ബന്ധങ്ങള്‍ ചങ്ങലകളായി കഴുത്തില്‍ തുങ്ങുകയാണ്. ഇത് മൂലം വിശ്വാസത്തില്‍ വരെ വിട്ടുവിഴ്ച ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചങ്ങല എത്ര വലിച്ചാലും താന്‍ ഒരു പ്രേരണക്കും വഴങ്ങില്ല. ക്രിസ്തുവാണ് വഴികാട്ടിയും ജീവനും. എല്ലാം മനസില്‍ ഒന്നു കൂടി ഉറപ്പിച്ച് വീട്ടിലെത്തി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അപ്രതീക്ഷിതമായ വരവാണ്. കണ്ടതും അമ്മയും അനിയനുമെല്ലാം കൂട്ട കരച്ചിലായി. തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന്‍ കിടക്കുന്നുണ്ട്. അച്ഛനെ കണ്ടു. അച്ഛന്റെ കണ്ണുകളും നിറഞ്ഞു. പിന്നെ വിറച്ചു വിറച്ച് എന്തൊക്കെയോ പറഞ്ഞു.
ഞാന്‍ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും എന്റെ പാസ്‌പോര്‍ട്ട്, പേഴ്‌സ്, സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കാണാനില്ല. അതെല്ലാം വീട്ടുകാര്‍ എടുത്ത് മാറ്റിയിരുന്നു. ഞാന്‍ വിടുവിട്ട് എവിടെയും പോകുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. പുതിയ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കണമെങ്കില്‍ സമയമെടുക്കും. അതുവരെ വീട്ടില്‍? അങ്ങിനെ തോറ്റ് കൊടുക്കാന്‍ വാശി സമ്മതിച്ചില്ല. രാത്രി ഉറക്കം വന്നില്ല. പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുമില്ലാതെ പോകാന്‍ പറ്റുന്ന, വീട്ടുകാര്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത ഒരു സ്ഥലത്തെപ്പറ്റിയുള്ള ചിന്തകളുടെ അവസാനം ആ സ്ഥലം കണ്ടെത്തി. വര്‍ഗീസ് സാറിന്റെ പരിചയത്തിലുള്ള ഒരു ആശുപത്രി. സാറുമായി ബന്ധപ്പെട്ടു. സാറ് വിളിച്ച് പറയാമെന്ന് ഏറ്റതോടെ ബാംഗ്‌ളൂരിന്റെ ഒരു മൂലയിലുള്ള ആ ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രിലേക്ക് ജോലിക്കായി ഒരു മെയില്‍ അയച്ചു. ഒഴിവുണ്ടെന്ന് മറുപടി വന്നതോടെ പോകാന്‍ തീരുമാനിച്ചു. ആരോടും പറഞ്ഞില്ല. ഒരു സന്ധ്യക്ക് ആരുടെയും കണ്ണില്‍ പെടാതെ വീട്ടില്‍ നിന്ന് ഇറങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്‌ളൂരില്‍ എത്തി.
വീട്ടുകാര്‍ അന്വേഷിച്ചലയും എന്നൊക്കെ അറിയാമായിരുന്നെങ്കിലും ഒട്ടും വ്യാകുലപ്പെട്ടില്ല. വീട്ടുകാരുടെ സുഖ ദുഃഖങ്ങളൊക്കെ എന്നേ മനസ്സില്‍ നിന്ന് പോയിരുന്നു.പുതിയ ആശുപത്രിയിലെ സന്തോഷത്തില്‍ ഒരാഴ്ച കടന്നു പോയി. മൊബൈല്‍ സിം മാറ്റുവാന്‍ ആഗ്രഹിച്ചെങ്കിലും രേഖകള്‍ എല്ലാം വീട്ടുകാര്‍ അടിച്ചു മാറ്റി വെച്ചതിനാല്‍ കഴിഞ്ഞില്ല. ഈ സിം തന്റെ വാസസ്ഥലം കണ്ടു പിടിക്കുവാന്‍ കാരണമായേക്കാമെന്ന പേടി ഉണ്ടായിരുന്നു. പിന്നാലെ ആരൊക്കെയോ വിളിച്ചു കൊണ്ടിരുന്നുവെങ്കിലും ഫോണ്‍ എടുത്തില്ല.
