ഭാരതത്തിന്റെ വികസനക്കുതിപ്പിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ് വന്ദേഭാരത് ട്രെയിനിന്റെ രംഗപ്രവേശം. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് അത്യന്താധുനിക സൗകര്യത്തോടെയും അതിവേഗതയോടെയും ഓടുന്ന 75 ട്രെയിനുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരത ജനതയ്ക്ക് സമ്മാനിച്ചത്. ഇതില്‍ 14 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച കോച്ചുകളാണ് വന്ദേഭാരതിന്റേത് എന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായ വിഷുക്കൈനീട്ടമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചതും. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ തുടക്കം മുതല്‍ തന്നെ വന്ദേഭാരതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ട്രെയിനിനെതിരായ നുണപ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് കേരളത്തില്‍ പിന്നീട് കണ്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു ആദ്യത്തെ ആരോപണം. മുന്‍പ് കേരളത്തിന് വന്ദേഭാരത് അനുവദിക്കാന്‍ വൈകുന്നുവെന്ന് മുറവിളി കൂട്ടിയവര്‍ തന്നെയാണ് ട്രെയിന്‍ പ്രഖ്യാപനം വേഗത്തിലായിപ്പോയി എന്ന് വിലപിച്ചത്. കേരളത്തിലേക്ക് പെട്ടെന്ന് വന്ദേഭാരത് അനുവദിച്ചതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് സിപിഎമ്മിലെ ഒരു നേതാവ് പറഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് വന്ദേഭാരത് നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്നതിന് കേന്ദ്രം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു. വന്ദേഭാരതിന്റെ യാത്രക്കൂലിയെ സംബന്ധിച്ചായിരുന്നു അടുത്ത വാഗ്വാദം. റെയില്‍വേ ഔദ്യോഗികമായി യാത്രാനിരക്ക് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ പലരും മുന്‍കൂട്ടി ട്രെയിനിന്റെ നിരക്ക് പ്രഖ്യാപിച്ചു. വന്ദേഭാരതിന്റെ നിരക്ക് വിമാനയാത്രാ നിരക്കിനോളം വരുമെന്നും അതുകൊണ്ട് ഈ വണ്ടി സാധാരണക്കാരന് അപ്രാപ്യമാകുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ റെയില്‍വേ ഔദ്യോഗികമായി വന്ദേഭാരതിന്റെ യാത്രാ നിരക്ക് പ്രഖ്യാപിച്ചപ്പോള്‍ അത് അത്ര കൂടുതലല്ലെന്നും ട്രെയിന്‍ സാധാരണക്കാരന് പ്രാപ്യമാണെന്നും ബോധ്യപ്പെട്ടു.
അടുത്ത വിവാദം വന്ദേഭാരതിന്റെ സ്റ്റോപ്പുകളെ സംബന്ധിച്ചായിരുന്നു. തുടക്കത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന നിലയിലാണ് വന്ദേഭാരതിന്റെ യാത്ര തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. അതോടെ മറ്റ് ട്രെയിനുകള്‍ക്കുള്ളതുപോലെ എല്ലാ സ്റ്റേഷനിലും വന്ദേഭാരതിന് സ്റ്റോപ്പില്ല എന്ന ആരോപണവുമായി കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയും വണ്ടി കാസര്‍കോടേക്ക് നീട്ടുകയും ചെയ്തതോടെ ഈ ആരോപണം അസാധുവായി. മറ്റ് ട്രെയിനുകളില്‍ നിന്ന് വന്ദേഭാരതിനുള്ള പ്രത്യേകതകളില്‍ ഒന്ന് അതിന്റെ വേഗതയാണ്. സ്റ്റോപ്പ് കുറച്ചാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്. എന്നാല്‍ മുഖ്യമന്ത്രി പോലും ഈ വിഷയത്തില്‍ ഇടപെട്ട് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
