”2024ലെ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗ്ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണെന്ന് സിപിഎം കരുതുന്നു. ഇതിന് യോജിക്കാന്‍ കഴിയുന്നവരോടൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.” സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് പൊതുസിവില്‍ കോഡിനെക്കുറിച്ച് 2023ല്‍ പാര്‍ട്ടി നയം വ്യക്തമാക്കുന്നത് ഇങ്ങിനെയാണ്. പൊതു സിവില്‍കോഡിനെക്കുറിച്ച് ഇ.എം.എസ്സിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നും പൊതു സിവില്‍കോഡ് നടപ്പാക്കണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ലെന്നുമാണ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയെന്നറിയപ്പെടുന്ന തോമസ് ഐസക് വാദിക്കുന്നത്.
”ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്നാണ്” സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ കുറിച്ചത്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ് ഈ നീക്കം എന്നാണ് പിണറായി വിജയന്റെ അഭിപ്രായം. ”ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികത്തിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നുതിനുള്ള മുന്നൊരുക്കമാണ് പൊതു സിവില്‍കോഡെന്നാണ്” സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. പൊതു സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്നും മതേതര ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും സിവില്‍കോഡിനെ എതിര്‍ത്ത് രംഗത്ത് വരാനുള്ള സമയമായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. ഇതുസംബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ സുന്നിവിഭാഗമായ സമസ്തയെ ക്ഷണിക്കുമെന്നും യോജിക്കാവുന്ന എല്ലാവരുമായും ഇക്കാര്യത്തില്‍ യോജിക്കുമെന്നും മുസ്ലിംലീഗിനെയും ക്ഷണിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തിയത്. ”പൊതു സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം ഏറ്റവും ഹീനമാണെന്നും വളരെ സ്‌ഫോടനാത്മകമായ വര്‍ഗീയ വിഭജനത്തിലേക്ക് രാജ്യം പോകുന്നത് തടയണമെന്നുമാണ്” മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബിയുടെ അഭിപ്രായം. ”പൊതു സിവില്‍ കോഡ് ഇന്നത്തെ സാഹചര്യത്തില്‍ ദേശത്തിന്റെ അഖണ്ഡതയ്ക്കും യോജിപ്പിനും തടസ്സമുണ്ടാക്കുന്നതാണെ”ന്നാണ് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവന്‍ പറയുന്നത്.
ഭാവിയില്‍ നടപ്പാക്കണമെന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വത്തിലാണ് പൊതുസിവില്‍കോഡ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ പൊതുസിവില്‍ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ”സത്യാനന്തര കാലത്തെ” സിപിഎം ലക്ഷ്യമിടുന്നത് എന്താണ്? 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ലക്ഷ്യം വെച്ച് കേരളത്തിലെ മുസ്ലിം വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കാനുള്ള അടവ് നയമാണ് സിപിഎം കൈക്കൊള്ളുന്നത്. വര്‍ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലപ്പെടുത്തുന്ന പാര്‍ട്ടി നിലപാടുകള്‍ കൈയൊഴിഞ്ഞുകൊണ്ട് ജമാത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗിന്റെയും വര്‍ഗീയ നിലപാടുകള്‍ അവരേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ സിപിഎം പാടുപെടുകയാണ്. പൊതുസിവില്‍ കോഡ് ചര്‍ച്ചയുടെ പ്രസക്തി ഇപ്പോള്‍ എന്താണെന്നാണ് സിപിഎം ചോദിക്കുന്നത്. എന്നാല്‍ 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചര്‍ച്ച തുടങ്ങിവെച്ച ഇഎംഎസ് നമ്പൂതിരിപ്പാടിനെയും ഇര്‍ഫാന്‍ ഹബീനെയും സൗകര്യപൂര്‍വ്വം മറികടന്നു കൊണ്ടാണ് സിപിഎം ഇപ്പോള്‍ പരിഹാസ്യമായ നിലപാടിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ് ഇര്‍ഫാന്‍ ഹബീബ് പൊതുസിവില്‍ കോഡ് ചര്‍ച്ച തുടങ്ങിവെച്ചത്. സമ്മേളനത്തിന്റെ സമാപനസഭയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ഇര്‍ഫാന്‍ ഹബീബ് ഉയര്‍ത്തിയ ആശയത്തെ കൂടുതല്‍ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് സംസാരിച്ചത്. അതൊരു ആസൂത്രിത പദ്ധതിയായിരുന്നുവെന്ന് വ്യക്തം. കേരളത്തിന്റെ അന്നത്തെ സാഹചര്യത്തില്‍ ഇഎംഎസ് ബോധപൂര്‍വ്വം ചര്‍ച്ച തുടങ്ങിവെക്കുകയായിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഇതിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വരികയായിരുന്നു.
