പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പേ വിമര്‍ശനങ്ങളും വിലക്കുകളും ഏറ്റുവാങ്ങേണ്ടി വന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ റിലീസ് വരെ നിരന്തരമായ ആക്രമണങ്ങളാണ് സിനിമയ്‌ക്കെതിരെ നടന്നത്. ഏറ്റവുമൊടുവിലായി ‘കേരള സ്റ്റോറി’യുടെ നിര്‍മ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണം എന്ന് ജിതേന്ദ്ര അവഹാദ് എന്ന എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ആളുടെ പ്രസ്താവന കൂടി പുറത്തു വന്നിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമയെക്കുറിച്ച് നടന്ന ചര്‍ച്ചകളുടെ തീവ്രത വളരെ വലുതായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്തമായ പരിപാടികളിലൂടെ ഈ സിനിമയെ പലതരത്തിലാണ് ആക്രമിച്ചത്. മലയാളത്തിലെ ഓണ്‍ലൈന്‍ സിനിമ നിരൂപകര്‍ പോലും സിനിമയെക്കുറിച്ച് ഒരു നല്ല വാക്ക് പറയാന്‍ തയ്യാറായില്ല.
സിനിമ എന്ന മാധ്യമം ഇന്നത്തെ സാഹചര്യത്തില്‍ മറ്റേതൊരു കലയേക്കാളും, കലാ മധ്യമത്തേക്കാളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും, വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഒടിടി കൂടി എത്തിയപ്പോഴേക്കും സിനിമയുടെ എണ്ണം, അതിന്റെ വ്യാപ്തി എന്നിവ വര്‍ദ്ധിക്കുകയും, എല്ലാവിധ അതിരുകളും കടന്ന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള കാഴ്ചക്കാരനും ഏതു സിനിമയും കാണാനുള്ള അവസരം ഒരുങ്ങുകയും ചെയ്തു. അടുത്ത കാലത്ത് മിന്നല്‍ മുരളി എന്ന സിനിമ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ സിനിമ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടും ചര്‍ച്ചകളും അതിര്‍ത്തികള്‍ കടന്നു പോകുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ ഇത്രയധികം എതിര്‍ക്കപ്പെടുന്നതും. സിനിമ ചര്‍ച്ചയാകുമ്പോള്‍ അതുവഴി സിനിമയുടെ രാഷ്ട്രീയവും ചര്‍ച്ചയാകും എന്ന് എതിര്‍ക്കുന്നവര്‍ ഭയപ്പെടുന്നു.
കേരളത്തില്‍ മതപരിവര്‍ത്തനം വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അത് സത്യമല്ലെന്ന് വാദിക്കുന്നവര്‍ക്ക് ഗൂഢോദ്ദേശ്യങ്ങളുണ്ട്. കേരളത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ചിലര്‍ ഐഎസിലേക്ക് പോയിട്ടുണ്ട് എന്നതിന് നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ് തുടങ്ങി ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഈ സിനിമയെ എതിര്‍ക്കുന്നവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്. ഇവിടെ മതപരിവര്‍ത്തനം നടക്കുന്നില്ലെന്നാണോ? അതോ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരിലാരും ഐഎസിലേക്ക് പോയിട്ടില്ല എന്നോ? അതോ സിനിമയുടെ ട്രെയിലറില്‍ പറയുന്ന 32000 എന്ന കണക്ക് തെറ്റാണ് എന്നോ? ഏതായാലും ഒന്നു ശരിയാണ്. കേരളത്തില്‍ മതപരിവര്‍ത്തനം നടത്തി ഐഎസിലേക്ക് പെണ്‍കുട്ടികള്‍ പോയിട്ടുണ്ട്, പറയുന്ന കണക്കില്‍ മാത്രമാണ് തര്‍ക്കം. അപ്പോള്‍ സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയം സത്യമാണ് എന്നത് എതിര്‍ക്കുന്നവരും സമ്മതിക്കുന്നുണ്ട്. ചര്‍ച്ചയെ കണക്കുകളിലേക്ക് മാത്രമായി ചുരുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സിനിമയില്‍ ഒരിടത്ത് ഇതിന്റെ കണക്ക് കൃത്യമായ തെളിവ് ചൂണ്ടിതന്നെ പറയുന്നുണ്ട്. വര്‍ഷം 3000 ലധികം പേര്‍ മതം മാറുന്നു എന്ന്. എന്‍ഐഎ, ഐബി എന്നീ ഏജന്‍സികള്‍ നടത്തുന്ന ഓപ്പറേഷന്‍ പീജിയന്‍ (Pigeon) എന്ന പദ്ധതിയിലൂടെ കേരള പൊലീസിന്റെ കൂടി സഹായത്തോടെ 350 ല്‍ അധികം യുവാക്കളെയാണ് തീവ്രവാദ ആശയത്തില്‍ നിന്നു പിന്തിരിപ്പിച്ചത്. ഇതൊക്കെ സത്യമായി തന്നെ നമ്മുടെ മുന്നില്‍ ഉണ്ട്.
