Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഭൂമിയെ സംരക്ഷിക്കാന്‍

രാകേന്ദു ആര്‍.ബി.

Print Edition: 23 June 2023

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളെക്കുറിച്ചും കെടുതികളെക്കുറിച്ചും അവയിലൂടെ നഷ്ടപ്പെട്ട ഭൂമിയെ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചുമെല്ലാം കാലാകാലങ്ങളായി ലോകത്ത് പഠനങ്ങള്‍ നടക്കുന്നു. ഓരോ പഠനവും സൂചിപ്പിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന മനുഷ്യനിര്‍മ്മിത ദുരന്തങ്ങളെക്കുറിച്ചും ആയുസ്സ് അവസാനിച്ചു കൊണ്ടിരിക്കുന്ന ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ചുമാണ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ അവസാന ശ്രമമാണ് മനുഷ്യരാശിക്ക് ഉള്ളത് എന്ന് ശാസ്ത്രലോകം അടിവരയിട്ടു പറയുന്നു.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായും മാര്‍ച്ച് 23 ലോക കാലാവസ്ഥാ ദിനമായും ഏപ്രില്‍ 22 ഭൗമ ദിനമായും നാം ആചരിച്ചു. വര്‍ഷത്തില്‍ ഓരോരോ ദിനാചരണങ്ങളിലും ഈ ഭൂമിയെ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇനി ഓരോ ദിവസവും നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഭൂമിയെ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് കടന്നിരിക്കുന്നത്.

ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവ്, 20 പുറത്തിറക്കിയ ഗ്രോസ് ക്ലൈമറ്റ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ വലിയ കാലാവസ്ഥാ ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നു. യുഎസിലും ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലുമാണ് കാലാവസ്ഥാ ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ കൂടുതലായി ഉള്ളത്. കേരളത്തിന് പുറമേ പഞ്ചാബ്, അസം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആണ് ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാന ഭീഷണി നേരിടുന്ന മറ്റ് പ്രദേശങ്ങള്‍. ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥ ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. വെള്ളപ്പൊക്കം, കാട്ടുതീ, കടല്‍ നിരപ്പ് ഉയരുന്നത്, പ്രകൃതിദുരന്തങ്ങള്‍ മൂലം മനുഷ്യനിര്‍മ്മിതികള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.

ലോകം ആഗോളതാപനിലയില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് അനുഭവിക്കുന്നു. ഇത് പരിസ്ഥിതി വ്യവസ്ഥകളിലും മനുഷ്യ സമൂഹങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്ന കാലാവസ്ഥാ രീതികളെ മാറ്റങ്ങളിലേക്ക് നയിക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസത്തിന് കാരണം കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നതാണ്. ആര് കാരണമാണ് ഇത് സംഭവിക്കുന്നത്? മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നമ്മുടെ ഭൂമി ഇന്ന് ചുട്ടുപൊള്ളുന്നത്. പ്രകൃതി എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ്. മനുഷ്യനും മൃഗത്തിനും പക്ഷികള്‍ക്കും മരങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉള്ളതാണ്. ഒരു പുല്‍ക്കൊടിക്ക് പോലും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഉണ്ട്. അത്തരത്തിലുള്ള ഭൂമിയുടെ നിലനില്‍പ്പാണ് മനുഷ്യന്‍ എന്ന ഒറ്റ ജീവിയുടെ പ്രവര്‍ത്തനം കാരണം താളം തെറ്റുന്നത്. എല്ലാവര്‍ക്കും ഉള്ളത് ഭൂമിയിലുണ്ട് ഈ പ്രകൃതിയില്‍ ഉണ്ട്, അതുപോലെതന്നെ മനുഷ്യനുള്ളതും ഈ പ്രകൃതിയില്‍ ഉണ്ട്. എന്നാല്‍ മനുഷ്യന്‍ തന്റെ അത്യാഗ്രഹത്തിനുള്ളതും ആര്‍ഭാടത്തിനുള്ളതിനുമാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് ചൂഷണം ചെയ്ത് പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ എത്തിനില്‍ക്കുന്നു. ഭാവി തലമുറയ്ക്ക് വേണ്ടി ഇനി ഒന്നും മാറ്റിവയ്ക്കാനില്ല. മനുഷ്യന്റെ കാലാകാലങ്ങളായുള്ള ഇത്തരം പ്രവൃത്തിയാണ് ഇന്ന് നമ്മള്‍ എത്തിനില്‍ക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രകൃതിദുരന്തങ്ങളുടെ, ആഗോളതാപനത്തിന്റെ ഒക്കെ അടിസ്ഥാന കാരണം. മനുഷ്യനെ അല്ലാതെ മറ്റൊന്നിനെയും കുറ്റം പറയാന്‍ നമുക്ക് സാധിക്കില്ല.

ചിലര്‍ ചോദിക്കും ഞങ്ങള്‍ എന്തു ചെയ്തു, ഇങ്ങനെ ചൂട് കൂടാന്‍ കാരണം ഞങ്ങളാണോ എന്ന്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ഒരു കാരണമാണ്. വ്യാവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് സാന്ദ്രത 45% വര്‍ദ്ധിച്ചു. കാര്‍ബണ്‍ഡയോക്‌സൈഡ് എന്നത് ഒരു ഹരിതഗൃഹ വാതകമാണ്. അത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ചൂട് കൂട്ടുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ചൂടിലേക്ക് നയിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ച വ്യാവസായിക വിപ്ലവം പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാഥമിക കാരണങ്ങളില്‍ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു.

