ഭരണചക്രത്തിന്റെ സിരാകേന്ദ്രവും ചിന്തകളുടെ പ്രഭവകേന്ദ്രവുമാണ് ദല്‍ഹി. ഇതു രണ്ടിനും പിന്നില്‍ ഇന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവമായ ധൈഷണിക നേതൃത്വമുണ്ട്. സംഘത്തിന്റെ ബൗദ്ധിക സ്രോതസ്സുകളില്‍ എന്തുകൊണ്ടും പ്രഥമഗണനീയമാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്ഞാപ്രവാഹ്. രാജ്യത്തിന്റെ ഓരോ കോണിലും വിടരുന്ന ആശയപുഷ്പങ്ങളെ നിരീക്ഷിച്ചും പരീക്ഷിച്ചും ഉള്‍ക്കൊണ്ടും പിന്തുണച്ചും തള്ളിയും വിമര്‍ശിച്ചുമൊക്കെ അതിന്റെ പ്രവര്‍ത്തനം മുന്നേറുന്നു. ഭാരതത്തെ മാത്രമല്ല, ലോകത്തെത്തന്നെ സംബന്ധിക്കുന്ന ഏതു വിഷയവും പ്രജ്ഞാപ്രവാഹിനു ഗൗരവമേറിയതാണ്. രാജ്യം, ലോകം, ഭൗതികത, ആത്മീയത, ബൗദ്ധികത തുടങ്ങി കാലിക പ്രസക്തിയുള്ള പ്രധാനപ്പെട്ട പല വിഷയങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുകയാണ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനായ ജെ.നന്ദകുമാര്‍ ഈ അഭിമുഖത്തില്‍.
ഭാരതത്തിന്റെ ഭാവി ഭദ്രമായിക്കൊണ്ടിരിക്കുകയാണ്, ഭാരതം എല്ലാ മേഖലകളിലും കുതിപ്പു നേടിക്കൊണ്ടിരിക്കുകയാണ് എന്നു ഭരണപക്ഷവും ഒന്നും തന്നെ ഭദ്രമല്ല എന്നു പ്രതിപക്ഷവും ആവര്‍ത്തിക്കുന്നതായി നാം കാണു ന്നു. എന്താണ് ശരിയായ വസ്തുത.
♠ഭാരതത്തിനു പുരോഗതി ഉണ്ടാകുന്നുണ്ട് എന്നതു സത്യമാണ്. ചിലര്‍ ഇതിനെ രാഷ്ട്രീയമായ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളിലൂടെ നോക്കി വിമര്‍ശിക്കുകയും അങ്ങനെയൊന്നു സംഭവിക്കുന്നില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, രാജ്യത്തിനു പുരോഗതി ഉണ്ടാവുന്നുണ്ടോ എന്നു വിലയിരുത്താനുള്ള അനേകം ഉപാധികള്‍ നമ്മുടെ മുന്നിലുണ്ട്. ഭാരതം മാത്രമാണു ലോക സാമ്പത്തിക ഭൂപടത്തിലെ ശോഭാപൂര്‍ണമായ ഇടമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ പ്രസ്താവിച്ചത് നാം കണ്ടതാണ്. ലോകത്തെമ്പാടുമുള്ള സാമ്പത്തിക പുരോഗതിയുടെ കാല്‍ ഭാഗത്തോളം സംഭവിക്കുന്നത് ഭാരതത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകബാങ്കിന്റെ വിലയിരുത്തലും സമാനമായ രീതിയിലാണ്. പ്രത്യേകിച്ച്, മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാന വികസിത രാജ്യങ്ങളില്‍പ്പോലും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോള്‍ ഭാരതം മാത്രമാണ് പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇത്തരത്തില്‍, ഭാരതം വികസനക്കുതിപ്പു നേടുന്നു എന്ന വിലയിരുത്തല്‍ നടത്തുന്നതു നിഷ്പക്ഷത പുലര്‍ത്തുന്ന കേന്ദ്രങ്ങളാണെന്നു കാണാം.
ഇതിനു പുറമെ, പ്രത്യക്ഷമായ തെളിവുകളുമുണ്ട്. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ഭാരതത്തില്‍ നടക്കുന്ന അതിചടുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഏറ്റവും മികച്ച ഉദാഹരണമാണ് അടിസ്ഥാനസൗകര്യ മേഖലയില്‍ കാണുന്നത്. ദേശീയപാതകളും വിമാനത്താവളങ്ങളും നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ മാക്രോ ഇക്കണോമിക് തലത്തില്‍ വലിയ തോതിലുള്ള പുരോഗതി ആര്‍ജ്ജിച്ചുവരുന്നതായി കാണാന്‍ സാധിക്കും. കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇതര രാജ്യങ്ങള്‍ സാമ്പത്തികത്തളര്‍ച്ച നേരിടുകയും ഭക്ഷ്യക്ഷാമം നിമിത്തം ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യുമ്പോള്‍ ഭാരതം മാത്രമാണു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു കഴിഞ്ഞ ഒന്നേ മുക്കാല്‍ വര്‍ഷത്തോളമായി സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന റേഷനിങ് സമ്പ്രദായം നടപ്പാക്കിയത്. ഇത് ഭാരതത്തിന്റെ ഭദ്രമായ സാമ്പത്തിക സ്ഥിതിയും വെളിപ്പെടുത്തുന്നുണ്ട്.
