കേരളത്തിലെ മിക്ക കലാലയങ്ങളുടെയും കവാടങ്ങളില്‍ തന്നെ ‘ഇത് ചെങ്കോട്ടയാ’ണ് എന്നെഴുതിയ ഒരു ബാനര്‍ ഉണ്ടാവും. അത് ഒരു സൂചനയും താക്കീതുമാണ്. എസ്.എഫ്.ഐ എന്ന കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥിസംഘടനയ്ക്ക് മാത്രമേ ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവൂ എന്നതാണ് ബാനറില്‍ നിന്നും വായിച്ചെടുക്കേണ്ട സൂചന. അത് ലംഘിക്കുവാന്‍ ആരെങ്കിലും തയ്യാറായാല്‍ ജീവന്‍ പോലും അപകടത്തിലാവും എന്ന താക്കീതും ഈ ബാനറിന്റെ നിഗൂഢാര്‍ത്ഥമായി വായിച്ചെടുത്തുകൊള്ളണം. എസ്.എഫ്.ഐക്ക് കീഴ്‌വഴങ്ങി നിശ്ശബ്ദരാകാന്‍ കൂട്ടാക്കാതെ സ്വന്തം ആശയാദര്‍ശങ്ങളൊ രാഷ്ട്രീയ ദര്‍ശനങ്ങളോ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ എസ്.എഫ്.ഐ മാടമ്പിമാര്‍ മരണശിക്ഷ പോലും വിധിച്ചുകളയും. പരുമല പമ്പ കോളേജില്‍ അനു, സുജിത്, കിം കരുണാകരന്‍ എന്നീ മൂന്നു വിദ്യാര്‍ത്ഥികളെ പമ്പയാറ്റിലെ കയത്തില്‍ കല്ലെറിഞ്ഞ് വീഴ്ത്തി മുക്കിക്കൊന്ന പൈശാചികത കേരളം മറന്നിട്ടില്ല. ഇങ്ങനെ കൊല്ലപ്പെടുന്നവരുടെ ആത്മാവുകളെപ്പോലും വര്‍ഷങ്ങളോളം പിന്‍തുടര്‍ന്ന് വേട്ടയാടാനുള്ള ആഭിചാര സംഘങ്ങള്‍ പോലുമുള്ള ഒരു സംഘടനയാണ് എസ്.എഫ്.ഐ. അതുകൊണ്ടാണ് ഈ അടുത്ത കാലത്തും ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പരുമല ബലിദാനികള്‍ മദ്യപിച്ച് പുഴയില്‍ വീണ് മരണപ്പെട്ടതാണെന്ന തരത്തില്‍ പ്രസ്താവന ഇറക്കുവാന്‍ തയ്യാറായത്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ കൊടിയില്‍ മാത്രമെ ഉണ്ടാവൂ. അവര്‍ സൃഷ്ടിക്കുന്ന ചെങ്കോട്ടകളെല്ലാം ജനാധിപത്യത്തിന്റെ ശവക്കോട്ടകളായാണ് അറിയപ്പെടുന്നത്. അവിടെ എസ്.എഫ്.ഐ നേതാക്കന്‍മാരുടെ ഏകാധിപത്യ രാജവാഴ്ചയാവും ഉണ്ടാവുക. അവിടെ രാജകുടുംബാംഗങ്ങള്‍ക്കും പ്രജകള്‍ക്കും രണ്ടു നിയമമായിരിക്കും ഉണ്ടാവുക. ഇടതു പക്ഷ അധ്യാപക സംഘടനകള്‍ എസ്.എഫ്.ഐ രാജകുമാരന്മാരുടെ സുഖക്ഷേമങ്ങള്‍ നോക്കുന്നതിനനുസരിച്ചായിരിക്കും അവര്‍ക്ക് സ്ഥാനക്കയറ്റങ്ങളും രാഷ്ട്രീയ പദവികളും ഒക്കെ ലഭിക്കുക. കമ്മ്യൂണിസ്റ്റ് അവിഹിത സ്വാധീനം കൊണ്ട് അധ്യാപക നിയമനം നേടിയ പല അധ്യാപകരും മരണം വരെ നന്ദി കാട്ടുന്നത് എസ്.എഫ്.ഐ നേതാക്കള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടായിരിക്കും. ഇത്തരം ആദാന പ്രദാനങ്ങളില്‍ പെട്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണമായി തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളേജില്‍ പരീക്ഷ പോലും എഴുതാതെ എസ്.എഫ്.ഐ. നേതാവ് വിജയിക്കുകയും മറ്റൊരു നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഗസ്റ്റ് ലക്ചററായി വിലസുകയും ചെയ്തത്.
പരീക്ഷയ്ക്ക് ഫീസ് പോലും അടയ്ക്കാത്ത, പരീക്ഷ നടക്കുമ്പോള്‍ ക്രിമിനല്‍ കേസില്‍ പെട്ട് ജയിലിലായിരുന്ന എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പരീക്ഷാ ഫലം വന്നപ്പോള്‍ ജയിച്ചവരുടെ പട്ടികയില്‍ പെട്ടത് സോഫ്റ്റ്‌വെയറിന്റെ തകരാര്‍ കൊണ്ടല്ല. കൃത്യമായ തിരക്കഥ അനുസരിച്ച് എസ്.എഫ്.ഐ ഏകാധിപത്യമുള്ള ക്യാമ്പസുകളില്‍ നിരന്തരം നടന്നു വരുന്ന പരിപാടി ആണിത്. ഇതിന്റെ പിന്നില്‍ ഇടതുപക്ഷ അധ്യാപക സംഘടനാ പ്രവര്‍ത്തകരാണ് ഉള്ളത്. ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ടവരെ പരമാവധി മാനസികമായി പീഡിപ്പിക്കാനും പരീക്ഷകളില്‍ തോല്‍പ്പിച്ച് ജീവിതം തുലയ്ക്കാനുമെല്ലാം നേതൃത്വം കൊടുക്കുന്ന ഇടത് അധ്യാപക അധോലോക സംഘങ്ങള്‍ എത്രയോ വര്‍ഷമായി കേരളത്തിലെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു. സി.പി.എം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ക്കാണ് പല ചെങ്കോട്ട ക്യാമ്പസുകളുടെയും മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മയക്കുമരുന്നും മദ്യവും കച്ചവടം ചെയ്യാനുള്ള കുത്തകാവകാശവും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് ഇത്തരം ഗുണ്ടാസംഘങ്ങളെയാണ്.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് വിവിധ കോളേജുകളില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ച വിദ്യവിജയന്‍ ആര്‍ഷോയുടെ അടുത്ത സുഹൃത്തും സഹകാരിയുമായത് യാദൃച്ഛികമല്ല. കുറ്റവാസനയുള്ളവര്‍ എസ്.എഫ്.ഐയില്‍ ഒരുമിച്ച് ചേരാന്‍ കാരണം ആ പ്രസ്ഥാനത്തിന്റെ സ്റ്റാലിനിസ്റ്റ് ജനിതകമാണ്. കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മഹാരാജാസ് കോളേജിലും നേതാവായിരുന്നു. ഇവര്‍ പാലക്കാട് അട്ടപ്പാടി ആര്‍.ജി.എം ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യുവിന് ഹാജരാക്കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നു എന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസില്‍ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നു എന്ന വ്യാജരേഖ ഉണ്ടാക്കി ഉദ്യോഗം നേടാന്‍ ശ്രമിച്ചു. ആദ്യ സര്‍ട്ടിഫിക്കറ്റിന്റെ കാലയളവില്‍ ഇവര്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥി മാത്രമായിരുന്നു. എന്നു മാത്രമല്ല കഴിഞ്ഞ പത്തു വര്‍ഷമായി മഹാരാജാസിലെ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടു തന്നെയില്ല. മുമ്പ് പാലക്കാടും കാസര്‍കോടും രണ്ട് സര്‍ക്കാര്‍ കോളേജുകളില്‍ ഇവര്‍ വ്യാജരേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി ജോലി നോക്കിയിരുന്നു. എസ്.എഫ്.ഐ.സംസ്ഥാന നേതാവിന്റെ അറിവോടും സഹായത്തോടുമാണ് ഇവര്‍ വ്യാജരേഖ ചമച്ചതും ജോലി നേടിയതും. ഇവര്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി. പ്രവേശനം നേടിയതും സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ചാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരത്ത് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ നേതാവ് പിടിക്കപ്പെട്ടത് അടുത്തിടെയാണ്. ഇവിടെ യൂണിയന്‍ കൗണ്‍സിലറായി കോളേജില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്കു പകരം എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് എഴുതി ചേര്‍ത്ത് സര്‍വ്വകലാശാലയ്ക്കയച്ചതില്‍ കോളേജിലെ ചില അധ്യാപകരുടെയും കറുത്ത കൈകള്‍ ഉണ്ട്. എസ്.എഫ്.ഐ ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് 2018ല്‍ നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ സ്മാര്‍ട്ട് വാച്ച് വഴി കോപ്പിയടിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയത് ശിവരഞ്ജിത്ത്, നസീം, പ്രണവ് തുടങ്ങിയ എസ്.എഫ്.ഐ നേതാക്കളായിരുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം അടിമുടി അബദ്ധവും കോപ്പിയടിയുമാണെന്ന് തെളിഞ്ഞപ്പോള്‍ അതിന്റെ പിന്നില്‍ കളിച്ച ഇടത് സഹയാത്രികരായ അധ്യാപകരെ രക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുമായി കേരളത്തിനു പുറത്തെങ്ങും പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇടത് അക്കാദമിക് അധോലോകം സൃഷ്ടിച്ചിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതമാണ് വെല്ലുവിളി നേരിടാന്‍ പോകുന്നത്.