വ്യാവസായിക വിപ്ലവവും കാലാവസ്ഥാ വ്യതിയാനവും
ഫോസില്‍ ഇന്ധനങ്ങള്‍: യന്ത്രസാമഗ്രികള്‍ക്കും ഗതാഗതത്തിനും ഊര്‍ജ്ജം നല്‍കുന്ന ഫോസില്‍ ഇന്ധനങ്ങള്‍, പ്രത്യേകിച്ച് കല്‍ക്കരി കത്തിച്ചതാണ് വ്യാവസായിക വിപ്ലവത്തിന് ആക്കംകൂട്ടിയത്. ഈ ഇന്ധനങ്ങള്‍ കത്തിക്കുന്നത് അന്തരീക്ഷത്തിലേക്ക് വലിയ തോതില്‍ കാ ര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) പുറത്തുവിടാന്‍ കാരണമാകുന്നു. ഇത് ഹരിതഗൃഹ പ്രഭാവത്തിനും ആഗോളതാപനത്തിനും കാരണമാകുന്നു.

വനനശീകരണം: വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും വ്യാപിച്ചപ്പോള്‍ കൃഷി ഖനനം, നഗരങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയ്ക്കായി വനങ്ങള്‍ വെട്ടിത്തെളിച്ചു. വനനശീകരണം അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡയോക്‌സൈഡ് ആഗിരണം ചെയ്യുന്ന മരങ്ങളുടെ എണ്ണം കുറയ്ക്കുകയും, മരങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വലിയ അളവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുകയും ചെയ്തു.

വ്യാവസായിക പ്രക്രിയകള്‍: സിമന്റ് ഉത്പാദനം, ഉരുക്കിന്റെയും മറ്റ് ലോഹങ്ങളുടെയും ഉല്‍പാദനം തുടങ്ങിയ വ്യവസായ പ്രക്രിയകള്‍ വലിയ അളവില്‍ കാര്‍ബണ്‍ഡയോക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു.

ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍: വ്യാവസായിക വിപ്ലവം ഭൂവിനിയോഗത്തില്‍ മാറ്റങ്ങള്‍ വരുത്തി. പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും വിളനിലങ്ങളാക്കി മാറ്റിയതും കൃഷിക്കും നഗരവല്‍ക്കരണത്തിനുമായി തണ്ണീര്‍ത്തടങ്ങള്‍ വറ്റിച്ചുകളഞ്ഞതും കാലാവസ്ഥ വ്യതിയാനത്തിന് കാരണമായി. ഭൂവിനിയോഗത്തിലെ ഈ മാറ്റങ്ങള്‍ കാര്‍ബണ്‍ഡയോക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളാന്‍ കാരണമായി. വ്യാവസായിക വിപ്ലവം കാലാവസ്ഥയില്‍ വരുത്തിയ പ്രത്യാഘാതങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 40% വര്‍ദ്ധിച്ചു. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായി.

മനുഷ്യന്റെ ദൈനംദിന ജീവിതത്തിന് കാലാവസ്ഥാ വ്യതിയാനത്തില്‍ കാര്യമായ സ്വാധീനമുണ്ട്. പ്രധാനമായും ഹരിതഗൃഹവാതകങ്ങള്‍ അതില്‍ പ്രാഥമികമായി കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ സംഭാവനകളില്‍ ചിലത് ഇവയാണ്.

ഗതാഗതം: ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ പ്രധാന സ്രോതസ്സുകളില്‍ ഒന്ന് ഗതാഗതമാണ്. പ്രത്യേകിച്ച് ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെയും സ്‌കൂട്ടറുകളുടെയും ട്രക്കുകളുടെയും ഉപയോഗം. ചെറിയ ദൂരത്തേക്ക് പോലും ഒരു കാര്‍ ഓടിക്കുന്നത് അന്തരീക്ഷത്തിലേക്ക് വലിയ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇന്ന് ഒരു വീട്ടില്‍ നാല് മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ നാലുപേര്‍ക്കും വാഹനങ്ങള്‍ ഉണ്ടായിരിക്കും. കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളുമായി ഒരു വീട്ടില്‍ നിന്ന് തന്നെ ഗതാഗതം എന്ന മാര്‍ഗ്ഗത്തിലൂടെ എത്രത്തോളം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ് ദിനംപ്രതി പുറന്തള്ളുന്നത്? രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ഒരു വാഹനത്തില്‍ തന്നെ എല്ലാവരും യാത്ര ചെയ്ത് കുട്ടികളെ സ്‌കൂളിലേക്കും മറ്റുള്ളവരെ ജോലിസ്ഥലത്തേക്കും മറ്റിടങ്ങിലേക്കും ഇറക്കി യാത്ര ചെയ്യാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നോ പൊതു ഗതാഗതം ഉപയോഗിക്കാമെന്നോ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ല. ദിനംപ്രതി റോഡുകളിലൂടെ തിങ്ങിനിറഞ്ഞുപോകുന്ന വാഹനങ്ങളുടെ എണ്ണം ഒന്ന് കണക്കിലെടുത്താല്‍ മാത്രം അറിയാം മലിനീകരണത്തിന്റെ തോത്. പൊതു ഗതാഗതം തെരഞ്ഞെടുക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് എന്താണ്? മറ്റുള്ളവരോട് കാണിക്കാന്‍ പറ്റാത്ത ആര്‍ഭാടവും അനാവശ്യ ജീവിത ശൈലിയും അല്ലേ?

