സി.കെ.സണ്ണി ദേശാഭിമാനി വാരികയില്‍ (മെയ് 21) എഴുതിരിക്കുന്ന കഥ ‘ഒളിമ്പ്യന്‍’ വായിച്ചപ്പോള്‍ പാവം കഥാകൃത്തിനോടു സഹതാപം തോന്നി. ഈ കഥ മറ്റൊരു പ്രസിദ്ധീകരണത്തില്‍ കൊടുത്താല്‍ മഷിപുരളാന്‍ സാധ്യതയില്ല. ഇപ്പോഴും ഇത്തരം നിറം പിടിപ്പിച്ച നുണകള്‍ എഴുതി കാലം കഴിക്കുന്നവരുണ്ടല്ലോ എന്നു തോന്നിപ്പോയി.
സി.കെ.സണ്ണിയുടേത് സമ്പൂര്‍ണമായും ഒരു രാഷ്ട്രീയകഥയാണ്. കഥയുടെ ഉന്നം പഴയ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷം അതിലെ സഖ്യരാഷ്ട്രങ്ങളിലെ സ്ത്രീകള്‍ വ്യഭിചാരത്തിന് ഇറങ്ങേണ്ടിവന്നു എന്നു സ്ഥാപിക്കലാണ്. എന്നാലത് അസത്യമാണ്. റഷ്യയിലേയും സഖ്യരാഷ്ട്രങ്ങളിലേയും പെണ്‍കുട്ടികള്‍ വ്യാപകമായി വേശ്യാവൃത്തിക്കായി ലോകത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് ഒരു കാലത്ത് പോയിരുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെ. അക്കാലത്ത് ഗള്‍ഫില്‍ കൂട്ടത്തോടെ എത്തിയിരുന്ന ഇത്തരക്കാരെ ‘നടാഷ’കള്‍ എന്ന് കളിയായി വിളിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഗോര്‍ബച്ചേവിന്റെ ‘ഗ്ലാസ്‌നോസ്റ്റും’ പെരിസ്‌ട്രോയിക്കയുമാണ് എല്ലാം തകര്‍ത്തതെന്ന് സണ്ണി പറയുന്നു. എന്നാല്‍ അതാണോ വസ്തുത? കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ തുടക്കത്തില്‍ ഈ രാഷ്ട്രങ്ങളില്‍ ചില സാമ്പത്തിക മുന്നേറ്റങ്ങളുണ്ടായെങ്കിലും പില്‍ക്കാലത്ത് ബംഗാളില്‍ സംഭവിച്ചതു പോലെ വലിയ സാമ്പത്തിക തകര്‍ച്ചയും പട്ടിണിയും സോവിയറ്റ് രാഷ്ട്രങ്ങളേയും മറ്റു കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളേയും പിടികൂടി. അതിന്റെ തുടര്‍ച്ചയായിരുന്നു പെണ്‍കുട്ടികളുടെ വേശ്യാവൃത്തി. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് കഠിനമായ അടിച്ചമര്‍ത്തല്‍ ഉണ്ടായിരുന്നതിനാല്‍ കിട്ടിയിരുന്ന തുച്ഛമായ റേഷന്‍ മാത്രം കഴിച്ച് അവര്‍ വിശപ്പ് കടിച്ചമര്‍ത്തി. എന്നാല്‍ പെട്ടെന്ന് സ്വാതന്ത്ര്യം ലഭിച്ചതോടെ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് അവര്‍ ചേക്കേറി.
