മെയ് 22 ലോക ജൈവവൈവിധ്യദിനം
1988-ല്‍ ബള്‍ഗേറിയയില്‍ നടന്ന, എഴുത്തുകാരുടെ ഒരു സുഹൃദ് സമ്മേളനത്തില്‍, മങ്ങിയ സ്വര്‍ണ്ണത്തലമുടിയും ശാന്തമായ നീലക്കണ്ണുകളുമുള്ള ഒരു കവി പറഞ്ഞു- പോളണ്ടിലെ നാട്ടിന്‍ പുറത്ത് നിന്ന് എന്റെ അമ്മ എഴുതിയ കത്ത് ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം.
”മകനേ, നമ്മുടെ കൊച്ചുഗ്രാമത്തില്‍ ഒരു വല്ലാത്ത സംഭവം ഉണ്ടായിരിക്കുന്നു. കുറച്ച് ദിവസം മുമ്പ് ഉച്ചക്ക് ഒരു കറുത്ത മഴപെയ്തു. ഞങ്ങളൊക്കെ പേടിച്ച് അകത്ത് കയറി കതകടച്ച് ഇരുന്നു. മഴപോയി നാലുദിവസം കഴിയും മുമ്പുണ്ട് ഒരു അത്ഭുതം… നമ്മുടെ കാര്‍ഷിക വിളവുകളൊക്കെ ഭ്രാന്തു പിടിച്ചപോലെ എടുത്തുവെച്ചങ്ങ് വളരാന്‍ തുടങ്ങി. ഓരോ തക്കാളിയും ഒരു മത്തങ്ങയുടെ വലിപ്പമായി. തോട്ടത്തിലെ റോസാച്ചെടിയിലെല്ലാം കാബേജിന്റെ വലിപ്പമുള്ള വന്‍പൂക്കള്‍ ചുവന്നു വിരിയാന്‍ തുടങ്ങി. അവ കടും നിറത്തില്‍ ചീര്‍ത്തു നിന്നു. ഞങ്ങള്‍ പേടിച്ചുപോയി. ‘നരകത്തിന്റെ സൗന്ദര്യം’ പോലെയായിരുന്നു അത്. ഒന്നും ഞങ്ങള്‍ തൊട്ടില്ല. വലിയ കുഴികളെടുത്ത് എല്ലാം വെട്ടിമൂടിക്കളഞ്ഞൂ….” ശാന്തസ്വരത്തില്‍ ആ കവി ഞങ്ങളോട് പറഞ്ഞു: ”ചെര്‍ണോബില്‍ വളരെ ദൂരെയാണ്. പക്ഷേ ആണവതരംഗങ്ങള്‍ക്ക് രാജ്യാതിര്‍ത്തികള്‍ അറിയില്ലല്ലോ…”
ആ സുഹൃദ് സമ്മേളനത്തില്‍ പങ്കെടുത്ത നമ്മുടെ പ്രിയപ്പെട്ട ആര്‍ദ്രതയുടെ ഗായത്രി, സുഗതകുമാരി ഓര്‍മ്മിക്കുന്നതാണ് മേല്‍ക്കൊടുത്ത വരികള്‍ (കാവ് തീണ്ടല്ലേ… പേജ് 82 ഡിസി ബുക്‌സ് പ്രസിദ്ധീകരണം).
നമ്മുടെ അണുശക്തി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ 1985 ഒക്‌ടോബര്‍ 28ന് ഡോ.രാജാരാമണ്ണ അതിശക്തമായിത്തന്നെ പറഞ്ഞു: ”ആണവനിലയം പൊട്ടിത്തെറിക്കുകയോ… അസംഭവ്യം… ഒരിക്കലും അങ്ങിനെയൊന്നുണ്ടാവില്ല…”
നിര്‍ഭാഗ്യവശാല്‍, ആ വലിയ ശാസ്ത്രജ്ഞന്റെ ഉറപ്പ് വന്നിട്ട് കൃത്യം 6 മാസത്തിനുള്ളില്‍ അതായത് 1986 ഏപ്രില്‍ 26ന് സോവിയറ്റ് യൂണിയനിലെ യുക്രൈന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ചെര്‍ണോബിലിലെ ആണവനിലയത്തില്‍ നിന്നും അഗ്നിഗോളങ്ങള്‍ ആളിപ്പടര്‍ന്നു… അതെ… ആണവ നിലയം പൊട്ടിത്തെറിച്ചു.
ഇതിനുമുമ്പും റഷ്യയില്‍ ആണവനിലയം പൊട്ടിത്തെറിച്ചിരുന്നത്രേ… നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തേക്ക് വികിരണം വ്യാപിച്ച ആ സംഭവം 1957ല്‍ റഷ്യയിലെ കിഷ്തിം പ്രദേശത്താണ് നടന്നത്. മിഖായില്‍ ഗോര്‍ബ്ബച്ചേവിന്റെ ഗ്ലാസ്‌നോസ്തിനുശേഷം 1988ല്‍ മാത്രമാണ് ആ വിവരം ലോകം അറിഞ്ഞത്. ഏകാധിപത്യത്തിന്റെ കടുത്ത ഇരുമ്പുമറയ്ക്കുള്ളില്‍ മൂന്നു പതിറ്റാണ്ടോളം ഈ വിവരം മറച്ചുവെയ്ക്കാന്‍ അവിടുത്തെ സമഗ്രാധിപത്യത്തിന് കഴിഞ്ഞെങ്കിലും ആ ദുരന്തത്തിന്റെ അനന്തരഫലം ഇന്നും ആ പ്രദേശങ്ങളില്‍ അനുഭവിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും മറച്ചുവെയ്ക്കാനാവില്ല.
