എവിടെന്നാത്മാവിന്റെ നീറ്റലായെന്നെക്കാണാ
തുഴറിത്തിരിയുന്ന ഭാര്യയും പിതാവിനെ
കാണാതെയലമുറയിടുമെന്‍ പ്രിയപ്പെട്ട മക്കളും
വിങ്ങിപ്പൊട്ടി താങ്ങുവാനരുതാത്ത ദുഃഖവുംപേറി
യെന്നെത്തേടി നടപ്പെന്നറിവീല
കുന്നുകള്‍ താഴ്‌വാരങ്ങള്‍ കാട്ടാറിന്‍ തീരങ്ങളും
കണ്ണിമപൂട്ടാതവരലയും വനഭൂവില്‍
ഞാനൊടിച്ചുനല്‍കിയമുളതന്‍ തളിര്‍തിന്ന്
എന്റെ കൈപിടിച്ചാറ്റിന്‍ കുളിര്‍വെള്ളത്തില്‍ നീന്തി
എന്റെ നെഞ്ചിലെച്ചൂടേറ്റമര്‍ന്ന് കണ്ണുംപൂട്ടി
ഉറങ്ങിയുണര്‍ന്നതാം കാലമോര്‍ത്തനുദിനം
വിങ്ങുന്ന ഹൃത്തില്‍കാളും നൊമ്പരത്തോടെ അവര്‍
എവിടെയാകാം? ഞാനീ നീണ്ട പാതകള്‍ താണ്ടി
യുഴറുന്നെവിടെന്റെ ഭാര്യയും കുഞ്ഞുങ്ങളും
ഞങ്ങടെ പ്രശാന്തമാം ജീവിതം തകര്‍ത്തവര്‍
ആര്‍ത്തിപൂണ്ടീകാടിന്റെ നന്മകള്‍ തല്ലിക്കൊഴി
ച്ചെങ്ങടെ വീടും വൃക്ഷച്ചോലയും പുല്‍മേടുമീ
ജീവിതം തുടിക്കുന്ന വനശ്രീതന്‍ ശാന്തിയും സൗഭാഗ്യവും
ശ്രീലതാസ്പര്‍ശസ്വപ്‌നരമ്യമാം കുളിര്‍കാറ്റും
തകര്‍ത്ത മനുഷ്യര്‍തന്നൊടുങ്ങാദുരയുടെ
ഇരകള്‍ ഞങ്ങള്‍ കാടുവിട്ടെവിടേയ്ക്ക് പോകുവാന്‍?
എന്നെക്കാടുകടത്താന്‍, പ്രിയപ്പെട്ടതെല്ലാമുപേക്ഷിച്ചു
പോകുവാന്‍ കല്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കെന്തവകാശം?
വഴികള്‍ താണ്ടി നടന്നീ വനസ്ഥലിതോറും
അലയുമെന്‍വേദന കാറ്റായി ഇരമ്പുന്നതെത്തുമോ
നഗരത്തിന്നിരമ്പം ബധിരങ്ങളാക്കിയ ചെവികളില്‍?
വനരോദനം പക്ഷേ ഞങ്ങടെ ക്ഷമകളെ തകര്‍ക്കാ
മതീനാടിന്‍ നാശമായ്ത്തീര്‍ന്നാല്‍കുറ്റം
ഞങ്ങളില്‍ ചാര്‍ത്താനാമോ?