ഉദയഗിരിയും ഖണ്ഡഗിരിയും ജൈന മതത്തിന്റെ തിരുശേഷിപ്പുകളാണെങ്കില്‍ ഇനി കാണാന്‍ പോകുന്നത് ബുദ്ധമതത്തിന്റെ സ്വാധീനശക്തികള്‍ വെളിവാക്കുന്ന ധൗളി കലിംഗയാണ്. ഭുവനേശ്വറില്‍ നിന്നും ഏതാണ്ട് എട്ടുകിലോ മീറ്റര്‍ തെക്കു മാറി ഉള്‍ഗ്രാമത്തിലാണ് ധൗളി ഗിരി എന്നുകൂടി പേരുള്ള ധൗളി കലിംഗ സ്ഥിതി ചെയ്യുന്നത്. ഭാരത ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു സംഭവത്തിന്റെ സ്മാരകമാണ് ധൗളി കലിംഗ. ചന്ദ്രഗുപ്തമൗര്യനാല്‍ സ്ഥാപിതമായ മൗര്യ സാമ്രാജ്യം ഭാരത ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണ്ണകാലമായാണ് കണക്കാക്കിപ്പോരുന്നത്. ചന്ദ്രഗുപ്ത മൗര്യനെ തുടര്‍ന്ന് ബിന്ദുസാരനും ബിന്ദുസാരനു ശേഷം പുത്രന്‍ അശോകനും മൗര്യസാമ്രാജ്യത്തിന്റെ അധിപതികളായി. ബി.സി. 304 മുതല്‍ 232 വരെയാണ് അശോകന്റെ ജീവിതകാലം. ബി.സി. 268 ല്‍ മൗര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി അഭിഷിക്തനായ അശോകന്‍ തന്റെ പരാക്രമം കൊണ്ട് രാജ്യാതിര്‍ത്തി വിപുലമാക്കിക്കൊണ്ടിരുന്നു. പാടലി പുത്രം തലസ്ഥാനമാക്കി മൗര്യസാമ്രാജ്യം അതിശക്തമായി പടര്‍ന്നു പന്തലിച്ചു. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെ കിഴക്കുപടിഞ്ഞാറ് അതിര്‍ത്തി ഉണ്ടായിരുന്ന സാമ്രാജ്യം തെക്കോട്ടുള്ള അതിന്റെ വ്യാപനത്തിന്റെ ഭാഗമായാണ് അശോക ചക്രവര്‍ത്തി ബി.സി. 261 ല്‍ കലിംഗം എന്ന രാജ്യത്തെ കടന്നാക്രമിച്ചത്. അതിശക്തമായി ചെറുത്തു നിന്ന കലിംഗത്തെ കീഴടക്കുവാന്‍ അശോകന് ഭീകരമായ കൂട്ടക്കുരുതികള്‍ നടത്തേണ്ടി വന്നു. യുദ്ധവിജയം നേടിയതിനു ശേഷം പടക്കളം സന്ദര്‍ശിച്ച അശോകന് യുദ്ധത്തിന്റെ ഭീകരത ബോധ്യപ്പെടുകയും യുദ്ധവും ഹിംസയും കൊണ്ട് ആത്യന്തികമായി മനുഷ്യന്‍ ഒന്നും നേടുന്നില്ല എന്ന് തിരിച്ചറിയുകയും ചെയ്തത്രെ. ഈ മാനസാന്തരം അശോകനെ അഹിംസയുടെ പ്രവാചകനായ ഭഗവാന്‍ ബുദ്ധന്റെ ചിന്തകളിലേക്ക് ആകര്‍ഷിക്കുകയും അദ്ദേഹം ബുദ്ധമതാനുയായി ആയി മാറുകയും ചെയ്തു. ബുദ്ധമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കി മാറ്റിയ അശോകന്‍ ബുദ്ധഭിക്ഷുക്കള്‍ക്ക് ഉദാരമായ സഹായങ്ങള്‍ ചെയ്തുപോന്നു. ഒരു പക്ഷെ ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മതാധിഷ്ഠിതമായ ഒരു രാജ്യം നിലവില്‍ വന്നത്. ബുദ്ധമതത്തിന്റെ അതിരുകടന്ന അഹിംസാവാദം ഭാരതത്തിന്റെ പൗരുഷ ശക്തി ചോര്‍ത്തിക്കളഞ്ഞു എന്നും അത് പില്‍ക്കാലത്ത് ഇസ്ലാമിക ശക്തികള്‍ ഇവിടെ ആധിപത്യം ചെലുത്താന്‍ കാരണമായി എന്നും ഒരു വാദമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അശോകന്റെ മാനസാന്തരത്തിന് ഭാരതം പില്‍ക്കാലത്ത് വലിയ വില കൊടുക്കേണ്ടി വന്നു എന്നു സാരം.