ചെര്‍ണോബില്‍ ദുരന്തത്തിന്റെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ തലവനായിരുന്ന ഗ്ലാഡിമര്‍ ചെര്‍ണോസെന്‍കോ എന്ന ശാസ്ത്രജ്ഞന്‍ പിന്നീട് സോവിയറ്റ് ടെലിവിഷനിലൂടെ ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു: ”ഞാനും അണുബാധയേറ്റിരിക്കുകയാണ്. മരിക്കുന്നതിനുമുമ്പ് എനിക്ക് സത്യം തുറന്ന് പറയണം. അന്നവിടെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികളില്‍ ഏഴായിരത്തിനും പതിനായിരത്തിനുമടുത്തുള്ളവര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന നിത്യനരകമാണ് ആ പ്രദേശങ്ങളിലെ ജീവജാലങ്ങള്‍ക്കുണ്ടാവുക എന്ന കാര്യം ഇനിയും ലോകം മനസ്സിലാക്കിയേ തീരൂ…”
ഹിരോഷിമയും നാഗസാക്കിയും നേരിട്ട ആണവദുരന്തം പുത്തന്‍ തലമുറകളെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കയാണ്. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഭോപ്പാല്‍ ഫാക്ടറിയില്‍ ഉണ്ടായ വാതകചോര്‍ച്ചയും ഇതുപോലെ ഒരു വന്‍ദുരന്തമായിരുന്നു. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകളെ നിത്യരോഗികളാക്കുകയും ചെയ്തതാണ് അത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇന്നും നരകയാതന അനുഭവിക്കുകയാണ്. ഏറ്റവുമൊടുവിലായി ബ്രഹ്‌മപുരം തീപിടുത്തം എന്തൊക്കെ ദുരിതങ്ങളാണുണ്ടാക്കുക എന്ന് കാത്തിരുന്നേ കാണാന്‍ കഴിയൂ… പല ശാസ്ത്രജ്ഞരും ആസന്നമായ അപകടസാദ്ധ്യതകള്‍ വ്യക്തമാക്കിക്കഴിഞ്ഞൂ.
പ്രകൃതിയിലെ 85 ലക്ഷം സ്പീഷിസുകളില്‍ലൊന്നുമാത്രമായ മനുഷ്യന്‍ അവന്റെ മാത്രം സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കര്‍മ്മപദ്ധതിയുടെ ഈ അനന്തരഫലം മനുഷ്യന്‍ മാത്രമല്ല, മറ്റുമുഴുവന്‍ ജീവിവര്‍ഗ്ഗങ്ങളും അനുഭവിക്കേണ്ടുന്ന അവസ്ഥയാണ്, ഇങ്ങിനെയുള്ള നൂറുകണക്കിന് ദുരന്തങ്ങളിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.
അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ഒക്കെ ആചരിക്കപ്പെടുന്ന പല ദിനങ്ങളും ഇത്തരം ദുരന്തങ്ങളെ ഓര്‍ക്കാനും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനുമുള്ളതാണ്. അങ്ങിനെയുള്ള ദിനാചാരണങ്ങളിലൊന്നാണ് ലോക ജൈവവൈവിധ്യദിനം.
എല്ലാവര്‍ഷവും മെയ് 22നാണ് ജൈവവൈവിധ്യദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചും ഈ ഗ്രഹത്തില്‍ വസിക്കുന്ന ജീവജാലങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. 2000 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യദിനമായി പ്രഖ്യാപിച്ചത്. 1993-ല്‍ ബ്രസീലിലെ റിയോഡിജനിറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ (‘മനുഷ്യരാശിയുടെ അവസാനത്തെ പ്രതീക്ഷ’ എന്നാണ് ഈ സമ്മേളനം വിശേഷിപ്പിക്കപ്പെട്ടത്) പരിസ്ഥിതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. തുടര്‍ന്നാണ് 2000 ഡിസംബറിലെ സമ്മേളനം മെയ് 22 ജൈവവൈവിധ്യദിനമായി തെരഞ്ഞെടുത്തത്.
വികസനത്തിന്റേയും പുരോഗതിയുടേയും പേര് പറഞ്ഞ് പ്രകൃതിയുടെ ജൈവവൈവിധ്യത്തെ നശിപ്പിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ സസ്യമൃഗാദി ജീവജാലങ്ങള്‍ വംശനാശത്തിന്റെ ഭീഷണിയിലാണെന്നു ഐക്യരാഷ്ട്രസഭ സംഭീതിയോടെ വിലയിരുത്തുന്നു. മനുഷ്യവംശത്തിനു മാത്രമല്ല, സര്‍വ്വ ജീവജാലങ്ങള്‍ക്കും ആവശ്യമുള്ളതാണ് പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പ്. അത് നിലനിര്‍ത്തേണ്ടത് എല്ലാ മനുഷ്യരുടേയും കടമയാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. കാരണം ഈ ഭൂഗോളത്തിലെ 85 ലക്ഷത്തിലധികം വരുന്ന സ്പീഷിസുകളില്‍ മനുഷ്യന്‍ മാത്രമാണ് പ്രകൃതിയുടെ ജൈവികതയേയും അതിന്റെ അതിസുന്ദരമായ വൈവിധ്യത്തേയും സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഇല്ലാതാക്കുന്നത്.
ഇവിടുത്തെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന യാഥാര്‍ത്ഥ്യം വിശേഷബുദ്ധിയുള്ള മനുഷ്യന്‍ തിരിച്ചറിയുന്നിടത്താണ് സര്‍വ്വജീവജാലങ്ങളുടേയും നിലനില്പ്. ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിക്കും വിഹിതമായി ഓരോ കര്‍മ്മമുള്ളതുകൊണ്ടുതന്നെ അവയ്‌ക്കൊക്കെ തനതായ ആവാസവ്യവസ്ഥയും നിലവിലുണ്ട്. എല്ലാ സസ്യജീവജാലങ്ങളുടേയും ജീവിതം പരസ്പര പൂരകങ്ങളുമാണ്. എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹശമനത്തിന്റെ കുത്സിതനീക്കം കാരണം പ്രകൃതിയുടെ പാരസ്പര്യം ഇല്ലാതാവുകയും സമന്വയത്തിലൂടെ സൃഷ്ടിക്കപ്പെടേണ്ടുന്ന സംതുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നു. അതുമാത്രമല്ല; ആസന്നഭാവിയില്‍ ജീവന്റെ സ്ഫുരണങ്ങള്‍ തന്നെ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവാത്ത വസ്തുതയാണ്.
ഓരോ ജീവിയും അവയുടെ ദൗത്യനിര്‍വ്വഹണത്തിന് വ്യത്യസ്തമായ ആവാസ സ്ഥലങ്ങളായിരിക്കും കണ്ടെത്തുക. ഇങ്ങിനെ ജീവിവര്‍ഗ്ഗങ്ങളും അവരുടെ ജനിതകഘടനയും ആവാസ വ്യവസ്ഥകളും ഒക്കെ ഉള്‍പ്പെടുന്ന എല്ലാതരം വ്യത്യസ്തതകളേയും നമുക്ക് ജൈവവൈവിധ്യം എന്ന പദം കൊണ്ട് വിവക്ഷിക്കാം. അങ്ങിനെ നോക്കുമ്പോള്‍ ആകാശചുംബികളായ പര്‍വ്വതശ്രേഷ്ഠന്മാര്‍ മുതല്‍ ആഴിയുടെ അഗാധതയില്‍ കാണപ്പെടുന്ന ആല്‍ഗകള്‍ വരെയുള്ളവ ജൈവവൈവിധ്യത്തിന്റെ ഭാഗമാണെന്നു കാണാം.
മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ഭക്ഷണം ഉറപ്പുവരുത്തേണ്ടതിന് പ്രകൃതിയിലെ ജൈവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നീതിപൂര്‍വ്വകമായി പങ്കുവെയ്ക്കപ്പെടുന്ന പ്രകൃതിവിഭവങ്ങള്‍, സര്‍വ്വമേഖലയിലും നടമാടുന്ന മലിനീകരണം തടയല്‍, ജൈവികതയുടെ അസ്വാസ്ഥ്യമായ കാലാവസ്ഥാവ്യതിയാനത്തെ ഇല്ലാതാക്കല്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ സന്തുലിത നിലനില്പിനാവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതിനു പ്രചോദനം നല്‍കല്‍ കൂടിയാണ് ഈ ദിനാചരണം കൊണ്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്നത്.
പരിസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ചിന്തിക്കുന്നതുതന്നെ 1972 ജൂണ്‍ 5ലെ ഐക്യരാഷ്ട്രസഭയുടെ സ്റ്റോക്‌ഹോം സമ്മേളനത്തിലാണ്. അതിനുകാരണം ഓസോണ്‍ പാളികളിലുണ്ടായ വിടവുകളിലൂടെയുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ കടന്നുകയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ വികസിതരാജ്യങ്ങള്‍ക്കുപോലും സാധിക്കാത്തതാണ്. അതുവരെയും പാശ്ചാത്യസമൂഹത്തിന് പ്രകൃതി ചൂഷണം ചെയ്യാനുള്ള ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു.
പ്രകൃതിചൂഷണം എന്ന ആശയം പാശ്ചാത്യര്‍ക്ക് ലഭിച്ചത് സ്വാഭാവികമായും പഴയനിയമത്തില്‍ നിന്നാണ്. പിന്നീട് വന്ന പല ചിന്തകരും അതിന്റെ അടിസ്ഥാനത്തില്‍ കാലോചിതമായ വ്യാഖ്യാനങ്ങള്‍ വരുത്തുകയാണ് ചെയ്തത്. 1617ല്‍ ഫ്രാന്‍സിസ് ബേക്കണ്‍ ‘New Organon’ എന്ന കൃതിയില്‍ സാങ്കേതിക വിദ്യകൊണ്ട് പ്രകൃതിയെ പീഡിപ്പിക്കണം, വേട്ടയാടണം, അടിമയാക്കണം എന്നെല്ലാം പറയുന്നുണ്ട്. അവളെ അസ്വസ്ഥയാക്കി അവളുടെ രഹസ്യങ്ങള്‍ പിഴിഞ്ഞെടുക്കണം (Torture Nature’s secret from her) എന്നും പറയുന്നുണ്ട്. റെനി ദെക്കാര്‍ത്തെ എന്ന ചിന്തകനും ഇതേ ആശയം Discourses on Methods, principles of psychology എന്നീ ഗ്രന്ഥങ്ങളിലൂടെ ദൃഢീകരിച്ചു. ഈ പ്രപഞ്ചം നിനക്ക് ആസ്വദിക്കാനുള്ളതാണെന്ന ദൈവവചനം അങ്ങിനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചതാവാം. അധിനിവേശത്തിന്റെ ഭാഗമായുള്ള കൊളോണിയല്‍ അടിമകള്‍ മറ്റൊന്നും ചിന്തിക്കാതെ അതേറ്റുപാടുകയും ചെയ്തു. വികസനം എന്നാല്‍ പ്രകൃതി ചൂഷണം ആണെന്നും അത് മനുഷ്യന് മാത്രം വേണ്ടിയുള്ളതാണെന്നും ഉള്ള വികല ധാരണകള്‍ പ്രകൃതിയെ ഇത്തരമൊരവസ്ഥയില്‍ എത്തിച്ചു എന്നതാണ് ലോകചരിത്രത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യം.
പാശ്ചാത്യതത്വശാസ്ത്രങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായ ജീവിതവ്യവസ്ഥയെ ആണ് ഇന്നും അംഗീകരിക്കുന്നത്. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്നും പ്രകൃതിയിലെ മറ്റെല്ലാം അവന്റെ സുഖഭോഗങ്ങള്‍ക്കുള്ളതാണെന്നുമാണ് അവരുടെ കാഴ്ചപ്പാട്. ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറയുന്നു – ”മനുഷ്യകേന്ദ്രിതമായ പാശ്ചാത്യചിന്തകള്‍ സമൂഹത്തില്‍ ഭേദവിചാരം സൃഷ്ടിക്കുന്നു. ഭേദവിചാരങ്ങളേതും കയ്യൂക്കിന്റെ സമഗ്രാധിപത്യത്തെ സാധൂകരിക്കും…” (ഗാന്ധി – ശ്രീനാരായണഗുരു; പേജ് 172).
1962-ല്‍ റേച്ചല്‍ കാര്‍സന്‍ Silent Spring (മൂക വസന്തം) എന്ന കൃതി പ്രസിദ്ധീകരിച്ചതോടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പാരിസ്ഥിതിക അവബോധം വളര്‍ന്നുവന്നത്. ഇരുപതാം നൂറ്റാണ്ടിലെ ജനജീവിതത്തെ ഈ കൃതി ഏറെ സ്വാധീനിച്ചു. ഇതിനുശേഷം ലിന്‍വൈറ്റ് ജൂനിയര്‍ എന്ന ചരിത്രാദ്ധ്യാപകന്‍ 1966 ഡിസംബറില്‍ ഒരു സെമിനാറിലവതരിപ്പിച്ച പ്രബന്ധത്തില്‍ (പാരിസ്ഥിതിക പ്രതിസന്ധിയുടെ ചരിത്രപരമായ വേരുകള്‍) പാശ്ചാത്യചിന്തകളിലെ അടിസ്ഥാന ദൗര്‍ബ്ബല്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു. ഇതോടെ പാരിസ്ഥിതിക പഠനത്തില്‍ അവിടെ ഒരു പുതിയ ദിശാബോധം കടന്നുവന്നു.
1981ല്‍ പോള്‍ ടെയ്‌ലര്‍ (Paul Taylor) എഴുതിയ Respect Nature എന്ന കൃതിയോടു കൂടിയാണ് എല്ലാ ജീവജാലങ്ങള്‍ക്കും തുല്യപ്രാധാന്യം ഉണ്ട് എന്ന ചിന്ത അവിടെ പ്രബലമായത്…. (അതേ പുസ്തകം പേജ്: 173, 174, 176).