എന്തായിരുന്നു ഇഎംഎസ് പറഞ്ഞത്?
”ഭരണഘടനയിലെ ഏകീകൃത സിവില്‍ നിയമവകുപ്പും ഇന്ത്യന്‍ നിയമത്തിലെ വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി ചെയ്യുന്നത്. ഏകീകൃത സിവില്‍ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള ബഹുജന സംഘടനകള്‍ നടത്തുന്ന സമരം പ്രോത്സാഹനാര്‍ഹമാണെന്നു കൂടി പാര്‍ട്ടി അഭിപ്രായപ്പെടുന്നു.” 1985 സപ്തംബര്‍ 6 ലക്കം ചിന്ത വാരികയിലാണ് ഇഎംഎസ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ഇത് വ്യക്തമാക്കിയത്.
”വിവിധ മുസ്ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സുപ്രീംകോടതി വിധിയും വിവാഹബന്ധം വേര്‍പ്പെടുത്തി നിരാധാരരായ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിന് കൊടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ പ്രൊസിഡയര്‍ കോഡിന്റെ 125-ാം വകുപ്പും ഇന്ത്യാരാജ്യത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും ഒരു ഏകീകൃത സിവില്‍ നിയമം വേണമെന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനയിലെ 44-ാം വകുപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സമുദായത്തിലെ ജനാധിപത്യവാദികള്‍ മുന്നോട്ടുവരുമെന്ന് കമ്മറ്റി ആശിക്കുന്നു.” ഇന്ന് പൊതുസിവില്‍ നിയമത്തിനെതിരെ സംസ്ഥാനമെങ്ങും പോരാട്ടം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഏകെജി സെന്ററില്‍ നിന്നു പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ പഴയ ഈ പ്രമേയം കണ്ടെത്തി വായിക്കുന്നത് നല്ലതാണ്. പൊതുസിവില്‍ കോഡിനുവേണ്ടി കേരളത്തില്‍ വ്യാപകമായ ചര്‍ച്ച ആരംഭിച്ച 1980കളിലെ സിപിഎം എങ്ങിനെയാണ് 2023ല്‍ വ്യത്യസ്തമായത് എന്ന് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. ആര്‍എസ്എസ്സിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള അജണ്ട, ഹിന്ദുത്വ അജണ്ട എന്നൊക്കെ പൊതുസിവില്‍ കോഡ് വിഷയത്തെ വ്യാഖ്യാനിക്കുന്ന ഇന്നത്തെ സിപിഎം നേതാക്കളും ആസ്ഥാന ബുദ്ധിജീവികളും 1980 കളില്‍ ഈ ചര്‍ച്ച കേരളത്തില്‍ തുടങ്ങിവെച്ച ഇഎംഎസിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ കേരളത്തിന് കൗതുകമുണ്ട്.
”ഹിന്ദുക്കളുടെ ഇടയില്‍ നടന്നേടത്തോളം മാറ്റങ്ങള്‍ പോലും മുസ്ലിങ്ങളുടെ ഇടയില്‍ നടന്നിട്ടില്ല. പോരെങ്കില്‍ പഴയ ജീര്‍ണ സാമൂഹ്യവ്യവസ്ഥ അതേപടി നിലനിര്‍ത്തുന്ന ഒരു ന്യൂനപക്ഷ മത വിഭാഗമെന്ന നിലക്ക് തങ്ങളുടെ മൗലിക പൗരാവകാശമാണ് ആ ആചാരങ്ങള്‍ തുടരുകയെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആ സമുദായത്തിലുണ്ട്” എന്നായിരുന്നു മുസ്ലിം മതത്തിനെക്കുറിച്ച് 1985ല്‍ ഇഎംഎസ് നിരീക്ഷിച്ചത്. ”ഇനിയും തകര്‍ക്കപ്പെടേണ്ട ജാതി-മതാദി ജീര്‍ണ്ണ സാമൂഹ്യ വ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ക്കെതിരായി ഒരു വശത്തു വളര്‍ന്നുവരുന്ന കുത്തക മുതലാളിത്ത ശക്തികള്‍ക്കെതിരായി മറുവശത്തും പോരാടുകയാണ്” പാര്‍ട്ടിയുടെ കടമയെന്ന് താത്വികാചാര്യന്‍ എഴുതിവെച്ചത് ഗോവിന്ദന്‍ മാഷിന് പാര്‍ട്ടി ക്ലാസില്‍ എടുക്കേണ്ട വിഷയം മാത്രമല്ല പാര്‍ട്ടി പിന്തുടരേണ്ട പാതയാണെന്നും ആരാണ് നേതാക്കളെ ഇക്കാലത്ത് ബോധ്യപ്പെടുത്തുക?
