മതത്തിന്റെ നിലനില്പിനുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മതനിന്ദ എന്നാണു ലോകത്തെമ്പാടുമുള്ള മുസ്ലിം മതമൗലികവാദികളുടെയെല്ലാം ഉറച്ച സങ്കല്പം. അവര്‍ മുറുകെപ്പിടിക്കുന്ന മതനിയമപ്രകാരം മതനിന്ദയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷാവിധി മരണമാണ്. മതനിന്ദ നടത്തി എന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കൂടി കുറ്റക്കാരാണെന്നു കണ്ടെത്തിക്കൊണ്ടുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതിയുടെ വിധി മതവിധികള്‍ക്കെതിരെയുള്ള നീതിന്യായ കോടതിയുടെ ഒടുവിലത്തെ വിധിപ്രസ്താവമാണ്. സംഭവം നടന്ന് ഒരു വ്യാഴവട്ടത്തിനുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി എന്‍ഐഎ പ്രത്യേക കോടതി മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റു മൂന്നു പേര്‍ക്ക് കഠിനതടവും ശിക്ഷവിധിച്ചത്.
2010 ജൂലായ് നാലിനാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ടി.ജെ. ജോസഫിനു നേരെ ആക്രമണം നടത്തിയത്. കേരളത്തിന്റെ മതേതര മനസ്സാക്ഷിക്കുനേരെയുണ്ടായ മൃഗീയവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യമായിരുന്നു അത്. 2010 മാര്‍ച്ച് 23ന് ന്യൂമാന്‍ കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബിഎ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പര്‍ ചോദ്യത്തില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. പി.ടി. കുഞ്ഞു മുഹമ്മദിന്റെ ‘തിരക്കഥയിലെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ആ ചോദ്യം. ടി.ജെ. ജോസഫ് തയ്യാറാക്കിയ പ്രസ്തുത ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ജോസഫ് മാഷിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കോളേജ് അധികൃതര്‍ പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഉടന്‍ തന്നെ മതനിന്ദാ കുറ്റം ചുമത്തി ജോസഫിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. തുടര്‍ന്ന് പീഡനങ്ങളുടെ ഒരു പര്‍വ്വം തന്നെ ജോസഫ് മാഷിന്റെ ജീവിതത്തിലുണ്ടായി. അദ്ദേഹത്തിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിനു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ, ആറു ദിവസത്തിന് ശേഷം അദ്ദേഹം പൊലീസിനു മുന്നില്‍ നിരുപാധികം കീഴടങ്ങി. ഒരാഴ്ചത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യം നേടി പുറത്തിറങ്ങിയശേഷം അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയില്‍ പോയി മടങ്ങി വരുകയായിരുന്ന ടി.ജെ. ജോസഫിനെ വീടിന് അടുത്തുവച്ചാണ് മതതീവ്രവാദികള്‍ ആക്രമിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കി. തുടര്‍ച്ചയായ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. ആദ്യം കേരളാ പൊലീസ് അന്വേഷിച്ച കേസില്‍ അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് അറസ്റ്റ് ചെയ്തത്. 2011 മാര്‍ച്ചില്‍ കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. 2015 ഏപ്രില്‍ 30ന് കൊച്ചിയിലെ എന്‍ഐഎ കോടതി കേസിലെ ആദ്യഘട്ട വിധി പ്രഖ്യാപിച്ചു. അതില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
മതഗ്രന്ഥത്തില്‍ പറയുന്ന ശിക്ഷാവിധിയാണ് ടി.ജെ. ജോസഫിനുനേരെ നടപ്പാക്കിയതെന്നും പ്രതികള്‍ സമാന്തര ജുഡീഷ്യല്‍ സംവിധാനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഈ നടപടി രാജ്യത്തിന്റെ മതേതര ഘടനയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് വിധിപ്രഖ്യാപനത്തില്‍ എന്‍ഐഎ പ്രത്യേക കോടതി നടത്തിയ നിരീക്ഷണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ ആ സംഘടനയ്‌ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ ‘ദാറുല്‍ ഖദ’ എന്ന പേരില്‍ സ്വന്തമായൊരു മതകോടതി ഉണ്ടെന്നും ഈ കോടതിയുടെ വിധികള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയിരുന്നെന്നും വ്യക്തമാക്കിയിരുന്നു. കൈവെട്ട് കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത കേരളത്തിന്റെ മനഃസാക്ഷിയുടെ മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ കേവലം ആയുധങ്ങള്‍ മാത്രമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ പുറത്താണെന്നുമുള്ള ജോസഫ് മാഷിന്റെ പ്രതികരണവും കേസിന്റെ ഭീകര ബന്ധത്തിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്.
