എന്നും കാലത്തിന് ഒരു അടി മുന്‍പേ നടക്കാനുള്ള കെല്‍പ്പാണ് ഭാരതത്തിന്റെ ശക്തി. ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള നാല്‍പ്പത്തി ഏഴോളം സംസ്‌കാരങ്ങളില്‍ ഭാരതം മാത്രം ചിരപുരാതനവും നിത്യനൂതനവുമായി നിലകൊള്ളുന്നതിനുള്ള കാരണം അതിന്റെ സ്വയം പരിഷ്‌കരിക്കാനുള്ള അപൂര്‍വ്വമായ കഴിവാണ്. ഈ ഒരു സാംസ്‌കാരിക സവിശേഷത അവകാശപ്പെടുന്ന രാജ്യത്ത് മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ, മത സംഘടനകള്‍ ഉണ്ടെന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് പൊതു സിവില്‍ കോഡിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. പൊതു സിവില്‍ കോഡ് കേവലം മതങ്ങളെ നന്നാക്കാനല്ല, ഒരു രാഷ്ട്രം, ഒരു നിയമം എന്ന ആശയം ഉയര്‍ത്തുന്ന, നവോത്ഥാന പാതയിലൂടെ മുന്നോട്ട് കുതിക്കുന്ന പുതിയൊരു ഏക ഭാരതം കെട്ടിപ്പടുക്കാനാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടമുഖം
1985ല്‍ ഷാബാനോ കേസില്‍ സുപ്രീംകോടതി വിധിവന്നപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ പൂര്‍ണമായും അതിനെ സ്വാഗതം ചെയ്തു. സിപിഎം ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരിഅത്ത് പൊളിച്ചെഴുതണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ വലിയ കടന്നാക്രമണം തന്നെ നടത്തി. ഷാബാനോ വിധിക്ക് ശേഷം പ്രധാനമന്ത്രി രാജീവ് ഗാന്ധി മുസ്ലിം യാഥാസ്ഥിതികത്വത്തെ പിന്തുണച്ചതിനെ സിപിഐ നേതാവ് ബസവ പുന്നയ്യ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. 2016ല്‍ സിപിഎം പോളിറ്റ് ബ്യൂറോ എല്ലാ മതങ്ങളുടേയും വ്യക്തി നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരം വേണമെന്നും, മുത്തലാഖ് നിരോധിക്കണമെന്നുമുളള തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കുകയുണ്ടായി. വിവാഹം, വിവാഹമോചനം, അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാമിക വ്യക്തിനിയമം പൊളിച്ചെഴുതണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും, ഇത്തരം വിഷയങ്ങളില്‍ ശരിഅത്ത് വിവാദക്കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് ഉയര്‍ത്തിയ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ഏകീകൃത സിവില്‍ നിയമം വേണമെന്ന ആവശ്യമുയര്‍ത്തിയതോടെ അതിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുകയും, പൊതുസിവില്‍ കോഡ് ഇപ്പോള്‍ വേണ്ടെന്ന നിലപാടില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. സി.പി.എമ്മിന്റെ ആത്മാര്‍ഥതയില്ലായ്മ തിരിച്ചറിഞ്ഞു കൊണ്ട്, സി.പി.എം ഇന്നും ഏകീകൃത സിവില്‍കോഡിന് രഹസ്യമായി അനുകൂലമാണ് എന്നും, നിലവില്‍ സംഘ പരിവാര്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി അത് കൊണ്ടുവരുന്നു എന്നത് മാത്രമാണ് അവരുടെ എതിര്‍പ്പിന് കാരണമെന്നും മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന സി.പി.എമ്മിന് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏക ആശ്രയം മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയമാണ്. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ കാണുന്ന ഏക സിവില്‍ കോഡിനെ സംബന്ധിച്ച മലക്കം മറിച്ചില്‍.
പരിഷ്‌കാരങ്ങള്‍ റിവേഴ്‌സ് ഗിയറില്‍
ഭാരതത്തിന്റെ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ നിയമം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ഭാരതത്തില്‍ അത് രൂപപ്പെട്ടു വരുന്നതിനുള്ള തടസ്സം എന്താണ്? 1931 ലെ കറാച്ചി കോണ്‍ഗ്രസ് സ്ത്രീ-പുരുഷ സമത്വം നിയമം മൂലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന രൂപംകൊണ്ട സമയത്തും, അതിനു മുമ്പും, ശേഷവും ഇതിനെ പല മുസ്ലിം പ്രമുഖരും സ്വാഗതം ചെയ്തിരുന്നു. മുഹമ്മദാലി ജിന്ന, ഹമീദ് ദല്‍വായി, ഡോ. സഹീര്‍ അഹമ്മദ് സയ്യിദ്, അന്‍സര്‍ ഹര്‍വാണി, ഷഹീനാ ലത്തീഫ്, എ.എ. ഫൈസി, ജസ്റ്റിസ് എം.എച്ച്. ബേഗ്, ജസ്റ്റിസ് എം.സി. ഛഗ്ല, നജ്മാ ഹെപ്ത്തുള്ള, അഡ്വ. മിസ്സ് സോണ ഖാന്‍, താഹിര്‍ മഹമ്മുദ്, തസ്ലീമാ നസ്രീന്‍ തുടങ്ങിയ മുസ്ലിം പ്രമുഖര്‍ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചുകൊണ്ട് മതനിയമ പരിഷ്‌കരണം ആവശ്യപ്പെട്ടവരാണ്. രാഷ്ട്രത്തിന്റെ പ്രമുഖ നേതാക്കളായ ഡോ. അംബേദ്കര്‍, നെഹ്‌റു, ഡോ.രാധാകൃഷ്ണന്‍, ഡോ.എ.പി.ജെ.അബ്ദുല്‍ കലാം തുടങ്ങിയവരെല്ലാം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള മിക്ക ന്യൂനപക്ഷ സമുദായ അംഗങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിച്ചു. മുസ്ലിം അംഗങ്ങളില്‍ തന്നെ ചൗധരി ഹൈദര്‍ ഇതിനെ തുറന്നു പിന്തുണച്ചയാളാണ്.
പക്ഷേ പിന്നീട് നെഹ്‌റു മുതല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്നവര്‍ രാഷ്ട്രീയമായ ആഘാത പ്രത്യാഘാതങ്ങളുടെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തെ സമീപിച്ചത്. ‘1961ലെ സ്ത്രീധന നിരോധന നിയമ’ത്തില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കി. ‘1978ലെ ശിശു വിവാഹ നിരോധന നിയമ’ ഭേദഗതിയിലും മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയില്ല.
