സ്ത്രീ അമ്മയാണ്, വാത്സല്യനിധിയാണ്, സര്‍വ്വംസഹയാണ് എന്നെല്ലാം ധരിക്കുന്ന ഒരു സമൂഹത്തിലാണ് ഇത്രയും കാലം നാം ജീവിച്ചത്. അതുകൊണ്ടുതന്നെ ഒരു സ്ത്രീ കൊലപാതകമോ അക്രമമോ കവര്‍ച്ചയോ നടത്തില്ല, അല്ലെങ്കില്‍ അതിന് അവര്‍ക്ക് പ്രാപ്തിയില്ല എന്ന പൊതുബോധം നമുക്കിടയില്‍ ശക്തമാണ്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഈ നിഗമനങ്ങള്‍ക്ക് വിരുദ്ധമായി ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും സ്ത്രീയെ സംബന്ധിച്ച പൊതുബോധത്തെ ഇല്ലാതാക്കുന്നതായിരുന്നില്ല. എന്നാല്‍ ഇന്ന് ഈ ബോധവും വിശ്വാസവും തകിടംമറിയുന്ന വാര്‍ത്തകളാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത കൂടത്തായി എന്ന മലയോര പ്രദേശത്തുനിന്ന് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇടുക്കി കട്ടപ്പനയില്‍ നിന്ന് 1997ല്‍ വിവാഹംചെയ്തു കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിയ ജോളിയമ്മ എന്ന ജോളി നടത്തിയ അത്യന്തം ക്രൂരവും പൈശാചികവും ആസൂത്രിതവുമായ കൊലപാതകപരമ്പരയെക്കുറിച്ചറിഞ്ഞു ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുകയാണ് നാട്. കുടുംബാധിപത്യം നേടിയെടുക്കുന്നതിനും, സ്വത്ത് കൈവശപ്പെടുത്തുന്നതിനും, തെളിവ് നശിപ്പിക്കുന്നതിനും ഇഷ്ട പുരുഷനെ സ്വന്തമാക്കുന്നതിനും ജോളി നടത്തിയ നീക്കങ്ങളും ആവിഷ്‌കരിച്ച തന്ത്രങ്ങളും പറഞ്ഞ നുണകളും സമാനതകളില്ലാത്തതും അന്വേഷണ ഏജന്‍സികള്‍ക്കുവരെ അപരിചിതവുമാണ്.
2002 മുതല്‍ 2019 വരെയുള്ള 17 വര്‍ഷക്കാലംകൊണ്ട് 6 കൊലപാതകങ്ങളും ചില കൊലപാതക ശ്രമങ്ങളും വ്യാജരേഖ ചമച്ച് സ്വത്ത് കൈവശമാക്കാനുള്ള ശ്രമവും ജോളി നടത്തിയതായാണ് പോലീസ് ഭാഷ്യം. മാത്രവുമല്ല പുതുതായി പുറത്തുവരുന്ന ചില സംശയങ്ങളും തെളിവുകളും കൊലപാതക സംഖ്യ ആറില്‍ നിന്ന് ഉയരാനുള്ള സാധ്യതയെ തള്ളിക്കളയുന്നില്ല. കൊലപാതകങ്ങള്‍ നിരവധി നടക്കാറുണ്ട്, സ്ത്രീകള്‍ പ്രതികള്‍ ആകുന്നതും പുതുമയല്ല. എന്നാല്‍ ഇത്രയുംകാലം പിടിക്കപ്പെടാതെ ആരാലും സംശയിക്കപ്പെടാതെ ഒരു കുറ്റബോധത്തിനും കീഴടക്കാന്‍ കഴിയാതെ, മാനസാന്തരം ലവലേശമില്ലാതെ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിനുവേണ്ടി അവിശ്വസനീയമായ ആസൂത്രണ വൈദഗ്ധ്യത്തോടെ, അപാരമായ ബുദ്ധിവൈഭവത്തോടെ നടത്തിയ കുറ്റകൃത്യം രാജ്യത്തുണ്ടായിട്ടില്ല.