ഒടുവില്‍ ഭയപ്പെട്ട പോലെ ആ കാള്‍ എത്തി. ട്രൂ കോളറില്‍ അത് എഴുതി കാട്ടി. തൊടുപുഴ പോലീസ് സ്റ്റേഷന്‍. താന്‍ ഫോണ്‍ എടുക്കാതായപ്പോള്‍ അവര്‍ ഹോസ്പിറ്റലിലേക്ക് വിളിച്ചു. നേഴ്‌സിങ് സൂപ്രണ്ട് വന്ന് പറഞ്ഞു. ‘പോലീസ് ഹോസ്പിറ്റലിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. മോള് ഇവിടെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. മോള് ഫോണ്‍ എടുക്കാത്ത പക്ഷം അവര്‍ കര്‍ണാടക പോലീസിനെയും കൂട്ടി ഇവിടെ വരുമെന്ന് പറയുന്നു. അത് സ്ഥാപനത്തിന്റെ സല്‍പേരിനെ ബാധിക്കും.’ ഫോണ്‍ എടുത്ത് സംസാരിക്കുവാന്‍ സൂപ്രണ്ട് എന്നെ നിര്‍ബന്ധിച്ചു.
അവര്‍ കൃത്യമായി തന്നെ മാര്‍ക്ക് ചെയ്തിരിക്കുന്നു. വീട്ടുകാരൊക്കെ ഇങ്ങോട്ട് വരും. സ്ഥാപനത്തെ ബാധിക്കും. സ്ഥലം കര്‍ണാടകയാണ്. ഫോണ്‍ എടുത്തു. തൊടുപുഴ എസ്.ഐ മറുഭാഗത്ത്. നിങ്ങളുടെ പേരില്‍ ഒരാഴ്ച മുമ്പ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കോടതി മുമ്പാകെ ഹാജരാകേണ്ടതുണ്ട്. കോടതിയില്‍ പറയുവാനുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ സ്വതന്ത്രയായി പോകാം. അല്ലെങ്കില്‍ നിങ്ങള്‍ മിസ്സിങ്ങാണെന്ന കാര്യം നാട്ടില്‍ സംസാരമാകും. എസ്.ഐ ഉപദേശിച്ചു. കോടതിയില്‍ ഹാജരാകാനാണ് സൂപ്രണ്ടും നിര്‍ബന്ധിക്കുന്നത്.
അന്നുതന്നെ തൊടുപുഴക്ക് തിരിച്ചു. വീട്ടില്‍ പോകില്ല എന്ന് തീരുമാനിച്ചിരുന്നു. പോലീസ് സ്റ്റേഷന്‍, കോടതി പിന്നെ തിരിച്ച് ബാംഗ്‌ളൂരിലേക്ക്. ഇതായിരുന്നു പദ്ധതി. പുലര്‍ച്ചയോടെ നാട്ടിലെത്തി. തന്റെ വരവ് ആരും അറിയാതിരിക്കാന്‍ കുറച്ച് ദൂരെ ബസ് ഇറങ്ങി ഓട്ടോയില്‍ പോലീസ് സ്റ്റേഷനിലേക്ക്. എസ്.ഐ വരുന്നത് വരെ സ്റ്റേഷനില്‍ ഒതുങ്ങിയിരുന്നു. എസ്.ഐ വന്ന് മൊഴി കൊടുത്തു കൊണ്ടിരിക്കേ എന്റെ വരവ് അറിഞ്ഞ് വീട്ടുകാര്‍ മൊത്തമായി സ്റ്റേഷനില്‍ എത്തി. ജനലിന് വെളിയില്‍ അച്ഛന്‍, അമ്മ, അനിയന്‍ പിന്നെ ബന്ധുമിത്രാദികള്‍. ആകെ ബഹളം. അച്ഛനും അമ്മയും അനുജനും തിരിച്ച് വരാന്‍ പറഞ്ഞു കൊണ്ട് എന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞു. നീ എങ്ങോട്ടും പോകണ്ട. നിനക്ക് നിയമപരമായി തന്നെ ക്രിസ്തുമതം സ്വീകരിക്കാം.
