കേരളശബ്ദം വാരിക ഒരു കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യപ്രസിദ്ധീകരണമായിരുന്നു. ഇന്ന് അതിന്റെ സ്ഥിതി ദയനീയമാണ്. തീരെ വായനക്കാരില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളുണ്ടാക്കി എങ്ങനെയും പ്രചാരമുണ്ടാക്കുക എന്ന കലാപരിപാടിയാണ് അവര്‍ നടത്തുന്നത്. അതിന്റെ മെയ് (16-31) ലക്കം കയ്യിലെടുത്താല്‍ കാണുന്നതു മുഴുവന്‍ അത്തരം സംഗതികള്‍ തന്നെ. അബ്ദുല്‍ നാസര്‍ മദനിയുടെയും പുത്രന്റെയും സിദ്ദിഖ് കാപ്പന്റെയും ചിത്രമുള്ള കവര്‍, എഡിറ്റോറിയലോ ചട്ടമ്പിസ്വാമിയെ ആക്ഷേപിച്ചുകൊണ്ടുള്ളത്. പൊതുവെ നായര്‍ സമുദായക്കാരെല്ലാം വിദ്യാസമ്പന്നരും വലിയ രാഷ്ട്രീയവല്‍ക്കരണത്തിനുവിധേയരായവരും ആയതിനാല്‍ ആ സമുദായത്തിനു നേരെയോ അവരുടെ ആചാര്യന്മാര്‍ക്കു നേരെയോ എന്താക്ഷേപമുണ്ടായാലും ആക്രമണോത്സുകതയോടെ പ്രതികരിക്കാറില്ല. ഇത്തവണയും ആരും ലേഖനത്തിനെതിരെ പ്രതികരിച്ചു കണ്ടില്ല (ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും ഏതെങ്കിലും ജാതിവിഭാഗങ്ങളുടെ മാത്രമല്ല എന്ന സത്യം നില്‍ക്കട്ടെ).
നായര്‍ സമുദായക്കാരെ വര്‍ഗ്ഗീയമായി സംഘടിപ്പിച്ചു പൊതുഹിന്ദുധാരയില്‍ നിന്നകറ്റുക എന്ന ലക്ഷ്യത്തോടുകൂടി ആ വിഭാഗത്തെ ആക്ഷേപിക്കുക എന്നത് വളരെ ആസൂത്രിതമായി കുറെക്കാലമായി നടന്നുവരുന്നുണ്ട്. ‘ചവിട്ടിയാല്‍ കടിക്കാത്ത പാമ്പില്ല’ എന്നു പറയുന്നതു പോ ലെ നിരന്തരം ആക്ഷേപിക്കുമ്പോള്‍ ആ സമുദായത്തില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാവുമെന്നും അതൊരു ജാതി ധ്രുവീകരണത്തിനു വഴി വയ്ക്കുമെന്നും ഗൂഢാലോചനക്കാര്‍ കരുതുന്നു. കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഹൈന്ദവ പുനരുത്ഥാന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിക്കുന്നവര്‍ ഈ വിഭാഗത്തില്‍ നിന്നുണ്ട്. അവരുടെ മനസ്സിലേക്ക് ജാതിവികാരം കുത്തിവയ്ക്കാനായാല്‍ അവര്‍ പൊതുധാരയില്‍ നിന്നകന്നു പോകുമെന്നും ഇന്നത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ അലങ്കോലമാക്കാമെന്നും ഇക്കൂട്ടര്‍ കരുതുന്നു.
