ഡോക്ടര്‍ വന്ദനാ ദാസിന്റെ മരണത്തിനെതിരെ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ മുതല്‍ മുഴുവന്‍ സമൂഹവും ഒന്നടങ്കം പ്രതികരിച്ചിരുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കേരളത്തിലെ സാധാരണക്കാര്‍ മുതല്‍ സമൂഹത്തിന്റെ ഉന്നതതലത്തില്‍ വരെയുള്ളവര്‍ ദൈവതുല്യരായിട്ടാണ് കാണുന്നത്. ദൈവം തരുന്ന ജീവന്‍ പലപ്പോഴും നിലനിര്‍ത്തുന്നത് ദൈവതുല്യരായ ഡോക്ടര്‍മാരുടെ കൈകളാണ്. കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആ തരത്തിലുള്ളവരാണോ? അറിയില്ല എന്നല്ല പറയാന്‍ ആവില്ല.
മാതൃഭൂമിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ആയിരിക്കുമ്പോള്‍ ഈ ലേഖകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ കുറിച്ച് ഒരു പരമ്പര ചെയ്തിരുന്നു. ചികിത്സയുടെ കാണാപ്പുറങ്ങള്‍ എന്നായിരുന്നു പേര്. ആ പരമ്പര ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നു. ഹൃദയ ചികിത്സയ്ക്കായി എത്തിയ ഒരു പാവപ്പെട്ട സ്ത്രീയോട് മരുന്നും ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി പണം കണ്ടെത്താന്‍ അവര്‍ എത്തിയത് മാതൃഭൂമിയിലാണ്. ബ്യൂറോ ചീഫ് ആയിരുന്ന പി. ബാലകൃഷ്ണന്റെയും ചീഫ് റിപ്പോര്‍ട്ടര്‍ സണ്ണിക്കുട്ടിയുടെയും നിര്‍ദ്ദേശത്തില്‍ ഓഫീസില്‍നിന്ന് തന്നെ കുറച്ചു പണം പിരിച്ചുകൊടുത്തു. കെ.യു.ഡബ്ല്യു.ജെ ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ സര്‍ജിക്കല്‍സില്‍ നിന്ന് അവര്‍ക്ക് കടമായി ഉപകരണങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടും ചെയ്തു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ വരുന്നത്. അന്ന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു മുന്‍ മന്ത്രിക്ക് വേണ്ടി ദിവസവും 5000 രൂപയുടെ മരുന്നു വരെ പുറത്തുനിന്ന് വാങ്ങുന്നുണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഈ ക്രമക്കേടുകളെ കുറിച്ച് ഒരു പഠനം നടത്താനായിരുന്നു പിന്നീട് നിര്‍ദ്ദേശം. ഫോട്ടോഗ്രാഫര്‍ ജി. ബിനുലാലിനോടൊപ്പം പിന്നീട് ദിവസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് പരമ്പര പുറത്തുവന്നത്. അന്നാണ് സര്‍ജറി വിഭാഗം മേധാവിയായിരുന്ന, ആരുടേയും പണം വാങ്ങാത്ത, സ്‌കാനിങ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുണ്ട് എഴുതാത്ത ഡോ. ഫസല്‍ മരിക്കാറിനെ കണ്ടതും അദ്ദേഹത്തെക്കുറിച്ച് എഴുതിയതും.
ഡോക്ടര്‍ ഫസല്‍ മരിക്കാര്‍ ഒരുദിവസം മദ്രാസില്‍ ഒരു കോണ്‍ഫറന്‍സിന് പോയി തിരിച്ചുവന്നപ്പോള്‍ സര്‍ജറി യൂണിറ്റിലെ 80 രോഗികളുടെ കയ്യിലും തിരുവനന്തപുരത്തെ ഒരു കുപ്രസിദ്ധ സ്‌കാനിങ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. അന്ന് കണ്ട മറ്റൊരു സംഭവം, ഓര്‍ത്തോപീഡിക് വിഭാഗത്തിലെ കുപ്രസിദ്ധനായ ഒരു ഡോക്ടര്‍ കൈക്കൂലി നല്‍കാത്ത ഒരു രോഗിയെ അനിസ്തീഷ്യ നല്‍കാതെ സര്‍ജറി ചെയ്തതായിരുന്നു. ഇത്തരം ഡോക്ടര്‍മാര്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ് കുംഭകോണം ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും അതേപടി തുടരുന്നു എന്നാണ് അറിയുന്നത്. അതേസമയം രോഗികള്‍ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ദേവതുല്യരായ എത്രയോ ഡോക്ടര്‍മാര്‍. ഇന്നും കയ്യില്‍ നിന്ന് പണം കൊടുത്ത് രോഗികള്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കുന്നവര്‍. അവര്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇന്നും ദേവതുല്യര്‍ തന്നെയാണ്.
ഒരുകാലത്ത് കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തെ അവസാനവാക്ക് മെഡിക്കല്‍ കോളേജുകളായിരുന്നു. പക്ഷേ, ഇന്ന് സ്വകാര്യമേഖലയുടെ അതിപ്രസരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പൂര്‍ണ്ണമായും അപ്രസക്തമാക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലോ ആശുപത്രികളിലോ പോയാല്‍ മാത്രമേ കഴിയൂ എന്ന വിശ്വാസത്തിലേക്ക് മലയാളികള്‍ മാറിയിരിക്കുന്നു. ഈ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയം കുറെ കാലമായി അന്തരീക്ഷത്തിലുണ്ട്. ചില സ്വകാര്യ ആശുപത്രികളെങ്കിലും പണം പറ്റി മരണത്തിന്റെ വ്യാപാരികളായി മാറുന്നില്ലേ? വയസ്സായി സ്വച്ഛന്ദ മൃത്യു ആഗ്രഹിക്കുന്നവരെ പോലും വെന്റിലേറ്ററില്‍ കയറ്റി ലക്ഷങ്ങള്‍ ബില്ലടിച്ചു കൊടുക്കുകയും നിര്‍ധനരായ രോഗികളുടെ മൃതദേഹം പിടിച്ചു വെക്കുകയും ഡിസ്ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്. എന്തുകൊണ്ടാണ് ആതുരശുശ്രൂഷാരംഗത്തെ കുറിച്ച് ഇപ്പോള്‍ ഇങ്ങനെ ഒരു ചര്‍ച്ച അനിവാര്യമാകുന്നത്? തീര്‍ച്ചയായും കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ വന്ന കേസ് തന്നെയാണ് ഇതിന്റെ കാരണം.
മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വ്യാജറിപ്പോര്‍ട്ട് നല്‍കി യുവാവിനെ മരണത്തിന് വിട്ടുകൊടുത്ത്, ചട്ടം ലംഘിച്ച് വിദേശിക്ക് അവയവദാനം നല്‍കി എന്ന പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ടു ഡോക്ടര്‍മാര്‍ക്കുമെതിരെ കേസെടുത്തത്. ഉടുമ്പന്‍ചോല സ്വദേശി വി.ജെ. എബിന് 2009 നവംബര്‍ 29 നാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്നുപറഞ്ഞ് യുവാവിന്റെ അമ്മയില്‍ നിന്ന് സമ്മതപത്രം വാങ്ങി കുട്ടിയുടെ കരളും വൃക്കയും ഒരു മലേഷ്യക്കാരന് നല്‍കുകയായിരുന്നു. മലേഷ്യയുടെ എംബസി സര്‍ട്ടിഫിക്കറ്റില്‍ സ്വീകര്‍ത്താവിന്റെ ഭാര്യയെയാണ് അവയവദാതാവായി കാട്ടിയിട്ടുള്ളത്. എന്നാല്‍ അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന്റെ കരളാണ് ഇയാള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് സംശയാസ്പദമായ ഇടപാടാണെന്ന് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എല്‍ദോസ് മാത്യു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ഡോക്ടര്‍മാര്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തത്.
ഡോക്ടറായ കൊല്ലം സ്വദേശി എസ്. ഗണപതിയാണ് മെഡിക്കല്‍ എത്തിക്‌സിന് എതിരായ ഈ സംഭവത്തില്‍ പരാതിയുമായി എത്തിയത്. തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്ന് പരാതിക്കാരനായ ഡോക്ടര്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി. മാത്രമല്ല, അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ ലേക്‌ഷോര്‍ ആശുപത്രി പാലിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളിലും നല്‍കിയതായി ചികിത്സാരേഖകളില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. അവയവദാനത്തിനുള്ള നടപടികളില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയ ശേഷമാണ് ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. തിരുവനന്തപുരം, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച് തെളിവെടുത്തതിന് ശേഷമാണ് കോടതി ഉത്തരവ്. ലേക്‌ഷോര്‍ ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഫിലിപ് അഗസ്റ്റിന്‍, എസ്.മഹേഷ്, ജോര്‍ജ്ജ് ജേക്കബ്ബ് ഈരാളി, സായി സുദര്‍ശന്‍, തോമസ് തച്ചില്‍, മുരളീകൃഷ്ണ മേനോന്‍, സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്.വടക്കേടനുമാണ് കോടതി അന്വേഷണത്തിനായി സമന്‍സ് അയച്ചത്. അവയവദാന നിയമത്തിലെ 18, 20, 21 വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ കുറ്റം നടന്നിട്ടുണ്ട് എന്ന് കണ്ടാണ് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചത്.
2009 ല്‍ മക്കള്‍ക്ക് അപകടം ഉണ്ടാകുന്നതിന് നാലുവര്‍ഷം മുന്‍പാണ് ഇവരുടെ അച്ഛന്‍ മരണമടഞ്ഞത്. എബിന് പ്ലസ് ടു പ്രവേശനത്തിന് അറിയിപ്പ് വന്ന ദിവസമാണ് അപകടം ഉണ്ടായത്. ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ അമ്മയെക്കൊണ്ട് അവയവദാനത്തിന് സമ്മതിപ്പിച്ചത്. എന്നാല്‍ എബിന് മസ്തിഷ്‌ക്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവ് ഉണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നല്‍കിയിരുന്നുവെന്നും ചട്ടങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങളെ ബോദ്ധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയത് എന്നും ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല വിശദീകരിച്ചു. ആശുപത്രിയുടെ വിശദീകരണം കേള്‍ക്കാതെ പരാതിക്കാരന്റെ ഭാഗം മാത്രം കേട്ടാണ് കോടതി ഉത്തരവിട്ടതെന്നും അബ്ദുള്ള പറഞ്ഞു.
മൊത്തത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ഗുരുതരമായ അവയവക്കച്ചവടത്തിന്റെ ദുരൂഹമായ ഇടപാടുകള്‍ തന്നെയാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. സാധ്യമായ ചികിത്സ നിഷേധിച്ച് ഒരു പാവപ്പെട്ട കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടിട്ടുണ്ടെങ്കില്‍, എല്ലാ ചട്ടങ്ങളും ലംഘിച്ച് ഒരു വിദേശിക്ക് ആ കുഞ്ഞിന്റെ അവയവങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എടുക്കുന്ന ഹിപ്പോക്രാറ്റസിന്റെ പേരിലുള്ള പ്രതിജ്ഞയ്ക്ക് എന്തു വിലയാണുള്ളത്? കോടിക്കണക്കിന് രൂപ ചെലവഴിച്ച് വന്‍ കെട്ടിടങ്ങളും സംവിധാനങ്ങളും ഒരുക്കി ആശുപത്രികള്‍ നിര്‍മ്മിച്ച് അവര്‍ സത്യസായിബാബയെ പോലെ സൗജന്യമായി ധര്‍മ്മാശുപത്രികളല്ല നടത്തുന്നത്. ലാഭം ഏറ്റവും കൂടുതല്‍ കിട്ടുന്ന വ്യവസായമായി തന്നെയാണ് ആശുപത്രികള്‍ നടത്തുന്നത്. മാതാ അമൃതാനന്ദമയീ മഠം എറണാകുളത്ത് എയിംസ് ആശുപത്രി തുടങ്ങിയപ്പോള്‍ അന്ന് മറ്റ് ആശുപത്രികള്‍ ഉയര്‍ത്തിയ പരാതി നിരക്ക് കുറയ്ക്കുന്നു എന്നതായിരുന്നു. ലക്ഷങ്ങള്‍ ഈടാക്കിയിരുന്ന ആന്‍ജിയോപ്ലാസ്റ്റി ആയിരങ്ങളിലേക്ക് കുറച്ചതായിരുന്നു അമൃതയ്‌ക്കെതിരെ മറ്റ് ആശുപത്രികള്‍ ഉയര്‍ത്തിയ വിമര്‍ശനം. ഇന്നും 35-40 ലക്ഷം ഈടാക്കുന്ന കരള്‍മാറ്റ ശസ്ത്രക്രിയ പോലും അതിന്റെ പകുതി നിരക്കില്‍ അമൃത ചെയ്യുന്നു.
കഴിഞ്ഞില്ല, സ്വകാര്യമേഖലയിലെ മിക്ക ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് ടാര്‍ഗറ്റും ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. പരമാവധി ശസ്ത്രക്രിയകള്‍ ചെയ്യാനും ഏറ്റവും വിലകൂടിയ മരുന്നുകള്‍ എഴുതാനും പരമാവധി രോഗിയെ അഡ്മിറ്റ് ചെയ്യാനും ഒക്കെ ക്വാട്ടയുണ്ട്. ഓരോ ടാര്‍ഗറ്റും എത്തുന്നതനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ശമ്പളത്തില്‍ക്കൂടെ കിട്ടും. പുറത്തേക്ക് സ്‌കാനിംഗും ലബോറട്ടറി ടെസ്റ്റും എഴുതുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ഇതുതന്നെയാണ് സംവിധാനം. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സ്‌കാനിംഗും എക്‌സറേയും ലബോറട്ടറി പരിശോധനകളും പുറത്താണ് നടത്തുന്നത്. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഇച്ഛാശക്തിയില്ലായ്മയും വ്യക്തമാകുന്നത്. ശമ്പളം പറ്റുന്ന ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിക്കാനും യന്ത്രസാമഗ്രികളുടെ മരാമത്തുകള്‍ കൃത്യമായി നടത്താനും സര്‍ക്കാരിന് കഴിയില്ലേ? താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുംലബോറട്ടറി സംവിധാനവും മറ്റും പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്തുകൊണ്ട് ആരോഗ്യവകുപ്പിന് കഴിയുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടായിട്ടും ഇത് കഴിയുന്നില്ലെങ്കില്‍ ആരുടെ വീഴ്ചയാണത്. ലേക്‌ഷോര്‍ അല്ല, ഏത് ആശുപത്രിയാണെങ്കിലും ഒരു പാവം കുഞ്ഞിന്റെ ജീവന്‍ കുരുതി കൊടുത്ത് വിദേശിക്ക് ചട്ടം ലംഘിച്ച് അവയവദാനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിയും സംസ്ഥാന ആരോഗ്യവകുപ്പും സര്‍ക്കാരുമല്ലേ? തങ്ങളെ ബാധിക്കാത്തതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളിലും നിസ്സംഗമായി പ്രതികരിക്കുന്ന മലയാളി, സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെയും പിടിപ്പുകേടുകളെയും രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം പിന്തുണക്കുന്ന മലയാളി, നമ്മള്‍ ഇത് അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഈ പരാതി കൊടുത്ത് സംഭവം പുറത്തു കൊണ്ടുവന്ന ഡോക്ടര്‍ എസ്. ഗണപതിയുടെ വീട്ടിലേക്ക് മാഷാ അള്ളാ എഴുതിയ ഇന്നോവ എത്താതിരിക്കാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കാം.