ഞാന്‍ ഇതൊന്നും ഗൗനിച്ചില്ല. കോടതിയില്‍ ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് തിരിച്ച് പോകാനുള്ള തിരക്കായിരുന്നു എനിക്ക്. ഉച്ചക്ക് കോടതി വിളിച്ചു. അച്ഛനും അമ്മയും കോടതിയിലും വന്ന് കരഞ്ഞു. ന്യായാധിപനും എന്നെ ഉപദേശിച്ചത് വീട്ടുകാരെ അനുസരിക്കാനാണ്. അന്യദൈവങ്ങളെ ആരാധിക്കുന്നവരുടെ കൂടെ ജീവിക്കുവാന്‍ കഴിയില്ലെന്ന് ഞാന്‍ കോടതിയെ അറിയിച്ചു. പുറപ്പാട് പുസ്തകം 23:32, 33 ”അന്യദേവന്മാരെ ആരാധിക്കുന്നവരെ തന്റെ ദേശത്ത് പ്രവേശിപ്പിക്കുവാന്‍ തന്നെ പാടില്ല. അവരുടെ കൂടെ കഴിയാനും പാടില്ല.”
കോടതി എന്നെ സ്വതന്ത്രയാക്കി. വയസ് 18 കഴിഞ്ഞതിന്റെ സ്വാതന്ത്ര്യം. അച്ഛനും അമ്മയും തളര്‍ന്ന് കോടതിയില്‍ ഇരുന്നു. പോലീസുകാര്‍ എന്നെ ബസ്സ്റ്റാന്റില്‍ എത്തിച്ച് ബാംഗ്‌ളൂര്‍ ബസില്‍ കയറ്റി ഉത്തരവാദിത്തം പൂര്‍ത്തിയാക്കി. ബസ് പുറപ്പെട്ടു. തലേ ദിവസം മുതലുള്ള യാത്രയും പിന്നീടുണ്ടായ പോലീസ്-കോടതി യുദ്ധവുമെല്ലാം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. തിരിച്ച് പോരുന്നതിന്റെ സന്തോഷമുള്ളതിനാല്‍ ബസിലിരുന്ന് ദു:സ്വപ്‌നങ്ങള്‍ ഇല്ലാതെ ഉറങ്ങി. ഉറക്കം പിടിച്ച് തുടങ്ങുമ്പോഴേക്കും വണ്ടി പെട്ടെന്ന് നിന്നു. ഒരു ബഹളം കേട്ട് കണ്ണ് തുറന്ന് നോക്കുമ്പോള്‍ ബസ് തടഞ്ഞ് കുറച്ചാളുകള്‍. അമ്മ ബസിന് മുമ്പില്‍ ചാടി വീണ് പരിക്കേറ്റ് ബസിനുള്ളിലേക്ക് കയറുന്നു. കൂടെ വേറെ ചിലയാളുകളും. അവര്‍ എന്നെ ബലമായി ബസില്‍ നിന്ന് ഇറക്കി ഒരു കാറില്‍ കയറ്റി ബന്ധിച്ച പോലെ കൊണ്ടുപോയി. രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഞാനൊരു ബന്ധു വീട്ടിലെത്തി. ഒരു മുറിക്കുള്ളില്‍ വീട്ടുകാരുടെ നിയന്ത്രണത്തില്‍. അച്ഛന്‍, അമ്മ എല്ലാവരെയും അകറ്റി നിര്‍ത്തി ജലപാനമില്ലാതെ മൂന്ന് നാല് ദിവസം. ഒടുവില്‍ അച്ഛന്‍ വന്ന് പറഞ്ഞു. ‘ഇത്രയും നാള്‍ ഞങ്ങള്‍ നിനക്ക് വേണ്ടി ജീവിച്ചു. നിനക്ക് ഞങ്ങളെ വേണ്ടെങ്കില്‍ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. നിനക്ക് മതം മാറാനുള്ള സൗകര്യം ഞങ്ങള്‍ തന്നെ ഒരുക്കി തരാം. യാത്ര പുറപ്പെട്ടോളൂ. അച്ഛന്‍ നിര്‍ദ്ദേശിച്ചു. അച്ഛനോടെനിക്ക് വളരെയധികം മതിപ്പ് തോന്നി.
