മുഖത്ത് ഒരു ചെറു ചിരി ഫിറ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി വക്കീല്‍ വീട്ടില്‍ കയറി വന്നത്. വന്ന പാടെ ചോദിച്ചു. ‘അറിഞ്ഞില്ലേ? തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റാന്‍ പോകുന്നു. തിരൂര്‍ ശ്രീ രാമാനുജന്‍ എഴുത്തച്ഛന്‍ എന്നാക്കും എന്ന്.’
”ഹ..ഹ..അപേക്ഷ പോയല്ലേ ഉള്ളൂ. കേന്ദ്രത്തില്‍ നിന്ന് ‘ആദേശം’ വരട്ടെ അപ്പോ സന്തോഷിക്കാം.” ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ രണ്ടു പേരുടെയും വേരുകള്‍ തിരൂരിലായതുകൊണ്ട് ഉള്ളില്‍ ഒരു സന്തോഷം. തിരൂരില്‍ മലയാള ഭാഷാപിതാവിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാഞ്ഞതിലുള്ള അമര്‍ഷവും ഉണ്ട്.
‘ഭാഷയോടും സംസ്‌കാരത്തോടും ഇത്രയും നന്ദികേട് കാട്ടുന്ന കൂട്ടരെ കേരളത്തില്‍ മാത്രമേ കാണൂ’ ഉണ്ണി പറഞ്ഞു.
‘ശരിയാണ്. ഞാന്‍ ഈ അടുത്ത കാലത്ത് ഡാര്‍ജിലിംഗില്‍ പോയപ്പോള്‍ അവിടെ നഗരത്തിലെ പ്രധാന സ്‌ക്വയറില്‍ നേപ്പാളി ഭാഷയില്‍ രാമായണമെഴുതിയ കവിയുടെ പ്രതിമ കണ്ടു. ഡാര്‍ജിലിംഗ് ബംഗാളിലാണ് എന്നിട്ടും നേപ്പാളി സമുദായത്തിന് അത് സാധിക്കുന്നു.’
‘അത് ആരുടെയാ ?’
‘ആദികവി ഭാനുഭക്തന്റെ ‘ഭാനുഭക്ത രാമായണം’ വളരെ പ്രസിദ്ധമാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള പ്രത്യേക രീതിയാണ്. ഏകദേശം കുമാരനാശാന്റെ ‘പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി’.. എന്നത് ഈണത്തില്‍ പാടിയാല്‍ എങ്ങനെയിരിക്കും അത് പോലെ..’
‘മറ്റു ഭാഷക്കാരെല്ലാവരും തങ്ങളുടെ ഭാഷാപിതാവിനെയും രാമായണ കവികളെയും നന്നായി ആദരിക്കുന്നുണ്ട്. ഇവിടെ അറബി ഭാഷയെ കണ്ണിലുണ്ണി പോലെ നോക്കും എന്ന് മന്ത്രി. അത് മാത്രമേ നോക്കൂ എന്നായിട്ടുണ്ട്.’
‘ശരിയാണ്. തമിഴില്‍ കമ്പരുടെ പ്രതിമകള്‍ എല്ലായിടത്തും ഉണ്ട്. അവര്‍ നന്നായി ആദരിക്കുന്നുണ്ട്.’
‘ഞാന്‍ ചെന്നൈയിലും ശ്രീരംഗത്തും കണ്ടിട്ടുണ്ട്. ‘
‘കന്നടയില്‍ മഹാകവി പമ്പ മുതല്‍ ജ്ഞാനപീഠ ജേതാവായ ആധുനിക രാമായണ കവി കുവേമ്പു വരെ അനേകം രാമായണം കവികള്‍ ഉണ്ട്. തെലുങ്കില്‍ ആണ് ഏറ്റവും അധികം. പഴയ രങ്ക രാമായണം തൊട്ട് മൊല്ല രാമായണം വരെ..’
‘മൊല്ല രാമായണമോ.. വല്ല മുല്ലമാരും എഴുതിയതാണോ അത്?’