കേരളത്തില്‍ വന്ദേഭാരത് ആദ്യദിവസം ഓടിത്തുടങ്ങിയപ്പോള്‍ വമ്പിച്ച സ്വീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ദൃശ്യമായത്. ഓരോ സ്റ്റേഷനിലും ജനങ്ങള്‍ ആഘോഷപൂര്‍വ്വമാണ് ട്രെയിനിനെ വരവേറ്റത്. ഇതില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷോര്‍ണ്ണൂരില്‍ വെച്ച് വന്ദേഭാരതിന്റെ കോച്ചില്‍ പോസ്റ്റര്‍ പതിച്ചു വികൃതമാക്കി. ഷൊര്‍ണ്ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത് തങ്ങളുടെ എം.പിയുടെ മിടുക്കാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പോസ്റ്റര്‍. നാഴികയ്ക്ക് നാല്പതുവട്ടം പ്രബുദ്ധരെന്ന് മേനിനടിക്കുന്ന മലയാളിയുടെ ഈ ‘രാഷ്ട്രീയ പ്രബുദ്ധത’ കണ്ട് ലോകം ലജ്ജിച്ച് തല താഴ്ത്തുകയായിരുന്നു. വന്ദേഭാരതിന്റെ ശോഭകെടുത്താനുള്ള ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ഈ സംഭവം. ആദ്യദിനം ട്രെയിന്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ തന്നെ അടുത്ത ആരോപണവും ഉയര്‍ന്നു വന്നു. വന്ദേഭാരതില്‍ ചോര്‍ച്ച എന്നായിരുന്നു ആ വാര്‍ത്ത. കേരളത്തിലെ ചാനലുകളും പത്രങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഇത് ആഘോഷപൂര്‍വ്വം കൊണ്ടാടി. എയര്‍ കണ്ടീഷനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മാത്രമായിരുന്നു ഇതെന്നും വളരെ പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിച്ചെങ്കിലും വന്ദേഭാരതിനെതിരെ വാളോങ്ങിയവര്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. വന്ദേഭാരതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റൊരു പ്രചാരണം വന്ദേഭാരത് വൈകിയാണ് ഓടിയത് എന്നും അതിന് കടന്നു പോകാന്‍ വേണ്ടി മറ്റ് ട്രെയിനുകളൊക്കെ പിടിച്ചിടുകയും റദ്ദാക്കുകയും ചെയ്തു എന്നുമായിരുന്നു. ഏപ്രില്‍ 27 ന് കേരളത്തില്‍ ഓടുന്ന ഭൂരിപക്ഷം ട്രെയിനുകളും സര്‍വ്വീസ് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അതും വന്ദേഭാരതുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചാലക്കുടി സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് ഭാഗികമായി മാത്രം സര്‍വ്വീസ് നടത്തുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് മുന്‍കൂട്ടി തന്നെ പത്ര മാധ്യങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ചു കൊണ്ടാണ് വന്ദേഭാരതിനുവേണ്ടി മറ്റ് യാത്രക്കാരെ കഷ്ടത്തിലാക്കി എന്ന തരത്തില്‍ പ്രചാരണം നടന്നത്. തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചൂടേറിയ ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഇതിനൊടുവില്‍ തിരൂരിനും തിരുനാവായയ്ക്കും മധ്യേ വന്ദേഭാരതിന് നേരെ കല്ലേറുണ്ടാവുകയും ട്രെയിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി എന്ന പ്രചാരണവും കേരളത്തില്‍ ആഘോഷിക്കപ്പെട്ടു. വന്ദേഭാരതിന്റെ വരവ് കേരളത്തില്‍ ഇത്രമാത്രം പ്രകോപനമുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോള്‍ മറ്റു ചില വസ്തുതകള്‍ കൂടി നമ്മുടെ ഉള്ളില്‍ സ്വാഭാവികമായും ഉയര്‍ന്നു വരും.
വന്ദേഭാരത് എന്ന പേര് കേരളത്തില്‍ പലര്‍ക്കും അലോസരമുണ്ടാക്കുന്നുണ്ടെന്നതാണ് ഒന്നാമത്തെ വസ്തുത. ഭാരതത്തിന്റെ ചരിത്രത്തില്‍ വര്‍ഗീയ പ്രീണനം നടത്താന്‍ വേണ്ടി രാജ്യത്തിന്റെ ദേശീയഗാനമായ വന്ദേമാതരത്തെപ്പോലും പാദവിച്ഛേദം നടത്തിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ വന്ദേഭാരതിനെതിരെ ആക്രോശിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നതില്‍ അത്ഭുതമില്ലല്ലോ. ഏതായാലും, എപ്പോഴും രാഷ്ട്രഭാവനയ്ക്ക് മുകളിലാണ് മതവിശ്വാസമെന്ന് ധരിച്ചുവെച്ചിരിക്കുന്ന, എന്തിലുമേതിലും മതം തിരയുന്ന ചിലരെക്കൊണ്ട് വന്ദേഭാരത് എന്ന് പറയിക്കാനുള്ള ബുദ്ധി ആരുടെ തലയിലുദിച്ചതാണെങ്കിലും അത് മികച്ച ആശയമാണെന്ന് പറയാതെ വയ്യ. രാഷ്ട്രവിരുദ്ധ ചിന്തയും വികാരവും നിറഞ്ഞു കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഉള്ളിലും വന്ദേഭാരതിനോട് അപ്രിയം തോന്നുക സ്വാഭാവികം മാത്രമാണ്. മതപ്രീണനം നയമായി സ്വീകരിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ വന്ദേഭാരതിന് എതിരെയും പ്രചാരണകോലാഹലങ്ങളുമായി