എനിക്ക് യാത്രയാകാന്‍ ഒരു കാറ് വന്നു. എന്നോടൊപ്പം അച്ഛനും അമ്മയും അനിയനും കാറില്‍. ആ കാറ് വളരെ വേഗത്തില്‍ പോയിക്കൊണ്ടിരുന്നു. വഴിയില്‍ പല ബസ്‌സ്റ്റോപ്പുകളിലും ഇറങ്ങുവാന്‍ ഞാന്‍ തയ്യാറായെങ്കിലും ആ വണ്ടി നിന്നില്ല. എങ്ങോട്ടാണ് ഈ വണ്ടി പോകുന്നതെന്നറിയാതെ ഞാന്‍ വണ്ടിയിലിരുന്ന് വീര്‍പ്പ് മുട്ടി. അതങ്ങനെ ഓടി ഓടി ഒരു പഴയ വീടിന് മുമ്പില്‍ നിന്നു. സമയം രാത്രി 8 മണി കഴിഞ്ഞിരിക്കുന്നു. നിറയെ കുട്ടികള്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു മുറിയില്‍ ഞങ്ങള്‍ ഇരുന്നു. തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജമായിരുന്നു അതെന്ന് പിന്നിടെനിക്ക് മനസ്സിലായി.
ഏതാണ് ഈ സ്ഥലം. എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്? ഞാന്‍ നോക്കുമ്പോള്‍ എന്റെ മുന്നില്‍ എന്നെപ്പോലെ കുറെയാളുകള്‍. അവര്‍ ചിരിച്ചു കൊണ്ട് എന്നെ സ്വീകരിക്കുവാന്‍ നില്‍ക്കുകയാണ്. അവര്‍ സ്വയം പരിചയപ്പെടുത്തി. ശ്രുതി, ചിത്ര, മധു, സുജിത്ത് എന്നിങ്ങനെ പല പേരുകള്‍. എല്ലാവരും ചെറുപ്പക്കാര്‍. ആര്‍ഷ വിദ്യാസമാജമെന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഇതൊരു യോഗാ കേന്ദ്രവും ആത്മീയ കൗണ്‍സിലിംഗ് സെന്ററുമായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ഒരു ആചാര്യനുണ്ട്. മനോജ് ജി. നിനക്ക് എന്ത് കാര്യമുണ്ടെങ്കിലും ആചാര്യനോട് ചോദിക്കാം. ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം അദ്ദേഹത്തിനറിയാവുന്ന മറുപടികള്‍ നല്‍കും. അതിനു ശേഷം മോള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. ആചാര്യന്‍ ഇപ്പോള്‍ ഇവിടെയില്ല. രണ്ട് ദിവസത്തിനകം വരും. അതുവരെ ഈ കുട്ടികളോടൊത്ത് താമസിക്കാന്‍ മോള്‍ക്ക് വിരോധമില്ലല്ലോ.
താന്‍ വീണ്ടും കബളിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. എന്നാലും ആ ചേച്ചിമാര്‍ പറഞ്ഞതില്‍ ആശ്വസിക്കാന്‍ ചില വാക്കുകളുണ്ടായിരുന്നു. തന്റെ ഭാഗം ശരിയെന്ന് ബോദ്ധ്യപ്പെടുത്തിയാല്‍ തനിക്ക് തന്റെ വഴിക്ക് പോകാം. തന്നെ അവിടെയാക്കി വീട്ടുകാര്‍ പിറ്റേന്ന് തിരിച്ചു പോയി.
ആചാര്യന് വേണ്ടി രണ്ട് ദിവസത്തെ കാത്തിരുപ്പ്. ആചാര്യനെത്തി. വിളി കാത്തിരിക്കുന്നതിനിടയില്‍ വിളി വന്നു. അദ്ദേഹം എന്നോട് മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചോദിച്ചു. ഞാന്‍ ഉപാധി വെച്ചു. ബൈബിളിനെക്കുറിച്ചുളള ചര്‍ച്ചകള്‍ക്കേയുള്ളൂ. ആചാര്യനിത് സമ്മതിച്ചു. തന്റെ മുറിയിലെ വിശാലമായ ലൈബ്രറിയില്‍ നിന്ന് ഇഷ്ടമുള്ള ഒരു ബൈബിള്‍ എടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ബൈബിളോ , ഞാനിതെത്ര കണ്ടിരിക്കുന്നുവെന്ന ചിന്തയോടെ നിസ്സാരമായി ഞാനത് എടുത്തു. ഇങ്ങോര് ഈ ബൈബിളുകൊണ്ട് എന്നെ എന്ത് ചെയ്യാനാ എന്നായിരുന്നു എന്റെ മനസ്സില്‍.