1985ല്‍ ഷാബാനോ കേസിലെ സുപ്രീംകോടതി വിധി ഇക്കാര്യത്തില്‍ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. ഈ വിധിയെ തുടര്‍ന്ന് കുറേക്കാലം രാജ്യം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. 40 വര്‍ഷം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച ശേഷമാണ് മുഹമ്മദ് അഹമ്മദ് ഖാന്‍ 73 വയസ്സായ ഷാബാനോവിനെ എളുപ്പത്തില്‍ ‘തലാഖ്’ എന്ന മൊഴി ചൊല്ലിയത്. മൂന്നുമാസത്തെ ‘ഇദ്ദത്ത്’ കാലത്തിനുശേഷം ഇസ്ലാമിക നിയമമനുസരിച്ച് ചെലവിന് നല്‍കുന്നത് നിര്‍ത്തുകയും ചെയ്തു. ഷാബാനോ കോടതിയെ സമീപിക്കുകയും ഒടുവില്‍ നീണ്ട കാലത്തെ നിയമ യുദ്ധത്തിനുശേഷം ‘ഇദ്ദത്ത്’ കാലത്തിനു ശേഷവും മുസ്ലിം സ്ത്രീക്ക് ചെലവിന് കിട്ടാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. ഷാബാനോ പിന്നീട് വിധിയെ തള്ളിപ്പറഞ്ഞുവെന്നത് വേറെ കാര്യം. പക്ഷേ ഈ വിധി പൊതു സിവില്‍ കോഡിനുള്ള ആവശ്യം രാജ്യത്ത് കൂടുതല്‍ ശക്തമാക്കി.
എന്നാല്‍ ഒരു ദുരന്തം പോലെ, അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. ആ സമയത്ത് രാജീവ് ഗാന്ധി സര്‍ക്കാരിലെ തന്നെ ധനകാര്യമന്ത്രിയായിരുന്ന വി.പി. സിംഗ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. പൊതുജന പിന്തുണ കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് പോംവഴികളില്ലാതെ ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ പരിഷ്‌കാരങ്ങളെ പുറകോട്ട് വലിച്ചുകൊണ്ട് സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തി. മുസ്ലിം സ്ത്രീക്ക് ‘ക്രിമിനല്‍ നടപടി നിയമം’ 125-ാം വകുപ്പ് അനുസരിച്ചുണ്ടായിരുന്ന ചെലവിനു ലഭിക്കാനുള്ള അവകാശം എടുത്തു കളഞ്ഞുകൊണ്ട് ‘1986-ലെ മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശ സംരക്ഷണ നിയമം’ പാര്‍ലമെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ പാസ്സാക്കി. അതനുസരിച്ച് ഭര്‍ത്താവിന് പകരം സ്ത്രീയുടെ ബന്ധുക്കള്‍ക്കും, വഖഫ് ബോര്‍ഡിനുമാണ് ചെലവിന് നല്‍കാനുള്ള ബാധ്യത. ഈ ന്യൂനപക്ഷ മതപ്രീണന നിയമത്തെ നിരവധി മുസ്ലിം പണ്ഡിതര്‍ പോലും ചെലവിനു കിട്ടാനുള്ള അവകാശം പ്രഖ്യാപിക്കുന്ന ഖുറാന്‍ വചനത്തിന് (2.240-241) വിരുദ്ധമാണെന്നാണ് വിശേഷിപ്പിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പരിഷ്‌കാരങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ ശക്തികളുടെ കയ്യിലെ കളിപ്പാവകളാകാന്‍ വിധിക്കപ്പെട്ട ഒരു സമുദായത്തിലെ സ്ത്രീകളുടെ രോദനങ്ങള്‍ ചെവിക്കൊള്ളാന്‍ മതപണ്ഡിതര്‍ക്കും സമുദായ നേതൃത്വത്തിനും കഴിയാതെ പോകുന്നു.

ഷാബാനോ കേസിന് ശേഷം ആവര്‍ത്തിച്ച് ചടങ്ങ് പോലെ സുപ്രീംകോടതിക്ക് ഏകീകൃതമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തേണ്ടിവന്നു. 2003-ല്‍ ജോണ്‍ വള്ളമറ്റം കേസില്‍ സുപ്രീംകോടതി ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ പൊതു സിവില്‍ കോഡ് സഹായകരമാകും എന്നും ഇതുവരെയും അതു കൊണ്ടുവരാത്തത് അങ്ങേയറ്റം ദുഃഖകരമാണെന്നും പറഞ്ഞു. 2005 ഒക്ടോബറില്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തെ സംബന്ധിച്ച കേസിലും സുപ്രീംകോടതി എല്ലാ പൗരന്മാര്‍ക്കും ഒരേ മാനദണ്ഡം നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. 44-ാം അനുച്ഛേദം കേവലം നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാരിനെ കേവലം ഉപദേശിക്കാനേ സുപ്രീംകോടതിക്ക് കഴിയൂ. എന്നാല്‍ വിവിധ പൗരന്മാര്‍ക്ക് വ്യത്യസ്തനിയമങ്ങള്‍ എന്നത് ഭരണഘടനയിലെ 13-ാം അനുച്ഛേദത്തിലെ നിയമത്തിനു മുമ്പില്‍ തുല്യത, 25-ാം അനുച്ഛേദത്തിലെ മത ആചാരങ്ങളിലെ സ്വാതന്ത്ര്യം, 15, 21 അനുച്ഛേദങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമാണ്. മാത്രമല്ല സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച 1993-ലെ അന്താരാഷ്ട്ര മാനദണ്ഡങ്ങളേയും വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ ഹനിക്കുകയാണ്. ഒരേ പ്രവൃത്തിക്ക് ചില മതക്കാരെ ജയിലില്‍ അടക്കുകയും മറ്റു ചിലരെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന സ്ഥിതി മാറണം.
ഹിന്ദു നിയമം മറ്റു മത നിയമങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ഭീതി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളര്‍ത്താനുള്ള ശ്രമമാണ് രാജ്യത്തെ വര്‍ഗീയ-രാഷ്ട്രീയ കൂട്ടുകെട്ട് നടത്തുന്നത്. സ്വന്തം മതതത്വങ്ങളെ തിരിച്ചറിയുന്നതിനു പോലും ഇതുമൂലം കഴിയാതെ പോകുന്നു. ഉദാഹരണത്തിന്, മൂന്നുതവണ തലാക്ക് എന്നത് ഖുര്‍ആനില്‍ ഇല്ല. ഖുര്‍ആനില്‍ 90 ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച, മധ്യസ്ഥത തുടങ്ങിയവക്കു ശേഷം മാത്രമേ വിവാഹമോചനം അനുവദിക്കുന്നുള്ളൂ. ഭാര്യ പണം നല്‍കി ഭര്‍ത്താവില്‍ നിന്നും വിടുതല്‍ വാങ്ങുന്ന ‘ഖുല’ എന്ന വിവാഹമോചനം വരെ ഇസ്ലാമിക സമൂഹങ്ങളില്‍ യാതൊരു മതപരമായ പിന്‍ബലവും ഇല്ലാതെ നിലനില്‍ക്കുന്നു.
