സുമാര്‍ ഇരുപത് അടി നീളവും പന്ത്രണ്ട് അടി വീതിയുള്ള പാലവും അപ്രോച്ച് റോഡും വെടിപ്പായി പണിചെയ്യുവാന്‍ മൊത്തം ചിലവും കൈക്കൂലിയും നോക്കുകൂലിയും നാട്ടുനടപ്പും ചേര്‍ത്ത് പതിനാലുകോടി ഇന്ത്യന്‍ റുപ്പി ഉറപ്പിച്ച് കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ കോങ്കണ്ണിയല്ലാത്ത മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭനാകുമാരി ഏറുകണ്ണിട്ട് ചന്ദ്രപ്പനെയൊന്ന് പാളിനോക്കി. ആ നോട്ടത്തില്‍ കൃത്യമായ കണക്കും അതിന്റെ സത്യസന്ധമായ വീതം വയ്പ്പും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ പൊതുമരാമത്ത് എഞ്ചിനീയര്‍ തോമസ് കുട്ടിയും പ്രതിപക്ഷനേതാവ് രാജന്‍കുട്ടിയും ചെറുപുഞ്ചിരി അടക്കം ചെയ്ത ശവപ്പെട്ടിപോലെ സീനിനെ കൊഴുപ്പിച്ചു. പതിനാലു കോടിയില്‍ കോഴ കഴിച്ച് കിട്ടുന്ന നാലേമുക്കാല്‍ കോടിയില്‍ ഇളയമോളുടെ മെഡിക്കല്‍ കോളേജിലെ ഫീസും അവക്കുമേലെ മീശകറുത്തു കുറ്റിയായ പുന്നാരമോന്റെ സിംഗപ്പൂര്‍ പഠനത്തിന്റെ 26 ലക്ഷവും ബെന്‍സിന്റെ സിസിയും ബമ്പര്‍ റ്റു ബമ്പര്‍ ഇന്‍ഷുറന്‍സ് തുകയും ചേര്‍ത്ത് ഏകദേശക്കണക്ക് 60 ലക്ഷവും ചന്ദ്രപ്പന്റെ വട്ടച്ചിലവ് 15 ലക്ഷവും ചേര്‍ത്ത് 75 ലക്ഷം കുറച്ച് 4 കോടി രൂപ പാലത്തിനും അപ്രോച്ച് റോഡിനും നീക്കിയിരുത്തി വെടിപ്പായി ചെയ്യുവാന്‍ ചന്ദ്രപ്പന്‍ ഉറപ്പിച്ചു. തീവെട്ടിക്കൊള്ള നടത്തിനേടിയ പാലം വിഴുങ്ങിയെന്ന ചീത്തപ്പേര് മാറ്റി കോഴിക്കടവ് പാലത്തിലൂടെ നാലുകോടിയുടെ കോടിക്കിലുക്കത്തില്‍ സാമാന്യം നല്ലൊരു പാലം പണിത് പകല്‍ മാന്യനായാല്‍ പുരനിറഞ്ഞ പെണ്ണിന് നല്ലൊരു ചെക്കനേയും മരംചാടി പയ്യന് തുട്ടുള്ള ഒരു പെണ്ണിനേയും ഒപ്പിക്കാം. കഴിഞ്ഞയാഴ്ച ദല്ലാള്‍ സുധാകരന്‍ നായരെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. മെറ്റലിനും മണലിനും കമ്പിക്കും വിലകൂടിയതും, മണ്ണിന് തട്ടായതും ചിലവിന്റെ കാര്യത്തില്‍ വരുത്തിയ വര്‍ദ്ധനയും പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ആരോഗ്യത്തെ സാരമായി ബാധിക്കരുത് എന്ന ദൃഢനിശ്ചയം ചന്ദ്രപ്പന്‍ കൂടെക്കൂടെ നടത്തി. എന്നാല്‍ മനുഷ്യന്‍ എത്ര കണക്കുകൂട്ടിയാലും ദൈവം തനിക്ക് തോന്നുന്നതുപോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ചന്ദ്രപ്പന് എന്ത് ചെയ്യാനാകും. ആ ദൈവദത്തമായ പാര ചന്ദ്രപ്പനെ പേഴ്‌സണലായും പാലത്തെ പ്രത്യേകമായും ബാധിച്ചു. പാലത്തിന്റെ മൂന്നു തൂണുകള്‍ നിര്‍മ്മിച്ച് പാലം വാര്‍ക്കാനായി മെറ്റലും മണലും ഇറക്കിതീര്‍ന്നപ്പോഴാണ് വിളിക്കാത്ത സമയത്ത് വേണ്ടാത്ത മഴ പെരുമഴയായത്. മഴയോടു മഴയില്‍ കേരളം മുങ്ങിയപ്പോഴാണ് അടച്ചിട്ടിരുന്ന ഡാമുകളെല്ലാം സര്‍ക്കാര്‍ രാത്രിയില്‍ തുറന്നു വിട്ടത്. നാട്ടുകാരെ കൊന്നും വീടായ വീടെല്ലാം വെള്ളത്തില്‍ മുക്കിയും തിമിര്‍ത്താടിയ മഴ പാലത്തിന്റെ മൂന്നു തൂണുകള്‍ പിഴുതെടുത്തു. മാത്രമല്ല ചന്ദ്രപ്പന്‍ മുതലാളിയുടെ കോഴഞ്ചേരിയിലും റാന്നിയിലുമുള്ള രണ്ട് മണിമാളികകളേയും വെള്ളം ഗാഢമായി ചുംബിച്ചു. ആ ചുംബനവും അതുണ്ടാക്കിയ കഷ്ടനഷ്ടങ്ങളും കുറേ ലക്ഷങ്ങള്‍ വിഴുങ്ങി. സ്വതേ ചീത്തപ്പേരുള്ള പി.ഡബ്‌ള്യു.ഡി കോണ്‍ട്രാക്‌റായതിനാല്‍ തൂണുകള്‍ തകര്‍ന്നതിന്റെ പഴിയും ചന്ദ്രപ്പന്റെ തോളിലായി. പങ്ക് കച്ചവടക്കാരായ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും എഞ്ചിനീയര്‍ തോമസ് കുട്ടിയും പ്രതിപക്ഷപുംഗവന്‍ രാജന്‍ കുട്ടിയും ചന്ദ്രപ്പനെ, വാങ്ങിച്ച തുട്ടുകളുടെ നന്ദി കാട്ടാതെ തട്ടിയുരുട്ടി. നാട്ടുകാരും ആക്റ്റിവിസ്റ്റുകളും യൂട്യൂബിലെ കൃമികീടങ്ങളും കോഴിക്കടവ് പാലത്തിന്റെ തൂണുകളെ പാമ്പന്‍ പാലത്തോളം വളര്‍ത്തി. കാലക്കേടിന് അതിബുദ്ധികാണിച്ചതിന് പുറത്താക്കിയ ഓവര്‍സിയര്‍ മണിക്കുട്ടന്‍ യൂട്യൂബില്‍ സാക്ഷ്യം പറഞ്ഞു. അങ്ങനെ ശബരിമല ശാസ്താവൊഴിച്ച് സകല മനുഷ്യരും മനുഷ്യദൈവങ്ങളും ചന്ദ്രപ്പന് എതിരായി. അയ്യപ്പന്റെ കാര്യത്തില്‍ ഒരു ഉറപ്പ് പറയാന്‍ ചന്ദ്രപ്പന് പറ്റില്ലല്ലോ. സ്ത്രീപ്രവേശനപ്രക്ഷോഭത്തില്‍ ചില ബില്ലുകള്‍ മാറിക്കിട്ടാനായി അയ്യപ്പനെതിരെ നിലകൊണ്ടതും നവോത്ഥാനച്ചങ്ങലയെ ആളും അര്‍ത്ഥവും നല്‍കി സഹായിച്ചതും കലിയുഗവരദന്‍ മറക്കുമോ? തന്നെ പാരവച്ചവന്‍ എ ക്ലാസ്സ് കോണ്‍ട്രാക്റ്ററായാലും അവന് തട്ടുകേടുവരുമ്പോള്‍ സഹായിക്കാന്‍ ദൈവം അത്രമഹാനൊന്നുമല്ല എന്നാണ് മാനിഫെസ്റ്റോ പഠിപ്പിച്ചിരിക്കുന്നതും. ഒരു ഏനക്കേട് വരുമ്പോള്‍ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കുവാന്‍ അയ്യപ്പന് മനഃസ്താപമില്ലല്ലോ.
ആ ദ്രോഹത്തിന്റെ തുടര്‍ക്കഥയാണ് പിന്നെ ഉണ്ടായത്. തിരുവല്ലാക്കാരന്‍ ഒരു ഈപ്പനും തിരുവനന്തപുരത്തുള്ള ഒരു യൂട്യൂബ് ചാനലും ചന്ദ്രപ്പനെ സ്വന്തമായി ഏറ്റെടുത്തു. പി.ഡബ്ല്യു.ഡിയില്‍ സകല കോണ്‍ട്രാക്റ്റര്‍മാരും കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും എന്തിലും കൈയിട്ടുവാരുന്ന രാഷ്ട്രീയക്കാരും ചെയ്ത, ചെയ്യുന്ന സകല തോന്ന്യവാസങ്ങളും റാന്നി മരച്ചീനിവിളയില്‍ കോരന്റെ മകന്‍ ചന്ദ്രപ്പനില്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയ ചന്ദ്രപ്പനെ കടിച്ചു കുടഞ്ഞ് തോട്ടിലെറിഞ്ഞു. അരിശം തീരാത്തവര്‍ പച്ചജീവനോടെ കോരന്റെ മകനെ കടലില്‍ത്താഴ്ത്തി. കൈക്കൂലി വാങ്ങി നക്കിയ സകല എമ്പോക്കികളും കൂടി 116 കോടി രൂപയുടെ ബില്ലുകള്‍ തടഞ്ഞുവച്ചു. മാത്രമല്ല ആറ് പാലങ്ങളുടേയും 16 റോഡുകളുടെയും പണിയില്‍ ക്രമക്കേട് ആരോപിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ 7 എണ്ണം വിവിധ കോടതികളില്‍ ഫയല്‍ ചെയ്തു.
കൈക്കൂലി വാങ്ങിയ സകല എമ്പോക്കികളേയും പോയിക്കണ്ടു. വിരട്ടേണ്ടവരോട് വിരട്ടിയും കാലുപിടിക്കേണ്ടവരുടെ കാലില്‍ വീണും മാസങ്ങള്‍ കഴിഞ്ഞു. രണ്ടു കേസില്‍ ജയിലില്‍ പോയി. എല്ലാ കേസിലും ജാമ്യം എടുത്തു. ഒടുക്കം ഗതികെട്ട് കഴിഞ്ഞമാസം കോടതിയില്‍ 164 കൊടുത്തു. രാഘവന്‍ വക്കീലിന്റെ ഇടപാടില്‍ രഹസ്യമൊഴിയാണ് കൊടുത്തത്. കോഴിക്കോടുകാരന്‍ ഒരു പ്രദീപ് കൈമളാണ് മജിസ്‌ട്രേറ്റ്. വക്കീല്‍ പരീക്ഷ പാസ്സായവനാണെങ്കിലും കണ്ടാല്‍ അസല്‍ ദോശപ്പട്ടര്‍. ചുണ്ടില്‍ ഒരു ആക്കിച്ചിരി. ഞാന്‍ പറഞ്ഞ മൊഴിയെല്ലാം വള്ളിപുള്ളി തെറ്റാതെ നിസ്സംഗനായി എഴുതിയെടുത്തു. ഞാന്‍ നിര്‍ത്തുമ്പോള്‍ എന്റെ മുഖത്തേക്ക് നോക്കി ആക്കിയൊന്ന് ചിരിക്കും. ഞാന്‍ വീണ്ടും തുടരുമ്പോള്‍ വീണ്ടും കുനിഞ്ഞിരുന്ന് എഴുതും. ഈ തനിയാവര്‍ത്തനം കുറേ നേരം നീണ്ടു. ഒടുവില്‍ സകല കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരുടേയും മന്ത്രി തുടങ്ങി പഞ്ചായത്ത് മെമ്പര്‍വരെ നീളുന്ന രാഷ്ട്രീയക്കാരുടേയും ട്രൗസര്‍ ഊരി ഞാന്‍ തളര്‍ന്നിരുന്നു. പട്ടര്‍ വട്ടക്കണ്ണാടി ഉയര്‍ത്തി എന്നോടു ചോദിച്ചു.
‘ചന്ദ്രപ്പന് വെള്ളം വേണോ?’
വറ്റിവരണ്ട തൊണ്ട കോടതിയെന്ന് ഓര്‍ക്കാതെ വേണമെന്ന് പറഞ്ഞു.
പട്ടര്‍ സ്വന്തം ബാഗ് തുറന്ന് ഒരു കുപ്പിവെള്ളം എടുത്തു നീട്ടി. അയിത്തവും ജാതിവെറിയുമില്ലാത്ത പട്ടര്‍ കമ്മ്യൂണിസ്റ്റാണോ എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ചു.
അപ്പോള്‍ തന്നെ മാലതിയുടെ മറുപടി മനസ്സില്‍ തിരയടിച്ചു.
‘മനുഷ്യാ, ഈ കമ്മ്യൂണിസം കുറച്ച് പീറ അണികളുടെ മനോവിഭ്രാന്തിയാണ്. ആ ചത്തകുതിരയുടെ പുറത്തിരുന്ന് കൊടിപിടിക്കുന്ന നേതാക്കന്മാര്‍ വര്‍ഗ്ഗവഞ്ചകരാണ്.’
നിന്റെ തന്ത രാഘവനോടീ എന്ന് നാക്കു വളഞ്ഞു വന്നതാണ്. ആ വാക്കുകള്‍ വായിലിട്ട് ലേശം വെള്ളം ഒഴിച്ചു. രാഷ്ട്രീയത്തില്‍ ജനിച്ച് വളര്‍ന്നവളാണ്. അവളെ കള്ള് ഒഴിപ്പുകാരന്റെ മകന്‍ രാഷ്ട്രീയം പഠിപ്പിക്കണ്ടല്ലോ.
വെള്ളം ഇറക്കി തീര്‍ന്ന് കുപ്പി ഞാന്‍ വിനയപൂര്‍വ്വം വച്ചു.
പട്ടര്‍ തുടര്‍ന്നു.
‘ചന്ദ്രപ്പന്‍ പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. എല്ലാം ഒന്നുകൂടി വായിച്ച് ബോധ്യപ്പെട്ടാല്‍ ഒപ്പിട്ടു തരാ
ം.’
ഞാന്‍ വിറയ്ക്കുന്ന കൈകളാല്‍ പേപ്പറുകള്‍ വാങ്ങിച്ചു.
‘മൊഴികള്‍ ജോറായിട്ടുണ്ട്, എന്നാല്‍ ഈ മൊഴികള്‍ക്ക് ശേഷം ജീവിതം താറുമാറാകും.’
പട്ടര്‍ അതു പറഞ്ഞ് ചെറുതായി ചിരിച്ചു.
‘സാര്‍ എല്ലാ വാക്കുകളും സത്യം.’
‘ചന്ദ്രപ്പന് സത്യത്തിന്റെ അപകടം അറിയില്ലേ. രാഘവന്‍ സഖാവിന്റെ മകള്‍ മാലതിച്ചേച്ചി പറഞ്ഞു തന്നിട്ടില്ലേ.’
ഞാന്‍ പട്ടരുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
‘ചന്ദ്രപ്പാ, ഈ അഴിമതി രാഷ്ട്രത്തിന്റെ ശരീരം. മീഡിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോടതിയും ചേര്‍ന്ന് നിലനിര്‍ത്തുന്ന രാഷ്ട്രശരീരം. നാലു തൂണുകള്‍ ചുമക്കുന്ന നീതിയുടെ ശവം അഴിമതി. അതിനെതിരെ കാമ്പുള്ള ഭാഷയില്‍ പറയുന്നവന് മരണമോ, ജയിലോ ,ഭ്രാന്തോ ഈ നാലുതൂണുകളും സമ്മാനമായി നല്‍കും.’
‘ഈ മൊഴി എന്റെ മരണ മൊഴിയാണ് സാര്‍.’
‘ഇത്തരം ആത്മാഹൂതികള്‍ സമൂഹത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കാം. ചെറിയ ചില ചലനങ്ങള്‍. സത്യത്തില്‍ നമ്മുടെ സമൂഹത്തിന്റെ പൊതുബോധവും ധര്‍മ്മബോധവും മരിച്ചു പോയില്ലേ. മരിച്ചിട്ടും ചീയാതെ ഫ്രീസറിലിരിക്കുന്ന ശവങ്ങളല്ലേ പൊതുബോധവും ഈ സമൂഹവും.’
‘ ഈ മൊഴി എന്റെ മരണവാറന്റ് ആണോ സാര്‍.’
‘ഒറ്റനോട്ടത്തില്‍ അതാണ്. എന്നാല്‍ മിസ്റ്റര്‍ ചന്ദ്രപ്പന്‍ നിങ്ങള്‍ ഒരിക്കല്‍ മരിച്ചതല്ലേ. ഇനി നിങ്ങള്‍ക്ക് വീണ്ടും മരിക്കാനാവില്ല, മറിച്ച് ജീവിച്ചു വരാനേയാകൂ.’