ശാന്തിയുടെ ആഗ്രഹം പോലെ ബൈബിളില്‍ നിന്ന് തന്നെ തുടങ്ങാം. ആചാര്യന്‍ തുടക്കംകുറിച്ചു. അദ്ദേഹം പറയുന്നത് ഓരോന്നും വായിക്കുവാന്‍ നിര്‍ദ്ദേശിച്ചു. വായന തുടങ്ങി. ആചാര്യന്‍ പറഞ്ഞു. ‘ഒരു അദ്ധ്യാത്മിക സമ്പ്രദായത്തില്‍ ഏറ്റവും പ്രധാനമായത് ഈശ്വരദര്‍ശനവും ജീവിത ദര്‍ശനവുമാണ്. ഈ താരതമ്യ പഠനത്തിലൂടെ നമുക്ക് ബൈബിള്‍ പരിശോധിക്കാം. ബൈബിള്‍ പഴയനിയമത്തില്‍ നിന്ന് തന്നെ ചര്‍ച്ച തുടങ്ങി.
ബൈബിളിലെ ഏക ദൈവമായ യഹോവയെക്കുറിച്ച് എന്താണ് അഭിപ്രായം?
സകല പ്രപഞ്ചത്തിലും നിറഞ്ഞ് നില്‍ക്കുന്ന അദൃശ്യനും അരുപിയും ഏകനുമായ ദൈവം. ശക്തനായ ഏക ദൈവം. ഞാന്‍ പറഞ്ഞു. ആചാര്യന്‍ ബൈബിളില്‍ നിന്ന് ഓരോരോ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള എന്റെ മറുപടിക്ക് മറുപടിയായി ബൈബിള്‍ വായിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാനതില്‍ ചിലത് താഴെ കുറിക്കാം.
യഹോവയെക്കുറിച്ച്: ബൈബിളിലെ യഹോവ എന്ന ദൈവ സങ്കല്‍പ്പം കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ ആള്‍രൂപമാണ് (1. ശാമുവേല്‍ 15:2-3).മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വരെ കൊല്ലാന്‍ യഹോവയുടെ ആഹ്വാനം. ഉടന്‍ പോയി അമാലേക്കിനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീ പുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയേയും കൊല്ലുക.
അടുത്ത യഹോവ വാക്യം ആവര്‍ത്തന പുസ്തകത്തിലെ 13-ാം അദ്ധ്യായം 7-10 വരെ വായിപ്പിച്ചു. യഹോവ പറയുന്നു. ‘നിന്റെ അമ്മയുടെ പുത്രനായ നിന്റെ സഹോദരനോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ആത്മസുഹൃത്തോ വരു നമുക്ക് മറ്റ് ദേവന്മാരെ സേവിക്കാമെന്ന് രഹസ്യമായി പറഞ്ഞ് നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരിലേക്ക്, ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സമീപത്തോ വിദൂരത്തോ നിങ്ങള്‍ക്ക് ചുറ്റുമുള്ള ജനങ്ങളുടെ ചില ദേവന്മാരിലേക്ക് നിന്നെ വശീകരിച്ചാല്‍ നീ വഴങ്ങരുത്. അയാള്‍ക്ക് ചെവി കൊടുക്കരുത്. നിന്റെ കണ്ണുകളില്‍ അയാളോട് കാരുണ്യം ഉണ്ടാകരുത്. അയാളെ നീ വെറുതെ വിടരുത്. ഒളിച്ച് വെക്കുകയുമരുത്. അയാളെ നീ കൊല്ലണം – അയാളെ വധിക്കുവാന്‍ ആദ്യം നീ കരം ഉയര്‍ത്തണം. പിന്നീട് ജനങ്ങള്‍ എല്ലാവരും കരം ഉയര്‍ത്തണം. നീ അയാളെ കല്ലെറിഞ്ഞ് കൊല്ലണം. ഒരു നഗരത്തില്‍ അന്യ ദൈവാരാധന നടന്നാല്‍ നഗരം കത്തിക്കുക. ഇങ്ങനെയുള്ള ബൈബിള്‍ വചനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആചാര്യന്‍ എന്നെക്കൊണ്ട് വായിപ്പിച്ചു.
