ഇക്കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടന്ന ബി.ജെ.പി പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ഇതോടെ പ്രതിപക്ഷ നിരയിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും മതമൗലികവാദികളും സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിനെതിരെ വന്‍കോലാഹലം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്ത് ഭരണഘടന ഉണ്ടായ കാലം മുതല്‍ ആവശ്യപ്പെടുന്ന ഒരു കാര്യം മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്നു മാത്രമല്ല ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിരവധി വര്‍ഷങ്ങളായി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് ഏകീകൃത വ്യക്തിനിയമം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പൂര്‍വ്വരൂപമായ ജനസംഘം തിരഞ്ഞെടുപ്പുകളെ നേരിട്ട കാലം മുതല്‍ പറഞ്ഞുവരുന്നതാണ് ഇക്കാര്യം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ഒക്കെ പ്രഖ്യാപിച്ച കൂട്ടത്തില്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയെ വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവന്നത് ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാണ്.
ഇതിനു മുമ്പ് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രകടനപത്രികകള്‍ അധികാരം പിടിക്കാനുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ബി.ജെ.പിയ്ക്ക് പ്രകടനപത്രിക നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ള നയരേഖയാണ്. അതിന്‍ പ്രകാരം കാശ്മീരിന്റെ പ്രത്യേക പദവി അനുവദിക്കുന്ന 370-ാം വകുപ്പ് റദ്ദാക്കി കാശ്മീരിനെ രാജ്യത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കി. ഇതോടെ കാശ്മീരില്‍ കാലങ്ങളായി നടന്നു വന്നിരുന്ന സേനയ്‌ക്കെതിരെയുള്ള കല്ലേറുകള്‍ നിലയ്ക്കുകയും ദാല്‍ തടാകത്തില്‍ വിനോദ സഞ്ചാരികള്‍ മടങ്ങി എത്തുകയുമൊക്കെ ചെയ്തിരിക്കുകയാണ്. ദേശീയ മുഖ്യധാരയിലേക്ക് ചേര്‍ന്നതോടെ വികസനമെന്തെന്ന് മനസ്സിലാക്കിയ കാശ്മീരികള്‍ ഇന്ന് സന്തോഷത്തിലാണ്. ഇതിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷം സത്യത്തില്‍ വിഘടന തീവ്രവാദികള്‍ക്കൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. അയോധ്യയില്‍ രാമക്ഷേത്രമെന്ന പ്രഖ്യാപനം ഇന്ന് സാക്ഷാല്‍ക്കാരത്തിന്റെ പാതി വഴിയിലാണ്.
ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കുന്നതിന്റെ പിന്നില്‍ ബി.ജെ.പിക്ക് രഹസ്യ പദ്ധതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. പരസ്യമായി പറഞ്ഞ കാര്യം രഹസ്യമായി ചെയ്യേണ്ട കാര്യം ബി.ജെ.പിയ്ക്കില്ല. ഏകീകൃത വ്യക്തിനിയമത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കല്‍ മാത്രമാണ് ബി.ജെ.പി ചെയ്യുന്നത്.
മതേതരത്വം ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്ന കാലത്തോളം വ്യക്തിനിയമങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തിലാവണമെന്നു വാദിക്കുന്നതില്‍ യുക്തിയില്ല. ഒരു കാലത്ത് രാജ്യത്തെ ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കളുടെ വ്യക്തിനിയമം പോലും ഏകീകൃതമായിരുന്നില്ല. ഘട്ടം ഘട്ടമായി സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ കൂടി പരിശ്രമഫലമായാണ് ഹിന്ദുക്കളുടെ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ കഴിഞ്ഞത്. മുസ്ലീം ക്രൈസ്തവ സമൂഹങ്ങളെ ആധുനിക സാമൂഹ്യക്രമത്തിനുതകുംവിധം പരിഷ്‌ക്കരിക്കേണ്ടതിനു പകരം മത യാഥാസ്ഥിതികര്‍ക്കു വിട്ടുകൊടുക്കുന്ന നയമാണ് പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നത്. അതിവേഗം ആധുനികവല്‍ക്കരണത്തിന്റെയും പുരോഗമനത്തിന്റെയും പാതയില്‍ മുന്നേറുന്ന ഭാരത മഹാരാജ്യത്തെ ബലപ്പെടുത്താന്‍ മതാതീതമായ എകീകൃത വ്യക്തിനിയമങ്ങള്‍ കൂടിയേ കഴിയു. മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിച്ച് വോട്ട് ബാങ്ക് ബലപ്പെടുത്തുക എന്ന ഉദ്ദേശമല്ലാതെ മറ്റ് യാതൊരു താത്പര്യവും ഏകീകൃത വ്യക്തിനിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്കില്ല.