ഊര്‍ജ്ജ ഉപഭോഗം: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചൂടാക്കാനും തണുപ്പിക്കാനും ലൈറ്റിംഗ് ചെയ്യാനും പവര്‍ ചെയ്യാനും ഊര്‍ജ്ജത്തിന്റെ ഉപയോഗം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് മറ്റൊരു പ്രധാന സംഭാവനയാണ്. ലോകത്തിലെ ഊര്‍ജ്ജം ഭൂരിഭാഗവും ലഭിക്കുന്നത് കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. ഇത് കത്തുമ്പോള്‍ വലിയ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു. കേരളത്തിലെ വീടുകള്‍ അധികവും കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒന്നും രണ്ടും നിലയുള്ള കെട്ടിടങ്ങള്‍, പുറത്തുള്ള ചൂട് മുഴുവന്‍ വീടിനകത്തേക്ക് ആഗിരണം ചെയ്യപ്പെടുന്ന രീതിയിലുള്ള ആധുനിക ഭവനങ്ങളാണ്. ആ ഭവനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഫാനുകളും എ.സിയും മുഴുവന്‍ സമയം വേണ്ടിവരും. വെളിച്ചം കടക്കാന്‍ പറ്റാത്ത, പഴുതുകള്‍ ഇല്ലാത്ത വീട്ടില്‍ സദാസമയം ലൈറ്റ് വേണ്ടിവരും. ദിവസങ്ങളോളം ആഹാരസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ്, ഓവന്‍, വാഷിംഗ് മെഷീന്‍, മോട്ടോര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ഇലക്ട്രിക് ഉപകരണങ്ങള്‍. ഇവയ്ക്ക് വേണ്ടിവരുന്ന വൈദ്യുതി നിര്‍മ്മിക്കുന്നതിലൂടെ എത്രത്തോളം കാര്‍ബണ്‍ഡൈഓക്‌സൈഡും മറ്റ് കെമിക്കലും പുറന്തള്ളുന്നു? അതുപോലെ എസി, ഫ്രിഡ്ജ് എന്നിവയില്‍ നിന്നും ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നു. പണ്ടത്തെ മനുഷ്യര്‍ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് പ്രകൃതിയ്ക്ക് ഇണങ്ങിയ രീതിയിലാണ് അവരുടെ വാസസ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ഇന്ന് നമുക്ക് അവയോടെല്ലാം പുച്ഛമാണ്.

വനനശീകരണം: വനനശീകരണം, കൃഷി, ഖനനം അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വനങ്ങള്‍ വെട്ടിമാറ്റല്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു പ്രധാന സംഭാവനയാണ്. മരങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ൈഡ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും പ്രകാശ സംശ്ലേഷണ പ്രക്രിയയിലൂടെ ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. മരങ്ങള്‍ മുറിക്കുമ്പോള്‍ അവയില്‍ സംഭരിച്ചിരിക്കുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് വിടുന്നു. മരങ്ങള്‍ മുറിക്കുന്നവര്‍ ഒരു മരം എങ്കിലും നട്ടിരുന്നെങ്കില്‍ ഭൂമി ഇത്രയധികം ചുട്ടുപൊള്ളില്ലായിരുന്നു.

കൃഷി/ഭക്ഷ്യ ഉത്പാദനം: അളവില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദനം ചെയ്യുന്നതിന് വേണ്ടി മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന രാസവളങ്ങള്‍ പ്രയോഗിച്ചു തുടങ്ങിയതോടെ മണ്ണിന്റെ ഘടന മാറി ത്തുടങ്ങി. കൂടാതെ പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍ പോലുള്ള മണ്ണിലലിയാത്ത ഖരമാലിന്യങ്ങളുടെ സാന്നിധ്യം ജീവികളുടെ നിലനില്‍പ്പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയില്‍ ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റിലൂടെ പറന്നും നഷ്ടമാകുന്നു. ഇത്തരത്തിലുള്ള മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. പണ്ടുകാലങ്ങളില്‍ മഴപെയ്യുമ്പോള്‍ വീട്ടുവളപ്പിലും പുരയിടങ്ങളിലെ മുറ്റത്തുമുള്ള മണ്ണിലൂടെ വെള്ളം ഭൂമിയില്‍ തങ്ങിനിന്നിരുന്നു. എന്നാല്‍ ഇന്ന് ടൈല്‍സ് പാകിയ മുറ്റങ്ങള്‍ ഉള്ള കേരളത്തില്‍ മഴവെള്ളം ഒരിടത്തും തങ്ങിനില്‍ക്കാതെ ഒഴുകിപ്പോകുന്നു. നദികളിലും വെള്ളം തങ്ങിനില്‍ക്കാതെ കടലിലേക്ക് ഒഴുകുന്നു. ഇന്ന് കേരളത്തിലെ പല നദികളും പുഴകളും വറ്റിവരണ്ട അവസ്ഥയിലാണ്. പണ്ടുകാലത്ത് കിണറുകള്‍ 10, 15 അടി കുഴിക്കുമ്പോള്‍ തന്നെ വെള്ളം ലഭിക്കുന്നു. എന്നാല്‍ ഇന്ന് എത്ര അടി കുഴിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയിലേക്കാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.

മാലിന്യ സംസ്‌കരണം: മാലിന്യനിര്‍മാര്‍ജ്ജനം പ്രത്യേകിച്ചും മാലിന്യ നിക്ഷേപം ഹരിത ഗൃഹ വാതക ഉദ്‌വമനത്തിന്റെ മറ്റൊരു ഉറവിടമാണ്. ജൈവമാലിന്യം വിഘടിച്ച് മീഥേന്‍ അന്തരീക്ഷത്തിലേക്ക് വിടുന്നു. മാലിന്യം കത്തിക്കുന്നതിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ അങ്ങേയറ്റം വിഷകരമായ രാസപദാര്‍ത്ഥങ്ങളാണ് അന്തരീക്ഷത്തില്‍ എത്തുന്നത്.

മലയാളികള്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ വിഷപ്പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകള്‍ നീങ്ങിയിട്ട് അധിക നാളുകളായില്ലല്ലോ. പ്ലാസ്റ്റിക് കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ അന്തരീക്ഷത്തില്‍ ഡയോക്‌സിനുകള്‍, ഫ്യുറാന്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവ വായുവില്‍ മാത്രമല്ല മണ്ണിലും വെള്ളത്തിലും ലയിച്ചുചേര്‍ന്ന് അപകടമുണ്ടാക്കുന്നു.

ഇത്തരത്തില്‍ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളാണ് കാലാകാലങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നത്. പരിസ്ഥിതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അല്ലെങ്കില്‍ അമിത സ്വാധീനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്, പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ കാലങ്ങള്‍ എടുക്കുമെന്നോ കുറച്ചുകാലം കഴിഞ്ഞ് തുടക്കമിട്ടാല്‍ മതിയെന്നോ പറയാന്‍ ഇനി സാധിക്കില്ല. മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ ഒരുവിധം നമുക്ക് ഈ കാലാവസ്ഥാ വ്യതിയാനത്തെ, ആഗോളതാപനത്തെ പിടിച്ചുനിര്‍ത്താനാവും എന്ന കണക്കുകൂട്ടലിലാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയടക്കം തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ഇന്നും പരിസ്ഥിതി ദിനത്തിനും ഭൗമദിനത്തിനും എല്ലാം മരങ്ങള്‍ നട്ടപിടിപ്പിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് കൊണ്ട് മാത്രം ഭൂമിയെ സംരക്ഷിക്കാന്‍ സാധിക്കില്ല എന്നാണ്. ഓരോ മനുഷ്യനും അവന്റെ ദൈനംദിന ജീവിതത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുകയും കൂടുതല്‍ സ്ഥിരമായ ഊര്‍ജ്ജരൂപങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും പ്രകൃതി നമുക്ക് മാത്രമുള്ളതല്ല ഈ ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും വേണ്ടിയുള്ളതാണെന്നും ഓര്‍മ്മിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മറ്റൊരിടത്ത് പ്രകൃതിയെ സംരക്ഷിച്ചു പോരുന്ന ഒരു കൂട്ടം ജനങ്ങളെയും കാണാന്‍ സാധിക്കും. അപരിഷ്‌കൃതര്‍ എന്ന് മുദ്ര ചാര്‍ത്തപ്പെടുന്ന ഗോത്രവര്‍ഗ്ഗ സമൂഹം ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു പ്രവൃത്തി ചെയ്യുകയാണ് ‘കേണി’ എന്ന അവരുടെ ജലസംരക്ഷണത്തിലൂടെ.

കാലാവസ്ഥാ വ്യതിയാനം ഭൂമിയെ വറ്റി വരണ്ടതാക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടില്‍ വേനല്‍ മഴയ്ക്ക് കാത്തിരിക്കുന്ന ജനങ്ങള്‍ക്ക്, കുടിവെള്ളത്തിനുവേണ്ടി കേഴുന്ന മനുഷ്യര്‍ക്ക് മുന്നില്‍ കാടിന്റെ മക്കള്‍ കാണിച്ചുതരുന്നത് അവരുടെ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന, ദൈവത്തെപ്പോലെ സംരക്ഷിക്കുന്ന കേണികളിലെ വറ്റാത്ത കുടിനീരിനെക്കുറിച്ചാണ്. കേണി കാടിന്റെ മക്കളുടെ ജീവിതവുമായി ബന്ധിച്ചിരിക്കുന്ന ഒരു വിശ്വാസമാണ്.

കേണികള്‍ എന്നാല്‍ കിണര്‍ എന്നാണ് അര്‍ത്ഥം. 500 വര്‍ഷത്തോളം പഴക്കമുള്ള കേണികള്‍ വയനാട്ടിലെ ഗോത്ര സമൂഹങ്ങള്‍ സംരക്ഷിച്ചുവരുന്നു. പ്രകൃതിയില്‍ നിന്നും ഊറുന്ന ഉറവകള്‍ പ്രത്യേകിച്ചും വയലിനോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. അവയെ പന, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ ഉള്ളുകളഞ്ഞ് ഉറവയിലേക്ക് താഴ്ത്തി വെച്ച് മണലും മറ്റും നിറച്ച് ശുദ്ധമായ കുടിവെള്ളമാക്കി മാറ്റി സംരക്ഷിക്കുന്നു. കേണികളിലെ വെള്ളം ഉപയോഗിക്കുന്നത് പാചകത്തിനും കുടിവെള്ളത്തിനും ആരാധനയ്ക്കും മാത്രമാണ്. ഗോത്ര സമൂഹങ്ങള്‍ പവിത്രമായാണ് കേണികളെ കാണുന്നത്. കേണികളുടെ പരിസരത്ത് അശുദ്ധമായതൊന്നും കൊണ്ടുപോകില്ല. കേണികളുടെ പരിസരത്ത് ചെരുപ്പ് ഉപയോഗിക്കാറില്ല. കേണിയിലെ വെള്ളം കുളിക്കാനോ അലക്കാനോ മറ്റൊന്നിനും തന്നെ ഉപയോഗിക്കാറില്ല. കേണിയുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. എത്രപേര്‍ വന്നു വെള്ളം എടുത്താലും കേണി എപ്പോഴും നിറഞ്ഞു തന്നെ നില്‍ക്കും. മറ്റ് പ്രദേശങ്ങളില്‍ വെള്ളം വറ്റിയാലും കേണിയില്‍ വെള്ളം വറ്റാറില്ല. പഞ്ചഭൂതങ്ങളെ ദൈവമായി ആരാധിക്കുന്ന അവര്‍ കേണിയിലെ ജലത്തെ ദൈവമായി ആരാധിക്കുന്നു. തലമുറകളായി കൈമാറി വന്ന സംസ്‌കാരത്തെ ഇന്നും അവര്‍ കാത്തുസൂക്ഷിക്കുന്നു. പ്രകൃതിയില്‍ എല്ലാവര്‍ക്കും തുല്യ അവകാശം ഉണ്ടെന്നും എല്ലാത്തിനെയും സംരക്ഷിച്ചു മുന്നോട്ടു പോകണമെന്നും കാണിച്ചുതരുന്ന ഗോത്ര സമൂഹത്തില്‍ നിന്നും കാടിന്റെ മക്കളില്‍ നിന്നും ഇന്നത്തെ തലമുറ ഒരുപാട് പാഠം പഠിക്കേണ്ടതുണ്ട്. ആചാരത്തെയും സംസ്‌കാരത്തെയും പുച്ഛത്തോടെ കാണുന്നവര്‍, കുടിവെള്ളം പണം കൊടുത്ത് വാങ്ങാം എന്ന് ചിന്തിക്കുന്നവര്‍ നാളെ ആ പണം കൊടുത്താലും കുടിനീര് കിട്ടാത്ത ഒരു സാഹചര്യം ഉണ്ടാകും എന്ന് ഓര്‍മ്മിച്ചാല്‍ നല്ലത്.

ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലാത്ത ഒരു അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ട് ചെറിയ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മണ്‍ട്രോ ദ്വീപിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വര്‍ഷങ്ങളായി വേലിയേറ്റ സമയത്ത് വെള്ളത്തിനടിയില്‍ ആകുന്ന ഗുരുതരമായ ഭീഷണി നേരിടുകയാണ്. അഷ്ടമുടി കായലിന്റെയും കല്ലടയാറിന്റെയും സംഗമ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി ഭംഗി നിറഞ്ഞ മണ്‍ട്രോ തുരുത്ത് ദ്വീപില്‍ വര്‍ഷങ്ങളായി കുടിവെള്ളമില്ലായിരുന്നു. ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ന് ജല്‍ ജീവന്‍ പദ്ധതി വഴി ഓരോ വീട്ടിലും പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം എത്തുന്നുണ്ട്.

2004 ലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമിക്ക് ശേഷമാണ് ഗുരുതരമായ ഉയര്‍ന്ന വേലിയേറ്റങ്ങള്‍ ഈ ദ്വീപിനെ വിഴുങ്ങി കൊണ്ടിരിക്കുന്നത് എന്ന് ദ്വീപ് നിവാസികള്‍ പറയുമ്പോള്‍ കല്ലട അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ദ്വീപിനെ വിഴുങ്ങാന്‍ തുടങ്ങിയത് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. മണ്‍ട്രോ തുരുത്ത് ദ്വീപിനെ കേന്ദ്രീകരിച്ച് വിവിധ പഠനങ്ങള്‍ നടന്നുവെങ്കിലും ദ്വീപിനെ രക്ഷിക്കാനുള്ള നടപടികള്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി സമുദ്രനിരപ്പ് ഉയരുന്നതും അതുമൂലമുണ്ടാകുന്ന ഉയര്‍ന്ന വേലിയേറ്റങ്ങളുമാണ് ദ്വീപിന്റെ പല ഭാഗങ്ങളും നശിക്കാന്‍ കാരണമെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില മാസങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഉയര്‍ന്ന വേലിയേറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും മണിക്കൂറുകള്‍ ഇടവിട്ട് ഇന്ന് ഉണ്ടാകുന്നത് ഭീതിജനകമാണ്. പരിസ്ഥിതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നീണ്ട വര്‍ഷങ്ങള്‍ എടുത്തു കൊണ്ടാണ് നമുക്കിടയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നതെങ്കില്‍ ഇന്ന് അത് വളരെ വേഗതയില്‍ നടക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രനിരപ്പ് ആഗോള ശരാശരിയെക്കാള്‍ കൂടുതലാണെന്നും ചില തീരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 2.5 മില്ലിമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ സമുദ്ര ജലനിരപ്പ് ഉയരുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന വേലിയേറ്റവും കൂടും. ആഗോളതാപനത്തിന് ഇരയായ കേരളത്തിലെ ആദ്യത്തെ ഭൂപ്രദേശങ്ങളിലൊന്നാണ് മുങ്ങുന്ന ദ്വീപ് എന്നറിയപ്പെടുന്ന മണ്‍ട്രോതുരുത്ത്.

ദല്‍ഹിയിലെ സാകേതിലെ സെലക്ട് സിറ്റി മാളിലെ ‘ഓക്‌സി പ്യുര്‍’ എന്ന സ്ഥാപനമാണ് ശുദ്ധമായ ഓക്‌സിജന്‍ വില്‍പ്പന നടത്തിയത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയായിരുന്നു വില. നമുക്ക് ആവശ്യമായ കുടിവെള്ളം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് തന്നപ്പോള്‍ അത് സംരക്ഷിക്കാനറിയാതെ പണം കൊടുത്തു കുടിവെള്ളം വാങ്ങേണ്ട ഗതികേടിലേക്ക് മനുഷ്യന്‍ എത്തി. എന്നാല്‍ ശ്വസിക്കാന്‍ ശുദ്ധവായു കിട്ടാത്ത അവസ്ഥ ഭയാജനകമാണ്. അതേ ശുദ്ധവായു പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥ നാശത്തിലേക്ക് നയിക്കും എന്നതിന് സംശയമില്ല.