2016-ല്‍ അലഹബാദ് ഹൈക്കോടതിയില്‍ രസകരമായ കേസ് വന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ സലീം ഉദിന്‍ എന്നയാളെ വിസ്തരിക്കുന്ന സമയത്ത് അയാള്‍ ഭാര്യക്കെതിരെ ചൊല്ലിയ തലാക്ക് ശരിയായ രീതിയിലാണോ എന്ന തര്‍ക്കം ഉയര്‍ന്നു. ഉടന്‍ അയാള്‍ സാക്ഷിക്കൂട്ടില്‍ നിന്നു കൊണ്ട് മൂന്നു പ്രാവശ്യം തലാക്ക് ചൊല്ലിയത് മജിസ്‌ട്രേറ്റ് സ്വീകരിച്ചു അയാള്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചു. തലാക്കിന് ഖുറാനില്‍ (4.35) പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പാലിക്കാതെ എത്ര ലാഘവത്തോടെയാണ് തലാക്ക് ചൊല്ലുന്നതെന്ന് അദ്ഭുതപ്പെട്ടുകൊണ്ട് ഹൈക്കോടതി അയാള്‍ക്കെതിരെ വിധി പ്രസ്താവിച്ചു. 1972-ല്‍ കേരള ഹൈക്കോടതിയുടെ ഒരു വിധിയില്‍ ജസ്റ്റിസ് ഖാലിദ് ഇതിനെ വിശേഷിപ്പിച്ചത് ‘രാക്ഷസീയം’ (ാീിേെൃീശെ്യേ) എന്നാണ്. ഇസ്ലാമിലെ പുരുഷ പ്രമാണിമാര്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മതനിയമങ്ങള്‍ പോലും കാറ്റില്‍ പറത്താന്‍ മടി കാണിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്.
ഹിന്ദു നിയമപരിഷ്‌കാരങ്ങള്‍
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി നിരവധി ഹിന്ദു നേതാക്കന്മാര്‍ ഹിന്ദു സമൂഹത്തിലെ അനാചാരങ്ങള്‍ നീക്കി കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയുണ്ടായി. അതിന്റെ ഫലമായി ഹിന്ദു വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിച്ചു. യാഥാസ്ഥിതികരായ കുറെ പേര്‍ എതിര്‍ത്തുവെങ്കിലും ഹിന്ദു സമൂഹം അതിവേഗം പുതിയ കാലഘട്ടത്തിലേക്ക് കാലെടുത്തുവച്ചു. 1856-ലെ ‘ഹിന്ദു വിധവകളുടെ പുനര്‍വിവാഹ നിയമം’, ‘1928- ലെ ഹിന്ദു പിന്തുടര്‍ച്ച അവകാശത്തിലെ അപാകതകള്‍ പരിഹരിക്കല്‍ നിയമം’, ‘1937-ലെ ഹിന്ദു സ്ത്രീകളുടെ സ്വത്താവകാശ നിയമം’ തുടങ്ങിയവ അതില്‍പ്പെടുന്നു. പിന്നീട് ഡോ.അംബേദ്കര്‍ ഓരോ സംസ്ഥാനത്ത് ഓരോ നിയമമെന്ന സ്ഥിതിയില്‍ മാറ്റം വരുത്തിക്കൊണ്ട് ഹിന്ദു കോഡ് ബില്‍ തയ്യാറാക്കി അവതരിപ്പിച്ചപ്പോള്‍ ഡോ.രാജേന്ദ്രപ്രസാദ് തുടങ്ങിയ യാഥാസ്ഥിതികര്‍ അതിനെ എതിര്‍ക്കുകയുണ്ടായി. അംബേദ്കറുടെ ഒറ്റ സംഹിതയെ നെഹ്‌റു നാലായി വിഭജിച്ചത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് ഇടയാക്കി. ഹിന്ദു നിയമങ്ങളുടെ ഏകീകരണത്തെ രാഷ്ട്രത്തിന്റെ ഏകീകരണത്തിന്റെ ആദ്യപടി എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. ഹിന്ദു നിയമങ്ങള്‍ ഏകീകരിച്ചതോടെ അവയെ രാജ്യത്തെ ഏറ്റവും പുരോഗമനപരമായ വ്യക്തി നിയമമായി വിദഗ്ദ്ധര്‍ വിശേഷിപ്പിച്ചു. സിഖ്, ജൈന, ബൗദ്ധ വിഭാഗങ്ങളും ഹിന്ദു വ്യക്തി നിയമങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ 2013ല്‍ ”പരിഹരിക്കാനാവാത്ത വിധം ബന്ധം തകര്‍ന്നു” എന്നത് ഹിന്ദു വിവാഹമോചനത്തിനുള്ള കാരണമായി നിയമത്തില്‍ ചേര്‍ത്തു കഴിഞ്ഞു.
ക്രിസ്ത്യന്‍ നിയമ പരിഷ്‌കാരങ്ങള്‍
‘1869ലെ വിവാഹമോചന നിയമ’വും, ‘1872ലെ ക്രിസ്ത്യന്‍ വിവാഹ നിയമ’വും അങ്ങേയറ്റം കാലഹരണപ്പെട്ടവയാണെന്ന ആരോപണം നിരന്തരം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് വിവാഹമോചനം നിയമപരമായി ഏറെക്കുറെ അസാധ്യമായത് സമുദായത്തിലെ ലിംഗ വിവേചനമായി കണക്കാക്കപ്പെട്ടു. 1986-ല്‍ മേരിറോയ് കേസിലെ വിധിയാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹശേഷം പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന നിയമമാണ് സുപ്രീംകോടതി മാറ്റിമറിച്ച് സ്ത്രീ-പുരുഷ തുല്യത ഏര്‍പ്പെടുത്തിയത്. പക്ഷേ വളരെ വേഗത്തില്‍ ഇത്തരം പരിഷ്‌കാരങ്ങളോട് ക്രിസ്തീയ സമൂഹം ഇണങ്ങുകയുണ്ടായി. തുടര്‍ന്ന് 2001-ല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ ക്രിസ്ത്യാനികളുടെ വിവാഹമോചന നിയമത്തിലെ അപാകതകള്‍ നീക്കി സ്ത്രീ-പുരുഷ തുല്യത ഏര്‍പ്പെടുത്തിയതും ക്രിസ്തീയ സമൂഹം എതിര്‍പ്പില്ലാതെ സ്വീകരിച്ചു. രാജ്യത്ത് പൊതു സിവില്‍ നിയമം നടപ്പില്‍ വരുത്തുന്നതിനെ സീറോ മലബാര്‍ സഭ സര്‍വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. ‘1988-ല്‍ പാഴ്‌സി വിവാഹമോചന നിയമ’വും കാലാനുസൃതമായി പരിഷ്‌ക്കരിക്കുകയുണ്ടായി.