സിപിഎം എവിടെയാണ് നിലയുറപ്പിക്കേണ്ടത് എന്ന് ഇഎംഎസ് കൃത്യമായി വിവരിക്കുന്നുണ്ട്. ”മുസ്ലിംസമുദായത്തില്‍ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മില്‍ നടക്കുന്ന സമരത്തില്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമുണ്ട്. പുരോഗമനവാദികളുടെ കൂടെയാണ് പാര്‍ട്ടി. അവര്‍ക്ക് ക്രിയാത്മകമായ പിന്തുണയും സജീവമായ സഹകരണവും നല്‍കി മുതലാളിത്തപൂര്‍വ്വ സമൂഹത്തിന്റെ അവശിഷ്ടങ്ങളില്‍ ഒന്നായ മുസ്ലിം സമുദായത്തിലെ പഴഞ്ചന്‍ ആചാര നടപടികള്‍ക്കെതിരായ സമരം വിജയിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്” (ചിന്ത 19-07-1985). ഇന്ന് മുസ്ലിം സമുദായത്തിന്റെ ഏത് പക്ഷത്താണ് സിപിഎം നിലയുറപ്പിച്ചിരിക്കുന്നതെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ ‘മുസ്ലിം സമുദായത്തിലെ ആധുനികവല്‍ക്കരണ പ്രക്രിയയെ പിന്തുടരുന്നവരെ സഹായിക്കുകയാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ കടമ’ എന്ന് പുസ്തകത്തിലെഴുതി വെക്കുകയും സമസ്തയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഫത്വകള്‍ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തെ ശരിയായി വിലയിരുത്താന്‍ ഇന്ന് പാര്‍ട്ടി അണികള്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. ഒന്നും രണ്ടും മാത്രമല്ല വേണേല്‍ ഇഎംഎസിന്റെ മോളേം കെട്ടുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ തെരുവുകളില്‍ ശരിഅത്ത് സംരക്ഷണ റാലി സംഘടിപ്പിച്ച മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെ ആശയസമരം നടത്തിയ സിപിഎമ്മിനെയല്ല അണികള്‍ ഇന്ന് അനുഭവിക്കുന്നത്. കെ.ടി. ജലീലും മുഹമ്മദ് റിയാസും സൃഷ്ടിക്കുന്ന ആശയ പരിസരത്തില്‍ സംഘടിത മുസ്ലിം വര്‍ഗ്ഗീയ മുഷ്‌കിന് മുന്നില്‍ അടിയറവ് പറയുന്ന നവ നേതൃത്വമാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്. മുസ്ലിം ഭീകര സംഘടനകളില്‍ നിന്ന് ഏറെയൊന്നും അകലെയല്ല സിപിഎമ്മിന്റെ ഇന്നത്തെ നിലപാടുതറ. 1985 ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കേരളമൊട്ടാകെ പൊതുസിവില്‍ നിയമത്തിനു വേണ്ടി ഒപ്പുശേഖരണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി.ദേവി അന്ന് പുറപ്പെടുവിച്ച പ്രസ്താവന ദേശാഭിമാനിയുടെ പഴയ താളുകളില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണമെങ്കില്‍ വായിച്ച് ഇന്ന് സായൂജ്യമടയാം. ”വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ രക്ഷാകര്‍ത്തൃത്വവും സൂക്ഷിപ്പും, ദത്തെടുക്കല്‍ എന്നീ കാര്യങ്ങളില്‍ എല്ലാ സമുദായങ്ങളിലെ സ്ത്രീകള്‍ക്കും ബാധകമായ ഒരു പൊതുനിയമം ഉണ്ടാക്കണം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മഹിളാസംഘടനകളോടൊപ്പം രാഷ്ട്രീയ സാമൂഹ്യസംഘടനകളും സഹകരിക്കണം എന്നായിരുന്നു 1985 ജൂലായ് 11ന് ടി.ദേവി പുറപ്പെടുവിച്ച പ്രസ്താവനയിലുണ്ടായിരുന്നത്.