രംഗത്ത് വരുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും കേരളത്തില്‍ പര്‍വ്വതീകരിച്ച് പ്രചാരണം നടത്താറുള്ള ആളുകള്‍, സ്വന്തം മൂക്കിന് താഴെ കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തിന്റെ തീവ്രവാദബന്ധം പുറത്തുവന്നപ്പോള്‍ മൗനം പാലിക്കുകയായിരുന്നു. വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തിന്റെ ബൗദ്ധിക അന്തരീക്ഷത്തിലും ഉപബോധ മനസ്സിലും നിറഞ്ഞു കിടക്കുന്ന രാഷ്ട്രവിരുദ്ധ മനോഭാവത്തിന്റെ പെട്ടെന്നുള്ള പ്രതിഫലനമായി മാത്രമേ വന്ദേഭാരതിനോടുള്ള എതിര്‍പ്പിനെയും കാണാനാകൂ.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും റെയില്‍വേ വികസനത്തില്‍ ഭാരതവും കേരളവും പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരുന്നതിന് കാരണം കൂടുതല്‍ കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സും കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പെടെ റെയില്‍വേ വികസന മേഖലയില്‍ കേരളത്തിന് കാലാകാലങ്ങളായി അനുവദിച്ചു കിട്ടിയ പദ്ധതികള്‍ പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട ഭരണമുന്നണികളാണ് കേരളത്തില്‍ വികസനക്കുതിപ്പിന്റെ പുതിയ താളവേഗവുമായി എത്തിയ വന്ദേഭാരതിനെതിരെ അപഹാസ്യകരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. വന്ദേഭാരതിലൂടെ കേരള ജനത ബിജെപിക്ക് അനുകൂലമായി ചിന്തിക്കുമെന്ന ഭയം ഇരുമുന്നണികള്‍ക്കുമുണ്ട്. അതിന് കാരണവുമുണ്ട്. ഇതിനു മുന്‍പ് കേരളം റെയില്‍വേ വികസനത്തില്‍ പുരോഗതി കൈവരിച്ചത് വാജ്‌പേയി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണ്. അന്നത്തെ റെയില്‍വേ സഹ മന്ത്രിയായിരുന്ന ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന്റെ കുതിച്ചു ചാട്ടത്തിന് അവസരമുണ്ടാക്കിയത് ബിജെപിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതിന്റെ ഗതിവേഗം വര്‍ദ്ധിച്ചു. കേരളത്തിലേക്കുള്ള വന്ദേഭാരതിന്റെ കടന്നുവരവ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
സങ്കുചിത കക്ഷി രാഷ്ട്രീയം മുന്‍നിര്‍ത്തി രാഷ്ട്രവികസനത്തിന് എതിര് നില്‍ക്കുന്നത് കേരളത്തില്‍ പതിവാണല്ലോ. വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് കുറേക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ നടപ്പാക്കിയത്. ഇപ്പോള്‍ പേരു മാറ്റി സ്വന്തമാക്കുന്ന പരിപാടിക്കാണ് അവര്‍ പ്രാമുഖ്യം കൊടുക്കുന്നത് എന്ന വ്യത്യാസം മാത്രം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവരുടെ സ്വപ്‌നപദ്ധതിയായി അവതരിപ്പിച്ച കെ- റെയില്‍ പദ്ധതി അപ്രസക്തമാകുമെന്ന ഭയമാണ് വന്ദേ ഭാരതിനെതിരെ യുദ്ധം നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കാലവും ലോകവും മാറുകയാണെന്ന് അവര്‍ തിരിച്ചറിയണം. രാഷ്ട്രം ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. വിശാലമായ റോഡും റെയിലും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വായു ഗതാഗതവും ജലഗതാഗതവും വളര്‍ന്നു കൊണ്ടിരിക്കുന്നു. മണിക്കൂറില്‍ 350 കി.മി. വേഗതയുള്ള ബുള്ളറ്റ് ട്രയിനുകള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന പദ്ധതികള്‍ വരുന്നു. കേരളത്തില്‍ ഐഐടി വന്നു. എയിംസ് അടുത്തു തന്നെ വരാന്‍ പോകുന്നു. ചെറുതും വലുതുമായി മറ്റനേകം പദ്ധതികള്‍ ആരംഭിക്കാന്‍ പോകുന്നു. ഈയൊരു സാഹചര്യത്തില്‍ സങ്കുചിത മത – രാഷ്ട്രീയ കാഴ്ചപ്പാടുകളും അതുള്‍ക്കൊള്ളുന്ന സംഘടനകളും അനതിവിദൂര കാലത്തില്‍ അപ്രത്യക്ഷമാകുമെന്ന് തന്നെ കരുതാം. വന്ദേഭാരതിനെതിരായ നീക്കങ്ങള്‍ അവരുടെ നിലനില്പിനായുള്ള നിലവിളിയോ കൈകാലിട്ടടിയോ മാത്രമായി കാണുന്നതാണ് ഉചിതം.