ജോളി നടത്തിയ കൊലപാതകങ്ങളും അതിന്റെ കാലഘട്ടങ്ങളും കൊല്ലപ്പെട്ടവര്‍ തമ്മിലുള്ള ബന്ധങ്ങളും കൊലയിലൂടെ ജോളി ഉദ്ദേശിച്ച ലക്ഷ്യങ്ങളും ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് മാപ്പും ചാര്‍ട്ടും വരെ വരക്കേണ്ടി വന്നു. എന്നിട്ടും ശരാശരി മലയാളിക്ക് കാര്യങ്ങള്‍ വ്യക്തമായോ എന്ന് സംശയമാണ്. അത്രയ്ക്ക് സങ്കീര്‍ണമാണ് കൂടത്തായി കൊലപാതക പരമ്പര. അത് വിശദീകരിക്കുന്നതിനു മാധ്യമങ്ങള്‍ സ്വീകരിച്ച പൊതുരീതി, ആദ്യം കൊലചെയ്യപ്പെട്ട അന്നമ്മ തോമസ് മുതല്‍ അവസാനം കൊലചെയ്യപ്പെട്ട സിലി വരെയുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വിവരിക്കുക എന്നതാണ്. എന്നാല്‍ കൂടുതല്‍ ലളിതമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് കൃത്യം നിര്‍വഹിച്ച ജോളിയുമായി ബന്ധപ്പെടുത്തി കാര്യങ്ങളെ വിശദീകരിക്കുന്നതാവും. ജോളിയുടെ ലക്ഷ്യങ്ങളെയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ നിലയ്ക്കുള്ള വിവരണം സഹായകമാകും.

ജോളിയുടെ ഭര്‍ത്താവിന്റെ അമ്മ അന്നമ്മ തോമസ് (57)2002ലും ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ് (66) 2008ലും ഭര്‍ത്താവ് റോയി തോമസ് (40)2011ലും ഭര്‍ത്താവിന്റെ അമ്മാവന്‍ മാത്യു മഞ്ചാടിയില്‍ (68)2014ലും അതേ വര്‍ഷം തന്നെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റ മകള്‍ ആല്‍ഫൈ (2) നും ഷാജുവിന്റെ ആദ്യഭാര്യ സിലി (44) 2016ലും കൊലചെയ്യപ്പെട്ടു. ഇതു കൂടാതെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ പെങ്ങള്‍ റെജിയെയും വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. മാത്രവുമല്ല അടുത്ത സുഹൃത്ത് ജോണ്‍സനെ മൂന്നാമതായി വിവാഹം ചെയ്യാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയെയും വധിക്കാന്‍ ജോളിക്ക് പദ്ധതി ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
ഏതെങ്കിലും നിലക്കുള്ള മാനസിക വൈകല്യത്തിന്റെ സൃഷ്ടിയോ, ഇതുവരെ കണ്ടുവന്നിട്ടുള്ള സീരിയല്‍ കൊലപാതകങ്ങളുടെ ഗണത്തില്‍ പെടുന്നതോ അല്ല കൂടത്തായി കൊലപാതകങ്ങള്‍. കാരണം ഇത് വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തി കൃത്യമായ പദ്ധതി തയ്യാറാക്കി മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കിയ കുറ്റകൃത്യമാണ്. മാനസിക വൈകല്യമുള്ളവര്‍ക്കും സാധാരണ സീരിയല്‍ കൊലപാതകം നടത്തുന്നവര്‍ക്കും ഈ നിലയ്ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജോളിയുടെ കുറ്റകൃത്യങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയല്ലെന്നു