കേരളം ശരിക്കും ഭ്രാന്താലയമായത് ഇപ്പോഴാണ്. ജാതിഭ്രാന്തന്‍മാരുടെ നാടെന്ന നിലയ്ക്കാണ് പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. എന്നാല്‍ നവോത്ഥാന നായകന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തെ തീര്‍ത്ഥാലയമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യുവജനങ്ങള്‍ ഭ്രാന്തന്മാരാകുന്ന കാഴ്ച കേരളം ഭീതിയോടെ കാണുകയാണ്. പ്രതിവിധിയെന്തെന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ലഹരിക്കടിമകളായി സ്വബോധം നഷ്ടപ്പെട്ടവരുടെ ചെയ്തികള്‍ വലിയ ക്രമസമാധാന പ്രശ്‌നമായി മാറുകയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എഫ്.ഐ.ആറില്‍ അഞ്ചിലൊന്ന് ഇന്ന് മയക്കുമരുന്ന് അനുബന്ധ കേസുകളാണെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സമ്മതിക്കുന്നു. കലാലയങ്ങളും വിദ്യാലയങ്ങളും ലഹരി മാഫിയയുടെ പിടിയിലായിരിക്കുകയാണ്. കേരളത്തിലെ 250-ല്‍ പരം വിദ്യാലയങ്ങള്‍ ലഹരി സംഘത്തിന്റെ സ്വാധീനവലയത്തിലാണെന്ന വിവരം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഇന്ന് ലഹരിക്കടിമകളാകുന്നത്. ലഹരിക്കടിമയായി മാനസികനില തെറ്റിയ സന്ദീപ് എന്ന യു.പി.സ്‌ക്കൂള്‍ അധ്യാപകനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിനെ കത്രികയ്ക്ക് കുത്തിക്കൊന്നത്. കേവലം 23 വയസ്സ് മാത്രമുള്ള ആതുരശുശ്രൂഷാ രംഗത്തെ വാഗ്ദാനമായിരുന്ന ഒരു പെണ്‍കുട്ടിയെ ആണ് നാടിന് നഷ്ടപ്പെട്ടത്. ഒരധ്യാപകന്‍ തന്നെ മയക്കുമരുന്നിന് അടിമയാകുമ്പോള്‍ ഇന്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്തായിത്തീരും?
അധികാരത്തിന്റെ തണലിലാണ് കേരളത്തില്‍ മദ്യ-മയക്കുമരുന്ന്-ലഹരി മാഫിയ സംഘം തഴച്ചു വളര്‍ന്നത്. മദ്യ വ്യാപാരം ഖജനാവ് നിറയ്ക്കുന്ന കച്ചവടമായതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് മദ്യക്കച്ചവടം നടത്തുന്നത്. ശതകോടികളുടെ കച്ചവടം നടക്കുന്ന ഒരു മേഖലയാണ് മയക്കുമരുന്ന് വ്യാപാരം എന്നതുകൊണ്ട് അതും സര്‍ക്കാര്‍ നേരിട്ട് നടത്തിക്കൂടെന്നില്ല. കേരളത്തിന്റെ പ്രബുദ്ധത ആ നിലയ്ക്കായതുകൊണ്ട് സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ മയക്കുമരുന്ന് വിതരണത്തിന്റെ ഔട്ട് ലെറ്റുകള്‍ തുറന്നാലും അതിശയിക്കാനില്ല. മാതാപിതാക്കള്‍ അങ്ങിനെ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്? കേരളത്തിലെ കലാലയങ്ങളില്‍ ഗുണ്ടായിസം കൊണ്ട്പിടിച്ചുനില്‍ക്കുന്ന പ്രമുഖ വിദ്യാര്‍ത്ഥി സംഘടന മദ്യവും മയക്കുമരുന്നും നല്‍കിയാണ് വിദ്യാര്‍ത്ഥി ഗുണ്ടകളെ വളര്‍ത്തി എടുക്കുന്നത് എന്ന് ഇന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. മിക്ക കോളേജുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനെ മദ്യത്തിലും മയക്കുമരുന്നിലും കുളിപ്പിച്ച് നിര്‍ത്തിയത് വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകന്‍ തന്നെയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കിടന്നതിനെ രാഷ്ട്രീയ ജീവിതത്തിലെ മഹാത്യാഗമായി ചിത്രീകരിക്കുന്ന പുരോഗമന രാഷ്ട്രീയം അധികാരം കൈയാളുന്ന നാടാണ് കേരളം. ഇവിടെ മദ്യവും മയക്കുമരുന്നും ഇനി റേഷന്‍ കടകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചാലും അതിശയപ്പെടാനില്ല. എന്തായാലും പോലീസുകാര്‍ പോലും ലഹരിഭ്രാന്തന്‍മാരുടെ ആക്രമണത്തിന് സ്ഥിരം ഇരയായിത്തീരുമ്പോള്‍ സാധാരണക്കാരുടെ ഗതിയെന്താവും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. തൃശൂര്‍ മതിലകത്ത് ലഹരി മാഫിയയെ തളയ്ക്കാനെത്തിയ പോലീസ് സംഘം ആക്രമിക്കപ്പെട്ടത് അടുത്തിടെയാണ്. ലഹരിഭ്രാന്തന്‍മാരുടെ ആക്രമണത്തില്‍ പോലീസ് ജീപ്പ് തകരുകയും ജൂനിയര്‍ എസ്.ഐ മിഥുന്‍ മാത്യു പരിക്കേറ്റ് ആശുപത്രിയിലാകുകയും ചെയ്തു. തിരുവനന്തപുരം കിളിമാനൂരിലും, കോഴിക്കോടും, ആലുവയിലും എല്ലാം സമാനമായ സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായി. തലസ്ഥാനനഗരിയില്‍ കിള്ളിപ്പാലത്ത് ലഹരി മാഫിയ സംഘം പോലീസിനു നേരെ ബോംബെറിയുക വരെ ഉണ്ടായി. ഈ സംഘത്തില്‍ നിന്ന് തോക്കടക്കമുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ആലുവയിലെ അനാഥമന്ദിരത്തില്‍ ലഹരിമരുന്ന് വിതരണത്തിന് ശ്രമിച്ചവരെ നേരിട്ട പിങ്ക് പോലീസ് ആക്രമിക്കപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ മദ്യവും മയക്കുമരുന്നും കേരളത്തിലെ ഒരു വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പുതുവത്സര ആഘോഷം, കമ്പനി മീറ്റിങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്‌ക്കൊക്കെ മദ്യസല്‍ക്കാരം എന്നതില്‍ നിന്നും ലഹരിമരുന്ന് സല്‍ക്കാരം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ മൂലധനസ്രോതസ്സായി മാറിയിരിക്കുന്ന മയക്കുമരുന്ന് പുതുതലമുറകളെ നശിപ്പിക്കുന്നതിലൂടെ സമൂഹത്തെയും രാഷ്ട്രത്തെയും തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഭീകരവാദികളോട് ആഭിമുഖ്യമുള്ള കട്ടിംഗ് സൗത്ത് വാദികളോട് ഐക്യപ്പെട്ടു നില്‍ക്കുന്ന കേരളത്തിലെ ഭരണകൂടം മയക്കുമരുന്ന് വ്യാപനത്തിനെതിരെ യാതൊന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. ഭീകരവാദത്തിന്റെയും മയക്കുമരുന്ന് വ്യാപാരത്തിന്റെയും കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. ഇവിടേയ്ക്ക് വരുന്ന മയക്കുമരുന്നില്‍ 40% മാത്രമാണ് സുരക്ഷാ സേനക്കോ മറ്റ് ഏജന്‍സികള്‍ക്കോ പിടിക്കാന്‍ കഴിയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് നാലായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും പിടിച്ചത്. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ പുറംകടലില്‍ വച്ച് നാവികസേന പിടിച്ചത് 2500 കിലോ രാസ ലഹരിമരുന്നാണ്. രാജ്യത്തെ മയക്കുമരുന്ന് വേട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണ് കൊച്ചിയില്‍ നടന്നത്. ഇറാനിലെ മക്രാന്‍ തുറമുഖത്തു നിന്നും വന്ന പാകിസ്ഥാന്‍ ബോട്ടില്‍ അന്താരാഷ്ട്ര വിപണിയില്‍ 25000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. കേരളത്തിലെ യുവത്വത്തെ ഭ്രാന്തന്‍മാരും കുറ്റവാളികളുമാക്കാനുള്ള അന്താരാഷ്ട്ര മതഭീകരവാദികളുടെ ശ്രമങ്ങളാണ് ഈ മയക്കുമരുന്ന് കടത്തിനു പിന്നിലുള്ളത്. ഈ വിഷയത്തെ ഗൗരവമായിക്കണ്ട് നേരിട്ടില്ലെങ്കില്‍ കേരളം ശരിക്കും ഭ്രാന്താലയമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.