ഏകീകൃത സിവില്‍ നിയമവും പൊതു സിവില്‍ നിയമവും
1972ല്‍ അന്നത്തെ ആര്‍.എസ്.എസ്. സര്‍സംഘചാലകായിരുന്ന ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് ഉദ്ഘാടനം ചെയ്യവേ ഏകീകൃത സിവില്‍ നിയമം രാഷ്ട്രത്തിന്റെ ഏകതയ്ക്ക് ആവശ്യമില്ലെന്ന് പറയുകയുണ്ടായി. രണ്ടു ദിവസം കഴിഞ്ഞു ഓര്‍ഗനൈസര്‍ മുഖ്യ പത്രാധിപരും, പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ കെ.ആര്‍.മല്‍ക്കാനി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയും ഇതേക്കുറിച്ച് വിശദീകരണം ആരായുകയും ചെയ്തു. ശ്രീഗുരുജി പറഞ്ഞു: ‘എനിക്ക് ഏകീകൃത സിവില്‍ കോഡിനോട് എതിര്‍പ്പില്ല. ഏകതയ്ക്കു നമുക്കാവശ്യം സമന്വയമാണ് ഐകരൂപ്യമല്ല. സമന്വയവും ഐകരൂപ്യവും രണ്ടാണ്. പ്രീണനത്തെ അനുകൂലിക്കുന്നവരും ഐകരൂപ്യത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വലിയ അന്തരമില്ല. ഇക്കാര്യങ്ങളില്‍ പരിഷ്‌കാരമനോഭാവത്തെ നാം സ്വാഗതം ചെയ്യണം. എന്നാല്‍ യാന്ത്രികമായ നിരപ്പാക്കല്‍ മനോഭാവം ശരിയല്ല.” ഈ ചര്‍ച്ച ‘ഏകീകൃത’ സിവില്‍ നിയമവും’പൊതു’ സിവില്‍ നിയമവും തമ്മിലുള്ള അന്തരം ചര്‍ച്ചകളില്‍ കൂടുതലായി ഉയര്‍ത്തിക്കൊണ്ടു വന്നൂ. ‘ഏകീകൃതം’ എന്ന വാക്കിന് പകരം ‘പൊതു’ എന്ന വാക്കുപയോഗിക്കുമ്പോള്‍ ആധുനിക യുഗത്തിന് യോജിക്കുന്ന തരത്തില്‍ പൊതുവായവയെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു. ഉദാഹരണത്തിന് വിവാഹ പ്രായം, ബഹുഭാര്യത്വം, സ്വത്ത് നിയമങ്ങള്‍, സ്ത്രീ-പുരുഷ സമത്വം മുതലായ കാര്യങ്ങളില്‍ പരിഷ്‌കാരം ആവശ്യമാണ്. മറിച്ച് വിവാഹവുമായി ബന്ധപ്പെട്ട ഓരോ മതത്തിലെയും ചടങ്ങുകള്‍ തുടങ്ങിയവ മതങ്ങള്‍ക്ക് തന്നെ വിട്ടു കൊടുക്കുക. പക്ഷേ നമ്മുടെ ഭരണഘടന ഉപയോഗിക്കുന്നത് ‘ഏകീകൃതം’ എന്ന വാക്കാണ്. അതിനാല്‍ ഏകീകൃത-ഏക-പൊതു എന്നീ വാക്കുകള്‍ സിവില്‍ നിയമത്തെ സംബന്ധിച്ച് ഇന്ന് ഏതാണ്ട് ഒരേ അര്‍ത്ഥത്തിലാണ് ഏറെക്കുറെ എല്ലാവരും പ്രയോഗിക്കുന്നത്.
1995-ലെ സരളാ മുദ്ഗല്‍ എന്ന കേസില്‍ സുപ്രീം കോടതിക്ക് മുമ്പില്‍ വന്ന ചോദ്യം വ്യക്തി നിയമത്തില്‍ കൈ കടത്തുന്നത് 25-ാം അനുച്ഛേദം അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമല്ലേ എന്നായിരുന്നു. സുപ്രീം കോടതി വ്യക്തമാക്കി, വ്യക്തി നിയമങ്ങളും മതവും രണ്ടാണ്; മത നിയമങ്ങള്‍ ബാധകമാകുന്നത് മതചടങ്ങുകള്‍ക്കാണ്. 25-ാം അനുച്ഛേദപ്രകാരം മതവുമായി ബന്ധപ്പെട്ട മതേതര പ്രവര്‍ത്തനങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. വ്യക്തി നിയമങ്ങള്‍ മതേതര നിയമത്തിന്റെ പരിധിയില്‍പ്പെടുന്നവയാണ്. മാത്രമല്ല, 25-ാം അനുച്ഛേദപ്രകാരം മത സ്വാതന്ത്ര്യം തന്നെ പൊതുക്രമം, ധാര്‍മികത, ആരോഗ്യം, മറ്റ് മൗലിക അവകാശങ്ങള്‍ എന്നിവയ്ക്ക് വിധേയമാണ്.
പൊതു സിവില്‍ നിയമത്തില്‍ ചേര്‍ക്കേണ്ട വിഷയങ്ങള്‍ വിവാഹം, ഏകപക്ഷീയ വിവാഹമോചനം, ബഹുഭാര്യത്വം, മഹര്‍, സ്ത്രീധനം, വിവാഹപ്രായം, സ്ത്രീ സ്വാതന്ത്ര്യം, ചെലവിന് കൊടുക്കല്‍, ദാനം, ദത്ത്, വഖഫ്, ഒസ്യത്ത്, സ്വത്തവകാശം തുടങ്ങിയവയാണ്.
പരിഷ്‌കാരം ഇസ്ലാമിന് അന്യമാണോ?
