ശാന്തി കൃഷ്ണ, തൊടുപുഴക്കാരിയായ യുവതി, അപ്രതീക്ഷിതമായുണ്ടായ ചില ആഘാതങ്ങളെയും വേദനകളെയും സഹയാത്രികരായി ജീവിതത്തോടൊപ്പം കൊണ്ടുപോകുന്നവള്‍. മദ്ധ്യതിരുവിതാംകൂറിലെ യുവതയുടെ ഇടയില്‍ ജോലിയെപ്പറ്റി ചിന്തിച്ചാല്‍ ആദ്യം മുമ്പില്‍ വരിക രണ്ട് സാദ്ധ്യതകളാണ്. നേഴ്‌സിംഗും അദ്ധ്യാപനവും. കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം നേഴ്‌സിങ്ങിനോടാണ്. ആതുര സേവന ശുശ്രുഷയേക്കാള്‍ ഉപരിയായി നേഴ്‌സിംഗ് തെരഞ്ഞെടുക്കുന്നത് ഇതിന് വിദേശ ജോലിയും ഉയര്‍ന്ന പണസമ്പാദന സാദ്ധ്യതയും കൂടുതലുള്ളതിനാലാണ്. ശാന്തി കൃഷ്ണയും നേഴ്‌സിംഗ് തന്നെയാണ് തിരഞ്ഞെടുത്തത്.
മദ്ധ്യതിരുവിതാംകൂറിലെ സാമൂഹ്യ പശ്ചാത്തലം ഒന്ന് വേറെയാണ്. അതിസമ്പന്നമായ ക്രൈസ്തവ സഭകളുടെ സമ്പത്തിനെയും സ്വാധീനത്തെയും ആശ്രയിക്കാതെ ഒരാള്‍ക്കും മുന്നോട്ട് പോകാനാകില്ല. ഒന്നുകില്‍ വിദ്യാലയം, അല്ലെങ്കില്‍ ആശുപത്രി. അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു സ്ഥാപനം. എണ്ണമറ്റ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, വിശാലമായ തോട്ടങ്ങള്‍ അങ്ങിനെ പോകുന്നു. ക്രൈസ്തവരുടെ ആരാധനാലയങ്ങളും വഴി നീളെയുളള കപ്പോളകളും അതിനുള്ളിലെ സുന്ദരികളും സുന്ദരന്മാരുമായ ദൈവ പുണ്യാളാന്മാരുമെല്ലാം ഏവരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു.
ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും കുറവൊന്നുമില്ല. പക്ഷെ ഭൂരിപക്ഷം ക്ഷേത്രങ്ങള്‍ക്കും അതിപുരാതന, ചിരപുരാതന ചരിത്രം മാത്രമേയുള്ളൂ. ക്രൈസ്തവ ആരാധനാലയങ്ങളെ അപേക്ഷിച്ച് ഇവക്ക് പ്രഥമദൃഷ്ട്യാ ഭംഗി കുറവാണ്. ദാരിദ്ര്യമായിരിക്കും മിക്കവാറും ക്ഷേത്രങ്ങളുടെ മുഖമുദ്ര. ഓടിട്ട, ചോര്‍ന്നൊലിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍. വേലിയും കോലുമില്ലാത്ത കാടു പിടിച്ച പറമ്പുകള്‍. പ്രാര്‍ത്ഥനയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അര്‍ത്ഥമറിയാത്ത കുറെ ആളുകള്‍ ഒഴിവുള്ളപ്പോള്‍ വന്ന് പ്രദക്ഷിണം വെച്ച് എന്തെങ്കിലും ഭണ്ഡാരത്തിലിട്ട് പ്രാര്‍ത്ഥിച്ച് തിരിച്ച് പോരുന്ന സ്ഥലം.