”വെറും നിയമനിര്‍മ്മാണം കൊണ്ടുമാത്രം ഒരു സാമൂഹ്യ പരിഷ്‌കാരവും പ്രവര്‍ത്തികമാക്കാന്‍ കഴിയില്ല. പാസ്സാക്കുന്ന നിയമങ്ങള്‍ക്കനുകൂലമായി ശക്തമായ പൊതുജനാഭിപ്രായം സംഘടിപ്പിച്ചാല്‍ മാത്രമേ നടക്കുകയുള്ളൂ.” പൊതുസിവില്‍ നിയമനിര്‍മ്മാണത്തിനു മാത്രമല്ല അതനുസരിച്ചുള്ള സാമൂഹ്യ ബോധവല്‍ക്കരണത്തിനും പാര്‍ട്ടിയും ബഹുജനസംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ഇഎംഎസ് 1985-ല്‍ നിര്‍ദ്ദേശിച്ചത് ഏത് ഹിന്ദുത്വ-ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് ഇന്നത്തെ നവനേതൃത്വം വ്യക്തമാക്കേണ്ടതാണ്. ”മാറ്റം പ്രയാസം നിറഞ്ഞതാണെങ്കിലും ഇന്ത്യയെപ്പോലെ വ്യത്യസ്ത ജനവിഭാഗങ്ങളുള്ള ഒരു രാജ്യത്ത് സാമൂഹ്യപരിവര്‍ത്തന പ്രക്രിയ ലളിതമല്ലെന്നും ഇഎംഎസ്സിന് അഭിപ്രായമുണ്ടായിരുന്നു.” ”നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന സാമൂഹിക പരിഷ്‌കാരത്തെ ന്യൂനപക്ഷമര്‍ദ്ദനമായി ചിത്രീകരിക്കാന്‍ യാഥാസ്ഥിതിക വിഭാഗത്തിന് അവസരം നല്‍കുന്ന രീതിയില്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് ഗുണത്തിനല്ല” എന്നും ഇഎംഎസ് എഴുതി. മുസ്ലിം മതനവീകരണ ശ്രമങ്ങളെ ന്യൂനപക്ഷ വേട്ടയായി യാഥാസ്ഥിതികര്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക പങ്കുവെക്കുമ്പോള്‍ ആ ദൗത്യം തന്റെ പിന്‍ഗാമികളായ സിപിഎം നേതാക്കള്‍ കേരളത്തില്‍ ഏറ്റെടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ഇഎംഎസ് പ്രതീക്ഷിച്ചിരിക്കില്ല! മുസ്ലിം യാഥാസ്ഥിതികര്‍ എന്തുചെയ്യുമെന്ന് ഇഎംഎസ് ഭയപ്പെട്ടിരുന്നുവോ അത് ഇന്നത്തെ സിപിഎം നേതൃത്വമാണ് ഏറ്റെടുത്തിരിക്കുന്നത്. ഭാവിയില്‍ എം.വി. ഗോവിന്ദനെപ്പോലെയും പിണറായിയെപ്പോലെയുമുള്ളവര്‍ സിപിഎം നേതൃത്വത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് കരുതിയിട്ടാവുമോ ഇഎംഎസ് ഇങ്ങിനെയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ”തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വോട്ട് തട്ടിയെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബഹുഭാര്യത്വം, അനിയന്ത്രിതമായ വിവാഹമോചനം മുതലായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്. ”
”ഈ നിലപാടെടുക്കുന്നതിന്റെ ഫലമായി ഒന്നു രണ്ട് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടി കിട്ടിയെന്നുവരാം. പക്ഷെ വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തുകയെന്ന, സാമൂഹ്യപരിഷ്‌കാര പ്രസ്ഥാനം വളര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളെയും വളര്‍ത്തി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇവിടെ രൂപം കൊള്ളും” (1984 ജൂണ്‍ 1). ഇതായിരുന്നു ഇഎംഎസ് കണ്ട സ്വപ്‌നം. ”ഹിന്ദുരാഷ്ട്രവാദത്തിനെന്നപോലെ അതിന്റെ ഇസ്ലാമിക-ക്രിസ്തീയാദി രൂപങ്ങള്‍ക്കുമെതിരായി പോരാടുന്ന ഒരു യഥാര്‍ത്ഥ ജനാധിപത്യ പ്രസ്ഥാനം രൂപം കൊള്ളുമെന്ന്” കണ്ട മനോഹരമായ സ്വപ്‌നമെവിടെ, പകരം ശരിഅത്ത് സംരക്ഷണസമ്മേളനങ്ങള്‍ക്ക് ഒരുക്കം കൂട്ടുന്ന മുസ്ലിം സാമുദായിക സംഘടനകളെ തങ്ങളുടെ വരുതിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രീണന രാഷ്ട്രീയത്തിന്റെ വൃത്തികെട്ട വേഷം ധരിക്കുന്ന പുതിയ നേതൃത്വമെവിടെ?
”ന്യൂനപക്ഷ (മുസ്ലിം) വര്‍ഗ്ഗീയതയുടെ രൂപങ്ങളിലൊന്നാണ് ശരിഅത്ത് ദൈവനിര്‍മിതമാണെന്ന ധാരണ പരത്തിയത് എന്ന കാര്യത്തില്‍ ഇഎംഎസിന് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ശരിഅത്ത് സംരക്ഷണത്തിന്റെ പേരില്‍ പൊതുസിവില്‍കോഡിനെ ശക്തിയായി എതിര്‍ക്കുന്ന മുസ്ലിംലീഗ് മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയും സമസ്ത മുതല്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പക്ഷം വരെയും ഉള്ള മുസ്ലിം വര്‍ഗീയ – യാഥാസ്ഥിതിക സംഘങ്ങളുടെ നാവായി ഇന്നത്തെ സിപിഎം അധഃപതിച്ചിരിക്കുന്നു.
മാര്‍ക്‌സില്‍ നിന്ന് മൗദൂദിയിലേക്ക്
‘ശരിഅത്ത് കാലാന്ത്യം വരെയുള്ളതാണെന്നും സാര്‍വജനീനമാണെന്നും ശാശ്വത മാണെന്നും’ ആയിരുന്നു ജമാത്തെ ഇസ്ലാമി സ്ഥാപകന്‍ അബ്ദുല്‍ അലാ മൗദൂദിയുടെ കാഴ്ചപ്പാട്. ‘ശരിഅത്തിന്റെ ഭാഗമായി അവശേഷിക്കുന്ന വ്യക്തി നിയമങ്ങള്‍ ഭീഷണികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു, ഏകസിവില്‍ കോഡിനായുള്ള മുറവിളികളാണെവിടെയും. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്യവല്‍ക്കരിക്കപ്പെടുന്നു തുടങ്ങി ജമാത്തെ ഇസ്ലാമിയുടെ ആഖ്യാനങ്ങള്‍ ഇപ്പോള്‍ അവരേക്കാള്‍ ശക്തമായി പറയുന്നത് സിപിഎം നേതാക്കളും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുമാണ്. ഇന്ത്യന്‍ മുസ്ലിങ്ങളെ സംബന്ധിച്ച് മര്‍ദ്ദകന്‍ ഭരണകൂടവും മര്‍ദ്ദനോപാധി പോലീസും പട്ടാളവും ആണെന്ന (ജമായത്തെ ഇസ്ലാമി ഒരു ലഘുപരിചയം) ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ വരികളാണ് സിപിഎം നേതാക്കള്‍ മറയില്ലാതെ, മടിയേതുമില്ലാതെ വാക്കുകള്‍ മാറ്റി അര്‍ത്ഥം നഷ്ടപ്പെടാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 1985 ഏപ്രില്‍ 23ന്, സുപ്രീംകോടതിയുടെ വിഖ്യാതമായ ഷബാനുബീഗം കോടതി വിധിയെത്തുടര്‍ന്ന് മുസ്ലിങ്ങളെ ഇളക്കി വിടാന്‍ ശ്രമിച്ച മുസ്ലിംലീഗിന്റെ വേഷമാണ് ഇന്ന് സിപിഎം നേതാക്കള്‍ നാണമില്ലാതെ അണിയുന്നത്. 1985ല്‍ ജൂണ്‍ 14ന് ശരിഅത്ത് ദിനമായി ആചരിക്കാന്‍ അന്ന് മുസ്ലിം സംഘടനകള്‍ തീരുമാനിച്ചു. ഇതൊക്കെ അന്നുണ്ടായത് ഏത് ആര്‍എസ്എസിന്റെ അജണ്ടയാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കേണ്ടതാണ്. ശരിഅത്ത് എന്ന ഇസ്ലാമിക വ്യവസ്ഥ അണുവിട തെറ്റാതെ പിന്തുടരുന്ന രാഷ്ട്രീയ ഇസ്ലാമിന്റെ ചട്ടുകമായി സിപിഎം വേഷം