ആദികാവ്യമായ രാമായണം ജ്ഞാനവിജ്ഞാനങ്ങളുടെ അനര്‍ഘ രത്‌നങ്ങളെ ധരിച്ച മഹാസാഗരമാണ്. വാല്മീകീരാമായണത്തെ അവലംബമാക്കി എത്രയെത്ര സാഹിത്യരൂപങ്ങളാണ് ലോകമെമ്പാടും പ്രചരിച്ചിട്ടുള്ളത്! കാലാതിവര്‍ത്തിയായ ഉള്ളടക്കത്തിന്റെ ഗരിമയാല്‍ യുഗങ്ങള്‍ക്കിപ്പുറത്തും രാമകഥയുടെ സര്‍വ്വതലസ്പര്‍ശിയായ സ്വാധീനം നമുക്ക് അനുഭവവേദ്യമാവുന്നു.
‘യാവത് സ്ഥാസ്യന്തി ഗിരയ:
സരിതശ്ച മഹീതലേ
താവത് രാമായണകഥാ
ലോകേഷു പ്രചരിഷ്യതി’
എത്രകാലം ഈ ഭൂമുഖത്ത് പര്‍വ്വതങ്ങളും സമുദ്രങ്ങളും (ഉയര്‍ച്ചയും താഴ്ചയും) ഉണ്ടായിരിക്കുമോ അത്രകാലം ഈ രാമകഥയും ലോകത്ത് പ്രചരിക്കും.
കാലഹരണപ്പെടാത്ത ഉള്ളടക്കത്തിന്റെ സമ്പന്നതയാണ് രാമായണത്തിന്റെ ഈ വൈശിഷ്ട്യത്തിന് കാരണമെന്ന് കാണാം.
മലയാളിക്ക് കര്‍ക്കിടകമാസം രാമായണമാസമാണ്. ദേഹരക്ഷക്ക് രസായനമെന്നതുപോലെ സൂക്ഷ്മദേഹത്തെ രക്ഷിക്കാന്‍ ദിവ്യഔഷധമായി രാമായണരസായനം ഭവിക്കുന്നു. ബ്രഹ്‌മാണ്ഡപുരാണാന്തര്‍ഗതമെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച അദ്ധ്യാത്മരാമായണത്തെയാണ് തുഞ്ചത്താചാര്യന്‍ സുഗേയമായ കാവ്യമായി നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഭാഷാപിതാവിന്റെ വാങ്മയവിസ്മയത്തിലൂടെ യാന്ത്രികമായി സഞ്ചരിക്കുന്ന വായനക്കാരനു പോലും പദസമ്പത്തും പദശുദ്ധിയും നല്‍കി അനുഗ്രഹിക്കും ഈ കിളിപ്പാട്ട്!
കര്‍ക്കിടകത്തില്‍ നിന്ന് കാലാതിവര്‍ത്തിത്വത്തിലേക്കും കേവലപാരായണത്തില്‍ നിന്നു പഠനത്തിലേക്കും പ്രവേശിച്ചാലോ ഭുക്തിമുക്തിപ്രദമാണ് രാമായണരസായനം എന്നു നാം തിരിച്ചറിയും. മാനവ ജീവിതത്തിന്റെ സമസ്തമേഖലയെയും തിളക്കമുള്ളതാക്കുന്ന മന്ത്രസ്പര്‍ശമാണ് രാമായണത്തിന്റേത്.
അന്തരീക്ഷത്തില്‍ വായു എന്നതുപോലെ രാമായണകഥയില്‍ നിറഞ്ഞുനില്‍ക്കുന്ന വായുപുത്രനായ ഹനുമാന്‍സ്വാമി വാക്പടുത്വത്തെ നല്‍കി രാമായണപഠിതാവിനെ അനുഗ്രഹിക്കുന്നു.
‘ബുദ്ധിര്‍ബ്ബലം യശോധൈര്യം നിര്‍ഭയത്വം അരോഗത
അജാഢ്യം വാക്പടുത്വം ച ഹനുമത് സ്മരണാത് ഭവേത്’
ഹനുമാന്‍ സ്വാമിയുടെ സ്മരണ ഒന്നുകൊണ്ടു മാത്രം ഈ ഗുണവൈശിഷ്ട്യങ്ങളെല്ലാം കരഗതമാവുന്നു.
ഹനുമാനെ ആദ്യം വടുരൂപത്തില്‍ കണ്ടുമുട്ടി പ്രാഥമികമായ ആശയവിനിമയം നടത്തിയപ്പോള്‍തന്നെ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇങ്ങനെ ലക്ഷ്മണനോടു പറയുന്നുണ്ടല്ലോ:
‘പശ്യസഖേ വടുരൂപിണം ലക്ഷ്മണ
നിശ്ശേഷ ശബ്ദശാസ്ത്രമനേനശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം’
ആദ്യമായി ഹനുമാനെ അശോകവനിയില്‍ വച്ച് കണ്ടുമുട്ടിയ സീതാദേവിയുടെ വിശേഷണവും മറ്റൊന്നല്ല:-
ഋതമൃജുമൃദുസ്ഫുടവര്‍ണ്ണവാക്യങ്ങളാലിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം!
സീതയെ കണ്ടെത്തിയവിവരം ശ്രീരാമാദികളെ അറിയിക്കുമ്പോള്‍ ‘കണ്ടു’ എന്ന് സംക്ഷിപ്തമായ പ്രതിപാദനത്തിലൂടെ ആദ്യം തന്നെ ശ്രോതാവിന്റെ ആകാംക്ഷയെ ശമിപ്പിച്ച് തുടര്‍ന്ന് മാത്രം വിവരണം നല്‍കുന്ന ശ്രീരാമദൂതന്‍ വാര്‍ത്താവിനിമയത്തിന്റെ മര്‍മ്മമാണ് പഠിപ്പിച്ചു തരുന്നത്. ആ വാചകകലയെ അറിഞ്ഞാദരിക്കയാലാണ് ‘കോട്ടമതില്‍ കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം’ വചസാ’ഭവാന്‍…’ എന്ന് ശ്രീരാമചന്ദ്രന്‍ പിന്നീട് ആഞ്ജനേയനോട് അഭിപ്രായപ്പെടുന്നത്.
വാല്മീകി രാമായണത്തിലെ കശ്ചിത്സര്‍ഗ്ഗം എന്ന് പ്രസിദ്ധമായ ഭരതരാഘവസംവാദം രാഷ്ട്രതന്ത്ര പാഠങ്ങളുടെ കലവറയാണെങ്കില്‍ അദ്ധ്യാത്മരാമായണത്തിലുടനീളം രാഷ്ട്രതന്ത്രമര്യാദകളും ആചാരമര്യാദാസംഹിതകളും ഇതള്‍ വിരിയുന്നത് കാണാനാവും.
തനിക്ക് അനധികൃതമായി നിര്‍ദ്ദേശം നല്‍കിയ രാജപത്‌നിയായ കൈകേയിയോട്
‘രാജവചനമനാകര്‍ണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങനെ’
എന്ന് ഒരേസമയം ഭവ്യതയിലും അതേസമയം നിലപാടിലുറച്ചും പ്രതികരിക്കുന്ന സുമന്ത്രര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉദാത്തമാതൃകയാണ്.
‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്നു പ്രസിദ്ധമാണല്ലോ. ശത്രുപക്ഷത്ത് നിന്നാണ് ഈ വിശേഷപ്പെട്ട അംഗീകാരം ദാശരഥിക്ക് സിദ്ധിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രാജാക്കന്മാര്‍ ബഹുഭാര്യാത്വം സ്വീകരിച്ചു പോന്ന ഒരു സാമൂഹ്യ സാഹചര്യത്തിലാണ് സീതാപതി ഏകപത്‌നീവ്രതം അവലംബിച്ചത്. മാത്രമല്ല സാമൂഹ്യപ്രതിബദ്ധതയും വൈയക്തികപ്രതിബദ്ധതയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഭരണാധികാരി പിന്തുടരേണ്ടത് മുഖ്യധര്‍മ്മമായ രാഷ്ട്രധര്‍മ്മമാണെന്നും രാമകഥ നമുക്ക് വരച്ചുകാണിച്ചു തരുന്നു.
പ്രിയപത്‌നിയായ കൈകേയിയെ പ്രീണിപ്പിക്കാന്‍
‘വധ്യനെ നൂനമവധ്യനാക്കീടുവന്‍
വധ്യനാക്കീടുമവധ്യനെ നിര്‍ണ്ണയം’
എന്നു പറയുന്ന ദശരഥനിലൂടെ ഭരണകര്‍ത്താവ് എങ്ങനെയാകരുതെന്നും രാമായണം ഉദ്‌ഘോഷിക്കുന്നു.