ഇതിന്റെ ഗുണദോഷങ്ങള്‍ അവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും ഉണ്ടായിരുന്നു. ലക്ഷ്യബോധമോ അടിസ്ഥാന ആശയങ്ങളോ ഇല്ലാത്ത ഭക്തി, ശാന്തി കൃഷ്ണയുടെ വീടും ഇങ്ങനെയായിരുന്നു. ഇനി ശാന്തി കൃഷ്ണയുടെ വാക്കുകളില്‍: ”പഠിക്കുന്ന കാലത്ത് സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് ഒക്കെ നടക്കുമ്പോള്‍ അതിന്റെ തൊട്ടടുത്ത് അമ്പലമോ കാവുകളോ ഉണ്ടെങ്കിലും തൊട്ടടുത്ത പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനായിരുന്നു ഇഷ്ടം. ഭഗവദ്ഗീത പാരായണത്തില്‍ ജില്ലാ തലത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും കൂടുതല്‍ ഇഷ്ടം ക്രൈസ്തവരുടെ കൂട്ട പ്രാര്‍ത്ഥനകളും കൊന്ത ചൊല്ലലും ഒന്നിച്ചു കൂടിയുളള ഉദ്ദിഷ്ട കാര്യഫലപ്രാപ്തി പ്രാര്‍ത്ഥനകളുമൊക്കെയായിരുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അമ്പലത്തില്‍ കൊടുക്കുന്ന പോലെ വഴിപാടുകള്‍ പള്ളിയിലും കൊടുക്കുമായിരുന്നു. വഴിപാട് നേര്‍ന്ന് എത്രയോ തവണ അല്‍ഫോണ്‍സമ്മായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോയിരിക്കുന്നു. ഇതായിരുന്നു വീട്ടിലെ അന്തരീക്ഷം.
നേഴ്‌സിങ്ങിന് ബാംഗ്‌ളൂരില്‍ പ്രവേശനം കിട്ടുന്നത് 2009 ല്‍ ആണ്. ആ വര്‍ഷം ഡിസംബറില്‍ ഒഴിവുകാലത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരിച്ചു. ബാംഗ്‌ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അപരിചിതനായ ഒരാള്‍ വന്ന് പ്രേമാഭ്യര്‍ത്ഥന നടത്തുകയും അത് നിരസിച്ചതിനെ തുടര്‍ന്ന് താന്‍ ട്രെയിന്‍ കയറുമ്പോള്‍ അയാള്‍ തന്നെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് തട്ടി ഇടുകയും ചെയ്ത സംഭവമുണ്ടായി. 2009 ഒക്ടോബര്‍ 20 ന് ആയിരുന്നു ഇത്. അന്ന് കിട്ടിയ ഗുരുതരമായ പരിക്ക് ഈ 2023 ലും ഭേദമാകാതെ കൊണ്ടുനടക്കുന്നുവെന്നതാണ് ഈ പരിക്കിന്റെ ബാക്കിപത്രം. ആ വീഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റി. മൂന്ന് ഓപ്പറേഷനുകള്‍ ചെയ്തിട്ടും ഇന്നും പൂര്‍വസ്ഥിതിയിലാകാത്ത കാല്‍ ഭേദമാകാന്‍ വീട്ടുകാര്‍ ഒരു വഴിപാട് നേര്‍ന്നു. വേദന മാറാന്‍ അല്‍ഫോണ്‍സമ്മായുടെ കബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാമെന്ന്. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്‍ രാധാകൃഷ്ണന്‍ നായരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന അമ്മ നിര്‍മലയും ഇങ്ങനെ ചെയ്യുമോയെന്ന് ആരും ചോദിക്കരുത്. വൈദ്യശാസ്ത്രം പകച്ച് നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന അദ്ഭുതങ്ങളുടെ പുറകേ പായുന്ന ഒരു സാധാരണ മനുഷ്യരായിരുന്നു അവരും.
വേദനിക്കുന്ന കാലുമായി ഞാന്‍ അല്‍ഫോണ്‍സമ്മക്ക് ചുറ്റും ഇഴഞ്ഞു. തുടര്‍ന്ന് മണര്‍കാട് പള്ളിയിലും കടനാട് പള്ളിയിലും മെഴുകുതിരി പ്രാര്‍ത്ഥന. പോരാതെ വയല കപ്പലു പള്ളിയില്‍ മാതാവിനോട് ആള്‍രൂപം വെച്ച് പ്രാര്‍ത്ഥന. മനസ്സിലെ ദൈവ സങ്കല്‍പ്പങ്ങളിലേക്ക് ക്രൈസ്തവത കയറി വന്നു.
ഇതിനിടയില്‍ ബാംഗ്‌ളൂര്‍ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായി പ്രവേശനം കിട്ടി. അവിടത്തെ സര്‍വ മത പ്രാര്‍ത്ഥനയിലും ക്രിസ്തുദേവനെ സ്തുതിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂടെ പഠിച്ചിരുന്ന പകുതിയോളം വരുന്ന ക്രൈസ്തവ കുട്ടികള്‍ അവിടത്തെ സര്‍വമത പ്രാര്‍ത്ഥനകളിലും ഭജന കളിലുമൊന്നും പങ്കെടുത്തിരുന്നില്ല. സത്യസായിയുടെ പിറന്നാള്‍ ദിവസം എല്ലാവര്‍ക്കും സമ്മാനമായി അമ്പലത്തില്‍ പൂജിച്ച മധുര പലഹാരങ്ങളും സാരികളും നല്‍കാറുണ്ട്. എന്നാല്‍ അന്യദേവന് പൂജിച്ചതായതുകൊണ്ട് പലഹാരം ഇവര്‍ സ്വീകരിക്കാറില്ല. സാരി സ്വീകരിക്കും.