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 2022 ഒക്ടോബര്‍ മാസാവസാനത്തെ വായുമലിനീകരണത്തിന്റെ തോത് 32.9 ശതമാനം എന്നാണ് സിഎസ്ഇ (സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ്) രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 21 മുതല്‍ 26 വരെ വായു മലിനീകരണത്തിന്റെ തോത് വളരെ കൂടുതലായിരുന്നു. പ്രാദേശിക സ്രോതസ്സുകളാണ് വായുമലിനീകരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. മെട്രോ നഗരത്തിനുള്ളില്‍ നിന്ന് ആഴ്ചയില്‍ ഉണ്ടായ വായുമലിനീകരണത്തിന്റെ ഭൂരിഭാഗവും വാഹനങ്ങളുടെ ഉദ്‌വമനം മൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. ദല്‍ഹിയിലെ പിഎം ലെവല്‍ 2.5 എത്തിയതില്‍ 51 ശതമാനം സംഭാവന ചെയ്തത് വാഹനങ്ങളുടെ ഉദ്‌വമനവും 13 ശതമാനം പാര്‍പ്പിടസ്രോതസ്സുകളും 11 ശതമാനം വ്യവസായശാലകളും

7 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 5 ശതമാനം വീതം മാലിന്യങ്ങള്‍ കത്തിക്കുന്നതും ഊര്‍ജ്ജ മേഖലയും 4 ശതമാനം റോഡിലെ പൊടിപടലങ്ങളുമാണ്.

ദല്‍ഹിയിലെ റോഡുകളിലെ ഉയര്‍ന്ന ട്രാഫിക്കില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 27 കിലോമീറ്റര്‍ മുതല്‍ 32 കിലോമീറ്റര്‍ വരെയാണ്. വാഹനങ്ങളില്‍ നിന്നുമാണ് നൈട്രജന്‍ ഡയോക്‌സൈഡ് (NO2) കൂടുതലായും പുറത്തുവിടുന്നത്. നഗരത്തിലെ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് റോഡുകളിലെ ഈ ഗതാഗതക്കുരുക്ക് കാരണമാകുന്നു. സിഎന്‍ജി വാഹനങ്ങളുടെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിച്ചും സൈക്ലിംഗ്, നടത്തം, പൊതു ഗതാഗതം എന്നിവയിലൂടെയും നഗരങ്ങളിലെ ഇത്തരം വായു മലിനീകരണങ്ങള്‍ കുറയ്ക്കാവുന്നതാണ്.

പരിസ്ഥിതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് നാം എപ്പോഴും പറയാറുണ്ട്. എന്നാല്‍ മനുഷ്യന്‍ മൃഗങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട അവരുടെ ആവാസ വ്യവസ്ഥ നിലകൊള്ളുന്ന കാടിനെ നശിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ലക്ഷ്യം വനനശീകരണം തടയുക എന്നതാണ്. ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയ അരിക്കൊമ്പന്‍ എന്ന ആനയെ ജനിച്ചു വളര്‍ന്ന അവന്റെ ആവാസവ്യവസ്ഥയില്‍ നിന്നും മറ്റൊരു വനത്തിലേക്ക് മാറ്റേണ്ടി വന്ന സാഹചര്യം എന്താണ്? എന്തിനാണ് സര്‍ക്കാറിന് അത്തരത്തില്‍ ഒരു നടപടി എടുക്കേണ്ടി വന്നത്? ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഉള്‍പ്പെടുന്ന ആനക്കൂട്ടം കാടിറങ്ങി മനുഷ്യവാസമുള്ള സ്ഥലത്തേക്ക് പോകുന്നു, മനുഷ്യരെ ഉപദ്രവിക്കുന്നു. ‘എന്തിനാണ് ഞങ്ങളെപ്പോലുള്ള വന്യമൃഗങ്ങള്‍ക്ക് കാടിറങ്ങി നാട്ടിലേക്ക് വരേണ്ടിവരുന്നത്’ എന്ന് അരിക്കൊമ്പന്‍ മനുഷ്യരോടും ഭരണകൂടത്തോടും ചോദിച്ചാല്‍ എന്തു മറുപടി പറയും?

വനത്തിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരുപാട് ജനങ്ങളുണ്ട് നമ്മുടെ കേരളത്തില്‍. കൃഷി ചെയ്തു ജീവിത ഉപാധി കണ്ടെത്തുന്നവര്‍,കുടിയേറ്റ കാലത്ത് വന്യമൃഗങ്ങളോട് പൊരുതി ജീവിച്ചവര്‍. അന്നെല്ലാം വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തീരെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ 10-15 വര്‍ഷങ്ങളായിട്ടാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതും നാട്ടിലേക്ക് ഇറങ്ങുന്നവയുടെ എണ്ണം കൂടിയതും.