‘ഹ….അല്ല.. ഭക്ത കവിയത്രിയായ മൊല്ലാംബ. മൊല്ല ജാതിപ്പേരാണ്. കുംഭാരസ്ത്രീയാണ് അവര്‍. തെലുങ്കിലും ആധുനിക രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെലുഗു ഭാഷയിലെ ആദ്യ ജ്ഞാനപീഠ ജേതാവായ വിശ്വനാഥ സത്യനാരായണയുടെ ആധുനിക രാമായണമായ ‘രാമായണ കല്പവൃക്ഷം’ പോലെ. മലയാളത്തില്‍ പുതിയ രാമായണങ്ങള്‍ ഉണ്ടാക്കാന്‍ അധികമാരും തുനിഞ്ഞിട്ടില്ല.’
‘അതിനെങ്ങനാ.. മലയാളത്തില്‍ നൈസര്‍ഗ്ഗിക ചിന്തയില്ല. വിപരീത ചിന്തയല്ലേ ഉള്ളൂ .. രണ്ടാമൂഴം പോലെയുള്ള കൃതികളെ ഉണ്ടാവൂ? കുചിന്തകളാണധികവും.’
‘ഹ .. ഹ.. യൂ ആര്‍ റൈറ്റ്.. ടു സം എക്സ്റ്റന്റ്.. പക്ഷെ രണ്ടാമൂഴം മോശം കൃതിയല്ല കെട്ടോ ‘ഞാന്‍ ചിരിച്ചു. ‘ഉത്തരേന്ത്യന്‍ ഭാഷകളില്‍ എത്രയെത്ര രാമായണങ്ങള്‍ അവിടെയെല്ലാം അതിന്റെ കര്‍ത്താവിനെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് സ്മരിക്കുന്നത്, ആദരിക്കുന്നത്.’
‘എന്നിട്ടും നമ്മളിതെന്താ ഇങ്ങനെ ?’
‘സാരല്ല്യ.. പ്രതിമ സ്ഥാപിക്കാന്‍ അനുവദിച്ചില്ല എന്ന കാര്യത്തില്‍ ഇനി പരിതപിക്കേണ്ട. നീണ്ടു കിടക്കുകയല്ലേ പ്ലാറ്റ്‌ഫോം..’
ഉണ്ണി ഒന്നാലോചിച്ചിട്ട് പറഞ്ഞു. ‘ശരിയാണ് സ്റ്റേഷന്റെ പേര് മാറ്റി കഴിഞ്ഞാല്‍ ഒരു ഭവ്യ പ്രതിമ അവിടെ സ്ഥാപിക്കണം.’
‘കേരളത്തിലെ, ഏറ്റവും പഴക്കമുള്ള, ആദ്യത്തെ റെയില്‍വേ സ്റ്റേഷനാണു തിരൂര്‍ .. 1861 ലാണ് അത് സ്ഥാപിച്ചത്.. അത് ഏറ്റവും പുതിയതായി മാറട്ടെ.’
‘അതിന് ഇനി വൈകിക്കണ്ട.. അതിനു ഒരു ദേശവിരുദ്ധ പാര്‍ട്ടിയുടെയും സൗകര്യം നോക്കേണ്ടല്ലോ.’