രാജ്യത്തെ പ്രീണന രാഷ്ട്രീയക്കാരും ചില മതസംഘടനകളും ചേര്‍ന്ന് ഇസ്ലാമിനെ പരിഷ്‌കാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മിക്കവാറും മുസ്ലിം രാജ്യങ്ങള്‍ തങ്ങളുടെ വ്യക്തി നിയമങ്ങള്‍ പല രീതിയില്‍ കാലോചിതമായി പരിഷ്‌കരിച്ചവരാണ്. ഭാരതവും പാകിസ്ഥാനും ഒന്നിച്ചു 1937-ലെ ശരിഅത്ത് നിയമം സ്വീകരിച്ചവരാണെങ്കിലും പാകിസ്ഥാന്‍ 1961ല്‍ തങ്ങളുടെ ശരിഅത്ത് നിയമം പരിഷ്‌കരിക്കുകയും, 1961-ലെ പുതിയ മുസ്ലിം കുടുംബ നിയമം അനുസരിച്ച് രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് നിര്‍ബന്ധമാക്കുകയും ചെയ്തു. പക്ഷേ ഭാരതത്തിലെ മുസ്ലിങ്ങള്‍ക്ക് ഇപ്പോഴും 1937-ലെ നിയമം അനുസരിക്കേണ്ടിവരുന്നു. പാകിസ്ഥാനില്‍ വിവാഹപ്രായം ചുരുങ്ങിയത് 16 ആയി നിശ്ചയിച്ചിട്ടുണ്ട്. ഭാരതത്തില്‍ അത്തരം നിബന്ധനയില്ല; പെണ്‍കുട്ടിക്ക് 15 വയസ്സിന് താഴെയായാലും നിയമ തടസ്സമില്ല. ഇവിടുത്തെ മുസ്ലിം പിന്തുടര്‍ച്ചാ നിയമപ്രകാരം പിതാമഹന്റെ സ്വത്തില്‍ മകനോ, മകന്‍ മരിച്ചാല്‍ അവരുടെ മക്കള്‍ക്കോ അവകാശം ലഭിക്കില്ല. പാകിസ്ഥാനില്‍ വളരെ വിവാദത്തിന് ശേഷം ഈ അപാകത നീക്കം ചെയ്തു. കൂടാതെ ഈജിപ്ത്, സിറിയ, ടുണീഷ്യ, മൊറോക്കോ എന്നീ മുസ്ലിം രാജ്യങ്ങളും ഇത്തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പാകിസ്ഥാന് ചില കാര്യങ്ങളില്‍ തോന്നിയ വിവേകം പോലും ഇവിടെ ഇല്ലാതെ പോകുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്.
ഇസ്ലാമിക നിയമം പൂര്‍ണ്ണമായും ഉപേക്ഷിച്ച മുസ്ലിം രാജ്യങ്ങളാണ് തുര്‍ക്കിയും, അല്‍ബേനിയയും. നിരവധി ജനാധിപത്യ രാജ്യങ്ങള്‍, റഷ്യ, ചൈന, കെനിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ എന്നിവയിലെ വലിയ തോതിലുള്ള മുസ്ലിങ്ങള്‍ക്കും ഇസ്ലാമിക നിയമം ബാധകമല്ല. ടാന്‍സാനിയ വിവാഹനിയമം എല്ലാ മതങ്ങള്‍ക്കും ഏകീകരിക്കുകയുണ്ടായി. തുര്‍ക്കി, സൈപ്രസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇറാഖ്, ഇറാന്‍, ഇന്തോനേഷ്യ, ജോര്‍ദാന്‍, മൊറോക്കോ, സിറിയ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവ. ഭാരതത്തില്‍ ആകട്ടെ ഇന്നും നാലു ഭാര്യമാര്‍വരെയാകാന്‍ യാതൊരു പ്രയാസവുമില്ല. തലാക്ക് ചൊല്ലി വിവാഹമോചനത്തിന് പകരം കോടതി വഴി മാത്രം വിവാഹമോചനം സാധ്യമായ രാജ്യങ്ങളാണ് ഇറാഖ്, ഇറാന്‍, തുര്‍ക്കി, സൈപ്രസ്, ടുണീഷ്യ, അള്‍ജീരിയ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ നാടുകള്‍. ഇങ്ങനെ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കാരിക്കാമെങ്കില്‍, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ പൊതു സിവില്‍ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ ഭാരതത്തിലെ മുസ്ലിം സമൂഹത്തെ മാത്രം നൂറ്റാണ്ടുകള്‍ പുറകില്‍ നിലനിര്‍ത്തുന്നതിന് ഉത്തരവാദികളായവരെ തിരിച്ചറിയേണ്ടതുണ്ട്.
ഭാരതത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ ഉരുക്കു മുഷ്ടിയോടെ ഇസ്ലാമിക നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരം വരുത്തിയത് വലിയ എതിര്‍പ്പില്ലാതെ മുസ്ലിം സമൂഹം സ്വീകരിക്കുകയുണ്ടായി. അന്നത്തെ മുസ്ലിം ഉലമ, മൗലാനാ അഷ്രഫ് അലി തന്‍വിയുടെ നേതൃത്വത്തില്‍, ബ്രിട്ടീഷ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ സഹായിച്ചു. ഇന്നത്തെ പ്രീണന രാഷ്ട്രീയക്കാരും മതനേതൃത്വവും അന്നുണ്ടായിരുന്നില്ലല്ലോ. ഡോ.അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പറഞ്ഞു: ”ഏകീകൃത സിവില്‍ നിയമം എന്നത് പുതിയ കാര്യമൊന്നുമല്ല. വിവാഹം, സ്വത്ത് തുടങ്ങിയ ചുരുക്കം ചില കാര്യങ്ങളിലൊഴികെ മറ്റെല്ലാ നിയമങ്ങളിലും ഏകീകൃത സിവില്‍ നിയമം ഇപ്പോള്‍ തന്നെ നടപ്പായിക്കഴിഞ്ഞിരിക്കുന്നു.” ഇസ്ലാമിക ക്രിമിനല്‍, സിവില്‍, തെളിവ്, നികുതി, വ്യാപാര നിയമങ്ങള്‍ പൂര്‍ണമായും ബ്രിട്ടീഷ് സര്‍ക്കാര്‍ 1840-ലെ റിപ്പോര്‍ട്ട് പ്രകാരം എടുത്തു കളഞ്ഞു. ക്രിമിനല്‍ നടപടി നിയമത്തിലെ ചെലവിനു കൊടുക്കാനുള്ള 125-ാം വകുപ്പ് മുസ്ലിങ്ങള്‍ക്കും ബാധകമാക്കി. മുസ്ലിം മതം മാറിയാല്‍ സ്വത്തവകാശവും, വിവാഹ സാധുതയും നഷ്ടപ്പെടുമെന്ന നിയമവും മാറ്റുകയുണ്ടായി. 1939-ലെ നിയമപ്രകാരം മുസ്ലിം സ്ത്രീക്ക് ഹനഫി നിയമത്തിന് വിരുദ്ധമായി പരിമിതമായ വിവാഹമോചന അവകാശം നല്‍കി. ഇക്കാര്യത്തില്‍ സെക്കുലര്‍ കോടതിയാണ് മുസ്ലിം സ്ത്രീയുടെ ആശ്രയം. ഇസ്ലാമില്‍ ദത്ത് ഇല്ലെങ്കിലും ചില മുസ്ലിം വിഭാഗങ്ങള്‍ക്ക് അതിനുള്ള നിയമപരമായ അനുമതി നല്‍കി. പാകിസ്ഥാന്റെ ജനയിതാവായ മുഹമ്മദാലി ജിന്ന പോലും ശരിഅത്തിനെ ശക്തിയായി എതിര്‍ക്കുകയും, വഖഫ് നിയമ പരിഷ്‌കാരം, പൊതു സിവില്‍ കോഡ്, പൊതു ക്രിമിനല്‍ നിയമം എന്നിവയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്ത ആളാണ്. ഭാരതത്തിലെ മലബാര്‍ മാപ്പിളമാര്‍, ഖോജോ, മൈമന്‍ തുടങ്ങിയ മുസ്ലിം വിഭാഗങ്ങള്‍ പരമ്പരാഗതമായി ശരിഅത്ത് പിന്തുടര്‍ന്നിരുന്നില്ല. ഒരു നൂറ്റാണ്ടു മുമ്പ് മാത്രമാണു അവരെ ഏകീകൃത ശരിഅത്ത് നിയമത്തിന്‍ കീഴിലാക്കിയത്. മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ സുന്നി, ഷിയാ, ഇബാദി വിഭാഗങ്ങള്‍ക്ക് വെവ്വേറെ വ്യക്തി നിയമങ്ങളാണുള്ളത്.
