താഴ്ത്തി കൊയ്യടി
താളത്തില്‍ കൊയ്യടി
താഴെപ്പാടത്തെ പെണ്ണാളെ
നീട്ടി കൊയ്യടി നീളത്തില്‍ കൊയ്യടി
നീലത്താമരകണ്ണാളെ………..
ഇത്തരം കൊയ്ത്തുപാട്ടുകളുടെ വായ്ത്താരിയിലൂടെ ഒരു കാലഘട്ടത്തില്‍ കാര്‍ഷിക കേരളത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും നെഞ്ചോട് ചേര്‍ത്ത് വെച്ച് കൂട്ടായ അദ്ധ്വാനത്തിലൂടെ നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ നട്ടുവളര്‍ത്തിയ ഒരു തലമുറ മണ്ഡരി ബാധിച്ച കല്‍പ്പവൃക്ഷം പോല്‍ കാലഹരണപ്പെട്ടു പോകുന്നത് വേദനയോടെയും നിസ്സംഗതയോടെയും നാം നോക്കി കാണുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായം’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ”വീട്ടുമുറ്റത്ത് കിഴക്കിനി കോലായില്‍ നട്ടുവളര്‍ത്തിയ കരുത്തുറ്റ മൂന്ന്, നാല് തെങ്ങും തൈകള്‍ അടുത്ത പറമ്പില്‍ കെട്ടിയിരുന്ന ഒരു പശു കെട്ടഴിച്ച് വന്ന് തിന്നു നശിപ്പിക്കുന്നു. വീടിന്റെ ഉമ്മറത്ത് കാരണവര്‍ ഈ കാഴ്ചകള്‍ കണ്ടു അലസനായി ചാരുകസേരയില്‍ കിടക്കുന്നു. ഇടയ്ക്കിടയ്ക്ക് ”ഈശ് പശുവേ പോ…..” എന്ന് ചാരുകസേരയില്‍ കിടന്നുകൊണ്ട് തന്നെ പറയുന്നുണ്ട്. എന്നാല്‍ തെങ്ങിന്‍ തൈ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല. നമ്മുടെ സര്‍ക്കാരും കൃഷിവകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥ ലോബികളും മുന്‍തലമുറ കെട്ടിയുയര്‍ത്തിയതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും നാശോന്മുഖമാകുന്നതുമായ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ ആലസ്യത്തിന്റെ ചാരുകസേര വിട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ കൃഷിയിപ്പം ശരിയാക്കാം, കര്‍ഷകരെ പുനരുദ്ധരിക്കാം, താങ്ങുവില നല്‍കാം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ശബ്ദമുണ്ടാക്കുന്നതല്ലാതെ അവരുടെ കാതലായ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിച്ച് കരുതലോടെ ചേര്‍ത്തു നിര്‍ത്താന്‍ശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. കാതലായ മാറ്റം വരുത്താനും കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാനും കേന്ദ്രഗവണ്‍മെന്റ് രാജ്യത്താകമാനം വന്‍പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും കേരളത്തില്‍ അതിനും മണ്ഡരി ബാധിച്ചിരിക്കുകയാണ്.
