം എന്നാല്‍ എന്താണ്? ചന്ദ്രനില്‍ പോയ ശാസ്ത്രം, വിമാനമുണ്ടാക്കിയ ശാസ്ത്രം, ഹൃദയം മാറ്റിവെച്ച ശാസ്ത്രം എന്നൊക്കെ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന വാചകങ്ങളാണ്. ശരിക്കും ശാസ്ത്രം എന്നാല്‍ ഇതൊന്നുമല്ല. ഇതെല്ലം മനുഷ്യന്‍ ഉണ്ടാക്കിയ സാങ്കേതിക നേട്ടങ്ങളാണ്. ഉരുണ്ടുരുണ്ടു പോകുന്ന ഒരു തടി കണ്ടപ്പോഴാണ് ചക്രം എന്ന ആശയം ആദ്യം മനസ്സിലാക്കുന്നത്. സത്യത്തില്‍ ചക്രം എന്ന ആശയം ഇവിടെ എന്നുമുണ്ടായിരുന്നു. ഒരു നിര്‍ണായകഘട്ടത്തില്‍ മനുഷ്യന്‍ അത് മനസ്സിലാക്കി തന്റെ സൗകര്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് എല്ലാ സാങ്കേതിക നേട്ടങ്ങളും ഉണ്ടായതും വികസിച്ചതും. താഴേക്ക് വീണ ഒരു ആപ്പിള്‍ കണ്ടപ്പോള്‍ ഇതെന്തുകൊണ്ട് എന്ന ന്യൂട്ടന്റെ ചിന്തയില്‍ നിന്നാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടത്. ഇങ്ങനെ ചുറ്റുപാടുകളെ നിരീക്ഷിച്ചും സംവദിച്ചുമാണ് മാനവരാശി എല്ലാ കാലഘട്ടങ്ങളിലും മുന്നേറിയിട്ടുള്ളത്.
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്താണ്? സാങ്കേതിക മുന്നേറ്റം എന്നാല്‍ അത് ചില അടിസ്ഥാന അറിവുകളുടെ പ്രയോഗികാവല്‍ക്കരണമാണ്. ആ അറിവുകള്‍ എന്നും ഇവിടെയുണ്ടായിരുന്നു, ഇപ്പോഴുമുണ്ട് ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ആ അറിവുകളുടെ പിതൃത്വം മനുഷ്യന് അവകാശപ്പെട്ടതല്ല. ന്യൂട്ടന്റെ മുമ്പില്‍ ആപ്പിള്‍ വീഴുന്നതിനു മുമ്പും ആപ്പിള്‍ ഗുരുത്വകര്‍ഷണത്തിനു വിധേയമായി താഴേക്ക് തന്നെയായിരുന്നു വീണിരുന്നത്. എന്നുവെച്ചാല്‍, ന്യൂട്ടന്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും ഗുരുത്വാകര്‍ഷണം എന്ന പ്രതിഭാസം ഇവിടെ ഉണ്ട്.
അതുപോലെ എല്ലാ സാങ്കേതിക വിദ്യകള്‍ക്കും പിന്നില്‍ ഒരു സയന്‍സ് ഉണ്ട്. വിമാനം പറക്കുന്നത് എയ്‌റോ ഡൈനാമിക്‌സ്, തെര്‍മോ ഡൈനാമിക്‌സ് എന്നീ അറിവുകളെ അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യകളില്‍ ഊന്നിയാണ്. ആ അറിവുകള്‍ വിമാനം കണ്ടെത്തുന്നതിനും മുമ്പ് ഇവിടെയുണ്ട്. അതുപോലെ നൂറ്റാണ്ടുകള്‍ കഴിഞ്ഞു വരാനിരിക്കുന്ന സാങ്കേതികവിദ്യകളുടെ പിന്നിലെ സയന്‍സ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അതായത്, ഇവിടെ എന്നുമുണ്ടായിരുന്ന, നമുക്ക് ഒരു പങ്കുമില്ലാത്ത അറിവുകളെ നമ്മുടെ സൗകര്യത്തിനു വേണ്ടി ഉപയോഗിച്ചു എന്നത് മാത്രമാണ് മനുഷ്യന്‍ ചെയ്തിട്ടുള്ളതും ചെയ്യുന്നതും ഇനി ചെയ്യാന്‍ പോകുന്നതും.