പട്ടരു പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് തിരിഞ്ഞില്ല. എങ്കിലും ആ മൊഴികള്‍ ഞാന്‍ വായിച്ചു ഒപ്പിട്ടു.
164 കൊണ്ട് എനിക്ക് എന്തെങ്കിലും തട്ടുകേട് വന്നതാണോ എന്നറിയില്ല. എന്നാല്‍ 164 ന് ശേഷം എന്റെ ജീവിതം ഒരു ഷാജി കൈലാസ് പടം പോലെയായി. കണ്ണൂരു പഠിക്കുന്ന മോള് കൂടെ പഠിക്കുന്ന ഒരു പയ്യനുമായി പ്രേമമായിരുന്നു എന്ന വിവരം എനിക്കറിയില്ല. ആ പ്രേമം തകര്‍ക്കാനായി ഞാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കി അവനെ വയനാട് വച്ച് തീര്‍ത്തുകളഞ്ഞു എന്ന വിവരവും ക്രൈംബ്രാഞ്ചുകാരാണ് പറഞ്ഞത്. എസ്.പി ഹരികൃഷ്ണന്‍ പറഞ്ഞത് എന്റെ അക്കൗണ്ടില്‍ നിന്നും 5 ലക്ഷം പുലിപ്പാറ രാജുവിന് കൊടുത്തതായി രേഖയുണ്ട് എന്നാണ്. സത്യത്തില്‍ പുലിപ്പാറ രാജുവിനെ ഞാന്‍ വിളിച്ചു എന്നു പറയുന്ന ഫോണ്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മൂന്നു മാസം മുമ്പ് എന്റെ പേരില്‍ എടുത്തതാണ് ആ നമ്പര്‍. അവന് 5 ലക്ഷം കൊടുത്തത് എന്റെ അക്കൗണ്ടില്‍ നിന്നാണ്. എന്നാല്‍ കോട്ടയം യൂണിയന്‍ ബാങ്കില്‍ ആ അക്കൗണ്ട് ഞാന്‍ എടുത്തിട്ടില്ല.
സത്യത്തില്‍ ഇപ്പോള്‍ മാലിനിയും പിങ്കിമോളും വിചാരിക്കുന്നത് ബഷീറിനെ ഞാന്‍ തീര്‍ത്തെന്നാണ്. കഴിഞ്ഞയാഴ്ച ജയിലില്‍ വന്നപ്പോള്‍ പിങ്കി പറഞ്ഞതില്‍ നിന്ന് എന്താണ് ഞാന്‍ തിരിച്ചറിയേണ്ടത്.
‘അച്ഛാ, ബഷീറിനോട് എനിക്ക് ചെറിയ ക്രഷ് ഉണ്ടായിരുന്നു. പക്ഷേ അത് ഒരു വര്‍ഷം മുമ്പായിരുന്നു. ഇപ്പോള്‍ അവന്‍ ഒരു തങ്ങള്‍ കുടുംബത്തിലെ ഫാത്തിമയുമായി ലോക്ഡാണ്. പിന്നെ ഈയിടയ്ക്ക് വയനാട്ടിലുള്ള ഒരു രാഷ്ട്രീയക്കാരന്റെ മകളുമായി അടുത്തു. അച്ഛന്‍ വെറുതേ ഇതിനിടയില്‍ തലയിടണ്ടായിരുന്നു.’
ഞാന്‍ ഒന്നും പറഞ്ഞില്ല. പാലം പണിപോലെ റോഡ് പണിപോലെ അത്ര നിസ്സാരമല്ല രാഷ്ട്രീയം. രാഷ്ട്രീയത്തിലെ ചുഴികളും ചുറ്റുകളും നിവര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ചുഴിയില്‍ മുങ്ങി മരിക്കുകയാണ് വിധി.
കൈമള്‍ മജിസ്‌ട്രേറ്റ് പറഞ്ഞതിന്റെ പൊരുള്‍ തിരിഞ്ഞപ്പോഴേക്കും കീഴ്‌ക്കോടതി എന്റെ കുറ്റം സ്ഥിരീകരിച്ചു. നാളെ ശിക്ഷ വിധിക്കും. ചിലപ്പോള്‍ വധശിക്ഷ, എന്തായാലും ജീവപര്യന്തം ഉറപ്പ്.