പാശ്ചാത്യസമൂഹത്തെ നയിച്ചിരുന്നത് മൂന്നു P കളായിരുന്നു Pleasure, Profit, Power എന്നിവയാണവ (ഇന്ദ്രിയ സുഖഭോഗങ്ങള്‍, ലാഭം, അധികാരം). ഇതിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലില്‍ എല്ലാ ധാര്‍മ്മിക മൂല്യങ്ങളേയും അവര്‍ ചവിട്ടിമെതിച്ചു. ‘ഇനി മുതല്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും കാണണ’മെന്ന ക്യാപ്പിറ്റലിസ്റ്റ് ചിന്താധാരയുടെ അടിസ്ഥാനപ്രമാണം അതാണ് സൂചിപ്പിക്കുന്നത്. അതാണവര്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചത്. വയലാറിന്റെ ‘ഭീമന്‍’ പറയുന്നത് നോക്കുക….
”ഉന്മത്തയുവത്വത്തിന്‍ ജൃംഭിതാഹങ്കാരത്താല്‍
എന്‍മനസ്സിനു പുത്തന്‍ കഞ്ചുകമണിയിച്ചു
ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ലാ-ചെന്നു
ഞാന്‍ തല്ലിക്കൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവെയ്ക്കുന്നേരം ഞടുങ്ങി വിശ്വം….”
(കല്യാണസൗഗന്ധികം – വയലാര്‍ കൃതികള്‍ – പേജ് 423)
ഈ മനോഭാവമായിരുന്നു പാശ്ചാത്യ ശക്തികള്‍ക്ക് ഉണ്ടായിരുന്നത്. ശാസ്ത്രസാങ്കേതികതയും അധികാരവും കൈവശമാവുകയും അടങ്ങാത്ത ഇന്ദ്രിയ സുഖലോലുപത ഒരു ആവേശമായി മാറുകയും ചെയ്തപ്പോള്‍ അക്കൂട്ടര്‍ കാണിച്ചുകൂട്ടിയ ചൂഷണാധിഷ്ഠിത നയപരിപാടികളുടെ അനന്തരഫലമാണ് നാമിന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍.
ഈയൊരു ചിന്തയുമായാണ് അവര്‍ വികസനത്തേയും സമീപിച്ചത്. ഇതു സംബന്ധിച്ച് ഡോ.ആര്‍.വി.ജി. മേനോന്‍ നല്‍കുന്ന വിശദീകരണം നോക്കുക – ”തുടര്‍ച്ചയായ വളര്‍ച്ച എന്നതാണ് വികസനത്തെ സംബന്ധിച്ച് പലരുടേയും വ്യാഖ്യാനം. രാജ്യം വളരണം, സമ്പദ്‌വ്യവസ്ഥ വളരണം, ഗ്രാമം വളര്‍ന്നു പട്ടണമാവണം, പട്ടണം നഗരവും നഗരം മഹാനഗരവുമാവണം…. ഇതിനെയാണോ വികസനം എന്നുപറയുന്നത്. പടിഞ്ഞാറന്‍ ഉപഭോഗസമൃദ്ധി അപ്പാടെ പകര്‍ത്തുക എന്നതാണല്ലോ ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെ സ്വപ്‌നം… ഏതൊരു വികസന സങ്കല്പത്തിനും അവശ്യം വേണ്ട രണ്ടേ രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് – അത് സാമൂഹ്യനീതിക്ക് നിരക്കുന്നതായിരിക്കണം… രണ്ട് – നിലനിര്‍ത്താവുന്നതും (Sustainable) ആയിരിക്കണം അത്…”
അദ്ദേഹം തുടരുന്നു – ”സയന്‍സ് സത്യാന്വേഷണത്തിനുള്ള തപസ്യയും ടെക്‌നോളജി സമൂഹോത്ക്കര്‍ഷണത്തിനുള്ളവണ്ണവുമാവണം. സമൂഹനന്മയേക്കാള്‍, സ്വകാര്യലാഭവും സ്വാര്‍ത്ഥതയും ഇവയുടെ ചാലകശക്തിയായ് മാറിയത് കൊണ്ടാണ് പടിഞ്ഞാറന്‍ മാതൃകക്ക് പാളിച്ച വന്നുകൂടിയത്… (കേള്‍ ക്കുന്നില്ലാരുമെങ്കിലും… പേജ് 59, 60, 63).
പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി പറയുന്നതുകൂടി നോക്കാം – ”ആവശ്യത്തിലേറെ ഉല്പാദിപ്പിക്കുക, തുടര്‍ന്നു അവയ്ക്ക് വിപണി കണ്ടെത്തുക, കൃത്രിമമായി ആവശ്യങ്ങള്‍ വളര്‍ത്തിയെടുത്ത് വിപണിയെ നിലനിര്‍ത്താന്‍ ശ്രമിക്കുക, ഇടനിലക്കാരന്റെ ചൂഷണത്തിനായി മുതലാളിത്തം എന്ന പ്രത്യയശാസ്ത്രം നിര്‍മ്മിക്കുക, എന്നിട്ട് കള്ളിപൊളിയുമ്പോള്‍ ഭരണകൂടം ( State) തന്നെ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ട് സാമ്യവേദാന്തത്തിലൂടെ സമഗ്രാധിപത്യത്തെ വാഴിച്ചു രക്ഷിക്കുക. അങ്ങിനെ പോകുന്നു യൂറോപ്യന്‍ രാജനീതിയുടെ ‘പുരോഗതി’ക്കുവേണ്ടിയുള്ള സന്നാഹങ്ങള്‍… (പ്രകൃതി, ജനാധിപത്യം, ആത്മീയത) ക്യാപിറ്റലിസവും കമ്മ്യൂണിസവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നു ഇവിടെ നമുക്കുബോധ്യമാവുന്നു. ഒരേ ആശയത്തിന്റെ വ്യത്യസ്തധാരകള്‍…
സ്വന്തം പുത്രന്റെ യൗവ്വനം കൂടി കടം എടുത്തുകൊണ്ട് സുഖഭോഗങ്ങളുടെ പാരമ്യതയില്‍ ജീവിച്ച യയാതി മഹാരാജാവ് ഒടുവില്‍ അതിദയനീയമായി പറയുന്നുണ്ട്. ”ഭൗതിക സുഖകാമനകളെ ഉപഭോഗം കൊണ്ട് ഒരിക്കലും ശമിപ്പിക്കാന്‍ കഴിയില്ല. ഹവിസ്സര്‍പ്പിക്കുമ്പോഴും ആളിക്കത്തുന്ന അഗ്നിയെപ്പോലെയാണവ (മഹാഭാരതം – ആദിപര്‍വ്വം). ”കാമാതുരാണാം ന ഭയം ന ലജ്ജ” എന്ന് ഒരു സുഭാഷിതവും പറയുന്നുണ്ട്. ഭോഗങ്ങളെ നമ്മള്‍ ഭുജിക്കുകയല്ല ഭോഗങ്ങള്‍ നമ്മെ ഭുജിക്കുകയാണെന്ന് വൈരാഗ്യശതകത്തില്‍ ഭര്‍ത്തൃഹരി ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യമാതൃക സ്വീകരിച്ച വികസനക്കളരികളെ നമുക്ക് ഒഎന്‍വിയുടെ ഒരു ഗാനശകലത്തിനോട് ചേര്‍ത്ത് വായിക്കാം.