തീര്‍ത്തുപറയാന്‍ കഴിയും. അത് തീര്‍ത്തും സ്വത്തിനോടും സമ്പത്തിനോടും സുഖ സൗകര്യങ്ങളോടുമുള്ള ആര്‍ത്തിയുടെ സൃഷ്ടിയാണ്. ഓരോ കൊലപാതകവും അത് തെളിയിക്കുന്നുണ്ട്. പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെയും അല്ലാത്തതുമായ അധികാരം കയ്യാളിയിരുന്ന അന്നമ്മ തോമസിനെ ആട്ടിന്‍ സൂപ്പില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത് കുടുംബത്തിന്റെ സര്‍വ്വാധികാരം നേടിയെടുക്കുന്നതിനായിരുന്നു. അന്നമ്മയുടെ മരണശേഷം ഭര്‍ത്താവ് ടോം തോമസിന്റെയടുത്ത് സ്‌നേഹനിധിയായ മരുമകളായി ജോളി നടിച്ചത് സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. എന്നാല്‍ ടോം തോമസ് സ്വത്തുക്കള്‍ മുഴുവനായി ജോളിക്ക് നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അദ്ദേഹത്തെ വൈറ്റമിന്‍ ഗുളികയില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി. മാത്രവുമല്ല ടോം തോമസ് ജോളിയുടെയും ഭര്‍ത്താവ് റോയിയുടെയും പേരില്‍ സ്വത്തുക്കള്‍ നല്‍കിയതായി ഒരു വ്യാജ ഔസ്യത്ത് തയ്യാറാക്കുകയും ചെയ്തു. ഇതിനാവശ്യമായ മുദ്രപത്രം തയ്യാറാക്കിയതിനുശേഷമാണ് ടോം തോമസിനെ കൊലപ്പെടുത്തിയത്. സ്ഥിരവരുമാനമില്ലാത്ത, തികഞ്ഞ മദ്യപാനിയും അന്ധവിശ്വാസിയും തന്റെ ദുര്‍ന്നടപ്പുകളെ ചോദ്യം ചെയ്യുന്നവനുമായ ഭര്‍ത്താവ് റോയ് തോമസിനെ വകവരുത്തി വ്യാജ ഒസ്യത്തിന്റെ ബലത്തില്‍ വന്നുചേരുന്ന സ്വത്തുക്കള്‍ പൂര്‍ണ്ണമായി കൈക്കലാക്കുകയും സ്ഥിരവരുമാനക്കാരനും അധ്യാപകനുമായ ഷാജുവിനെ വിവാഹം ചെയ്യുകയും ആയിരുന്നു ജോളിയുടെ അടുത്ത പദ്ധതി. അതിനാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി റോയി തോമസിനെ കൊലപ്പെടുത്തിയത്. റോയിയുടെ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മഞ്ചാടിയില്‍ മാത്യുവിനെ മദ്യത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതിലൂടെ ജോളി ലക്ഷ്യം വച്ചത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളും അന്വേഷണങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ്. അധ്യാപകനായ ഷാജുവിനെ വിവാഹം ചെയ്യണമെന്ന തന്റെ ആഗ്രഹത്തിന് തടസ്സമായിരുന്ന ഷാജുവിന്റ മകള്‍ ആല്‍ഫൈനേയും ഭാര്യ സിലിയെയും കൊലപ്പെടുത്തുക എന്നതാണ് ജോളി പിന്നീട് ചെയ്തത്. ഈ കൊലകള്‍ക്ക് ശേഷം ആഗ്രഹിച്ച പ്രകാരം ഷാജുവിനെ വിവാഹം ചെയ്തു. ഇനിയും ചിലത് ചുരുളഴിയാനുണ്ട്. കുടുംബാധിപത്യം നേടുക, സ്വത്ത് കൈവശപ്പെടുത്തുക, കൂടുതല്‍ നല്ല ജീവിതപങ്കാളിയെ കണ്ടെത്തുക, തെളിവ് നശിപ്പിക്കുക – ഇങ്ങനെ ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.