മാറിയിരിക്കുന്നു. ”ഖുര്‍ആന്‍ നിര്‍ബ്ബന്ധപൂര്‍വ്വം അനുസരിക്കപ്പെടേണ്ട ഗ്രന്ഥമാണ് എന്ന ആദര്‍ശമാകുന്നു ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനം. അതിനാല്‍ ഇസ്ലാമില്‍ മത-രാഷ്ട്രീയ സാമ്പത്തിക ധാര്‍മിക വ്യവസ്ഥകള്‍ വെവ്വേറെയാണെന്ന് ഭാവിക്കുന്നത് പോലും നിശ്ശേഷം അബദ്ധമാകുന്നു” (അബുല്‍ അലാ മൗദൂദി-ഇസ്ലാം ആധുനികയുഗത്തില്‍). പൊതുസിവില്‍ നിയമം നടപ്പാക്കരുതെന്നും അത് നടപ്പാക്കാന്‍ സമയമായിട്ടില്ലെന്നും അത് നടപ്പാക്കാനുള്ള നീക്കം മുസ്ലിം വേട്ടയാണെന്നും വാദിക്കുന്ന സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ തലവന്റെ ഈ വാക്കുകള്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്. പൊതുസിവില്‍ നിയമമെന്നത് ഏതെങ്കിലും മത നിയമങ്ങള്‍ മറ്റൊരു മതത്തില്‍ അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും എല്ലാ വ്യക്തിനിയമങ്ങളെയും പരിഗണിച്ച് പൊതുവായ നിയമരൂപീകരണമാണെന്നും അറിയാത്തവരല്ല സിപിഎമ്മും അവരെ നയിക്കുന്ന നേതാക്കളും. എന്നാല്‍ വിഭജനകാലം മുതല്‍ ഇസ്ലാമിക രാഷ്ട്രീയത്തെ ബോധപൂര്‍വ്വം പിന്തുണക്കുകയും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത ചരിത്രമുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്നും അത് തുടരുന്നുവെന്ന് മാത്രം. നേരത്തെ സിപിഎം മുസ്ലിം വര്‍ഗ്ഗീയതയെ ഉപയോഗിക്കുകയായിരുണെങ്കില്‍ ഇന്ന് മുസ്ലിം വര്‍ഗീയത സിപിഎമ്മിനെ ഉപയോഗിക്കുന്നുവെന്ന വ്യത്യാസം മാത്രം. ഇടത് രാഷ്ട്രീയത്തെ കാര്‍ന്നുതിന്നുന്ന ഇസ്ലാമിക ജിഹാദിശക്തികളുടെ ആധിപത്യം സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളെപ്പോലും സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. വര്‍ഗരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും ആവശ്യാനുസരണം ചേര്‍ത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ തരാതരം വിജയിക്കാമെന്നുള്ള അടവ് നയത്തിന്റെ അനന്തരഫലമാണ് സിപിഎം ഇന്ന് എത്തിനില്‍ക്കുന്ന ഗുരുതരമായ പ്രതിസന്ധി. മതരാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഗ്രസിച്ചു കഴിഞ്ഞു. കമ്മ്യൂണിസമല്ല കമ്മ്യൂണലിസമാണ് ഇന്ന് അതിന്റെ ആന്തരികഘടനയെ നിര്‍ണ്ണയിക്കുന്നത്. ജനിതക മാറ്റം വന്ന വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഡിഎന്‍എ ഘടനയിലേക്ക് നിഷ്‌ക്രമിച്ചു കഴിഞ്ഞിരിക്കുന്നു.