നിത്യവും പൂക്കളും കിളികളും പുലരിയും
വാതിലില്‍ മുട്ടിവിളിക്കവേ
മരിക്കുന്നതെങ്ങനെ ഞാന്‍!
മരിക്കുന്നതെങ്ങനെ ചുറ്റിലും
പ്രണയസൗഗന്ധികം പൂത്തുലയവേ
നെഞ്ചുഴിഞ്ഞുള്ളിലെ ചുടുകാറ്റിനെ
ക്കുളിര്‍പ്പിക്കുമീ മാന്തളിര്‍ വിരലുക-
ളരുതരുതെന്നു വിലക്കവേ
മറയുന്നതെങ്ങനെ ഞാന്‍.
പുല്‍മെത്തകള്‍ തന്ന തണുതണുപ്പും
കാടിന്റെ സല്ലാപസുഖങ്ങളും
മഞ്ഞുമിഴികളാലെന്നെനോക്കും മലകളും
അരുവികളുടെ പരാതികളും
അവ പകരുമീതീര്‍ത്ഥസൗഭാഗ്യവും
വിട്ടുപോകുന്നതെങ്ങനെ ഞാന്‍!
നിഷ്‌ക്കളങ്കം മുയല്‍ക്കുഞ്ഞിന്‍ നിരാലംബനോട്ടവും
പീലിവിശറികള്‍ വീശും സാലഭഞ്ജികകളാം
മയില്‍കൂട്ടവും
പുല്ലിനെപ്പോലും ഭയക്കുമീ മാന്‍മിഴികളും
നാവിനാല്‍ പുള്ളിയുടുപ്പുമിനുക്കും പുലികളും
കട്ടയിരുട്ടോ കാര്‍മേഘമോ മുറിച്ചുല്‍പ്പന്നമാക്കിയ
വന്‍ കരിവൃന്ദവും
ആകാശനീലിമയളന്നളന്നന്തതാ തീരങ്ങളെ
ത്തേടി മറയും കഴുകനും
വെള്ളിമേഘങ്ങള്‍ക്കു തൊങ്ങല്‍ചാര്‍ത്താന്‍
തങ്ങളില്‍ തങ്ങളില്‍ ചേര്‍ന്നെത്തുമീ
വെണ്‍കൊറ്റി നികരങ്ങളും
ഇല്ലാത്തിടത്തേയ്ക്കു പോകുന്നതെങ്ങനെ?
ഇരുളും വെളിച്ചവും മാറിമാറിപ്പുത-
ച്ചനന്തതാ വഴികളില്‍ തപ്പിത്തടയുമീ
വസുധയെ ഒറ്റക്കുവിട്ടേച്ചു പോവതിന്നെങ്ങനെ
ഇന്ദ്രജാലം പോലെ പെട്ടെന്നു
നെറുകയില്‍ പറ്റിപ്പിടിക്കും മഴത്തുള്ളിയെ
അപ്പോള്‍ മുഴങ്ങുമനന്തതതന്നാക്രന്ദനങ്ങളെ
പെട്ടെന്നു ഭൂമിയ്‌ക്കൊരിത്തിരിസ്വര്‍ണ്ണത്തിന്‍
കെട്ടുതാലിയും കൊണ്ടെത്തുന്ന മിന്നല്‍പ്പിണറിനെ
വെള്ളിമേഘങ്ങളെ വെണ്മതിവെട്ടത്തെ
ഒക്കെയുമുപേക്ഷിച്ചു പോകുന്നതെങ്ങനെ
ഒക്കെയും വിട്ടുഞാന്‍ പോകുന്നതെങ്ങനെ!