ആദ്യത്തെ രണ്ട് ദിവസം ഓരോ മണിക്കൂര്‍ ചര്‍ച്ച. ഞാന്‍ കേട്ടും മനസ്സിലാക്കിയും പഠിച്ച ബൈബിളും യഥാര്‍ത്ഥ ബൈബിളും തമ്മിലുള്ള അന്തരം, വൈരുദ്ധ്യം എന്നിവ ഒന്നൊന്നായി എന്റെ മുമ്പിലേക്ക് തന്നെ ആചാര്യന്‍ കൊണ്ടു വന്നു. എന്നെക്കൊണ്ടുതന്നെയാണ് അദ്ദേഹം ബൈബിള്‍ വാക്യങ്ങള്‍ ഒന്നൊന്നായി വായിപ്പിച്ചത്.
താന്‍ ഇതുവരെ മനസ്സിലാക്കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദിശയിലാണ് ആചാര്യന്‍ തന്നെക്കൊണ്ട് ബൈബിള്‍ വായിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബൈബിളിന് അവര്‍ പ്രചരിപ്പിക്കാത്ത കറുത്തൊരു മുഖമുണ്ടെന്ന് എനിക്ക് ആചാര്യന്‍ മണിക്കൂറുകള്‍ കൊണ്ട് ബോധ്യപ്പെടുത്തിത്തന്നു. നാടായ നാടു മുഴുവന്‍ ക്രിസ്ത്യാനിയാകാന്‍ ഹിന്ദു ധര്‍മത്തെ തള്ളിപ്പറഞ്ഞ് പോലീസ് സ്റ്റേഷന്‍ വരെ കയറി ഒളിച്ചോടിയിട്ട് ഇപ്പോള്‍ ക്രിസ്തു മതമല്ല ഹിന്ദു ധര്‍മമാണ് ശരിയെന്ന് പറഞ്ഞ് രംഗത്ത് വരാന്‍ എനിക്ക് വല്ലാത്ത ജാള്യത ഉണ്ടായിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് വേണ്ടി ഞാന്‍ അവസാന ശ്വാസം വരെ ബലം പിടിച്ചു. പക്ഷെ അതെല്ലാം ആര്‍ഷവിദ്യാ സമാജം പൊളിച്ചടുക്കി തന്നുകൊണ്ടിരുന്നു. ഹിന്ദു ധര്‍മ്മത്തെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചും എനിക്കുള്ള അജ്ഞത സ്വയം ബോധ്യപ്പെട്ടു. ഞാനങ്ങനെ ആര്‍ഷവിദ്യാ സമാജത്തിലെ ഒരു പഠിതാവായി.
കാലങ്ങള്‍ നീളുന്ന സനാതന ധര്‍മത്തിന്റെ ക്ലാസ്സുകളിലേക്കാണ് ഈ പഠനം എന്നെക്കൊണ്ടുചെന്നെത്തിച്ചത്. അവിടത്തെ പഠനം എന്റെ അതുവരെയുള്ള എല്ലാ ജീവിത വീക്ഷണങ്ങളെയും അട്ടിമറിച്ചു. ഞാന്‍ ആര്‍ഷവിദ്യാ സമാജത്തിലേക്ക് എത്തിപ്പെടുമ്പോള്‍ നേഴ്‌സിംഗ് ജോലിക്കായി എനിക്ക് കാനഡയില്‍ നിന്ന് വിസ വരുന്ന സമയമായിരുന്നു. ജോലി കിട്ടിയാല്‍ മാസം ലക്ഷങ്ങള്‍ കിട്ടും. ഈ പണമൊന്നും എന്നെ ആകര്‍ഷിക്കാത്ത തലത്തിലേക്ക് ഞാന്‍ എത്തിയിരുന്നു.