ഒരു ലക്ഷത്തോളം ആള്‍ക്കാര്‍ കൊല്ലപ്പെട്ട കലിംഗ യുദ്ധം അശോകനില്‍ മാനസാന്തരമുണ്ടാക്കി. യുദ്ധത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട് അശോകന്‍ ആയുധം ഉപേക്ഷിച്ചു എന്നു കരുതപ്പെടുന്ന സ്ഥലമാണ് ധൗളി കലിംഗ. ദയാനദിയുടെ തീരത്തുള്ള ഒരു കുന്നിന്‍ മുകളിലാണ് അശോകന്‍ തന്റെ യുദ്ധഭ്രാന്തിന്റെ ഉടവാള്‍ ഉപേക്ഷിച്ചത്. 1972-ല്‍ ജാപ്പനീസ് ബുദ്ധസംഘം ഒരു ശാന്തി സ്തൂപം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ പഗോഡയില്‍ ധ്യാന ലീനനായ ബുദ്ധന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ധൗളി കലിംഗയിലെ കുന്നിന്‍ മുകളില്‍ ശാന്തി സ്തൂപത്തില്‍ നില്‍ക്കുമ്പോള്‍ ആയിരത്താണ്ടുകള്‍ക്കു മുമ്പ് നടന്ന ഭീകര യുദ്ധത്തിന്റെ ആര്‍ത്തനാദങ്ങള്‍ കാറ്റില്‍ പാറി വരുന്നതു പോലെ തോന്നും. ഇനിയും അവസാനിക്കാത്ത യുദ്ധങ്ങളുടെ കണ്ണീര്‍ ചാലു പോലെ താഴ്‌വാരത്തുകൂടി ദയാ നദി ഒഴുകി മറയുന്നു. ധൗളി ഗിരി സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ അവിടെ നിന്നും ഒരു ബുദ്ധപ്രതിമ വാങ്ങി. മാര്‍ബിള്‍പൗഡര്‍ കൊണ്ടുണ്ടാക്കിയ ആ ധ്യാന ബുദ്ധന് ആയിരത്തി അഞ്ഞൂറ് രൂപ പറഞ്ഞെങ്കിലും അഞ്ഞൂറ് രൂപ കൊടുത്ത് ഞാനത് സ്വന്തമാക്കി. തിരിച്ചിറങ്ങുമ്പോള്‍ താഴ്‌വാരത്ത് കരിങ്കല്ലില്‍ പാതി കൊത്തിയ ഒരു ഗജശില്‍പ്പം കാണാന്‍ കഴിയും. ഇതിന്റെ കീഴില്‍ സാമാന്യം വിസ്തരിച്ചുള്ള അശോകന്റെ ഒരു ശിലാശാസനം കൊത്തി വച്ചിരിക്കുന്നു. പാലി ഭാഷയിലായിരുന്നു ആ ശിലാലിഖിതം. കുന്നിലും താഴ്‌വരയിലുമായി പരന്നു കിടക്കുന്ന കലിംഗ യുദ്ധഭൂമിയില്‍ നിന്ന് സായാഹ്ന സൂര്യനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ യാത്രയായി. മടങ്ങിവരുന്ന വഴിയില്‍ പാതയോരങ്ങളില്‍ മാര്‍ബിളിലും മണല്‍ കല്ലിലും അപൂര്‍വ്വമായി കരിങ്കല്ലിലും നിര്‍മ്മിച്ചു വച്ചിരിക്കുന്ന ദേവീദേവന്മാരുടെ ശില്പങ്ങള്‍ കാണാന്‍ കഴിയും. തമിഴ്‌നാട്ടില്‍ കന്യാകുമാരിക്കടുത്തുള്ള മൈലാടി ശില്‍പ്പ ഗ്രാമത്തിലും മഹാബലിപുരത്തെ ശില്‍പ്പ ഗ്രാമത്തിലുമൊക്കെ മണിക്കൂറുകള്‍ ചിലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ള എനിക്ക് ശില്‍പ്പങ്ങളും ശില്‍പ്പികളും എന്നും ഒരു ദൗര്‍ബല്യമായിരുന്നു. ശില്‍പ്പങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഞങ്ങള്‍ ഒന്നു രണ്ടു സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി. ശില്‍പ്പങ്ങള്‍ എല്ലാം കച്ചവടത്തിന് വച്ചവയാണ്. കോഴിക്കോട് കേസരി ഭവന്റെ മുന്നിലുള്ള മാവിന്‍ ചുവടിനെ ധ്യാന ബുദ്ധനെ സ്ഥാപിച്ച് സ്‌നേഹ ബോധിയാക്കണമെന്ന ആശയം മനസ്സില്‍ രൂപപ്പെട്ട സമയമായതുകൊണ്ട് ബുദ്ധപ്രതിമകളോട് വല്ലാത്ത ഒരാകര്‍ഷണമുണ്ടായിരുന്നു. മാര്‍ബിളില്‍ തീര്‍ത്ത ബുദ്ധന്റെ വ്യത്യസ്തമായ നിരവധി ശില്‍പ്പങ്ങള്‍ അവിടെ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ വലിപ്പമുള്ള മാര്‍ബിള്‍ ബുദ്ധവിഗ്രഹം അറുപതിനായിരം രൂപയ്ക്ക് കോഴിക്കോട് എത്തിച്ചു തരാമെന്ന് ഒരു കച്ചവടക്കാരന്‍ വാഗ്ദാനം ചെയ്തു. ശില്‍പ്പങ്ങളുടെ ചിത്രങ്ങള്‍ ആവശ്യത്തിന് ക്യാമറയില്‍ പകര്‍ത്തി കച്ചവടക്കാരോട് നന്ദി പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


ചെങ്കല്ലുകൊണ്ടൊരു വിസ്മയം
കലിംഗത്തിലെ യുദ്ധഭൂമിയില്‍ നിന്ന് മുക്തി ധാമമായ ലിംഗ രാജമന്ദിറില്‍ എത്തുമ്പോള്‍ വൈകിട്ട് അഞ്ചര കഴിഞ്ഞിരുന്നു. സൂര്യന്‍ മറയുന്നതിനു മുമ്പ് ക്ഷേത്രത്തിന്റെ ബൃഹദാകാരം ക്യാമറയിലാക്കാന്‍ ഞാന്‍ ക്ഷേത്ര മതിലിനു പുറത്തുള്ള നടവഴിയിലൂടെ ഒരോട്ടപ്രദക്ഷിണം തന്നെ നടത്തേണ്ടി വന്നു. കാരണം ചെന്നിറങ്ങിയത് കിഴക്കുവശത്തായിരുന്നു. ലൈറ്റ് എതിരായതുകൊണ്ട് നല്ല ചിത്രം എടുക്കുക അസാധ്യമായിരുന്നു. പുറം മതില്‍ ചുറ്റി ഏതാണ്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് പടിഞ്ഞാറെ നടയിലെത്തുമ്പോഴേയ്ക്ക് പ്രകാശം മങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടയില്‍ പുറത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ഗോപുരത്തില്‍ കയറി കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി. ഭുവനേശ്വറിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ലിംഗരാജ മന്ദിര്‍. അമ്പത്തഞ്ച് മീറ്ററാണ് പ്രധാന ശ്രീകോവിലിന്റെ ഉയരം. ഏറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രം സോമവംശി രാജാക്കന്മാര്‍ നിര്‍മ്മിച്ചു എന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. പിന്നീട് ഗംഗാ രാജവംശം ഈ ക്ഷേത്രത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതായും പറയപ്പെടുന്നു. കേരളത്തിലെ ക്ഷേത്ര നിര്‍മ്മിതിയില്‍ പിന്‍തുടരുന്ന തനതായ ചില വാസ്തു ശൈലി ഉള്ളതുപോലെ ഒഡീഷയിലെ ക്ഷേത്രങ്ങളും തനതായ ഒരു വാസ്തു ശൈലി പിന്‍തുടരുന്നതായി കാണാം. കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളും എട്ട് ഒമ്പത് നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. കരിങ്കല്ലും മരവും ഇവിടെ ധാരാളമായി ലഭിച്ചിരുന്നതുകൊണ്ട് ക്ഷേത്ര നിര്‍മ്മിതി മുഖ്യമായും ഇവ കൊണ്ടാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഒഡീഷയിലെ കല്ലുകള്‍ക്ക് കേരളത്തിലെ കരിങ്കല്ലിന്റെ അത്ര ബലം ഉള്ളതായി തോന്നിയില്ല. ലിംഗരാജ മന്ദിര്‍ നിര്‍മ്മിക്കാന്‍ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത് ചെങ്കല്ല് അഥവാ ലാറ്ററേറ്റ് ആണ്. മണല്‍ കല്ലുകളും ക്ഷേത്ര നിര്‍മ്മിതിയില്‍ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. ഏതാണ്ട് രണ്ടര മീറ്റര്‍ ഘനത്തില്‍ ചെങ്കല്ലുകൊണ്ട് പടുത്ത കോട്ട പോലുള്ള ചുറ്റുമതിലിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിമാനം (ശ്രീകോവില്‍), ജഗമോഹന മന്ദിര്‍ (അസംബ്ലി ഹാള്‍), നടമന്ദിര്‍ (നൃത്ത മണ്ഡപം അല്ലെങ്കില്‍ ഫെസ്റ്റിവല്‍ ഹാള്‍), ഭോഗ മണ്ഡപം (നിവേദ്യം സമര്‍പ്പിക്കുന്ന ഇടം അല്ലെങ്കില്‍ ബലി മണ്ഡപം) എന്നിങ്ങനെ നാല് മുഖ്യ ഭാഗങ്ങള്‍ ഒഡീഷയിലെ വലിയ ക്ഷേത്രങ്ങള്‍ക്കെല്ലാം ഉണ്ട്. കേരളത്തിലാകുമ്പോള്‍ ശ്രീകോവില്‍, നമസ്‌ക്കാര മണ്ഡപം, നാലമ്പലം, തിടപ്പള്ളി, ബലിക്കല്‍ പുര, വിളക്കുമാടം, കൊടിമരം, ഗോപുരം എന്നിങ്ങനെയാണ് മഹാക്ഷേത്രങ്ങളുടെ വാസ്തു ഘടന.