റഷ്യയിലെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കമ്പിളി വസ്ത്രങ്ങള്‍ വാങ്ങാന്‍ നിവൃത്തിയില്ലാതായതാണ് പല സ്ത്രീകളും നാടുവിടാന്‍ കാരണമായതെന്നു പറയപ്പെടുന്നു. ദല്‍ഹിയിലും മറ്റും ഇത്തരത്തില്‍ എത്തിച്ചേര്‍ന്ന പല പെണ്‍കുട്ടികളും വ്യഭിചാരത്തിനു കൂലിയായി ചോദിച്ചത് കമ്പിളിയും തേയിലയുമായിരുന്നുവെന്ന് സഹതാപത്തോടെ പലരും എഴുതിക്കണ്ടിരുന്നു. ‘ഒളിമ്പ്യന്‍’ എന്ന ഈ കഥയില്‍ കഥാകൃത്തുപോലും അറിയാതെ ഉള്‍ച്ചേര്‍ത്ത മറ്റുചില വസ്തുതകളുണ്ട്. എത്ര കടുത്ത അസത്യത്തിനുപിറകില്‍ നിന്നും സത്യത്തിന്റെ ചില നുറുങ്ങുകള്‍ കണ്ടെത്താന്‍ കഴിയും. കുറ്റകൃത്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ പോലീസുദ്യോഗസ്ഥന്‍ പൊതുവെ പറയുന്ന ‘ഈശ്വരന്റെ വിരലടയാളം’ എവിടെയുമുണ്ടാകും. ഈ കഥയിലും അതുണ്ട്.
സോവിയറ്റുയൂണിയന്‍ നിലനിന്ന കാലത്ത് ആ രാജ്യവും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റു ചേരി രാജ്യങ്ങളും ഒളിമ്പിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടിയതെങ്ങനെയായിരുന്നുവെന്ന് കഥപറയുന്നു. നമ്മള്‍ പൊതുവെ കാണുന്ന ‘സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ’ല്ല അതിനുപിറകില്‍, പ്രത്യുത കടുത്ത ദേശാഭിമാന ചിന്തയും നിര്‍ബ്ബന്ധിതമായ പരിശീലനവും മറ്റുമായിരുന്നു. അന്ന് റഷ്യയിലും റുമേനിയയിലും കിഴക്കന്‍ ജര്‍മ്മനിയിലും കോച്ചിങ് ക്യാമ്പുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയിരുന്നതിന്റെ പല കഥകളും പുറത്തുവന്നിരുന്നു. അതൊക്കെ ശരിവയ്ക്കുന്നതാണ് സണ്ണിയുടെ കഥ. അക്കാര്യം കഥാകൃത്ത് അറിയാതെ ചെയ്തു പോയതാണ്. അതാണ് ‘ഈശ്വരന്റെ വിരലടയാളം’ എന്ന് നേരത്തെ സൂചിപ്പിച്ചത്.
പാശ്ചാത്യരാജ്യങ്ങളിലും മറ്റു ജനാധിപത്യരാജ്യങ്ങളിലും കായികതാരങ്ങള്‍ക്കു വലിയ സാമൂഹ്യാംഗീകാരവും സമ്പത്തും നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ലോകപ്രശസ്തരായ കായികതാരങ്ങളുടെ പോലും സ്ഥിതി ദയനീയമായിരുന്നു. തുച്ഛമായ വേതനമായിരുന്നു പലര്‍ക്കും ലഭിച്ചിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിയാല്‍ പോലും കാര്യമായ സാമ്പത്തികനേട്ടമോ അംഗീകാരമോ പലര്‍ക്കും ലഭിക്കുമായിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയുടെ അനുമോദന സന്ദേശമായിരുന്നു ആകെ ലഭിക്കുന്ന അംഗീകാരം. അത്‌ലറ്റുകളെ സംബന്ധിച്ചിടത്തോളം തങ്ങളേക്കാള്‍ ഒരുതരത്തിലും കേമനെന്നു പറയാന്‍ കഴിയാത്ത ഒരു നേതാവിന്റെ പ്രശംസകൊണ്ട് എന്തുപ്രയോജനം? അതവരെ വ്യവസ്ഥിതിയുടെ കടുത്ത ശത്രുക്കളാക്കി. മറ്റുരാജ്യങ്ങളില്‍ തങ്ങളേക്കാള്‍ മോശപ്പെട്ട കായികതാരങ്ങള്‍പോലും സുഖസൗകര്യങ്ങളില്‍ അഭിരമിക്കുമ്പോള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ക്ക് റേഷന്‍ ഭക്ഷണവും പാര്‍ട്ടിയോഗങ്ങളിലെ മെഡലുകളും കൊണ്ടുതൃപ്തിപ്പെടേണ്ടിവന്നു.
ഈ ദയനീയാവസ്ഥ അവതരിപ്പിക്കാനല്ല കഥാകൃത്ത് ശ്രമിച്ചത്. സോവിയറ്റു യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഗതികേട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ സണ്ണി അറിയാതെ സത്യങ്ങള്‍ അതില്‍ ഒളിച്ചിരിക്കുന്നു. ഇവിടെ കഥാകാരന്‍ നിസ്സഹായനായി പോകുന്നു. അദ്ദേഹം പറയുന്നത് 60കള്‍ മുതല്‍ 90കള്‍ വരെയുള്ള കാലത്തെ കഥയാണ്. 1968-ല്‍ മെക്‌സിക്കോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരത്തിനാണ് തൊണ്ണൂറുകളില്‍ വാര്‍ദ്ധക്യത്തിന്റെ പടിവാതിലില്‍ വ്യഭിചാരത്തിന് ഇറങ്ങേണ്ടിവന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മെഡല്‍ നേടിയ ശേഷം 23 കൊല്ലം ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിലെ പൗരയായി ജീവിച്ച അവര്‍ക്ക് യൗവ്വനത്തില്‍ വ്യഭിചാരത്തിന് ഇറങ്ങേണ്ടി വന്നുവെങ്കില്‍ കായികതാരങ്ങളുടേയും മറ്റു പ്രമുഖരുടേയുമൊക്കെ ജീവിതം എത്രമാത്രം ദുസ്സഹമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പൊതുവെ സോഷ്യലിസ്റ്റ് റിയലിസ്റ്റ് കഥകളില്‍ കാണുന്നതുപോലെയുള്ള പരുക്കന്‍ റിയലിസമാണ് ഇക്കഥയിലുമുള്ളത്. കഥാകൃത്ത് പാര്‍ട്ടി അംഗമാണോ എന്ന് അറിയില്ല. ഒരുപക്ഷേ അല്ലെങ്കിലും രചനാവേളയിലെങ്കിലും അദ്ദേഹം അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു. അസത്യത്തെ സത്യമാക്കാനും സത്യത്തെ അസത്യമാക്കാനും കുറ്റബോധമില്ലാതെ പ്രവര്‍ത്തിക്കാനുള്ള മാനസികാവസ്ഥ ഈ കഥാകൃത്ത് ആര്‍ജ്ജിച്ചിരിക്കുന്നു. ‘ആടിനെ പട്ടിയാക്കാനുള്ള ശ്രമത്തില്‍ പക്ഷേ അദ്ദേഹം പെട്ടുപോയിരിക്കുന്നു. റ്റോംസിന്റെ പ്രശസ്തമായ ഒരു കാര്‍ട്ടൂണ്‍ ആണ് ഈ അവസരത്തില്‍ ഓര്‍മവരുന്നത്. യാചനാലയം സന്ദര്‍ശിക്കുന്ന മന്ത്രിയോട് അവിടത്തെ ഒരു അന്തേവാസി താന്‍ ഒരു എം.എക്കാരനാണെന്ന് പരാതി പറയുന്നു. മന്ത്രിയുടെ മറുപടി എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു ”ഹോ എന്തൊരു പുരോഗതി യാചകരുടെ ഇടയില്‍ നിന്നുപോലും ഒരു എം.എക്കാരന്‍”. ഇതുപറഞ്ഞ മന്ത്രിയെപ്പോലെ സോവിയറ്റു യൂണിയന്റെ മഹത്വം ഘോഷിക്കാനാണ് കഥാകൃത്ത് ശ്രമിച്ചത്. എന്നാല്‍ ‘ദൈവത്തിന്റെ വിരലടയാളം’ അദ്ദേഹമറിയാതെ കഥയില്‍ കടന്നു കൂടിയിരിക്കുന്നു. സോവിയറ്റു യൂണിയനിലെ ദാരിദ്ര്യമാണ് കഥാകൃത്ത് വരച്ചു കാണിക്കുന്നത്.
ദേശാഭിമാനിയില്‍ ഒരു കഥകൂടിയുണ്ട്; (കഥയില്ലായ്മയോ?) ‘വില്‍പ്പത്രം.’ പ്രവീണ്‍കുമാറിന്റെ ഈ കഥയ്ക്കാധാരം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘അമാവാസി’ എന്ന കവിതയാണെന്നു തോന്നുന്നു. കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും കവിതയിലെ വരികള്‍ സൂചിപ്പിക്കുന്നുണ്ട്. ”മൃതിയില്‍ വിരല്‍മുക്കി കൃഷ്ണപക്ഷത്തില്‍ സിരാപടലം പകര്‍ത്തുക ഭാഗപത്രത്തില്‍ താതാ” എന്ന വരിയെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയില്‍ അച്ഛനില്‍ നിന്നു പകര്‍ന്നുകിട്ടിയത് എക്‌സീമ (Eczema) എന്ന രോഗമാണെന്ന് ഒരു കഥാപാത്രം പറയുന്നു. കേട്ടിടത്തോളം അതൊരു ത്വക്‌രോഗമാണ്. എന്നാല്‍ കഥയിലുടനീളം പറയുന്നത് നട്ടെല്ലിലെ വേദനയെക്കുറിച്ചാണ്. രണ്ടും കൂടി എങ്ങനെ പൊരുത്തപ്പെടുമെന്നു നിശ്ചയമില്ല. ഒരു പക്ഷേ എക്‌സീമയെ വെറുതേയൊന്നു സൂചിപ്പിച്ചതാവാം. തനിക്ക് അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയത് ഇടുപ്പെല്ലിലെ വേദനയാണെന്നു പിന്നീട് സൂചനയുണ്ട്. എന്തായാലും കഥകൊണ്ട് ഒരു പ്രയോജനവുമുണ്ടാകുന്നില്ല. ചുള്ളിക്കാടിന്റെ കവിതയെ ഓര്‍മ്മിച്ചുവെന്നുമാത്രം.
കവിതയ്ക്ക് അനന്തസാധ്യതകളുണ്ടെന്നും അതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്നും അഖില്‍ പുതുശ്ശേരിയുടെ ‘അടുക്കളയിലേക്കുള്ള അവസാനവണ്ടി’ വായിച്ചപ്പോള്‍ മനസ്സിലായി (ദേശാഭിമാനി). എത്രയോ തവണ പറഞ്ഞതാണ് സ്ത്രീയുടെ അടുക്കള ദുരിതങ്ങള്‍. എന്നിട്ടും അതില്‍ത്തന്നെ പുതിയ പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ കവികള്‍ക്കു കഴിയുന്നു, മറ്റുള്ളവര്‍ കാണാത്ത വസ്തുതകള്‍ കണ്ടെത്താന്‍ കഴിയുന്നു ‘അലക്കി വെളുപ്പിച്ചിട്ടും തേച്ചുവച്ചിട്ടും ചുളിവുമാറുന്നില്ലെന്ന് കേട്ടുകേട്ടാണ് ഇല്ലാത്ത ചുളിവിനെ നോക്കിനോക്കി അവളുടെ നെറ്റിയും തൊലിയും ചുളിഞ്ഞുപോയത്’. മനോഹരമായ നിരീക്ഷണം. കവിതയുടെ എല്ലാ ഭാഗത്തും ഈ സൗന്ദര്യം നിലനിര്‍ത്താന്‍ കവിക്കു കഴിയുന്നില്ല. ‘കേട്ട് കേട്ടാണ്’ ചുളിവ് മാറുന്നില്ലെന്ന് ഇങ്ങനെ എഴുതുന്നത് വ്യാകരണദൃഷ്ടിയില്‍ ശരിയല്ലെന്നാണ് കേട്ടിട്ടുള്ളത്. ‘കേട്ടുകേട്ടാണ്’ എന്നിങ്ങനെ അടഞ്ഞ ഉകാരം മതിയാകും. ‘ചുളിവുമാറുന്നില്ലെന്ന് അവിടെയും തുറന്ന ഉകാരം ആവശ്യമില്ല. ‘മാറുന്നില്ലെന്നു’ മതി. വ്യഞ്ജനാക്ഷരങ്ങളാണ് തുടര്‍ന്നു വരുന്നതെങ്കില്‍ അടഞ്ഞ ‘ഉ’ കാരവും സ്വരാക്ഷരങ്ങളണെങ്കില്‍ തുറന്ന ഉകാരവുമാണ് പതിവ്.
‘കേട്ടാണ്’ എന്നതിനുശേഷം ‘ഇ’ കാരമായതിനാല്‍ ‘ണ്’ എന്ന് മതി. അവിടെയും വ്യഞ്ജനമായിരുന്നെങ്കില്‍ ണു എന്നാണു വേണ്ടിയിരുന്നത്. ”ചുളിവുമാറുന്നില്ലെന്നു കേട്ടുകേട്ടാണ് ഇല്ലാത്ത” ഇങ്ങനെ തിരുത്തിയെഴുതണം. ഇത്തരം തെറ്റുകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ലെങ്കിലും ഇങ്ങനെയുള്ള വ്യാകരണ ചര്‍ച്ചകളും ഇടയ്ക്കു നല്ലതാണെന്നു തോന്നുന്നു. ഭാഷയ്ക്ക് ഒരു വ്യവസ്ഥയും വേണ്ട എന്നു വന്നാല്‍ കഷ്ടമല്ലേ! എന്തിനും ഏതിനും വ്യവസ്ഥകളില്ലാതെ നിലനില്‍ക്കാനാവില്ല. ഭാഷയ്ക്കും രാജ്യത്തിനും വ്യക്തിയ്ക്കുമെല്ലാം വ്യവസ്ഥ അനിവാര്യമാണ്.
വെയില്‍സിലെ ഒരുപാട്ടെഴുത്തുകാരനാണ് പോള്‍ ഹെന്റി (Paul Henri). നമ്മുടെ നാട്ടിലെ പാട്ടെഴുത്തുകാരെക്കുറിച്ച് ഇവിടത്തെ നിരൂപകര്‍ക്കു തീരെ മതിപ്പില്ലെങ്കിലും വിദേശത്തുള്ളവരോടു വലിയ ആരാധനയാണ്. ഇവിടെ വയലാറും ഓയെന്‍വിയും പി.ഭാസ്‌കരനും ശ്രീകുമാരന്‍തമ്പിയും ഗിരീഷ് പുത്തഞ്ചേരിയും ബിച്ചുതിരുമലയും കൈതപ്രവും യൂസഫലിയുമൊക്കെ പഠനാര്‍ഹമായ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അവരുടെ കവിതകളേക്കാള്‍ ഗാനങ്ങള്‍ പലപ്പോഴും മെച്ചപ്പെട്ടവയാണ്. എന്നിട്ടും നിരൂപകര്‍ അവയൊന്നും കണ്ടിട്ടേയില്ല. ബോണ്‍ഡിലന്‍ എന്ന ഗാനരചയിതാവിന് നൊബേല്‍ സമ്മാനം കൊടുക്കാന്‍ പാശ്ചാത്യര്‍ മടിച്ചില്ല.
മലയാളത്തിലെ മഹാകവികളോടുപോലും വലിയ താല്പര്യമില്ലാത്തവര്‍ സായിപ്പിന്റെ നാട്ടിലെ പാട്ടെഴുത്തുകാരെ പാടിപ്പുകഴ്ത്തുക പതിവാണ്. അനിത തമ്പി മാധ്യമം വാരികയില്‍ പോള്‍ ഹെന്റിയെ പുകഴ്ത്തി (മെയ് 15-22) ഒരു ലേഖനമെഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചില കവിതകള്‍ തര്‍ജ്ജമ ചെയ്തും ചേര്‍ത്തിട്ടുണ്ട്. അനിത തമ്പിയുടെ സ്വന്തം കവിതകളൊന്നും വായനയെ കാര്യമായി സ്വാധീനിച്ചിട്ടില്ല. പക്ഷേ ഈ തര്‍ജ്ജമകള്‍ മോശമല്ല. എന്നിരിക്കിലും നമ്മുടെ വായനയെ ഉത്തേജിപ്പിക്കാന്‍ തക്ക ഒന്നും കവിതയിലില്ല. മലയാളിയുടെ ജീവിതത്തോട് ഒരു സാദൃശ്യവുമില്ല വെയില്‍സിലെ കാര്യങ്ങള്‍ക്ക്.