മറ്റൊരു മത വിശ്വാസത്തിലേക്ക് ചെന്നുപെട്ടതിനെ തുടര്‍ന്ന് എന്റെ വ്യക്തി ജീവിതത്തിലും കുടുംബത്തിലുമുണ്ടാക്കിയ അസാധാരണമായ പ്രതിസന്ധികള്‍. മാതാപിതാക്കള്‍ അനുഭവിച്ച പറഞ്ഞാല്‍ തീരാത്ത മാനസികവ്യഥ, നാട്ടിലുണ്ടാക്കിയ അനാവശ്യ സംസാരങ്ങള്‍, പണനഷ്ടം, മാനഹാനി എന്നൊക്കെ പറയാവുന്ന രീതിയിലുള്ള പെരുമാറ്റ വൈകല്യങ്ങള്‍ എല്ലാം എന്നെ വല്ലാതെ ദുഃഖിപ്പിച്ചിരുന്നു. ഒരുപാട് പേര്‍ ദിനം പ്രതി ഈ മതപരിവര്‍ത്തന മാഫിയയുടെ കെണിയില്‍ പെടുന്നു. സായ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുളള ആഗോള ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് പോലും ഒത്തുതീര്‍പ്പിന്റെ മന്ത്രമായ സര്‍വമത പ്രാര്‍ത്ഥനയെ ആശ്രയിക്കേണ്ടി വരുന്നു. ഇതിനെല്ലാം ഒരു പരിഹാരമായി തന്റെ ജീവിതം ആര്‍ഷ വിദ്യാ സമാജത്തിന് സമര്‍പ്പിക്കണം. അതിന്റെ മുഴുവന്‍ സമയ ധര്‍മ പ്രചാരികയാകണം. ഞാന്‍ ഈ ആഗ്രഹം ആചാര്യനെ ധരിപ്പിച്ചു. അങ്ങിനെ എന്നെ ആചാര്യന്‍ ശിക്ഷ്യയായി സ്വീകരിച്ചു. മറ്റൊരു ആഗ്രഹം കൂടി ഞാന്‍ ആചാര്യനെ ധരിപ്പിച്ചു. അതെന്റെ വിവാഹത്തെ കുറിച്ചായിരുന്നു.
എന്റെ മുറച്ചെറുക്കനായ രതീഷുമായി കുട്ടിക്കാലം തൊട്ടേയുള്ള ബന്ധം. അത് ഒരു വിവാഹ നിശ്ചയത്തിന്റെ തലത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിയുന്നത്. അതോടെ ഈ ബന്ധം എന്റെ മനസ്സില്‍ നിന്ന് തന്നെ മാഞ്ഞു പോയി. പിന്നീട് ഞാന്‍ ആര്‍ഷ വിദ്യാ സമാജത്തില്‍ എത്തുകയും മാതാപിതാക്കളുടെയും കുടുംബ ബന്ധങ്ങളുടെയുമൊക്കെ മൂല്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആദ്യം ഓടി വന്നത് രതീഷുമായിട്ടുള്ള എന്റെ പൂര്‍വ സ്മരണകളാണ്. കുടുബ ബന്ധങ്ങള്‍ വീണ്ടും തളിരിട്ടതോടെ ആ തളിരിനുള്ളില്‍ ഒന്ന് രതീഷായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം ആചാര്യനെ ധരിപ്പിക്കുകയും അദ്ദേഹം മുന്‍കൈയ്യെടുത്ത് ഞങ്ങളുടെ വിവാഹം നടത്തിത്തരികയും ചെയ്തു. 2018 മെയ് 20 ന് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ആചാര്യന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം.
ഇന്നിപ്പോള്‍ ഞങ്ങളുടെ ജീവിതം ആര്‍ഷവിദ്യാ സമാജം എന്ന ഗംഗയില്‍ ശാന്തമായി ഒഴുകുന്നു. 6 വര്‍ഷമായി ഞാന്‍ സമാജത്തിലെ ധര്‍മ പ്രചാരികയാണ്. എന്നോടൊപ്പം എന്റെ ഭര്‍ത്താവും സമാജത്തില്‍ ഉണ്ട്. ഞങ്ങള്‍ക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്. നിരഞ്ജന്‍ ശങ്കര്‍. ഞങ്ങള്‍ രണ്ടു പേരും സമാജത്തിന്റെ പബ്ലിക് റിലേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. മിക്കവാറും യാത്രയിലായിരിക്കും. ഒരു യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ജീവിത വിജയത്തിനടിസ്ഥാനം.