ഭാരതത്തിന്റെ അടിസ്ഥാന വളര്‍ച്ച കാര്‍ഷിക മേഖലയുടെ പുരോഗതിയില്‍ കൂടി മാത്രമെ സാധ്യമാകൂ എന്ന് പ്രാചീന കാലം മുതല്‍ക്കേ നാം തിരിച്ചറിഞ്ഞിരുന്നു. ധനതത്വശാസ്ത്രത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെപ്പറ്റി സംസാരിക്കുമ്പോഴും വിചിന്തനം ചെയ്യുമ്പോഴും, ഇന്നും പ്രഥമ മേഖലയായി പ്രതിപാദിക്കുന്നത് കാര്‍ഷിക കൂട്ടായ്മകളെ കുറിച്ചാണ്. ദ്വിതീയ മേഖല വ്യവസായവും തൃതീയ മേഖലയായി സേവനാധിഷ്ഠിതരംഗവും ദ്രുതവേഗതയില്‍ പടര്‍ന്ന് പന്തലിക്കുന്ന വിവരസാങ്കേതികരംഗവുമാണ്. ഭക്ഷ്യരംഗത്തുള്ള സ്വയം പര്യാപ്തതയാണ് ഏതു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ അളവുകോലില്‍ പ്രധാനം. കാര്‍ഷിക മേഖലയുടെ സുസ്ഥിരമായ അവസ്ഥ എന്നും മുഖ്യപരിഗണന നല്‍കപ്പെട്ട വിഷയമായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ 1800 ല്‍ വേലുത്തമ്പി സര്‍വ്വാധി കാര്യക്കാരനും (ദളവാ) ചെമ്പകരാമന്‍പിള്ള മുളകുമടി ശീലക്കാരനും (വ്യവസായമന്ത്രി) ആയിരുന്നപ്പോള്‍ കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കിയതായി കാണാം. ഇതിനായി കൃഷിക്കാരുടെ പ്രാദേശിക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കാനും യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവരെ ചുമതലപ്പെടുത്തിയിരുന്നു. പല ഘട്ടങ്ങളിലും ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷമായ ദുരന്ത ഫലങ്ങള്‍ പഴയ തിരുവിതാംകൂറിനും ഉണ്ടായിട്ടുണ്ടെന്നുള്ള ചരിത്രസത്യം നമുക്ക് മറക്കാനാവില്ല. അതിവൃഷ്ടിയും പ്രളയവും കൊടും വരള്‍ച്ചയും കീടരോഗബാധകളുടെ വ്യാപനവും എല്ലാം നാം തൊട്ടറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അന്ന് ഇതിനെ പ്രതിരോധിച്ചിരുന്നത് കാര്‍ഷിക മേഖലയിലെ ഒത്തൊരുമയിലൂെടയും കൂട്ടായ പരിശ്രമങ്ങളിലൂടെയുമാണ്. സംഘകൃഷി അഥവാ കൂട്ടുകൃഷി സമ്പ്രദായം നമ്മെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പദമല്ല. എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും നമ്മള്‍ കൈകോര്‍ത്ത് നിന്നാണ് ചെയ്തിരുന്നത്. അത് കപ്പകൃഷി ആയാലും നെല്‍കൃഷി, ഏത്തവാഴ തുടങ്ങിയവ ആയാലും എല്ലാ കൃഷി ഇറക്കുന്നതും, പരിപാലിക്കുന്നതും, വിളവ് എടുക്കുന്നതും വിളവ് എടുപ്പാ നന്തര പ്രവര്‍ത്തനങ്ങള്‍പ്പോലും ഒരു കൂട്ടായ്മയിലായിരുന്നു. വലിയ വയലേലകളില്‍ കൂട്ടത്തോടെ ആണാളും പെണ്ണാളും ഒരുമിച്ച് നിന്ന് ഒത്തൊരുമയോടെ സ്‌നേഹ താളലയത്തില്‍ നടത്തിയിരുന്ന ഞാറുനടീല്‍ അഥവാ നാട്ടിപ്പണിയും കളപറിക്കലും നെല്ല് കൊയ്യുകയും ചെയ്തിരുന്നത് മലയാളനാട്ടിലെ സംഘകൃഷി സമ്പ്രദായത്തിന്റെ നേര്‍കാഴ്ചയായിരുന്നു. തനതായ ഒരു ഈണത്തിലും താളത്തിലുമാണ് അവര്‍ ഇത് ചെയ്തിരുന്നത്. ആരംഭപ്പാട്ട്, വിത്തിടീല്‍പ്പാട്ട്, നടീല്‍പ്പാട്ട്, കളപറിപ്പാട്ട്, ഞാറ്റുപ്പാട്ട്, വിത്ത്‌പ്പൊലിപ്പാട്ട് ഇങ്ങനെ തലമുറകളായി ഒരു