അടുത്തിടെ പുറത്തുവന്ന ഒരു ആഗോള മാധ്യമ പഠന റിപ്പോര്‍ട്ട്, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ‘ദ വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് ജയിലര്‍ ഓഫ് ജേണലിസ്റ്റ്‌സ്’ എന്നു വിശേഷിപ്പിക്കുകയുണ്ടായി. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിഭീകരമായ അടിച്ചമര്‍ത്തലിന്റെ ആഴവും അര്‍ത്ഥവും ഈ വിശകലനത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും. കമ്മ്യൂണിസം ആശയപരമായും പ്രായോഗികമായും ജനാധിപത്യപരമല്ലെന്നും അത് സമഗ്രാധിപത്യത്തില്‍ അടിയുറച്ചതാണെന്നും ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയെല്ലാം ചരിത്രം അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് സമാനമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അവരുടെ മാധ്യമവേട്ട വ്യാപകമാക്കിയിരിക്കുകയാണ്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്‌സൈറ്റില്‍ ഫലം വന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഒരു വനിതാ ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ ‘സര്‍ക്കാരിനും എസ്എഫ്‌ഐക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കും’ എന്ന ഭീഷണികലര്‍ന്ന ഒരു മുന്നറിയിപ്പും പുറപ്പെടുവിച്ചു. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നു. വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അസ്വസ്ഥതയോടെയും അസഹിഷ്ണുതയോടെയുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും കാണുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ സംഭവങ്ങള്‍.
മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുമൊക്കെ മൂക്കുകയറിടാനുള്ള പരിശ്രമങ്ങള്‍ കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയതു മുതല്‍ തന്നെ ആരംഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനം ഒഴിവാക്കപ്പെട്ടു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുള്ള ഉത്തരവിനെതിരെയും സര്‍ക്കാര്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ 2019 ല്‍ മാത്രം 119 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്ത സംഭ വം പോലുമുണ്ടായി. 2022 ല്‍ സംസ്ഥാന പോലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. അഹിതകരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരെ നേരിടാന്‍ പോലീസിന് അമിതാധികാരം കല്പിച്ചുകൊടുക്കുന്ന കരിനിയമമായിരുന്നു അത്. അടുത്ത കാലത്ത് നിയമസഭയിലെ ചോദ്യോത്തരവേള മാധ്യമങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരള സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാമൂടിക്കെട്ടാനും മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കാനും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരന്തരം പരിശ്രമിച്ചു വരികയാണ്. 2017 ല്‍ മന്ത്രിയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന്റെ പേരിലാണ് ഒരു ചാനല്‍ മേധാവി അടക്കം അഞ്ചുപേരെ കേരള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വാര്‍ത്താപരിപാടിക്കിടെ ആക്രമണ ഭീഷണി മുഴക്കി എന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പരാതിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടിയും പോലീസും നിരന്തരം വേട്ടയാടി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള പല കുറ്റങ്ങളും ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എലത്തൂരില്‍ ട്രെയിന്‍ കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുവന്ന വാഹനസംഘത്തെ പിന്തുടര്‍ന്നു എന്ന കുറ്റം ചുമത്തി പോലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി വിജയന്‍ തന്നെ മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്നും ‘മാറി നില്‍ക്ക്’ എന്നും പലപ്പോഴായി ആക്രോശിച്ചതും, മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മാധ്യമങ്ങളെ ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്ന് ആക്ഷേപിച്ചതും ഒരു പത്രാധിപരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയതുമൊക്കെ കേരളം കണ്ടതാണ്. അടുത്തിടെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍നിന്ന് ഷാജന്‍ സ്‌കറിയയെ താഴെയിറക്കുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഒരു ഇടതുപക്ഷ എം.എല്‍.എ. ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ ചിറകരിയാനും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പരിശ്രമിച്ചു പോരുന്നത്. ഭാരത ഭരണഘടനയെ നിന്ദ്യമായ വാക്കുകള്‍ കൊണ്ട് ആക്ഷേപിച്ചതിന്റെ പേരിലാണ് അടുത്തിടെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനാ സ്ഥാപനമായ ലോകായുക്തയുടെ ചിറകരിയാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തി. ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം ജയിലിലടയ്ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു. സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടത്തിലൂടെ ജനാധിപത്യ ധ്വംസനം നടത്താനും കോപ്പിയടിച്ചും വ്യാജരേഖ ചമച്ചും നിയമനങ്ങള്‍ ഉറപ്പാക്കാനുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ പോലും പരസ്പരം മത്സരിക്കുന്ന കാഴ്ച കേരളത്തിലെ ഭരണകൂടത്തെ ഗ്രസിച്ചിരിക്കുന്ന സമഗ്രാധിപത്യത്തിന്റെ നേര്‍ചിത്രമാണ് വരച്ചു കാട്ടുന്നത്. ഇതോടൊപ്പം മാധ്യമപ്രവര്‍ത്തനത്തെ കൂടി നിര്‍വ്വീര്യമാക്കാനുള്ള ശ്രമം വരാനിരിക്കുന്ന സര്‍വ്വാധിപത്യ ഭരണവാഴ്ചയുടെ ലക്ഷണം തന്നെയാണ്. മാധ്യമങ്ങള്‍ക്കെതിരെ ഇനിയും കേസെടുക്കും എന്ന് പ്രതികരിച്ചതോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്കെതിരെ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചിരുന്നു. അന്തരിച്ച പാനൂരിലെ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു അത്. സ്വാതന്ത്ര്യസമര പോരാളിയല്ല, മറിച്ച് രാഷ്ട്രീയ എതിരാളിയെ ക്രൂരമായി വെട്ടിക്കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ കോടതി ശിക്ഷിച്ച കുറ്റവാളിയാണ് കുഞ്ഞനന്തനെന്ന് എം.വി. ഗോവിന്ദന്‍ ഓര്‍ക്കേണ്ടതുണ്ട്. കുഞ്ഞനന്തനെ വിമര്‍ശിച്ച മാധ്യമങ്ങളുടെ നടപടി അധാര്‍മ്മികമാണെന്ന് വിധികല്പിക്കുന്നത്, ഭാരത സ്വാതന്ത്ര്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനെ ‘ജപ്പാന്‍കാരുടെ കാല്‍നക്കി’ എന്ന് ആക്ഷേപിച്ച പൈതൃകം പേറുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയാണെന്നതാണ് വിരോധാഭാസം. മുന്‍പ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മലയാള ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞപ്പോഴും, ഹത്രാസില്‍ കലാപം സംഘടിപ്പിക്കാന്‍ പോയ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെ യുപി പോലീസ് അറസ്റ്റ് ചെയ്തപ്പോഴും അതിനെതിരെ ഘോരഘോരം പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ കേരളത്തില്‍ അടിയന്തരവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഗളച്ഛേദം ചെയ്യുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെയും ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെയും ഒക്കെ അനുകരിച്ചു കൊണ്ട് മാധ്യമവേട്ടയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇനിയെങ്കിലും നിയമസഭയ്ക്കകത്തും പുറത്തും ഇടയ്ക്കിടെ ഫാസിസത്തെയും ജനാധിപത്യത്തെയും കുറിച്ച് നടത്താറുള്ള രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നെങ്കിലും പിന്തിരിയണം. ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ‘മാധ്യമസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യം’!