പ്രണയം അനശ്വരമാണ്, അതില്‍ മതമില്ല, ജാതിയില്ല, അതിര്‍ത്തികള്‍ ഇല്ല എന്നൊക്കെ പറയുന്നവര്‍ തന്നെ, പ്രണയിച്ചു കഴിയുമ്പോള്‍, കല്യാണം കഴിക്കേണ്ടി വരുമ്പോള്‍ മതം മാറേണ്ടി വരുന്നതാണ് പ്രശ്‌നം. ‘നീ എന്റെ മതത്തിലേക്ക് മാറണം’ എന്ന നിര്‍ബന്ധത്തിലേക്കു വരുമ്പോള്‍ ആണ് പ്രണയത്തിന്റെ അനശ്വരതയും ആത്മാര്‍ത്ഥതയും അതിന്റെ കപടതയും രാഷ്ട്രീയവും ഒക്കെ അന്വേഷിക്കേണ്ടി വരുന്നത്. ഇതിനെ പ്രണയം എന്നു വിളിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ മറവില്‍ അതിനെ 18 വയസ്സ് കഴിഞ്ഞ വ്യക്തിയുടെ ‘ചോയ്‌സ്’ ആയി മാത്രമേ കോടതിക്ക് നിര്‍വ്വചിക്കാന്‍ സാധിക്കൂ എന്നിടത്ത് ഈ വിഷയം അവസാനിക്കുന്നില്ല. മറിച്ച് നേരത്തെ ഉള്ള ചോദ്യം അപ്പോഴും അവിടെ അവശേഷിക്കും. അതുപോലെ മതപരിവര്‍ത്തനത്തിന്റെ കണക്കില്‍ തെറ്റില്ല. പക്ഷെ അത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല (Forced conversion) മറിച്ച് ഇസ്ലാമിക മൂല്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് സ്വമേധയാ മാറിയതാണ് എന്നാണ് ഒരു പക്ഷം. സ്വന്തം മതത്തിലും സംസ്‌കൃതിയിലും അഭിമാനമില്ലാത്ത ഒരു യുവതയെ മരണം കഴിഞ്ഞുള്ള ജീവിതത്തിന്റെ സുഖങ്ങളെക്കുറിച്ചും ഹിജാബ് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും ഒക്കെ വിശദീകരിച്ച് ഇസ്ലാം മതത്തിലേക്ക് വശീകരിക്കുന്ന തന്ത്രങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. സിറിയയിലൂടെ ഒഴുകുന്ന നദികളുടെ കരയ്ക്ക് നിലാവ് കണ്ടു പ്രണയം ആസ്വദിക്കാന്‍ പോയവരുടെ നരക തുല്യമായ ജീവിതവും നമുക്ക് ഈ സിനിമയില്‍ കാണാം.