ലങ്കാപുരിയില്‍ രാവണരാജധാനിയിലെത്തുന്ന ഹനുമാന്‍ തന്റെ ഇരിപ്പിടം ഒന്നുകൊണ്ടു മാത്രം രാവണന് കരുത്തുറ്റ നയതന്ത്ര സന്ദേശം നല്‍കുന്നുണ്ട്.
ആ ഹനുമാനെ വിചാരണ ചെയ്യാന്‍ താന്‍ നേരിട്ട് തുനിയാതെ കിങ്കരനായ പ്രഹസ്തനെ ചോദ്യാവലി കൊടുത്ത് ചുമതലപ്പെടുത്തുന്ന രാവണനും നയതന്ത്ര കൗശലം വ്യക്തമാക്കുന്നു.
സമ്പാതിവാക്യത്തിലെ നിശാകരമുനി പകര്‍ന്നു തരുന്ന ഭ്രൂണ ശാസ്ത്ര വിജ്ഞാനവും ‘ജാംബവാന്റെ കാലത്തേ’യുള്ള ഭാരതഭൂമിയുടെ ഔഷധസസ്യവിജ്ഞാനവും നമ്മെ അത്ഭുതപരതന്ത്രരാക്കും. ഹനുമാന്റെ ഔഷധഹരണയാത്ര രാമകഥയില്‍ നിന്നും ഇറങ്ങിവന്ന് നമ്മുടെയൊക്കെ ഹൃദയമന്ദിരത്തില്‍ മുദ്രിതമായിട്ടുള്ള സുന്ദരചിത്രമാണല്ലോ. നാല് ഔഷധ സസ്യങ്ങളെയാണ് ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ കൊണ്ടുവരുന്നത്.
മുറിവില്‍ നിന്ന് ആയുധ അവശിഷ്ടങ്ങളെ നീക്കം ചെയ്യാനുള്ളതാണ് വിശല്യകരണി. സന്ധാനകരണി മുറിവുകൂടാനും സുവര്‍ണ്ണകരണി ത്വക്ക് പൂര്‍വ്വസ്ഥിതിയിലാവാനും ഉള്ളതാണ്. ജീവാപായം വരാതെ സംരക്ഷിക്കാന്‍ മൃതസഞ്ജീവനിയും!
സേതുബന്ധനത്തിന്റെ എഞ്ചിനീയര്‍ വിശ്വകര്‍മ്മാവിന്റെ മകനായ നളനാണ്. ലങ്കാ നഗരത്തിന്റെ ശില്പി രാവണന്റെ ഭാര്യാപിതാവായ മയനും!
യുദ്ധവാഹനങ്ങള്‍ മുതല്‍ പുഷ്പകവിമാനം വരെ വിന്യസിക്കപ്പെടുന്ന രാമകഥയിലെ വാഹനങ്ങള്‍ക്ക് യാത്രികന്റെ നില അനുസരിച്ചുള്ള പ്രോട്ടോക്കോളുമുണ്ട്
‘രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം’
വാഹനത്തിന്റെ സാരഥ്യം വഹിക്കുന്ന ആള്‍ കേവലം കൃത്യനിര്‍വ്വഹണം ചെയ്താല്‍ പോരെന്നും വിവിധഘടകങ്ങള്‍ പരിഗണിക്കാന്‍ നൈപുണി ഉണ്ടാവണമെന്നും നമ്മളെ പഠിപ്പിക്കുന്നത് രാവണന്റെ തേരാളിയാണ്.