നമ്മുടെ അഭിമാനമായ എയര്‍ ഇന്ത്യ ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും അതു ഭാരതത്തിന്റെ ജനപ്രീതിയുള്ള വിമാനക്കമ്പനിയാണ്. അതു സമീപകാലത്തു നേടിയിട്ടുള്ള വളര്‍ച്ചയുടെ ഏറ്റവും വലിയ ലക്ഷണമാണ് എയര്‍ബസുകള്‍ വാങ്ങുന്നതിലും ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതും. വിമാനക്കമ്പനിയായ ഇന്‍ഡിഗോയും വളര്‍ച്ച നേടുകയാണ്. ശാസ്ത്രമേഖലയിലാകട്ടെ, ബഹിരാകാശ രംഗത്തു ഭാരതം നേട്ടം കൈവരിക്കുകയും അതു കൂടുതല്‍ വരുമാനം നേടിത്തരികയും ചെയ്യുന്നുണ്ട്.
ആഗോളതലത്തില്‍ ഭാരതത്തിനുള്ള സ്വാധീനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
♠ആഗോളതലത്തില്‍ ഭാരതം നേടിയിട്ടുള്ള കരുത്തും സ്വാധീനവും ശ്രദ്ധേയമാണ്. ഒരുപക്ഷേ, മൂന്നാം ലോക മഹായുദ്ധത്തിനു വഴിമരുന്നിട്ടേക്കാവുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ഭാവാത്മകമായ നിലപാടെടുത്തു സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇരു രാജ്യങ്ങളുടെ തലവന്മാരോടും ഒരേ തലത്തില്‍നിന്നുകൊണ്ടു സംസാരിക്കാന്‍ കഴിയുന്ന നേതൃത്വം ഭാരതത്തിനുണ്ട്. ഭാരതത്തിന്റെ ഭരണശക്തിയെ അംഗീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സന്നദ്ധമാവുന്നുണ്ട്.
ജി20യുടെ തലപ്പത്തേക്കു ഭാരതമെത്തി എന്നതു വലിയ അദ്ഭുതമല്ല. കാരണം, ഓരോ അംഗരാഷ്ട്രങ്ങള്‍ക്കും ക്രമമനുസരിച്ച് അധ്യക്ഷസ്ഥാനം ലഭിക്കും. ഇതൊരു വസ്തുതയാണെങ്കിലും ജി20യുടെ തലപ്പത്തു ഭാരതമെത്തിയപ്പോള്‍ ഉണ്ടായ മാറ്റം കാണാതിരിക്കാന്‍ കഴിയില്ല. ഭാരതത്തിന്റെ വൈചാരിക, ബൗദ്ധിക, സാംസ്‌കാരിക സത്തയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ആത്മവിശ്വാസമുള്ള നേതൃത്വത്തിനു മാത്രമേ അതു സാധിക്കൂ. ലോകാസമസ്താ സുഖിനോ ഭവന്തു, വസുധൈവ കുടുംബകം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇപ്പോള്‍ ലോകം സ്വീകരിക്കുകയാണ്. തങ്ങളെ സമ്പൂര്‍ണ്ണനാശത്തില്‍നിന്നു രക്ഷിച്ചതു ഭാരതമാണെന്നു ജമൈക്കയുടെ വിദേശകാര്യമന്ത്രി പ്രസ്താവിച്ചത് കുറച്ചുനാളുകള്‍ക്ക് മുന്നെയാണ്. ഇപ്പോഴത്തെ തുര്‍ക്കി-സിറിയ പ്രശ്‌നത്തില്‍പ്പോലും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സ്ഥിതിഗതികളോ മതഭരണകൂടങ്ങളുടെ ഭാരതവിരുദ്ധ നിലപാടുകളോ പരിഗണിക്കാതെ ഭാരതം കോടാനുകോടി രൂപ ചെലവിട്ടുകൊണ്ട് സഹായമെത്തിക്കുന്നതിനു നേതൃത്വം നല്‍കി. ഇതു സാധിക്കുന്നത് കരുത്തുറ്റ സുസ്ഥിര ഭരണം നിലനില്‍ക്കുന്നതുകൊണ്ടും സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതുകൊണ്ടുമാണ്. അതില്‍നിന്നുണ്ടായ ആത്മവിശ്വാസവുമായാണ് ഭാരതമിന്നു ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്.
എന്നാല്‍, ഭാരതം ശക്തിയാര്‍ജ്ജിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാല്‍, ഒരുപക്ഷേ, അതു തങ്ങള്‍ക്കു രാഷ്ട്രീയ നഷ്ടം വരുത്തിവെക്കുമെന്നു ധരിക്കുന്ന സങ്കുചിത മനസ്സുള്ള ചില രാഷ്ട്രീയ കക്ഷികളും ഭാരതം ഇന്നൊരു രാഷ്ട്രമെന്ന നിലയില്‍ ശക്തിയാര്‍ജ്ജിക്കുന്നതിനെ വൈചാരികമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര വിരോധികളും ഭാരതത്തില്‍ എക്കാലവും അന്തച്ഛിദ്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികളും കൂടിച്ചേര്‍ന്ന് ഇവിടെ മേന്മയേറിയതൊന്നും സംഭവിക്കുന്നില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, പ്രത്യക്ഷയാഥാര്‍ത്ഥ്യം മറ്റൊന്നാണ്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടു എന്നല്ല പറയുന്നത്. മറിച്ച്, ആഭ്യന്തര സാഹചര്യം ആഗോളപശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ സമീപകാലത്ത് അഭൂതപൂര്‍വമായ വളര്‍ച്ച നേടുന്നതായി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് എന്നാണു സൂചിപ്പിച്ചത്.
