അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുമായി കേരളത്തിനുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1980 കളില്‍ മദനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള മോഡല്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ഇവയെയെല്ലാം കൂട്ടിയിണക്കുന്ന ചില സുപ്രധാന കണ്ണികള്‍ കണ്ടെത്താന്‍ കഴിയും. കേരളത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടും പരീക്ഷണശാലയുമാക്കി മാറ്റാനുള്ള നിരവധി പരിശ്രമങ്ങള്‍ ഈ കാലയളവില്‍ നടന്നിട്ടുണ്ട്. അവയെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പലതവണ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചതാണ്. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രതികള്‍, മദനി ഉള്‍പ്പെടെ, ജയിലിലാണ്. പലരും പിടികിട്ടാപ്പുള്ളികളായി രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇപ്പോഴും നിരവധി പേര്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലാകുന്നു. കേരളത്തിനു പുറത്തു നടന്നതോ നടത്താന്‍ ആസൂത്രണം ചെയ്യപ്പെട്ടതോ ആയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പ്രധാന കണ്ണികള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. തികച്ചും ലാഘവ ബുദ്ധിയോടെയാണ് കേരള സര്‍ക്കാരും പൊതു സമൂഹവും ഈ വിഷയത്തെ സമീപിക്കുന്നത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ബംഗളൂരു നഗരത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതിന്റെ പേരില്‍ ഈയിടെ അറസ്റ്റിലായ അഞ്ചംഗ സംഘത്തിനും കേരളവുമായി അടുത്ത ബന്ധമാണുള്ളത്.ആര്‍.ടി. നഗറിലെ വീട്ടില്‍ നിന്ന് ജൂലായ് 19-ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഇവര്‍ പല തവണ കേരളം സന്ദര്‍ശിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് 7 തോക്കുകളും 45 വെടിയുണ്ടകളും പിടിച്ചിരുന്നു. 2008 ലെ ബംഗളൂരു സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാം പ്രതി മലയാളിയായ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് ഇവരെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. ഇവരുടെ തലവന്‍ ജുനൈദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. 2017-ല്‍ കൊലക്കേസില്‍ പിടിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോഴാണ് ജുനൈദും കൂട്ടാളികളും തടിയന്റവിട നസീറുമായി പരിചയത്തിലായതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ‘പെറ്റ് ലവേഴ്‌സ്’ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൗണ്ട് തുറന്ന് യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയും കേരളത്തില്‍ നാലിടങ്ങളില്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിടുകയും ചെയ്ത മൂന്നുപേരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവരില്‍ രണ്ടാള്‍ തൃശ്ശൂരുകാരും ഒരാള്‍ പാലക്കാട്ടുകാരനുമാണ്. നാലു മാസം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം ജൂലായ് 18-നാണ് ഇവരെ അറസ്റ്റു ചെയ്തത്. വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം വനത്തിലാണ് ‘പെറ്റ് ലവേഴ്‌സ്’ സംഘം തമ്പടിച്ചിരുന്നത്. കാടിനുള്ളില്‍ ആയുധ പരിശീലനവും രഹസ്യ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. തടിയന്റവിട നസീറുമായി ഇവര്‍ക്കും ബന്ധമുണ്ടോ എന്ന കാര്യം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്. ഇതോടൊപ്പം അലിഗഡില്‍ നിന്നും ജാര്‍ഖണ്ഡ് സ്വദേശിയായ ഒരു ഭീകര പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കേരളം, കര്‍ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിന്റെ പ്രാദേശിക ഘടകം (മൊഡ്യൂള്‍) പ്രവര്‍ത്തിക്കുന്നതായി എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായും ഇവര്‍ക്ക് ബന്ധമുള്ളതായി സംശയിക്കപ്പെടുന്നുണ്ട്.
