പിച്ചവച്ചൊരീമണ്ണില്‍ വിലസുവാന്‍
സ്വച്ഛ സ്വാതന്ത്ര്യതല്പം ഗ്രസിക്കുവാന്‍
വച്ചു നാടിന്റെ കാല്‍ക്കല്‍ സ്വജ്ജീവിതം
സച്ചരിത്രം രചിച്ചവര്‍ മാഞ്ഞു പോയ്
ചന്ദ്രശേഖര്‍, ഭഗത്സിംഹ്ജി, രാജ്ഗുരു
ചന്ദ്രബോസ് പോലെയെണ്ണേണ്ടതെത്ര നാം
പെറ്റ നാടിന്റെ മാനത്തിനഗ്നിയില്‍
ചെറ്റുപോലും ഭയന്നില്ല ചാടുവാന്‍
ഇന്നു കാണുന്ന സൗഭഗം നൊട്ടുവോര്‍
ഒന്നു പിന്‍മിഴി നീട്ടണം പാതയില്‍
ത്യക്തജീവിത കങ്കാളക്കുന്നുകള്‍
രക്തമിറ്റിത്തുറിപ്പതും കാണണം
നിസ്ത്രപം വാള്‍ ചുഴറ്റുന്നു സോദരര്‍
ശത്രുവേക്കാളുമേറെ നിഷ്ഠൂരരായ്
ഒട്ടിനിന്നൂറ്റുമന്ത്യ രക്താംശവും
കഷ്ടമന്യോന്യമല്പ നേട്ടത്തിനായ്
വേഷഭൂഷകള്‍ക്കുള്ളില്‍ക്കരേറണം
ഭോഷനെങ്കിലും ചെങ്കോല്‍ പിടിക്കണം
നാളു തോറും മുടിഞ്ഞുനാടെങ്കിലും
നാലു കാശിനാല്‍ കീശ വീര്‍പ്പിക്കണം
കൊച്ചുകുഞ്ഞും വയസ്സിയും രോഗിയും
പച്ച മാസംക്കൊതിക്കിരയാകവേ
പശ്ചിമത്തിലെ കൊള്ളചെയ്‌തെത്തിയോര്‍
മെച്ചമായിരുന്നില്ലയോ സോദരാ!
വേട്ടയാടുവാന്‍ തോക്കു കൈയേന്തുവാന്‍
വോട്ടു നല്കുന്നൊരെന്ത്രമെന്നോ ജനം?
വിശ്വസിക്കുവാനംഗീകരിക്കുവാന്‍
വാക്കു നല്‍കി സ്വയം ചീര്‍ത്തിടൊല്ല നീ
ദിക്കു മാറി കൊടുങ്കാറ്റു വീശിടാം,
വന്‍മരങ്ങള്‍ പുഴകിപ്പതിച്ചിടാം,
ലാക്കു നോക്കുന്ന സ്വാര്‍ത്ഥ രാഷ്ട്രീയവും
തോക്കുമക്കാലമുണ്ടതാകാണ്‍മൂ ഞാന്‍.