കോഴിക്കോട്: മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്കോം) നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, പി.ജി. ഡിപ്ലോമ ഇന്‍ കണ്ടെന്റ് റൈറ്റിങ്, പി.ജി.ഡിപ്ലോമ ഇന്‍ ടെക്നിക്കല്‍ റൈറ്റിങ് എന്നീ കോഴ്സുകളിലേക്ക് അഭിരുചി നിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം നല്‍കുക. അഭിരുചി നിര്‍ണയ പരീക്ഷ ഓണ്‍ലൈനായോ ഓഫ്ലൈനായോ എഴുതാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജെ.എന്‍.യു., എന്‍.ഐ.ടി. കാലിക്കറ്റ്, മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായി അക്കാദമിക സഹകരണത്തോടുകൂടിയാണ് മാഗ്കോം പ്രവര്‍ത്തിക്കുന്നത്. അക്കാദമിക രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖരാണു ക്ലാസുകള്‍ നയിക്കുന്നത്. നിലവില്‍ കോളജില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകള്‍ നടന്നുവരികയാണ്.
പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മേഖലകളില്‍ മാധ്യമപ്രവര്‍ത്തനത്തിനു വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനു ലക്ഷ്യംവെച്ചുള്ളതാണ് പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം. ഏറെ തൊഴില്‍സാധ്യതകളും ആകര്‍ഷകമായ ശമ്പളവും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവുമാണ് കണ്ടെന്റ് റൈറ്റിങ്, ടെക്നിക്കല്‍ റൈറ്റിങ് പി.ജി. ഡിപ്ലോമ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.
എല്ലാ കോഴ്സുകളിലെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഭോപ്പാലിലുള്ള മഖന്‍ലാല്‍ സര്‍വകലാശാലയുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം ഉണ്ടായിരിക്കും. രാജ്യത്തെ തന്നെ മികച്ച മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് മാഗ്കോം ശ്രമിച്ചുവരുന്നത്. ഫുള്‍ ടൈം കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കു മാധ്യമ സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ് ഉണ്ടായിരിക്കും. പാര്‍ട് ടൈം ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള സാധ്യതകളും കോളജ് തുറന്നിടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്.
കോഴ്സുകള്‍ സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാഫോമും കോളജ് വെബ്സൈറ്റില്‍ (magcom.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അപേക്ഷാഫീസ് അടച്ച ബാങ്ക് രശീതി സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. കോളജില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിലാസം: മാഗ്കോം, കേസരി ഭവന്‍, ചാലപ്പുറം, കോഴിക്കോട്- 2 ഫോണ്‍: 94472 44292, 97463 26667