അവര്‍ അവരുടെ പ്രാര്‍ത്ഥനകള്‍ വേറെ വേറെ നടത്തിയിരുന്നു. ഞാനും അവരോടൊപ്പം ചേരുമായിരുന്നു. എന്റെ ക്രൈസ്തവ ആഭിമുഖ്യം അവര്‍ക്കും അറിയാമായിരുന്നു. അവര്‍ എനിക്കൊരു കൊന്തയും ബൈബിളും സമ്മാനിച്ചു. കൂടാതെ അവര്‍ നാട്ടില്‍ പോയി വരുമ്പോഴൊക്കെ മധുര പലഹാരങ്ങളുടെ കൂടെ ഒരു കൊന്തയും ഉണ്ടാകാറുണ്ടായിരുന്നു.
സായി മിഷന്‍ ഒരു ഹിന്ദു പശ്ചാത്തലമുള്ള സ്ഥലമാണ്. പക്ഷെ എന്നിട്ടും സായി മിഷന്‍ ഒരാളെയും ഹിന്ദു ധര്‍മത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ശ്രമിച്ചില്ല. അവിടെ സര്‍വ മതത്തിനായിരുന്നു പ്രാധാന്യം. അവിടത്തെ പ്രാര്‍ത്ഥനകളും അങ്ങിനെയാണ്. അതേസമയം അവിടത്തെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവരെ അവരുടെ മതം പഠിപ്പിക്കാന്‍ നിരന്തരം പണിയെടുത്തു കൊണ്ടിരുന്നു. അവിടത്തെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളില്‍ പലരും പെന്തക്കോസ്ത്, യഹോവ സാക്ഷി പോലെയുള്ള സഭകളിലെ പാസ്റ്റര്‍മാരുടെ മക്കളായിരുന്നു. അഹിന്ദുക്കളാരും ഈ സര്‍വ മത പ്രാര്‍ത്ഥനക്ക് ഒരു വിലയും കല്‍പ്പിച്ചിരുന്നില്ല. ഒരു നിലപാടും ഇല്ലാത്തവന്റെ മതമാണ് സര്‍വ മതം എന്നാണ് അവരുടെ പെരുമാറ്റത്തില്‍ നിന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. സായി മിഷന്‍ പറയുന്നു എല്ലാ മതങ്ങളും ഒന്നാണെന്ന്. ക്രൈസ്തവര്‍ പറയുന്നു അവരുടെ മതം മാത്രം ശരിയെന്ന്. അപ്പോള്‍ രണ്ടുകൂട്ടരും പൊതുവായി അംഗീകരിക്കുന്ന കാര്യം ക്രിസ്തുമതം ശരിയെന്നല്ലേ? ഈ നിഗമനത്തില്‍ ഞാന്‍ എത്തി.
സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉള്ളിലും മിഷണറി സംഘം വിജയകരമായി അവരുടെ ദൗത്യം നിര്‍വഹിച്ചു കൊണ്ടിരുന്നു. സര്‍വ മതക്കാര്‍ ഇതറിഞ്ഞിരുന്നില്ലെന്ന് മാത്രം. മലയന്‍കീഴില്‍ നിന്ന് നേഴ്‌സിങ്ങ് പഠിക്കുവാന്‍ സായിയില്‍ വന്ന, മനോഹരമായി പാട്ടുകളും ഭജനകളും പാടുന്ന ഒരു ഹിന്ദു വിദ്യാര്‍ത്ഥി. അച്ഛന്‍ പോലീസുകാരനാണ്. ഈ കുട്ടി നിരന്തര സമ്പര്‍ക്കത്തിലൂടെ ക്രിസ്ത്യന്‍ ഗ്രൂപ്പിന്റെ കൈയില്‍പ്പെട്ടു. ഒന്നാം വര്‍ഷം കഴിയാറായപ്പോഴെക്കും അവള്‍ സര്‍വമത പ്രാര്‍ത്ഥന വിട്ടിരുന്നു. രണ്ടാം വര്‍ഷം ഞാനവളെ കാണുമ്പോള്‍ അവളുടെ കൈയില്‍ ബൈബിളും കൊന്തയുമൊക്കെ ഉണ്ടായിരുന്നു. അവള്‍ ഒന്നാം തരം ക്രൈസ്തവ പ്രചാരകയെപ്പോലെയായിരുന്നു.