ചട്ടമ്പിസ്വാമി മഹാപണ്ഡിതനായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആ നിലയ്ക്ക് ആരും വിലയിരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ദിവ്യത്വത്തെക്കുറിച്ചു മാത്രമേ ചര്‍ച്ചകള്‍ നടന്നിട്ടുള്ളൂ. ലൗകിക വിഷയങ്ങളില്‍ തീരെ താല്പര്യമില്ലാത്ത സന്ന്യാസിയായിരുന്നു വിദ്യാധിരാജന്‍. അദ്ദേഹത്തിനു വലിയ വാത്സല്യമുണ്ടായിരുന്ന ശ്രീനാരായണഗുരുദേവനോടു പില്‍ക്കാലത്ത് അകലാനിടയാക്കിയതും ഈ ലൗകികവിരക്തിയായിരുന്നു. ഒരു സംഘടനയുടെ ഭാഗമാകുക, പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയവയൊന്നും ചട്ടമ്പിസ്വാമികള്‍ക്കു താല്പര്യമുള്ള വിഷയങ്ങളായിരുന്നില്ല.
മഹാപണ്ഡിതനായിരുന്നെങ്കിലും തന്റെ അറിവ് അന്യരെ അറിയിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും സ്വാമികള്‍ക്ക് ഉണ്ടായിരുന്നില്ല. ഇന്നു ലഭ്യമായിരിക്കുന്ന കൃതികള്‍ എല്ലാം അദ്ദേഹം അലക്ഷ്യമായി എഴുതി ശിഷ്യരുടെ ഭവനങ്ങളിലുപേക്ഷിച്ചവയായിരുന്നു. അവ അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യന്മാര്‍ കണ്ടെടുത്തു പ്രസിദ്ധീകരിക്കുകയായിരുന്നു. മലയാളത്തില്‍ ഗവേഷണ മേഖല ഏതാണ്ട് ആരംഭിക്കുന്നതിനു മുമ്പു തന്നെ ഗവേഷണ ബുദ്ധിയോടും താര്‍ക്കികയുക്തിയോടും കൂടി അദ്ദേഹം പ്രസന്നമായ മലയാള ഗദ്യത്തില്‍ കൃതികള്‍ രചിച്ചിരുന്നു. വേദാധികാര നിരൂപണവും ആദിഭാഷയും പ്രാചീന മലയാളവും ജീവകാരുണ്യനിരൂപണവും അദ്വൈതചിന്താപദ്ധതിയും എല്ലാം അക്കാലത്തു നടപ്പുണ്ടായിരുന്ന പദ്യരീതിയില്‍ നിന്നു വ്യത്യസ്തമായി പ്രസാദാത്മകമായ ഗദ്യത്തിലാണെഴുതപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
ചട്ടമ്പിസ്വാമി തിരുവടികളുടെ സാംസ്‌കാരിക സംഭാവനകളെക്കുറിച്ച് ഗൗരവമുള്ള പഠനങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. ഇനിയും കൂടുതല്‍ പഠനങ്ങളുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്ന മട്ടില്‍ അദ്ദേഹത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ സംഭാവനകളെക്കുറിച്ചു പഠിക്കുന്നതിനു പകരം ചിലര്‍ അദ്ദേഹം ശ്രീനാരായണഗുരുദേവന്റെ ഗുരുവല്ല എന്നു സ്ഥാപിക്കാനും മറ്റു ചിലര്‍ ആണെന്നു സ്ഥാപിക്കാനുമാണ് വൃഥാ സമയം ചിലവാക്കുന്നത്. ആ വിഷയത്തില്‍ ഈ ലേഖകന്‍ ഒരു വിശദീകരണം നല്‍കി, ആദ്യം സൂചിപ്പിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രക്കാര്‍ക്ക് വളവും വെള്ളവും നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ സംസ്‌കാര, സാഹിത്യ വിഷയങ്ങളില്‍ മിക്കവാറും സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞ മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം 5-ാം ഭാഗത്തിലെ 256 മുതല്‍ 260 വരെ പേജുകളില്‍ ശ്രീചട്ടമ്പിസ്വാമികള്‍ എന്ന ശീര്‍ഷകത്തിലുള്ള ഭാഗം വായിക്കുക. ഉള്ളൂരിന്റെ പാണ്ഡിത്യവും നിഷ്പക്ഷതയും ബോധ്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കാം. അല്ലാത്തവര്‍ക്കു വിയോജിക്കാം.