ലിംഗ രാജമന്ദിറിലെ വിഗ്രഹം ആദികാലത്ത് സ്ഥിതി ചെയ്തിരുന്നത് (ശ്രീമൂലസ്ഥാനം) ഒരു മാവിന്റെ ചുവട്ടിലായിരുന്നത്രെ. അതുകൊണ്ട് ഇതിന് ഏകാമ്ര ക്ഷേത്രം എന്നുകൂടി പേരുണ്ട്. ആമ്രം എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം മാവ് എന്നാണ്. വിഗ്രഹം സ്വയംഭു ആയതു കൊണ്ട് നിയതമായ ഒരാകൃതി ഇല്ല. അതായത് പൂര്‍ണ്ണമായും ശിവലിംഗരൂപം ഇവിടുത്തെ വിഗ്രഹത്തിനില്ല. വിഗ്രഹത്തില്‍ ശിവനോടൊപ്പം വിഷ്ണുവിന്റെയും സാന്നിദ്ധ്യം ഉണ്ട് എന്ന വിശ്വാസത്തില്‍ മൂര്‍ത്തിയെ ശങ്കരനാരായണനായി കണ്ടാരാധിക്കുന്നു. ശിവപൂജയ്ക്ക് ഉപയോഗിയ്ക്കുന്ന കൂവളത്തിലയും വിഷ്ണു പൂജയ്ക്കു പയോഗിക്കുന്ന തുളസി ഇലയും ഇവിടെ ഒരു പോലെ അര്‍ച്ചനയ്ക്കും അലങ്കാരത്തിനും ഉപയോഗിക്കുന്നു. ശിവരാത്രിയും വൈഷ്ണവ ഉത്സവമായ അശോകാഷ്ടമിയും ഇവിടെ തുല്യ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഒഡീഷ പൊതുവെ വൈഷ്ണവാരാധനയ്ക്ക് പേരുകേട്ട സ്ഥലമാണ്. ഒരു കാലത്ത് ശൈവരും വൈഷ്ണവരും രണ്ടു മതങ്ങള്‍ പോലെ പോരടിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. രണ്ട് ആരാധനാ സമ്പ്രദായങ്ങളുടേയും ബോധപൂര്‍വ്വമായ ഒരു സമന്വയമാകാം ലിംഗ രാജമന്ദിറില്‍ നടപ്പിലാക്കിയത്. അശോകാഷ്ടമിയില്‍ നടക്കുന്ന രഥയാത്രയില്‍ ലിംഗ രാജനായി കണക്കാക്കുന്നത് കൃഷ്ണനെയാണ്. രഥത്തില്‍ ലിംഗ രാജനും സഹോദരി രുഗ്മിണിയും പ്രതിഷ്ഠകൊള്ളും. ഇത് ഒരു പക്ഷെ പുരി ജഗന്നാഥ രഥയാത്രയുടെ സ്വാധീനം കൊണ്ടു കൂടി ഉണ്ടായതാവാം. കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ സ്വാധീനം കൊണ്ട് നാട്ടിലുള്ള ഭഗവതീ ക്ഷേത്രങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ പൊങ്കാല ആഘോഷിക്കുന്നതുപോലുള്ള ഒരു സമ്പ്രദായം.
ഇപ്പോഴുള്ള ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നു. എന്നാല്‍ ഭോഗ മണ്ഡപത്തിന്റെ നിര്‍മ്മിതി പന്ത്രണ്ടാം നൂറ്റാണ്ടാണ്. എ.ഡി. 1099 നും 1104 നും ഇടയിലാണ് ഇന്നു കാണുന്ന നടമണ്ഡപം പൂര്‍ത്തിയായത്. സോമവംശ രാജാവായ യയാതിയുടെ കാലത്താണ് (എ.ഡി. 1025-1040) ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്. കിഴക്കോട്ട് ദര്‍ശനമായി ദൗള ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. പണ്ടു മുതലെ വിദേശികള്‍ക്കും അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. അഥവാ കടന്നാല്‍ ശുദ്ധി ക്രിയകള്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ ലിംഗരാജ മന്ദിര്‍ കേരളത്തിന്റെ ശൈലിയാണ് പിന്‍തുടരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്ര ചടങ്ങുകള്‍ വീക്ഷിക്കാന്‍ വൈസ്രോയി ലോര്‍ഡ് കഴ്‌സണ്‍ വരാറുണ്ടായിരുന്നെന്നും അദ്ദേഹത്തിനു വേണ്ടി