ക്രിസ്തുമതമാണ് സത്യമതമെന്ന നിഗമനത്തില്‍ ഞാന്‍ എത്തിയ കാര്യം ഞാനെന്റെ കൂട്ടുകാരെ അറിയിച്ചു. എനിക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അവര്‍ക്ക് തെല്ലും സംശയമോ കാലതാമസമോ ഉണ്ടായിരുന്നില്ല. ആരും അറിയാതെ അവര്‍ എനിക്ക് ക്രിസ്തുമതത്തെ പരിചയപ്പെടുത്തുന്ന ബൈബിള്‍ അടങ്ങുന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു തന്നു. പിന്നാലെ മാതാവിന്റെ അദ്ഭുതങ്ങളും കുര്‍ബാനയുമൊക്കെ മൊബൈലില്‍ എത്തി. ഓരോ ദിവസവും പുലരുന്നത് ഇതിലെ പാട്ടുകളും പ്രസംഗങ്ങളും കേട്ടുകൊണ്ടാണ്. ആദ്യം ധ്യാനം കൂടാനും പിന്നാലെ ജ്ഞാനസ്‌നാനം സ്വീകരിക്കാനും അവര്‍ എന്നെ ഉപദേശിച്ചു.
നേഴ്‌സായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാലായിലുള്ള മരിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ ചേരുകയും ഇന്റര്‍ നാഷണല്‍ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുകയും പാസ്സാകുകയും ചെയ്തു. അവിടെയും അന്തരീക്ഷം മൊത്തം ക്രൈസ്തവമയമായിരുന്നു. ഈ മേഖലയില്‍ തികച്ചും ആസൂത്രിതമായി മിഷണറി മതം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മതപ്രചരണത്തിന്റെ മറ്റൊരു മേഖലയായി മാറി ഇവിടം. അവിടെ നിന്നയക്കുന്ന എല്ലാ മെസേജുകളും തുടങ്ങുന്നത് തന്നെ പ്രൈസ് ദ ലോഡ് എന്ന വാചകത്തോടെയാണ്. പരീക്ഷ വിജയത്തിന്റെ പകുതി ക്രെഡിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും പകുതി ചേര്‍പ്പുങ്കല്‍ പള്ളിയ്ക്കുമെന്നായിരുന്നു അവരുടെ പക്ഷം. പരീക്ഷ വിജയത്തിന് നന്ദി പറയുവാന്‍ അവര്‍ എന്നെ ചേര്‍പ്പുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകുകയും മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു. എനിക്കിത് വളരെ സന്തോഷകരമായിരുന്നു.
വിദേശത്തേക്ക് പോകാനുള്ള അപേക്ഷകള്‍ അയക്കുവാന്‍ തുടങ്ങി. മാലിദ്വീപിലേക്ക് അവസരങ്ങള്‍ ഉണ്ടെന്നറിഞ്ഞു. അതിനുള്ള ശ്രമം തുടങ്ങി. ഇങ്ങനെ ഇമിഗ്രേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഗീസ് സാറുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന് എന്റെ ക്രൈസ്തവാഭിമുഖ്യം മനസ്സിലായി. എനിക്ക് ക്രിസ്തുമതം പഠിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ തന്നെ പഠനം ആരംഭിച്ചു.
അദ്ദേഹം ഓരോ ദിവസവും ബൈബിള്‍ ഭാഗങ്ങള്‍ വാട്ട്‌സാപ്പിലും അല്ലാതെയും അയച്ചു തരും. ഞാനത് കൈയോടെ പഠിക്കും. ഇദ്ദേഹം ശരിക്കും ഒരു ക്രിസ്തുമത പ്രചാരകനായിരുന്നു. എനിക്കിത് അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഇച്ഛാനുസരണം ഞാന്‍ ദൈവത്തെയും സ്വര്‍ഗത്തേയുമെല്ലാം കണ്ട് അനുഭവം പറയുവാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ മെസേജുകള്‍ കൊണ്ട് മൊബൈല്‍ നിറഞ്ഞു.