സമാധാനത്തിന്റെ മതമാണ് ഇസ്ലാം എന്ന അവകാശവാദത്തെ അപ്രസക്തമാക്കുന്ന വിധത്തിലാണ് ഇസ്ലാമിസ്റ്റുകള്‍ ആഗോള വ്യാപകമായി മതനിന്ദയും പ്രവാചകനിന്ദയും ആരോപിച്ച് ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മിക്കവാറും രാജ്യങ്ങളെല്ലാം ഇതിന്റെ അനുഭവസാക്ഷികളാണ്. ചാനല്‍ സംവാദത്തില്‍ പ്രവാചകനെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചു കൊണ്ടുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ തൊഴിലാളിയായ കനയ്യലാലിനെ മതോന്മാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 2015 ജനുവരിയില്‍ ഒരു ഡാനിഷ് പത്രത്തില്‍ വന്ന മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചതിനാണ് ഫ്രാന്‍സിലെ ‘ഷാര്‍ളി എബ് ദോ’എന്ന ഹാസ്യ വാരിക ഭീകവാദികള്‍ ആക്രമിക്കുകയും സ്റ്റെഫാന്‍ ചാര്‍ബോണര്‍ എന്ന പത്രാധിപരടക്കം 11 പേരെ വധിക്കുകയും ചെയ്തത്. പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആളുകളെ കൊല്ലുന്നത് നിത്യ സംഭവമാണ്. അവിടെ 1987 നു ശേഷം 1472 പേരെയാണ് മതനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയത്. മുഹമ്മദ് നബി ഇസ്ലാമിന്റെ അവസാന പ്രവാചകനല്ലെന്നു പറഞ്ഞതിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന സല്‍മ തന്‍വീറിന് വധശിക്ഷ വിധിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ്സെടുക്കവെ, 2012-ല്‍ ‘ഷാര്‍ളി എബ്‌ദോ’ എന്ന കാര്‍ട്ടൂണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനാണ് പാരീസില്‍ സാമുവല്‍ പേറ്റി എന്ന അദ്ധ്യാപകനെ ശിരച്ഛേദം ചെയ്തത്. ബ്രിട്ടനില്‍ മുഹമ്മദ് നബിയുടെ മകളെ കുറിച്ച് ‘ലേഡി ഓഫ് ഹെവന്‍’ എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ അതു പുറത്തിറക്കാന്‍ ഇസ്ലാമിക മതമൗലികവാദികള്‍ അനുവദിച്ചില്ല. 1995-ല്‍ “Why I am not a Muslim’ എന്ന ഗ്രന്ഥം രചിച്ച എഴുത്തുകാരന്‍ തന്റെ പേര് വെളിപ്പെടുത്താതിരിക്കുകയും പകരം ഇബ്ന്‍ വറാഖ് എന്ന തൂലികാനാമം ഉപയോഗിക്കുകയും ചെയ്തത് ഇസ്ലാമിസ്റ്റുകളുടെ മതഫത്വയില്‍ നിന്നു രക്ഷനേടാന്‍ തന്നെയാണ്.
മതമൗലികവാദികളുടെ കോടതി കല്‍പ്പിച്ച മതവിധിയുടെ നീതിനിര്‍വ്വഹണമാണ് ടി.ജെ. ജോസഫിനു നേരെ നടന്നതെന്ന് നീതിന്യായ കോടതി വിധിയെഴുതുമ്പോള്‍ തന്നെയാണ് മതനിയമങ്ങള്‍ ഇല്ലാതാകുമെന്ന വാദം ഉയര്‍ത്തിക്കൊണ്ട് ഏകീകൃത പൗരനിയമത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തു വരുന്നത്. കാലഹരണപ്പെട്ട മതനിയമങ്ങള്‍ മാറ്റപ്പെടേണ്ടതുണ്ടെന്നും മതവിധികല്പനകള്‍ മനുഷ്യനീതിയെ അസ്ഥിരപ്പെടുത്തുമെന്നുമാണ് ഈ സംഭവവികാസങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്ന ഗുണപാഠം.