പച്ചക്കുതിര മാസികയില്‍ കഥകളില്ല. മെയ് ലക്കത്തില്‍ കവിതകള്‍ എന്ന പേരില്‍ രണ്ടെണ്ണമുണ്ട്. ഒന്ന് പ്രദീപ് രാമനാട്ടുകരയുടെ ‘മസാല ദോശ’യാണ്. മസാലദോശ തിന്നപ്പോള്‍ രുചിമുകുളങ്ങള്‍ പൂത്തുലഞ്ഞത്രേ! ശരിയായിരിക്കാം. മനുഷ്യന് ഭിന്നരുചികളാണ്. ഒരാള്‍ക്ക് ദോശയാണെങ്കില്‍ മറ്റൊരാള്‍ക്ക് അപ്പമാവും ഇഷ്ടം. മൂന്നാമതൊരാള്‍ക്ക് പുട്ടും നാലാമതൊരാള്‍ക്ക് ഇടിയപ്പവുമാകാം. കവി മസാലദോശ പ്രിയനായതില്‍ തെറ്റില്ല. അങ്ങനെ പൂത്തുലഞ്ഞ ‘പൂവുകളില്‍ ബന്ധങ്ങളുടെ പരാഗണം നടക്കുന്നതു’ മനസ്സിലായില്ല. ഇനി കാമുകിയും മസാലപ്രിയയാണോ? ഒരു ദോശവാങ്ങിക്കൊടുത്തതിന്റെ പേരില്‍ അവള്‍ അയാളില്‍ അനുരക്തയായോ? അതൊന്നുമറിയില്ല. അവളുടെ ചിരിയില്‍ കുഴച്ച് കാമുകന്‍ മസാലദോശ തിന്നത്രേ! കവിതയ്ക്ക് ഒന്നും അന്യമല്ല; മസാലദോശ പോലും!
കൊന്നവനും കൊല്ലപ്പെട്ടവനും ഒരേ ശിക്ഷ വിധിക്കുന്ന ന്യായാധിപനെപ്പോലെ മതങ്ങളെ മൊത്തത്തില്‍ വിശകലനം ചെയ്യുന്ന സച്ചിദാനന്ദന്റെ പ്രഭാഷണം മുഖലേഖനമായി പച്ചക്കുതിരയില്‍ ചേര്‍ത്തിരിക്കുന്നു; മതങ്ങളെല്ലാം എങ്ങോട്ടാണ്? ഈ സാ
മാന്യവല്‍ക്കരണത്തില്‍ അല്പം ആത്മാര്‍ത്ഥതക്കുറവുണ്ട്. പൊതുവെ സത്യം പറയാത്ത സച്ചിദാനന്ദനെപ്പോലുള്ളവരുടെ മതവിമര്‍ശനം ആരും പരിഗണനയ്‌ക്കെടുക്കാനിടയില്ല. എല്ലാ മതങ്ങളേയും ഒരുപോലെ വിമര്‍ശിക്കുന്നതിനുപകരം അക്രമസ്വഭാവമുള്ളവരെ മാത്രം വിമര്‍ശിക്കുന്നതാണു സത്യസന്ധത.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകള്‍ ഈ ലേഖകന്റെ വായനയെ കാര്യമായി ഉത്തേജിപ്പിച്ചിട്ടില്ല; ഒരു കഥയൊഴിച്ച്. ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നൊക്കെ വിളിക്കുമ്പോഴും എന്റെ ആസ്വാദനസിദ്ധിക്കുറവിനെയോര്‍ത്ത് ഞാന്‍ പരിതപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘പ്രേമലേഖനം’ എന്നില്‍ പ്രണയം വിരിയിച്ചതേയില്ല. ‘പൂവമ്പഴം ഒരുകഥയാണെന്നു പോലും കരുതാന്‍ കഴിഞ്ഞില്ല. മറ്റുകഥകളും വായനയ്ക്കുശേഷം മനസ്സില്‍ ഒന്നും അവശേഷിപ്പിച്ചില്ല. കുട്ടിക്കാലത്തുതന്നെ പ്രശസ്തനായ ആ കാഥികന്റെ എല്ലാകൃതികളും ഞാന്‍ വായിച്ചു കഴിഞ്ഞിരുന്നു. കുട്ടിയായതുകൊണ്ടാവാം എന്നു തോന്നിയതിനാല്‍ മുതിര്‍ന്നപ്പോള്‍ രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ബഷീര്‍ കൃതികള്‍ സംഘടിപ്പിച്ചു വീണ്ടും വായിച്ചുനോക്കി. ഒരു കഥയൊഴിച്ച് മറ്റൊന്നും ഉള്ളില്‍ ചലനമൊന്നുമുണ്ടാക്കിയില്ല.
