Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നരേന്ദ്രമോദി പറഞ്ഞതിന്റെ പൊരുള്‍

വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

Print Edition: 12 May 2023

ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി സര്‍ക്കാരുകള്‍ അധികാരത്തില്‍ കയറിയതിന്റെ ആഹ്ലാദസൂചകമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മേഘാലയയിലും മിസോറാമിലും ഗോവയിലും ബിജെപി ഭരിക്കുന്നതുപോലെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും എന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ദേശീയതലത്തിലും കേരളത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് ബിജെപിക്ക് എതിരെ മത്സരിച്ചിട്ടും ത്രിപുരയില്‍ തുടര്‍ഭരണം കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഏതാനും ദിവസം മുന്‍പ് ബിജെപി ദേശീയ ആസ്ഥാനത്ത് പുതിയ ഹാളിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം കേരളത്തിലും ബിജെപി സര്‍ക്കാര്‍ വരുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞതോടെ സിപിഎമ്മും കോണ്‍ഗ്രസും മാധ്യമങ്ങളും വല്ലാതെ വിറളിപിടിച്ച അവസ്ഥയില്‍ എത്തിയിരിക്കയാണ്.

നരേന്ദ്രമോദി പറഞ്ഞതിന്റെ പശ്ചാത്തലം
ബിജെപി രാജ്യത്ത് ഭരണം തുടങ്ങിയിട്ട് 9 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും കൂടി 16 സംസ്ഥാനങ്ങളും ഭരിക്കുന്നു. പല സംസ്ഥാനങ്ങളിലും (ഉദാ: യു.പി., ത്രിപുര) ചരിത്രത്തിലാദ്യമായി ബിജെപിക്ക് തുടര്‍ ഭരണവും ലഭിച്ചിരിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏഴില്‍ ആറ് സംസ്ഥാനങ്ങളും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്നു. അഴിമതിയുടെ കറപുരളാത്ത ഭരണമാണ് ഒമ്പത് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്ര.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. തിരഞ്ഞെടുപ്പ് വിദഗ്ദ്ധനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ പോലും ഈ കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് കേരളത്തില്‍ നിന്നും നിരവധി എം.പിമാരെ ലോകസഭയിലേക്ക് അയക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉള്ളത്.

കേരളത്തിലെ സാധ്യതകള്‍
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നമുക്ക് പരിശോധിക്കാം. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ബീഫ് കഴിക്കാന്‍ അനുവദിക്കില്ല, ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാവും എന്ന് പ്രസംഗിച്ച് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ ഭയപ്പെടുത്തി വലിയ പ്രചരണമാണ് അഴിച്ചുവിട്ടത്. എന്നിട്ടും ബി.ജെ.പി കേരളത്തിലെ രണ്ട് ലോകസഭാമണ്ഡലങ്ങളായ തിരുവനന്തപുരത്ത് വിജയത്തിന്റെ വക്കോളമെത്തുകയും തൃശ്ശൂരില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടുകയും ചെയ്തു. മറ്റ് ലോകസഭാ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമുണ്ടായി. തുടര്‍ന്ന് 2016ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായി. നിയമസഭയുടെ ചരിത്രത്തിലാദ്യമായി നേമത്ത് താമരവിരിഞ്ഞു. 7 മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 1600-ഓളം വാര്‍ഡുകളില്‍ വിജയിക്കുകയും പത്ത് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കുകയും ചെയ്തു. ബിജെപി ഒരു വിജയിക്കുന്ന പാര്‍ട്ടിയാണെന്ന ബോദ്ധ്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. നൂറുകണക്കിന് ജനകീയ പദ്ധതികള്‍ നടപ്പിലാക്കി സാധാരണക്കാര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ നേരിട്ട് ലഭിച്ചു. മോദി സര്‍ക്കാരിന്റെ ജനകീയത കേരളത്തിലും പ്രതിഫലിച്ചു. അഞ്ച് വര്‍ഷക്കാലത്തെ അഴിമതിരഹിതമായ, ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ 2019ലും മോദിസര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന അന്തരീക്ഷമുണ്ടായി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും, ജനവിരുദ്ധ പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ ജനങ്ങളില്‍ എത്തിച്ചും എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രചണ്ഡമായ പ്രചരണം നടത്തി. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ്.

2019ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ ലോകസഭാ സീറ്റുകള്‍ ജയിക്കാനായില്ലെങ്കിലും ആറ് ലോകസഭാമണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായി. മറ്റ് മണ്ഡലങ്ങളില്‍ വോട്ടിന്റെ കാര്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിപതിനാലായിരത്തോളം വോട്ടും, പത്തനംതിട്ടയില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തോളം വോട്ടുകളും തൃശ്ശൂരില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തോളം വോട്ടുകളും ലഭിച്ചു. ഈ മൂന്ന് മണ്ഡലങ്ങളിലും ജനങ്ങള്‍ ബിജെപിയെ വിജയത്തിന്റെ വക്കോളമെത്തിച്ചു. ആറ്റിങ്ങലില്‍ രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തോളം വോട്ടുകളും, പാലക്കാട് രണ്ട് ലക്ഷത്തിപത്തൊമ്പതിനായിരത്തോളം വോട്ടുകളും ലഭിച്ചു. ആലപ്പുഴയില്‍ ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം വോട്ടും, കോട്ടയത്ത് ഒരു ലക്ഷത്തി അന്‍പത്തി അയ്യായിരം വോട്ടും, കാസര്‍കോട്ട് ഒന്നേ മുക്കാല്‍ ലക്ഷം വോട്ടും, കോഴിക്കോട് ഒരു ലക്ഷത്തി അറുപതിനായിരം വോട്ടും, ചാലക്കുടിയില്‍ ഒരു ലക്ഷത്തി അന്‍പത്തിനാലായിരം വോട്ടും, എറണാകുളത്ത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തോളം വോട്ടും ലഭിച്ചു. വലിയ മുന്നേറ്റം എന്‍ഡിഎക്കുണ്ടായി.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായൊരു നേട്ടമുണ്ടായത് തപാല്‍ വോട്ടിന്റെ കാര്യത്തിലാണ്. തപാല്‍ വോട്ടു ചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അദ്ധ്യാപകരുമാണ്. കുറച്ച് ബാങ്ക് ജീവനക്കാരെയും തിരഞ്ഞെടുപ്പ് ജോലിക്കു നിയമിക്കാറുണ്ട്. ഈ മേഖലയില്‍ ബിജെപി അനുകൂല സംഘടനകളായ എന്‍ടിയുവിനും, എന്‍ജിഒ സംഘിനും, മറ്റ് ഘടക സംഘടനകള്‍ക്കും താരതമ്യേന കുറച്ച് മെമ്പര്‍മാരാണ് ഉള്ളത്. ഏറ്റവും വലിയ സംഘടനകള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അനുകൂലസംഘടനകളാണ്. ബിജെപി അനുകൂല സംഘടനകളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ വളരെ കുറവാണ്. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്നവരില്‍ 98 ശതമാനം പേരും സിപിഎം – കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവരാണ്.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും ഞെട്ടിച്ചുകൊണ്ട് തപാല്‍ വോട്ടില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായി. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. തിരവനന്തപുരത്തും പത്തനംതിട്ടയിലും. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് 2217 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2086 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2074 വോട്ടുമാണ് ലഭിച്ചത്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് 1769 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 1208 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 838 വോട്ടുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ട് 34.39 ശതമാനവും പത്തനംതിട്ടയില്‍ 45.82 ശതമാനവും ബിജെപിക്ക് ലഭിച്ചു. ആറ്റിങ്ങലില്‍ തപാല്‍ വോട്ടില്‍ പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തി. 1579 വോട്ട് നേടി (28.04 ശതമാനം). പാലക്കാടും 809 വോട്ട് (35.70%) നേടി രണ്ടാംസ്ഥാനത്തെത്തി. തൃശ്ശൂരില്‍ 417 വോട്ട് (26.88%) ആലപ്പുഴയില്‍ 1451 വോട്ട് (23.38%) നേടി. ആകെ പോസ്റ്റല്‍ വോട്ടിന്റെ 21% ബിജെപി നേടി. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ബഹുഭൂരിപക്ഷം മറുപക്ഷത്ത് നില്‍ക്കുമ്പോഴും വേണ്ടി വന്നാല്‍, ജയസാദ്ധ്യത ഉണ്ടെങ്കില്‍ ബിജെപിക്ക്‌വോട്ട് ചെയ്യാന്‍ തയ്യാറാണ് എന്നുള്ളതാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം തിരുവനന്തപുരത്തേയും പത്തനംതിട്ടയിലേയുമടക്കം 25 ശതമാനത്തിലധികം വോട്ട് ലഭിച്ച മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും താമരചിഹ്നത്തില്‍ പൊളിറ്റിക്കല്‍ വോട്ട് ചെയ്തു എന്നുള്ളതാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ട് ദിവസം ഈ വിഷയം ചര്‍ച്ച ചെയ്തു. വര്‍ഗ്ഗ ബഹുജനസംഘടനകളുടെ വോട്ട് വന്‍തോതില്‍ നഷ്ടമായി.

മുകളില്‍ സൂചിപ്പിച്ച രണ്ട് വിലയിരുത്തലുകളും (ജനങ്ങളുടെ വോട്ടും, തപാല്‍ വോട്ടും) സൂചിപ്പിക്കുന്നത് ബിജെപിക്ക് വിജയ സാധ്യത ഉണ്ടെങ്കില്‍, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെങ്കില്‍ ജനങ്ങള്‍ക്ക് താമരക്ക് വോട്ട് ചെയ്യാന്‍ മടിയില്ല എന്നുള്ളതാണ്. സംഘടനാപരമായി എതിര്‍പക്ഷത്താണെങ്കിലും മനസ്സുകൊണ്ട് ബിജെപിക്കൊപ്പമാണെന്ന് അവര്‍ തെളിയിച്ചു. മനസ്സ് മാറിയാല്‍ അത് പ്രതിഫലിക്കുക പോളിംഗ് ബൂത്തുകളിലാണ്.

2019ല്‍ അമേഠിയില്‍ പരാജയപ്പെടുമെന്നുറച്ച് രാഹുല്‍ഗാന്ധി വയനാട് വന്ന് മത്സരിക്കുകയും സോഷ്യല്‍ മീഡിയ വഴി വലിയ ക്യാമ്പയിന്‍ നടത്തുകയും ചെയ്തു. രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവും എന്ന് പ്രചരിപ്പിച്ച് സമാഹരിച്ച ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറുമായിരുന്നു. മാത്രവുമല്ല, ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതില്‍ സിപിഎമ്മിനോട് വലിയ വിരോധമുണ്ടായിരുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന് പോരാടിയ ബിജെപിക്ക് വോട്ട് ചെയ്താല്‍ സിപിഎം വിജയിക്കുമോ എന്ന് ഭയന്ന് വിശ്വാസികളില്‍ ഒരുവിഭാഗം യുഡിഎഫിന് വോട്ട് ചെയ്തു. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ആ തിരഞ്ഞെടുപ്പില്‍ തന്നെ ലോകസഭയില്‍ കേരളത്തില്‍ നിന്ന് താമര വിരിയുമായിരുന്നു.

2024ലെ സാധ്യതകള്‍
2019ല്‍ നിന്നും 2024ലേക്ക് എത്തുമ്പോള്‍ 2019നേക്കാള്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഉള്ളത്. പത്ത് വര്‍ഷം തുടര്‍ച്ചയായി അഴിമതിയുടെ കറപുരളാതെ രാജ്യം ഭരിക്കുക എന്നുള്ളത് രാജ്യത്തെ ജനങ്ങള്‍ക്ക് അത്ഭുതമാണ്. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതികളുടെ നേട്ടങ്ങള്‍ ഏറ്റവും അധികം ലഭിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കേരളത്തിലെ ഓരോ ബൂത്തുകളിലും, 70 മുതല്‍ 80 ശതമാനം വരെ വീടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിക്ക വീടുകളിലും മൂന്നും നാലും പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷം തോറും 6000 രൂപ ലഭിക്കുന്ന കര്‍ഷകനിധി, സൗജന്യ ഗ്യാസ് കണക്ഷന്‍, പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍മിഷന്‍ കുടിവെള്ള പദ്ധതി, സൗജന്യ കോവിഡ് കുത്തിവെപ്പ്, ഗരീബ് കല്യാണ്‍ അന്നയോജന, പ്രധാനമന്ത്രി ജന്‍ഔഷധി കടകളിലൂടെ 80% വിലക്കുറവില്‍ ജീവന്‍രക്ഷാ പദ്ധതികള്‍, സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി, മുദ്രാലോണ്‍, സുകന്യ സമൃദ്ധിയോജന, മാതൃവന്ദനപദ്ധതി, ദേശീയപാതാ വികസനം, ജന്‍ധന്‍ അക്കൗണ്ടുകള്‍, തൊഴിലുറപ്പ് വേതനം കൂട്ടിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുടെ ഗുണഭോക്താക്കള്‍ കേരളത്തില്‍ ഒരു കോടിയോളം വരും. അവരെല്ലാം നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കുന്നു. ഇതില്‍ പകുതിപ്പേര്‍ വോട്ടു ചെയ്താല്‍ പോലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറും.

ഇതോടൊപ്പം കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനദ്രോഹഭരണം കേരള ജനത വെറുത്തിരിക്കുന്നു. രണ്ട് മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തിന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണി വരുത്തിയത്, കാര്‍ഷിക മേഖല തകര്‍ത്ത് തരിപ്പണമാക്കിയത്, എന്തിനും ഏതിനും മറ്റു സംസ്ഥാനങ്ങള്‍ക്ക് നേരെ കൈനീട്ടുന്ന സംസ്ഥാനമാക്കിമാറ്റിയത്, കേരളത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ നാടാക്കി മാറ്റിയത്, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാതെ ഉള്ള തൊഴില്‍ ശാലകള്‍ പോലും പൂട്ടിപ്പിക്കുന്നതിന് എതിരെ, കെ.എസ്.ആര്‍.ടിസിയെന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ത്തു തരിപ്പണമാക്കിയത്, പ്രവാസി തന്റെ വിയര്‍പ്പുകൊണ്ട് കെട്ടിപ്പൊക്കിയ കേരളത്തില്‍ പ്രവാസികളെ അവഗണിക്കുന്നത്, തൊഴില്‍ സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തടസ്സപ്പെടുത്തി പ്രവാസി ആത്മഹത്യ ചെയ്തത്, നദികളും, പുഴകളും, ജലാശയങ്ങളും മലിനമാക്കി, മണല്‍ മാഫിയകള്‍ക്ക് തീറെഴുതി കുടിവെള്ളം കിട്ടാക്കനിയാക്കിയത്, പിന്‍വാതില്‍ നിയമനത്തിന്, പിഎസ്‌സിയെ നോക്കുകുത്തിയാക്കിയത്, സ്വര്‍ണ്ണകള്ളക്കടത്തിലൂടെ കോടികള്‍ തട്ടിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കിതമാക്കിയത്, സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശം തകര്‍ത്തത്, സ്ത്രീപീഡനത്തിന്റെ സ്വന്തം നാടാക്കി കേരളത്തെ മാറ്റിയത്, ലഹരിമാഫിയക്ക് കേരളത്തെ തീറെഴുതിയത്, അനധികൃത സ്വത്ത് സമ്പാദനം, ധൂര്‍ത്ത്, മെഡിക്കല്‍ കോളേജുകളെ മടക്കല്‍ കോളേജുകളാക്കിയത്, പോലീസിനെ ഗുണ്ടാവല്‍ക്കരിച്ചത് തുടങ്ങി സര്‍ക്കാരിന്റെ എല്ലാ ദുഷ്പ്രവൃത്തികള്‍ക്കും എതിരെ പ്രതികരിക്കാന്‍ ഒരവസരം കാത്തിരിക്കയാണ് കേരളത്തിലെ വോട്ടര്‍മാര്‍. പരസ്പര സഹകരണമുന്നണിയായി അഴിമതിയുടെ വിഹിതം പങ്കുവെക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ, തീവ്രവാദവും, ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന പ്രീണനരാഷ്ട്രീയത്തിനെതിരെ കേരള ജനതയുടെ പ്രതികരണം 2024ല്‍ ബാലറ്റിലൂടെ പ്രതിഫലിക്കാം.

പ്രീണനരാഷ്ട്രീയം
കേരളം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്സും കേരളത്തിലെ പ്രബല സംഘടിത മതസമൂഹമായ മുസ്ലിം സമുദായത്തെ വഴിവിട്ട് പ്രീണിപ്പിക്കുന്നത് പതിറ്റാണ്ടുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഈ പ്രീണനരാഷ്ട്രീയം കേരളത്തിലെ ഹൈന്ദവ സമൂഹവും ക്രിസ്തീയ സമൂഹവും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ സമൂഹത്തിനും, കുടിയേറ്റകര്‍ഷകര്‍ക്കും രണ്ടു മുന്നണികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്തീയ സമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ വളഞ്ഞിട്ടാക്രമിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നു. മുസ്ലിംലീഗ് വിഴുങ്ങിയ കോണ്‍ഗ്രസ്സിനും, ജിഹാദികള്‍ വിഴുങ്ങിയ സിപിഎമ്മിനും മുസ്ലിം തീവ്രവാദികളെ ഭയമാണ്. രണ്ട് സംഘടനകള്‍ക്കും അഭിപ്രായം പറയണമെങ്കില്‍ ജിഹാദികളുടെ മുന്നില്‍ മുട്ട് മടക്കണം. ഇത് ക്രിസ്ത്യന്‍ സമൂഹം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. താമരശ്ശേരി ബിഷപ്പിനെ സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചതും, നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സഭാവാസികളോട് പാലാ ബിഷപ്പ് പറഞ്ഞപ്പോള്‍ വളഞ്ഞിട്ടാക്രമിച്ചതും കുന്തിരിക്കം വാങ്ങിവെക്കാന്‍ പറഞ്ഞതും പാലാബിഷപ്പ് ഹൗസിലേക്ക് പോപ്പുലര്‍ഫ്രണ്ടുകാര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ പ്രതികരിക്കാതിരുന്നതും ക്രിസ്തീയ സമൂഹം കൃത്യമായി നിരീക്ഷിച്ചിരുന്നു. ന്യൂനപക്ഷ സംവരണം 20:80 ല്‍ നിന്നും 50:50 ആക്കിയപ്പോള്‍ മുസ്ലിം ലീഗ് എതിര്‍ത്തതും ക്രിസ്തീയ സമൂഹം ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബ്ബറിന് കിലോക്ക് 300 രൂപയാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ കേരളത്തില്‍ നിന്നും എം.പിയില്ലാത്തതിന്റെ കുറവ് നികത്തിത്തരാം എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. അതിനും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാന്‍ സിപിഎമ്മും, കോണ്‍ഗ്രസും, ലീഗും മത്സരിക്കുകയായിരുന്നു. ഇത് കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ ഗോവയിലും മിസോറാമിലും മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ കേരളത്തിലെയും ക്രിസ്തീയ സമൂഹം എന്തുകൊണ്ട് ബിജെപിക്കനുകൂലമായി ചിന്തിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ത്തുകയാണ്. മാത്രവുമല്ല 2004ല്‍ മൂവാറ്റുപുഴയില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന പി.സി. തോമസിനെ വിജയിപ്പിച്ചുകൊണ്ട് വേണമെങ്കില്‍ ഞങ്ങള്‍ ബിജെപിക്കൊപ്പവും നില്‍ക്കാന്‍ തയ്യാറാണെന്ന് ക്രിസ്ത്യന്‍ സമൂഹം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയും മുന്‍ കേരളമുഖ്യമന്ത്രിയും സോണിയാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണിയുടെ മകന്‍ അനൂപ് ആന്റണി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. കേരളീയ യുവത്വത്തിന്റെ പ്രതീകമാണ് അനൂപ്. യുവാക്കള്‍ നരേന്ദ്രമോദിക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇതിന് മുന്‍പ് ടോം വടക്കനടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതും ശ്രദ്ധേയമാണ്.

സംഘടനാപരമായും ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറായിക്കഴിഞ്ഞു. രാഷ്ട്രീയമായി പാര്‍ട്ടിയെ തയ്യാറാക്കാന്‍ പുതിയ കൂട്ടായ്മകളും നടക്കാന്‍ പോവുകയാണ്. എറണാകുളത്ത് യുവം 2023 എന്ന പേരില്‍ നടന്ന യുവസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. വിമുക്തഭടന്മാരുടെ കുടുംബസംഗമവും സ്ത്രീശക്തി സമ്മേളനവും കരുത്തുപകരും. ജി20 യുടെ ഭാഗമായി നടക്കുന്ന സ്ത്രീശക്തി സമ്മേളനം ചരിത്രമാവും. 2024ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തന്നെയാണ് അധികാരത്തില്‍ വരുക എന്ന് രാജ്യം മുഴുവന്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ കേരളത്തിലെ വോട്ടര്‍മാരും അതിനൊപ്പം നില്‍ക്കാം. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളില്‍ താമര വിരിയിക്കാന്‍ അവര്‍ കൂടെയുണ്ടാകും. 2024ല്‍ നാലോ അഞ്ചോ മണ്ഡലങ്ങളില്‍ താമര വിരിയും. അത് കേരളത്തിലെ ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരും.

2025ലെ സാധ്യതകള്‍
2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്നും ലോകസഭയിലേക്ക് നിരവധി എം.പിമാര്‍ ഉണ്ടാകാം. ആ ലോകസഭ വിജയങ്ങള്‍ 2025ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാം. 2025ലെ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലായിരത്തോളം മെമ്പര്‍മാരെ വിജയിപ്പിക്കാന്‍ കഴിയും. 2020ലെ തിരഞ്ഞെടുപ്പില്‍ 1700 ഓളം മെമ്പര്‍മാരുണ്ട്. 2500 ഓളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്താണ്. ആയിരത്തോളം വാര്‍ഡുകളില്‍ രണ്ടാംസ്ഥാനവും, മൂന്നാം സ്ഥാനവും തമ്മിലുള്ള വ്യത്യാസം നേരിയത് മാത്രമാണ്. 5000 വാര്‍ഡുകളില്‍ ശക്തമായ സാന്നിദ്ധ്യം 2020ല്‍ അറിയിച്ചിട്ടുണ്ട്. 15-ഓളം പഞ്ചായത്തുകളും രണ്ടു മുന്‍സിപ്പാലിറ്റികളും ഭരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. പത്തോളം മുന്‍സിപ്പാലിറ്റികളിലും നേരിയ വ്യത്യസത്തിലാണ് ഭരണം നഷ്ടമായത്. അന്‍പതോളം പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്.

ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഠിനാദ്ധ്വാനം ചെയ്താല്‍ കേരളത്തില്‍ രണ്ട് കോര്‍പ്പറേഷനുകളില്‍ ഭരണം പിടിക്കാം. പതിനഞ്ചോളം മുനിസിപ്പാലിറ്റികളില്‍ ഭരണത്തിലെത്താം ഇരുനൂറോളം പഞ്ചായത്തുകളിലും ഭരണസാരഥ്യം വഹിക്കാം. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാകാം. പ്രധാനപ്പെട്ട പല നിയോജകമണ്ഡലങ്ങളിലും മൂന്നും നാലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും ഭരണത്തിലുണ്ടാകാം. ആ വിജയത്തിളക്കത്തില്‍ 2026ലെ അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മോദിജി പറഞ്ഞ ബിജെപി ഭരണം കേരളത്തിലും ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

2026ലെ സാധ്യതകള്‍
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി ഭരിക്കാം എന്ന് പ്രധാനമന്ത്രി പറഞ്ഞു. എങ്ങിനെയാണ് ഭരണത്തിലെത്താന്‍ കഴിയുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നമുക്കൊന്നു വിലയിരുത്താം.
2014, 2016, 2019, 2020, 2021 വര്‍ഷങ്ങളില്‍ നടന്ന ലോകസഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നമുക്കൊന്നു പരിശോധിക്കാം. അമ്പതിനായിരത്തിലധികം വോട്ടുകള്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച 7 മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. വട്ടിയൂര്‍ക്കാവ്, നേമം, ആറന്മുള, അടൂര്‍, മഞ്ചേശ്വരം, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ 50000ല്‍ അധികം വോട്ടര്‍മാര്‍ താമരക്ക് വോട്ട് ചെയ്തചരിത്രമുണ്ട്. ഈ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ താമരക്ക് വോട്ട് ചെയ്തത് വിജയസാധ്യത ഉണ്ടായിരുന്നത് കൊണ്ടുകൂടിയായിരിക്കാം എന്ന് നമുക്ക് വിലയിരുത്താം. നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ വോട്ട് നേടിയ 17 മണ്ഡലങ്ങള്‍ ഉണ്ട്. കഴക്കൂട്ടം, തിരുവനന്തപുരം, പാറശ്ശാല, കോവളം, ആറ്റിങ്ങല്‍, കാട്ടാക്കട, തിരുവല്ല, കോന്നി, നാട്ടിക, മണലൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട, റാന്നി, പുതുക്കാട്, കാസര്‍കോട്, തൃശ്ശൂര്‍, ചെങ്ങന്നൂര്‍ ഇത്രയും മണ്ഡലങ്ങളില്‍ 40,000ല്‍ അധികം വോട്ട് ചെയ്ത ചരിത്രമുണ്ട്. ഈ മണ്ഡലങ്ങളിലും ജയസാധ്യത ഉണ്ട് എന്ന് കണ്ടതുകൊണ്ടാവാം ഇത്രയും പേര്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്തത് എന്ന് വേണമെങ്കില്‍ കരുതാം.

മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ വോട്ട് നേടിയ 23 മണ്ഡലങ്ങളുണ്ട്. നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കായംകുളം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, നെന്മാറ, അരൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, കുണ്ടറ, കഴക്കൂട്ടം, ചേലക്കര- ഈ മണ്ഡലങ്ങളില്‍ ഇത്രയും പേര്‍ താമരക്ക് വോട്ട് നല്‍കിയത് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ്.

ഇരുപത്തി അയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിച്ച മണ്ഡലങ്ങള്‍ 12 എണ്ണമുണ്ട്. അരൂര്‍, അമ്പലപ്പുഴ, ഹരിപ്പാട്, പാല, തൃപ്പൂണിത്തുറ, കോങ്ങാട്, എലത്തൂര്‍, ബേപ്പൂര്‍, കയ്പ്പമംഗലം, കൂത്തുപറമ്പ്, ബത്തേരി, കുന്ദംകുളം. ഇത്രയും മണ്ഡലങ്ങളിലും തോല്‍ക്കുമെന്നറിഞ്ഞുതന്നെയാണ് ഇത്രയും പേര്‍ താമരക്ക് വോട്ട് ചെയ്തത്.

ഇരുപതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ വോട്ട് നേടിയ 22 മണ്ഡലങ്ങള്‍ ഉണ്ട്. മാവേലിക്കര, ചേര്‍ത്തല, ആലപ്പുഴ, പിറവം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, കളമശ്ശേരി, പറവൂര്‍, തൃക്കാക്കര, ചാലക്കുടി, പെരുമ്പാവൂര്‍, ആലുവ, പട്ടാമ്പി, തവനൂര്‍, തൃത്താല, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്, കാഞ്ഞങ്ങാട്. തോല്‍ക്കുമെന്നറിഞ്ഞുതന്നെയാണ് ഇത്രയും പേര്‍ താമരക്ക് വോട്ട് ചെയ്തത്.

50000 + 7 മണ്ഡലം
40000 + 17 മണ്ഡലം
30000 + 23 മണ്ഡലം
25000 + 12 മണ്ഡലം
20000 + 22 മണ്ഡലം
ആകെ 81 മണ്ഡലം

ഈ 81 മണ്ഡലങ്ങള്‍ ബിജെപിയ്ക്ക് 2026ല്‍ വിജയസാധ്യത ഉള്ള മണ്ഡലങ്ങളാണ്. ഇതില്‍ 56 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തത് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ്. അടുത്ത മൂന്ന് വര്‍ഷംകൊണ്ട് ഈ മണ്ഡലങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സേവനപ്രവര്‍ത്തനങ്ങളും, ജനകീയ പ്രക്ഷോഭങ്ങളും നടത്തുകയും, കേന്ദ്രപദ്ധതികള്‍ ലഭിച്ച ഗുണഭോക്താക്കളെ നിരന്തരം സമ്പര്‍ക്കം ചെയ്യുകയും ചെയ്താല്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയും. ഒപ്പം മണ്ഡലങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനകീയ നേതാക്കളും ഉണ്ടായാല്‍ വിജയം നേടാം.

കേരള സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും, അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തി അടുത്ത മൂന്ന് വര്‍ഷവും പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയത് 80 സീറ്റുകളില്‍ വിജയ സാധ്യതയുണ്ട്. 2024 കഴിഞ്ഞാല്‍ ഈ 80 എന്നുള്ളത് നൂറ് കടക്കും.

ഈ കണക്കുകള്‍ വെച്ചുകൊണ്ട് പരിശോധിച്ചാല്‍ നരേന്ദ്രമോദി, 2026ല്‍ ബി.ജെ.പി കേരളം ഭരിക്കും എന്നു പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് മനസ്സിലാകും. കേരളം ഭരിക്കാന്‍ 71 സീറ്റ് മതി. രണ്ട് മുന്നണിയും ഒരുമിച്ചാല്‍ പോലും നമുക്ക് ഭരിക്കാന്‍ കഴിയും. നരേന്ദ്രമോദി പറഞ്ഞത് കേരളത്തിലെ നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ്. അതുകൊണ്ട് സമാനതകളില്ലാത്ത, പോരാട്ടത്തിന് തയ്യാറാവുക. ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്മാരുടെ പിടിയില്‍ നിന്നും നമുക്ക് മോചിപ്പിക്കണം. രാഷ്ട്രീയ കേരളം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ശക്തി പകരുക. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുകപ്പ് സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു. കിഴക്കന്‍ ചക്രവാളത്തില്‍ കാവി സൂര്യന്‍ ഉദിക്കും. ആ സൂര്യോദയത്തിനായി കാത്തിരിക്കാം. അസ്തമയം അവര്‍ക്കുള്ളതാണെങ്കില്‍ ഉദയം നമുക്കുള്ളതാണ്.

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies