കേരളത്തിലോടുന്ന തീവണ്ടികള്‍ക്കു നേരെ തുടരുന്ന ആക്രമണങ്ങള്‍ വരാന്‍ പോകുന്ന വലിയൊരു ഭീകരാക്രമണത്തിന്റെ മുന്നൊരുക്കമായി വേണം കരുതാന്‍. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗികള്‍ക്ക് അജ്ഞാതന്‍ തീകൊളുത്തി. കൃത്യസമയത്ത് അധികൃതര്‍ വിവരമറിഞ്ഞതിനാല്‍ അഗ്‌നിശമന സേനയ്ക്ക് എത്തിച്ചേരുവാനും വലിയൊരു ദുരന്തം ഒഴിവാക്കുവാനും കഴിഞ്ഞു. ഇതേ വണ്ടി തന്നെയാണ് കഴിഞ്ഞ ഏപ്രില്‍ 2 ന് കോഴിക്കോടിനടുത്ത് എലത്തൂരില്‍ വച്ച് ആക്രമിക്കപ്പെട്ടത്. അന്ന് ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍ പെട്രോളൊഴിച്ച് തീ കൊടുത്തപ്പോള്‍ ഒരു കുട്ടിയടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനു ശേഷം അതേ വണ്ടി തന്നെ സമാനമായ വിധത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ റെയില്‍വെ സുരക്ഷാ സേനയുടെയും കേരളാപ്പോലീസിനു കീഴിലുള്ള റെയില്‍വെ സുരക്ഷാ സേനയുടെയും കാര്യക്ഷമത സംശയത്തിന്റെ നിഴലിലാവുകയാണ്. കണ്ണൂര്‍ ആക്രമണത്തില്‍ പിടിക്കപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതി പിച്ചക്കാരനാണെന്നും ഭിക്ഷാടനം അനുവദിക്കാത്തതിന്റെ പ്രകോപനത്തില്‍ തീവണ്ടിക്ക് തീയിട്ടതാണെന്നുമുള്ള അധികൃതരുടെ വ്യാഖ്യാനം പ്രശ്‌നത്തെ എത്ര ലാഘവത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവാണ്. എലത്തൂര്‍ തീവണ്ടി തീവയ്പ് കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്ത എന്‍.ഐ.എക്കു മുന്നില്‍ അയാള്‍ പറഞ്ഞത് ‘അത് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ചെയ്യും’ എന്നാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനത്തിന് പലരും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. പിടിക്കപ്പെടുന്ന പ്രതികളെ മനോരോഗികളായി ചിത്രീകരിച്ച് തടി തപ്പുന്ന അധികൃതരുടെ സമീപനത്തിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
അടുത്തിടെ ഉണ്ടായ രണ്ട് തീവയ്പ് കേസിലും വലിയൊരു അട്ടിമറി ലക്ഷ്യം സംശയിക്കാവുന്ന സാഹചര്യ തെളിവുകള്‍ ഉണ്ട്. കണ്ണൂരില്‍ എട്ടാം ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്ക് തീ പടരുമ്പോള്‍ കേവലം നൂറു മീറ്റര്‍ അകലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന സംഭരണശാല ഉണ്ടായിരുന്നു എന്ന കാര്യം സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തീ കെടുത്താന്‍ വൈകിയിരുന്നെങ്കില്‍ ഇന്ധന സംഭരണിയിലേക്ക് തീ പടര്‍ന്ന് കണ്ണൂര്‍ നഗരം തന്നെ ചാരമായി മാറുമായിരുന്നു. എന്നു മാത്രമല്ല എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീ പിടിക്കുമ്പോള്‍ ഒരു ട്രാക്കിനപ്പുറം ഡീസല്‍ നിറച്ച 25 ടാങ്കറുകളുമായി ഒരു ഗുഡ്‌സ് ട്രെയിന്‍ വന്നു കിടക്കേണ്ടതായിരുന്നു. വണ്ടി സാങ്കേതിക കാരണങ്ങളാല്‍ വടകരയില്‍ പിടിച്ചിട്ടതുകൊണ്ട് രക്ഷപ്പെട്ടതാണ്. ഈ സംഗതികളൊക്കെ പരിശോധിക്കുമ്പോള്‍ ആസൂത്രിതമായ ഒരട്ടിമറിശ്രമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു കാണാം. കേരളത്തിലോടുന്ന പല തീവണ്ടികള്‍ക്കും നേരെ മലബാറില്‍ കല്ലേറുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. അവസാനം വന്ദേഭാരതിനു നേരെ മലപ്പുറത്തും കണ്ണൂരും വച്ച് നടന്ന കല്ലേറില്‍ ജനല്‍ചില്ലുകള്‍ പൊട്ടുക യുണ്ടായി. മലബാറില്‍ പലഭാഗങ്ങളിലും അടുത്ത കാലത്തായി പാളത്തില്‍ കല്ല്, മരം, ഇരുമ്പ് ദണ്ഡ് എന്നിവയൊക്കെ വച്ച് വണ്ടി അപകടപ്പെടുത്താനുള്ള ശ്രമം വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളെല്ലാം സര്‍ക്കാര്‍ ലാഘവബുദ്ധിയോടെ കാണുന്നത് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു എന്ന നിഗമനത്തില്‍ എത്തേണ്ടി വരും.
