വേദ പ്രതിപാദ്യമായ പരബ്രഹ്‌മത്തെ പല പല രൂപങ്ങളും ഭാവങ്ങളും നല്‍കി എല്ലാവിഭാഗം ജനങ്ങളേയും ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന രീതിയാണ് ഭാരതീയര്‍ പിന്‍തുടര്‍ന്നു വരുന്നത്. ജനനമോ മരണമോ ഇല്ലാത്ത അപ്രാകൃത ദിവ്യ മംഗള സ്വരൂപനായി, എന്നാല്‍ ഏതു പാമര ജനങ്ങള്‍ക്കും ആശ്രയമായി എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന മഹാഗണപതി കരുണാമൂര്‍ത്തിയാകുന്നു. ഏതൊരു കാര്യത്തിന്റേയും തുടക്കത്തില്‍ വിഘ്‌നേശ്വര ആരാധന നിര്‍വ്വഹിക്കാന്‍ ആചാര്യന്മാര്‍ അനുശാസിക്കുന്നതും അതുകൊണ്ടാണ്. ഇത് മഹാഗണപതിയുടെ മഹത്വം വിളിച്ചറിയിക്കുന്നു. ഗണേശ പുരാണം, മുദ്ഗല പുരാണം, ഗണേശ ആഗമം, ഗണേശ തന്ത്രം എന്നിങ്ങനെ പല പല ഗ്രന്ഥങ്ങള്‍ നമുക്ക് വഴിയാംവണ്ണം ദേവന്റെ അനന്ത മഹിമകളെ പാടിത്തരുന്നു. പ്രഥമ പൂജ്യനായ ഭഗവാന് കറുക നാമ്പ്, മന്ദാരം എന്നീ വക പത്ര – പുഷ്പങ്ങളും അതുപോലെ മുക്കുറ്റിയും വളരെയധികം പ്രിയങ്കരമായവയാണ്. അതിനാല്‍ ഗണപതി ഹോമം, പൂജകള്‍ എന്നിവയില്‍ ഇവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഗണപതിയുടെ തത്വം അഗാധമായി ചിന്തിപ്പിക്കുന്ന വിഷയമാണ്. അത് തിരിച്ചറിയുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ പിന്നെ ഒരിക്കലും പതനത്തിന് ഇടവരില്ല. മഹാഗണപതിയുടെ വലിയ മസ്തകം വിശാലമായ ബുദ്ധി അല്ലെങ്കില്‍ ചിന്താഗതിയുടെയും ചെറിയ കണ്ണുകള്‍ സൂക്ഷ്മ നിരീക്ഷണത്തിന്റെയും പ്രതീകമാണ്. രണ്ടു കൊമ്പുകളില്‍ ഒന്നു മുറിഞ്ഞ നില അദ്വൈതത്തെയും, വലിയ ചെവികള്‍ സത്സംഗത്തിലൂടെ ധാരാളം ധര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ആവര്‍ത്തിച്ചു കേള്‍ക്കുവാനുള്ള കഴിവിനെയും ദീര്‍ഘമായ തുമ്പിക്കൈ എന്നത് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ശേഷിയെയും പ്രതിനിധീകരിക്കുന്നു. മറഞ്ഞ വായ വാങ് നിയന്ത്രണത്തേയും പാശാങ്കുശങ്ങള്‍ ജീവന്മാരേ നിയന്ത്രിക്കാന്‍ ഉള്ള കഴിവിനെയും, വലിയ കുടവയര്‍ പലതിനെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയെയും അഭയഹസ്തം വരദഹസ്തം എന്നിവ ശരണ്യനും അനുഗ്രഹം ചെയ്യാനുള്ള കഴിവിനെയും ഇടതു കരത്തിരിക്കുന്ന ലഡ്ഡുകങ്ങള്‍ അഥവാ മോദകങ്ങള്‍ ബ്രഹ്‌മാനന്ദത്തെ വിവരിക്കുന്ന സ്വരൂപമായും നമുക്ക് കാണാന്‍ സാധിക്കും. അനാദിയും അഖിലസാരമായതും ഭക്തര്‍ക്ക് വാഞ്ചിതങ്ങളെ പ്രദാനം ചെയ്യുന്നതുമായ ഗണശ ആരാധന സമ്പ്രദായം കടലുകള്‍ കടന്ന് വിദേശ രാജ്യങ്ങളിലും കാണപ്പെടുന്നു.