ആര്‍.എസ്.എസ്. രൂപീകരിച്ചിട്ട് ഒരു നൂറ്റാണ്ടു തികയാന്‍ പോവുകയാണ്. സംഘടനയുടെ ആശയത്തിനോ പദ്ധതിക്കോ അനുസരിച്ചുള്ള രാഷ്ട്രീയ, സാമൂഹിക മാറ്റം രാജ്യത്തുണ്ടായി എന്നു കരുതുന്നുണ്ടോ? എങ്ങനെയാണത് വിശദീകരിക്കുക.
♠രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം രാഷ്ട്രത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ ഉയര്‍ച്ചയാണ്. സാങ്കേതികമായി പറയുകയാണെങ്കില്‍, നിത്യേനയുള്ള പ്രാര്‍ഥനയില്‍ സംഘ സ്വയംസേവകര്‍ പ്രതിജ്ഞാ രൂപത്തില്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്. അതു രാഷ്ട്രധര്‍മത്തെ രക്ഷിച്ചുകൊണ്ട് ഭാരതത്തെ പരമവൈഭവപദത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കട്ടെ എന്നാണ്. ലക്ഷ്യം പരമവൈഭവമാണെന്നത് വളരെ കൃത്യമാണ്. പരമവൈഭവസ്ഥിതിയിലെ ഒരു ഘടകമാണ് രാഷ്ട്രീയം. സ്വാഭാവികമായിട്ടും രാഷ്ട്രീയം പ്രധാനപ്പെട്ടതു തന്നെയാണ്. അതിലുണ്ടാകുന്ന ഭദ്രത, എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം എന്നതൊക്കെ സംഘപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന മാറ്റം തന്നെയാണ്.
ഏകദേശം ഒരു പതിറ്റാണ്ടോളമായി ഭാരതത്തില്‍ ദൃശ്യമാകുന്നത് ഈ ദിശയിലുള്ള രാഷ്ട്രീയ പരിവര്‍ത്തനമാണ്. അതിനു പിന്നിലാകട്ടെ, നൂറു വര്‍ഷത്തെ തപസ്സിന്റെ ശക്തിയുണ്ട്. ദീര്‍ഘകാലത്തെ കൊളോണിയല്‍, വൈദേശിക ഭരണം നിമിത്തമുണ്ടായ ഏറ്റവും വലിയ ദുരന്തം ഭാരതത്തിന്റെ സാമൂഹിക സ്ഥിതി ശിഥിലമാക്കപ്പെട്ടു എന്നതാണ്. ജാതിയുടെയും വര്‍ഗത്തിന്റെയും ഭൂപ്രദേശത്തിന്റെയുമൊക്കെ പേരില്‍ തമ്മില്‍ത്തല്ലി കഴിഞ്ഞിരുന്ന ജനതയാക്കി നമ്മെ മാറ്റാനും ഭിന്നിപ്പിച്ചു ഭരിക്കാനും തീരുമാനിച്ച കൊളോണിയലിസ്റ്റുകള്‍ക്ക് അവരുടെ ഉദ്ദേശ്യം നടപ്പാക്കാന്‍ വലിയ അളവോളം സാധിച്ചു എന്നതു വസ്തുതയാണ്. നമ്മെ ദുര്‍ബലമാക്കി മാത്രമേ അവര്‍ക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ആ ദുരന്തമാകട്ടെ, രാഷ്ട്രീയസ്വാതന്ത്ര്യം നേടിക്കഴിഞ്ഞ ശേഷവും രാജ്യത്തു തുടരുന്നതാണു കണ്ടത്. എന്നാല്‍, സംഘപ്രവര്‍ത്തനത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് വലിയ തോതില്‍ സാമൂഹിക ഐക്യം ഉണ്ടായിവരികയാണ്. സമൂഹത്തിലെ വ്യത്യസ്ത ജാതി, മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍, ഉള്ളുകൊണ്ടു നാം ഒന്നാണെന്നും സാമൂഹികമായി നാം ഒന്നാണെന്നും നമ്മുടെ ആന്തരിക സത്ത ഒന്നാണെന്നുമുള്ള ചിന്ത ശക്തിപ്പെട്ടു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായ വലിയ പരിവര്‍ത്തനം. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മേഖലയിലെ ഒരു സംസ്ഥാനവും അസ്വസ്ഥതയില്‍നിന്നു മുക്തമായിരുന്നില്ല. ദിവസംതോറും മിനുട്ടുകള്‍ക്കിടെ ബോംബ് സ്‌ഫോടനവും വെടിവെപ്പും ഉണ്ടായിരുന്ന നാഗാലാന്‍ഡിലായാലും അരുണാചല്‍ പ്രദേശിലായാലും മേഘാലയയിലായാലും സ്ഥിതി പാടേ മാറി. എട്ടോ പത്തോ വര്‍ഷമായി ആക്രമണങ്ങള്‍ ഇല്ല. 10 വര്‍ഷത്തിനിടെ ഉണ്ടായ രാഷ്ട്രീയപരിവര്‍ത്തനം വഴി മാത്രമല്ല ഇതു സാധിതമായത്. മറിച്ച്, കഴിഞ്ഞ 100 വര്‍ഷമായുള്ള സംഘപ്രവര്‍ത്തനം വഴി ഭാരതം ഒന്നാണെന്ന ഭാവന വളര്‍ത്താന്‍ കഴിഞ്ഞതിന്റെകൂടി ഫലമാണത്. അതിനായി പൂര്‍ണസമയ സംഘസ്വയംസേവകന്‍മാരായ അസംഖ്യം പ്രചാരകന്‍മാര്‍ ജീവാഹുതി ചെയ്തിട്ടുണ്ട്. നാഗാലാന്‍ഡ്, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിത്യശാഖാ പ്രവര്‍ത്തനം നടത്താന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. അവിടെയൊക്കെ സേവനത്തിന്റെയും സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ടു പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണു സംഘപ്രവര്‍ത്തകര്‍. വിദേശത്തുനിന്നുള്ള ആക്രമകാരികളുടെയും ഛിദ്രശക്തികള്‍ ഉള്‍പ്പെടെയുള്ള ആന്തരിക ശത്രുക്കളുടെയും കണ്ണിലെ കരടായി സംഘസ്വയംസേവകര്‍. എന്നാല്‍, അതിനെയൊന്നും കൂസാതെ രാഷ്ട്രസ്‌നേഹവും മാതൃഭക്തിയും മാത്രം മുന്‍നിര്‍ത്തിയും ആത്മധൈര്യവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ന് നമുക്കു സമാധാനപൂര്‍ണമായ വടക്കുകിഴക്കന്‍ മേഖല ലഭിച്ചത്. സംഘപ്രവര്‍ത്തനത്തിലൂടെ മാത്രമേ വടക്കുകിഴക്കന്‍ മേഖലയിലും അത്യുത്തര പ്രദേശമായ ജമ്മു കശ്മീരിലും സംഘര്‍ഷഭരിതമായ പഞ്ചാബ് മേഖലയിലുമൊക്കെ ഐക്യം സാധ്യമാവൂ എന്നു ബോധ്യപ്പെട്ടതിന്റെ ഫലമായി അക്കാലങ്ങളിലെ കേന്ദ്രഭരണകൂടം പോലും സംഘത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രശ്‌നം പരിശോധിച്ചാല്‍, നാം അവകാശപ്പെടുന്ന നിയമത്താല്‍ മാത്രമാണ് കശ്മീര്‍ ഭാരതത്തിന്റെ ഭാഗമായിരുന്നത്. സംഘപ്രവര്‍ത്തകരുടെ നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലമായിക്കൂടിയാണ് അവിടെയും മാറ്റമുണ്ടായത്. രാഷ്ട്രീയമേഖലയിലെ സുസ്ഥിരത, ദേശീയ ഐക്യമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം, ഭാരതകേന്ദ്രീകൃതമായ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനം, വിദ്യാഭ്യാസ നയം രൂപപ്പെടുത്തല്‍ എന്നിവയുടെയൊക്കെ പിന്നില്‍ തീര്‍ച്ചയായും ഉള്ളതു രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വം മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള സംഘപ്രവര്‍ത്തനത്തിന്റെ സദ്പരിണാമമാണ്. Had there not been RSS, what would have been the situation in Bharath? എന്നു ചിലര്‍ പറയാറുണ്ട്. ദക്ഷിണ ഭാരതത്തില്‍പ്പോലും നോക്കൂ. എത്രത്തോളം വിഘടനവാദ ആശയങ്ങള്‍ക്കാണു സ്വാധീനമുണ്ടായിരുന്നത്? ദക്ഷിണ ഭാരതം മുഴുവന്‍ ഒരു രാഷ്ട്രമാണെന്ന ആശയം മുന്‍നിര്‍ത്തിയുള്ള ദ്രാവിഡ രാഷ്ട്ര സങ്കല്‍പവുമായി പലരും പ്രവര്‍ത്തിച്ചു. ആ ദുസ്സ്വാധീനം കുറയ്ക്കാന്‍ പ്രത്യയശാസ്ത്ര തലത്തിലും ദാര്‍ശനിക തലത്തിലും ആശയ തലത്തിലും സംഘടനാ തലത്തിലും സംഘം പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായാണ് തങ്ങളുടേതു വേറെ രാഷ്ട്രമാണെന്നു പറയാന്‍ പോലും ഒരാള്‍ക്ക് സാധിക്കാത്ത സ്ഥിതി ഇപ്പോഴുണ്ടായത്. ബാബാ സാഹേബ് അംബേദ്കര്‍ ജിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ “its all because of the indubitable cultural unity”.ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സാംസ്‌കാരിക ഐക്യമുണ്ട്. അത് ആശയ തലത്തിലാണ് അംബേദ്കര്‍ജിയെ പോലുള്ളവര്‍ പറഞ്ഞതെങ്കില്‍ പ്രത്യക്ഷതലത്തില്‍ സാധിതമാക്കിയതു സംഘമാണ്. അതാണു സംഘപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ സംഭാവനയും.
കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പിയോ എന്‍.ഡി.എയോ ഭരിക്കുന്നു എന്നത് സംഘ പ്രത്യയശാസ്ത്രത്തിന്റെ വിജയമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ആനുപാതികമായി രാജ്യത്തെങ്ങും സമാനമായ പ്രാദേശിക ഭരണകൂടങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ട്. എന്നാല്‍, ഇതൊക്കെ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പലതും നടപ്പാക്കാന്‍ പറ്റുന്നുണ്ടോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഉദാഹരണങ്ങള്‍ പലതുണ്ട്. കശ്മീരിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതി പാസാക്കിയെങ്കിലും നടപ്പാക്കുന്നതില്‍ വിജയിച്ചില്ല. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നു. ഇങ്ങനെയൊക്കെയുള്ള വിപരീത സാഹചര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു.
♠ശക്തമായ നിലപാടുകള്‍ നിയമമാക്കിയാല്‍ അവ പ്രാവര്‍ത്തികമാക്കുന്നതിനു തടസ്സം നില്‍ക്കുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടാവുമെന്നതു സ്വാഭാവികമാണ്. ആ സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണു രാഷ്ട്രീയ കക്ഷികളുടെ നിലപാട്. ചില കക്ഷികള്‍ക്ക് എല്ലാം രാഷ്ട്രീയ ദൃഷ്ടിയിലൂടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ഭാരതം പുരോഗമിക്കുന്നു എന്നു വിദേശ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു പോലും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നേറ്റത്തെ വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുണ്ട്.
ഉദാഹരണമായി പറഞ്ഞാല്‍ കാര്‍ഷിക നിയമങ്ങള്‍ ആവശ്യമുള്ളതാണെന്നു വലിയൊരു വിഭാഗം പറയുമ്പോഴും ചില ആളുകളെ ചാവേറുകളെപ്പോലെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അതിനു തടയിടാന്‍ ശ്രമിക്കുകയും അതിനായി കോടാനുകോടി രൂപ വിദേശ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെ എത്തിക്കുകയും ചെയ്യുന്നു. ഇതുവഴി സ്വാഭാവികമായും നമ്മുടെ തന്നെ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. എന്നാല്‍, ഒരാളുടെയും ചോര വീണുകൊണ്ടാവരുത് നിയമങ്ങള്‍ നടപ്പാക്കാനെന്നു കരുതി, ചാവേറാക്കപ്പെടുന്നവര്‍ക്കു മാനസാന്തരം ഉണ്ടാകുംവരെ കാത്തിരിക്കുന്നു എന്നേയുള്ളൂ. ഈ നിയമങ്ങള്‍ ഒന്നൊന്നായി ഫലപ്രാപ്തിയിലെത്തിക്കുമെന്നതില്‍ സംശയം വേണ്ട. കശ്മീരിനു ബാധകമായിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പു റദ്ദാക്കിയാല്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി നോക്കൂ. അവിടെ വലിയ തോതില്‍ പുരോഗതിയുണ്ടായി. സ്വാഭാവികമായും പട്ടാളത്തിന്റെയൊക്കെ സാന്നിധ്യംകൊണ്ടുകൂടിയാവാം സമാധാനത്തിന്റെ കാലഘട്ടം അവിടെ യാഥാര്‍ഥ്യമായത്. കുറച്ചു നാളുകള്‍ക്കു മുന്നേ കശ്മീരില്‍ പോയിരുന്നു. എന്നാല്‍, എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് അവിടെ പോകുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല എന്നോര്‍ക്കണം. സംഘത്തിന്റെ പ്രമുഖ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കശ്മീര്‍ തെരുവുകളിലൂടെ നിര്‍ബാധം നടക്കാന്‍ കഴിയുക, ദാല്‍ തടാകത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുക, ശങ്കരപീഠത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ കഴിയുക എന്നതു ചെറിയ കാര്യമല്ല. അതു സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
നാട്ടില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ഭരണകൂടത്തിനു ചിലപ്പോള്‍ ഒരടി പിറകോട്ടുവെക്കേണ്ട സാഹചര്യമുണ്ടായേക്കാം. എങ്കിലും ജനങ്ങളുടെ ഉള്ളിലേക്ക് ഈ ആശയങ്ങള്‍ കടന്നുചെന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് വ്യത്യസ്ത വിചാരധാരയില്‍പ്പെട്ടവര്‍പോലും കര്‍ഷക നിയമം സത്യത്തില്‍ പാസാക്കേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ആദ്യത്തെ അഞ്ചു വര്‍ഷത്തിനിടെ പലരും ചോദിച്ചത് അയോധ്യയെക്കുറിച്ചായിരുന്നു. എന്നാല്‍, ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രമെന്നതു യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ്. മുത്തലാഖ് നിര്‍ത്തലാക്കുമെന്നു പറഞ്ഞതു നടപ്പാക്കി.
ഏതിനും സമയപരിധി ആവശ്യമാണ്. നിയമങ്ങള്‍ നടപ്പാക്കാന്‍ സായുധബലം മാത്രം പോരാ; പൗരന്മാരുടെ പിന്തുണയും അനിവാര്യമാണ്. ആ പരിവര്‍ത്തനവും സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണു കരുതുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും രണ്ടോ മൂന്നോ തവണ നടത്തുന്ന സന്ദര്‍ശനങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതു നല്ല ദിശയിലേക്കാണു നാടിന്റെ കുതിപ്പെന്നാണ്.
ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ മാധ്യമങ്ങളില്‍ അടുത്തിടെ ബി.ബി.സി. എന്ന മാധ്യമ സ്ഥാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നല്ലോ. ബി.ബി.സി. അസമയത്ത്, എന്നോ കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുകയും അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതായി ആരോപിക്കുകയും ചെയ്തു എന്നാണ് ആരോപണം. എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണിത് എന്നു കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരിക്കും കാരണം.
♠ഇതില്‍ ഗൂഢാലോചനയുണ്ട് എന്നതില്‍ ഒരു സംശയവുമില്ല. ഒറ്റപ്പെട്ട സംഭവമല്ല താനും. ഒന്നര വര്‍ഷം മുന്‍പ് കൊളംബിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ‘dismantling Hindutva’ എന്ന പേരില്‍ ഭാരതത്തിന്റെ സംസ്‌കാരത്തെയും പുരോഗതിയെയും ചോദ്യംചെയ്യുന്ന അന്തര്‍ദേശീയ സെമിനാര്‍ നടത്തിയിരുന്നു. ആഗോളതലത്തിലുള്ള ഇടതു വൈതാളികന്മാരുടെ നേതൃത്വത്തിലായിരുന്നു അത്. ആ സെമിനാറില്‍ ഭാരതത്തിലെ ചില സര്‍വകലാശാലകളില്‍നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കാനും ശ്രമമുണ്ടായി. എന്നാല്‍, ഹിന്ദുത്വത്തെ ശിഥിലമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി നെഗറ്റീവ് ആശയം മുന്നോട്ടുവെച്ചതിനെ ആഗോള അക്കാദമിക സമൂഹം തന്നെ പുച്ഛിച്ചു തള്ളി. സെമിനാര്‍ സംഘടിപ്പിച്ചതിനപ്പുറം ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.
ബി.ബി.സി. മാത്രമല്ല, ജര്‍മനിയിലെ വാര്‍ത്താവിതരണ ഏജന്‍സിയും അടുത്തിടെ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍ വളരയെധികം ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിച്ചാണ് അവര്‍ അതു തയ്യാറാക്കിയതെങ്കിലും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. അവര്‍ ഉന്നംവെക്കുന്നത് ഇവിടത്തെ പ്രധാന ആധ്യാത്മിക ആചാര്യന്‍മാരെയാണ്. അതില്‍ പറയുന്നത് ഭാരതത്തിലെ ആധ്യാത്മിക പ്രഭാഷകര്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുംവിധം ഇസ്ലാമിനു വിരുദ്ധമായി പ്രചരണം നടത്തുന്നു എന്നാണ്. സത്യത്തില്‍ ഇതിന്റെ തുടര്‍ച്ചയാണ് ബി.ബി.സി. സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററി.
ബി.ബി.സിയെന്നു കേള്‍ക്കുമ്പോഴേക്കും ആര്‍ക്കാണു രോമാഞ്ചമുണ്ടാകുന്നത് എന്ന് എനിക്കു മനസ്സിലായിട്ടില്ല. അതു ബ്രിട്ടന്റെ ഔദ്യോഗിക ചാനലല്ല. അവിടത്തെ ഭരണകൂടത്തെയും രാജകുടുംബത്തെയും പോലും പല തരത്തിലും വിമര്‍ശിച്ചുകൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രചരണത്തിന്റെ കേന്ദ്രമായി ബി.ബി.സി. മാറിയിട്ടു കാലമേറെയായി. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന കൈരൡടിവി എന്നേ ആ ചാനലിനെ കണക്കാക്കേണ്ടതുള്ളൂ. കൈരളി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററികള്‍ എത്രത്തോളം സത്യസന്ധമാണെന്നു നമുക്കറിയാമല്ലോ! ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഇന്ദിരാഗാന്ധി പോലും ഭാരതവിരുദ്ധ പ്രചരണം നടത്തുന്നതിന്റെ പേരില്‍ രണ്ടു വര്‍ഷം ബി.ബി.സിക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിത്തന്നെയാണ് അത്തരം സ്ഥാപനങ്ങള്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത്.
ബി.ബി.സി. ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ആശയമാകട്ടെ പറഞ്ഞുപരാജയപ്പെട്ട ഒന്നാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പു വേളയില്‍ ഈ ആശയം പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്. ഗുജറാത്ത് കലാപം പ്രചരണായുധമാക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍, ആരോപണം ഉന്നയിച്ചവര്‍ക്ക് ഗുജറാത്തില്‍ മാത്രമല്ല, ഉത്തരേന്ത്യയിലാകെ തിരിച്ചടി നേരിടുകയാണ് ഉണ്ടായത്. തീയില്ലാതെ എങ്ങനെ പുകയുണ്ടാകുമെന്ന ചോദ്യം ഗുജറാത്ത് ജനത ഉയര്‍ത്തി. വലിയ തോതിലുള്ള ആക്രമണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ട് എന്ന് അവര്‍ ചോദിച്ചു. നരേന്ദ്ര മോദിയെന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിൡച്ചുവരുത്തിയ പ്രത്യേക സേനയുടെ വെടിവെപ്പില്‍ അക്രമാസക്തരായ ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അക്രമികളുമായി രംഗത്തെത്തിയവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നേയുള്ളൂ. എന്നാല്‍, ശക്തമായ നടപടി ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട് എന്ന വസ്തുത വെളിച്ചത്തു വന്നു. ട്രെയിന്‍ കത്തിച്ച സംഭവത്തെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ജനങ്ങള്‍ക്കു ലഭിച്ചു. അയോധ്യാ ദര്‍ശനത്തിനു പോയ കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള ഭക്ത സംഘത്തെ ചുട്ടുകരിച്ചതിനെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച നടന്നു.