ഫെബ്രുവരി 13ന് എലത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് മേഖലയില്‍ കിടന്ന രണ്ടു കാറുകള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചിരുന്നു. ഇവിടെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോളിയം സംഭരണശാല വിളിപ്പാടകലെ ഉണ്ടായിരുന്നത് അപകടത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതേ ദിവസം തന്നെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒന്നിലധികം തീപിടുത്തങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളോടെല്ലാം അധികൃതര്‍ പുലര്‍ത്തുന്ന ഉദാസീന സമീപനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവച്ച പ്രതി അതേ വണ്ടിയില്‍ കണ്ണൂരിലിറങ്ങുകയും മറ്റൊരു വണ്ടിയില്‍ കയറി നാടുവിടുകയും ചെയ്തിട്ട് കേരളാ പോലീസ് അറിഞ്ഞില്ല. അവസാനം ദില്ലി സ്വദേശിയായ പ്രതിയെ മഹാരാഷ്ട്ര പോലീസാണ് അറസ്റ്റ് ചെയ്തത്.
മുസ്ലീം ഭീകര സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുക്കു കയും പി.എഫ്.ഐ പോലുള്ള സംഘടനകളെ നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ഇത്തരം സംഘടനകളുടെ സുപ്തകോശങ്ങള്‍ തങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും കാണിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഭാരതത്തില്‍ മറ്റേതൊരു സംസ്ഥാനത്തെക്കാള്‍ മുസ്ലീം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ട് കാലങ്ങളായി. താലിബാന്‍വത്ക്കരിക്കപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പാമ്പിന് പാലു കൊടുക്കും പോലെ ജിഹാദി ഭീകരവാദത്തെ ഊട്ടി വളര്‍ത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്. സത്യസന്ധനും തീവ്രവാദികളോട് സന്ധി ചെയ്യാത്തവനുമായ കേരളത്തിലെ ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൃത്യവിലോപം ആരോപിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. സത്യത്തില്‍ പി.എഫ്.ഐ. കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡിന് വേണ്ട സഹായങ്ങള്‍ ചെയ്തതാണ് ഇയാള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി എടുക്കാന്‍ കാരണമെന്ന ചര്‍ച്ച വ്യാപകമാണ്.
തൊണ്ണൂറുകളില്‍ മലപ്പുറത്ത് സിഗററ്റ് ബോംബുകള്‍ കൊണ്ട് സിനിമാ തിയേറ്ററുകള്‍ കത്തിച്ചു തുടങ്ങിയ ജിഹാദി ഭീകരവാദികള്‍ 1997 ഡിസംബര്‍ 6 ന് തൃശ്ശൂരില്‍ തീവണ്ടിയില്‍ ബോംബു വച്ച് 3 പേരെ വകവരു ത്തുകയുണ്ടായി. 2005 സപ്തംബര്‍ 9-ന് മദനിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളമശേരിയില്‍ ബസ് ക ത്തിച്ച ജിഹാദികള്‍ 2006ല്‍ കോഴിക്കോട് ബസ്സ്റ്റാന്റില്‍ ഇരട്ട സ്‌ഫോടനം നടത്തുന്ന തില്‍ വിജയിച്ചു. കേരളത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ നടത്തി വരുന്ന അട്ടിമറി ശ്രമങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടക്കുന്നതിന്റെ ലക്ഷണമാണ് വര്‍ദ്ധിച്ചു വരുന്ന തീവണ്ടി ആക്രമണങ്ങള്‍ എന്നു കരുതേണ്ടിയിരിക്കുന്നു. കേരളം പഴയ കാശ്മീരിന്റെ വഴിയിലെത്തിക്കഴിഞ്ഞു എന്ന് തിരിച്ചറിയാത്തത് മലയാളികള്‍ മാത്രമാണെന്ന് തോന്നുന്നു.