കേരളത്തിലെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലാണ് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. ഇതിന്റെ പ്രധാനകാരണം നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് തന്നെയാണ്. കേരളത്തിലെ വീടുകളിലധികവും മരംകൊണ്ട് നിര്‍മ്മിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെ വാസ്തുവിദ്യയിലെ അത്ഭുതമായി നിര്‍മ്മിച്ച പെരുന്തച്ചന്മാരുടെ കാലം കഴിഞ്ഞു എന്നുതന്നെ പറയാം. കാരണം മരത്തിന്റെ ലഭ്യതക്കുറവു തന്നെ. ജനലും കട്ടിളയും വാതിലുമെല്ലാം അലൂമിനിയംകൊണ്ടും ഇരുമ്പുകൊണ്ടും പ്ലാസ്റ്റിക്കുകൊണ്ടുമൊക്കെ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു.
വീട് നിര്‍മ്മാണത്തിലെ മറ്റൊരു അസംസ്‌കൃതവസ്തു കളിമണ്ണാണ്. കളിമണ്ണുകൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന കട്ടകളും ഓടുകളും ഒക്കെ നിര്‍മ്മാണത്തിന് സുലഭമായി ഉപയോഗിച്ചിരുന്നു. പാടശേഖരങ്ങളില്‍ നിന്ന് കുഴിച്ചെടുത്ത കളിമണ്ണ് കൃഷിഭൂമിയെ വെള്ളക്കെട്ടാക്കി മാറ്റിയപ്പോള്‍ പുതിയ പരിസ്ഥിതിപ്രശ്‌നം ഉദയംകൊണ്ടു. കേരളത്തിലെ ജനസംഖ്യ പെരുകുന്നതിനനുസരിച്ച് ഭൂമി വളരാത്തതുകൊണ്ട് മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഗൃഹനിര്‍മ്മാണവും പ്രതിസന്ധിയിലാണ്. എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അസംസ്‌കൃതവസ്തുവാണ് കരിങ്കല്ല്. അടിത്തറ കെട്ടുന്നതുമുതല്‍ മേല്‍ക്കൂര വാര്‍ക്കുന്നതില്‍ വരെ അനിവാര്യമായ നിര്‍മ്മാണ വസ്തുവാണ് കരിങ്കല്ല്. കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റിന്റെ നിര്‍മ്മാണത്തിന് കളിമണ്ണും പാറപ്പൊടിയുമൊക്കെ ഉപയോഗിക്കുന്നതായാണ് മനസ്സിലാക്കുന്നത്. കരിമ്പാറക്കെട്ടുകളുയര്‍ത്തിയ പ്രകൃതിദത്ത കോട്ടയായ പശ്ചിമഘട്ടം ഉള്ളിടത്തോളം കാലം മലയാളിക്ക് കരിങ്കല്ലിന് ക്ഷാമമില്ലെന്നായിരുന്നു നമ്മുടെ ധാരണ. എന്നാല്‍ നമ്മുടെ ഭൂമിയിലെ ഒരസംസ്‌കൃതവസ്തുവും അന്തമില്ലാതെ സംഭരിക്കപ്പെട്ടിരിക്കുന്നു എന്നത് മനുഷ്യന്റെ തെറ്റിദ്ധാരണയാണ്. കരിങ്കല്ലിനെ ആശ്രയിച്ചുകൊണ്ടുള്ള നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ വ്യതിയാനം വരുത്താന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ഭീകരമായ പരിസ്ഥിതി ദുരന്തമായിരിക്കും എന്ന കാര്യത്തില്‍ സംശയമേതും വേണ്ട.
ഭൂമിയെന്ന ഗ്രഹം ഉണ്ടായതുമുതലുള്ള കരിമ്പാറക്കെട്ടുകള്‍ ഉടച്ചുതകര്‍ത്തപ്പോള്‍ മനുഷ്യന്‍ പ്രകൃതിയെ ജയിച്ചു എന്നായിരുന്നു നാം ഇതുവരെ ധരിച്ചിരുന്നത്. സത്യത്തില്‍ കരിമ്പാറക്കെട്ടുകളെ യന്ത്ര സൗകര്യങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റുമ്പോള്‍ മനുഷ്യന്റെ ഭൂമിയിലെ വാസത്തിനുതന്നെ അന്ത്യം കുറിക്കുകയാണെന്ന് എത്രപേര്‍ മനസ്സിലാക്കുന്നുണ്ട്. ഭൂമിയുടെ നട്ടെല്ലുപോലെ മണ്ണിനടിയില്‍ വ്യാപിച്ചിരിക്കുന്ന കരിമ്പാറകള്‍ ഭൂഗോളത്തിന്റെ ആവിര്‍ഭാവത്തോടെ ഉണ്ടായതാണെന്ന് മനസ്സിലാക്കാം. ഭൂഗോളത്തിനുള്ളില്‍ തിളച്ചുമറിയുന്ന ലാവ ഉറഞ്ഞിട്ടും മണ്ണിനടിയിലെ ചൂടും സമ്മര്‍ദ്ദവും കൊണ്ട് ഉറഞ്ഞുകൂടുന്ന ധാതുക്കള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപാന്തരം പ്രാപിച്ചിട്ടും ശിലകള്‍ ഉണ്ടാകാം. ഇങ്ങനെ കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപംകൊണ്ട പാറകളെ ഡൈനാമിറ്റ് വച്ചും യന്ത്രസഹായത്തോടെയും തകര്‍ക്കാന്‍ മനുഷ്യന് നിമിഷങ്ങള്‍ മതി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏത് ശിലാ പര്‍വ്വതങ്ങളെയും നിമിഷങ്ങള്‍കൊണ്ട് ഉടച്ചുമാറ്റാം എന്ന് മനുഷ്യന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാലങ്ങളും ഫ്‌ളാറ്റുകളും റെയില്‍വേ പാതകളും പൊതുനിരത്തുകളും നിര്‍മ്മിക്കാന്‍ കരിങ്കല്ലുകള്‍ അനിവാര്യമാണ്. പക്ഷെ കരിങ്കല്ലിന്റെ അവസാനിക്കാത്ത ഖനിയാണ് ഭൂമിയെന്ന് നാം ചിന്തിക്കാന്‍ പാടില്ല. കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്തുമ്പോഴും, കരാറുകാരന്റെ അതിമോഹങ്ങളില്‍ അല്‍പകാലം കൊണ്ട് ടാര്‍ ഇളകി പൊതുനിരത്തുകള്‍ കുഴിയാകുമ്പോഴും നാം തകര്‍ക്കുന്നത് പാറമലകളെതന്നെയാണ്. മലമുകളിലെ പ്രകൃതിദത്തമായ ജലസംഭരണികളായ പാറ ഇടുക്കുകള്‍ അവസാനിക്കുന്നതോടെ പുഴകളിലേക്കും കിണറുകളിലേക്കുമുള്ള നീരൊഴുക്ക് അവസാനിക്കുന്നു. ഇത് വമ്പിച്ച വരള്‍ച്ചയിലേക്ക് കേരളം പോലൊരു സംസ്ഥാനത്തെ നയിക്കുന്നു. അതുപോലെ തന്നെ മലമുകളിലെ പാറഇടുക്കുകളില്‍ മഴക്കാലത്ത് പ്രകൃതിതന്നെ ശേഖരിച്ച് നിര്‍ത്തിയിരുന്ന ജലസംഭരണികളില്‍ ക്വാറികളിലെ സ്‌ഫോടനം ഉണ്ടാക്കുന്ന ആഘാതം കൊണ്ടാണ് പുറ്റുമലപോലുള്ള ഉരുള്‍പ്പൊട്ടലുകള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഒറ്റ രാത്രികൊണ്ട് നൂറുകണക്കിന് മനുഷ്യജീവനുകളെ ഉരുള്‍പ്പൊട്ടി മലയിടിഞ്ഞ് മരണം ഗ്രസിക്കാന്‍ കാരണം അനിയന്ത്രിതമായ പാറഖനനമാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.
ക്വാറി മാഫിയകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന അവിഹിത ഇടപെടലുകളില്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
വയനാട്ടിലും നിലമ്പൂരിലും ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നിരോധിച്ച ക്വാറികള്‍ മുഴുവന്‍ അധികൃതര്‍ തുറന്നുകൊടുത്തുകഴിഞ്ഞിരിക്കുകയാണ്. പശ്ചിമഘട്ടത്തിലോ അതിന്റെ ശാഖകളിലോ നടത്തുന്ന ക്വാറികള്‍ കേരളത്തിന്റെ കാലാവസ്ഥാ ഘടനയെത്തന്നെ തകിടംമറിച്ചുകഴിഞ്ഞിരിക്കുന്നു. ഉടച്ച്തീര്‍ക്കുന്ന പാറകള്‍ക്ക് പകരം പാറകള്‍ രൂപപ്പെടാന്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നെങ്കിലും മനുഷ്യന്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവന്റെ ശവക്കുഴി തോണ്ടുന്ന പ്രവര്‍ത്തനം തന്നെയാണ് പാറ ഖനനത്തിലൂടെ നടത്തുന്നതെന്നെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനുവരിമാസത്തിനുശേഷം മാത്രം കേരളത്തില്‍ 223 ക്വാറികള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യവസായമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തുമ്പോള്‍ അതിലും എത്രയോ ഇരട്ടി അനധികൃത പാറമടകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയക്കാരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന അവിഹിത ഖനനങ്ങളില്‍ നാഗരികതകള്‍ തന്നെ കടലെടുത്തുപോകുന്ന കാലം വിദൂരമല്ല.
ജൈവ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്ന പ്രകൃതിദത്തമായ കോട്ടയാണ് പാറഖനനത്തിലൂടെ മനുഷ്യന്‍ ഇല്ലാതാക്കുന്നത്. നിര്‍മ്മാണരംഗത്ത് സമൂല പരിവര്‍ത്തനത്തിന് ഉതകുന്ന ഗവേഷണങ്ങള്‍ അനിവാര്യമായിരിക്കുന്നു. സത്വര പരിഹാരം ഈ മേഖലയില്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഗ്രാമ തട്ടകങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന കുന്നുകളെല്ലാം അപ്രത്യക്ഷമായി കേരളം പാരിസ്ഥിതിക ദുരന്തം വിഴുങ്ങിയ ഒരു ശവപ്പറമ്പായി തീരുമെന്ന് നാം ഓര്‍ത്താല്‍ നന്ന്.