മലയാളി ഭീകരരെ ഉപയോഗിച്ച് ഐ.എസ്. കേരളത്തില്‍ പരീക്ഷണ ബോംബ് വിന്യാസം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഐ.എസുമായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുള്ള ബന്ധം മുമ്പു തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നു മാത്രം അന്‍പതോളം പേര്‍ ഐ.എസ്സില്‍ ചേര്‍ന്നിരുന്നു. ആറ്റുകാല്‍ സ്വദേശി നിമിഷയെ മതം മാറ്റി ഐ. എസില്‍ ചേര്‍ത്ത സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഐ.എസില്‍ ചേര്‍ക്കപ്പെട്ട നിമിഷ ഉള്‍പ്പെടെ നാല് മലയാളി വനിതകള്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്. കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക്‌സ്റ്റേറ്റിന് ശക്തമായ സാന്നിദ്ധ്യമുള്ളതായി തീവ്രവാദത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019 മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ ഒരു ‘പ്രവിശ്യ’ രൂപീകരിച്ചതായി അവകാശപ്പെട്ടിരുന്നു. ‘ഹിന്ദ് വിലയ’ എന്നു പേരിട്ട ഐ.എസിന്റെ ഇന്ത്യന്‍ ഘടകത്തില്‍ 200 ഓളം അംഗങ്ങള്‍ ഉള്ളതായും യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നടന്ന നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിയാക്കപ്പെട്ടയാളാണ് തടിയന്റവിട നസീര്‍. മദനി ഐ.എസ്.എസ്. രൂപീകരിച്ചതു മുതല്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച നസീര്‍ ഐ.എസ്.എസ്. നിരോധിക്കപ്പെട്ടപ്പോള്‍ മദനി ആരംഭിച്ച പി.ഡി.പിയുടെയും പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനി ജയിലിലായതോടെ കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ നിയന്ത്രണം ഇയാളുടെ കൈയിലായി. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യര്‍ കമാന്‍ഡറാണ് നസീര്‍ എന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത് കാശ്മീരിലെത്തിക്കുകയും അവിടെ അതിര്‍ത്തി രക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വ്യക്തിയാണ് തടിയന്റവിട നസീര്‍. ജയിലിനകത്തു വെച്ചു പോലും പല ഭീകര പദ്ധതികളും ഇയാള്‍ ആസൂത്രണം ചെയ്തതായാണ് ഇപ്പോള്‍ പിടിക്കപ്പെട്ടവരില്‍ നിന്നു പോലീസിനു ലഭിച്ച വിവരം.
കാനഡയില്‍ നിന്നു പിടിക്കപ്പെട്ട, മുംബയ് സ്‌ഫോടനക്കേസുകളിലടക്കം പ്രതിയായ ആലുവ സ്വദേശിയെ ഇന്ത്യയിലേക്കു കൊണ്ടുവരാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കിയ ഇയാള്‍ ആലുവയില്‍ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമക്കാരനയ ഇയാള്‍ 1993-ല്‍ മുംബയില്‍ എയര്‍ ഇന്ത്യയുടെ മെയിന്റനന്‍സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ ഇയാള്‍ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. ഇയാള്‍ കാനഡയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയിരുന്നു. സിക്ക് ഭീകരവാദ സംഘടനകളുടെ രണ്ട് നേതാക്കള്‍ അടുത്തിടെ കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അനുകൂല സാഹചര്യമല്ലെന്നു മനസ്സിലാക്കി അവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ ഇയാളുടെ പേരില്‍ നിരവധി കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേരളം ഇസ്ലാമിക തീവ്രവാദത്തിന് നല്ല വളക്കൂറുള്ള മണ്ണാണെന്ന് ഐ.എസ്. ഉള്‍പ്പെടെയുള്ള അന്താരാഷ്ട ഭീകര സംഘടനകള്‍ മുമ്പു തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ അവസ്ഥയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ല. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തീവ്രവാദ സംഘടനകളോടു കാണിക്കുന്ന മൃദുസമീപനം ആപല്‍ക്കരമായി തുടരുകയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ. കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചില മുന്‍കാല പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് കയറിക്കൂടാനും തുടങ്ങിയതായി വാര്‍ത്തകളുണ്ട്. സി.പി.എമ്മിന്റെ പ്രാദേശിക കമ്മിറ്റികളില്‍ മുസ്ലീം നാമധാരികള്‍ക്കു ലഭിക്കുന്ന പ്രത്യേക പരിഗണനയെ ഇവര്‍ ഒരവസരമാക്കി എടുക്കുകയാണ്. ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ മുസ്ലീം യാഥാസ്ഥിതിക താല്പര്യത്തിനു വഴങ്ങുന്ന സി.പി.എം. ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി വേദി പങ്കിടാന്‍ നടത്തുന്ന ശ്രമവും, കോണ്‍ഗ്രസ് വേദികളില്‍ ഇത്തരം സംഘടനകളെ പങ്കെടുപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമവും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഏതു നിലയ്ക്കും പൊതു സമൂഹം ഗൗരവത്തോടെ സമീപിക്കേണ്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞു വരുന്നത്.