നാവില്‍ നിന്ന് മറ്റൊരു നാവിലേക്ക് വാമൊഴിയായി പകര്‍ന്ന് നല്‍കിയ മണ്ണിന്റെ മണമുള്ള നാടന്‍പാട്ടുകള്‍ക്ക് നാമറിയാതെ എന്നോ മംഗളം പാടിക്കഴിഞ്ഞിരിക്കുന്നു. മാറിവന്ന തലമുറയിലെ കര്‍ഷകര്‍ ഭക്ഷ്യവിളകളില്‍ നിന്ന് കൂടുതല്‍ ലാഭകരമായ നാണ്യവിളകളിലേക്ക് ചുവടുമാറ്റിയപ്പോള്‍ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം സ്വാര്‍ത്ഥതയും കടന്നുകൂടിയതോടെ അവര്‍ ഒറ്റപ്പെടാന്‍ തുടങ്ങി. ഒറ്റതിരിഞ്ഞ് ഭക്ഷ്യവിളകളുടെ കൃഷിയെ ആശ്രയിച്ചവര്‍ക്ക് പരാജയം നേരിട്ടു. അവര്‍ക്ക് കൃഷിയും വിപണനവും വെല്ലുവിളിയായി മാറി. തുടര്‍ന്ന് ഭൂമി തരിശ്ശിടാനും പരിവര്‍ത്തനപ്പെടുത്താനും നിര്‍ബ്ബന്ധിതരായി. അത് വന്‍ കാര്‍ഷിക ദുരന്തത്തിലേക്കാണ് നമ്മെ നയിച്ചത്. അതിശയിപ്പിക്കും വിധത്തില്‍ ഹെക്ടര്‍ കണക്കിന് പാടങ്ങള്‍ നികത്തപ്പെട്ടു. വന്‍മലകള്‍ അപ്രത്യക്ഷമായി. കാര്‍ഷിക മേഖലകള്‍ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ക്ക് വഴിമാറി. ചുരുക്കിപ്പറഞ്ഞാല്‍ കൃഷിഭൂമി ഊഹക്കച്ചവടത്തിനുള്ള വലിയ ഉപാധി അഥവാ ആസ്തിയായി മാറി. അതോടെ നാം തന്നെ ഭൂമിക്ക് ഒരു ചരമഗീതം എഴുതിച്ചേര്‍ത്തു. കൃഷി പൈതൃകാര്‍ജ്ജിതമായി കൈമാറി വന്ന ഒരു സംസ്‌കാരം എന്നതില്‍ നിന്ന് മാറി ഒരു വാണിജ്യസംരംഭമായി തീര്‍ന്നപ്പോള്‍ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ അത് കൈയ്യൊഴിഞ്ഞു. കാലക്രമേണ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന കൃഷി കൂട്ടായ്മകള്‍ അന്യം നില്‍ക്കുന്നതിന് അത് കാരണമായി മാറി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുകയോ രാഷ്ട്രീയ മേല്‍ക്കോയ്മയില്‍ സാമ്പത്തിക നേട്ടം കൈവരിക്കുകയോ ചെയ്തതായി നാം കാണുന്നു. പിന്നീട് പേരിന് ചില ഇടപെടലുകള്‍, നെല്‍കൃഷി മേഖലയില്‍ ഗ്രൂപ്പ് ഫാമിംഗ്, നാളികേര ക്ലസ്റ്ററുകളും കുരുമുളക് സമിതികളും പച്ചക്കറി ക്ലസ്റ്ററുകളും രൂപീകരിക്കപ്പെട്ടെങ്കിലും വികലമായതും ദീര്‍ഘവീക്ഷണമില്ലാത്തതും അമിതമായ രാഷ്ട്രീയ താല്പ്പര്യങ്ങള്‍ മൂലവും ഇവ കടലാസ്സുകളില്‍ തന്നെ ഒതുങ്ങി. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ 1886 ലെ കണ്ടെഴുത്ത് വിളംബരത്തിലൂടെ പ്രസിദ്ധനായ ശ്രീമൂലം തിരുനാളാണ് 1908ല്‍ കൃഷിക്കാര്‍ക്കായി ഒരു പ്രത്യേക വകുപ്പ് ഇവിടെ ഉണ്ടാക്കിയതും കൃഷി സര്‍വ്വാധികാര്യന്‍ (സെക്രട്ടറി), കാര്യക്കാര്‍ (തഹസീല്‍ദാര്‍) തുടങ്ങി തസ്തികകള്‍ ഔദ്യോഗികമായി വിളംബരം ചെയ്തതും എന്നും കാണുന്നുണ്ട്. കൂടാതെ കൊല്ലത്തും തിരുവനന്തപുരത്തും മാതൃകാ കൃഷിത്തോടുകള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്നു.