‘സാരഥി താനറിയേണം മഹാരഥന്‍മാരുടെ സാദവും വാജികള്‍ സാദവും
വൈരികള്‍ക്കുള്ള ജയാജയകാലവും
പോരില്‍ നിമ്‌നോന്നതദേശവിശേഷവും
എല്ലാമറിഞ്ഞു രഥം നടത്തുന്നവനല്ലോ നിപുണനായുള്ള സൂതന്‍ പ്രഭോ’
രാവണവധാനന്തരം സീതയുമായികണ്ടു മുട്ടാനുള്ള ധൃതിയല്ല, അനാഥമായ ലങ്കാ രാജ്യത്തിന് അടുത്ത ഭരണസംവിധാനമുണ്ടാക്കാനുള്ള ഉത്തരവാദിത്വമാണ് ആദ്യമേ ശ്രീരാമചന്ദ്രന്‍ കാണിക്കുന്നത്. മാത്രമല്ല, വിഭീഷണന്‍ തന്റെ ആശ്രിതനും വിധേയനുമാണെന്നിരിക്കിലും സീതയെകാണാന്‍ ഹനുമാനെ ചുമതലപ്പെടുത്തുമ്പോള്‍ ‘വിഭീഷണാനുജ്ഞയാ സീതയെ കാണുക’ എന്നു പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട് രാഘവന്‍. നാം നിയോഗിച്ച ആളാണെങ്കില്‍ പോലും ഒരു സംവിധാനത്തിന്റെ ഔപചാരിക ഭാരവാഹിത്വം ഉള്ള ആളെ മറികടന്ന് ആ സംവിധാനത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് മാന്യമല്ലെന്ന് ‘വിഭീഷണാനുജ്ഞയാ’ എന്ന ഒരു പ്രതിപാദനത്തിലൂടെ രാമായണം അസന്നിഗ്ദമായി നമ്മെ പഠിപ്പിക്കുന്നു.
ലങ്കയില്‍ നിന്ന് അയോദ്ധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമന്‍ സീതാദേവിക്ക് ഒരു ടൂറിസ്റ്റ് ഗൈഡിന്റെ വൈദഗ്ധ്യത്തോടെ ദൃശ്യങ്ങള്‍ വര്‍ണ്ണിച്ചു കൊടുക്കുന്നത് കാണാം.
ചുരുക്കിപ്പറഞ്ഞാല്‍ ഏതു പ്രവര്‍ത്തന മണ്ഡലത്തിലും മികച്ചയാളാവാന്‍ രാമായണം നമ്മളെ പഠിപ്പിക്കുന്നുണ്ട്.
അഗസ്ത്യ സ്തുതിയില്‍ വേദാന്തദര്‍ശനം ഇതള്‍വിരിയുന്നു. അതേ അഗസ്ത്യരാണ് വനവാസത്തിന് പുറപ്പെടുന്ന രാമന് ആയുധങ്ങള്‍ നല്‍കുന്നത്.
‘കാന്തിമതാം കാന്തിരൂപായ തേ നമ:’
എന്നിങ്ങനെ ശത്രുവിനെ ജയിക്കാന്‍ ആദിത്യഹൃദയം പകര്‍ന്നു നല്‍കുന്നതും അഗസ്ത്യര്‍ തന്നെ!
മന്ത്രശബ്ദസമന്വിതമായ രാമായണശീലുകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്‍ ഈ പാഠങ്ങളിലേക്കൊന്നും പ്രവേശിച്ചില്ലെങ്കിലും കേവലം പാരായണത്തിലൂടെ മാത്രം താനറിയാതെ തന്നെ മന്ത്രോദ്ധാരം സംഭവിക്കുമെന്നത് രാമായണ കാവ്യത്തിന്റെ മഹിമാവൈശിഷ്ട്യമാണ്.
രാമ മന്ത്രത്തിന്റെ അനന്യമായ പ്രഭാവമാണ്.
‘ര’ ശബ്ദോച്ചാരണാദേവ
മുഖാന്നിര്യാന്തി പാതകാ:
പുന:പ്രവേശ ഭീതൈ്യവ
‘മ’ കാരസ്തു കവാടവത്.’
ലോകത്ത് ശ്രേഷ്ഠമായി എന്തൊക്കെയുണ്ടോ അവയെ ഒക്കെ ആദരിക്കുന്നതിലൂടെ അപാരകാരുണ്യമായി ആ ശ്രേഷ്ഠത നമ്മളിലേക്കും വഴിഞ്ഞൊഴുകും.
പുണ്യഗ്രന്ഥമായ രാമായണത്തില്‍ പരമായി ഇഹലോകത്തില്‍ ഭക്തന് അഭയവും ആശ്രയവുമായി മറ്റെന്താണുള്ളത്?
‘നാസ്തി മാതൃസമോ ഗുരു:
നാസ്തി ഗംഗാസമം തീര്‍ത്ഥം
നാസ്തി വിഷ്ണുസമോ ദേവോ
നാസ്തി രാമായണാത്പരം’