ഉണ്ണി ഒറ്റ മോനായിരുന്നു അച്ഛനും അമ്മയ്ക്കും. ഉണ്ണിയുടെ വീടും ഒറ്റപ്പെട്ടതായിരുന്നു. നാലുപാടും തൊടികളും ഇടവഴികളും. അവ കടന്നു വേണം അയല്‍പ്പക്കങ്ങളി ലെത്താന്‍. പൂത്തുലഞ്ഞ വള്ളിച്ചെടികള്‍ തോരണം തൂക്കുന്ന ഇടവഴികള്‍ കഴിഞ്ഞാല്‍ പച്ചപുതച്ച പരന്ന നെല്‍പ്പാടങ്ങളാണ്. അതിനു കുറു കെ ഒരു വലിയ വരമ്പും കുനുകു നേയുള്ള കുറേ ചെറുവരമ്പുകളു മുണ്ട്. അവിടെ തഴച്ചുവളര്‍ന്ന കറുകത്തലപ്പുകളിലെ മഞ്ഞുതുള്ളി കളില്‍ ഇളവെയില്‍ ചാര്‍ത്തുന്ന വൈരക്കല്ലുകള്‍ക്ക് എന്തു ചന്തമാണ്! പിന്നെയാണ് വീതിയുള്ള വെട്ടുവഴി. വേനലില്‍ പൊടിയണിഞ്ഞും മഴയില്‍ ചെളി പുതഞ്ഞും കിടക്കുന്ന ആ ചെമ്മണ്‍ പാതയിലെത്തിയാല്‍ മാത്രമാണ് ഉണ്ണിക്ക് കൂട്ടുകാരെ കിട്ടുന്നത്. അങ്ങനെയാണ് ഉണ്ണി പള്ളിക്കൂടത്തിലേക്കു പോകുന്നത്.
കരിപുരണ്ട അടുക്കളയില്‍ വിറ കുന്തി, പുകയൂതി തളര്‍ന്ന അമ്മ കവിടിപ്പിഞ്ഞാണത്തില്‍ പകര്‍ന്നു വച്ച ചൂടുകഞ്ഞി ഊതിക്കുടിച്ചും കിണ്ണത്തില്‍ വിളമ്പി വെള്ളത്തില്‍ വച്ച് ചൂടാറ്റിയ ചോറ് പാത്രത്തിലാ ക്കിയും വേണം ഉണ്ണിക്ക് പുറപ്പെ ടാന്‍. ചില ദിവസങ്ങളില്‍ വൈകി യിറങ്ങുന്ന ഉണ്ണിയെ കാത്തു നില്‍ ക്കാതെ കൂട്ടുകാര്‍ നടന്നുനീങ്ങും. എത്ര വൈകിയാലും എത്ര നേരത്തേ യായാലും വിദ്യാലയത്തിലേക്കും തിരിച്ചു വീട്ടിലേക്കും ഉണ്ണിക്കൊപ്പം ചേരുന്ന ഒരു ചങ്ങാതിയുണ്ട്.
രാവിലെ ഉമ്മറപ്പടി മുതല്‍ സ്‌കൂള്‍ വരാന്തവരേയും വൈകുന്നേരം തിരി ച്ചും കൂട്ടുപോരുന്ന ആ തോഴനാണ് മഴ!
ഒന്നിച്ചുള്ള ഈ യാത്രകളില്‍ ഒരു കുടശ്ശീലയോളം നേര്‍ത്ത അകലം മാത്രമാണ് അവര്‍ക്കിടയിലുള്ളത്. എപ്പോഴും പൊട്ടിച്ചിരിക്കുന്ന ആ കൂട്ടുകാരന്‍ ചിലപ്പോള്‍ ഉണ്ണിയെ തണുത്ത വിരല്‍ നീട്ടി ഒന്നുതൊടും. കവിളിലൊന്നുമ്മ വയ്ക്കും. പതിയെ തലോടും. അതെല്ലാം ഉണ്ണിക്ക് എന്തൊരിഷ്ടമാണെന്നോ ! എന്നാല്‍ മറ്റു ചിലപ്പോള്‍ കാറ്റിന്റെ കരുത്തന്‍ കയ്യാല്‍ ശീലക്കുടയെ വകഞ്ഞു മാറ്റി മഴ ഉണ്ണിയെ പൊടുന്നനെ വാരിപ്പുണരും. അപ്പോള്‍ മാത്രം ഉണ്ണി ഒന്നു പരിഭവിക്കും പിന്നെച്ചിണുങ്ങും.
അങ്ങനെയങ്ങനെ വിദ്യാലയ വര്‍ഷങ്ങള്‍ ഒന്നൊന്നായ് കടന്നുപോയി. പിന്നീട് എത്ര കാത്തുനിന്നാലും മഴവരാത്ത, മഴവില്ലു വിരിയാത്ത, മഴയുടെ മണിക്കിലുക്കം കേള്‍ക്കാത്ത, ഏതോ ലോകത്തേക്ക് ഉണ്ണി യാത്രയായി. എങ്കിലും ഇന്നും അദ്ധ്യയന വര്‍ഷാരംഭത്തിലെ ഓരോ ദിവസവും പള്ളി ക്കൂടത്തിലേക്കു പോകുന്ന ഉണ്ണി കളോടൊപ്പം തുണ പോകാന്‍ രാവിലെ വീട്ടുമുറ്റത്തും വൈകുന്നേരം വിദ്യാലയ മുറ്റത്തും ആ മഴക്കൂട്ടുകാരന്‍ മുടങ്ങാതെ കാത്തു നില്‍ക്കുന്നു. ഉണ്ണികള്‍ പുറത്തിറങ്ങും വരെ മുഖം കറുപ്പിച്ചും പിറുപിറുത്തും അസ്വസ്ഥനാകും. ജനലഴിക്കുള്ളിലൂടെ എത്തിനോക്കും. അവരിറങ്ങിയാല്‍ സന്തോഷം കൊണ്ട് വെള്ളിക്കതിര്‍ വീശും. കടുംതുടി മുഴക്കും. ആര്‍ത്തു ചിരിക്കും. പിന്നെ വാതോരാതെ കഥകള്‍ പറഞ്ഞ്, ഇടക്കിടെ വഴിക്കാഴ്ചകള്‍ മറച്ച്- വീണ്ടും തെളിച്ച് ഉണ്ണികളോടൊപ്പം കൂടുന്നു. അവര്‍ക്കായി കടലോളം സ്‌നേഹം പകര്‍ന്ന്, വാനോളം വാല്‍സല്യം ചൊരിഞ്ഞ്, എന്നാല്‍ ഒരു കുടയോളം അകലം പാലിച്ച്….