ശരിയത്തിലെ അപാകത മൂലം വിവാഹമോചനം തടയാന്‍ മഹര്‍ പെരുപ്പിച്ച് എഴുതുക സാധാരണമാണ്. മഹറിന് പകരമോ, ഒപ്പമോ സ്ത്രീധനവും വ്യാപകമായി. ഇതെല്ലാം സൂചിപ്പിക്കുന്നത്ഭാരതത്തിലെ മുസ്ലിങ്ങള്‍ക്കും വ്യക്തിനിയമ പരിഷ്‌കാരം ബാലികേറാമലയല്ല എന്നാണ്. ‘2007ലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമ’വും മുസ്ലിങ്ങള്‍ക്ക് ബാധകമാണ്. ‘1872ലെ പ്രത്യേക വിവാഹ നിയമം’ മുസ്ലിങ്ങളെ ഒഴിവാക്കിയിരുന്നുവെങ്കിലും പുതിയ ‘1954ലെ പ്രത്യേക വിവാഹ നിയമ’ത്തില്‍ മുസ്ലിങ്ങളും ഉള്‍പ്പെടുന്നു.
1937ലെ ശരിഅത്ത് നിയമം അഥവാ ‘മുസ്ലിം വ്യക്തിനിയമം (ശരിഅത്ത്) ബാധകമാക്കല്‍ നിയമം’ തന്നെ ഒരു ആംഗ്ലോ മുസ്ലിം നിയമമാണ്. അതുതന്നെ മൂന്നാം വകുപ്പ് പ്രകാരം രേഖാമൂലം സമ്മതം എഴുതിക്കൊടുക്കുന്ന മുസ്ലിങ്ങള്‍ക്കാണ് ബാധമാക്കിയുള്ളത്. ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കല്‍ നയത്തിന്റെ ഭാഗമായി മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാന്‍ മുഹമ്മദാലി ജിന്നയുമായി ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട കേവലം 92 വാക്കുകള്‍ മാത്രമുള്ള 1937ലെ നിയമം എല്ലാ മുസ്ലിങ്ങളെയും ശരിയത്തിന് കീഴില്‍ കൊണ്ടുവന്നു. ഈ നിയമം വരുന്നത് വരെ, മുഗള്‍ ഭരണ കാലത്ത് പോലും, ഭാരതത്തിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങളും ശരീഅത്ത് പിന്തുടര്‍ന്നിരുന്നില്ലെന്നതു ശ്രദ്ധേയമാണ്. അവര്‍ കൂടുതലും പ്രാദേശികമായ ഹിന്ദു നിയമങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. അതിനാലാണ് 1937-ലെ ശരിഅത്ത് നിയമത്തില്‍ യഥാര്‍ത്ഥ ശരിഅത്ത് നിയമത്തിനു വിരുദ്ധമായി ബ്രിട്ടീഷ്, ഹിന്ദു നിയമങ്ങളിലെ ഒസ്യത്ത്, ദത്തെടുക്കല്‍, സ്വത്ത് വിതരണം എന്നിവയ്ക്ക് അനുവാദം നല്കുകയും കാര്‍ഷിക ഭൂമി ഒഴിവാക്കുകയും ചെയ്തത്. മുഹമ്മദാലി ജിന്ന, പാഴ്‌സിയെ വിവാഹം കഴിച്ച തന്റെ ഏകമകളെ ഒഴിവാക്കിക്കൊണ്ടുള്ള ഒസ്യത്ത് രണ്ടു വര്‍ഷത്തിന് ശേഷം എഴുതി വെക്കുകയും ചെയ്തു.
മുസ്ലിങ്ങള്‍ക്ക് ബാധകമായ നിയമത്തിലെ തന്നെ വലിയ ഭാഗം ഖുര്‍ആനെയോ, ഹദീസിനെയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് മുഗള്‍ കോടതി വിധികളെ ആശ്രയിച്ചുള്ളവയാണ്. നാലില്‍ കൂടുതല്‍ വിവാഹം കഴിച്ചാല്‍ തന്നെ അത് കേവലം ‘ഫാസിദ്’ (ക്രമക്കേട്) മാത്രമാണത്രെ. നാലു കെട്ടുന്നത് പോലും ഖുറാന്‍ വചനത്തിനു (4.3, 4.129) വിരുദ്ധമാണെന്ന് പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സരള മുദ്ഗലിന്റെ കേസില്‍ രണ്ടാമത് കെട്ടാന്‍ വേണ്ടി മാത്രം ഇസ്ലാമിലേക്ക് മതം മാറിയയാളെ ദ്വിഭാര്യത്വം എന്ന കുറ്റത്തിന് ശിക്ഷിക്കാന്‍ സുപ്രീം കോടതി വിധിക്കുകയുണ്ടായി.
