‘നനഞ്ഞ മുണ്ട് വലത്തേ തോളത്തിടരുത്’
മുത്തശ്ശി എപ്പോഴും പറയും. മഴയായാലും മഞ്ഞായാലും രാവിലെ എണീറ്റാലുടനെ ഞാന്‍ പാടത്തുള്ള കുളത്തില്‍ പോയി കുളിച്ചു വരും. എന്നിട്ടേ ചായയും പലഹാരവും കഴിക്കൂ. നാലാംക്ലാസില്‍ പഠിക്കുമ്പോഴേ നീന്തലു പഠിച്ചതുകൊണ്ട് എന്നെ ഒറ്റയ്ക്കു കുളത്തിലേക്കു വിടാന്‍ അമ്മക്കോ മുത്തശ്ശിക്കോ പേടിയില്ല.
കുളിച്ചു തുവര്‍ത്തിക്കഴിഞ്ഞാല്‍ തോര്‍ത്തുമുണ്ട് ഒന്നുകൂടി വെള്ളത്തില്‍ മുക്കിപ്പിഴിയും. എന്നിട്ട് നനഞ്ഞ മുണ്ട് ഇടത്തേ തോളത്തിടും. മുത്തശ്ശി പറഞ്ഞു പഠിപ്പിച്ചതുകൊണ്ട് അതൊരു ശീലമായി.
എന്തുകൊണ്ടാണ് മുത്തശ്ശി അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. മുത്തശ്ശിതന്നെയാണ് പിന്നീടൊരിക്കല്‍ ആ കഥ പറഞ്ഞു തന്നത്.
പത്തുമുന്നൂറു കൊല്ലംമുമ്പാണ്. അന്ന് കോഴിക്കോടു വാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് വലത്തേ തോളില്‍ കലശലായ വേദന തുടങ്ങി. കേമന്മാരായ വൈദ്യന്മാരാണ് ചികിത്സിക്കുന്നത്. ആരു ചികിത്സിച്ചിട്ടും എന്തു ചികിത്സ ചെയ്തിട്ടും വേദനക്ക് ഒരു കുറവുമില്ല.
തമ്പുരാന്റെ അസുഖം കേട്ടറിഞ്ഞ് വടക്കെവിടെയോ ഉള്ള ഒരു നമ്പൂതിരി തമ്പുരാനെ മുഖം കാണിക്കാന്‍ വന്നു.
”വലത്തേ തോളത്തല്ലെ തിരുമനസ്സേ വേദന?”
”ശരിയാണ്”
”ഒരു ചികിത്സ ഉണ്ട് തിരുമനസ്സേ.”
തമ്പുരാന്റെ അനുവാദത്തോടെ സേവകനോട് ഒരു തോര്‍ത്തു നനച്ചു കൊണ്ടുവരാന്‍ പറഞ്ഞൂ നമ്പൂതിരി. സേവകന്‍ തോര്‍ത്തു നനച്ചു കൊണ്ടുവന്നു. നമ്പൂതിരി ആ നനഞ്ഞ തോര്‍ത്ത് തമ്പുരാന്റെ വലത്തേ തോളത്തിട്ടു. എന്തതിശയം! നിമിഷനേരംകൊണ്ട് വേദന നിശ്ശേഷം മാറി. തമ്പുരാന്‍ സന്തോഷിച്ച് നമ്പൂതിരിക്ക് സ്വര്‍ണ്ണക്കിഴിതന്നെ സമ്മാനമായി കൊടുത്തു. സ്വര്‍ണ്ണക്കിഴിയും കൊണ്ട് നമ്പൂതിരി സ്ഥലംവിട്ടു.
ഈ അത്ഭുതകഥകേട്ട് സാമൂതിരിപ്പാടിന്റെ മന്ത്രിയായ മങ്ങാട്ടച്ചന്‍ ഓടി യെത്തി. മങ്ങാട്ട ച്ചന്‍ അടിയന്തിര കാര്യത്തിനായി എവിടേക്കോ പോയതാ യിരുന്നു. മടങ്ങി വരു മ്പോഴാണ് നനഞ്ഞമുണ്ട് മടക്കി തമ്പുരാന്റെ വലത്തേ തോള ത്തിട്ട് തമ്പുരാന്റെ അസുഖം മാറ്റിയ വിശേഷം കേട്ടറിഞ്ഞത്.
”ചതിച്ചൂ തിരുമനസ്സേ. സാക്ഷാല്‍ ലക്ഷ്മീദേവിയെ ആണ ് തിരുമനസ്സ് ഇറക്കിവിട്ടത്. അങ്ങയുടെ ചുമലില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുകയായിരുന്നു. അതാണ് അങ്ങേക്ക് ചുമലു വേദനിച്ചിരുന്നത്.”
മങ്ങാട്ടച്ചന്‍ അങ്ങാടിയിലേക്കു കുതിച്ചു നടന്നു.
മിഠായിത്തെരുവിലെത്തിയ സമയത്ത് അതിസുന്ദരിയായ ഒരു സ്ത്രീ നടന്നുപോവുന്നതു കണ്ടു. കേരളദേശത്തുതന്നെ അതുപോലെ ഐശ്വര്യമുള്ള ഒരു സ്ത്രീ ഉണ്ടാവില്ല. താന്‍ അന്വേഷിച്ചുവന്ന ആളുതന്നെ എന്ന് മങ്ങാട്ടച്ചനു മനസ്സിലായി. മങ്ങാട്ടച്ചന്‍ അവരുടെ പിന്നാലെചെന്നു.
”ഒന്നു നിക്കണെ!” ആ സ്ത്രീ തിരിഞ്ഞുനിന്നു.
”എന്താ വേണ്ടത്”
”ഒരത്യാവശ്യ കാര്യം പറയാനുണ്ട്. അതിനുമുമ്പ് എനിക്ക് വീട്ടിലൊന്നു പോയി വരണം. ഞാന്‍ വരുന്നതുവരെ ഇവിടുന്നുമാറില്ലാ എന്ന് സത്യംചെയ്യണം.”
അങ്ങനെത്തന്നെ എന്ന് സ്ത്രീ സത്യം ചെയ്തു. മങ്ങാട്ടച്ചന്‍ സ്വഗൃഹത്തില്‍ പോയി ജീവനൊടുക്കി എന്നാണ് കഥ.
മങ്ങാട്ടച്ചന്‍ വരാതെ ലക്ഷ്മീദേവിക്ക് കോഴിക്കോട്ടങ്ങാടി വിട്ടുപോകാന്‍ കഴിയില്ല. സത്യം ചെയ്തതാണല്ലോ. ലക്ഷ്മീ ദേവിയുടെ സാന്നിദ്ധ്യമുള്ളതു കൊണ്ടാണ ് കോഴിക്കോട്ടങ്ങാടിക്കും പ്രത്യേകിച്ച് മിഠായിത്തെരുവിനും ഇത്ര ഐശ്വര്യം.
”അതാ പറയണ് അപ്പൂ. നനഞ്ഞ മുണ്ട് വലത്തേ തോളത്തിടാന്‍ പാടില്ല. ലക്ഷ്മീദേവി പിണങ്ങിപ്പോവും.
ഇടത്തേ തോളത്തിട്ടോളൂ. ചേട്ടാഭഗവതീടെ ഇരിപ്പ് ഇടത്തേ തോളിലാണ്. ഒരലോഗ്യോം ഉണ്ടാവില്ല.”