പഴയ തലമുറയില്‍പ്പെട്ട കുടിയേറ്റ കര്‍ഷകര്‍ പറയുന്നത് കാട്ടില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ആദ്യം ഇറങ്ങിയത് കുറുക്കന്മാര്‍ ആയിരുന്നു എന്നാണ്. ഞണ്ടിനെ തിന്നാന്‍ വരുന്ന കുറുക്കന്മാരെ പേടിച്ചു കാട്ടുപന്നികള്‍ അന്ന് വന്നിരുന്നില്ല. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം രൂക്ഷമായതോടെ ഞണ്ടുകള്‍ ഇല്ലാതായി, കുറുക്കന്‍ വരാതെയായി. പിന്നെയാണ് കാട്ടുപന്നികള്‍ വന്നു തുടങ്ങിയത്. മൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അല്ല വനവും വന്യജീവികളും ഇത്തരത്തില്‍ അപകട കരമായ അവസ്ഥയിലേക്ക് മാറിയത്. നിബിഡ വനങ്ങളെ മനുഷ്യന്റെ അത്യാര്‍ത്തിക്കുവേണ്ടി വെട്ടിത്തെളിച്ച് തോട്ടവനങ്ങളാക്കി. തേക്കും യൂക്കാലിയും അക്കേഷ്യയുമെല്ലാം നട്ടുപിടിപ്പിച്ച് വനഭൂമിയെ വരണ്ടതാക്കി ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തി. ഇന്ന് കാടിന്റെ മൂന്നിലൊരു ഭാഗവും തോട്ടവനങ്ങളാണ്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വേണ്ട ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത കാടിന്റെ ആവാസവ്യവസ്ഥയെ തകിടം മറിച്ച തോട്ടവനങ്ങള്‍ കടന്ന് വെള്ളവും ഭക്ഷണവും തേടിയാണ് മൃഗങ്ങള്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നത്. അരിക്കൊമ്പനും ചക്കക്കൊമ്പനും കൂട്ടരും വെള്ളം കുടിക്കാനെത്തുന്ന പാതയിലാണ് ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പാര്‍പ്പിടം നല്‍കിയത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അന്‍പതോളം വരുന്ന ആനക്കൂട്ടം തൃശ്ശൂരില്‍ കാടിന്റെ അതിര്‍ത്തിയിലുള്ള എസ്റ്റേറ്റില്‍ എത്തിയത് എസ്റ്റേറ്റിനുള്ളിലെ വെള്ളച്ചാട്ടത്തിലെ വെള്ളം കുടിക്കാനാണ്. മൃഗങ്ങള്‍ വന്യമാണ്, ഉപദ്രവകാരികളാണ് എന്നാല്‍ അവര്‍ക്ക് അവരുടേതായ ജീവിതരീതികളും പ്രകൃതി നിയമങ്ങളും ഉണ്ട്, അവര്‍ അത് തെറ്റിക്കില്ല. കാടിറങ്ങി അവര്‍ നാട്ടിലെത്തുന്നുണ്ടെങ്കില്‍ അതിന് കാരണം മനുഷ്യര്‍ മാത്രമാണ്. പക്ഷികളും മൃഗങ്ങളും പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുന്നവരാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഭൂഖണ്ഡങ്ങള്‍ താണ്ടി സമുദ്രത്തില്‍ നിന്നും ഉള്‍നാടന്‍ നദികളിലെ ജന്മ സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സാല്‍മണ്‍ മത്സ്യങ്ങള്‍. ഒമേഗ 3 ഉള്‍പ്പെടെയുള്ള പോഷകമൂല്യങ്ങളുള്ള സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ചും അതിന്റെ മുട്ടകളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ജനിച്ചു വളര്‍ന്ന തന്റെ ഉള്‍നാടന്‍ നദിയിലേക്ക് ഏകദേശം 3500 കിലോമീറ്റര്‍ ഭക്ഷണം പോലും കഴിക്കാതെ സമുദ്രത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന മത്സ്യങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടാണ് യാത്ര ചെയ്യുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യുന്ന മീനുകളില്‍ പലതും പല ഘട്ടങ്ങളിലും യാത്രാമധ്യേ ചത്തു പോകാറുണ്ട്. ഒരുപക്ഷേ ഏറ്റവും ആരോഗ്യമുള്ളതിനെ തെരെഞ്ഞെടുക്കാനുള്ള പ്രകൃതിയുടെ മാര്‍ഗ്ഗമാകാം അത്. മുട്ടയിട്ട് കഴിഞ്ഞതിനു ശേഷം ഉണ്ണാവ്രതത്തിലിരുന്ന് ആരോഗ്യം നഷ്ടപ്പെടുന്ന പല മീനുകളും ചത്തുപോകുന്നു. മുട്ടവിരിഞ്ഞ് മത്സ്യക്കുഞ്ഞുങ്ങള്‍ കുറച്ച് വലുപ്പം എത്തുമ്പോള്‍ എല്ലാവരും കൂട്ടം കൂടി താമസിക്കുകയും സമുദ്രത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയെ മനസ്സിലാക്കി ജീവിക്കൂ എന്ന സന്ദേശം സാല്‍മണ്‍ മത്സ്യങ്ങള്‍ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ് .

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ പരിണതഫലമാണ് പാരീസ് ഉടമ്പടി. 2015 ഡിസംബര്‍ 12ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യുഎന്‍ കാലാവസ്ഥ വ്യതിയാന കരാറില്‍ 196 രാജ്യങ്ങള്‍ ഒപ്പുവെച്ചു. 2050 ഓടെ ആഗോളതാപന വര്‍ദ്ധന 2 ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത. ക്രമേണ അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.

പാരീസ് ഉടമ്പടിക്ക് ശേഷം ലോകരാജ്യങ്ങള്‍ തങ്ങള്‍ക്ക് കഴിയും വിധം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള വിവിധ അജണ്ടകളില്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.2015 ല്‍ ഐക്യരാഷ്ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവര്‍ക്കും’ കൈവരിക്കുന്നതിനുള്ള മാതൃകയായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതും 2030 ഓടുകൂടി കൈവരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ അഥവാ ‘സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്’ (SDG-Sustainable Developmental goals).