കേരളത്തില്‍ ലൗ ജിഹാദ് വിഷയം ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത സമയത്ത് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കപ്പുറം കൃത്രിമമായി ഒന്നും ഈ സിനിമയില്‍ കാണാന്‍ സാധിക്കില്ല. കൂടാതെ അതില്‍ ഇസ്ലാം മതത്തെ ഒരിടത്തും മോശമായി ചിത്രീകരിക്കുന്നുമില്ല. സിനിമയില്‍ ഐഎസിന്റെ വക്താക്കളായി കാണിക്കുന്ന വ്യക്തികള്‍ക്ക് അപ്പുറത്തേക്ക് ഇസ്ലാം മതത്തിലേക്കോ അതിന്റെ ചട്ടക്കൂടിലേക്കോ ഒന്നും സിനിമ കടന്നു ചെല്ലുന്നില്ല, അതിനെയൊന്നും അത് വിമര്‍ശനവിഷയമാക്കുന്നില്ല. എന്തിനു ഐഎസിന്റെ വക്താക്കളായി പെണ്‍കുട്ടികളെ മതം മാറ്റുന്ന ഒരു സ്ഥാപനത്തിനപ്പുറം ഒരു മതസ്ഥാപനത്തെ പോലും അതില്‍ കാണിക്കുന്നില്ല. കേരളത്തിലെ ഏതെങ്കിലുമൊരു മതസ്ഥാപനമോ മതവിശ്വാസിയോ ഇതിനെ അനൂകൂലിക്കുന്നതായോ, ഇതിനു സഹായം ചെയ്യുന്നതായോ പോലും സിനിമയില്‍ വരുന്നില്ല. മറിച്ച് ഐഎസ് അല്ലെങ്കില്‍ അത്തരം തീവ്രവാദ സംഘടനകളില്‍ ഒതുങ്ങിയാണ് സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സിനിമയുടെ ഉദ്ദേശ്യം ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുകയല്ല മറിച്ച് തീവ്രവാദത്തെ എതിര്‍ക്കുക മാത്രമാണെന്ന് വ്യക്തം. ഐഎസിന്റെ വക്താക്കള്‍ക്കപ്പുറം ഒരു മുസ്ലിമിനെ പോലും മോശമായും ഇതില്‍ ചിത്രീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ ഒരു മുസ്ലിം വിരുദ്ധ സിനിമയായി മുദ്ര കുത്തുന്നത് ഇതിലെ വിഷയം ആരെ ഒക്കെയോ വിഷമിപ്പിക്കുന്നു എന്നതുകൊണ്ടാണ്. മുസ്ലിം തീവ്രവാദത്തോട്, ഐഎസിനോട് അനുകമ്പാ മനോഭാവമുള്ളവര്‍ക്ക് മാത്രം വിഷമമുണ്ടാക്കുന്നതാണ് ഈ സിനിമ.

കേരള ഹൈക്കോടതി ചോദിച്ചതു പോലെ എത്രയോ സിനിമകളില്‍ ഹിന്ദു സന്യാസിമാരെയും ക്രിസ്ത്യന്‍ മിഷണറിമാരെയും വില്ലന്‍ പരിവേഷത്തില്‍ കാണിക്കുകയും മോശമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു, അവയൊക്കെ മതത്തിന് എതിരാണ് എന്ന നിലയില്‍ ഇവിടെ പ്രദര്‍ശനം നിഷേധിച്ചിട്ടില്ലല്ലോ? ‘ടിയാന്‍’, ‘മകന്റെ അച്ഛന്‍’ തുടങ്ങി എത്രയോ മലയാള സിനിമകളില്‍ ഹിന്ദു സന്യാസികളെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായി ചിത്രീകരിക്കുന്നു. അങ്ങനെ ഓരോ സിനിമയേയും മതവുമായി ചേര്‍ത്തു കെട്ടാന്‍ ആരംഭിച്ചാല്‍ ഇവിടെ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ഹിന്ദു മതവും സംസ്‌കാരവും ആണെന്ന് പറയേണ്ടി വരും. നമ്മുടെ കോമഡി പരിപാടികളില്‍ മരണാന്തര കര്‍മ്മങ്ങളെ പോലും എത്ര അപഹാസ്യമായാണ് ചിത്രീകരിക്കുന്നത്.
ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം, ഇത്തരത്തില്‍ മുസ്ലിം തീവ്രവാദം, ഏകവ്യക്തി നിയമം, കശ്മീര്‍, സിഎഎ എന്നീ വിഷയങ്ങള്‍ മാത്രമാണോ മുസ്ലിം സമുദായത്തെ ബാധിക്കുന്നത് എന്നതാണ്. ഇത്തരം വിഷയങ്ങളില്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി വിശാലാര്‍ത്ഥത്തില്‍ ഒരു സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെ എതിര്‍ത്തു കൊണ്ടും, അല്ലെങ്കില്‍ ഒരു സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുമാണോ മുസ്ലിം സംരക്ഷണം ഉറപ്പിക്കേണ്ടത്? ആവിക്കലില്‍ സമരം ചെയ്ത മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്നു നിയമസഭയില്‍ വിളിച്ചത് സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയാണ്. എന്തിന് വയനാട്ടില്‍ 14 വയസ്സുള്ള ഒരു മുസ്ലിം അനാഥ ബാലന് തീവ്രവാദി പട്ടം നല്‍കിയത് സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. അത്തരത്തില്‍ ഓരോ സമയത്തും നിലപാടുകളില്‍ മാറ്റം വരുത്തി ഒരു സമുദായത്തെ തരാതരം പോലെ ആക്ഷേപിച്ചു കൊണ്ടിരിക്കുകയും, ഏതെങ്കിലും ഒരു സാഹചര്യത്തില്‍ അപ്പുറത്ത് ബിജെപിയോ സംഘപരിവാര്‍ സംഘടനകളോ വരുമ്പോള്‍ മാത്രം മുസ്ലിം സംരക്ഷക കുപ്പായം എടുത്തണിയുകയും ചെയ്യുന്ന കപട മതേതരത്വ നിലപാടാണ് ഇവിടെ ഇടതുപക്ഷം കൈ ക്കൊള്ളുന്നത്.