ലക്ഷ്യബോധത്തോടെ കൃത്യം നിര്‍വഹിക്കുക മാത്രമല്ല ജോളി ചെയ്തത്. സംശയിക്കപ്പെടാതിരിക്കാനുള്ള എല്ലാ കരുതലുകളും ഓരോ കൊലക്കു മുന്‍പും പിന്‍പും സ്വീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനം പൊന്നാമറ്റം കുടുംബത്തിന് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്ന പ്രചരണമാണ്. അന്നമ്മ തോമസും ടോം തോമസും സ്ഥിരമായി മരുന്നു കഴിക്കുന്നവരാണെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നു. ഇത് ജോളിയുടെ പ്രചാരണത്തിന് കൂടുതല്‍ വിശ്വാസ്യത നേടിക്കൊടുത്തു. വീടിന്റെ വാസ്തു ശാസ്ത്രപരമായ പ്രശ്‌നങ്ങളാണ് തുടര്‍മരണങ്ങള്‍ക്ക് കാരണം എന്നുകൂടി ജോളി ബന്ധുക്കളെയും അയല്‍ക്കാരെയും ബോധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ ഉയര്‍ന്ന ഉദ്യോഗസ്ഥയായി മേനി നടിച്ചിരുന്ന ജോളിയോട് നാട്ടുകാരും ബന്ധുക്കളും ആദരവും ബഹുമാനവും കാണിച്ചിരുന്നു. ഇത് പൂര്‍ണമായി ജോളി മുതലെടുത്തു. ഓരോ കൊലപാതകത്തിനുശേഷവും പോസ്റ്റുമോര്‍ട്ടം വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതും മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതും ജോളി തന്നെയാണ്. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണത്തെ സംബന്ധിച്ച് സംശയം ഉന്നയിച്ചവരെ ജോളി വായടപ്പിച്ചത് ആത്മഹത്യ പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനിയെക്കുറിച്ച് പറഞ്ഞാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ള കുടുംബാംഗങ്ങളെ ഇതുപറഞ്ഞ് അടക്കിനിര്‍ത്താന്‍ ജോളിക്ക് എളുപ്പം കഴിഞ്ഞു. മാത്രവുമല്ല റോയി തോമസിന്റെ കൊലയില്‍ നാട്ടുകാര്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ ജോളി കാണിച്ച ബുദ്ധിവൈഭവം ചെറുതായിരുന്നില്ല. വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ചവശനായ റോയി തോമസിനെ ശുചിമുറിയില്‍ കിടത്തി പുറത്തുനിന്നും വാതില്‍ പൂട്ടി അയല്‍ക്കാരെയും നാട്ടുകാരെയും വിളിച്ചുവരുത്തി. ഓടിവന്നവര്‍ വെപ്രാളത്തില്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് പൂട്ടിയതാണോ ഉള്ളില്‍നിന്ന് കുറ്റി ഇട്ടതാണോ എന്ന് ആരും ശ്രദ്ധിച്ചില്ല. റോയി തോമസ് ശുചിമുറിയില്‍ കയറി ആത്മഹത്യ ചെയ്‌തെന്ന് എല്ലാവരും വിശ്വസിച്ചു. ഇതേപോലെ ഒരു സംശയത്തിനും ഇടനല്‍കാതെയാണ് ഷാജുവിന്റെ ഭാര്യ സിലിയെ കൊന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പൊതുസ്ഥലത്ത് സഹോദരന്റെയും ഭര്‍ത്താവിന്റെയും സാന്നിധ്യം ഉറപ്പുവരുത്തുകയും കുടിവെള്ളത്തില്‍ സയനൈയ്ഡ് കലര്‍ത്തി കൊലപ്പെടുത്തി. ഇതിനുവേണ്ട സാഹചര്യവും ബോധപൂര്‍വ്വം ഒരുക്കുകയായിരുന്നു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്തു തിരിച്ചുവരുമ്പോള്‍ ഷാജുവിന്റെ പല്ല് ക്ലീന്‍ ചെയ്യുന്നതിന് ദന്താശുപത്രിയില്‍ പോയപ്പോള്‍ ജോളിയും കൂട്ടു പോകുന്നു. ഷാജു ക്ലിനിക്കിനുള്ളില്‍ പ്രവേശിച്ച സമയത്ത് സിലിയെക്കൊണ്ട് ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യം പറയാനെന്നു പറഞ്ഞു സഹോദരന്‍ സിജോയെ വിളിപ്പിക്കുന്നു. അങ്ങനെ സിജോ എത്തുന്നതിനുമുന്‍പ് കുടിവെള്ളത്തില്‍ സയനൈയ്ഡ് കലക്കി സിലിക്ക് നല്‍കി. സിജോ എത്തുമ്പോള്‍ കാണുന്നത് സിലി ബോധരഹിതയായി ജോളിയുടെ മടിയില്‍ കിടക്കുന്നതാണ്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിക്കുകയും ചെയ്തു. സഹോദരന്റെയും ഭര്‍ത്താവിന്റെയും സാന്നിധ്യത്തില്‍ പൊതുസ്ഥലത്ത് വെച്ച് നടന്ന മരണമായതുകൊണ്ട് പോസ്റ്റുമോര്‍ട്ടവും മറ്റു സംശയങ്ങളും ഒഴിവാക്കുക എന്ന ജോളിയുടെ പദ്ധതി വിജയിച്ചു. ഓരോ കൊല നടത്തുമ്പോഴും പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള കാര്യങ്ങളില്‍ നിന്നും ബന്ധുക്കളെയും നാട്ടുകാരെയും പിന്തിരിപ്പിക്കുവാനുള്ള മുന്‍കരുതല്‍ കൃത്യം നിര്‍വഹിക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്ന സമര്‍ത്ഥയായ കുറ്റവാളിയാണ് ജോളി. മാത്രമല്ല കൊല്ലപ്പെട്ടവരുടെയെല്ലാം മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് മുന്നില്‍ നിന്നു. കൊല്ലപ്പെട്ടവര്‍ക്ക് കൊലയാളി തന്നെ അന്ത്യചുംബനം നല്‍കുന്ന അത്യപൂര്‍വ്വ പ്രകടനവും നടത്തി. ഇതിനുപുറമേ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മ ദിവസം അവരുടെ കല്ലറയില്‍ പുഷ്പം വെച്ച് പ്രാര്‍ത്ഥിക്കുന്നതിനും കണ്ണീരു പൊഴിച്ച് ബന്ധുക്കളുടെ സഹാനുഭൂതിയും വിശ്വാസവും പിടിച്ചുപറ്റുന്നതിനും ജോളി പ്രത്യേകം ശ്രദ്ധിച്ചു.
ആഗ്രഹിച്ച ജീവിതത്തിനു തടസ്സമാകുന്നവരെ തെളിവില്ലാതെ കൊലപ്പെടുത്തുന്നതില്‍ മാത്രമല്ല വ്യാജരേഖ ചമച്ച് സ്വത്തു കൈക്കലാക്കുന്നതിനും അതിനു നിയമ സാധുത നേടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉദ്യോഗസ്ഥന്മാരെയും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള അസാമാന്യമായ വൈദഗ്ധ്യം ജോളി പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള വ്യാജ ഒസ്യത്തിന് നിയമസാധുത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതിനായി ജോളി സ്വന്തം കാറില്‍ ജയശ്രീയെ ജോലിസ്ഥലത്ത് എത്തിക്കുകയും വൈകീട്ട് തിരിച്ചു വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്യും. തഹസില്‍ദാരുടെ വീട്ടുജോലിക്ക് ആളെ ഏര്‍പ്പാടാക്കി കൊടുക്കുക, ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുക. ജയശ്രീയെ ജോയിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുപ്പിക്കുക ഇങ്ങനെയെല്ലാം ചെയ്തു അടുത്ത സുഹൃത്താക്കി. ഈ ബന്ധം ചൂഷണം ചെയ്താണ് വ്യാജരേഖക്ക് വില്ലേജില്‍ നിന്നും അംഗീകാരം നേടിയെടുക്കുന്നത്. ഇതേപോലെ തന്നെ ഓമശ്ശേരി പഞ്ചായത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ ഉദ്യോഗസ്ഥന്മാരെ പാട്ടിലാക്കി ജോളി കെട്ടിടത്തിന് കൈവശാവകാശ രേഖ കൈക്കലാക്കിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണ്‍, സി.പി.എം കെട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജ്, പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്‍ തുടങ്ങി ഇനിയും പുറത്തു വരാത്ത നിരവധി പ്രമുഖരെയും ജോളി പലവിധത്തില്‍ സ്വാധീനിക്കുകയും തന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചോ, സൗഹൃദത്തിന്റെ പേരിലോ വഴിവിട്ട ബന്ധം ആഗ്രഹിച്ചോ ഇവരില്‍ പലരും അറിഞ്ഞോ അറിയാതയോ ഈ വലിയ തെറ്റിന്റെ ഭാഗമായി. അത്ര സമര്‍ത്ഥമായി ജോളി ഇവരെയെല്ലാം ഉപയോഗപ്പെടുത്തി എന്നുതന്നെ പറയാം.
17 വര്‍ഷക്കാലത്തിനുള്ളില്‍ ഇത്രയും ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയ ജോളിയെക്കുറിച്ച് നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള എതിരഭിപ്രായമോ സംശയമോ ഉണ്ടായിരുന്നില്ല. കുര്‍ബാന കൂടുന്ന, കുമ്പസരിക്കുന്ന, വേദപാഠം പഠിപ്പിക്കുന്ന, പള്ളി പരിപാടികളുടെ ഭാരവാഹിത്വം വഹിക്കുന്ന, അയല്‍ക്കാരുടെയും നാട്ടുകാരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, പ്രയാസങ്ങളില്‍ ആശ്വസിപ്പിക്കുന്ന സ്‌നേഹ സമ്പന്നയായ കാര്യപ്രാപ്തിയുള്ള ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള പൊന്നാമറ്റം വീട്ടിലെ മരുമകള്‍ എന്ന മേല്‍വിലാസം സൃഷ്ടിക്കുന്നതിനും ഇക്കാലമത്രയും നിലനിര്‍ത്തുന്നതിനും ജോളിക്ക് സാധിച്ചു. ഇത്രയും കാലം എന്‍.ഐ.ടി അധ്യാപികയെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതിന് ആ സ്ഥാപനത്തിന്റെ വ്യാജ ഐഡി കാര്‍ഡ് ധരിച്ച് എല്ലാ ദിവസവും രാവിലെ കാറിലോ സ്‌കൂട്ടറിലോ കൂടത്തായിയിനിന്നും എന്‍.ഐ.റ്റിയിലേക്ക് പോവുകയും വൈകിട്ട് തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്‍.ഐ.ടി ക്യാമ്പസിലും കാന്റീനിലും തൊട്ടടുത്ത ബ്യൂട്ടിപാര്‍ലറിലുമെല്ലാം തന്നെ ജോളിയെ കണ്ടവരുണ്ടെങ്കിലും ജോളിക്ക് ഈ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പിന്നെ എന്തായിരുന്നു ഇത്രയും കാലം എന്‍.ഐ.ടി കേന്ദ്രീകരിച്ച് ജോളി ചെയ്തത് എന്ന കാര്യത്തില്‍ വലിയ ദുരൂഹത നിലനില്ക്കുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ ഉള്‍പ്പെടെ നിരവധി ഉന്നതന്മാരെ സ്വാധീനിക്കുന്നതിന് എന്‍.ഐ.ടി അധ്യാപിക എന്ന വ്യാജ മേല്‍വിലാസം ജോളി ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ തന്നെ പറയുന്നത് അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തില്‍ ഇത്രയും വലിയ ഒരു വഞ്ചനയെ കുറിച്ച് കേട്ടിട്ടില്ലെന്നാണ്.
ഇത്രയും കാലപ്പഴക്കം ചെന്നതും ആസൂത്രിതവുമായ കുറ്റകൃത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിനും പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനും ക്രൈംബ്രാഞ്ച് എസ്.പി കെ. ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ നീക്കങ്ങളെയും പരിശ്രമങ്ങളെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഇനിയും തെളിയാനുള്ള സംശയങ്ങള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുള്ള മറുപടി അന്വേഷണസംഘം കണ്ടെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്രയും കാലപ്പഴക്കം ചെന്നതും ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും കാര്യമായ തെളിവുകള്‍ അവശേഷിക്കാത്തതുമായ ഒരു കുറ്റകൃത്യത്തെ കോടതിയെ ബോധ്യപ്പെടുത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നത് പോലീസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തി അതു സാധിക്കാം എന്ന വിശ്വാസമായിരിക്കും അന്വേഷണസംഘത്തെ മുന്നോട്ടു നയിക്കുന്നത്. കുപ്രസിദ്ധ കുറ്റവാളികളുടെ വക്കാലത്ത് ഏറ്റെടുത്ത് സുപ്രസിദ്ധനാകാന്‍ ശ്രമിക്കുന്ന ആളൂരിനെ പോലുള്ളവരാണ് ജോളിക്കുവേണ്ടി ഹാജരാകുന്നതെന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ തലവേദന കൂട്ടുന്നുണ്ട്.