മതിലിനു പുറത്ത് നിരീക്ഷണ ടവര്‍ കെട്ടി എന്നുമാണ് വിശ്വാസം. എന്തായാലും നിരീക്ഷണ ടവര്‍ ഇപ്പോഴും ഉണ്ട്. അവിടെ നിന്നാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാണാന്‍ കഴിയും. ഈ ടവറില്‍ നിന്നാണ് ഞാന്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത മതില്‍ കെട്ടിനുള്ളിലെ ഉപദേവാലയങ്ങളുടെ എണ്ണമാണ്. ഏതാണ്ട് അമ്പതില്‍പരം ദേവാലയങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. പലതും അന്തിത്തിരി പോലും കൊളുത്താതെ ജീര്‍ണ്ണാവസ്ഥയിലാണ് കിടക്കുന്നത്. ഓരോ കാലത്ത് ഓരോരുത്തര്‍ സ്ഥാപിച്ചതാകാം ഇവയൊക്കെ. പൊതുവെ ഒരു മ്യൂസിയത്തില്‍ കയറിയ അന്തരീക്ഷമാണ് ക്ഷേത്രത്തിനുള്ളില്‍ ഉള്ളത്. കാലപ്പഴക്കത്തിന്റെ ജീര്‍ണ്ണത ക്ഷേത്രത്തിനകത്തും പരിസരത്തും തങ്ങി നില്‍ക്കുന്നുണ്ട്. എന്നാല്‍ പാര്‍വ്വതീദേവീ ക്ഷേത്രം പോലുള്ള ഉപദേവാലയങ്ങള്‍ വളരെ ഭംഗിയായും സൂക്ഷിച്ചിട്ടുണ്ട്. പാര്‍വ്വതീദേവിയ്ക്ക് കൂട്ടുകാരായി ശ്രീകോവിലിനുള്ളില്‍ നാലോ അഞ്ചോ പൂച്ചകള്‍ സകുടുംബം വിഹരിക്കുന്നത് കൗതുകമുണര്‍ത്തി. ആരും അവയെ ഓടിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ല. രാവിലെ ആറു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ഇവിടുത്തെ ദര്‍ശന സമയം. വലിയ ഭക്തജനത്തിരക്കൊന്നും ഇവിടെ കാണാന്‍ കഴിഞ്ഞില്ല. ലിംഗ രാജക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് നിരവധി ചെറു ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. അവയെല്ലാം ലിംഗരാജ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു പോലെ ചെങ്കല്ലുകൊണ്ട് പടുത്തവയാണ്. തൊട്ടടുത്തു തന്നെയുള്ള കേദാര്‍ ഗൗരി എന്ന ദേവീക്ഷേത്രം കൂടി സന്ദര്‍ശിച്ച് നാലു ദിവസം നീണ്ടു നിന്ന ഒഡീഷ പര്യടനം ഞങ്ങള്‍ അവസാനിപ്പിച്ചു.

വെളുപ്പിനാണ് കേരളത്തിലേക്കുള്ള ഞങ്ങളുടെ ട്രെയിന്‍. റെയില്‍വെ സ്റ്റേഷനടുത്ത് തലശ്ശേരിക്കാരന്‍ കൃഷ്‌ണേട്ടന്‍ നടത്തുന്ന ഹോട്ടല്‍ സ്വാഗതിലാണ് രാത്രി തങ്ങാന്‍ നിശ്ചയിച്ചത്. ഒഡീഷയില്‍ പണ്ട് ജോലി ചെയ്തിരുന്ന എന്റെ ബന്ധു നാരായണേട്ടന്റെ സുഹൃത്താണ് കൃഷ്‌ണേട്ടന്‍. നാല്‍പ്പതില്‍പരം വര്‍ഷങ്ങളായി ഭുവനേശ്വറില്‍ ബിസിനസ് നടത്തുന്ന കൃഷ്‌ണേട്ടന് ഒഡീഷയില്‍ അഞ്ചോ ആറോ ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും ഉണ്ട്. നാരായണേട്ടന്‍ വിളിച്ചു പറഞ്ഞതനുസരിച്ച് അദ്ദേഹം ഞങ്ങളെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഞങ്ങളെ അദ്ദേഹം കേരളത്തിന്റെ രുചികള്‍ കൊണ്ട് സ്‌നേഹപൂര്‍വ്വം സത്കരിച്ചു. സഫലമായ ഒരു യാത്രയുടെ ഓര്‍മ്മകളുമായി പിറ്റേന്ന് രാവിലെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
(അവസാനിച്ചു)