പ്രോപ്പഗാണ്ട സിനിമകള്‍
ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള മറ്റൊരു ആരോപണം, അതൊരു പ്രോപ്പഗാണ്ട സിനിമയാണ് എന്നതാണ്. എന്താണ് പ്രോപ്പഗാണ്ട സിനിമകള്‍? വളരെ തുറന്ന ചര്‍ച്ചയ്ക്കു തുടക്കമിടുന്ന ദ കേരള സ്റ്റോറി പോലെയോ, കാശ്മീര്‍ ഫയല്‍സ് പോലെയോ ഉള്ള സിനിമകള്‍ മാത്രമാണോ പ്രോപ്പഗാണ്ട സിനിമകള്‍? ‘ഈ നാട്ടില്‍ ഈ ഡിവൈഎഫ്‌ഐ ഒന്നുമില്ലേ’ എന്ന് നായിക വളരെ സരസമായി ചോദിക്കുന്ന സിനിമയും പ്രോപ്പഗാണ്ട സിനിമ തന്നെയാണ്. ഈ അടുത്തിറങ്ങിയ ‘പ്രണയ വിലാസം’ എന്ന സിനിമയില്‍ നായകന്‍ ഇടതുപക്ഷക്കാരനാകുന്നതും അവര്‍ അവിടെ ലൈബ്രറി നടത്തുന്നതും എതിരായി തല്ലുണ്ടാക്കാന്‍ പോകുന്നവര്‍ കാവി മുണ്ട് ഉടുത്തവര്‍ ആകുന്നതുമൊക്കെ പ്രോപ്പഗാണ്ട തന്നെയാണ്. അമല്‍ നീരദിന്റെ ‘വരത്തന്‍’ എന്ന സിനിമയില്‍ സദാചാര ഗുണ്ടായിസം കാണിക്കുന്നവര്‍ ഉടുക്കുന്നത് കാവി മുണ്ട് ആകുന്നത് സ്വാഭാവികമല്ല. കേരളത്തിലെ കോളേജുകളില്‍, നാട്ടിന്‍പുറങ്ങളില്‍ സദാചാര ഗുണ്ടായിസത്തിനു മുന്നിട്ടിറങ്ങുന്നത് അമല്‍ നീരദിന്റെ പഴയ സംഘടന തന്നെയാവുകയും അവര്‍ ഇപ്പോള്‍ പ്രകടമായി ചുവന്ന മുണ്ട് ഉടുത്തു നാട്ടില്‍ കറങ്ങുകയും ചെയ്യുമ്പോള്‍ കാവി മുണ്ടും കൈയില്‍ ചരടും കെട്ടിയവര്‍ ഇന്ന് പല സിനിമകളിലും വില്ലന്മാരാകുന്നത് സ്വാഭാവികമല്ല; അതും പ്രോപ്പഗാണ്ട തന്നെയാണ്.
ഈ അടുത്ത് തന്നെ ഇറങ്ങിയ പല സിനിമകളിലും വളരെ സോഫ്റ്റായി ഇടതുപക്ഷ പ്രോപ്പഗാണ്ട കടന്നു വരുന്നുണ്ട്. ‘സഖാവ്’ എന്ന വിളി, ‘പഴയ പാര്‍ട്ടിക്കാരന്‍’ എന്ന അഭിസംബോധന, ‘നല്ലവരായ സഖാക്കള്‍’ അങ്ങനെ വളരെ സോഫ്റ്റായ ഒരു കഥാപാത്ര നിര്‍മ്മിതികളിലൂടെ ഇടതുപക്ഷത്തെ എപ്പോഴും ശരിയുടെ പക്ഷത്തു നിര്‍ത്തുന്ന ഒരു പ്രവണത മലയാള സിനിമയില്‍ പണ്ടു മുതല്‍ തന്നെയുണ്ട്. അതിനു വിരുദ്ധമായി എന്തു വന്നാലും അതിനെ എതിര്‍ക്കുക, അതിന്റെ രചയിതാക്കള്‍, അഭിനേതാക്കള്‍ എന്നിവരെ ചാപ്പ കുത്തുക എന്നതൊക്കെ ഇവിടെ സര്‍വ്വസാധാരണമാണ്. അതായത് തീയേറ്ററുകളില്‍ പുറത്തിറങ്ങുന്ന പ്രോപ്പഗാണ്ട സിനിമകള്‍ ഉച്ചത്തില്‍ അല്ല നിശബ്ദമായി തന്നെ അതിന്റെ ലക്ഷ്യം നിറവേറ്റുന്നുണ്ട്.
മലയാളത്തില്‍ ഇറങ്ങുന്ന പല സിനിമകളിലും മാവോയിസം, നക്‌സലിസം ഒക്കെയാണ് ശരി എന്ന നിലയിലാണ് പ്രതിപാദിക്കുക. അവരുടെ രാഷ്ട്രീയത്തിന്റെ ശരികളെയാണ് സിനിമകളില്‍ കാണിക്കുക. ഈ അടുത്തിറങ്ങിയ ‘പട’ ആയാലും, ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ ആയാലും ‘ശിക്കാര്‍’ ആയാലും ‘അയ്യപ്പനും കോശിയും’ ആയാലും ‘തലപ്പാവ്’ ആയാലും ഒക്കെ നക്‌സലുകളോടും, അവരുടെ രാഷ്ട്രീയത്തോടും ഒരു അനുകമ്പ, അവര്‍ സ്ത്രീപക്ഷത്താണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു വെമ്പല്‍, പ്രകൃതി സംരക്ഷകരാണെന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമം ഒക്കെ കാണാം. എന്നാല്‍ നക്‌സലൈറ്റ് – മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ കൊന്നുതള്ളിയവരുടെ കണക്ക്, അവര്‍ ചെയ്ത ഭരണഘടനാലംഘനങ്ങളുടെ കണക്ക് എന്നിവയെക്കുറിച്ച് ആരും സംസാരിക്കാറില്ല. അതു ഭരണഘടനാവിരുദ്ധമാണെന്ന് അറിയാത്തവരല്ല ഈ സിനിമകള്‍ നിര്‍മ്മിക്കുന്നത്, അതൊരു പ്രോപ്പഗാണ്ടയുടെ ഭാഗമാണ്.
ഈ അടുത്ത് മലപ്പുറം കേന്ദ്രീകരിച്ച് ഇറങ്ങുന്ന ഹലാല്‍ സിനിമകള്‍, മലബാറിന്റെ നന്മ പൊതിയുന്ന സിനിമകള്‍, അതിലൊക്കെ കാവി ഉടുത്തു കാറില്‍ ചരടുമായി വരുന്ന ഭീകരന്മാര്‍ ഒക്കെ ഓരോരോ പ്രോപ്പഗാണ്ടയുടെ ഭാഗമാണ്. KL10 എന്ന മുഹ്സിന്‍ പേരാരിയുടെ സിനിമയില്‍ വളരെ വ്യക്തമായി ഈ പ്രോപ്പഗാണ്ട നടപ്പിലാക്കുന്നുണ്ട്. അതിലെ നായകന്‍ ഉണ്ണി മുകുന്ദനാണ്. ആ ഉണ്ണി മുകുന്ദന്‍ മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചപ്പോള്‍ സംഘി ആയി. കാവി ഉടുത്തു കൈയില്‍ ചരട് കെട്ടിയവരെ, കാവിക്കൊടി പിടിക്കുന്നവരെ ഒക്കെ എതിര്‍ പക്ഷത്ത് നിര്‍ത്തി വില്ലന്മാര്‍ ആക്കാമെങ്കില്‍ ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയില്‍ ശാഖയിലേക്ക് ഓടിക്കയറുന്ന നായകനെ സഹായിക്കുന്ന രക്ഷകന്മാരായും അവരെ ചിത്രീകരിക്കാം, അതില്‍ അസഹിഷ്ണുത പാടില്ല.
ഈ അടുത്ത് ശ്രീനിവാസന്‍ ‘ഞാന്‍ പഴയ എബിവിപിക്കാരനായിരുന്നു’ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞതിനെ മലയാള മാധ്യമ വിശാരദന്മാര്‍ ചിത്രീകരിച്ചത് ശ്രീനിവാസന്റെ 90 കളിലെ സിനിമകള്‍ ഒക്കെ സംഘപരിവാറിന് കേരളത്തില്‍ അടിത്തറ നല്‍കുന്ന സിനിമകളാണ് എന്നു പറഞ്ഞാണ് 90 കളില്‍ വരവേല്‍പ്പിലൂടെയും, സന്ദേശത്തിലൂടെയും, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലൂടെയും, പട്ടണപ്രവേശം, നാടോടിക്കറ്റ്, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ സിനിമകളില്‍ പറയുന്നതൊക്കെ സംഘപരിവര്‍ അജണ്ടയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു പ്രോപ്പഗാണ്ടയാണിത്. ശ്രീനിവാസന്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ വെറും ഒറ്റ വാക്കില്‍ എതിര്‍ക്കാനുള്ള ഒരു പ്രോപ്പഗാണ്ട ആണ്, ‘അയാളൊരു സംഘിയാണ്’ എന്ന് പറയുന്നത്. ഇത് പറയുന്നതാകട്ടെ ജമാഅത്തെ ഇസ്ലാമിയുടെ ചാനലും.
കേരളത്തില്‍ വളരെക്കാലമായി നടക്കുന്ന മറ്റൊരു ചര്‍ച്ച, നരസിംഹവും ആറാം തമ്പുരാനും ഉള്‍പ്പെടെയുള്ള ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒളിപ്പിച്ചുവെച്ച ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചാണ്. അതൊക്കെ എഴുതിയത് സിപിഎമ്മിന്റെ കോഴിക്കോട്ടെ മണ്ഡലം സ്ഥാനാര്‍ഥിയായി പരിഗണിച്ച, നിലവിലെ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത് ആണെന്നത് അവരുടെ പരിഗണനാ വിഷയമല്ല. മറിച്ച് അതിന്റെ പേരില്‍ മോഹന്‍ലാലിനെ വലതു പക്ഷ ഹൈന്ദവ ബിംബമായി മുദ്ര കുത്തി ആക്ഷേപിക്കാനാണ് ശ്രമം. എന്നാല്‍ ‘നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യം ഒന്നും വേറെ ആരും വിളിച്ചിട്ടില്ല’ എന്ന മോഹന്‍ലാല്‍ സിനിമയുടെ ഡയലോഗ് ഇവിടെ ചര്‍ച്ചയല്ല. ആറാം തമ്പുരാന്‍ ഇറങ്ങിയ അതേ വര്‍ഷം തന്നെയാണ് ഗുരു എന്ന സിനിമയും ഇറങ്ങിയത്. ഗുരു സിനിമയുടെ രാഷ്ട്രീയം പറയുന്നതും അതേ മോഹന്‍ലാല്‍ തന്നെയാണ്.
ഇന്ന് ഓരോ മോഹന്‍ലാല്‍ സിനിമകള്‍ ഇറങ്ങുമ്പോഴും അതിനെതിരായി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണുമ്പോഴാണ് മോഹന്‍ലാലിനെ ഒക്കെ എത്ര തീവ്രമായാണ് ഇടത്- ഇസ്ലാമിസ്റ്റ് സൈബര്‍ ഹാന്‍ഡിലുകള്‍ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുക. അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ വേണ്ട എന്നൊരു നിലപാട് ആണ് പലപ്പോഴും. ഇവിടെയാണ് കേരള സ്റ്റോറിയുടെ പ്രസക്തിയും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുടെ സിനിമകള്‍ വേണ്ട എന്ന തീരുമാനം എടുക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സിനിമ. പലരും പറയാന്‍ പേടിച്ച കാര്യങ്ങള്‍ ധൈര്യമായി പറയുന്ന ഇത്തരം സിനിമകള്‍ ഓരോരുത്തരും നിര്‍ബന്ധമായും കാണണം. ഹിന്ദു ബിംബങ്ങള്‍ പാടില്ല, ഭാരതത്തിന്റെ ചരിത്രം സിനിമയാക്കാന്‍ പാടില്ല, ശിവാജി പാടില്ല, താനാജി പാടില്ല എന്നൊക്കെ കുറച്ചു പേര്‍ തീരുമാനിക്കുകയും വിലക്കുകയും ചെയ്യുന്ന പ്രവണതയോടുള്ള മറുപടിയായാണ് കേരള സ്റ്റോറി, കാശ്മീര്‍ ഫയല്‍സ് എന്നീ സിനിമകളുടെ വിജയത്തെ കാണേണ്ടത്.