ഒപ്പം കാര്‍ഷിക വായ്പാ ചട്ടത്തിന് രൂപം നല്‍കുകയും കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും ചെയ്തു. കൃഷി എന്നത് ഒരു സംഘടിത പ്രക്രിയ എന്ന നിലയില്‍ കാണാനും അതിന്‍പ്രകാരം കാര്‍ഷിക വായ്പകള്‍ വ്യക്തിക്ക് എന്നതിനേക്കാള്‍ കൂട്ടായ്മകള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് 1812 ല്‍ പരസ്പര സഹായ കാര്‍ഷിക സംഘങ്ങള്‍ രൂപീകരിച്ച് കൃഷി വകുപ്പിനെ സമീപിക്കുന്ന കര്‍ഷകര്‍ക്ക് വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ തരിശുഭൂമിയെ തളിരണിയിച്ച് കാര്‍ഷിക സംസ്‌കൃതിയെ തൊട്ടുണര്‍ത്തി മണ്ണിന്റെ മണവും ഗുണവും മേന്മയും നിലനിര്‍ത്തി ജൈവസംസ്‌കാരത്തില്‍ അധിഷ്ഠിതമായിരുന്ന സംഘകൃഷി അഥവാ കൂട്ടുകൃഷി സമ്പ്രദായവും കൈക്കുമ്പിളിലെ ദാഹജലം പോലെ നാമറിയാതെ നമ്മില്‍ നിന്ന് വാര്‍ന്നുപോയി. അതിലൂടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെ ഹൃദയത്തുടിപ്പറിഞ്ഞ യഥാര്‍ത്ഥ കര്‍ഷകന്റെയും ഒരുമയിലൂടെ ജന്മനാടിന് നല്‍കിയിരുന്ന സുഭിക്ഷതയും അതിരുകളില്ലാത്ത മാനവികബോധത്തിന്റെയും സംസ്ഥാപനവും തെളിനീര്‍പ്രവാഹവും വറ്റിവരണ്ടു. 1949ല്‍ സംഘകൃഷിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടും അതിന്റെ അനിവാര്യത അനാവരണം ചെയ്തുകൊണ്ടും ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ‘കൂട്ടുകൃഷി’ എന്ന നാടകം രചിക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറയുന്നതുപോലെ മനുഷ്യ മനസ്സിലെ അതിര്‍വരമ്പുകളാണ് ആദ്യമായി വെട്ടിനിരത്തേണ്ടത്. കഥാപാത്രങ്ങളായി എത്തുന്ന ബാപ്പുവും ശ്രീധരനും അബൂബക്കറും വേലുവും പറങ്ങോടന്‍ നായരും കാലഘട്ടത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാടകരചനയുടെ 74 സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ അന്നത്തെയും ഇന്നത്തെയും സാമൂഹിക – രാഷ്ട്രീയ സാമ്പത്തിക അന്തരീക്ഷങ്ങള്‍ തമ്മില്‍ കാതലായ വ്യത്യാസമുണ്ടെങ്കിലും, സഹകരണാടിസ്ഥാനത്തില്‍ ഒന്നിച്ച് കൃഷിയിറക്കി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിളവ് മെച്ചപ്പെടുത്തുക എന്ന ചിന്താധാരയ്ക്ക് എക്കാലവും പ്രസക്തിയുണ്ടെന്നും മാത്രമല്ല അന്നത്തെക്കാള്‍ അതിന് പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കുന്നു. ഒന്നിച്ച് ഉയര്‍ന്ന് പൊങ്ങിയ അവരുടെ കൈക്കോട്ടുകള്‍ നൂറ് മേനിയുടെ വിളവാണ് തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. സംഘകൃഷി അഥവാ കൂട്ടുകൃഷിയിലേക്ക് മാറുമ്പോള്‍, ഒറ്റയ്ക്ക് കൃഷി ഇറക്കുന്നതിനേക്കാള്‍ പലതരത്തിലും ചിലവ് വളരെയധികം കുറയുന്നു എന്നൊരു പ്രത്യേകതയുണ്ട്. കര്‍ഷകര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാനും ഇതുമൂലം സാധിക്കും. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഉപയോഗവും ഉറപ്പാക്കാനും സുസ്ഥിര കൃഷിയുടെ പ്രാധാന്യം പറഞ്ഞു പഠിപ്പിക്കാതെ യുവതലമുറയ്ക്ക് കണ്ട് അറിയാനും അവരില്‍ കൃഷിയോട് താല്പര്യം വളര്‍ത്തിയെടുക്കാനും കഴിയും. കൂടാതെ ഊര്‍ജ്ജസംരക്ഷണത്തിന് ആധുനിക സങ്കേതങ്ങളുടെ ഉപയോഗംമൂലം കൃഷിയുടെ ചെലവ് കുറയ്ക്കാനും വിളവര്‍ദ്ധന ഉറപ്പാക്കാനും കൃഷിയിടങ്ങള്‍ സുസ്ഥിരമാക്കാനും കഴിയും. വായ്പകളും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കാനും, വിത്ത് മുതല്‍ വിപണി വരെ കണ്ടെത്താനും, അവയുടെ മൂല്യവര്‍ദ്ധന ഉറപ്പാക്കാനും കര്‍ഷകന് കഴിയുന്നുവെന്നതും കൂട്ടുകൃഷിയുടെ ഗുണങ്ങളായി കണക്കാക്കാം.