‘പക്ഷെ പേരിടുമ്പോള്‍ അതിനു പ്രത്യേകത വേണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരായിരിക്കണം. ലോകത്തിലെ ഏറ്റവും നീണ്ട പേരുള്ള റെയില്‍വേ സ്റ്റേഷന്‍, അധികം ഇംഗ്ലീഷ് അക്ഷരങ്ങളുള്ള പേര്, ഇപ്പോള്‍ ബ്രിട്ടണിലെ വെയില്‍സ്‌ലെ ഒരു സ്റ്റേഷനാണ്. ല്‌ളാന്‍ഫെയര്‍ പി.ജി.എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്റ്റേഷന്റെ വെല്‍ഷ് ഭാഷയിലുള്ള പേരിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ ‘Saint Mary’s Church in the hollow of the white hazel near a rapid whirlpool and the Church of St. Tysilio of the red cave” എന്നാണ്. മൊത്തം 58 അക്ഷരങ്ങളാണ്. നമ്മുടെ ചെന്നൈ സ്റ്റേഷന്‍ ഈയിടെ പുരട്ച്ചി തലൈവര്‍ എം.ജി.ആര്‍. എന്നാക്കി പുനര്‍നാമകരണം ചെയ്തപ്പോള്‍ 57 അക്ഷരങ്ങളേ ആയുള്ളൂ. ഒരക്ഷരം കുറവ്. അത് ഇതോടെ തീര്‍ക്കണം. തിരൂര്‍ മലയാള ഭാഷാ പിതാ ആചാര്യശ്രീ മാനനീയ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ നഗര്‍ എന്നാക്കണം ഒട്ടാകെ 70 ലേറെ അക്ഷരം വരും.’
‘ഹ..ഹ. നന്നായി.. ലോക ശ്രദ്ധ പിടിച്ചു പറ്റും. ആരും അടുത്ത കാലത്തൊന്നും തോല്‍പ്പിക്കയുമില്ല.’
‘മോദിജി വന്നതിനു ശേഷം എത്ര സ്റ്റേഷന്റെ പേര് മാറ്റി അതില്‍ക്കൂടെ ഒന്ന് കൂടി.’
‘അത് ശരിയാ.. പേരിടല്‍ നാടിനു യോജിച്ച രീതിയിലായിരിക്കണം. അധിനിവേശക്കാരുടെ അക്രമികളുടെ പേര് നാമെന്തിന് ചുമക്കണം?..ലോകത്ത് ഒരു കുട്ടിക്ക് പേരിടുന്നത് തൊട്ട് എന്തിന്റെയും പേരിടുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന രാജ്യങ്ങളുമുണ്ട്.’
‘കുട്ടികള്‍ക്ക് പേരിടാന്‍ രാജ്യത്തിന്റെ സമ്മതം വേണോ?’
‘ഓ.. എത്രയോ രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുവാദം വേണം. അപ്രൂവല്‍ ഇല്ലാതെ പേര് റജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കില്ല, ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഐസ്‌ലാന്‍ഡ്, ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലൊക്കെ പേരിടാന്‍ സര്‍ക്കാരിന്റെ പെര്‍മിഷന്‍ വേണം. ഇന്ത്യയിലെപ്പോലെ ലിട്ടി, ബിട്ടി, ലൗസി, ബൗസി, ഷാജി, പാജി ഒന്നും സമ്മതിക്കില്ല. അവരുടെ സംസ്‌കാരം, ജെന്‍ഡര്‍ – ആണ്‍/പെണ്‍ തിരിച്ചറിയാനുള്ള സൗകര്യം, വിശ്വാസം, കുട്ടി വലുതായാല്‍ അവനോ അവള്‍ക്കോ പ്രശ്‌നമുണ്ടാകുമോ, കുട്ടിയുടെ വെല്‍ഫെയര്‍ എന്നെല്ലാം നോക്കിയേ പേര് സമ്മതിക്കൂ.’
‘വളരെ നല്ലത്.. ഇന്ത്യയില്‍ നോക്കൂ സ്റ്റാലിന്‍, ലെനിന്‍, രാവണന്‍, ഔറംഗസീബ്, ടിപ്പു എന്തൊക്കെ ദുഷ്ട പേരാണ് കുട്ടികള്‍ക്ക് ഇടുന്നത് .. ഷാജി, സിജി എന്നൊക്കെ ആണിനും പെണ്ണിനും ഉണ്ട് താനും.’
‘മേല്‍പ്പറഞ്ഞ രാജ്യങ്ങളൊക്കെ മനുഷ്യാവകാശത്തിന് കേളികേട്ട രാജ്യങ്ങളാണ്, പക്ഷെ ഇന്ത്യയില്‍ അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ എന്താവും പുകില് ?’