ഇങ്ങനെയിരിക്കേ മാലിദ്വീപിലേക്ക് പോകാന്‍ വേറൊരു ഏജന്‍സി വഴി അവസരം കിട്ടി. മാലിയിലേക്ക് യാത്രയായി. മാലിദ്വീപ് സമ്പൂര്‍ണ മുസ്ലിം രാഷ്ട്രമാണെങ്കിലും നേഴ്‌സിംഗ് മേഖല ക്രൈസ്തവരുടെ നിയന്ത്രണത്തിലായിരുന്നു. എന്റെ ബാച്ചിലും ഞാനൊഴിച്ച് എല്ലാം ക്രൈസ്തവര്‍. അവര്‍ ഡ്യൂട്ടിക്ക് പോകുമ്പോഴും വരുമ്പോഴും പ്രാര്‍ത്ഥന. മതകാര്യങ്ങളിലുള്ള ചിട്ടയും പരിജ്ഞാനവും. ഞങ്ങള്‍ തമ്മിലുളള സംസാരങ്ങള്‍ക്കിടയില്‍ മതം കയറിവരും. ശിവലിംഗം, സര്‍പ്പപൂജ, വിഗ്രഹാരാധന, സ്വര്‍ഗം, ഏക ദൈവ സങ്കല്‍പ്പം ഇങ്ങനെ പലതും പലപ്പോഴായി ചര്‍ച്ചക്ക് വന്നുകൊണ്ടിരുന്നു. എനിക്കിതിനൊന്നും ഉത്തരമില്ലായിരുന്നു. ഉത്തരം അന്വേഷിച്ച് പോയതുമില്ല. കാരണം എന്റെ മനസ്സില്‍ ഹിന്ദുമതം ഇല്ലായിരുന്നു. ഞാന്‍ ക്രൈസ്തവ സുഹൃത്തുക്കളോടൊപ്പം ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയായി മാറി. എന്റെ മാറ്റം അവരെപ്പോലും അദ്ഭുതപ്പെടുത്തിയിരുന്നു. പക്ഷെ ഞാനാകട്ടെ എനിക്കൊരു മാറ്റവുമില്ല എന്ന രീതിയില്‍ പലപ്പോഴും അഭിനയിച്ച് നടന്നിരുന്നു.
സുഹൃത്തുക്കള്‍ ഡ്യൂട്ടിക്ക് പോകുമ്പോഴും രാത്രി കിടക്കുന്നതിനു മുമ്പും ഏറെ നേരം പ്രാര്‍ത്ഥിച്ചിരുന്നു. ഈ പ്രാര്‍ത്ഥന എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ പ്രാര്‍ത്ഥന തന്റെ സ്വന്തം പേരുപോലെ എനിക്ക് ഹൃദ്യമായിരുന്നു. എല്ലാവരുടെയും കൂടെ കമ്പനി കൊടുക്കാനെന്ന ഭാവത്തിലായിരുന്നെങ്കിലും ഞാനും ആ പ്രാര്‍ത്ഥനയുടെ ഭാഗമായി. ‘സ്വര്‍ഗസ്ഥനായ പിതാവേ നിന്റെ നാമം പൂജിതമാകണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ’ എന്ന് തുടങ്ങുന്ന ക്രൈസ്തവരുടെ നിത്യ പ്രാര്‍ത്ഥന എന്റെ ഹൃദയത്തിന്റെ രാഗവും താളവുമായി മാറി. എന്റെ തീരുമാനങ്ങള്‍ക്കും അപ്പുറത്തായിരുന്നു ഞാന്‍ അറിയാതെ തന്നെ എന്നില്‍ സംഭവിച്ച മാറ്റം. ഞാന്‍ എന്റെ കുടുംബത്തേക്കാളും ബന്ധങ്ങളെക്കാളും പ്രാധാന്യം ക്രിസ്തുവില്‍ സമര്‍പ്പിച്ചു. പഴയതെല്ലാം മറക്കാനും പുതിയൊരു നിത്യജീവന്‍ നേടാനും ഞാന്‍ ഉറപ്പിച്ചു.
മാറ്റങ്ങളും തീരുമാനങ്ങളും പെട്ടെന്നായിരുന്നു. സ്വന്തമെന്ന് കരുതി ജീവനു തുല്യം സ്‌നേഹിച്ച മുറച്ചെറുക്കനെ ഹിന്ദുവെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞു. ഹിന്ദുക്കളെന്ന കാരണത്താല്‍ വീട്ടുകാരോടും അകന്നു. ബൈബിള്‍ ആവര്‍ത്തന പുസ്തകം പഠിപ്പിക്കുന്നതിങ്ങനെയാണ്. ആവര്‍ത്തന പുസ്തകം 13-ാം അദ്ധ്യായം 6-ാം വാക്യം 10 തൊട്ട് 12 വരെ പറയുന്നു. ‘നിന്റെ അമ്മയുടെ പുത്രനായ നിന്റെ സഹോദരനോ നിന്റെ പുത്രനോ പുത്രിയോ പ്രിയപ്പെട്ട ഭാര്യയോ ആത്മ സുഹൃത്തോ അവര്‍ മറ്റു ദൈവത്തെ ആരാധിക്കാമെന്ന് രഹസ്യമായി പറഞ്ഞാല്‍
1) നീ അതിന് വഴങ്ങരുത്.
2) അയാള്‍ക്ക് നീ ചെവി കൊടുക്കരുത്.
3) നിന്റെ കണ്ണുകളില്‍ അവനോട് കാരുണ്യം കാട്ടരുത്.
4) നീയവനെ വെറുതെ വിടരുത്.
5) ഒളിച്ചു വെയ്ക്കുകയും അരുത്.
6) അയാളെ നീ കൊല്ലണം.
7) അയാളെ വധിക്കുവാന്‍ നീ ആദ്യം കൈകള്‍ ഉയര്‍ത്തണം.
8) ജനങ്ങളെ കൂട്ടി കല്ലെറിഞ്ഞ് കൊല്ലണം.
ദൈവഹിതം അനുസരിക്കുവാന്‍ തന്നെയായിരുന്നു തീരുമാനം. മതത്തിനും ദൈവത്തിനും മുമ്പില്‍ ഉറ്റവരോ ഉടയവരോ ഇല്ല. സ്വര്‍ഗവും വിധിനിര്‍ണയങ്ങളും ഇരിക്കുന്നത് ദൈവത്തിന്റെ കരങ്ങളിലാണ്.
എന്റെ ക്രൈസ്തവ മിത്രങ്ങള്‍ക്കെല്ലാം എന്റെ മാറ്റം അറിയാമായിരുന്നു. അവരുടെ പിന്തുണ ശക്തമായിരുന്നു. മൊത്തം ഒരു ക്രൈസ്തവ അന്തരീക്ഷം. ദിവസത്തില്‍ പല തവണ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്ന ഞാന്‍ വിളിക്കാതെയായി. ഞാന്‍ വിളിക്കാതെയായപ്പോള്‍ വീട്ടില്‍ നിന്നുള്ള വിളികള്‍ കൂടി. ഞാന്‍ ഫോണ്‍ എടുക്കാതെയായി. അവര്‍ക്കാണെങ്കില്‍ ചോദിക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍. എനിക്കാണെങ്കില്‍ പറയുവാന്‍ ഒന്നുമില്ല.
നമ്മളെ നിരീക്ഷിക്കുവാന്‍ എവിടെയും ഒരു കണ്ണ് ഉണ്ടാകുമെന്ന് പറയുന്നത് എത്ര ശരിയാണ്. ഞാനറിയാതെ തന്നെ ഒരു ഹിന്ദു ചേച്ചി എന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവര്‍ എല്ലാം കൃത്യമായി തന്നെ വീട്ടില്‍ അറിയിച്ചു. വീട്ടുകാര്‍ ഞെട്ടി. ക്രൈസ്തവ ദേവാലയങ്ങളെ സ്വന്തമായി കണ്ടിരുന്നെങ്കിലും ഞാന്‍ ആ മതത്തിന്റെ ഭാഗമാകുന്നത് വീട്ടുകാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഇതോടെ വീട്ടില്‍ നിന്നുള്ള വിളികളുടെ എണ്ണം കൂടി. യാചനകളും പരിവേദനങ്ങളും. എന്റെ മനസ്സാകെ ശൂന്യമായി.
അങ്ങിനെ ഒരു ദിവസം ഞാനൊരു തീരുമാനമെടുത്തു. മാലിദ്വീപ് വീടുക. തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. മൊബൈല്‍ ഓഫാക്കി. തിരുവനന്തപുരത്ത് ഇറങ്ങി ഫോണ്‍ ഓണ്‍ ചെയ്തു. മിസ്ഡ് കോളുകളുടെ ബഹളം. കുടെ എസ്എംഎസ്സുകളും. അതില്‍ ഒരു മെസേജ് അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍. ഉടനെ വീട്ടിലേക്ക് തിരിച്ചു.”
(തുടരും)