മണ്ടന്മാരും തിരുമണ്ടന്മാരുമായ ആളുകളുണ്ട്. വിഡ്ഢിത്തമേ പറയൂ. വിവരക്കേടേ കാണിക്കൂ. അങ്ങനെയുള്ളവരെപ്പറ്റി മുത്തശ്ശി ചില രസികന്‍ പഴഞ്ചൊല്ലുകള്‍ പറയും:
‘പിന്നുക്കുടുമീം പൂണൂലും കണ്ടപ്പൊ ശങ്കരവാര്‌രാ നിരീച്ചു. അടുത്തു വന്നപ്പഴല്ലെ, അമ്മാരസ്യാരാ’
”എങ്ങനെണ്ട് അപ്പൂ ആ പറഞ്ഞ ആളുടെ വിവരം? പട്ടമ്മാര്‍ക്കാ പിന്നുക്കുടുമീം പൂണൂലും. മുന്നുക്കുടുമീം പൂണൂലും നമ്പൂരാര്‍ക്ക്. അതും അറിയില്യാ; പോട്ടെ. മുണ്ടും വേഷ്ടീം ഉടുത്ത് അമ്മവാരസ്യാരു വരുമ്പൊ ആണൊരുത്തന്‍ വരുണൂന്ന് എങ്ങനേ വിചാരിക്ക്യാ?”
”അപ്പൂ, വേറെ ചില വിഡ്ഢ്യാസുരന്മാരുണ്ട്.
എല്ലാം എനിക്കറിയാംന്നാ ഭാവം. ഒന്നും ഒട്ടറിയൂല്യ.”
‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും’
”അഞ്ജനത്തിന്റെ നിറെന്താ?”
”കറുപ്പ്”
”മഞ്ഞളിന്റെ നെറോ?”
”മഞ്ഞ”
”അപ്പൊ എന്തായി? ഇയാള്‍ക്ക് മഞ്ഞളും അറിയില്ല. അഞ്ജനോം അറിയില്ല.”
”വേറൊരു പൊട്ടന്‍ പറയ്ാണ്”
”എന്താ പറഞ്ഞത് മുത്തശ്ശീ?”
” ‘പഞ്ചപാണ്ഡവര്; കട്ടില്‍ക്കാലുപോലെ;
ഇങ്ങനെ മൂന്നാള്.’
പഞ്ചപാണ്ഡവര് അഞ്ചുപേരല്ലേ അപ്പൂ. കട്ടിലിനെത്ര കാലാ? നാലു കാല്. പഞ്ചം എന്നുവെച്ചാല്‍ അഞ്ചാണെന്ന് അയാള്‍ക്കറിയില്ല; സമ്മതിച്ചു. കട്ടില്‍ക്കാലുപോലെ ഇങ്ങനെ മൂന്നാള് എന്നുപറഞ്ഞിട്ട് എത്ര വിരലാ കാണിച്ചത്? രണ്ടുവിരല്.”
Comments