ഒരു നൂറുവിഗ്രഹം തച്ചുതകര്‍ത്തു ഞാന്‍
ഒരു പുതുവിഗ്രഹം തീര്‍ക്കാന്‍
പൂവുകളായിരം കീറിമുറിച്ചു ഞാന്‍
പൂവിന്റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്വം പഠിക്കാന്‍
ദീപങ്ങളൊക്കെ ക്കെടുത്തി ഞാന്‍ പ്രാര്‍ത്ഥിച്ചു
ദീപമേ നീ നയിച്ചാലും
ഒരു തത്വശാസ്ത്രത്തിന്‍ തൈ നട്ടു ഞാന്‍
എന്നും പിഴുതുനോക്കുന്നു വേരെണ്ണാന്‍
(‘സൃഷ്ടി’ എന്ന ചലച്ചിത്രത്തിലെ ഗാനം)
ബൗദ്ധികാടിമത്തം കൊണ്ട് സ്വാതന്ത്ര്യാനന്തരനാളുകളില്‍ നാം സൃഷ്ടിച്ച വികസനത്തെ കുറിക്കാന്‍ ഇതിലും മികച്ചതായ താരതമ്യം സാധിക്കുമോ നമുക്ക്?
ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതികവും അല്ലാത്തതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഭാരതീയ ചിന്തയിലാണ് പരിഹാരം അടങ്ങിയിട്ടുള്ളത്. ഈ ചിന്ത അനുസരിച്ച് ആദിയില്‍ ബ്രഹ്‌മം മാത്രമാണുണ്ടായിരുന്നതെന്നും സങ്കല്പം കൊണ്ട് അത് പലതായി ആവിഷ്‌ക്കരിക്കപ്പെട്ടു എന്നുമാണല്ലോ. അതിനാല്‍ ഇതെല്ലാം ഒന്നിന്റെ വകഭേദങ്ങളാണ് എന്ന് അറിയാന്‍ സാധിക്കുന്നു. ജീവേശ്വരൈക്യമാണ് ഭാരതീയ വേദാന്തത്തിന്റെ പരമമായ സിദ്ധാന്തം. വേദങ്ങളിലൂടെ പ്രതിപാദിപ്പിക്കപ്പെട്ട നാലു മഹാവാക്യങ്ങളും ഇതുതന്നെ താല്പര്യപ്പെടുന്നു. ഒന്നില്‍ നിന്നും ആവിഷ്‌ക്കരിക്കപ്പെട്ട് പലതായിത്തീര്‍ന്ന ഈ വൈവിധ്യത്തെ ഒരിക്കലും വിരുദ്ധമായി കാണാന്‍ ഭാരതീയ ചിന്തയ്ക്ക് സാധ്യമല്ല. വൈരുദ്ധ്യം എന്ന ആശയം തന്നെ അഭാരതീയമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത് അംഗാംഗീഭാവമാണ്. ഒന്ന് മറ്റൊന്നില്‍ നിന്നും വേറിട്ടതല്ല എന്നര്‍ത്ഥം.
”ഭാരതീയ ദര്‍ശനത്തില്‍ വൃഷ്ടി (വ്യക്തി), സമഷ്ടി (സമൂഹം), സൃഷ്ടി, പരമേഷ്ടി (ഈശ്വരന്‍) എന്നീ നാലു വസ്തുക്കളാണുള്ളത്. പരമേഷ്ടിയുടെ മൂന്ന് ആവിഷ്‌ക്കാരങ്ങളാണ് വ്യഷ്ടി, സമഷ്ടി, സൃഷ്ടി എന്നിവ. ഇവയെല്ലാം ഏകാത്മ രൂപേണ അന്യോന്യം ബന്ധപ്പെട്ടതാണ്. ഈ ബന്ധത്തെ അറിയുകയും അതനുസരിച്ച് ജീവിതം നയിക്കുകയുമാണ് ശരിയായ വഴി. അതിനു ധര്‍മ്മാനുഷ്ഠാനമാണ് വേണ്ടത്. അങ്ങിനെയാവുമ്പോള്‍ പരിസ്ഥിതി മലിനീകരണമെന്ന വിപത്തോ പ്രത്യേകിച്ചൊരു പാരിസ്ഥിതിക പ്രസ്ഥാനത്തിന്റെ ആവശ്യമോ വരുന്നില്ല….” (പി.പരമേശ്വരന്‍ – പരിസ്ഥിതിയും ജീവിതസമീപനവും).
സഹസ്രാബ്ദങ്ങളായി ഭാരതം മുന്നോട്ടുവെച്ചത് ധര്‍മ്മാനുഷ്ഠാനത്തിലൂടെയുള്ള ഈ സമന്വയ ഭാവമാണ്. പാമ്പിനേയും പഴുതാരയേയും മത്സ്യകൂര്‍മ്മവരാഹാദികളേയും അശ്വത്ഥാദിവൃക്ഷങ്ങളേയും തുളസി അടക്കമുള്ള സസ്യങ്ങളേയും ഭാരതീയന്‍ ആരാധിച്ചിരുന്നത് കാഴ്ചപ്പാടിന്റെ വൈകല്യം കൊണ്ടായിരുന്നില്ല, മറിച്ച് ചിന്താപരമായ ഔന്നത്യം കൊണ്ടായിരുന്നു എന്ന് ആധുനികശാസ്ത്രത്തിന്റെ മുന്നേറ്റം വെച്ചുകൊണ്ട് തന്നെ നമുക്കു ലോകത്തെ ബോധ്യപ്പെടുത്താനാകും.
പ്രകൃതിയിലെ ഈ പാരസ്പര്യം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഇടത്താണ് വൈരുദ്ധ്യം രൂപപ്പെടുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്യുന്നത്. ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ (Dialectics of Nature) എന്നത് ഫ്രെഡറിക് എംഗല്‍സിന്റെ ഒരു പ്രധാനകൃതിയാണെന്ന് ഓര്‍ക്കുമല്ലോ. വര്‍ഗ്ഗ സംഘര്‍ഷം എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണവുമാണ്.
ആസ്‌ട്രേലിയയില്‍ ജനിച്ച ബ്രിട്ടീഷ് ക്ലാസ്സിക്കല്‍ സ്‌കോളര്‍ ആയ ഗില്‍ബര്‍ട്ട് മുറെ ( Gilbert Murrey 1866-1957) ”Four stages of Greek religion’ എന്ന പ്രബന്ധത്തില്‍ ഇങ്ങിനെ പറയുന്നു – ”ഇപ്പോള്‍ ദുഃഖമയമാണെങ്കിലും (ബ്രിട്ടീഷ് ഇന്ത്യാകാലഘട്ടം) പ്രാചീന ഭാരതത്തിന് തികച്ചും വിജയകരമായ ആരംഭത്തിന്റെ സവിശേഷത അടിത്തട്ടിലുണ്ട്. എത്രതന്നെ യാതനകളനുഭവിച്ചുകൊണ്ടാണെങ്കിലും അതിനു ഉന്നത ശിഖരങ്ങളിലെത്താന്‍ സാധിക്കും…” (1912 ഏപ്രിലില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത പ്രസംഗം).
കൊച്ചിയില്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലാ വി.സിയും പ്രശസ്ത ശാസ്ത്രജ്ഞനും ആയിരുന്ന ഡോ.കെ.ജി. അടിയോടി പറഞ്ഞു – ” ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിലനിന്നിരുന്ന നിരവധി സംസ്‌കാരങ്ങള്‍ ഇനി തിരിച്ചുവരാത്തവിധം അസ്തമിച്ചപ്പോള്‍ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഭാരതസംസ്‌കാരത്തിന് ഓജസ്സും വീര്യവും ഏകത്വവും നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ സാധിച്ചതിന് പല കാരണങ്ങള്‍ പറയാനുണ്ടാവുമെങ്കിലും ഞാന്‍ കരുതുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന് അതിന്റെ ഉയര്‍ന്ന ശാസ്ത്രസാങ്കേതിക നിലവാരം, രണ്ട് – അതിനുള്ള ആദ്ധ്യാത്മികശക്തിയുടെ പിന്‍ബലം….” (1994ല്‍ എറണാകുളത്ത് നടന്ന ‘കേരളത്തിന്റെ മാറുന്ന മുഖച്ഛായ’ എന്ന സെമിനാറിന്റെ ഉദ്ഘാടന പ്രസംഗം).
പ്രകൃതിയുടെ ജൈവവൈവിധ്യവും അതുവഴിയുള്ള സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിന് പൂര്‍വ്വിക ഭാരതം സ്തുത്യര്‍ഹമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. പ്രകൃതിയോടൊത്തുള്ള ഒരു ജീവിതശൈലിയാണ് ആര്‍ഷപൂര്‍വ്വികര്‍ നമുക്കു പകര്‍ന്നു തന്നത്. ഇവിടുത്തെ വനപ്രദേശങ്ങള്‍ ക്രാന്തദര്‍ശികളായ ഋഷികളുടെ തപോഭൂമികളായിരുന്നു. ആ വനസഞ്ചയങ്ങള്‍ സംസ്‌കൃതിയുടെ ഉറവിടങ്ങളായി നാം കാണുന്നു. ആരണ്യകങ്ങളും ആരണ്യകാണ്ഡങ്ങളും നമുക്കൊരിക്കലും അന്യമാവുന്നില്ല. ജീവിതത്തെ സംബന്ധിച്ച പരസ്പര ഐക്യബോധത്തില്‍ നിന്നാണ് കാനന പ്രേമം ഭാരതീയരില്‍ ഉണ്ടായതെന്ന് രവീന്ദ്രനാഥ ടാഗൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (വനമതം). കേവലം നാണ്യവിളത്തോട്ടങ്ങളായിരുന്നില്ല ആ നിബിഡവനങ്ങള്‍. സര്‍വ്വജീവജാലങ്ങളുടേയും പാരസ്പര്യത്തില്‍ നിന്നും ഉയിര്‍കൊണ്ട അനുപമമായ ഒരു ജൈവമണ്ഡലമായിരുന്നു അത്. അതുകൊണ്ടാണ് പുണ്യനദികളും പര്‍വ്വതശ്രേഷ്ഠന്മാരുമൊക്കെ പുണ്യനഗരികളോടും പുണ്യപുരുഷന്മാരോടുമൊപ്പം നമുക്ക് പ്രാതഃസ്മരണീയമാകുന്നത്. ”….നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു. അവിടെയാണ് മനുഷ്യന്റെ ആത്മസത്തയെപ്പറ്റിയുള്ള ചിന്തകള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കും രൂപം കൊള്ളാന്‍ പറ്റിയ അന്തരീക്ഷം….” എന്ന യുറോപ്യന്‍ ചിന്തകന്‍ ബര്‍ട്രാന്റ് റസ്സലിന്റെ വാക്കുകളും നമുക്ക് ഇതിനോടൊപ്പം ചേര്‍ത്ത് വെയ്ക്കാം….
ശരീരം പഞ്ചഭൂതാത്മകമാണെന്ന് പഠിപ്പിച്ച ഭാരതീയചിന്ത ജലവും വായുവും ആകാശവും ഭൂമിയുമൊക്കെ നാം തന്നെയാണെന്ന ബോധത്തിന് ഊന്നല്‍ നല്‍കി. അങ്ങിനെ ശരീരം മലിനമാകാതിരിക്കാനുള്ള കര്‍ത്തവ്യം നമ്മിലേക്ക് തന്നെ വന്നു ചേര്‍ന്നു. ജലവും വായുവും ഭൂമിയും ആകാശവും മലിനമാക്കാതെ നോക്കേണ്ടത് നാം തന്നെയാണെന്ന ദൃഢതയും ആ മഹാദാര്‍ശനികര്‍ തലമുറകളിലേക്കു പകര്‍ന്നു തന്നു.
മനുഷ്യവര്‍ഗ്ഗത്തെ നശിപ്പിച്ച് തല്‍സ്ഥാനത്ത് പുതിയൊരു ജീവി വര്‍ഗ്ഗത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച സിയൂസ് ദേവനെതിരെ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട്, ദൈവശക്തിയെ ചെറുക്കുകയും മനുഷ്യവര്‍ഗ്ഗത്തിന്റെ താല്പര്യത്തിനായി അഗ്നിമോഷ്ടിക്കുകയും ചെയ്ത പ്രോമിത്യൂസ് പാശ്ചാത്യലോകത്തിന്റെ മാതൃകയാണ്. എന്നാല്‍ മണ്ണിന്റെ ഉര്‍വ്വരതയ്ക്കായ് ആത്മബലത്തെ അനുഷ്ഠാനകര്‍മ്മത്തിലൂടെ തപോബലമാക്കി മാറ്റി സര്‍വ്വദേവതകളേയും സംതൃപ്തരാക്കി, ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്ത്, വിണ്‍ഗംഗയെ ഭൗമോപരിതലത്തിലൂടെ പ്രവഹിപ്പിച്ച ഭഗീരഥന്‍ അനശ്വരമായൊരു ഭാരതീയ മാതൃകയാണ്. അവിടെ പോരാട്ടമോ മോഷണമോ ഉണ്ടാവുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
”..നാട്ടിടവഴിയില്‍ കൂട്ടംകൂടിനിന്ന സ്ത്രീകളോട് ദാഹിച്ചു വലഞ്ഞ് അതുവഴി വന്ന ഒരു പഥികന്‍ ചോദിച്ചു ”കുടിക്കാന്‍ കുറച്ചുവെള്ളം….? ഒരു സ്ത്രീ സ്വര്‍ണ്ണപ്പാത്രത്തിലും മറ്റൊരുവള്‍ വെള്ളിപ്പാത്രത്തിലും മൂന്നാമതൊരാള്‍ മണ്‍പാത്രത്തിലും അവനു വെള്ളം കൊണ്ടുവന്നു. പഥികന്‍ അതില്‍ മണ്‍പാത്രത്തിലെ വെള്ളം ആര്‍ത്തിയോടെ വാങ്ങിക്കുടിച്ചു. അവനറിയാമായിരുന്നു മണ്ണില്‍ നിന്ന് ഉറവയെടുക്കുന്ന ജലത്തിന് മണ്‍പാത്രങ്ങളിലുള്ള പോലെ വിശുദ്ധി മറ്റെങ്ങുമുണ്ടാവില്ലെന്ന്….” (ഒ.എന്‍.വി. കുറുപ്പ് – തോന്ന്യാക്ഷരങ്ങള്‍ – പേജ് 10).
ഈ വിശുദ്ധി എന്നെന്നും പ്രകൃതിക്ക് സ്വന്തമാണ്. അതിനെ ആരെങ്കിലും മലിനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്‍ മാത്രമാണ്. മനുഷ്യന്റെ കാഴ്ചപ്പാടില്‍ മാറ്റം പ്രകടമായാല്‍ പ്രകൃതിയുടെ വിശുദ്ധി അതേപടി നിലനിര്‍ത്താനാകും. പ്രകൃതിയോടൊപ്പം ജീവിച്ചുകൊണ്ട് ഭാരതീയര്‍ അത് കാണിച്ചു കൊടുത്തതുമാണ്. ഈ ജീവിതമാണ് ഭാരതത്തിന്റെ ആദ്ധ്യാത്മികത. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മറ്റു ചില വാക്കുകള്‍ കൂടി ഇവിടെ ചേര്‍ക്കാം:
”കോടിക്കണക്കിനു ദേവതകളെ ഉപാസിച്ചോളൂ ആരെയും ഉപാസിക്കാതേയും കഴിഞ്ഞോളൂ. വിഹിതകര്‍മ്മങ്ങളെല്ലാം വീണടിയുന്നത് നിര്‍വ്വികല്പമായ ബ്രഹ്‌മപദത്തിലാണ് എന്ന് കണ്ട് അനുഭവിക്കുന്ന ഉദാരമായ സമചിത്തതയാണ് ഇന്ത്യയുടെ ആദ്ധ്യാത്മികത…” (പ്രകൃതി, ജനാധിപത്യം, ആത്മീയത).
ഇങ്ങിനെ ചിന്തിക്കുന്നവര്‍ക്കേ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഭാരതം അനാദികാലം മുതലേ സര്‍വ്വാശ്ലേഷിയായത്. ഈ ചിന്തയെ മുറുകെപ്പിടിച്ചത് കൊണ്ടാണ് ഭാരതം ജ്ഞാനസമ്പുഷ്ടവും വിഭവസമൃദ്ധവുമായത്. നൂറ്റാണ്ടുകളിലെ വൈദേശികാക്രമത്തില്‍ ഒന്നു പതറിയെങ്കിലും പൂര്‍വ്വകാലപ്രഭാവം തിരിച്ചുപിടിക്കാനുള്ള കരുത്ത് ഈ സമൂഹത്തിന്റെ അടിത്തട്ടില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. ആ ശക്തിയെ സ്വാംശീകരിച്ച് എടുക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിനുതന്നെ അത് ഒരു മുതല്‍ക്കൂട്ടാകും. ലോകത്തിനാകെ സമാധാനം കൈവരാനും, സുഖകരമായ ജീവിതം പുലരാനും വേണ്ടി പ്രവര്‍ത്തിക്കാന്‍, നമ്മുടെ നാടിന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്.
നമ്മുടെ സ്വന്തം സംസ്ഥാനമായ മലയാളദേശത്തെക്കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. കേരളത്തിന്റെ നിലനില്പിനുവേണ്ടി ആരോഗ്യംപോലും വകവെയ്ക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ നെട്ടോട്ടമോടിയ കവയിത്രി സുഗതകുമാരിയുടെ വാക്കുകള്‍ തന്നെയാവട്ടെ.
”ജലസമൃദ്ധികൊണ്ട് ഇത്രയധികം അനുഗൃഹീതമായ നാട് മറ്റൊന്നില്ലായിരുന്നു…. ഇവിടെ ആണ്ടില്‍ ആറുമാസവും മഴപെയ്യുമായിരുന്നു… പെട്ടെന്ന് മങ്ങിത്തെളിഞ്ഞ് ഇടയ്ക്കിടെ വെയില്‍ ചിരിയുമായി ഓടി വന്നു പെയ്തു മാറുന്ന ചിങ്ങത്തിന്റെ കളിമഴ… കവി വാഴ്ത്തിയ കന്നിമഴ… ഇടിയും മിന്നലുമായ് പേടിപ്പിച്ചു കൊണ്ട് ഉച്ച കഴിയുമ്പോള്‍ മുഖം കറുപ്പിച്ചെത്തുന്ന തുലാവര്‍ഷം… വിത കഴിഞ്ഞു കാത്തുകിടക്കുന്ന പാടങ്ങള്‍ക്ക് ഉള്ള ഇടമഴകള്‍…. മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിപ്പിക്കുമെന്നു ശകാരം കേള്‍പ്പിക്കുന്ന മകരമഴ… കുപ്പയിലും പൊന്നു വിളയിക്കുന്ന കുംഭമഴ… കൊടും ചൂട് ഇടയ്ക്കിടെ ആറ്റിക്കൊണ്ടും മാവുകുലുക്കി മാമ്പഴങ്ങള്‍ വാരിയെറിഞ്ഞുകൊണ്ടും വേനലവധിത്തിമിര്‍പ്പിന് ആക്കംകൂട്ടുന്ന മീനമഴ… പത്താമുദയത്തിന് ഐശ്വര്യമുള്ളൊരു മഴ… മണ്ണൊരുക്കി വിളവിറക്കാന്‍ തിരക്കിട്ടെത്തുന്ന അഴകുള്ള ഞാറ്റുവേലകള്‍… ഇടവപ്പാതിയാവുമ്പോള്‍ തുടങ്ങി മിഥുനം, കര്‍ക്കിടകം മുഴുവനും പെയ്ത് ആകെ കുതിര്‍ത്ത് നാടിനു സര്‍വ്വസൗഭാഗ്യവും നല്‍കി അനുഗ്രഹിക്കുന്ന കാലവര്‍ഷം… ഇവയായിരുന്നു കേരളത്തിന്റെ മുഖശ്രീയുടെ രഹസ്യം… വറ്റാത്ത താമരച്ചിറയും കിണറുകളും പാടങ്ങളില്‍ കുടിനീരെത്തിക്കുന്ന തോടുകളും വേനലിലും നിറഞ്ഞൊഴുകുന്ന പുഴകളും നമുക്കുണ്ടായിരുന്നു.
നാട്ടില്‍ പുരോഗതി വന്നപ്പോള്‍ കാവൊക്കെ വെട്ടിമാറ്റി, കുളങ്ങള്‍ മണ്ണിട്ടു നികത്തി. കിണറെല്ലാം വെട്ടിമൂടി… താമരച്ചിറകള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് വഴിമാറി… അങ്ങിനെ ജലതടപ്രദേശമായ പശ്ചിമഘട്ട മലനിരകള്‍ ഒട്ടുമുക്കാലും വനശൂന്യമായപ്പോള്‍ കാലാവസ്ഥ താളം തെറ്റി. മണ്ണൊലിപ്പു സ്ഥിരമായി, കാട്ടുറവകള്‍ വറ്റിവരണ്ടു… (കാവുതീണ്ടല്ലേ… പേജ് 85).
ഈ ഭൂമിയെ സംരക്ഷിക്കാന്‍ മനുഷ്യന് മാത്രമേ സാധിക്കുകയുള്ളൂ. അതിനവന്‍ ചെയ്യേണ്ടത് പ്രകൃതിയെ ഉപദ്രിവക്കാതിരിക്കുക എന്നു മാത്രം. അതായത് പ്രകൃതിയെ ആരാധിക്കാന്‍ പഠിക്കുക. കേവലം മൃഗങ്ങളേയും മരങ്ങളേയും സംരക്ഷിക്കലല്ല, പരിസ്ഥിതി പ്രവര്‍ത്തനം. ബാഹ്യമായ വൈവിധ്യങ്ങള്‍ക്കപ്പുറത്തുള്ള ആന്തരിക ഐക്യത്തെ കണ്ടെത്തുന്ന ദാര്‍ശനികബോധമാണത്.
ഉന്മത്തയുവത്വത്തിന്റെ പ്രതീകമായ, വയലാറിന്റെ ഭീമനോട് സ്വാനുഭവങ്ങളുടെ സുദീര്‍ഘ പാരമ്പര്യമുള്ള ജ്ഞാനവൃദ്ധനായ ഹനുമാന്‍ പറയുന്നു –
പോയ്‌പോയ കാലത്തിന്റെ നിത്യശാദ്വലഭാവ-
ശില്പത്തിന്‍ പ്രതീകം ഞാന്‍ സംസാര സ്വരൂപം ഞാന്‍
എന്നിലെയനശ്വര ശക്തിയും ചൈതന്യവും
നിന്നന്തര്‍നാളങ്ങളിലൊഴുകിച്ചേര്‍ന്നില്ലെങ്കില്‍
ഈയുഗത്തിനു നിന്നെക്കൊണ്ടൊന്നുമാവില്ലല്ലോ
നീയൊരു വെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍…
(വയലാര്‍ കൃതികള്‍ – പേജ് 426)
നിന്റെ ലക്ഷ്യം നിറവേറ്റണമെങ്കില്‍ അത് എന്നിലൂടെ മാത്രമേ നിനക്ക് സാധിക്കൂ എന്നും ആ ജ്ഞാനവൃദ്ധന്‍ പുതുതലമുറയുടെ പ്രതീകമായ ഭീമനോട് പറയുന്നുണ്ട്. വികസനത്തിന്റേയും പുരോഗതിയുടേയും പേര് പറഞ്ഞ് ഒരു ഗതകാല സമ്പന്നതയുടെ മഹിത പാരമ്പര്യത്തിലെ ശാസ്‌ത്രോക്തികളെ തള്ളിക്കളയാതെ മുന്നേറാന്‍ കഴിഞ്ഞാല്‍ ഇനിയും നമുക്ക് പ്രത്യാശക്ക് വകയുണ്ട്.
അതിനാല്‍ ആധുനികകാലഘട്ടത്തിലെ ഈ ദുര്‍ഘട പ്രതിസന്ധിയെ മറികടക്കാന്‍ പ്രകൃതിയിലെ സകല വൈവിധ്യങ്ങളേയും സജീവമായി നിലനിര്‍ത്താന്‍, പ്രാചീന ഭാരതീയ ഋഷിയോടൊപ്പം നമുക്കും ചൊല്ലാം:
ദ്യോഃ ശാന്തിഃ അന്തരീക്ഷം ശാന്തിഃ പൃഥ്വീശാന്തിഃ
ആപഃ ശാന്തിഃ ഔഷധായ ശാന്തിഃ വനസ്പതയേ ശാന്തിഃ
സര്‍വ്വം ശാന്തിഃ
Comments