ഇനി, ഗുജറാത്തിലെ ഈ സംഭവം കേരളത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു കരുതി ഭാരതത്തിലാകെ ഇതു വലിയ വിഷയമാണെന്നു കരുതരുത്. ബി.ബി.സി. ഡോക്യുമെന്ററി പോലും രാജ്യത്താകമാനം ചര്‍ച്ചാവിഷയമായിട്ടില്ല. ജെ.എന്‍.യുവിലും മറ്റും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും വേണ്ടവിധം വിജയിച്ചില്ല. ജാദവ്പൂരില്‍ പ്രദര്‍ശനം നടന്നിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഹൈദരബാദിലും ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. നമുക്കെല്ലാം മനസ്സിലാകുംവിധമുള്ള ഇക്കോസിസ്റ്റം നിലനില്‍ക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല.
ബി.ബി.സി. അതു വീണ്ടും പൊടി തപ്പിയെടുത്തപ്പോള്‍ ഇപ്പോഴും സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന വിഭാഗങ്ങള്‍ അതേറ്റെടുത്തു എന്നതു വസ്തുതയാണ്. സത്യം പറഞ്ഞാല്‍ ബ്രിട്ടീഷ് പൗണ്ടിന്റെ ബലത്തിലാണു ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബ്രിട്ടീഷുകാരുമായി ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ ചുമതലകള്‍ക്കായി മോസ്‌കോ കേന്ദ്രമായുള്ള രാജ്യാന്തര കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ ഏല്‍പിച്ചത് ബ്രിട്ടനെ ആയിരുന്നു. അതുകൊണ്ടാണ് രജനി പാമേദത്ത് ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അസംഖ്യം പൗണ്ട് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായി നല്‍കിയത്. ആ ബന്ധത്തിന്റെ ഫലമായാണു സ്വാതന്ത്ര്യസമരത്തെ കമ്മ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചത്. ആ വിധേയത്വം കൊണ്ടാണോ, അതോ ഉപബോധ മനസ്സില്‍ കിടക്കുന്ന ഭക്തി കൊണ്ടാണോ എന്നറിയില്ല; ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ ഇപ്പോഴും നിലനില്‍ക്കുന്ന മനസ്സുള്ളതുകൊണ്ടാണോ എന്നും അറിയില്ല. ഏതായാലും, കമ്മ്യൂണിസ്റ്റുകാരും ഒപ്പം ഇസ്ലാമിക ഭീകരവാദികളും ബി.ബി.സി. പോലുള്ള സ്ഥാപനങ്ങളുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇവരില്‍നിന്നു വേറിട്ട അസ്തിത്വമില്ലാത്തതായി അധഃപതിച്ചുപോയിരിക്കുകയാണ് ഭാരതത്തിലെ പ്രതിപക്ഷം. ബൗദ്ധികക്ഷമതയില്ലാത്ത നേതൃത്വമുള്ള അന്തസ്സാരശൂന്യമായ പ്രതിപക്ഷം മറ്റു ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നപ്പോള്‍ അവസരം മുതലെടുക്കാന്‍ ബി.ബി.സി. ശ്രമിച്ചു എന്നേ ഉള്ളൂ. അതു ഗൂഢാലോചനയുടെ ഭാഗവുമാണ്.
ജനങ്ങള്‍ക്ക് അസമയത്തെന്നു തോന്നുന്നുണ്ടാവാം. എന്നാല്‍, ബി.ബി.സിയെ സംബന്ധിച്ചിടത്തോളം അസമയത്തല്ല ഡോക്യുമെന്ററി സംപ്രഷണം നടത്തിയത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ്. ഭാരതത്തിലെ ചില നിര്‍ണായക മുഹൂര്‍ത്തങ്ങൡലാണ് ഇത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നതെന്നും തിരിച്ചറിയണം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചേരുന്നതിനു തൊട്ടു മുന്‍പും നിര്‍ണായക സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിനു മുന്‍പും സര്‍വോപരി പൊതു തിരഞ്ഞെടുപ്പിനു മുന്‍പുമാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ഇതിനൊപ്പം രാഷ്ട്രീയ തന്ത്രങ്ങളും മെനയുന്നുണ്ടാവും. എന്നാല്‍, ഭാരതം അവര്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്തേക്കു വളര്‍ന്നിരിക്കുന്നു. ഭാരതീയതയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചുവരുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രചരണങ്ങളൊന്നും പൊതുബോധത്തെ ബാധിക്കില്ല എന്നതാണ് അനുഭവം.
വിവാദ ഡോക്യുമെന്ററി ബി.ബി.സി. സംപ്രേഷണം ചെയ്ത് അധികം വൈകാതെ ആ ചാനലിന്റെ ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തി. അതും വിവാദമായി. എന്താണു പ്രതികരണം.