പറഞ്ഞുവന്നത്, ശാസ്ത്രം എന്നാല്‍ മനുഷ്യന്‍ ഉണ്ടാക്കിയതല്ല. അത് ആദിമധ്യാന്തഭേദങ്ങളില്ലാത്ത അറിവുകളുടെ അനുസ്യൂത നൈരന്തര്യമാണ്. അതില്‍ ഇടയ്ക്കിടെ മനുഷ്യന്‍ ഒന്ന് മുങ്ങിപ്പൊങ്ങുമ്പോള്‍ കിട്ടുന്ന ചില മുത്തുകള്‍ അവന്‍ ഉപയോഗിക്കുന്നു. അത്രമാത്രം. ഇതേ അറിവുകളാണ് സൂര്യനിലും നക്ഷത്രങ്ങളിലും അനന്തമായ ഊര്‍ജ്ജം ഉണ്ടാക്കുന്നതും, ഭൂമിയെയും ഗ്രഹങ്ങളെയും നിലനിര്‍ത്തുന്നതും ചലിപ്പിക്കുന്നതുമെല്ലാം. പ്രപഞ്ചത്തില്‍ ഭൂമിയും മനുഷ്യനും എത്രത്തോളം നിസ്സാരമാണോ അതിനേക്കാള്‍ ചെറുതാണ് അനന്തമായ അറിവുകളില്‍ നിന്ന് മനുഷ്യന്‍ മനസ്സിലാക്കിയിട്ടുള്ളതിന്റെ വലിപ്പവും. സത്യം ഇങ്ങനെ ആയിരിക്കെയാണ് ശാസ്ത്രം എന്നാല്‍ മനുഷ്യന്റെ എന്തോ വലിയ സംഭാവനയാണ് എന്ന് മേനി നടിക്കുന്നതും കൊട്ടിഘോഷിക്കുന്നതും.
ഇനി നമുക്ക് ശാസ്ത്രീയ അറിവുകളിലേക്ക് തന്നെ വരാം.
കണക്കുകളെയും സംഖ്യകളെയും സമവാക്യങ്ങളെയും ഒക്കെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രനിയമങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. അടിസ്ഥാന സംഖ്യകള്‍ എന്നത് രണ്ടെണ്ണമേയുള്ളു. ഒന്ന്, പൂജ്യം എന്നിവയാണത്. ഈ രണ്ടു അടിസ്ഥാന സംഖ്യകളില്‍ നിന്നാണ് ഗണിതശാസ്ത്രത്തിലെ സര്‍വ്വതും ഉണ്ടായത്. ഇവ എങ്ങനെ ഉണ്ടായി, അല്ലെങ്കില്‍ രൂപീകരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. എന്നോ എപ്പോഴോ ഒരാള്‍ അവയ്ക്ക് ഒന്ന് എന്ന പേരിട്ടു, ഒന്നിലധികം ഒന്നുകള്‍ ചേരുന്നതിനു രണ്ട്, മൂന്ന് എന്നിങ്ങനെ പേരുകള്‍ വീണു, അതില്‍ നിന്ന് ഗുണിതങ്ങളും ഹരണങ്ങളും ഉണ്ടായി. പ്രകൃതിയില്‍ കണ്ടു പരിചയിച്ച രൂപങ്ങളെ നിരീക്ഷിച്ചു ചതുരവും വൃത്തവും ത്രികോണവും എല്ലാം വരച്ചു. അതിലേക്ക് മുമ്പ് പറഞ്ഞ സംഖ്യകള്‍ ചേര്‍ത്തപ്പോള്‍ ജ്യോമെട്രിയും ട്രിഗണോമെട്രിയും ഉണ്ടായി.
ഇതിന്റെയെല്ലാം അടിസ്ഥാനം എന്തെന്നാല്‍, നിരീക്ഷണത്തില്‍ നിന്നും സംവേദനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സങ്കല്പങ്ങളും വിശ്വാസങ്ങളും ഒക്കെത്തന്നെയാണ്. അങ്ങനെയെങ്കില്‍ ഇങ്ങനെയായിരിക്കും എന്ന് വിശ്വസിച്ച്, അത് നിഗമനത്തിലേക്ക് എത്തി, പിന്നീട് തെളിയിക്കുക എന്നതായിരുന്നു പൊതുവെ സ്വീകരിച്ച രീതി. ഇന്നും ശാസ്ത്രസമൂഹം പിന്തുടരുന്ന രീതിയും ഇങ്ങനെയൊക്കെത്തന്നെ ആണ്. അതായത് അടിസ്ഥാനമെന്ന് പറയുന്നത് ഒരു ആത്യന്തിക സത്യത്തില്‍ വിശ്വസിക്കുക, ക്രമേണ അതിലേക്ക് തുഴഞ്ഞെത്തുക എന്നത് തന്നെ.
പതിനേഴാം നൂറ്റാണ്ടു വരെ യൂറോപ്പ് ആകമാനം ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്, ആ ഒന്നര സഹസ്രാബ്ദക്കാലത്ത് യൂറോപ്പ് ഒരു കാട്ടാളയുഗത്തിലായിരുന്നു എന്ന് പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തിയില്ല. കുരിശുയുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മാത്രമായിരുന്നു ആ കാലഘട്ടത്തിന്റെ മുഖമുദ്ര. അതില്‍ നിന്ന് മോചനം നേടിയ യൂറോപ്പില്‍ സംഭവിച്ച നവോത്ഥാനത്തിന്റെ വെളിച്ചത്തിലാണ് സാഹിത്യ ശാസ്ത്ര മേഖലകളില്‍ വലിയ വിപ്ലവങ്ങള്‍ ഉണ്ടായത്. ന്യൂട്ടനും ഗലീലിയോയും എല്ലാം ആ കാലത്തിന്റെ സംഭാവനകളാണ്. പക്ഷേ അതിനു ശേഷം ശാസ്ത്രലോകം വഴുതിവീണത് മറ്റൊരു അന്ധവിശ്വാസത്തിലേക്കാണ്. അത് മറ്റൊന്നുമല്ല, ഈ പ്രപഞ്ചമെന്നു പറയുന്നത് കുറെ ചലനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പടുകൂറ്റന്‍ യന്ത്രമാണ് എന്നതായിരുന്നു ആ അന്ധവിശ്വാസം. ആ കാലത്ത് ന്യൂട്ടനും , ന്യൂട്ടന്‍ വികസിപ്പിച്ച ക്ലാസിക്കല്‍ ഫിസിക്സും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത മതശാസനകളുടെ സ്വഭാവം തന്നെ കൈവരിച്ചു. അത് തകര്‍ന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാക്‌സ് പ്ലാങ്ക്, ഐന്‍സ്റ്റിന്‍ എന്നിവരിലൂടെയാണ്.
ക്വാണ്ടം സിദ്ധാന്തവും ആപേക്ഷികതാ സിദ്ധാന്തവും തുറന്നിട്ട ജാലകങ്ങളിലൂടെ ആഞ്ഞടിച്ച മാറ്റത്തിന്റെ കൊടുങ്കാറ്റ് തകര്‍ത്തത് ന്യൂട്ടന്‍ എന്ന വടവൃക്ഷത്തെയും ക്ലാസിക്കല്‍ ഫിസിക്‌സ് എന്ന വിശുദ്ധപശുവിനെയും ആണ്. ഈ പ്രപഞ്ചം എന്നത് അത്ര നിസ്സാരമല്ല, നമ്മുടെ അറിവിനും ധാരണകള്‍ക്കും എല്ലാം പരിമിതിയുണ്ട്, ആ പരിമിതിക്കപ്പുറവും സത്യങ്ങളുണ്ട് എന്ന വലിയ തിരിച്ചറിവുകളിലേക്ക് കൂടിയാണ് ഋഷിതുല്യരായ ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞര്‍ നമ്മെ നയിച്ചത്. ഇക്കാണുന്നതെല്ലാം അനാഥമായ ഊര്‍ജ്ജത്തിന്റെ പല ഭാവങ്ങള്‍ ആണ്, ഊര്‍ജ്ജം അഥവാ ശക്തി തന്നെയാണ് അടിസ്ഥാനം എന്ന മഹത്തായ ആധുനിക ശാസ്ത്രത്തിന്റെ ആശയം ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് അഹം ബ്രഹ്‌മാസ്മി എന്ന സനാതന സങ്കല്‍പ്പവുമായി തന്നെയാണ്.
ഇതിന്റെ അര്‍ഥം ക്ളാസിക്കല്‍ ഫിസിക്‌സ് പൂര്‍ണ്ണമായി തള്ളിക്കളയണം എന്നല്ല. നമ്മുടെ ജീവിതസൗകര്യങ്ങള്‍ക്ക് ആവശ്യമായ എല്ലാ ടെക്‌നൊളജികളും ക്ളാസിക്കല്‍ ഫിസിക്‌സിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ്. ടെക്‌നൊളജികള്‍ക്കും സാമാന്യബുദ്ധിക്കും അപ്പുറം നില്‍ക്കുന്ന സൂക്ഷ്മ-സ്ഥൂല മേഖലകളില്‍ ക്ലാസിക്കല്‍ ഫിസിക്‌സിന് ഒന്നും ചെയ്യാനില്ല. എന്നാല്‍ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ നിത്യസാധാരണ കാര്യങ്ങളില്‍ അതിനു വലിയ സ്ഥാനവുമുണ്ട്. അതുകൊണ്ട് ഇത് രണ്ടും മനുഷ്യന് ആവശ്യമാണ്, എന്നാല്‍ ഇത് അവസാനമല്ല എന്ന പക്വമായ ബോധമാണ് ഒരു സമൂഹത്തിനു ഉണ്ടാകേണ്ടത്. അല്ലാതെ, ടെക്‌നോളജികള്‍ ചൂണ്ടിക്കാട്ടി മനുഷ്യനെ ഒരുതരം മൗലികവാദത്തിനു അടിമകളാക്കുക എന്നതല്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ശാസ്ത്രത്തിന്റെ പേരില്‍ ഇന്ന് ഈ വിവാദങ്ങള്‍ ഉണ്ടാക്കുന്നവരെല്ലാം സമൂഹത്തെ ക്ലാസിക്കല്‍ ഫിസിക്‌സിന്റെ വേലിക്കെട്ടുകളില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ശാസ്ത്രമൗലികവാദികള്‍ ആണ്. മതമൗലികവാദം പോലെ തന്നെ പ്രതിലോമകരമാണ് ശാസ്ത്രമൗലികവാദവും.
