അകം കറുക്കാത്ത മനുഷ്യനെത്തേടി
നടക്കയാണ് ഞാന്‍ വളരെനാളായി
പുറത്ത് പുഞ്ചിരിപൊഴിക്കുവോരുടെ
അടുത്ത് ചെന്ന് ഞാന്‍
അകത്ത് നോക്കവെ
കറുത്ത കൂരിരുള്‍ മുരള്‍ച്ച കേട്ടു ഞാന്‍
ഭയന്നു പിന്‍മാറി അവിടം വിട്ടുപോയ്
അകം കറുക്കാത്ത മനുഷ്യനെത്തേടി
നടക്കയാണ് ഞാന്‍ വളരെനാളായി
വചനതീര്‍ത്ഥത്തില്‍ കുളിച്ചുനിന്നൊരാള്‍
മൊഴിഞ്ഞ വാക്കിന്റെ നിജസ്ഥിതിതേടി
അരികില്‍ ചെന്നുഞാന്‍
ചെവികൂര്‍പ്പിച്ചപ്പോള്‍
കപടനാടകമൊഴിമുഴങ്ങുന്നു.
അകം കറുക്കാത്ത മനുഷ്യനെത്തേടി
നടക്കയാണ് ഞാന്‍ വളരെനാളായി
സമര്‍ത്ഥനായൊരാള്‍ പറഞ്ഞ ജീവിത-
വഴിയിലൂടെ ഞാന്‍
നടന്നുപോയപ്പോള്‍
കരിമൂര്‍ഖന്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നു
കുരച്ച് പിന്നാലെ വരുന്നു ചെന്നായ്ക്കള്‍.
അകം കറുക്കാത്ത മനുഷ്യനെത്തേടി
നടക്കയാണ് ഞാന്‍ വളരെനാളായി
ഒടുവില്‍ ക്ഷീണിച്ച് അവശനായ ഞാന്‍
വഴിവക്കില്‍ കണ്ട പ്രതിമതന്‍ മുന്നില്‍
നമസ്‌കരിച്ചെന്റെ വ്യഥ പറഞ്ഞപ്പോള്‍
വടിയൂന്നി നിന്ന് ഘടിയില്‍ നോക്കിയാ-
പടുവൃദ്ധന്‍ നഗ്നശിരസ്സുയര്‍ത്തിക്കൊ-
ണ്ടകമേ കാരുണ്യകഷായ വര്‍ഷത്താല്‍
വിരിമാറില്‍ വീണവെടിത്തുളകാട്ടി
ഹരേറാമെന്ന് മൊഴിഞ്ഞ് പിന്‍മാറി.