♣ബി.ബി.സി. ഡോക്യുമെന്ററി ഭാരതത്തിനോ ഭരണകൂടത്തിനോ എതിരായതുകൊണ്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നു എന്നു കരുതേണ്ടതില്ല. റെയ്ഡ് ചെയ്യുകയല്ല, കണക്കെടുപ്പു നടത്തുകയാണു ചെയ്തതെന്ന് ആദായനികുതി വകുപ്പു തന്നെ വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളായി ബി.ബി.സി. വലിയ തോതില്‍ ആദായനികുതി വെട്ടിപ്പു നടത്തുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. കേന്ദ്ര ഭരണകൂടവും കേന്ദ്ര ഏജന്‍സികളും മുമ്പുള്ളതിലും വളരെ ശക്തമായി വേണ്ടവിധത്തില്‍ അധികാരം ഉപയോഗിക്കുന്നുണ്ട് എന്നതു വ്യക്തമാണ്. നിയമത്തിനു വിധേയമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഒരു പരിഗണനയും കൂടാതെയും ഒരുതരത്തിലുള്ള ഇടപെടലിനും വഴിപ്പെടാതെയും നടപ്പാക്കുന്നുണ്ട്. നികുതി സമാഹരണത്തില്‍ത്തന്നെ അതു പ്രകടമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നികുതി വരുമാനത്തിലുണ്ടായിട്ടുള്ള വര്‍ദ്ധന നോക്കൂ. ഇത്തരത്തില്‍ വരുമാനം കൂടുന്നത് നികുതിവെട്ടിപ്പു തടയാന്‍ സാധിക്കുന്നതുകൊണ്ടാണ്. പ്രീണനം തുടരുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും നികുതി പിരിക്കല്‍ വേണ്ടതുപോലെ നടക്കുന്നില്ല എന്നതു വസ്തുതയുമാണ്. കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഉണ്ടായ നികുതി വരുമാനത്തിലെ ഇടിവിനെക്കുറിച്ചുള്ള കണക്ക് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമ്പോള്‍ സ്വാഭാവികമായിട്ടും ഇത്തരം അന്വേഷണങ്ങളും പരിശോധനകളും നടക്കും. ബി.ബി.സിയില്‍ പരിശോധന നടത്തുന്നത് ഇതാദ്യമല്ല താനും. ഇപ്പോള്‍ മാത്രം പരിശോധന വലിയ വാര്‍ത്തയാക്കാന്‍ ശ്രമമുണ്ടായി എന്നേ ഉള്ളൂ. കൈക്കൊണ്ട നടപടിയാകട്ടെ, ഒരര്‍ത്ഥത്തിലും പകപോക്കലോ ഡോക്യുമെന്ററി തയ്യാറാക്കിയാല്‍ കുടുക്കിക്കളയും എന്നു പ്രഖ്യാപിക്കലോ അല്ല. കുടുക്കാനാണെങ്കില്‍ മറ്റെന്തൊക്കെ വഴികള്‍ തേടാം? ഇപ്പോഴത്തെ സാഹചര്യം നിയമപരമായി ചെയ്യേണ്ടതു ചെയ്യും എന്നതു മാത്രമാണ്. നിയമവിരുദ്ധമായി വല്ലതും നടക്കുന്നുണ്ടോ എന്നറിയാന്‍ അധികൃതര്‍ ‘കേസരി’യിലും വന്നേക്കാം! ഭാരതത്തിലാകമാനം സംഘപ്രസ്ഥാനത്തോടോ ദേശീയ പ്രസ്ഥാനത്തോടോ ചേര്‍ന്നുനില്‍ക്കുന്നു എന്നു പറയുന്ന വലിയ സമ്പന്നരുടെ ആസ്ഥാനങ്ങളിലും റെയ്ഡും അന്വേഷണങ്ങളുമൊക്കെ നടന്നിട്ടുണ്ട്. എന്റെ പക്ഷം, എതിര്‍പക്ഷം എന്ന നിലയില്‍ ചെയ്യുന്നതായി എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ചിലര്‍ അത്തരം പ്രചരണങ്ങള്‍ നടത്തുന്നു, അഥവാ നടത്താന്‍ ശ്രമിക്കുന്നു എന്നു മാത്രമേ ഉള്ളൂ.
കേരളത്തിലെ മാധ്യമങ്ങളില്‍, ഉദാഹരണത്തിന് മംഗളം, അല്ലെങ്കില്‍ ഏഷ്യാനെറ്റ് എന്നിവിടങ്ങളിലൊക്കെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതു നാം ചര്‍ച്ച ചെയ്യുന്നതേയില്ല. അല്‍പ്പനാളുകള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിവന്നു. അദ്ദേഹം അന്വേഷണത്തെ നേരിടുകയാണ്. എന്തു കുറ്റം ചെയ്തതിന്റെ പേരില്‍? ഇവിടത്തെ ഭരണാധികാരികളെക്കുറിച്ചു ചാനല്‍ചര്‍ച്ച നടത്തുമ്പോള്‍ ചില പദപ്രയോഗങ്ങള്‍ നടത്തിയതാണത്രെ കാരണം. എന്താണു കുറ്റകൃത്യമെന്നു പോലും ആര്‍ക്കും വ്യക്തമാകുന്നില്ല. ഏജന്‍സികളെ വെച്ചു രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നവര്‍ക്കാണ് സത്യസന്ധമായ അന്വേഷണങ്ങള്‍ തങ്ങള്‍ നടത്തുന്നതു പോലെയുള്ള തെറ്റായ പ്രവര്‍ത്തനമായിരിക്കുമെന്ന സംശയമുള്ളത്. അതനുസരിച്ചു പ്രചരണം നടത്തുന്നു എന്നതിനപ്പുറം ഒരു സാധുതയുമില്ല.
(തുടരും)