കൂടത്തായി കേരളത്തിന് നല്‍കുന്നത് ഒരു മുന്നറിയിപ്പാണ്. സമ്പത്തിനും സുഖത്തിനു വേണ്ടി എന്ത് ക്രൂരകൃത്യം നിര്‍വ്വഹിക്കാനും മടിയില്ലാത്ത ഒരു സമൂഹം രൂപപ്പെടുന്നു എന്ന മുന്നറിയിപ്പ്. വൈദേശിക സംസ്‌കാരത്തിന്റെ സ്വാധീനത്താല്‍ മനുഷ്യന്‍ സ്വാര്‍ത്ഥനായി അവനവനിലേക്ക് ചുരുങ്ങുന്നതാണിതിന്റെ പ്രധാനകാരണം. ഏതൊരാളും ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സ്വന്തം വീടും കുടുംബവും വരെ അങ്ങനെയല്ലാതാവുന്നു എന്ന സംശയം കൂടി ജനിപ്പിക്കുന്നതാണ് കൂടത്തായി സംഭവങ്ങള്‍. നമ്മുടെ സമാജത്തിന്റെ അടിസ്ഥാനഘടകം കുടുംബമാണ്. കുടുംബത്തെ നിലനിര്‍ത്തുന്നത് നിസ്വാര്‍ത്ഥതയും സ്‌നേഹവും ത്യാഗവുമാണ്. ഇത് നഷ്ടപ്പെട്ടാല്‍ കുടുംബം ഇല്ലാതാകും. അതുകൊണ്ട് കുടുംബസങ്കല്പം തകരാതിരിക്കാന്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും കുടുംബവ്യവസ്ഥയും മുറുകെപ്പിടിച്ചു ജീവിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാവുക തന്നെ വേണം. അവിടെയാണ് വാത്സല്യനിധിയും സര്‍വ്വംസഹയുമായ സ്ത്രീയെ ദര്‍ശിക്കാന്‍ കഴിയുന്നത്.
കൂടത്തായി കൊലപാതകപരമ്പര സമൂഹത്തെ പലരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ കഴിവുകള്‍ മാറ്റുരക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. ഐപിഎസ് ട്രെയിനികള്‍ പഠനവിധേയമാക്കാന്‍ എത്തി. അഭിഭാഷകര്‍ നിയമപുസ്തകങ്ങള്‍ പുനര്‍വായന നടത്തി ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നു. മന:ശാസ്ത്ര വിദഗ്ധര്‍ ഗവേഷണവും പഠനവും സജീവമാക്കുന്നു. ഒരുപക്ഷേ കുറ്റവാളികള്‍ ഇതൊരു മാതൃകയാക്കാനും സാധ്യതയുണ്ട്. എന്തിനേറെ പറയുന്നു സിനിമാക്കാരെ വരെ ഇത് സ്വാധീനിച്ചിട്ടുണ്ട്. കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി രണ്ടു സിനിമകളാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. ചലച്ചിത്ര പ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ. മലയാളത്തില്‍ മികച്ച തിരക്കഥാകൃത്തുക്കളും സംവിധായകരും നടീനടന്മാരും ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ കൂടത്തായി സംഭവങ്ങളെ പുനരാവിഷ്‌കരിക്കുന്നത് ബുദ്ധിയാകില്ല. കാരണം കൂടത്തായിലെ ജോളിയുടേത് അത്ര മികച്ച കഥയും തിരക്കഥയും സംവിധാനവും അഭിനയവുമായിരുന്നു. അത് ഏറ്റവും നല്ല രീതിയില്‍ വിതരണം ചെയ്യപ്പെടുകയും ജനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.