എന്നാല്‍ ഗുണങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തിലെ കര്‍ഷകര്‍ കാര്‍ഷികമേഖലയെ കൈവിട്ടതിന്റെ പ്രധാന കാരണം ഗവണ്‍മെന്റിന്റെ കൈത്താങ്ങുകള്‍ അവര്‍ക്ക് സമയബന്ധിതമായും അര്‍ഹമായ മാനദണ്ഡപ്രകാരവും ലഭിക്കാതിരിക്കുന്നതുമൂലമാണ്. കൂടാതെ സമാനതകകളില്ലാത്ത ഉത്പാദന ചെലവ് ഉയര്‍ന്ന കൂലി, പാരമ്പര്യ കൃഷിസമ്പ്രദായങ്ങള്‍ അറിയാവുന്ന തൊഴിലാളികളുടെ ലഭ്യതക്കുറവ്, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച, ഫലപ്രദമായ വിപണന സമ്പ്രദായത്തിന്റെ അഭാവം, ഇടത്തരക്കാരുടെ ചൂഷണം (ഇതിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബില്‍ അന്ധമായ രാഷ്ട്രീയ വിരോധത്തില്‍ അട്ടിമറിയ്ക്കപ്പെട്ടത് നാം കണ്ടതാണ്), യന്ത്രവല്‍ക്കരണത്തിന്റെയും മികച്ച സ്റ്റോറേജ് സംവിധാനങ്ങളുടെയും അഭാവം, വന്യമൃഗങ്ങളുടെ കടന്നുകയറ്റവും അവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ദീര്‍ഘവീക്ഷണത്തോടെയും ഫലപ്രദമായതുമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതും തുടങ്ങി അനവധി വെല്ലുവിളികളാണ് കാര്‍ഷിക മേഖല ഇന്ന് അനുഭവി ക്കുന്നത്.
കൃഷി വികസനവകുപ്പും മൃഗസംരക്ഷണവകുപ്പും ക്ഷീരവികസനവകുപ്പും കൈകോര്‍ത്ത് നിന്ന് രാഷ്ട്രീയത്തിനതീതമായ ഒരു കാഴ്ചപ്പാടോടെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും അമാന്തിച്ച് കൂടാ. കോടികള്‍ മൂലധനമൊഴുക്കി കാര്‍ഷിക മേഖലയില്‍ നടക്കുന്ന ഗവേഷണ പരമ്പരകള്‍ എങ്ങുമെത്താതെ അവശേഷിക്കുകയാണ് കേരളത്തില്‍. ”ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല” എന്ന സ്ഥിതിയാണ് ഇവിടെ. കേന്ദ്രഗവണ്‍മെന്റ് കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലേയും കാര്‍ഷിക മേഖലയ്ക്കും, കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും 10 ശതമാനം പോലും അവ നമ്മുടെ സംസ്ഥാനത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൃഷിയിടത്തില്‍ നിന്നുള്ള ആസൂത്രണത്തിലൂടെ രൂപപ്പെടുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ ഉതകുന്നതായിരിക്കണം, കര്‍ഷക മനസ്സിലെ ഇഴയടുപ്പത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കര്‍ഷകര്‍ നെയ്‌തെടുക്കുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഗവണ്‍മെന്റുകള്‍ക്ക് ബാധ്യതയുണ്ട്. കര്‍ഷകരുടെ സുഖദുഃഖങ്ങളില്‍ അവരോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട്, കാര്‍ഷിക പുരോഗതിയുടെ ഓരോ പടവുകളിലും, കാര്‍ഷികകൂട്ടങ്ങളെ ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കണം.
കര്‍ഷകരിലേക്ക് പകരുന്ന ഓരോ വിജ്ഞാന കണികയും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതും സഹജീവനത്തിന്റെ കണ്ണു തുറപ്പിക്കുന്നതുമാണെങ്കില്‍ അസംഘടിതമേഖലയായി ഒറ്റപ്പെട്ട് പോകുന്ന കര്‍ഷകരെ ആത്മഹത്യാ മുനമ്പില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ നമുക്ക് സാധിക്കും. കേരളത്തില്‍ ആകമാനം വര്‍ദ്ധിത വീര്യത്തോടെ ഗ്രൂപ്പ് ഫാമിംഗ് അഥവാ കാര്‍ഷിക കൂട്ടങ്ങള്‍ കാര്‍ഷിക ഉത്പ്പാദന മേഖലയിലേക്കും സംഭരണ മൂല്യവര്‍ദ്ധിത മേഖലയിലേക്കും വിപണനത്തിലേക്കും തിരിച്ച് വരികയും അതിലൂടെ മണ്ണിന്റെ പൂജാരികളായ യഥാര്‍ത്ഥ കര്‍ഷകര്‍ സ്വയംപര്യാപ്തത നേടുന്ന ഒരു നല്ലകാലത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.