സുസ്ഥിരവികസന ലക്ഷ്യങ്ങള്‍
2015 സപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ സുസ്ഥിര വികസന ഉച്ചകോടിയില്‍ വച്ച് 2030ല്‍ സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങള്‍അംഗീകരിച്ചു.
1. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
2. വിശപ്പില്ലാത്ത അവസ്ഥ
3. നല്ല ആരോഗ്യവും ക്ഷേമവും
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസം
5. ലിംഗസമത്വം
6. ശുദ്ധമായ വെള്ളവും ശുചിത്വവും
7. താങ്ങാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം
8. മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും
9. വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍
10. അസമത്വം കുറയ്ക്കുക.
11. സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും.
12. ഉത്തരവാദിത്ത ഉപഭോഗവും ഉല്‍പാദനവും.
13. കാലാവസ്ഥ പ്രവര്‍ത്തനം.
14. വെള്ളത്തിന് താഴെയുള്ള ജീവിതം.
15. കരയിലെ ജീവിതം.
16. സമാധാനം നീതി ശക്തമായ സ്ഥാപനങ്ങള്‍.
17. ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം.

ഒരു ഭൂപ്രദേശത്തിന്റെ പരിസ്ഥിതി മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ടതാക്കി വരും തലമുറകള്‍ക്ക് കൈമാറുന്ന ശൈലിയിലുള്ള വികസനത്തെയാണ് സുസ്ഥിരവികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എസ്ഡിജി 2030 വിഭാവനം ചെയ്ത 17 ലക്ഷ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍ കാലാവസ്ഥാ വ്യതിയാനം, കരയിലെ ജീവിതം, വെള്ളത്തിന് താഴെയുള്ള ജീവിതം, ശുദ്ധമായ വെള്ളവും ശുചിത്വവും, സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും താങ്ങാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം, ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും തുടങ്ങിയ അജണ്ടകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഫലങ്ങള്‍ അനുഭവിക്കാത്ത ഒരു രാജ്യവും ഇന്ന് ലോകത്ത് ഇല്ല. ആഗോളതാപനം നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് മാത്രമല്ല നിലവില്‍ കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഓരോ രാജ്യത്തെയും ബാധിക്കുന്നു. ഇതിന്റെ ആഘാതം ദേശീയ സമ്പദ് വ്യവസ്ഥയെ മാത്രമല്ല ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നു.

സമുദ്രങ്ങള്‍, സമുദ്ര വിഭവങ്ങള്‍ എന്നിവ സുസ്ഥിര വികസനത്തിനായി സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു അജണ്ട. ലോകത്ത് ഇന്ന് മൂന്നു ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രതീരദേശ ജൈവവൈവിധ്യത്തെ ആശ്രയിക്കുന്നു. ലോകത്തിലെ 30% മത്സ്യ വിഭവങ്ങളും അമിതമായി ചൂഷണം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഭൗമ പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര ഉപയോഗം പരിരക്ഷിക്കുക, പുന:സ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, വനങ്ങള്‍ സുസ്ഥിരമായി കൈകാര്യം ചെയ്യുക, പ്രകൃതി നശീകരണം തടയുക, ജൈവവൈവിധ്യ നഷ്ടം തടയുക എന്നിവയാണ് കരയിലെ ജീവിതം സംരക്ഷിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്.

2021ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ (UNFCCCCOP26) പ്രധാനമന്ത്രി നരേന്ദ്രമോദി മിഷന്‍ ലൈഫ് പ്രഖ്യാപിച്ചു. ആഗോള കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനത്തില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്ന ലളിതമായ പ്രവൃത്തികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റെടുക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുക എന്നതാണ് മിഷന്‍ ലൈഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.

യുണൈറ്റഡ് പ്രോഗ്രാം (UNEP) പ്രകാരം ലോകമെമ്പാടുമുള്ള എട്ട് ബില്യണില്‍ ഒരാള്‍ പരിസ്ഥിതി സൗഹൃദ ജീവിതം അവരുടെ ദൈനംദിന ജീവിതത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 20 ശതമാനം വരെ കുറയാന്‍ ഇടയുണ്ട്.

മനുഷ്യന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്ന വന്‍തോതിലുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യയ്ക്ക് സമ്പന്നമായ അനുഭവ സമ്പത്ത് ഉണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലും നിയന്ത്രണങ്ങളിലും ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇന്ത്യ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. അതിന് ചില ഉദാഹരണങ്ങളുണ്ട്.

സ്വച്ച് സാഗര്‍ സുരക്ഷിത് സാഗര്‍ ക്യാമ്പയിനിലൂടെ ഏകദേശം 15,000 ടണ്‍ മാലിന്യം 75 ബീച്ചുകളില്‍ നിന്നും 75 ദിവസം കൊണ്ട് നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമിടാന്‍ സാധിച്ചു.

ഭാരത് മിഷനിലൂടെ 100 ദശലക്ഷത്തില്‍ അധികം ടോയ്‌ലറ്റുകളുടെ നിര്‍മ്മാണമാണ് കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നടപ്പിലാക്കിയത്.

ഉജ്ജ്വല പദ്ധതിയിലൂടെ വീടുകളില്‍ എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ 2015 ലെ 62 ശതമാനത്തില്‍ നിന്നും 2021ല്‍ 99.8 ശതമാനമായി വര്‍ദ്ധിപ്പിച്ചു. സുസ്ഥിര വികസനത്തില്‍ ഊന്നിയാണ് നാം ജീവിച്ചിരുന്നത് എങ്കില്‍ ഇന്ന് ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദ പൂര്‍ണ്ണമായ ഒരു നല്ല നാളേക്കായി. നമുക്ക് ഓരോര്‍ത്തര്‍ക്കും പരിശ്രമിക്കാം.

ShareTweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies