നാഗപൂര്‍: രാഷ്ട്രത്തിന്റെ സ്വാഭിമാനം കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ തൃതീയവര്‍ഷ സംഘശിഷാ വര്‍ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയമായ വിയോജിപ്പും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ രാജ്യത്തിന്റെ സ്വാഭിമാനത്തെ ബാധിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്നും നാമൊന്നാണെന്ന ബോധ്യമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാഹ്യശക്തികള്‍ രാജ്യം വിട്ടുപോയിക്കഴിഞ്ഞു. ഭാരതീയര്‍ തന്നെയാണ് ഇവിടെയുള്ളത്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ട്. കൊറോണ പ്രതിസന്ധിയില്‍ ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചത് നമ്മുടെ രാജ്യമാണ്. ജി-20 അധ്യക്ഷത ലഭിച്ചതില്‍ നാം അഭിമാനിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏവരിലും സന്തോഷമുണ്ടാക്കുന്നു. ഭാരതത്തിന്റെ കീര്‍ത്തി ഇന്ന് ലോകമെമ്പാടും വ്യാപിക്കുകയാണ്. രാജ്യം വളര്‍ച്ചയില്‍ ഏറെ ദൂരം പിന്നിട്ടുവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിശീലനം പൂര്‍ത്തിയാക്കിയ സ്വയംസേവകരുടെ ശാരീരിക് പ്രദര്‍ശനങ്ങളും സമാപന പരിപാടിയുടെ ഭാഗമായി നടന്നു. വര്‍ഗ്ഗിന്റെ സര്‍വാധികാരി അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, അദൃശ്യ കാദ്‌സിദ്ധേശ്വര്‍ സാമി, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പ്രസംഗിച്ചു.