ചക്കയും മാങ്ങയും പഴുത്തു മണം പരത്തുന്ന കുംഭ-മീനമാസ കാലത്താണ് അനങ്ങന്‍മലയില്‍ നിന്ന് കുരങ്ങന്മാരിറങ്ങുന്നത്.
പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞും ആളുകള്‍ വാനരപ്പടയെ ഓടിക്കാന്‍ നോക്കും. എന്നാലും വന്നകാര്യം സാധിക്കാതെ അവറ്റകള്‍ പോവില്ല. കുരങ്ങന്മാര്‍ കൊമ്പുകളില്‍നിന്നു കൊമ്പുകളിലേക്കു പകരുന്നതും പഴമാങ്ങയറുക്കുന്നതും കടിച്ചീ മ്പുന്നതും കാണാന്‍ രസമാണ.്
‘ഒരു മാമ്പഴം താഴേക്കിട്ടുതാ കുരങ്ങച്ചാരേ’ എന്ന് ഞങ്ങള്‍ കുട്ടികള്‍ കേണു പറഞ്ഞാലും കുരങ്ങന്മാര്‍ക്ക്് കൂസലില്ല. ഈമ്പിക്കുടിച്ച മാങ്ങയണ്ടി ഒടുവില്‍ താഴേക്കിട്ടു തരികയും ചെയ്യും.
പ്ലാവിന്റെ കൊമ്പത്തിരുന്ന് തന്തക്കുരങ്ങനും തള്ളയും മക്കളും പഴച്ചക്ക ചുളപറിക്കുന്നതും തിന്നുന്നതും നോക്കിയിരി ക്കും ഞങ്ങള്‍.
”ഉപദ്രവിക്കാന്‍ പോണ്ട. വയറു നിറയുമ്പോ അവറ്റ പൊയ്‌ക്കോളും. ഒന്നൂല്ലെങ്കിലും ഹനുമാന്‍ സ്വാമിടെ ആള്‍ക്കാരല്ലെ?” എന്നാണ് മുത്തശ്ശി പറയുക.
”കേട്ടിട്ടില്ലേ അപ്പൂ, കുരങ്ങന്‍ നീര്‍ക്കോലിയെ പിടിച്ചപോലെ?”.
”ഇല്ല മുത്തശ്ശീ”
മുത്തശ്ശിയെക്കൊണ്ടുതന്നെ പറയിപ്പിക്കാനാണ് ഞാന്‍ അങ്ങനെ പറയുന്നത്. കുരങ്ങന്‍ നീര്‍ക്കോലി യെ പിടിച്ച കഥ പറഞ്ഞു മുത്തശ്ശി.
പണ്ടൊരു കുരങ്ങന്‍ ഒരു കുളത്തിന്റെ വക്കത്തിരിക്കുമ്പോള്‍, ഒരു നീര്‍ക്കോലി ഇഴഞ്ഞിഴഞ്ഞു പോകുന്നതു കണ്ടു. ഒരാവശ്യവു മുണ്ടായിരുന്നില്ല, കുരങ്ങന്‍ അതി നെ കടന്നുപിടിച്ചു. നീര്‍ക്കോലി വളയാനും പുളയാനും തുടങ്ങി. കുരങ്ങന് പേടിയായി. നീര്‍ക്കോലി യെപ്പിടിച്ച കൈ നീട്ടിപ്പിടിച്ച് കുരങ്ങന്‍ നേരെ എതിര്‍ഭാഗത്തേക്കു നോക്കി ഒറ്റ ഇരിപ്പ്. പിടിവിട്ടാല്‍ മതി, നീര്‍ക്കോലി പാവം പൊയ്‌ക്കോളും.
ദിവസം രണ്ടു കഴിഞ്ഞു. കുരങ്ങന്റെ കൈപ്പിടിയില്‍ കിടന്നു കൊണ്ടുതന്നെ നീര്‍ക്കോലി ചത്തു. എന്നിട്ടും കുരങ്ങന്‍ പിടിവിട്ടോ? വിട്ടില്ല. അങ്ങനെ ഇരുന്ന് കുരങ്ങനും ചത്തു.
”കഷ്ടല്ലേ മുത്തശ്ശി?”
”സംശയണ്ടൊ. ചില മനുഷ്യന്മാരും അങ്ങനേണ്. കാര്യല്ലാത്ത കാര്യത്തിന് വാശി പിടിക്കും. വിട്ടു കൊടു ക്കില്ല. അതേപോലെ വേറൊരു കുരങ്ങനും ഒരബദ്ധം പറ്റി.”
”എന്താത് മുത്തശ്ശീ?”
ഇളനീരിന്റെ തൊണ്ടിനകത്ത് കൈപ്പടം കുടുങ്ങിയ കുരങ്ങന്റെ കഥ പറഞ്ഞു മുത്തശ്ശി.
ഇളനീരു മൂക്കുചെത്തി വെള്ളം കുടിച്ച് ആളുകള്‍ തൊണ്ടു വലിച്ചെറിയും. ഇളനീരിന്റെ തൊണ്ടു കണ്ടപ്പോള്‍ കുരങ്ങന്‍ അതിനകത്ത് കൈ കൊണ്ടുപോയിട്ടു. ഒന്നും ആലോചിക്കാതെ ഓരോന്നു ചെയ്യുന്ന സ്വഭാവമാണല്ലോ കുരങ്ങന്.
കൈ ഊരിയെടുക്കാന്‍ നോക്കുമ്പോള്‍ പറ്റുന്നില്ല. മുഷ്ടി മടക്കിയിട്ടാണ് കുരങ്ങന്‍ കൈ വലിക്കുന്നത.് കുരങ്ങന്‍ മുഷ്ടി മാത്രം നിവര്‍ത്തില്ല. അങ്ങനെ പട്ടിണികിടന്ന് ആ കുരങ്ങനും ചത്തു.
ദുര്‍വാശി പിടിക്കുന്നവരെ ‘മര്‍ക്കടമുഷ്ടിക്കാരന്‍’ എന്നു വിളിക്കില്ലേ. എന്തിനാണ് മുഷ്ടി ചുരുട്ടിപ്പിടിക്കുന്നത്? അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടാവൂ എന്നാണ് മുത്തശ്ശിയുടെ അഭിപ്രായം.
‘കുരങ്ങന്‍ ആപ്പു വലിച്ചൂരിയപോലെ’ എന്നൊരു ചൊല്ലുണ്ടായതിന്റെ കഥയും പറഞ്ഞുതന്നു മുത്തശ്ശി.
പത്തമ്പതുവര്‍ഷം മുമ്പുവരെ വീട്ടുവളപ്പില്‍ത്തന്നെയാണ് മരം ഈര്‍ന്നുമുറിച്ച് സൈസാക്കി യിരുന്നത്. മരത്തിന്റെ നാലു കാലുകള്‍ മണ്ണിലുറപ്പിച്ച് അതിന്റെ മുകളില്‍ തേക്കിന്‍ കഴകൊണ്ട് ചട്ടംപിടിപ്പിച്ച്, അതിനുമുകളില്‍ ഈര്‍ന്നു മുറിക്കാനുള്ള മരത്തടി കേറ്റി വെക്കും. ഈര്‍ച്ചവാളു കൊണ്ട് ഈര്‍ന്നു മുറിക്കും. ഒരാള് മുകളിലും മറ്റേയാള് ചോട്ടിലും നില്‍ക്കും. കുറേസമയം വേണം മരം ഈര്‍ന്നുമുറിച്ച് സൈസാക്കാന്‍.
മരം പകുതി ഈര്‍ന്നുമുറിച്ച്, ഈര്‍ന്നെത്തിയേടത്ത് ആപ്പെന്നു വിളിക്കുന്ന ഒരു മരക്കഷ്ണം അടിച്ചുകേറ്റിവെച്ച്, ഈര്‍ച്ച പ്പണിക്കാര്‍ ചായകുടിക്കാന്‍ പോയി. ആ സമയത്ത് ഒരു കുരങ്ങന്‍ ആ വഴി ചാടിച്ചാടിവന്നു. ആപ്പ് കണ്ടപ്പോള്‍ കുരങ്ങന് കൗതുക മായി. മരത്തടിയുടെ മുകളില്‍ ചടഞ്ഞിരുന്ന് സര്‍വ്വശക്തിയു മെടുത്ത് ആപ്പു വലിച്ചൂരി യെടുത്തു. കുരങ്ങന്റെ വാല് മരത്തിന്റെ ഈര്‍ന്നകന്നു നില്‍ക്കുന്ന വിടവിനകത്തു പെട്ടിരുന്നു. ആപ്പു പോന്നപ്പോള്‍ മരപ്പാളികള്‍ കൂടിച്ചേര്‍ന്നു. കുരങ്ങന്റെ വാലിനെന്തു സംഭവിച്ചുവെന്ന് ഊഹിക്കാവുന്ന താണല്ലോ.
”ആവശ്യല്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്. അതോണ്ട ് അനര്‍ത്ഥം മാത്രേ ഉണ്ടാവൂ”. ”പറഞ്ഞുവന്നാ കുരങ്ങനും മനുഷ്യനും നല്ല ഛായല്യേ അപ്പൂ?”
”ഉണ്ട് മുത്തശ്ശീ”
”മനുഷ്യനെമാതിരി കുരങ്ങന് സ്ഥിരബുദ്ധിയില്ല. ‘കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെ’ എന്നൊരു ചൊല്ലുണ്ട്. മനുഷ്യനാ ണെങ്കില്‍ ആ മാല കൊണ്ടുപോയി ഭഗവാനു ചാര്‍ത്തും. കുരങ്ങനാ ണെങ്കിലോ, മാല പിച്ചിപ്പറിച്ച് നാശാ ക്കും. കുരങ്ങന്റെ സ്വഭാവം കാണി ക്കുന്ന മനുഷ്യന്മാരുണ്ട്. എന്ത് ഐശ്വര്യം വന്നാലും സ്വന്തം പ്രവൃത്തികൊണ്ട് അതു നശിപ്പിക്കും”
” ‘കുരങ്ങന്‍ കടിച്ച കുമ്പള ങ്ങക്ക് നായ കുടിച്ച വെളിച്ചെണ്ണ.’ നല്ല യോജിപ്പല്ലെ അപ്പൂ?”
”അതെ മുത്തശ്ശി”
”ഭര്‍ത്താവ് അറുത്ത കൈക്ക് ഉപ്പു തേക്കില്ല. ഭാര്യയാണെങ്കില്‍ ഒരാള്‍ക്ക് ദാഹിച്ച വെള്ളം കൊടുക്കില്ല. അത്ര ചേര്‍ച്ചയാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍.
കുരങ്ങന്‍ കടിച്ച കുമ്പളങ്ങ കൊണ്ട് കറി വെക്കുമ്പോ നായ കുടിച്ച വെളിച്ചെണ്ണ താളിച്ചാലല്ലേ ചേര്‍ച്ചയുണ്ടാവൂ.”
”കുരങ്ങനെ കള്ളു കുടിപ്പിക്കരുത്” എന്നു പറയും പണ്ടുള്ളോര്. സ്വതവേ കള്ളു കുടിച്ചതു പോലെയാണ് കുരങ്ങന്റെ സ്വഭാവം. ആ കുരങ്ങനെ ശരിക്കും കള്ളു കുടിപ്പിച്ചാലോ.
”അങ്ങനെയുള്ള മനുഷ്യരുണ്ട് അപ്പൂ. കുരങ്ങന്റെ സ്വഭാവള്ള മനുഷ്യര്. കള്ളു കുടിച്ചാ വയറ്റി ക്കെടക്കില്ല. ചപല സ്വഭാവികളല്ലേ. വഴീക്കൂടെ പോണോരെ ചീത്ത വിളിക്ക്യാ, അവര്‌ടെ കയ്യീന്ന് അടി മേടിക്ക്യാ, ഒരു കാരണോല്ല്യാതെ ഭാര്യേംമക്കളേം തല്ല്ാ.”
ഒരുദിവസം ശാസ്താംകോട്ട അമ്പലത്തിന്റെ കഥ പറഞ്ഞുതന്നു മുത്തശ്ശി.
തെക്കുതെക്ക് ഒരു കാട്ടു പ്രദേശത്താണത്രേ ശാസ്താംകോട്ട അമ്പലം. ശാസ്താവാണ് പ്രതിഷ്ഠ. ക്ഷേത്രപരിസരം മുഴുവന്‍ കുരങ്ങ ന്മാരാണത്രെ. ശാസ്താവിന്റെ പരിവാരങ്ങളാണ് ഈ കുരങ്ങന്മാര്‍. കുരങ്ങന്മാര്‍ക്ക് ചോറു കൊടുക്കു ന്നത് പ്രധാന വഴിപാടാണ്. അമ്പലത്തിന്റെ വകയും ചോറുണ്ട് ദിവസവും വാനരപ്പടക്ക്.
വലിയ കാതന്‍ ചെമ്പുകളിലാക്കി ചോറ് മതില്‍ക്കെട്ടിനു പുറത്തേക്കു വെച്ചു കൊടുക്കും. ചോറ്റിന്‍ചെമ്പ് പുറത്ത് കൊണ്ടുവന്നു വെക്കുന്നത് മരങ്ങളുടെ മുകളിലിരുന്ന് കുരങ്ങന്മാര്‍ കാണുന്നുണ്ടാവും. കുട്ടിക്കുരങ്ങന്മാരാണാദ്യം ചെമ്പിനടുത്തേക്കു വരുന്നത്. കുട്ടിക്കുരങ്ങന്മാര്‍ ആര്‍ത്തിപിടിച്ച് ചെമ്പിനകത്തു കയ്യിടും. ചൂടാറിയിട്ടില്ലെങ്കില്‍ അവറ്റകളുടെ കൈപൊള്ളും.
തന്തക്കുരങ്ങന്മാരാണ് കുട്ടിക്കുരങ്ങന്മാരെ ചോറുവാരാന്‍ പറഞ്ഞയക്കുന്നത്. ചോറിനു ചൂടുണ്ടോ എന്നറിയാന്‍ വേണ്ടിമാത്രം.
അങ്ങനെയാണത്രെ ‘കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചോറുവാരിക്കുക’ എന്നൊരു ചൊല്ലുണ്ടായത.്
മുത്തശ്ശിയുടെ അഭിപ്രായത്തില്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണത്രെ ഈ പഴഞ്ചൊല്ലു ചേരുക.