നിരീക്ഷിക്കുക, ചിന്തിക്കുക, വിശ്വസിക്കുക, കണ്ടെത്തുക, ഉറപ്പിക്കുക എന്നതാണ് എക്കാലത്തെയും സയന്‍സിന്റെ രീതി. എന്നാല്‍ ആധുനിക കാലത്തേക്ക് വരുമ്പോള്‍ കണ്ടെത്തുക ഉറപ്പിക്കുക എന്നത് മിക്കപ്പോഴും അസാധ്യമാണ്. കാരണം, കണ്ടെത്തേണ്ടതും പരീക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നത് ക്ലാസിക്കല്‍ ഫിസിക്‌സ് ആണ്. അത് വെച്ച് ക്ലാസിക്കല്‍ ഫിസിക്‌സിനെ നിഷേധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെയാണ് തമോദ്വാരവും മറ്റും പിടികിട്ടാപ്പുള്ളികളായി നിലനില്‍ക്കുന്നത്. ഇവിടെ ഒരേയൊരു മാര്‍ഗ്ഗം, മനുഷ്യന്റെ അഗാധമായ മനനത്തെയും അതിലൂടെ എത്തിച്ചേരുന്ന അതീന്ദ്രിയ ജ്ഞാനത്തെയും ആശ്രയിക്കുക എന്നത് മാത്രമാണ്. ഭാരതത്തിലെ ഋഷീശ്വരന്മാര്‍ അനുവര്‍ത്തിച്ചിരുന്ന രീതിയും അത് തന്നെയാണ്. പറഞ്ഞുവന്നത് ഇത്രേയുള്ളൂ. ജ്ഞാനാന്വേഷണത്തില്‍ വിശ്വാസത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ആ വിശ്വാസം, ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്ന ശാസ്ത്രീയ അളവുകോലുകള്‍ക്ക് അപ്പുറമാണ് താനും.
നമ്മുടെ നിത്യജീവിതത്തില്‍ ക്ലാസിക്കല്‍ ഫിസിക്‌സിനുള്ള അതേ സ്ഥാനമാണ് മനുഷ്യന്റെ ആത്മീയ ജീവിതത്തില്‍ വിഗ്രഹാരാധന, ദൈവസങ്കല്പങ്ങള്‍ എന്നിവയ്ക്കുമുള്ളത്. ഈ പ്രതീകങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നേറുന്ന മനുഷ്യന് മാത്രമേ അനാദിയും അരൂപിയും ആദിമധ്യാന്തഭേദങ്ങളില്ലാത്ത ആത്മീയ ധാരയിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. അവിടെയും അവന്‍ ആശ്രയിക്കുന്നത് വിശ്വാസങ്ങളെ തന്നെയാണ്. അതായത്, എവിടെയെങ്കിലും വിശ്വാസം ഇല്ലാത്ത മനുഷ്യന് സാംസ്‌കാരികമായോ ശാസ്ത്രീയമായോ മുന്നേറാനോ വളരാനോ കഴിയില്ല. അങ്ങനെയുള്ള മനുഷ്യന്‍ മൃഗസമാനനാണ്.
വിശ്വാസത്തിന്റെ അടിമകളാകുന്ന അവസ്ഥയാണ് അന്ധവിശ്വാസം എന്നത്. അതായത് അന്ധവിശ്വാസം എന്നൊരു പ്രത്യേക വിഭാഗമൊന്നുമില്ല. ഏത് വിശ്വാസത്തിന്റെയും അടിമയായ മനുഷ്യന് ആ വിശ്വാസം അന്ധവിശ്വാസമാണ്. അത് ഇനി സാങ്കേതിവിദ്യകളാണ് എല്ലാം എന്ന് വിശ്വസിക്കുന്നവനെ ശാസ്ത്രാന്ധവിശ്വാസിയായെ കണക്കാക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് ശഠിക്കുന്ന എന്തും അന്ധവിശ്വാസം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തിലെ വലിയൊരു സമൂഹം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ അടിമകളാണ്.