‘ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് നാം ചോദിക്കും. പേരില്‍ എല്ലാം ഉണ്ട് അല്ലെ ?’
‘ഹ..ഹ.. ശരിയാണ് എല്ലാം ഉണ്ട്.. അലഹബാദ് പണ്ടേ പ്രയാഗ് രാജ് ആയിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആയില്ലേ? നമ്മുടെ സംസ്‌കാരത്തില്‍ അതിനുള്ള പ്രാധാന്യം ഒരു വിദേശിക്ക് അല്ലെങ്കില്‍ ഒരു വിദേശ പാരമ്പര്യം പേറുന്നയാള്‍ക്ക് എങ്ങനെ അറിയാന്‍?’
‘ശരിയാണ്. തിരൂരിന്റെ പുനര്‍ നാമകരണവും അതിന്റെ പ്രാധാന്യവും അത് പോലെ തന്നെ.’
‘ഈ കര്‍ക്കിടകത്തില്‍, രാമായണമാസത്തില്‍ നടക്കുമോ?’
‘അതിനു നമ്മള്‍ ഉത്സാഹിക്കണം.. ഭരണത്തിലിരിക്കവേ പേര് മാറ്റല്‍ സാധാരണയാണ്.. തളി പൈതൃകത്തെ നശിപ്പിക്കാനുള്ള കുത്‌സിത ശ്രമം നോക്കൂ.. അതൊന്നും സ്ഥായിയായതല്ല. ഏച്ച് കൂട്ടിയാല്‍ മുഴച്ചു നില്‍ക്കും. അല്ലെങ്കില്‍ അപ്രസക്തമാകും. മാവൂര്‍ റോഡ് ഇന്നും മാവൂര്‍ റോഡ് തന്നെ അല്ലെ? ഇന്ദിരാ ഗാന്ധി റോഡ് എന്ന് എത്ര പേര് എഴുതുന്നു? അതിനു മുകളില്‍ സമാന്തരമായുള്ള പാലത്തിന് നായനാര്‍ പാലം എന്നും പേര്. സമാന്തര പാലത്തിനു ആരും വേറെ പേര് ഇടാറില്ല. എങ്കിലും ഇവിടെ ഇട്ടു. രണ്ടും ആരും ഓര്‍ക്കുന്നുമില്ല.’
‘ഹ..ഹ.. പോരടിച്ചതാ.. രണ്ടും ഒരു കണക്ക് തന്നെ.’
‘നമ്മളും പോരടിക്കുകയല്ലേ?’
‘ഇവിടെ ന്യായമായ ആവശ്യമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ’, ഭാഷയുടെ, സാഹിത്യത്തിന്റെയൊക്കെ നെടുംതൂണാണ് തുഞ്ചത്ത് ആചാര്യന്‍. അദ്ദേഹത്തെ സ്മരിക്കേണ്ടത് കേരള ജനതയുടെ കര്‍ത്തവ്യമാണ്.’
‘ശരിയാണ്.. ഈ കര്‍ക്കിടകത്തില്‍ അങ്ങനെ സംഭവിക്കട്ടെ..’
ഉണ്ണി എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു.
‘പിന്നേയ്.. പ്ലാറ്റ് ഫോമില്‍ വലിയ ബോര്‍ഡില്‍ നാല് വരി.. ഇങ്ങനെ എഴുതാം ട്ടോ..
അധ്യാത്മ രാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനിജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം.’
‘ഹ..ഹ..ഹ.. ‘ ചിരിച്ചുകൊണ്ട് ഗേറ്റ് അടച്ച് പുള്ളി പോയി.
ഞാന്‍ ഒരു രാമായണ കഥാ ചിത്രങ്ങളുള്ള മനോഹര സ്റ്റേഷന്‍ മനോമുകുരത്തില്‍ കണ്ടു സെറ്റിയിലേയ്ക്ക് ചാഞ്ഞു.