ദത്തെടുക്കല്‍ ആണ് ചില മത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു വിഷയം. എന്നാല്‍ 2014-ലെ ഹഷ്മി കേസില്‍ സുപ്രീം കോടതി ബാലനീതി നിയമത്തിലെ ദത്തെടുക്കാനുള്ള അവകാശം എല്ലാ മതങ്ങളിലുള്ളവര്‍ക്കും ബാധകമാണെന്ന് പ്രഖ്യാപിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതും വലിയ എതിര്‍പ്പില്ലാതെ മുസ്ലിം സമൂഹം സ്വീകരിച്ചു. മുത്തലാഖിനെ ന്യായീകരിച്ച പല ‘പണ്ഡിതന്മാര്‍ക്കും’ ഖുറാനിലെ (4.35) വാക്യം അറിയില്ലെന്നും വ്യക്തമായിരുന്നല്ലോ. പല മുസ്ലിം സംഘടനകളും, പ്രത്യേകിച്ചു മുസ്ലിം വനിതാ സംഘടനകള്‍ പുരുഷ മതനേതാക്കളുടെ ഇത്തരം സ്ത്രീ വിരുദ്ധ നടപടികള്‍ക്ക് ന്യായം കണ്ടെത്തുന്ന ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതികള്‍ 18 വയസ്സില്‍ താഴെയുള്ള മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ‘2012ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമ’മനുസരിച്ച് കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരതത്തില്‍ പൊതു സിവില്‍ നിയമം നടപ്പിലാക്കിയിട്ടുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണ്. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ നടപ്പിലായ വ്യക്തി നിയമങ്ങളെ പിന്തള്ളിക്കൊണ്ടുള്ള ഏകീകൃത സിവില്‍ നിയമം ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ സമുദായങ്ങളും യാതൊരു എതിര്‍പ്പുമില്ലാതെ ഒരുപോലെ പിന്തുടരുന്നു.
മുസ്ലിം വ്യക്തി നിയമത്തിലെ സ്ത്രീവിരുദ്ധത
മുസ്ലിം വ്യക്തി നിയമത്തിലെ സ്ത്രീവിരുദ്ധത വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. ആധുനിക കാലഘട്ടവുമായി പൊരുത്തപ്പെടാതെ നില്‍ക്കുന്ന നിയമങ്ങളാണവ. ഇസ്ലാമിന് മുമ്പുള്ള അറബി സമൂഹത്തിലെ പല അനാചാരങ്ങളിലും പ്രവാചകന്‍ അന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ വരുത്തി. പക്ഷേ പിന്നീട് കാലം കടന്നു പോയെങ്കിലും വ്യക്തിനിയമം അന്നത്തെ സ്ഥിതിയില്‍ തന്നെ മാറ്റമില്ലാതെ നിലകൊണ്ടു.
ആധുനിക നൂറ്റാണ്ടിലും മതത്തിന്റെ വക്താക്കള്‍ ഇസ്ലാമിക നിയമത്തെ എങ്ങിനെ പ്രാകൃതമായി തന്നെ നോക്കിക്കാണുന്നുവെന്ന് നോക്കാം. മുസ്ലിങ്ങള്‍ക്കിടയിലെ ഒരു വിചിത്രമായ രീതിയാണ് പെട്ടെന്നുള്ള എടുത്തുചാട്ടത്തില്‍ അപക്വമായി പുരുഷന്‍ ഭാര്യയെ മുത്തലാക്ക് ചെയ്താലുള്ളത്. പിന്നീട് പശ്ചാത്തപിച്ചാല്‍ ഉടന്‍ ഭാര്യയെ സ്വീകരിക്കാനോ പുനര്‍വിവാഹം ചെയ്യാനോ കഴിയില്ല. അവളെ മറ്റൊരുത്തന്‍ വിവാഹം കഴിച്ച് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അയാള്‍ മുത്തലാഖ് ചെയ്ത ശേഷമേ മുന്‍ ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാനാകൂ. ആര്‍ക്കും പ്രാകൃതമെന്ന് തിരിച്ചറിയാവുന്ന ഈ രീതിയെ ഇസ്ലാമിക ‘പണ്ഡിതന്മാര്‍’ ന്യായീകരിക്കുന്നതെങ്ങിനെയെന്നത് മുസ്ലിം സ്ത്രീകളുടെ മേലുള്ള ക്രൂരമായ ദുരവസ്ഥയിലേക്കും, പ്രാകൃതമായ ലൈംഗിക അരാജകത്വം നിസ്സഹായരായ മുസ്ലിം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലേക്കും വിരല്‍ ചൂണ്ടുന്നു. ‘സുപ്രഭാതം’ പത്രത്തില്‍ (2-7-2017) ഇസ്ലാമിക പണ്ഡിതനായ ഡോ. പി.ടി.അബ്ദുല്‍ റഹ്‌മാന്‍ എഴുതുന്നു: ”അപക്വമായി മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയാല്‍ (മൂന്നു ത്വലാഖ്) പിന്നീടൊരു ബോധോദയത്തില്‍ വീണ്ടും അവളെ ഭാര്യയാക്കണമെങ്കില്‍ എളുപ്പമല്ല. അതിനു മറ്റൊരാള്‍ അവളെ കല്യാണം കഴിച്ചു വീട്ടില്‍ കൂടി (ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട്) പിന്നീടു ത്വലാഖ് ചൊല്ലി ഇദ്ദയും കഴിഞ്ഞേ പഴയ ഭര്‍ത്താവിനു കല്യാണം കഴിക്കാനാവൂ. അപക്വമായ സമീപനം വിവാഹബന്ധത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നതാണ് ഈ നിയമത്തിന്റെ പൊരുള്‍”!
പുരുഷനെയപേക്ഷിച്ചു സ്ത്രീക്ക് സ്വത്തവകാശം പകുതിയാണെന്ന കാര്യത്തിലും ചില മത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ശരിഅത്ത് വിവാദകാലത്തു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിക്കപ്പെട്ട ശരിഅത്ത് സംരക്ഷണ സമ്മേളനത്തെ അഭിസംബോധന ചെയ്തു ശംസുല്‍ ഉലമ പ്രസംഗിച്ചത് ഇന്നും പ്രസക്തമാണ് എന്നു ഡോ. പി.ടി അബ്ദുല്‍ റഹ്‌മാന്‍ എടുത്തു പറയുന്നു. ”പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കുള്ളതിന്റെ പകുതി ഓഹരിയാണ് പെണ്‍മക്കള്‍ക്കുള്ളത്. ഈ നിയമം എടുത്തു കളഞ്ഞാല്‍ പിന്നെ ആണിനും പെണ്ണിനും ഒരേവിധത്തില്‍ വീതംവച്ചാല്‍ അന്ത്യനാള്‍വരെ ഹറാം ഭക്ഷിച്ചു ജീവിക്കുന്ന സമുദായമായിരിക്കും ഇവിടെയുണ്ടാവുക.”
ഇസ്ലാമിക നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ ഋതുവാകുന്ന കാലമാണ് വിവാഹപ്രായം. ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ആധികാരിക സുന്നി ഗ്രന്ഥമായ ‘അല്‍ ഹിദയ’ അനുസരിച്ച് 9 വയസ്സാണത്. ഇതിനെ ആസ്പദമാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി 15 വയസ്സിന് മുമ്പും മുസ്ലിം പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്ക് വിവാഹം കഴിച്ചയക്കാമെന്നു 2022-ല്‍ പോലും തുടരെ തുടരെ വിധികള്‍ പ്രസ്താവിച്ചു. പക്ഷേ ഒരു ആശ്വാസം ലഭിച്ചത് ഈ വര്‍ഷം സുപ്രീം കോടതി ഈ വിധികളെ മറ്റ് കോടതികള്‍ പിന്തുടരുതെന്ന് വിലക്കിയിട്ടുണ്ട്. ഡോക്ടര്‍ സയ്യിദ് അബ്ദുല്‍ ഹഫീസ് മൊയിനുദ്ദീന്‍ ബംഗാളിലെ മുര്‍ഷീദാബാദിലെ മുസ്ലിങ്ങളെ കുറിച്ചു നടത്തിയ പഠനത്തില്‍ 56% മാതാപിതാക്കളും പെണ്‍കുട്ടികളുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിപ്പിച്ചയക്കുന്നത് എന്നാണ് കണ്ടെത്തിയത്. ഇതില്‍ നല്ലൊരു ഭാഗവും 10 വയസ്സ് വരെ പ്രായം കുറവുള്ള പെണ്‍കുട്ടികളാണ്. അവിടെ വിവാഹമോചനം കഴിഞ്ഞ് അനാഥരായ ധാരാളം പെണ്‍കുട്ടികള്‍ അങ്ങേയറ്റം ദുരിത പൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ അഞ്ചു കുട്ടികളുടെ അമ്മയായ 28 വയസ്സുള്ള ഇംറാനയെ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം ചെയ്തു. അതോടെ ഖുറാന്‍ വചനമനുസരിച്ച് ഭര്‍ത്താവിന് അവള്‍ ഹറാം മുസാഹരത് ആയി. അതായത് അച്ഛനോടൊപ്പം ശയിച്ചവളെ പിന്നീട് ഭര്‍ത്താവ് ഭാര്യയായി കണക്കാക്കരുത് എന്നു പറഞ്ഞുകൊണ്ട് മുസ്ലിം മതനേതാക്കള്‍ ഫത്വയും ഇറക്കി. ഇതേപോലെ സംഭവിച്ച 19 വയസ്സുകാരി ജത്സോനര എന്ന പെണ്‍കുട്ടിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ചു വയസ്സന്‍ അമ്മായിയപ്പനെ കെട്ടാനാണ് അവിടുത്തെ മുസ്ലിം മത നേതൃത്വം ഫത്വ ഇറക്കിയത്. സമാനമായ മറ്റൊരു കേസില്‍ അസൂബി എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത അമ്മായിയപ്പനെതിരെ പരാതി നല്‍കരുതെന്നും ഫത്വ ഇറക്കി. മുസ്ലിം സ്ത്രീകള്‍ക്ക് ഇരട്ട ദുരന്തം വിധിക്കുക എന്ന ‘മഹത്തായ’ കര്‍മ്മമാണ് മുസ്ലിം മതനേതൃത്വം പലയിടങ്ങളിലും ചെയ്യുന്നത്. 2005ല്‍ വിശ്വലോചന്‍ മദന്‍ കേസില്‍ ഇതെല്ലാം ഭാരതത്തില്‍ നടക്കുന്നുവെന്ന് കേട്ടു സുപ്രീം കോടതി തന്നെ ഞെട്ടിപ്പോയി.
പൊതു സിവില്‍ നിയമം വന്നേ തീരു
പൊതു സിവില്‍ നിയമം എല്ലാ സമുദായക്കാരുടെയും അഭിപ്രായങ്ങള്‍ തേടി, എല്ലാവരെയും ചേര്‍ത്തു പിടിച്ച് തന്നെയാണ് രൂപപ്പെടുത്തേണ്ടത്. അതേസമയം, പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നവരുടെ ഒരു ശക്തമായ വാദം അതത് വ്യക്തിനിയമങ്ങളിലെ പരിവര്‍ത്തനം അതത് മതനേതാക്കള്‍ തന്നെ ചെയ്തു കൊള്ളട്ടെ എന്നാണ്. എന്നാല്‍ ഷാബാനോ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കി: ”മുസ്ലിം സമുദായം മുന്‍കയ്യെടുത്ത് തങ്ങളുടെ വ്യക്തി നിയമങ്ങള്‍ പരിഷ്‌ക്കരിക്കട്ടെ എന്ന ഒരു വിശ്വാസം ശക്തമാകുന്നുണ്ട്. എന്നാല്‍ ഒരു സമുദായവും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് പൂച്ചക്ക് മണി കെട്ടാന്‍ സാധ്യതയില്ല….സര്‍ക്കാരാണ് അത് ചെയ്യേണ്ടത്.”
ഇസ്ലാം മതത്തിലും ക്രിസ്തു മതത്തിലുമുള്‍പ്പടെ എല്ലാ മതങ്ങളിലുമുള്ള നല്ല കാര്യങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ഒരു പൊതു സിവില്‍ നിയമം രൂപപ്പെടുത്തേണ്ടത്. ഉദാഹരണത്തിന് ക്രിസ്തുമതത്തിലെ മനസ്സമ്മതം, കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഇസ്ലാമിലെ ഒത്തുതീര്‍പ്പിനുള്ള ഖുറാന്‍ (4.35) വചനം, ഹിന്ദുക്കളുടെ ഡി.എന്‍.എ.യിലുള്ള പരിഷ്‌കരണ സ്വഭാവം തുടങ്ങിയവ മാതൃകയായി പലരും ചര്‍ച്ച ചെയ്യുന്നു.
ബ്രിട്ടീഷുകാര്‍ ഇസ്ലാമിക വ്യക്തി നിയമം പരിഷ്‌കരിക്കാന്‍ കാണിച്ച ആര്‍ജ്ജവം സ്വതന്ത്ര ഭാരതത്തില്‍ ഇത്രയും കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് കാണിക്കാനായില്ല. എന്നു മാത്രമല്ല പലപ്പോഴും പരിഷ്‌കാരങ്ങളെ പുറകോട്ട് നയിക്കുകയാണ് ചെയ്തത്. ഇടതുപക്ഷവും ഉറപ്പുള്ള യാതൊരു നയവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. ഭാരതീയ ജനതാ പാര്‍ട്ടിയാണ് ആദ്യമായി തങ്ങള്‍ ഭരണത്തിലേറിയാല്‍ പൊതു സിവില്‍ നിയമം കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ആ വാഗ്ദാനം നിറവേറ്റാനുള്ള സമയമായി. പര്‍ദ്ദക്കുള്ളില്‍ തളച്ചിടപ്പെട്ട അസംഖ്യം മുസ്ലിം വനിതകളുടെ നെടുവീര്‍പ്പുകള്‍ നിശ്ശബ്ദമായ പിന്തുണയായി തീര്‍ച്ചയായും ഈ നീക്കത്തിന് ലഭിക്കുമെന്ന് കാര്യത്തില്‍ സംശയിക്കേണ്ട.