പൂനെ: അടിമത്തത്തിന്റേതായ മാനസികാവസ്ഥ പൂര്‍ണമായും മാറണമെന്നും ദേശീയ ഉണര്‍വ്വിനായുള്ള പ്രവര്‍ത്തനങ്ങളെ ജനം ഏറ്റെടുക്കണമെന്നും ആര്‍എസ്എസ് സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. ധൂലെ സന്‍സ്ഥയിലെ ശ്രീ സമര്‍ത്ഥ് വാഗ്‌ദേവത മന്ദിര്‍ പ്രസിദ്ധീകരിച്ച സ്വാമി സമര്‍ത്ഥ രാമദാസ് രചിച്ച വാത്മീകി രാമായണത്തിന്റെ ഭാഷ്യം എട്ട് വാല്യങ്ങള്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീരാമനെപ്പോലെ സമാജത്തിന് ദിശാബോധം നല്‍കുന്ന രാജാവ് ആവശ്യമാണെന്ന ബോധ്യത്താലാണ് ഛത്രപതി ശിവാജിയെ സമര്‍ത്ഥ രാമദാസ് വളര്‍ത്തിയെടുത്തത്. യുദ്ധം ധര്‍മ്മസംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്രതിരോധവും പെരുമാറ്റവും സംസ്‌കാരവും സമവായവുമെല്ലാം ധര്‍മ്മ സംരക്ഷണത്തിന്റെ ഭാഗങ്ങളാണ്. ധര്‍മ്മത്തെ പിന്തുടരുന്നതിന് സമാജത്തെ ഒരുമിപ്പിക്കണം.
കാലങ്ങളായി ലോകം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം ഭാരതം നല്‍കുമെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. ഇത് നമ്മള്‍ തിരിച്ചറിയണമെന്നും സര്‍സംഘചാലക് വ്യക്തമാക്കി.
ധൂലെ സന്‍സ്ഥ മുന്‍ അദ്ധ്യക്ഷന്‍ ശരദ് കുബേര്‍ ആമുഖ ഭാഷണം നടത്തിയ ചടങ്ങില്‍ പ്രൊ.ദേവേന്ദ്ര ദോംഗ്രെ, പ്രൊഫ. അരവിന്ദ് ജോഷി, ഫുല്‍ഗാവ് ശ്രുതി സാഗര്‍ ആശ്രമത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി, ആര്‍എസ്എസ് പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് നാനാ സാഹേബ് ജാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.