മനസ്സില്‍ ചലനമുണ്ടാക്കിയ ബഷീര്‍ക്കഥ ‘ശശിനാസ്’ ആയിരുന്നു. എന്നാല്‍ ആ കഥയെക്കുറിച്ച് ആരും എവിടെയും എഴുതിക്കണ്ടിട്ടേയില്ല. പാത്തുമ്മയുടെ ആടും, പ്രേമലേഖനവും, മുച്ചീട്ടുകളിക്കാരന്റെ മകളും, ന്റുപ്പൂപ്പാര്‍ക്കൊരാനേണ്ടാര്‍ന്നുവും ഒക്കെ ലോകസാഹിത്യത്തിലെ മഹാ ഇതിഹാസങ്ങളാണെന്നു വാഴ്ത്തിയവരാരും ‘ശശിനാസ്’ എന്ന മെച്ചപ്പെട്ട കഥയെക്കുറിച്ചുമാത്രം ഒന്നും പറഞ്ഞുകണ്ടില്ല. എന്റെ ആസ്വാദനശേഷിയില്‍ ഞാന്‍ തന്നെ സംശയാലുവായി വളരെക്കാലം കഴിച്ചുകൂട്ടേണ്ടിവന്നു. വലിയ ബഷീര്‍ ആരാധകരോടു പലരോടും ഈ കഥയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവരാരും അങ്ങനെയൊരു കഥയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. ഇപ്പോള്‍ ആശ്വാസമായിരിക്കുന്നു. മാതൃഭൂമിയില്‍ (മെയ് 29 – ജൂണ്‍ 3) കല്പറ്റ നാരായണന്‍ ‘ശശിനാസിന്റെ സത്യം’ എന്നൊരു ലേഖനത്തില്‍ ആ കഥയെക്കുറിച്ചെഴുതിയിരിക്കുന്നു.
‘ശശിനാസ്’ അഗമ്യഗമനത്തിന്റെ കഥയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്. മൂത്ത സഹോദരന്‍ സഹോദരിയെ ബലം പ്രയോഗിച്ച് പ്രാപിച്ച് ഗര്‍ഭിണിയാക്കുന്നു. അതുണ്ടാക്കുന്ന സംഘര്‍ഷത്തില്‍ ആ കുടുംബം മുഴുവന്‍ എരിഞ്ഞു തീരുന്നു. സഹോദരന്‍ ആത്മഹത്യ ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും സ്വയം അവസാനിപ്പിച്ചു. കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കും ആത്മഹത്യയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ബഷീര്‍ ഈ കഥയെഴുതുന്ന കാലത്ത് ഇങ്ങനെയൊന്ന് സൃഷ്ടിക്കാന്‍ കേരളത്തില്‍ ആരും ധൈര്യപ്പെടുമായിരുന്നില്ല. പാശ്ചാത്യ സാഹിത്യത്തോടുള്ള പരിചയത്തില്‍ നിന്നാവണം അതിനുള്ള ചങ്കൂറ്റം അദ്ദേഹം നേടിയെടുത്തത്. ഇപ്പോഴെങ്കിലും ഈ സൃഷ്ടിയെക്കുറിച്ച് ചര്‍ച്ചയുണ്ടായതില്‍ ഒരാസ്വാദകന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷിക്കുന്നു. പാശ്ചാത്യര്‍ക്ക് ഇതൊക്കെ പണ്ടുമുതലേ രചനാവിഷയങ്ങളായിരുന്നെങ്കിലും മലയാളി അതിനു ധൈര്യപ്പെട്ടിരുന്നില്ല. തോമസ് മന്നിന്റെ (Thomas Mann) The Holy Sinner എന്ന നോവലിലും The Blood of the Walsungs എന്ന നീണ്ട ചെറുകഥയിലും സഹോദരനും സഹോദരിയും തമ്മിലുള്ള അഗമ്യഗമനമാണ് വിഷയം. 1905ല്‍ തന്നെ The Blood of the Walsung എന്ന ഇരട്ടകളുടെ പ്രണയകഥ അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു. ബഷീര്‍ 1960കളില്‍ അത്തരം കഥ നമുക്കു പകര്‍ന്നു തന്നു. അദ്ദേഹത്തിന്റെ ധീരതയെ ബഹുമാനിക്കാം.
കവിതയില്‍ വലിയ വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കവിയാണ് ഷീജ വക്കം. ഗദ്യത്തിലും പദ്യത്തിലും വൃത്തത്തിലും വൃത്തരാഹിത്യത്തിലുമൊക്കെ ഇക്കവിയെക്കാണാം. ഉള്ളടക്കത്തിലും അസാധാരണമായ വ്യത്യസ്തത സൃഷ്ടിക്കാന്‍ ഷീജക്കു കഴിയുന്നു. ഇത്തവണത്തെ മാതൃഭൂമിക്കവിത ‘ഊര്ക്ക് പോകലാം കണ്ണേ’യും വലിയ പുതുമ അവകാശപ്പെടാവുന്ന സൃഷ്ടിയാണ്.
ഷീജയുടെ മറ്റു കവിതകള്‍പോലെ ഇതും കാവ്യസൗരഭ്യം പരത്തുന്ന രചനയാണ്. ഒരു കഥാകാവ്യം എന്ന് പറയാനാവില്ലെങ്കിലും ഇക്കവിതയില്‍ ഒരു കഥ ഒളിച്ചിരിക്കുന്നുണ്ട്. ”മാരിക്കൊളുന്തുമായ് ചാരത്തു നില്ക്കയാണാടിത്തിരുവിഴക്കാലം” എന്ന ആദ്യവരികള്‍ ഭാഷയുടെ പ്രത്യേകതകൊണ്ട് ഏഴാച്ചേരി രാമചന്ദ്രന്റെ ‘നീലി’ യെ അനുസ്മരിപ്പിക്കുന്നുണ്ട്. ‘മാരിക്കൊളുന്ത്’ മനസ്സില്‍ കൊളുത്തുന്ന കാവ്യബിംബം തന്നെ. പുതിയ തലമുറയ്ക്ക് ഉത്സവപ്പറമ്പുകളില്‍ വില്‍ക്കുന്ന കൊളുന്തിനെക്കുറിച്ചറിയില്ല (കൊഴുന്ന് എന്നും പറയാറുണ്ട്.) ആടി മാസം മഴയുടെ മാസമാണല്ലോ. മഴയും കൊളുന്തും കൂടി യോജിപ്പിച്ചപ്പോഴുള്ള സൗരഭ്യം പുതിയകാലത്തെ വായനക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയുമോ എന്തോ? ”വെള്ളത്തിനുള്ളിലെ കണ്ണുപോലെ മങ്ങിത്തുറക്കുന്ന മുജ്ജന്മകാഴ്ചയും” മനോഹരം. ഹൃദയഹാരിയായ രചന എന്നു പറഞ്ഞാല്‍ കവിതയെ സ്‌നേഹിക്കുന്ന ആര്‍ക്കും എതിര്‍പ്പ് ഉണ്ടാകുമെന്നു തോന്നുന്നില്ല.