ഏകീകൃത വ്യക്തിനിയമങ്ങള്‍ കൊണ്ട് മുസ്ലീം വനിതകള്‍ക്കാണ് ഏറെ നേട്ടമുണ്ടാകാന്‍ പോകുന്നത്. നിലവില്‍ ലിംഗസമത്വം ഇല്ലാത്ത ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ വലിയ വിവേചനങ്ങളാണ് നേരിടുന്നത്. ഏകീകൃത വ്യക്തിനിയമം നിലവില്‍ വന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ ആണ്‍മക്കളുടെ അതേ പങ്ക് ലഭിക്കും. നിലവില്‍ ഇസ്ലാമിക സമൂഹത്തിലെ ദമ്പതികള്‍ക്ക് ആണ്‍കുട്ടികളില്ലെങ്കില്‍ സ്വത്തിന്റെ വളരെ ചെറിയ അംശത്തിനെ പെണ്‍കുട്ടിക്ക് അവകാശമുള്ളു. സ്വത്തിന്റെ ഭൂരിഭാഗവും പിതാവിന്റെ സഹോദരനാണ് ലഭിക്കുക. അതു പോലെ തന്നെ ഏകീകൃത വ്യക്തിനിയമം നിലവില്‍ വന്നാല്‍ മുത്തലാഖ് പോലുള്ള പ്രാകൃതാചാരങ്ങള്‍ അവസാനിക്കും. വിവാഹം, വിവാഹമോചനം, നഷ്ടപരിഹാരം, രക്ഷാകര്‍ത്തൃത്വം, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്ത്, പിന്‍തുടര്‍ച്ചാവകാശം എന്നീ സുപ്രധാന വിഷയങ്ങളില്‍ മുസ്ലീം സ്ത്രീ സമൂഹത്തിന് തുല്യത ഉറപ്പാക്കാന്‍ പോന്ന നിയമമാണ് ഏകീകൃത വ്യക്തിനിയമം. സത്യത്തില്‍ രാജ്യത്തെ പത്തുകോടിയിലേറെ വരുന്ന മുസ്ലീം സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഏകീകൃത വ്യക്തി നിയമത്തിനാവും. ഇതു തന്നെയാണ് യാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നതും.
ഭരണഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്ത്വങ്ങള്‍, ആര്‍ട്ടിക്കിള്‍ 44 എന്നിവയില്‍ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അനിവാര്യമാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. രാജ്യത്ത് ഇപ്പോള്‍ തന്നെ ഏകീകൃതമാണ് ക്രിമിനല്‍ നിയമങ്ങള്‍. പിന്നെ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ദേശീ യോല്‍ഗ്രഥനത്തെ ശക്തമാക്കാന്‍ പൗരന്മാര്‍ക്കെല്ലാം ഒരു പോലെ ബാധകമാകുന്ന ഏകീകൃത സിവില്‍ നിയമങ്ങള്‍ ആവശ്യമാണെന്ന് പരമോന്നത കോടതി തന്നെ അഭി പ്രായപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഖരെ, ജസ്റ്റിസ് എസ്.ബി.സിന്‍ഹ, ജസ്റ്റിസ് എ.ആര്‍.ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഏകീകൃത സിവില്‍ നിയമം വേണമെന്ന് മുന്നെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ ഘട്ടംഘട്ടമായി ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കണമെന്ന് പല ബെഞ്ചുകളും ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. ഭരണഘടനാ ശില്പിയായ അംബേദ്കര്‍, കെ.എം. മുന്‍ഷി തുടങ്ങിയവരൊക്കെ ഏക സിവില്‍ കോഡിനായി ശക്തമായി വാദിച്ചവരാണ്.
ഭാരതത്തിന്റെ ഭരണഘടന ഒരു തരത്തിലുള്ള വിവേചനങ്ങളെയും അംഗീകരിക്കുന്നില്ല. മതം അതിന്റെ പരിഗണനാ വിഷയമേ അല്ല. ഭരണഘടന തുല്യാവസരങ്ങളെക്കുറിച്ച് ഉറപ്പിച്ച് പറയുമ്പോള്‍ ആ തുല്യതയുടെ അനുഭൂതി ഉണ്ടാകുവാന്‍ ഏകീകൃത വ്യക്തിനിയമങ്ങള്‍ കൂടിയേ കഴിയൂ. ഇതിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ യാഥാസ്ഥിതികരോ അല്ലെങ്കില്‍ രാജ്യം ശക്തിപ്പെടുന്നതില്‍ അസഹിഷ്ണുക്കളോ ആണ്.